മനോരമ ന്യൂസ്മേക്കര്‍ 2011 അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. പ്രാഥമിക റൌണ്ടില്‍ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിക്ക് പിന്തുണ പ്രഖ്യാപിച്ചു ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. ഫൈനല്‍ റൌണ്ടിലെ പിന്തുണ അറിയിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. ഒരു പണി ഏറ്റെടുത്ത സ്ഥിതിക്ക് അത് മുഴുവിപ്പിക്കാതെ പോകുന്നത് ശരിയല്ലല്ലോ :). ഫൈനല്‍ റൌണ്ടില്‍ ഇപ്പോള്‍ നാല് പേരാണുള്ളത്. ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, സലിം കുമാര്‍ & കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി. മനോരമയില്‍ നിന്ന് കിട്ടിയ രഹസ്യ വിവരം അനുസരിച്ച് ഇപ്പോഴത്തെ വോട്ടിംഗ് ട്രെന്‍ഡ് കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാണ്. മൂപ്പര്‍ക്ക് വേണ്ടി SMS ചെയ്യാന്‍ മലപ്പുറത്ത് ഇപ്പോള്‍ കൊണ്ടോട്ടി നേര്‍ച്ചയുടെ തിരക്കാണ് എന്നാണറിയുന്നത്. കൊച്ചൌസേപ്പ് ഔട്ടാകാതിരിക്കാന്‍ നമ്മളൊന്ന് ആഞ്ഞു പിടിക്കേണ്ടി വരും.
December 26, 2011
December 16, 2011
ഫേസ്ബുക്ക് പിടി മുറുക്കുന്നു, Timeline ക്ലിക്ക്ഡ്
എണ്‍പത് കോടി ജനസംഖ്യയുള്ള ഫേസ്ബുക്ക് മഹാരാജ്യത്ത് മഹാ വിപ്ലവങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ടൈംലൈന്‍. മൂന്നാല് മാസമായി ഇങ്ങനെയൊരു പുലി വരുന്ന കാര്യം പറഞ്ഞു കേള്‍ക്കുന്നുണ്ടായിരുന്നു. ഡെവലപ്പര്‍ വേര്‍ഷന്‍ ചിലരൊക്കെ പരീക്ഷിച്ചു നോക്കുകയും ചെയ്തിരുന്നു. ഇന്നലെയാണ് സംഗതി ഔദ്യോഗികമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. കാള പെറുന്നതിനു മുമ്പ് തന്നെ കയര്‍ റെഡിയാക്കി ശീലമുള്ളത് കൊണ്ട് ഞാന്‍ ചാടിക്കയറി പ്രൊഫൈലില്‍ ടൈംലൈന്‍ പിടിച്ചിട്ടു. ഉള്ളത് പറയാമല്ലോ, സംഗതി അടിപൊളിയായിട്ടുണ്ട്. സക്കർബർഗ് ആളൊരു ഗൊച്ചു ഗള്ളന്‍ തന്നെയാണ്. ഒരു കാര്യം ഉറപ്പ്, ഇവനൊരു കലക്കാ കലക്കും.
December 14, 2011
ഇടുക്കി വേണോ ഇടുക്കി?
മൂന്നാറിലെ അണ്ണന്മാരെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. കേരളത്തിന്റെ മണ്ണില്‍ നിന്ന് കൊണ്ട് 'ഇടുക്കി വിട്ടു താങ്കോ' എന്ന് മുദ്രാവാക്യം വിളിക്കാന്‍ വാട്ട് എ ധൈര്യം യു നോ?. ഇടുക്കി തമിഴ്നാടിനോട് ചേര്‍ക്കണം എന്ന് മാത്രമല്ല, നാണം കെട്ട കേരള മക്കള്‍ ഇടുക്കി വിട്ടു പോകണം എന്നും അവര്‍ മുദ്രാവാക്കിക്കളഞ്ഞു. തമിഴ്നാട്ടില്‍ ചെന്ന് മലയാളികള്‍ ഇങ്ങനെയൊരു മുദ്രാവാക്യം വിളിച്ചിരുന്നുവെങ്കില്‍ എല്ലും തോലും പാണ്ടി ലോറിയില്‍ കേറ്റി ഇങ്ങോട്ടെത്തിക്കേണ്ടി വരുമായിരുന്നു. നമ്മള് ഇവിടെ ചെയ്തത് ഇങ്ങനെയൊരു മുദ്രാവാക്യം വിളിക്കാന്‍ പോലീസ് അകമ്പടിയും ചാനലുകളുടെ ലൈവ് ക്യാമറയും ഏര്‍പാടു ചെയ്തു കൊടുക്കുകയാണ്. പ്രകടനം കഴിഞ്ഞു പോകുന്നവര്‍ക്ക് ലഡുവും പുഴുങ്ങിയ കോഴിമുട്ടയും വിതരണം ചെയ്തു എന്നും പറഞ്ഞു കേള്‍ക്കുന്നു. എന്തരോ മഹാനു ഭാവുലു ഗുലു!!
December 11, 2011
ദി കിംഗ് വരുന്നു !!!
മഞ്ഞളാംകുഴി അലിയുടെ ദി കിംഗ് സിനിമയില്‍ മമ്മൂട്ടി സ്ലോ മോഷനില്‍ വരുന്ന ഒരു രംഗമുണ്ട്. നിരന്നു നില്ക്കുന്ന പോലീസ് ഓഫീസര്‍മാരോട് മുണ്ട് മടക്കിക്കുത്തി നാല് ആര് ഡി എക്സ് ഡയലോഗ് കാച്ചിയ ശേഷം ഇടതു വശത്തെ മുടി പിറകിലേക്ക് തട്ടിക്കൊണ്ടുള്ള ആ കിടിലന്‍ വരവില്‍ മോഹന്‍ലാല്‍ ഫാന്‍സ് വരെ വിസില്‍ അടിച്ചു പോയിട്ടുണ്ട്. മന്ത്രിസ്ഥാനം ഉറപ്പാക്കിയ മഞ്ഞളാംകുഴി അലി അങ്ങിനെ ഒരു വരവാണ് ഇപ്പോള്‍ വരുന്നത്. അലിയെ കീടം എന്ന് വിളിച്ച സഖാവ് പിണറായി പോലും വിസിലടിച്ചു പോകുന്ന ഒരു വരവ്. ഫലസ്തീന് പ്രശ്നം പരിഹരിച്ചു കഴിഞ്ഞാലും ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം പരിഹരിക്കപ്പെടില്ല എന്ന് കരുതി പാണക്കാട്ടെ തരിക്കഞ്ഞിയും കുടിച്ചു എല്ലാവരും പിരിഞ്ഞു പോയതായിരുന്നു.
December 8, 2011
മംഗളം കാണിച്ച അന്തസ്സ് !
പത്രവിതരണ ഏജന്റുമാര്‍ നടത്തുന്ന സമരത്തെക്കുറിച്ച് ഞാന്‍ ഇതിനു മുമ്പ് എഴുതിയത് ഓര്‍ക്കുന്നുണ്ടാകുമെന്നു കരുതുന്നു. അതിന്റെ ഒരു ഫോളോ-അപ്പ് സ്റ്റോറിയാണ് ഇത്. ഏജന്റുമാരുടെ കമ്മീഷന് തുകയില്‍ ഒരു നയാപൈസ കൂട്ടിക്കൊടുക്കില്ല എന്ന പിടിവാശിയില്‍ തന്നെയാണ് മനോരമയും മാതൃഭുമിയും അടക്കമുള്ള പത്രമുത്തശ്ശിമാര്‍ . എന്നാല്‍ മംഗളം പത്രം അന്തസ്സ് കാണിച്ചിരിക്കുന്നു. ആ വാര്‍ത്ത നിങ്ങളുമായി പങ്കു വെക്കാന്‍ മാത്രമാണ് ഈ പോസ്റ്റ്. പത്ര മുതലാളിമാരുടെയും പത്രപ്രവര്‍ത്തകരുടെയും പേരോ പെരുമയോ ഇല്ലാത്ത, മഞ്ഞും മഴയും വകവെക്കാതെ അതിരാവിലെ വീട്ടുപടിക്കല്‍ പത്രം എത്തിക്കുന്ന ആ പാവങ്ങളെ അല്പമൊന്നു കരുണയോടെ നോക്കാന്‍ മലയാളത്തിലെ ഒരു പത്രം തയ്യാറായിരിക്കുന്നു എന്നത് ആഹ്ലാദകരമായ ഒരു വാര്‍ത്തയാണ്.
