June 4, 2012

ഹിറാ ഗുഹയില്‍ ഒരു രാത്രി

മക്കയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കൊച്ചുമലയാണ് 'ജബലുന്നൂര്‍ ' (The Mountain of Light). ആ മലയുടെ ഉച്ചിയിലാണ് ചരിത്ര പ്രസിദ്ധമായ ഹിറാ ഗുഹയുള്ളത്.  ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള ആ മലമുകളില്‍ ഒരു രാത്രി കഴിച്ചുകൂട്ടിയതിന്റെ ഓര്‍മയ്ക്കാണ് ഈ കുറിപ്പ്. വിശുദ്ധ കഅബാലയത്തില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഈ പര്‍വതത്തിനു മുകളില്‍ വെച്ചാണ് മുഹമ്മദ്‌ നബിക്ക് ആദ്യമായി ദിവ്യബോധനം ലഭിച്ചത്. ഹിറാ ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മുഹമ്മദിന്റെ മുന്നില്‍ ദൈവത്തിന്റെ മാലാഖയായ ജിബ്രീല്‍ പ്രത്യക്ഷപ്പെടുന്നു. 'ഇഖ്‌റഅ്' (വായിക്കുക)  എന്ന് തുടങ്ങുന്ന ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍ വായിച്ചു കേള്‍പ്പിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണത്തിനു തുടക്കം കുറിക്കപ്പെട്ട സ്ഥലം എന്ന നിലക്കാണ് ജബലുന്നൂര്‍ (പ്രകാശത്തിന്റെ പര്‍വതം) എന്ന് ഇതിന് പേര് ലഭിക്കുന്നത്.
 
ഗ്രന്ഥകാരനും പ്രമുഖ കോളമിസ്റ്റുമായ പ്രിയ സുഹൃത്ത് മുജീബ്റഹ്മാന്‍ കിനാലൂരാണ് ഈ പര്‍വതത്തിനു മുകളില്‍ ഒരു രാത്രി കഴിച്ചുകൂട്ടാമെന്ന ആശയം മുന്നോട്ടു വെച്ചത്. ഐ എസ് എം സംസ്ഥാന പ്രസിഡന്റും യുവത ബുക്ക്‌ ഹൗസ് ഡയരക്ടറുമായ അദ്ദേഹം ആദ്യമായാണ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പ് തന്നെ കൗതുകരമായ ഇത്തരം ചില യാത്രകള്‍ ഒരുമിച്ചു നടത്തണമെന്ന് അദ്ദേഹം ഞാനുമായി ചട്ടം കെട്ടിയിരുന്നു.  

വിശുദ്ധ ഹറമില്‍ നിന്ന് ഇശാ നമസ്കാരം നിര്‍വഹിച്ച ശേഷം ഞങ്ങള്‍ രണ്ടു പേരുടെയും സുഹൃത്തായ മൂസക്കോയ പുളിക്കലുമൊത്ത് ജബലുന്നൂറിന്റെ താഴ്വരയില്‍ എത്തിയപ്പോള്‍ രാത്രി പത്തു മണിയായിട്ടുണ്ട്. മലയുടെ മുകളില്‍ നല്ല ഇരുട്ടാണ്‌. മൊബൈല്‍ ഫോണുകള്‍ അല്ലാതെ കയ്യില്‍ വെളിച്ചമൊന്നുമില്ല. ഇരുട്ടത്ത് കുത്തനെയുള്ള മലകയറ്റം അല്പം സാഹസികം തന്നെയാണ്. 'ഒരു ടോര്‍ച്ച് കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു'. കിനാലൂര്‍ പറഞ്ഞു. വിജനമായ ഈ സ്ഥലത്ത് ടോര്‍ച്ചിന് എവിടെപ്പോകും?. തത്ക്കാലം മൊബൈലിന്റെ വെളിച്ചം കൊണ്ട് ഒപ്പിക്കാം എന്ന് കരുതി മുന്നോട്ടു നീങ്ങുമ്പോള്‍ മലയിലേക്കുള്ള കയറ്റം തുടങ്ങുന്ന സ്ഥലത്ത് ഒരു പെട്ടിക്കട കണ്ടു. വെറുതെ ഒന്ന് അവിടെ കയറി നോക്കി. ഭാഗ്യം.. അലമാരയില്‍ ടോര്‍ച്ച് വില്പനക്കുണ്ട്. വില ചോദിച്ചു. ഇരുപതു റിയാല്‍ . മെയ്ഡ് ഇന്‍ ചൈന എന്ന സ്റ്റിക്കര്‍ ഉണ്ട്. ജപ്പാന്റെ ടോര്‍ച്ച് ഇല്ലേ?. ചോദ്യം കേട്ടതും പാക്കിസ്ഥാനിയായ കച്ചവടക്കാരന്‍ എന്നെ അടിമുടി ഒന്ന് നോക്കിയിട്ട് ഒരു പ്രത്യേക ചിരി ചിരിച്ചു. അതോടൊപ്പം എന്റെ കയ്യില്‍ നിന്ന് ടോര്‍ച്ച് പിടിച്ചു വാങ്ങി  നേരെ അലമാരയില്‍ തിരിച്ചു വെക്കുകയും ചെയ്തു. ചൈനയെങ്കില്‍ ചൈന. കാശ് കൊടുത്ത് ഞാനാ ടോര്‍ച്ച് വാങ്ങി. പോരുമ്പോള്‍ വെറുതെ ചോദിച്ചു. ഇതിനു ഗ്യാരന്റി പേപ്പര്‍ ഉണ്ടോ?. അയാളുടെ വായില്‍ നിന്ന് എന്തെങ്കിലും കേള്‍ക്കുന്നതിനു മുമ്പ് തന്നെ ഞാന്‍ സ്ഥലം കാലിയാക്കി.