December 4, 2011
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
മനോരമ പല പുലിവാലും പിടിച്ചിട്ടുണ്ട്. പക്ഷെ ഇതുപോലൊരു പുലിവാല് ഈ അടുത്ത കാലത്തൊന്നും പിടിച്ചിട്ടില്ല. പുതിയൊരു ചാനല്‍ തുടങ്ങി. മഴവില്‍ മനോരമ. പക്ഷെ തുടക്കത്തില്‍ തന്നെ കല്ലുകടി. അതും ചെറുമാതിരി കല്ലൊന്നുമല്ല. വിഴുങ്ങാന്‍ പറ്റാത്ത കരിങ്കല്ല്. സകല പൈങ്കിളി മസാലകളും ചേര്‍ത്തുള്ള ഒരു ഇന്‍സ്റ്റന്റ് റിയാലിറ്റി തട്ടുകടയാണ് മഴവില്‍ മനോരമ. അതിലെ ഏറ്റവും കൂടുതല്‍ റേറ്റിങ്ങ് ഉള്ള പരിപാടി നമ്മുടെ രതിചേച്ചി അവതരിപ്പിക്കുന്ന വെറുതെ അല്ല ഭാര്യ ആണ്. അതാണ് ഇപ്പോള്‍ ആകെ കുളമായിരിക്കുന്നത്. അപാര തൊലിക്കട്ടിയുള്ള കുറച്ചു ദമ്പതികളെ കുളിപ്പിച്ചൊരുക്കിക്കൊണ്ട് വന്ന് ഓരോരുത്തരെയായിട്ടു നിറുത്തിപ്പൊരിക്കുകയെന്നതാണ് ഈ ഷോയുടെ ഫോര്‍മാറ്റ്.
November 30, 2011
പുതിയ ഡാം കെട്ടൂ.. കമ്പിപ്പാര റെഡിയാക്കൂ
'മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യുന്ന കാര്യത്തില്‍ വല്ലാതെ തലപുകക്കേണ്ട. പുതിയതൊന്നു കെട്ടിത്തന്നാല്‍ പഴയത് പൊളിക്കുന്ന കാര്യം ഞങ്ങ നോക്കിക്കോളാം. അതിനു ആ &*^#(**** മാരുടെ സമ്മതമൊന്നും വേണ്ട'' ഇടുക്കിയില്‍ നിന്നുള്ള ഒരു സുഹൃത്ത് എന്നോട് പറഞ്ഞ ഈ വാക്കുകള്‍ തന്നെയാണ് എനിക്കും പറയാനുള്ളത്. നിലവിലുള്ള ഡാം പൊളിക്കാന്‍ കൊന്നാലും അമ്മായി സമ്മതിക്കില്ല. ചര്‍ച്ചയും കോടതിയും കേസുകെട്ടുകളുമായി അത് മുന്നോട്ടു പോകും. നമുക്ക് ചെയ്യാനുള്ളത് പെട്ടെന്ന് പുതിയ ഒരു ഡാം കെട്ടുകയാണ്. നമ്മുടെ പുഴ, നമ്മുടെ മണ്ണ്. നമ്മുടെ ഡാം. അതിനു ഒരു മറ്റവളുടെയും ലവ് ലറ്റര്‍ കിട്ടാന്‍ കാത്തു നില്‍ക്കേണ്ടതില്ല. കേന്ദ്രനില്‍ നിന്ന് ഒരു അനുമതി വാങ്ങുക. ടപ്പേന്ന് പണി തുടങ്ങുക
November 29, 2011
സുരേഷ് ഗോപി സെറോക്സ് കോപ്പിയല്ല
ചൈനക്കാരി സുരേഷ് ഗോപി എന്ന് പറഞ്ഞപ്പോള്‍ അത് സെറോക്സ് കോപ്പി എന്നായിപ്പോയി. ദുബായിയിലെ പാര്‍ക്കില്‍ വെച്ചു ശ്രീനിവാസനാണ് അത് തിരുത്തിക്കൊടുത്തത്. സത്യത്തില്‍ സുരേഷ് ഗോപി ഒരു സെറോക്സ് കോപ്പിയല്ല. അദ്ദേഹത്തിനു മറ്റു താരങ്ങളില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഉണ്ട്. അല്പം സാമൂഹിക പ്രതിബദ്ധത. ഇത്തിരി പ്രതികരണ ശേഷി, ജനങ്ങളുടെ മനസ്സറിയാനുള്ള ഒരല്പം വകതിരിവ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സിനിമാ ലോകത്ത് നിന്ന് ആദ്യം ശബ്ദം ഉയര്‍ത്തിയത് സുരേഷ് ഗോപിയാണ്. അതിനു അദ്ദേഹത്തെ അഭിനന്ദിക്കാതെ വയ്യ.
November 25, 2011
അണ്ണാച്ചീ, ഞങ്ങ വിട മാട്ടേ..
കുളിക്കുകയും പല്ല് തേക്കുകയും ചെയ്യുന്ന കാര്യത്തില്‍ തമിഴന്മാര് നമ്മളെക്കാള്‍ ഒരു കട്ടക്ക് പിന്നിലാണെങ്കിലും സ്വന്തം മണ്ണിനു വേണ്ടി പൊരുതുന്ന കാര്യത്തില്‍ അവര്‍ നമ്മുടെ നാല് കട്ടക്ക് മുന്നിലാണ്. മുല്ലപ്പെരിയാര്‍ ഡാം പൊളിക്കുന്നതിനെതിരെ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ തമിഴ്നാട്ടിലെ ഏതെങ്കിലും ഒരു ഈര്‍ക്കിളി പാര്‍ട്ടി ആഹ്വാനം ചെയ്താല്‍ അണ്ണാച്ചിമാരില്‍ കുറെയെണ്ണം അതിനു തയ്യാറായി എന്ന് വരും. പാര്‍ട്ടിക്ക് വേണ്ടി ചാകാനും വെട്ടാനും കേരളത്തില്‍ ആളുകള്‍ ഏറെക്കാണുമെങ്കിലും നാട്ടിന്റെ പൊതുപ്രശ്നത്തിനു വേണ്ടി തൊണ്ടകീറി ഒരു മുദ്രാവാക്യം വിളിക്കാന്‍ പോലും നമ്മള് മലയാളികളെ കിട്ടാന്‍ പാടാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നൂറു ശതമാനം നീതി കേരളത്തിന്റെ പക്ഷത്താണെങ്കിലും ഈ വിഷയത്തില്‍ തമിഴന്മാര് ജയിക്കാനുള്ള സാധ്യത അതുകൊണ്ട് തന്നെ തള്ളിക്കളയാനാവില്ല.
November 14, 2011
ദാല്‍ തടാകത്തിലെ രണ്ടു രാത്രികള്‍
'ഇദര്‍ സുകൂന് ഹേതോ ഹം ലോകോംകോ സിന്ദഗി ഹെ, സുകൂന് നഹീ തോ സിന്ദഗി നഹി' ദാല്‍ തടാകത്തിലെ ചെറിയ തോണി തുഴഞ്ഞു കൊണ്ട് നൂര്‍ മുഹമ്മദ് പറഞ്ഞ ആ വാക്കുകള്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചു. "ഇവിടെ സമാധാനം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ജീവിതമുണ്ട്. ഇല്ലെങ്കില്‍ ജീവിതമില്ല". നൂര്‍ മുഹമ്മദിന്റെ ജീവിതം ദാല്‍ തടാകത്തിലെ തോണിയില്‍ ആണ്. അവിടെ ടൂറിസ്റ്റുകള്‍ വന്നാല്‍ അവന്റെ ജീവിതത്തിനു നിറമുണ്ടാകും. സംഘര്‍ഷം കാരണം ടൂറിസ്റ്റുകള്‍ വരാതായാല്‍ നൂര്‍ മുഹമ്മദിന്റെ മാത്രമല്ല അവനെപ്പോലെ ആയിരക്കണക്കിന് ആളുകളുടെ ജീവിതം നിറം കെടും.
November 10, 2011
സോഷ്യൽ മീഡിയ ടോയ്ലറ്റ് സാഹിത്യമോ?
November 8, 2011
പലനാള്‍ ശുംഭന് ഒരുനാള്‍ പിടിയില്‍ !
എല്ലാ ശുംഭന്മാര്ക്കും ഈ വിധി ഒരു പാഠമാണ്. രാഷ്ട്രീയക്കാരനായാല്‍ എന്ത് അസംബന്ധവും വിളിച്ചു കൂവാമെന്നുള്ള ധിക്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണ് എം വി ജയരാജനെ പൂജപ്പുരയില്‍ അയക്കാനുള്ള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി. കഴിഞ്ഞ ഒന്നര വര്‍ഷമായി ജയരാജന് ജുഡീഷ്യറിയെ മൂക്കിനു തോണ്ടി കളിക്കുകയായിരുന്നു. കിട്ടാവുന്ന വേദികളിലൊക്കെ കോടതികള്‍ക്കെതിരെ കുരച്ചു ചാടുകയായിരുന്നു. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവില്‍ നിന്നുണ്ടാകേണ്ട ഉത്തരവാദിത്വ ബോധത്തിന്റെ ഏറ്റവും ദയനീയമായ പ്രതിരൂപമാണ് താനെന്നു തുടരെത്തുടരെ തെളിയിച്ചതിന് അര്‍ഹിക്കുന്ന ശിക്ഷ കിട്ടി എന്ന് മാത്രമേ ഇപ്പോള്‍ പറയാനൊക്കൂ.
November 4, 2011
ഏജന്റുമാരുടെ സമരം, മനോരമ വിറക്കുന്നു.
മനോരമയുടെ കാര്യം എന്തായി, പൂട്ടിയോ? എന്ന പേരില്‍ ഞാന്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു. എടവനക്കാട്ടുകാരുടെ മനോരമ ബഹിഷ്കരണ സമരത്തെക്കുറിച്ച് എഴുതിയ പോസ്റ്റിന്റെ തുടര്‍ച്ചയായിരുന്നു അത്. അതോടെ മനോരമ വിരുദ്ധന്‍ എന്ന ഒരു ഇമേജ് എനിക്ക് കിട്ടി. അന്ന് കിട്ടിയ ഇമേജിനെ ഒന്നുകൂടി സ്ട്രോങ്ങ് ആക്കാനാണ് ഈ പോസ്റ്റ്. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ പത്രം ഇടുന്ന പയ്യനുമായി ഞാന്‍ ഉടക്കി. രണ്ടു പതിപ്പുകള്‍ ഉള്ള മനോരമയുടെ ഒരു പതിപ്പ് മാത്രമേ അവന് വീട്ടില്‍ ഇട്ടുള്ളൂ. ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ സമരത്തിലാ' എന്ന് മറുപടി. "എന്തോന്ന് സമരം? കാശ് എണ്ണി വാങ്ങിക്കുന്നുണ്ടല്ലോ?. ഇനി മുതല്‍ പകുതി കാശേ തരൂ". ഞാനും വിട്ടു കൊടുത്തില്ല.
November 2, 2011
ഓടുന്ന അയ്യര്‍ക്ക് ഒരു മുഴം മുമ്പേ (KCBC മോഡല്‍ )
വി ആര് കൃഷ്ണയ്യരുടെ തലമണ്ടക്ക് കെ സി ബി സി ഇരുമ്പുലക്ക കൊണ്ട് അടിക്കാന്‍ പോവുകയാണ്. അതിന്റെ സംസ്ഥാന തല ഉദ്ഘാടനം ശിശുദിനമായ നവംബര്‍ പതിനാലിന് നടക്കും. മക്കള്‍ രണ്ടില്‍ കൂടിയാല്‍ തട്ടണം എന്ന കൃഷ്ണയ്യരുടെ 'തേര്‍ഡ് ലോ ഓഫ് സെക്സ് മോഷന്‍' (തേര്‍ഡ് എന്നത് തേര്‍ഡ് ക്ലാസ്സ് എന്ന അര്‍ത്ഥത്തില്‍ അല്ല!! ) തിയറിക്ക് ഇത്ര രൂക്ഷമായ പ്രതിപ്രവര്‍ത്തനം ഉണ്ടാകുമെന്ന് ഞാന്‍ കരുതിയതല്ല. ഏതൊരു ആക്ഷനും കിടിലന്‍ റിയാക്ഷന് ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ അത് ഇപ്പരുവത്തില്‍ എത്തുമെന്ന് ഒട്ടും നിനച്ചില്ല.
October 28, 2011
വെല്‍ഡന്‍ ഗണേഷ്, വെല്‍ഡന്‍ !!
വി എസ്സിനെ തെറി വിളിച്ചതിനല്ല, വിളിച്ചത് തെറിയാണെന്ന് തിരിച്ചറിഞ്ഞു പരസ്യമായി ഖേദം പ്രകടിപ്പിച്ചതിനാണ് വെല്‍ഡന്‍ പറഞ്ഞത്. മൈക്കിനു മുന്നില്‍ നില്ക്കുമ്പോള് അല്പം സുബോധം വേണം. അല്പ നേരത്തേക്ക് ഗണേഷ് കുമാറിന് അത് നഷ്ടപ്പെട്ടു. വി എസ് കാമഭ്രാന്തനും ഞരമ്പ് രോഗിയുമാണെന്ന് വിളിച്ചു പറഞ്ഞു. ജനം കയ്യടിച്ചു. സംഗതി വിവാദമായി. ഗണേഷ്കുമാര് പരസ്യമായി തെറ്റ് സമ്മതിച്ചു. ടി വി രാജേഷ് സ്പീക്കറോട് പറഞ്ഞ പോലെ ഖേദപ്രകടനം 'വിഷമ'ത്തില്‍ മാത്രം ഒതുക്കിയില്ല. തെറ്റ് പത്രസമ്മേളനം നടത്തി പരസ്യമായിത്തന്നെ തുറന്നു പറഞ്ഞു. ഇതിനെയാണ് നാം അന്തസ്സ് എന്ന് വിളിക്കേണ്ടത്.
October 27, 2011
'അച്ഛ'നാനന്ദന്
ഈ പത്രക്കാര്‍ക്ക് ഒരു വിവരവുമില്ല. വെറുതെ ഓരോ ആരോപണങ്ങള്‍ ഉന്നയിയിച്ചുകൊണ്ടിരിക്കും. മക്കള്‍ നന്നായിക്കാണണം എന്നാഗ്രഹിക്കാത്ത അച്ഛന്മാരുണ്ടോ? മക്കാവില്‍ അയച്ചിട്ടാണെങ്കിലും അവര്‍ക്ക് നല്ല വിദ്യാഭ്യാസം നേടിക്കൊടുക്കുക, ആരുടെ കാലു പിടിച്ചിട്ടായാലും അവര്‍ക്കൊരു ജോലി ഉണ്ടാക്കിക്കൊടുക്കുക, പ്രായമായാല്‍ കല്യാണം കഴിപ്പിക്കുക, ഒമ്പത് മാസം കഴിഞ്ഞാല്‍ അവരുടെ കുട്ടികളെ കളിപ്പിക്കുക. ഇതൊക്കെ ഏതച്ഛന്മാരുടെയും ജന്മാവകാശമാണ്. ഇതൊന്നും ചെയ്യാത്തവന് അച്ഛനല്ല. ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടികളല്ല ഇതൊന്നും. കാറല്‍ മാര്‍ക്സിന്റെ കാലം മുതലേയുള്ളതാണ്. മക്കള്‍ നന്നായിക്കാണുമ്പോള് അച്ഛന്മാര്ക്കുണ്ടാവുന്ന ആനന്ദത്തെയാണ് 'അച്ഛനാനന്ദം' എന്ന് പറയുന്നത്. ഏതു മലയാള ഡിക്ഷ്ണറി എടുത്തു നോക്കിയാലും ഇതിന്റെ അര്‍ത്ഥം കിട്ടും.
October 23, 2011
മുനീര്‍ കളിക്കുന്ന ഐസ്ക്രീം ഗെയിം
ഇന്നലത്തെ മാതൃഭൂമി പത്രത്തില്‍ ഡോ മുനീറിന്റെ ഒരു പ്രസ്താവന കണ്ടു. അത് വായിച്ചിട്ട് ചിരിക്കണോ അതോ കരയണോ അതല്ല ഒരു അനുശോചനം രേഖപ്പെടുത്തണോ എന്താണ് വേണ്ടതെന്ന കാര്യത്തില്‍ എനിക്കൊരു സംശയം. പ്രസ്താവനയുടെ തലവാചകം ഇതാണ്.കുഞ്ഞാലിക്കുട്ടിയെ വേട്ടയാടുന്ന ഇന്ത്യാവിഷന് രീതിയോട് യോജിപ്പില്ല -മുനീര്‍ . തലക്കെട്ട് വായിച്ച ഞാന്‍ ആകെ കണ്‍ഫ്യൂസ്ഡ് ആയി. 'അമേരിക്കയുടെ പോക്ക് ശരിയല്ല: ഒബാമ' എന്ന തലക്കെട്ടില്‍ ഒരു പത്ര വാര്‍ത്ത കണ്ടാല്‍ പോലും എനിക്കിത്ര കണ്ഫ്യൂഷന് ഉണ്ടാകില്ല. ഇന്ത്യാവിഷന് തുടങ്ങിയത് മുനീറാണ്. അതിനു കാശ് പിരിച്ചതും നിയമാവലി ഉണ്ടാക്കിയതും മുനീറാണ്. അതിന്റെ ചെയര്‍മാനും മുഖ്യ ഷെയര്‍ ഹോള്‍ഡറും മുനീറാണ്. നയ നിലപാടുകളെക്കുറിച്ചു അവസാന വാക്ക് പറയേണ്ട ആളും മുനീര്‍ തന്നെ. ആ മുനീര്‍ തന്നെയാണ് പറയുന്നത് ഇന്ത്യാവിഷന്റെ പോക്ക് ശരിയല്ല എന്ന്. ഇതെന്തു കൂത്ത് എന്ന് ഞാന്‍ ചോദിച്ചു പോയാല്‍ മുനീറിന്റെ ഫാന്‍സുകാര്‍ എന്നെ തെറി വിളിക്കരുത്. കുഞ്ഞാലിക്കുട്ടിയുടെ ഫാന്സുകാരില് നിന്ന് കേട്ടത് ഇനിയും ദഹിച്ചു കഴിഞ്ഞിട്ടില്ല!!