മല കയറുന്നവരുടെ സൗകര്യത്തിന് വേണ്ടി ചവിട്ടുപടികള്‍ ഉണ്ട്. കുത്തനെയുള്ള കയറ്റമാണ്.  നാലടി കയറിയപ്പോള്‍ തന്നെ മുജീബും മൂസക്കോയയും കിതക്കാന്‍ തുടങ്ങി. ഞാനാകട്ടെ കൂള്‍ കൂളായി ചവിട്ടു പടികള്‍ കയറിപ്പോവുകയാണ്. ഓരോ നാല് പടി കയറുമ്പോഴും അവര്‍ രണ്ടു പേരും ഇരിക്കും. കയ്യിലുള്ള വെള്ളം കുടിക്കും. അവരുടെ കണ്ണ് തട്ടരുതല്ലോ എന്ന് കരുതി ഞാനും ഇടയ്ക്കിടയ്ക്ക് ഒന്ന് ഇരുന്നു കൊടുക്കും.  പല ഉയരത്തിലും വലുപ്പത്തിലുമുള്ള ചവിട്ടു പടികളാണ്. സര്‍ക്കാര്‍ ചിലവില്‍ ഉണ്ടാക്കിയ സംവിധാനങ്ങള്‍ അല്ല ഇതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാവും.  മല കയറാന്‍ വരുന്നവര്‍ക്ക് ഉപകാരപ്പെടാന്‍ വേണ്ടി ആരൊക്കെയോ ചെയ്തു വെച്ചതാണ്. പാക്കിസ്ഥാനികളാണ് ഇത്തരം പണികളൊക്കെ പൊതുവേ ചെയ്യാറുള്ളത്. ആര് ചെയ്തു വെച്ചതായാലും മല കയറുന്നവര്‍ക്ക് ഈ ചവിട്ടുപടികള്‍ ഒരു വലിയ ആശ്വാസം തന്നെയാണ്. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനിവിടെ വന്നപ്പോള്‍ ഇത്ര സൗകര്യപ്രദമായി പടികള്‍ ഉണ്ടായിരുന്നില്ല. വളരെ ആയാസപ്പെട്ട്‌ കയറാവുന്ന ഒരു പാത മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.


ഓരോ കയറ്റത്തിലും വിശ്രമിക്കാനുള്ള സ്ഥലങ്ങള്‍ ഉണ്ട്. ചിലയിടത്ത് കസേരകളുമുണ്ട്. അവിടെയൊക്കെ ഞങ്ങള്‍ ഇരുന്നു. മൂസക്കോയയുടെ ബാഗില്‍ കാരക്ക, ബദാം, പിസ്ത, ഉണക്ക മുന്തിരി എന്നിവയുണ്ട്. എന്റെ കണ്ണ് കാര്യമായി ആ ബാഗിലായിരുന്നു. ഓരോ ഇരുത്തത്തിലും ഞാനാ ബാഗിന്റെ ഭാരം കുറച്ചു കൊണ്ടിരുന്നു. മല കയറുന്നതിനനുസരിച്ച് മക്കാ നഗരിയുടെയും എണ്ണമറ്റ കുന്നിന്‍ നിരകളുടെയും മനോഹര ദൃശ്യം കണ്ടു തുടങ്ങി. ഒരു ചെറുപ്പക്കാരന്‍ വലിയ ചാക്ക് നിറയെ സാധനങ്ങളുമായി മല കയറുന്നു. വളരെ ആയാസപ്പെട്ട്‌ കൂനിക്കൂടിയുള്ള ആ കയറ്റം അത്ഭുതപ്പെടുത്തുന്നതാണ്. വെള്ളം, ജ്യൂസ്‌, ബിസ്കറ്റുകള്‍ തുടങ്ങിയവയാണ് അയാളുടെ ചാക്കിലുള്ളത്. മലമുകളില്‍ എത്തുന്നവര്‍ക്ക് വില്പന നടത്താനുള്ളതാണ്.

ഏതാണ്ട് പകുതി ദൂരം പിന്നിട്ടപ്പോള്‍ മുകളില്‍ നിന്ന് മലയിറങ്ങുന്ന കുറച്ചു ചെറുപ്പക്കാരെ കണ്ടു. ഇറാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. മുമ്പ് ഇറാന്‍ സന്ദര്‍ശിച്ച പരിചയം വെച്ചു മുജീബ് അവരുമായി സംസാരിച്ചു. കോളേജ് സ്പോന്‍സര്‍ ചെയ്ത പഠനയാത്രയുടെ ഭാഗമായാണ് അവരുടെ മക്ക സന്ദര്‍ശനം. കയറ്റത്തിനിടെ അല്പം വിശാലമായി വിശ്രമിക്കാനുള്ള ഒരു സ്ഥലം കണ്ടു. ഒരു ചെറിയ കടയും അതിനു സമീപം കാര്‍പെറ്റ് വിരിച്ചിരിക്കുന്ന ഒരു പ്രതലവും. ആകാശം നോക്കി അവിടെ അല്പം കിടന്നു. മ്യാവൂ.. മ്യാവൂ.. പൂച്ചയുടെ ശബ്ദം. ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സുന്ദരന്‍ ഏതോ പാറയിടുക്കില്‍ നിന്ന് ഞങ്ങളുടെ അടുത്തേക്ക്‌ കയറി വരുന്നു. കോഴി ചുട്ടതും ചപ്പാത്തിയും സഞ്ചിയില്‍ ഉണ്ട്. അതിന്റെ മണം അവനു കിട്ടിക്കാണണം. ഞങ്ങള്‍ ആ സഞ്ചി തുറക്കാത്തത് അവനെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്. ഹിറാ ഗുഹയില്‍ എത്തിയ ശേഷം അവിടെ വെച്ചു ഭക്ഷണം കഴിക്കാം എന്നതാണ് ഞങ്ങളുടെ പ്ലാന്‍.

 
 

അല്പസമയം  കയറിയും അതിലേറെ സമയം വിശ്രമിച്ചും പ്രകൃതി ഭംഗി ആസ്വദിച്ചുമൊക്കെ ഞങ്ങള്‍ മലയുടെ മുകളില്‍ എത്തിയപ്പോള്‍ ഏതാണ്ട് പതിനൊന്നര മണിയായി. ഒന്നര മണിക്കൂറായി ഞങ്ങള്‍ മലകയറി തുടങ്ങിയിട്ട്. കിതച്ചും വെള്ളം കുടിച്ചും വിശ്രമിച്ചും നടു നിവര്‍ത്തിയും ആയാസകരമായ ഒരു മലകയറ്റം തന്നെ. പ്രവാചകന്‍ ഹിറാ ഗുഹയില്‍ ഏകാന്തവാസത്തിലായ കാലത്ത് അദ്ദേഹത്തിനുള്ള ഭക്ഷണവുമായി പ്രിയ പത്നി ഖദീജ ബീവി ദിവസം പലതവണ ഈ മല കയറിയിട്ടുണ്ട് എന്നോര്‍ത്തപ്പോള്‍ എന്റെ മനസ്സ് വല്ലാത്ത  ഒരവസ്ഥയിലായി. പ്രവാചകന്റെ ജീവന്‍ സംരക്ഷിച്ചു നിറുത്തുവാന്‍ അവര്‍ സഹിച്ച ത്യാഗമെത്ര?. ഇന്നത്തെപ്പോലെ ചവിട്ടു പടികളും വിശ്രമ സ്ഥലങ്ങളും ഇല്ലാത്ത കാലത്ത് കുത്തനെയുള്ള ഈ മലയുടെ മുകളിലേക്ക് അവര്‍ എങ്ങിനെയാണ് കയറിപ്പോയിട്ടുണ്ടാവുക? മക്കയിലെ ധനികയായ ഒരു വ്യാപാര പ്രമുഖയായിരുന്നു ഖദീജ. പരിചാരകരെയോ വേലക്കാരെയോ ഭക്ഷണവുമായി പറഞ്ഞയക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. പക്ഷെ ആ ദൗത്യം സ്വയം ഏറ്റെടുത്ത അവര്‍ പ്രവാചകനെ എത്ര മേല്‍ സ്നേഹിച്ചിരിക്കണം?. 

രാത്രി വളരെ വൈകിയതിനാല്‍ ഇരുളിലാണ്ടു കിടക്കുന്ന ഈ മലയുടെ മുകളില്‍ ആരുമുണ്ടാകില്ല എന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. ആ ധാരണ തെറ്റായിരുന്നു. നേരത്തെ മല കയറി വന്ന ചിലര്‍ അവിടെയുണ്ട്. അധികവും ഇറാനികളും തുര്‍ക്കികളുമാണ്. ഞങ്ങള്‍ ഹിറാ ഗുഹയുടെ ഭാഗത്തേക്ക് നടന്നു. മലയുടെ ഉച്ചിയില്‍ നിന്നും മറുഭാഗത്തേക്കുള്ള ഒരു ഇറക്കത്തില്‍ ആണ് ഗുഹയുള്ളത്. താഴേക്കു നോക്കിയപ്പോള്‍ അവിടെ ആളുകള്‍ വട്ടം കൂടി നില്‍ക്കുന്നുണ്ട്. ഗുഹാ ഭാഗത്തേക്ക് കടക്കണമെങ്കില്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഞെങ്ങി ഞെരുങ്ങി വേണം പോകാന്‍. കഷ്ടി ഒരാള്‍ക്ക്‌ കടക്കാനുള്ള സ്ഥലമേ പാറക്കെട്ടുകള്‍ക്കിടയില്‍ ഉള്ളൂ. അല്പം തടിച്ച ശരീരപ്രകൃതിയുള്ളവര്‍ക്ക് കടക്കുവാനേ കഴിയില്ല.