October 19, 2011
പിള്ളയെ തട്ടാന്‍ ജയരാജന്റെ ക്വട്ടേഷന്‍
അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ രാധാകൃഷ്ണപ്പിള്ളയെ കാണുന്നിടത്ത് വെച്ച് തല്ലാനാണ് ജയരാജന് വക്കീല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സാധാരണ ഗതിയില്‍ സഖാക്കള്‍ ഇത്തരം ആഹ്വാനങ്ങളൊക്കെ കൊടുക്കാറുള്ളത് ഏരിയ കമ്മറ്റി മീറ്റിങ്ങുകളില്‍ ആണ്. പക്ഷെ ഇന്ന് കൊടുത്തത് പരസ്യമായാണ്. അതും മാധ്യമങ്ങളുടെ ക്യാമറക്ക് മുന്നില്‍ . കോഴിയെ കണ്ടാല്‍ പിടിക്കാന്‍ കുറുക്കനോട് പ്രത്യേകം പറയേണ്ടതില്ല. അത് കുറുക്കന്റെ ജന്മ നിയോഗങ്ങളില്‍ ഒന്നാണ്. ഒറ്റയ്ക്ക് തരപ്പെട്ടു കിട്ടിയാല്‍ രാധാകൃഷ്ണപ്പിള്ളയെ എസ് എഫ് ഐ കുട്ടികള്‍ കൈകാര്യം ചെയ്തു എന്ന് വരാം. പക്ഷെ ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് ഇങ്ങനെയൊരു ക്വട്ടേഷന്‍ പരസ്യമായി കൊടുക്കുന്നത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. നമ്മുടെ രാഷ്ട്രീയ നേതൃത്വം എത്തിപ്പെട്ടിരിക്കുന്ന ഗുണ്ടാ രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രകടമായ തെളിവ്.
October 17, 2011
നിര്‍മല്‍ മാധവിനെ അമേരിക്കയിലയച്ചു പഠിപ്പിക്കണം.
ചാണ്ടി സാറിനോട് ഒരഭ്യര്‍ത്ഥനയുണ്ട്. ദയവു ചെയ്തു നിര്‍മല്‍ മാധവിനെ അമേരിക്കയില്‍ അയച്ചു പഠിപ്പിക്കണം. നമ്മുടെ സംസ്ഥാനത്തിനും നിര്‍മലിനും അതാണ് നല്ലത്. അമേരിക്കയിലാവുമ്പോള്‍ ഒരു ഗുണമുണ്ട്. അവിടെ എസ് എഫ് ഐ സ്ട്രോങ്ങ് കുറവാണ്. പഠന കാര്യങ്ങളില്‍ നമ്മളെപ്പോലെ നിലവാരം ഇല്ലെങ്കിലും അലമ്പില്ലാതെ ക്ലാസ്സില്‍ ഇരിക്കാന്‍ പറ്റും. ഒരു സീറ്റ് ഒപ്പിക്കാന്‍ ലീഗുകാരുടെ കാലു പിടിച്ചു എന്ന ചീത്തപ്പേരും ഒഴിവാക്കാം. പി സി ജോര്‍ജിനെക്കൊണ്ട് ഒബാമയെ വിളിപ്പിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ സീറ്റ് റെഡിയാവും. ഏറ്റവും വലിയ ലാഭം സര്‍ക്കാര്‍ ഖജനാവിനാണ്. നിര്‍മലിനെ ഏത് കോളേജില്‍ ചേര്‍ത്തിയാലും രണ്ടു ബറ്റാലിയന് പോലീസ് കോളേജിനു കാവല്‍ ഇരിക്കേണ്ടി വരും. അമേരിക്കയില്‍ അയച്ചാല്‍ രണ്ടു കോണ്‍സ്റ്റബിളിന്റെ ശമ്പളം കൊണ്ട് കാര്യം നടക്കും.
October 15, 2011
കരളിന്റെ കരളാകാന്‍ ഹിന റബ്ബാനി
ഇന്ത്യയെ പാക്കിസ്ഥാന് കരളിന്റെ കരളായ രാജ്യമായി പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഒറ്റ സന്ദര്‍ശനത്തോടെ ഇന്ത്യന്‍ യുവാക്കളുടെ കരളിന്റെ കരളായി മാറിയ ഹിന റബ്ബാനി ഖര് ആണ് ഇക്കാര്യം പാക്കിസ്ഥാന് പാര്‍ലിമെന്റില്‍ പറഞ്ഞിരിക്കുന്നത്. പാകിസ്ഥാന്റെ Most Favoured Nation (MFN) പദവിക്കാണ് ഇന്ത്യ അര്‍ഹയാവാന്‍ പോവുന്നത്. രാത്രിയായാല്‍ ഭാര്യയെ കരളിന്റെ കരളേ എന്ന് വിളിക്കുകയും നേരം വെളുത്താല്‍ കരണക്കുറ്റി നോക്കി അടിക്കുകയും ചെയ്യുന്ന ചില ഭര്ത്താക്കന്മാരെ കണ്ടിട്ടുണ്ട്. അതുപോലുള്ള ഒരു ഏര്‍പ്പാടായി ഇത് മാറുമോ എന്ന ആശങ്ക എനിക്കില്ല്ലാതില്ല. എങ്കിലും പറഞ്ഞത് ഹിന റബ്ബാനി ആയതിനാല്‍ ഒറ്റയടിക്കങ്ങ് തള്ളിക്കളയാന്‍ മനസ്സ് സമ്മതിക്കുന്നില്ല.
October 10, 2011
അംബാനിയുടെ മക്കളും 5 രൂപയുടെ ലഞ്ചും.
October 8, 2011
ഒബാമയുടെ 'നിറം' കറുപ്പ് തന്നെ!
സമാധാനത്തിന്റെ നോബല്‍ സമ്മാനം ഇന്നലെ പ്രഖ്യാപിച്ചു. മൂന്നു വനിതകള്‍ക്ക് അത് ലഭിച്ചു. സന്തോഷം. ഇതിനു മുമ്പ് നോബല്‍ സമ്മാനം കിട്ടിയ മറ്റൊരാളുണ്ട്. മിസ്റ്റര്‍ ഒബാമ. വീറ്റോയുടെ ചാട്ടവാറുമായി ഫലസ്തീന് പിറകെ ഓടുകയാണ് അദ്ദേഹം. അധിനിവേശത്തിന്റെ ദുരിതങ്ങളില്‍ ആറ് പതിറ്റാണ്ട് പിന്നിട്ട ഒരു ജനതയുടെ വാരിയെല്ലിന് നൊബേല്‍ പീസ് ജേതാവിന്റെ ചാട്ടവാറടി. "സാര്‍ , അപകടം വരുന്നു. രൂക്ഷമായ വരള്‍ച്ചയെക്കുറിച്ച വാര്‍ത്തയുണ്ട് ". മുന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രിയായിരുന്ന ലെവി എഷ്കോളിന്റെ അടുത്തു വന്നു അദ്ദേഹത്തിന്റെ സെക്രട്ടറി ആശങ്കകളോടെ ഉണര്‍ത്തി. "എവിടെ ? ടെക്സസിലോ?" പ്രധാനമന്ത്രിയുടെ ചോദ്യം.
October 4, 2011
പാരക്കേസിന്റെ ക്ലൈമാക്സ് എപ്പടി സാര്‍ ?
വാളകത്തെ അദ്ധ്യാപകന്റെ ആസനത്തില്‍ കട്ടപ്പാര കേറ്റിയത് ആരാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. സംഭവം നടന്നു ഒരാഴ്ച കഴിഞ്ഞെങ്കിലും പോലീസിന്റെ കയ്യില്‍ തുമ്പൊന്നും കിട്ടിയിട്ടില്ല എന്നാണ് കേള്‍ക്കുന്നത്. ഏറ്റവും വലിയ തമാശ ആക്രമിക്കപ്പെട്ട അദ്ധ്യാപകന് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതാണ്!!. ഇതെന്തു കൂത്ത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല!. ആക്രമികളെ പിടിക്കാന്‍ ഏറ്റവും കൂടുതല്‍ സഹകരിക്കേണ്ടത് ആക്രമണത്തിനു വിധേയനായ അദ്ധ്യാപകനാണ്. അദ്ദേഹത്തിന്റെ ആസനമാണ് പൊളിഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ വി എസ്സിനോ ഉമ്മന്‍ ചാണ്ടിക്കോ ഉണ്ടാകാവുന്ന താത്പര്യത്തിന് ഒരു പരിധിയുണ്ട്. ആ താത്പര്യത്തിന്റെ പതിനാറിരട്ടി താത്പര്യം അദ്ധ്യാപകന് കൃഷ്ണകുമാറിനാണ് ഉണ്ടാകേണ്ടത്. പക്ഷെ ഇവിടെ പുള്ളിയാണ് കൂടുതല്‍ കണ്ഫ്യൂഷന് ഉണ്ടാക്കുന്നത്.