ഗുഹാമുഖം വിജനമാകുന്നതും കാത്ത് ഞങ്ങള്‍ ഏറെ നേരം നിന്നു. പക്ഷെ വന്നവര്‍ ഒന്നും പോകുന്നില്ല. അവിടെ വട്ടം കൂടി നില്‍ക്കുകയാണ്. വിശപ്പ്‌ കത്തിക്കാളുന്നുണ്ട്. മാത്രമല്ല സഞ്ചിയിലെ ചുട്ട കോഴി ചൂടെടുത്തു വിയര്‍ക്കുകയുമാണ്‌. മക്കാ നഗരത്തിന്റെ നല്ല ദൃശ്യം ലഭിക്കുന്ന ഒരു ഭാഗത്ത് വിരിപ്പ് വിരിച്ച് ഞങ്ങള്‍  ഭക്ഷണം കഴിച്ചു. വിശുദ്ധ ഹറമിന്റെ മിനാരങ്ങള്‍ വ്യക്തമായി കാണാം. അതിനോട് ചേര്‍ന്നുള്ള  ലോകത്തിലെ ഏറ്റവും വലിയ ക്ലോക്ക് ടവര്‍ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നു. 

മസ്ജിദുല്‍ ഹറമും സമീപത്തെ ക്ലോക്ക് ടവറുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
രാത്രിയില്‍ ഗുഹാ മുഖത്തു തടിച്ചു കൂടിയവര്‍
 

ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷവും ഗുഹാമുഖത്ത്‌ ആള്‍ത്തിരക്ക് കുറഞ്ഞിട്ടില്ല. അതിനാല്‍ ഞങ്ങള്‍ അല്പം ഉറങ്ങാന്‍ തീരുമാനിച്ചു. അതിരാവിലെ എഴുന്നേറ്റു ഗുഹയില്‍ കയറാം. അപ്പോള്‍ ആരും ഉണ്ടാകില്ല. പ്രവാചകന്‍ ഏകനായി അന്തിയുറങ്ങിയ ഹിറാഗുഹയുടെ ഓരത്ത് ഒരു വിരിപ്പ് വിരിച്ച് ഞങ്ങള്‍ കിടന്നു. ഉറക്കം കിട്ടുന്നില്ല. മനസ്സ് വല്ലാതെ പിടപിടക്കുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരനുഭവമായിരുന്നു അത്. ദൈവത്തിന്റെ മാലാഖ ജിബ്രീല്‍ (ഗബ്രിയേല്‍ ) പ്രത്യക്ഷപ്പെട്ടു പ്രവാചകനെ ചേര്‍ത്തുപിടിക്കുന്ന രംഗം മനസ്സില്‍ കണ്ടു. 'ഇഖ്‌റഅ്' (വായിക്കുക) എന്ന് ജിബ്രീലിന്റെ കല്പന. എനിക്ക് വായിക്കാനറിയില്ല. പേടിച്ചു വിറച്ച പ്രവാചകന്റെ മറുപടി. 'ഇഖ്‌റഅ്'എന്ന് വീണ്ടും ജിബ്രീല്‍ . വായിക്കാനറിയില്ല എന്ന് വീണ്ടും പ്രവാചകന്‍. "വായിക്കുക, നിന്നെ സൃഷ്‌ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ " എന്ന് തുടങ്ങുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ജിബ്രീല്‍ പാരായണം ചെയ്തു കൊടുക്കുന്നു. പ്രവാചകന്‍ അതേറ്റു ചെല്ലുന്നു. പതിനാലു നൂറ്റാണ്ടു മുമ്പ് പ്രവാചക ജീവിതത്തിലെ ഏറ്റവും നിര്‍ണായക മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച മണ്ണിലാണ് ആകാശം നോക്കി ഞങ്ങള്‍ കിടക്കുന്നത്. മരുഭൂയാത്രകളില്‍ പ്രാചീന അറബികള്‍ വഴിയടയാളമായി നോക്കിക്കണ്ടിരുന്ന സുറയ്യാ നക്ഷത്രം എവിടെയുണ്ട് എന്ന് എന്റെ കണ്ണുകള്‍ പരതി. ആകാശത്തിനു ഇത്രയും സൗന്ദര്യമുള്ള ഒരു രാത്രി ജീവിതത്തില്‍ എനിക്കനുഭവപ്പെട്ടിട്ടില്ല. ഹിറാ ഗുഹയോടു ചേര്‍ന്ന് ഈ പാറപ്പുറത്ത് മലര്‍ന്നു കിടക്കുന്ന ഞങ്ങളെ നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന്‌ ജിബ്രീല്‍ ഒളിഞ്ഞു നോക്കുന്നുണ്ടാവുമോ?. യൂസഫലി കേച്ചേരിയുടെ രചനയില്‍ യേശുദാസ് പാടിയ ആ മനോഹര ഗാനം എവിടെ നിന്നോ ഒഴുകിയെത്തുന്ന പോലെ..

റസൂലേ നിന്‍ വരവാലേ, റസൂലേ നിന്‍ കനിവാലേ..
പാരാകെ പാടുകയായ്‌ വന്നല്ലോ റബ്ബിന്‍ ദൂതന്‍
.. .... .... ...
ഹിറാ ഗുഹയില്‍ ഏകനായി തപസ്സില്‍ നീ അലിഞ്ഞപ്പോള്‍
ഖുര്‍ആനും കൊണ്ടതാ ജിബ്രീല്‍ വന്നണഞ്ഞല്ലോ .. .... .... ...

വലിയ ബഹളങ്ങള്‍ കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്‌. നോക്കുമ്പോള്‍ ഹിറാഗുഹയുടെ ചുറ്റും വന്‍ ജനക്കൂട്ടം. രാത്രിയില്‍ ഉണ്ടായിരുന്നതിന്റെ പത്തിരട്ടി ആളുകളുണ്ട് ഇപ്പോള്‍ മലമുകളില്‍ . വലിയ അബദ്ധമാണ് ഞങ്ങള്‍ ചെയ്തത് എന്ന് മനസ്സിലായി. രാത്രിയില്‍ തന്നെ ഗുഹയില്‍ കയറുകയായിരുന്നു ബുദ്ധി. മുജീബ് നല്ല ഉറക്കത്തില്‍ തന്നെയാണ്. മൂസക്കോയയെ വിരിപ്പില്‍ കാണുന്നില്ല. നോക്കിയപ്പോള്‍ കുറച്ചകലെ അദ്ദേഹം വുളു എടുത്തു കൊണ്ടിരിക്കുന്നു. വലിയ ക്യാനില്‍ വെള്ളം കൊണ്ട് വന്നത് ഉപകാരമായി. അതേ വിരിപ്പില്‍ തന്നെ ഞങ്ങള്‍ സുബഹ് നമസ്കരിച്ചു. മലമുകളിലെ പെട്ടിക്കടയില്‍ നിന്നും കട്ടന്‍ ചായ വാങ്ങിക്കുടിച്ചു. രണ്ടു റിയാലാണ് ഒരു ചായക്ക്‌. പത്തു റിയാല്‍ ചോദിച്ചാലും ആരും കൊടുത്ത് പോകും. സ്ഥലവും സന്ദര്‍ഭവും അതാണ്‌. 
  
മലയുടെ മുകളിലുള്ള ചായക്കട

 

ഏതാണ്ട് ആറുമണിയായതോടെ തിരക്ക് വീണ്ടും കുറഞ്ഞു. ഞങ്ങള്‍ ഹിറാ ഗുഹയിലേക്ക് ഇറങ്ങി. ഇടുങ്ങിയ പാറക്കെട്ടുകള്‍ക്കിടയിലൂടെ സാഹസപ്പെട്ടു ഗുഹാമുഖത്തെത്തി. ഗുഹക്കുള്ളില്‍ കയറി നമസ്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതാണ് തിരക്കിനു കാരണം. ഇവിടെ വെച്ചു പ്രത്യേക പ്രാര്‍ത്ഥനകളോ നമസ്കാരമോ നടത്തുന്നതിനു മതത്തില്‍ നിര്‍ദേശങ്ങള്‍ ഇല്ല. മലയുടെ അടിവാരത്തില്‍ സൗദി സര്‍ക്കാര്‍ സ്ഥാപിച്ച വലിയ ബോര്‍ഡില്‍ ഇക്കാര്യം വിവിധ ഭാഷകളില്‍ എഴുതി വെച്ചിട്ടുണ്ട്. പക്ഷെ ഇവിടെയെത്തുന്ന പലരും ഒരു പുണ്യകര്‍മം എന്ന നിലക്ക് ഗുഹക്കുള്ളില്‍ കയറി നമസ്കരിക്കുകയാണ്. മൂന്നര മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ വീതിയുമാണ്‌ ഈ ഗുഹക്കുള്ളത്. അതുകൊണ്ട് തന്നെ അതിന്റെ ഇടുങ്ങിയ കവാടത്തില്‍ ആളുകള്‍ നമസ്കരിക്കാന്‍ നില്‍ക്കുന്നത് വഴി ഗുഹ ശരിക്ക് കാണാന്‍ പോലും മറ്റുള്ളവര്‍ക്ക് കഴിയില്ല. ഇറാനികളായ  സ്ത്രീകളാണ് കൂടുതല്‍ തിക്കും തിരക്കും ഉണ്ടാക്കുന്നത്‌. ചിലര്‍ അതിന്റെ കല്ലുകളില്‍ തൊട്ടു തലോടുകയും ചുംബിക്കുകയും ചെയ്യുന്നു. ഇതുപോലുള്ള വിശ്വാസ വൈകല്യങ്ങളിലേക്ക് ആളുകള്‍ പോകാന്‍ ഇടയുണ്ട് എന്നതിനാലാവണം സൗദി സര്‍ക്കാര്‍ ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കാത്തതും കൂടുതല്‍ യാത്രാസൗകര്യങ്ങള്‍ ഉണ്ടാക്കാത്തതും. ടൂറിസം പ്രൊമോഷന് വേണ്ടി അവര്‍ ഹിറാ ഗുഹയെ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ ലോകത്തെ ഏറ്റവും തിരക്ക് പിടിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി ഇവിടം മാറുമായിരുന്നു. കോടിക്കണക്കിനു റിയാല്‍ ആ ഇനത്തില്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്യുമായിരുന്നു. പ്രവാചകന്റെ മുടിയുടെയും മറ്റു തിരുശേഷിപ്പുകളുടെയും പേരില്‍ പലരും നടത്തുന്ന ആത്മീയ വ്യാപാരങ്ങള്‍ നമുക്ക് ഏറെ സുപരിചിതമാണല്ലോ. 