September 30, 2011
റിപ്പോര്‍ട്ടര്‍ ടി വിയുടെ ചെറ്റത്തരം
നികേഷ് കുമാറിന്റെ ചാനല്‍ ഇത് വരെ ക്ലച്ച് പിടിച്ചിട്ടില്ല. വലിയ ബഹളങ്ങളോടെ തുടങ്ങിയെങ്കിലും മൂന്നാല് മാസം കഴിഞ്ഞിട്ടും പ്രേക്ഷകന് അബദ്ധത്തില്‍ പോലും എത്തി നോക്കുന്നില്ല എന്നാണ് റേറ്റിംഗ് ചാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്ത് വൃത്തികേട് ചെയ്താണെങ്കിലും ഒന്ന് ഇടിച്ചു കയറാന്‍ നികേഷ് കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബാലകൃഷ്ണപിള്ള മൊബൈലില്‍ സംസാരിച്ചതുമായി ഉയര്‍ത്തിയിരിക്കുന്ന വിവാദം. മാരക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ സഹായിയുടെ കയ്യിലുള്ള മൊബൈലില്‍ വിളിച്ചു തന്ത്രപൂര്‍വ്വം പിള്ളയുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷയെ വകവെക്കാതെ വാര്‍ത്ത എക്സ്ക്ലൂസീവാക്കി കാച്ചുകയുമാണ് നികേഷ് ചെയ്തത്.
September 27, 2011
ഐസ്ക്രീം പൂജപ്പുരയിലെത്തുമോ?
ടി വി യില്‍ പലപ്പോഴും കാണിക്കുന്ന ജഗതി ശ്രീകുമാറിന്റെ ഒരു കോമഡി സീനുണ്ട്. തലയിണയും പായയുമായി പോലീസ് സ്റ്റേഷനില്‍ വന്നു 'എന്നെ ലോക്കപ്പിലടക്കൂ സാര്‍ ' എന്ന് പറയുന്ന സീന്‍. ഐസ് ക്രീം കേസിന്റെ പുതിയ പോക്ക് കണ്ടിട്ട് എനിക്ക് ആ രംഗമാണ് മനസ്സിലെത്തുന്നത്. ജഗതി ചെയ്തത് പോലെ കുഞ്ഞാലിക്കുട്ടി സാഹിബിനു ഇനി നല്ലത് വിധി വരുന്നതിനു മുമ്പ് തന്നെ ഒരു പായയും തലയിണയും എടുത്തു ബാലകൃഷ്ണ പിള്ളയെ കാണാന്‍ പോവുകയാണ്. ഏതാണ്ട് ആ ദിശയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. റോസ്ലിന്, സിന്ധു എന്നീ 'പീഡിത' കളുടെ ലേറ്റസ്റ്റ് മൊഴികളുടെ വരവോടെ കഥ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. കുഞ്ഞാലിക്കുട്ടി മാത്രമല്ല, മൊത്തം ലീഗും വെള്ളത്തിലാകുന്ന ലക്ഷണമാണ് കാണുന്നത്. ലീഗിനോടൊപ്പം കുഞ്ഞൂഞ്ഞു സാറും കോണ്‍ഗ്രസ്സും ആകെ മൊത്തം ഐക്യമുന്നണിയും വെള്ളത്തിലായേക്കാനിടയുണ്ട്.
September 25, 2011
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു
September 17, 2011
മലയാളിയുടെ കക്കൂസ് സാഹിത്യം!!!
കഴിയുന്നത്ര തീവണ്ടിയില്‍ സഞ്ചരിക്കുവാന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാന്‍. രണ്ടാണ് കാരണങ്ങള്‍ . ഒന്ന് കാശ് കുറവ്. മറ്റൊന്ന് സൗകര്യം കൂടുതല്‍ . പക്ഷെ കഴിയുന്നതും തീവണ്ടിയിലെ കക്കൂസില്‍ കയറാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും. അതിനും കാരണങ്ങള്‍ രണ്ടാണ്. ഒന്ന് ഒടുക്കത്തെ വൃത്തി, രണ്ടു ചുമരുകളിലെ അശ്ലീല സാഹിത്യം. മലയാളികള്‍ ഏറ്റവും കൂടുതല്‍ 'സാഹിത്യം' എഴുതാറുള്ളത് ഇന്ത്യന്‍ റെയില്‍വേയുടെ കക്കൂസുകളില്‍ ആണ്. കേരളത്തിലൂടെ കടന്നു പോകുന്ന തീവണ്ടികളില്‍ ഇത്തരം സാഹിത്യം ഇല്ലാത്ത ഏതെങ്കിലും കക്കൂസ് കണ്ടു പിടിച്ചു തരുന്നവര്‍ക്ക് എന്റെ വക നൂറ്റൊന്നു ഉറുപ്പിക സമ്മാനമുണ്ട്.
August 21, 2011
ചൂടുള്ള ഐസ്ക്രീമും സേതുരാമയ്യരും
ഇത് നോമ്പ് കാലമാണ്. കാരക്ക തിന്നാണ് സാധാരണ നോമ്പ് തുറക്കാറുള്ളത്. ഇതിപ്പോള്‍ ഐസ്ക്രീം തിന്നു തുറക്കേണ്ട ഗതികേടിലാണ് ഉള്ളത്. ഇഫ്താര്‍ സമയത്ത് എല്ലാ ചാനലുകളും വിളമ്പുന്ന പ്രധാന വിഭവം ഐസ് ക്രീമാണ്. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവല്‍ പോലെ ഇനി അടുത്ത എപ്പിസോഡില്‍ എന്താണ് വരാന്‍ പോകുന്നതെന്ന് അത്ര എളുപ്പത്തില്‍ പറയാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പുതിയ പുതിയ കഥാപാത്രങ്ങള്‍ കഥയിലേക്ക് വന്നു കൊണ്ടിരിക്കുന്നു. പ്രസാദ് മാസ്റ്റര്‍ എന്ന ഒരു കിടിലന്‍ കഥാപാത്രമാണ് ഈ ഡിറ്റക്ടീവ് നോവലിലേക്ക് അവിചാരിതമായി ചാടി വീണിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ ജീവചരിത്രം എഴുതുവാനാണ് പുള്ളി വരുന്നത്!. (പടച്ചോനെ, കുഞ്ഞാലിക്കുട്ടിക്കും ജീവചരിത്രമോ!!) നമ്മളിനി ചിരിച്ചു ചിരിച്ചു ഒരു വകയാകും.
August 17, 2011
ഹസാരെ അണ്ണന് ഫ്രോഡാണോ?
പലരും ഉന്നയിക്കുന്ന ഒരു സംശയമാണിത്. ഹസാരേ അണ്ണന് ഫ്രോഡാണോ എന്നത്?. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെയും പാര്‍ലമെന്റിനെയും ബ്ലാക്ക് മെയില്‍ ചെയ്തു കൊണ്ടുള്ള ഒരു വയസ്സന്റെ ദുര്‍വാശികള്‍ക്ക് എത്രത്തോളം പ്രസക്തിയുണ്ട്?. കോര്‍പറേറ്റ് ഭീമന്മാരും സംഘപരിവാര്‍ സഹയാത്രികരും സ്പോന്സര് ചെയ്യുന്ന ഒരു നിരാഹാര സമരത്തിന് അല്പം മീഡിയ പിന്തുണ ലഭിച്ചു എന്ന് കരുതി ഹസാരേ അണ്ണന് ഗാന്ധിജി ആകുമോ? ഒരു സിറ്റിംഗിന് ഇരുപത്തിയഞ്ച് ലക്ഷം കാശ് വാങ്ങിക്കുന്ന ശാന്തിഭൂഷന് വക്കീലന്മാരുടെ കളിപ്പാട്ടമായി തുള്ളുന്ന ഒരാളുടെ പിന്നാലെ പോയിട്ട് ഇന്ത്യന്‍ ജനാധിപത്യം എന്ത് നേടും? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കണ്ടെത്തുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം.
August 14, 2011
വി എസ്സിനെ ഒതുക്കാന്‍ 18 വഴികള്‍
ഓരോ ആറ് മാസം കൂടുമ്പോഴും മനോരമയുടെ 'വനിത'യില്‍ ഒരു കവര്‍ സ്റ്റോറി വരാറുണ്ട്. ഭര്ത്താക്കന്മാരെ ഒതുക്കാന്‍ 36 വഴികള്‍ എന്നോ മറ്റോ ആയിരിക്കും അതിന്റെ തലക്കെട്ട്!!. ഭര്ത്താക്കന്മാരെ ഒതുക്കാന്‍ പരീക്ഷിച്ചു വിജയിച്ച 101 വഴികള്‍ കയ്യിലുള്ള ഭാര്യമാര്‍ക്കാണ് വനിതക്കാരന്‍ തന്റെ 36 ഉഡായിപ്പുകള്‍ കൊടുക്കുന്നത്. വി എസ്സിനെ ഒതുക്കാന്‍ മണി മണി പോലുള്ള 101 വഴികള്‍ പിണറായി സഖാവിന്റെ കയ്യില്‍ ഉണ്ടാവും. എന്നാലും എന്റെ ഒരു മനസ്സമാധാനത്തിന് വനിതക്കാരന്‍ ചെയ്യുന്ന പോലുള്ള ഒരു സേവനമാണ് ഞാനിവിടെ ചെയ്യുന്നത്.
August 11, 2011
ഇത് ലവ് ജിഹാദാണോ മനോരമേ ?