പത്തു വര്‍ഷം മുമ്പെടുത്ത ഫോട്ടോയാണ് മുകളില്‍. 
നാലകത്ത് ബീഫാത്തിമ്മ

Sunday Plus - Malayalam News Daily, KSA - 3 June 2012

അവിടെ വെറുതെ നിന്ന്‌ തിരക്ക് കൂട്ടുന്നതില്‍ അര്‍ത്ഥമില്ല എന്ന് എനിക്ക് തോന്നി. വര്‍ഷങ്ങള്‍ക്കു മുമ്പ് വന്നപ്പോള്‍ ഞാന്‍ ഗുഹയുടെ ഉള്ളില്‍ കയറി അല്‍പ നേരം ഇരുന്നിട്ടുണ്ട്. ഒരു വിധത്തില്‍ ഗുഹയുടെ ഉള്‍ഭാഗം നോക്കിക്കാണാന്‍ മുജീബിനു സൗകര്യം ചെയ്തുകൊടുത്തു. സൗകര്യപ്രദമായ ആംഗിളുകളില്‍ കുറച്ചു ഫോട്ടോകള്‍ എടുത്തു ഞങ്ങള്‍ ഗുഹാമുഖത്ത്‌ നിന്ന്‌ മടങ്ങി. പകല്‍ വെളിച്ചത്തില്‍ ആ കുന്നിന്‍ മുകളില്‍ ഒന്ന് ചുറ്റിക്കറങ്ങി. ഒരു വിമാനത്തില്‍ നിന്നെന്ന പോലെ മക്കയെയും പരിസര പ്രദേശങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചു. ഒരു പാറയുടെ മുകളില്‍ പോപ്പുലര്‍ ഫ്രന്റ്‌ ഓഫ് ഇന്ത്യ എന്നെഴുതി വെച്ചിട്ടുണ്ട്. ഇന്നലെ ഹിറാ ഗുഹയുടെ ഭാഗത്തേക്ക് ഇറങ്ങുന്ന പടികലിലൊന്നില്‍ എന്‍ ഡി എഫ് എന്നും കണ്ടിരുന്നു. ഒരു പി ഡി പിയുടെ പരസ്യത്തിന്റെ കൂടി കുറവുണ്ട്!!.

ആളുകള്‍ മല കയറി വന്നു കൊണ്ടേയിരിക്കുന്നു. ഏറെ പ്രായം ചെന്നവരും അക്കൂട്ടത്തിലുണ്ട്. കൂനിക്കൂടി മലകയറി വരുന്ന ഒരു ഉമ്മാമ എന്റെ ശ്രദ്ധയില്‍ പെട്ടു. മുഖം കണ്ടിട്ട് മലയാളി ലുക്ക്‌. ഞാന്‍ പേര് ചോദിച്ചു. നാലകത്ത് ബീഫാത്തിമ്മ. വയസ്സ് എഴുപത്തിയഞ്ച്. സ്വദേശം പൊന്നാനിക്കടുത്ത് വെളിയങ്കോട്. രണ്ടായിരം അടി ഉയരമുള്ള മലയുടെ മുകളിലേക്ക് നടന്നു കയറുമ്പോഴും ക്ഷീണത്തിന്റെ ലാഞ്ചന പോലും അവരുടെ മുഖത്തില്ല. പ്രവാചകന് ഭക്ഷണവുമായി പല തവണ മലകയറിയ ഖദീജ ബീവിയുടെ ഓര്‍മയായിരിക്കണം ഇത്ര ചുറുചുറുക്കോടെ ഈ മല കയറാന്‍ അവര്‍ക്ക് കരുത്തു പകരുന്നത്.  ഞാന്‍ അവരുടെ ഒരു ഫോട്ടോയെടുത്തു.

വെയില്‍ ചൂട് പിടിക്കുന്നതിനു മുമ്പ് ഞങ്ങള്‍ മലയിറങ്ങി. തലേന്ന് രാത്രി വാങ്ങിയ ആ ടോര്‍ച്ച് ഞാന്‍ കയ്യില്‍ പിടിച്ചു. ഒത്താല്‍ അത് ആ കടക്കാരന് തന്നെ കൊടുത്ത് ഇരുപതു റിയാല്‍ തിരിച്ചു വാങ്ങണം!.

Related Posts (യാത്ര)
ഗുല്‍മാര്‍ഗിലെ മഞ്ഞുമലയില്‍ 
മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്
ചെങ്കടലില്‍ ഒരു ബ്ലോഗ്‌ മീറ്റ്‌
ദാല്‍ തടാകത്തിലെ രണ്ടു രാത്രികള്‍ 
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
കാത്തയെ കണ്ട ഓര്‍മയില്‍
മക്കയില്‍ നിന്ന് ചുള്ളിമാനൂരിലേക്ക് ബസ്സുണ്ടോ?
ഇടുക്കി ഡാമിന്റെ വിസ്മയക്കാഴ്ചകളിലേക്ക് 
ബ്ലോഗറുടെ കപ്പല്‍ യാത്ര (ടിക്കറ്റ് ഫ്രീയാണ്)

124 comments:

 1. മനോഹരം ആയിരിക്കുന്നു ......ഒരു പാട് നന്ദി

  ReplyDelete
 2. നന്ദി. വിവരണം വളരെ വിജ്ഞാനപ്രദം.
  ((ഇന്നലെ ഹിറാ ഗുഹയുടെ ഭാഗത്തേക്ക് ഇറങ്ങുന്ന പടികലിലൊന്നില്‍ എന്‍ ഡി എഫ് എന്നും കണ്ടിരുന്നു. ഒരു പി ഡി പിയുടെ പരസ്യത്തിന്റെ കൂടി കുറവുണ്ട്!!.))ജമാഅത്തെ ഇസ്ലാമിയും കൂടി ഉള്പെടുത്താമായിരുന്നു. അവരാനെല്ലോ സകല തീവ്രവാടങ്ങളുടെയും മാസ്റ്റര്‍ മൈന്ഡ്..!!

  ReplyDelete
  Replies
  1. ജമാഅത്തെ ഇസ്ലാമിയോടുള്ള ദേഷ്യം ഇങ്ങിനെയൊക്കെ തീര്‍ക്കുകയെ രക്ഷയുള്ളൂ , കരഞ്ഞു കരഞ്ഞു തീര്തോ....പാവം

   Delete
  2. dear friend
   സുഹൃത്തേ ആരാ പറഞ്ഞത് ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടന ആണെന്ന്? ബാബരി മസ്ജിദിന്റെ പതനത്തിനു ശേഷം പള്ളി പൊളിച്ച സംഘടന കളോട് ചേര്‍ത്ത് തൂക്കം ഒപ്പിക്കാനും ഹിന്ദു തീവ്രവാദികളെ സന്തോഷിപ്പിക്കാനും വേണ്ടി അന്നത്തെ റാവു (അല്ലാഹുവിന്റെ ലഅനത്തു അവനില്‍ ഖിയാമം നാള്‍ വരെ ഉണ്ടാവട്ടെ - ആമീന്‍-) ഗവേര്‍മെന്റ്റ് ആണ് പറഞ്ഞത് ജമാഅത്തെ ഇസ്‌ലാമി തീവ്രവാദി സംഘടന ആണ് എന്ന്. ചരിത്രത്തില്‍ ഇന്നെ വരെ ഈ സംഘടന ത്രീവ്രവാദ പ്രവര്‍ത്തികളില്‍ ഉള്‍പ്പെട്ടതായി ചരിത്രം പറയുന്നില്ല. അതുകൊണ്ട് നാം ഒരിക്കലും ഈ സംഘടന യെ തീവ്രവാദ സംഘടനയായി കാണാന്‍ പാടില്ല. സുന്നി ആധാര്ഷത്തില്‍ നിന്നും ഭിന്നമായി അവര്‍ ചെയ്യുന്ന പുത്തന്‍ വാദത്തിനോടുള്ള എതിര്‍പ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ ജമാഅത്തെ ഇസ്‌ലാമി ഒരു തീവ്രവാദ സംഘടനയല്ല സുഹൃത്തേ

   Delete
 3. ടോര്ചിനെ ഒരു കഥാപാത്രമാക്കിയത് ഇഷ്ടപ്പെട്ടു. അവസാനം പാകിസ്ടനിയുടെ തല്ലു കിട്ടിയോ?

  ReplyDelete
 4. ഹിറാ ഗുഹയില്‍ ഏകനായി തപസ്സില്‍ നീ അലിഞ്ഞപ്പോള്‍
  ഖുര്‍ആനും കൊണ്ടതാ ജിബ്രീല്‍ വന്നണഞ്ഞല്ലോ .. ....ഈ വരികൾ മനസ്സിലുണ്ടെങ്കിലും ആദ്യമായാണ് ഹിറാഗുകയെക്കുറിച്ച് കേൾക്കുന്നത്...വിവരണത്തിനു നന്ദി..

  ReplyDelete
 5. Mathew KM, CanadaJune 4, 2012 at 10:36 AM

  very interesting and informative post. Pictures also nice.

  ReplyDelete
 6. വെയില്‍ ചൂട് പിടിക്കുന്നതിനു മുമ്പ് ഞങ്ങള്‍ മലയിറങ്ങി. തലേന്ന് രാത്രി വാങ്ങിയ ആ ടോര്‍ച്ച് ഞാന്‍ കയ്യില്‍ പിടിച്ചു. ഒത്താല്‍ അത് ആ കടക്കാരന് തന്നെ കൊടുത്ത് ഇരുപതു റിയാല്‍ തിരിച്ചു വാങ്ങണം!.

  ReplyDelete
 7. mash allah..very nice basheerkka..

  ReplyDelete
 8. Sasi Lal, ChennaiJune 4, 2012 at 10:55 AM

  കിടിലന്‍ വിവരണം. വായിച്ചു കഴിഞ്ഞതരിഞ്ഞില്ല.

  ReplyDelete
 9. പ്രവാചകന്‍ ഹിറാ ഗുഹയില്‍ ഏകാന്തവാസത്തിലായ കാലത്ത് അദ്ദേഹത്തിനുള്ള ഭക്ഷണവുമായി പ്രിയ പത്നി ഖദീജ ബീവി ദിവസം പലതവണ ഈ മല കയറിയിട്ടുണ്ട് എന്നോര്‍ത്തപ്പോള്‍ എന്റെ മനസ്സ് വല്ലാത്ത ഒരവസ്ഥയിലായി. പ്രവാചകന്റെ ജീവന്‍ സംരക്ഷിച്ചു നിറുത്തുവാന്‍ അവര്‍ സഹിച്ച ത്യാഗമെത്ര?. ഇന്നത്തെപ്പോലെ ചവിട്ടു പടികളും വിശ്രമ സ്ഥലങ്ങളും ഇല്ലാത്ത കാലത്ത് കുത്തനെയുള്ള ഈ മലയുടെ മുകളിലേക്ക് അവര്‍ എങ്ങിനെയാണ് കയറിപ്പോയിട്ടുണ്ടാവുക? മക്കയിലെ ധനികയായ ഒരു വ്യാപാര പ്രമുഖയായിരുന്നു ഖദീജ. പരിചാരകരെയോ വേലക്കാരെയോ ഭക്ഷണവുമായി പറഞ്ഞയക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. പക്ഷെ ആ ദൗത്യം സ്വയം ഏറ്റെടുത്ത അവര്‍ പ്രവാചകനെ എത്ര മേല്‍ സ്നേഹിച്ചിരിക്കണം?.