സിനിമാ താരങ്ങള്‍ കല്യാണം കഴിക്കുന്നതും ദുഫായിയില്‍ പോകുന്നതും കോടതിയില്‍ എത്തുന്നതും വോട്ടു ചെയ്യുന്നതുമൊക്കെ സര്‍വ സാധാരണമായ സംഗതികളാണ്. ഇതിലൊന്നും ഒട്ടും പുതുമയില്ല. നയന്‍താര മതം മാറിയതായി വലിയ പത്രവാര്‍ത്തകള്‍ കണ്ടു. നടന് പ്രഭുദേവയെ കല്യാണം കഴിക്കാനാണ് സിറിയന്‍ കൃസ്ത്യാനിയായ പെങ്കൊച്ച് ആര്യ സമാജം ഓഫീസില്‍ ചെന്ന് ഹിന്ദു മതം സ്വീകരിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങിയതത്രേ. നല്ല കാര്യം. കല്യാണ സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു നല്കുന്ന സംഗതികള്‍ ആയതിനാല്‍ ആര്‍ക്കും ഇതില്‍ എതിരഭിപ്രായം ഉണ്ടാകേണ്ട ആവശ്യമില്ല. രണ്ടു പേര്‍ക്കും ഹാപ്പി ബെര്‍ത്ത് ഡേ ടൂ യൂ വിവാഹ മംഗളാശംസകള്‍ കൊടുത്ത് ഒരു വിസിലടിച്ച് പിരിഞ്ഞു പോകാവുന്നതേയുള്ളൂ.
August 9, 2011
ചൈനയിലെ സുരേഷ് ഗോപിയും ഡോളറമ്മാവനും
രണ്ടു ദിവസമായി എനിക്ക് കലശലായ ഒരാഗ്രഹമുണ്ട്. ഏതെങ്കിലും ഒരു ചൈനക്കാരനെ കണ്ടു കിട്ടിയാല്‍ ഒരു ഐ ലവ് യു പറയണം. ഒത്താല്‍ ഒന്ന് കെട്ടിപ്പിടിക്കണം. അറ്റ്ലീസ്റ്റ് ഒരു ഷേക്ക്ഹാന്‍ഡ് എങ്കിലും കൊടുത്ത് നീയാടാ ആണ്‍കുട്ടി എന്നും കാച്ചണം. സത്യത്തില്‍ കൈ കൊടുക്കേണ്ടത് ചൈനീസ് പ്രധാനമന്ത്രിക്കോ പ്രസിഡന്റിനോ ആണ്. അത് നമ്മള് കൂട്ടിയാല്‍ കൂടുന്ന പരിപാടിയില്ല. അതുകൊണ്ടാണ് ഏതെങ്കിലും ഒരു ചൈനക്കാരനെ കിട്ടിയാലും സംഗതി ഒപ്പിക്കാം എന്ന് തീരുമാനിച്ചത്. ഇങ്ങനെയൊരു ആഗ്രഹം പെട്ടെന്ന് പൊട്ടിമുളക്കാനിടയായ കാരണം പറയാം. ചൈന കഴിഞ്ഞ ദിവസം നമ്മുടെ സുരേഷ് ഗോപി സ്റ്റൈലില്‍ നാല് ഡയലോഗ് കാച്ചി. ഒബാമ സായിപ്പിനോട്. ഞാനത് ഒരു പത്തു തവണയെങ്കിലും വായിച്ചു കാണും. എനിക്കതത്രക്കങ്ങ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. സൂപ്പര്‍ ഡയലോഗ്.
July 30, 2011
ഊണുണ്ടോ സഖാവേ ഒരു ഇളനീര് എടുക്കാന്‍?
ഒരാളുടെ ഹൃദയത്തിലേക്ക് അയാളുടെ ആമാശയത്തിലൂടെ ഒരു എളുപ്പവഴിയുണ്ട് എന്നത് (The way to a Man's heart is through his stomach) വെള്ളക്കാരുടെ ഒരു പഴമൊഴിയാണ്. ഒരു നല്ല ശാപ്പാട് കൊടുത്താല്‍ ഏത് കൊമ്പനേയും വീഴ്ത്താം എന്നാണ് തീറ്റക്കൊതിയന്മാരായ സായിപ്പുമാര് വിശ്വസിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അത് ശരിയായിരിക്കാം. പക്ഷേ വി എസ്സിനെപ്പോലെ തീയില്‍ കുരുത്ത ഒരു സമരസഖാവിന് നേരെ സായിപ്പിന്റെ ഈ വളിച്ച തിയറി നമുക്ക് പ്രയോഗിക്കാന്‍ പറ്റുമോ? പഴയ കാല സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഒരു നേരത്തെ ഭക്ഷണം കഴിച്ചത് കൊണ്ട് വീ എസ്സിന്റെ രാഷ്ട്രീയം തകിടം മറിയുമോ?
July 28, 2011
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല
ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗാര്ഡിയന് പത്രത്തില്‍ കഴിഞ്ഞ ദിവസം ചാര്‍ളി ബ്രൂക്കര്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പ് എഴുതാനുള്ള പ്രേരണ. Keep the guesswork out of the news coverage എന്നതാണ് അദ്ദേഹത്തിന്റെ ലേഖനത്തിന്റെ കാതല്‍ . മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പാലിക്കേണ്ട ചില അടിസ്ഥാന തത്വങ്ങളെക്കുറിച്ചാണ് ബ്രൂക്കര്‍ തന്റെ ലേഖനത്തില്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നോര്‍വേയില്‍ ഒരു കൂട്ടക്കൊല നടന്നു. 68 പേര് കൊല്ലപ്പെട്ടു. എഴുപത്തിയാറു ലക്ഷം വായനക്കാരുള്ള സണ്‍ ദിനപത്രത്തിന്റെ പിറ്റേ ദിവസത്തെ തലക്കെട്ട് ഇതായിരുന്നു. AL-QAEDA MASSACRE - NORWAY'S 9/11 (അല്‍ഖാഇദ കൂട്ടക്കൊല - നോര്‍വേയുടെ 9/11).
July 26, 2011
ഇടിച്ചുകയറുന്ന ബ്ലോഗേഴ്സും 'ഈ'യെഴുത്തും
ഈ പോക്ക് പോയാല്‍ മലയാള ബ്ലോഗര്‍മാര്‍ എവിടെച്ചെന്നു ഇടിച്ചു നില്ക്കും എന്ന് പറയുക വയ്യ. ബ്ലോഗ് മീറ്റുകള്‍ , ഈറ്റുകള്‍ , ഗ്രൂപ്പ് ഫോട്ടോകള്‍ , സ്വകാര്യ പ്രണയങ്ങള്‍ , ടിവി കവറേജ്, പത്ര വാര്‍ത്തകള്‍ എന്ന് വേണ്ട യു കെയില്‍ റിമോട്ട് ഓഫീസ്, കോവളത്ത് ഒറിജിനല്‍ ഓഫീസ്. ഇതിനിടയിലേക്ക് ഇപ്പോഴിതാ ബ്ലോഗ് മാഗസിനും!!. ഇതിനെയെല്ലാം കടത്തി വെട്ടുന്ന രൂപത്തില്‍ ബ്ലോഗര്‍മാര്‍ തമ്മിലുള്ള വിവാദങ്ങള്‍ , വാഗ്വാദങ്ങള്‍ .. (ഞാന്‍ ഒന്നിലും കക്ഷിയല്ല കെട്ടോ..) ആകെക്കൂടി ഒരു പിടുത്തം വിട്ട പോക്കാണ് പോകുന്നത്. ശൈശവ ദശയില്‍ ഇത്രയും ബഹളങ്ങള്‍ പാടില്ലാത്തതാണ്. അതുകൊണ്ടാണ് ഇത് എവിടെച്ചെന്ന് ഇടിച്ചു നില്‍ക്കുമെന്ന് സംശയം പ്രകടിപ്പിച്ചത്.
July 22, 2011
താരങ്ങളെ തൊട്ടാല്‍ വിടമാട്ടേ
ജനങ്ങള്‍ക്ക് അറ്റാക്ക് വരുത്തുന്ന വാര്‍ത്തകളൊന്നും വരാതെ നോക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. മമ്മുക്കയും ലാലേട്ടനും കേരളത്തിന്റെ പൊതുസ്വത്താണ്. അവരുടെ വീടുകളിലാണ് ഇന്‍കം ടാക്സുകാരും പോലീസും കയറി നരങ്ങുന്നത്. ലാലേട്ടനെയും മമ്മുക്കയെയും കണ്ടുകൊണ്ടാണ് കഴിഞ്ഞ തലമുറ വളര്‍ന്നത്. ഇന്നത്തെ തലമുറയും അവരെക്കണ്ടാണ് വളര്‍ന്നു കൊണ്ടിരിക്കുന്നത്. നാളത്തെ പിള്ളേരും അവരെനോക്കി വളരണം എന്നതാണ് ഓരോ കേരളീയന്റെയും ആഗ്രഹം. ആരെ തൊട്ടു കളിച്ചാലും അവരെ തൊട്ടു കളിക്കുന്നത് വളരെ സൂക്ഷിച്ചു വേണം.
July 20, 2011
ഐശ്വര്യയുടെ മുറിച്ചുണ്ടിന്റെ സാമൂഹിക പ്രസക്തി
July 16, 2011
ബെര്‍ളിയുടെ ചാരിത്ര്യപ്രസംഗം. വാഹ് വാഹ്.
July 11, 2011
മര്‍ഡോക്ക് ഏഷ്യാനെറ്റും പൂട്ടുമോ?
മര്‍ഡോക്കിന് എല്ലാം പുല്ലാണ്. പത്രം വാങ്ങും, വില്‍ക്കും. ടി വി വാങ്ങും. പൂട്ടും. ആരോടും ചോദിക്കുകയോ പറയുകയോ ഇല്ല. ഒറ്റ രാത്രി കൊണ്ട് എന്തും തീരുമാനിക്കും. ഒരു ചെറിയ വട്ടു കേസാണ് പുള്ളിയെന്ന് മൊത്തത്തില്‍ ഒരു സംസാരമുണ്ട്. എഴുപത്തഞ്ചു ലക്ഷം വായനക്കാരുള്ള ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രമാണ് ഇന്നലെ പുള്ളി അടച്ചു പൂട്ടിയത്. THANK YOU & GOOD BYE എന്ന എഡിറ്റോറിയല്‍ എഴുതി പത്രം പൂട്ടി താക്കോലുമായി വരാന്‍ മകന് ജെയിംസിനോട് പറഞ്ഞു പുള്ളി ഉറങ്ങാന്‍ പോയി എന്നത് മാത്രമാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.
July 7, 2011
സാറേ, ആ അരിയുടെ കാര്യം എന്തായി?
സാറേ, നിങ്ങള്‍ തിരക്കിലാണ് എന്നറിയാം. സ്വാശ്രയം, മൂന്നാര്‍ , 'അഞ്ചാം മന്ത്രി' തുടങ്ങി നിങ്ങള്‍ക്ക് പിടിപ്പതു പണിയുള്ള സമയമാണ്. അതുകൊണ്ട് ഒറ്റവാക്കില്‍ ചോദിക്കുകയാണ്. ആ അരിയുടെ കാര്യം എന്തായി ?. ചത്തവന്റെ കീശയിലെ അഞ്ചു രൂപയിലാണെന്റെ കണ്ണ് എന്ന് എ അയ്യപ്പന് പാടിയ പോലെ സാധാരണക്കാരന്റെ കണ്ണ് ഒറ്റ രൂപ അരിയിലാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും മുടിഞ്ഞ ചര്‍ച്ച നടക്കുന്നു. തീരുമാനങ്ങള്‍ ടപ്പേന്ന് വരുന്നു. ശ്രുതിയും താളവും തെറ്റാതെ എല്ലാം അതിവേഗം ബഹുദൂരം നടക്കുന്നു. പക്ഷേ അരിയുടെ കാര്യം മാത്രം ഒന്നും കേള്‍ക്കുന്നില്ല!!.
July 5, 2011
ഒടുക്കത്തെ Google+
ആവശ്യമില്ലാത്ത വിഷയങ്ങളില്‍ കേറി അഫിപ്രായം പറയുക, പിന്നെ അതില്‍ നിന്ന് തലയൂരാന്‍ പെടാപാട് പിടുക, ഒരു ദിവസം മിനിമം പത്തു പേരെയെങ്കിലും ശത്രുക്കളാക്കുക തുടങ്ങിയ കലാപരിപാടികള്‍ മുടങ്ങാതെ ചെയ്തു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. അതിലേക്കാണ് ഈ ഗൂഗിള്‍ പ്ലസും കേറി വന്നത്. വല്ലാത്ത പൊല്ലാപ്പായിപ്പോയി. സ്ഥിരമായി ബിരിയാണി തട്ടുന്നവന് കപ്പ കാണുമ്പോള്‍ വായീന്ന് വെള്ളം വരും. ബ്ലോഗിലും ഫേസ്ബുക്കിലും കറങ്ങി നടക്കുന്ന എനിക്ക് ഗൂഗിള്‍ പ്ലസ് എന്ന് കേട്ടപ്പോഴും അത് പോലെ ഒരിത് വന്നു. പരിപാടി ഫ്രീ ആണ് എന്നറിഞ്ഞതോടെ ഞാന്‍ ചാടിക്കേറി അക്കൗണ്ട് തുടങ്ങി.
June 30, 2011
സ്വാശ്രയം ആശ്രയായ നമഹ...
മഴക്കാലത്ത് തവളകള്‍ ഇറങ്ങുന്ന പോലെയാണ് യു ഡി എഫ് കാലത്ത് എസ് എഫ് ഐ ക്കാര് ഇറങ്ങുക. നാല് മഴ ശരിക്ക് പെയ്താല്‍ തോട്ടിലും കുളത്തിലും പാടത്തുമെല്ലാം തവളകളുടെ ഒടുക്കത്തെ ശബ്ദകോലാഹലം തുടങ്ങും. ഇവറ്റകളൊക്കെ ഇത്രകാലം ഏതു അടുപ്പിലായിരുന്നു എന്ന് ചോദിക്കാന്‍ തോന്നിപ്പോകും ചിലപ്പോള്‍ . അത്ര പരാക്രമമാണ് ഒറ്റ മഴ കിട്ടിയാല്‍ തുടങ്ങുക. കഴിഞ്ഞ അഞ്ചു വര്‍ഷം ലോക്കല്‍ കമ്മറ്റികളുടെ ചുരിദാറിനുള്ളില്‍ ഒളിച്ചിരുന്ന് പൊട്ടന് കളിച്ച കുട്ടിസഖാക്കള്‍ യു ഡി എഫ് മഴ കിട്ടിയപ്പോള്‍ പരാക്രമം നടത്താന്‍ പുറത്തു വന്നു തുടങ്ങി. സ്വാശ്രയ നിയമത്തില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും പുതുതായി ഒരു നിയമവും കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ അഞ്ചു വര്‍ഷം വീ എസ്സും സംഘവും കളിച്ച അതേ തിരക്കഥയും ഡപ്പാംകൂത്ത് ഡാന്‍സും തന്നെയാണ് ചാണ്ടിയും കൂട്ടരും കളിച്ചു കൊണ്ടിരിക്കുന്നത്.
June 29, 2011
ഹലോ ബ്ലോഗേഴ്സ്, ചലോ കോവളം

June 27, 2011
ഒരു ബ്ലോഗറായാല്‍ എന്തെല്ലാം സഹിക്കണം !
ഞാനായിട്ട് അഫിപ്രായം ഒന്നും പറയുന്നില്ല. രാഷ്ട്രദീപികയിലെ കാര്‍ട്ടൂണിസ്റ്റ് ടി ജി ജയരാജ് വരച്ചതാണ്. മാധ്യമ ലോകത്ത് തിളങ്ങി നില്ക്കുന്ന ഒരു കാര്‍ട്ടൂണിസ്റ്റ് ഇങ്ങനെയൊരു കടും കൈ എന്നോട് ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. സിക്സ് പാക്ക് ഉണ്ട് എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. എന്നാലും മിനിമം ഒരു ത്രീ പാക്കെങ്കിലും ഉണ്ട്. ആ എന്നെയാണ് കുടവയറന്‍ ആക്കിയിരിക്കുന്നത്. ആ ട്രൌസറിന് ഒരു വള്ളി പോലും വരച്ചില്ല ദുഷ്ടന് !!. കാര്‍ട്ടൂണ്‍ വരക്കുന്നവരൊക്കെ എന്റെ സൗന്ദര്യം ഇങ്ങനെ തച്ചു കെടുത്താന്‍ ശ്രമിക്കുന്നത് എന്തിനാണാവോ?.. അസൂയ.... ലസൂയ.. അല്ലാതെന്താ.. ജയരാജേ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്..
June 11, 2011
പരിയാരത്തെ ശുംഭന്മാരും പാവം NRI കളും
അമ്പതു ലക്ഷം എന്ന് കേട്ടാല്‍ ഒരുമാതിരിപ്പെട്ട എന്‍ ആര് ഐ കളൊക്കെ ബോധം കെട്ട് വീഴും. ഉണങ്ങിയ കുബ്ബൂസും നാല് കൊല്ലം മുമ്പ് ബ്രസീലില്‍ ചത്ത കോഴിയുടെ കറിയും കൂട്ടി ജീവിതം തള്ളിനീക്കുന്ന ഗള്‍ഫ് മേഖലയിലെ എല്ലാ എന്‍ ആര് ഐ ക്കാരോടും എനിക്കൊന്നേ പറയാനുള്ളൂ.. ഇവിടെ കയില് കുത്തി ജീവിതം തുലക്കരുത്!. ഇക്കാമ കഫീലിന് വലിച്ചെറിഞ്ഞു കൊടുത്ത് നാട്ടില്‍ പോയി വല്ല ലോക്കല്‍ കമ്മറ്റികളിലും മെമ്പര്‍ ആവുക. നാല് കാശുണ്ടാക്കുക !!. മെഡിക്കല്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രവാസികള്‍ക്ക് നീക്കി വെച്ച സീറ്റാണ് അമ്പതു ലക്ഷം കൊടുത്ത് നാട്ടിലെ ആണ്പിള്ളേര് അടിച്ചെടുക്കുന്നത്.
June 8, 2011
പേര് ഫേസ്ബുക്ക്, വയസ്സ് പതിനാറ് (Female)
June 5, 2011
ഇനി താരം ഫൈവ് സ്റ്റാര്‍ സ്വാമി
ബാബാ രാംദേവിനെ അറസ്റ്റ് ചെയ്തതോടെ ഡല്‍ഹിയിലെ ഫൈവ് സ്റ്റാര്‍ അഴിമതി സമരം പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയിരിക്കുകയാണ്. നിരാഹാര സത്യാഗ്രഹത്തിന് നല്ല മാര്‍ക്കറ്റുള്ള സമയമാണ് ഇപ്പോള്‍ . ചുളുവില്‍ പബ്ലിസിറ്റി കിട്ടണമെങ്കില്‍ ഒരു കിടക്കയും കട്ടിലുമായി രാംലീല മൈതാനത്ത് എത്തിയാല്‍ മതി. ബാക്കി കാര്യം ജനാധിപത്യത്തിന്റെ കാവല്‍ പട്ടികളായ മാധ്യമങ്ങള്‍ നോക്കിക്കൊള്ളും. എത്ര ദിവസം പട്ടിണി കിടക്കുന്നുവോ അത്രയും കൂടുതല്‍ പബ്ലിസിറ്റി കിട്ടും. ജ്യൂസും സാന്ഡ്വിച്ചും കഴിക്കുന്നത് ക്യാമറ കാണാതെ വേണം എന്ന് മാത്രം.
June 2, 2011
കാത്തയെ കണ്ട ഓര്‍മയില്‍
കാത്ത ഓര്‍മയായി. മലയാള സാഹിത്യത്തിലെ കുലപതി ജീവിച്ച തകഴിയിലെ വീട്ടില്‍ പോയി കാത്ത ചേച്ചിയെ കണ്ടതും അല്പ നേരം സംസാരിച്ചിരുന്നതും എനിക്ക് മറക്കാനാവാത്ത ഒരോര്‍മയാണ്. തകഴി ശിവശങ്കരപിള്ളയെന്ന മഹാ സാഹിത്യകാരനോടൊപ്പം അദ്ദേഹത്തിന്റെ ശ്വാസവും നിശ്വാസവുമായി നീണ്ട അറുപത്തിയഞ്ചു വര്‍ഷങ്ങള്‍ കാത്ത കൂടെയുണ്ടായിരുന്നു. എഴുത്തുകാരിയല്ലെങ്കിലും ഒരു എഴുത്തുകാരിയേക്കാള്‍ പ്രശസ്തയായിരുന്നു അവര്‍ . 'തകഴിയെ കാത്ത വിളക്കണഞ്ഞു' എന്നാണ് ഇന്നത്തെ മനോരമ ഈ മരണ വാര്‍ത്തക്ക് നല്കിയ അര്‍ത്ഥഗര്‍ഭമായ തലക്കെട്ട്. മലയാള സാഹിത്യ ലോകത്ത് ഇത്രയേറെ തേജസ് പരത്തിയ മറ്റൊരു ഭാര്യയില്ല.
May 29, 2011
അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോട് പറയുന്നത്
May 25, 2011
വി എസ്, ഇതും കോപ്പിയടിയാണോ?
തന്റെ സുദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തിനിടയില്‍ വി എസ് പല വിവാദ പ്രസ്താവനകളും നടത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രകോപനപരമായ ഒന്നായിരുന്നു മലപ്പുറം ജില്ലയിലെ കുട്ടികള്‍ കോപ്പിയടിച്ചാണ് ഉന്നത വിജയം നേടുന്നത് എന്നത്. മലപ്പുറം ജില്ലയിലെ ഓരോ രക്ഷിതാവിന്റെയും വിദ്യാര്‍ത്ഥിയുടെയും ആത്മാഭിമാനത്തിന് മേല്‍ ഒരു രാഷ്ട്രീയനേതാവ് നാളിതുവരെ നടത്തിയ ഏറ്റവും വലിയ കടന്നാക്രമണമായിരുന്നു അത്. പട്ടിണി കിടന്നാലും കുട്ടികളുടെ പഠനത്തിന് ഒരു കുറവും വരുത്താന്‍ തയ്യാറാകാത്ത രക്ഷിതാക്കളുടെ മുഖത്തടിക്കുന്ന ഒരു പ്രസ്താവം. കടുത്ത ജീവിത സാഹചര്യങ്ങളോട് മല്ലിട്ടും പ്രയാസങ്ങളെ അതിജീവിച്ചും ഉറക്കമൊഴിച്ചു പഠിക്കുന്ന ഈ ജില്ലയിലെ പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെ മനസ്സിനെ വല്ലാതെ മുറിവേല്പിച്ച പ്രസ്താവം. വിവിധ മതക്കാരും രാഷ്ട്രീയ വിശ്വാസക്കാരുമായ സകലരും അതിനെതിരെ പ്രതിഷേധിച്ചു. പക്ഷെ വി എസ് തന്റെ പ്രസ്താവന തിരുത്താന്‍ തയ്യാറായില്ല. പേരിന് ഒരു ഖേദപ്രകടനം പോലും നടത്തിയില്ല. അതുകൊണ്ട് തന്നെ ജില്ലയില്‍ നിന്നുള്ള മിടുക്കന്മാരും മിടുക്കികളും ഉന്നത വിജയങ്ങള്‍ നേടുമ്പോള്‍ വീ എസ്സിനെ ആരെങ്കിലും ഓര്‍ത്ത് പോകുന്നുവെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.
മലപ്പുറത്തെ കുട്ടികള്‍ക്ക് ഒരു ചരിത്രമുണ്ട്. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന പതിറ്റാണ്ടുകളുടെ ചരിത്രം. അതിനു മതപരവും സാമൂഹ്യവുമായ ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിരുന്നു. മത പൗരോഹിത്യത്തിന്റെ തെറ്റായ നിലപാടുകള്‍ ഉണ്ടായിരുന്നു. കാലത്തിന്റെ പ്രയാണത്തില്‍ അവയെയൊക്കെ അതിജയിച്ചാണ് 'വെള്ളം കോരികളും വിറകു വെട്ടികളുമായ' ഒരു സമൂഹം മുഖ്യധാരയിലേക്ക് കടന്നു വന്നത്. അതൊരു നവോത്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. ആ നവോത്ഥാനത്തിന്റെ വഴിയടയാളങ്ങള്‍ തുടരെത്തുടരെ കണ്ടപ്പോള്‍ ഉള്ളില്‍ ദഹിക്കാതെ കിടന്ന ചിലത് ഒരു പ്രസ്താവനയിലൂടെ അറിയാതെ പുറത്ത് വന്നതാകാം. മലപ്പുറം ജില്ല ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പൊതു സ്വത്തല്ല. അതുകൊണ്ട് തന്നെ ഏത് മതത്തില്‍ പെട്ടതായാലും വേണ്ടില്ല, ഈ ജില്ലയില്‍ നിന്നൊരു കുഞ്ഞ് വിജയിച്ചു വരുമ്പോള്‍ അതീ ജില്ലയുടെ മൊത്തം അഭിമാനമാകും. മതത്തിന്റെയോ ജാതിയുടെയോ മുഖമല്ല, മറിച്ച് പിന്നോക്കാവസ്ഥയെ പൊരുതി ജയിക്കുന്ന നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്താണ് അതിനുള്ളത്. മലപ്പുറം ഒതുക്കുങ്ങല്‍ ഗ്രാമത്തിലെ ഇര്ഫാന് എന്ന കൊച്ചു പയ്യന് ഇന്നലെ രചിച്ച ചരിത്രവും മറ്റൊന്നല്ല.
ചെറുതെങ്കിലും കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് രണ്ടു റാങ്കുകള്‍ എനിക്കും കിട്ടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വൈദ്യുതി എത്താതിരുന്ന ഒരു കുഗ്രാമത്തിലെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ചാണ് അന്ന് അത് ലഭിച്ചത്. കോപ്പിയടിച്ചാണ് ഈ ജില്ലയിലെ കുട്ടികള്‍ വിജയിക്കുന്നത് എന്ന് സഖാവ് പറഞ്ഞപ്പോള്‍ എനിക്കത് കൂടുതല്‍ നൊന്തു എന്ന് കൂടി പറയട്ടെ. വിഎസ്സിനെ ഈ വിജയത്തിലേക്ക് എന്തിനു വലിച്ചിഴച്ചു എന്ന് ചോദിച്ച സുഹൃത്തിനുള്ള മറുപടിക്ക് എനിക്കൊരു വ്യക്തിപരമായ അനുഭവതലം കൂടിയുണ്ട് എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇതിവിടെ എഴുതിയത്.
Related Posts: വിവരക്കേടിന് ഒരതിരുണ്ട്
Subscribe to:
Posts (Atom)