  ReplyDelete
  Replies
  1. kuthirappuratthaayirunnu poyirunnathennu evideyo vaayich ororma...

   Delete
 10. NICE ARTICLE, WISH TO VISIT THERE INSHAALLA

  ReplyDelete
 11. പ്രവാചകന്റെ പേര്‍ പറയുന്നിടത്ത് സ്വല്ലല്ലാഹു അലൈഹിവസല്ലം ചേര്‍ക്കാന്‍ ബഷീര്‍ മറന്നോ

  ReplyDelete
  Replies
  1. ഒന്ന് പോ അളിയാ എന്തെഴുതിയാലും ഓരോ കുറ്റവുമായി വന്നോളും
   താനാരാണ് മനുഷ്യ രൂപം പൂണ്ട ഈച്ചയോ ?

   Delete
  2. എന്തെഴുതിയാലും ബഷീര്കയെ വിമര്‍ശിക്കുക എന്നത് ചിലര്‍ക്കൊക്കെ ഒരു പതിവ് വ്യായാമമാണ്.

   Delete
  3. സുഹൃത്തേ നാന്‍ ബഷീറിനെ വിമര്‍ശിച്ചിട്ടില്ല നാന്‍ ഒരു തെറ്റ് ചൂണ്ടി കാണിച്ചു എന്നേയുള്ളൂ നാന്‍ പറഞ്ഞത് തെറ്റാണെന്ന് ബഷീര്‍ പറയില്ല

   Delete
  4. അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: എന്നെപ്പറ്റി പറയപ്പെടുകയും അനന്തരം എന്റെ പേരില്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവന്റെ മൂക്ക് മണ്ണോട് ചേരട്ടെ! (നിന്ദ്യനും നിസ്സാരനുമാകട്ടെ) (തിര്‍മിദി)

   Delete
  5. ചൊല്ലുന്നതും എഴുതുന്നതും തമ്മിൽ വ്യത്യാസമുണ്ട് സോദരാ . ആദ്യകാല ഹദീസ് ഗ്രന്ഥങ്ങളിലൊന്നും(ഒറിജിനൽ താളിയോലകളിൽ ) സ്വലാത്ത് എഴുതിയിരുന്നില്ല .മുസ്നദ് അഹ്മദ് ഉദാഹരണം .

   Delete
 12. മികച്ച അവതരണം.ഇത്തരം ഒരു ഗൌരവതരമായ അനുഭവ വിവരണത്തിനിടയിലും സ്വത സിദ്ധമായ ഫലിതരസം ചേര്‍ക്കുന്ന ഈ പാചകകല വിസ്മയാവാഹം.ഈ യാത്ര ഇങ്ങനെയും വായിക്കാം..http://www.kinalur.com/2012/05/blog-post_21.html

  ReplyDelete
  Replies
  1. ആ മലമുകളില്‍ ഒരു രാത്രി തങ്ങുവാനുള്ള നിങ്ങളുടെ ആഗ്രഹമാണ് ഈ യാത്രയുടെ നിമിത്തം. നിങ്ങള്‍ അതിമനോഹരമായ കാവ്യഭാഷയില്‍ എഴുതിയപ്പോള്‍ ( ജബലുന്നൂറിലെ രാത്രി) ഞാന്‍ അല്പം നാടനായി എഴുതിയതാണ്.

   Delete
 13. Dear Basheer, Excellent post. A change from your routine political reviews. From the history books in the college, I have very limited knowledge about prophat Mohammad, this type of articles give us an inspiration to read more about him.

  ReplyDelete
  Replies
  1. "A change from your routine political reviews" - Change.. അതല്ലേ എല്ലാം :)

   Glad to know that this post inspired you to read more about prophet Mohammad. Great!!

   Delete
 14. "ഇവിടെ വെച്ചു പ്രത്യേക പ്രാര്‍ത്ഥനകളോ നമസ്കാരമോ നടത്തുന്നതിനു മതത്തില്‍ നിര്‍ദേശങ്ങള്‍ ഇല്ല."

  ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ ? :)

  ReplyDelete
 15. ഹിറാ ഗുഹയെ മനോഹരമായി ഒരിക്കല്‍ കൂടി പരിജയപെട്ടു ഈ പോസ്റ്റില്‍,

  ReplyDelete
 16. ഇതു വായിച്ചപ്പോള്‍ അവിടെ അതിന്റെ താഴെ മാത്രം പോയി വന്ന എനിക്ക് ഒന്ന്‍ കയറി നോക്കാത്തത് ഒരു ഭയങ്കര നഷ്ട്ടമായി തോന്നി .....................എന്നിരുന്നാലും ഇതു മൂഴുവനും വായിച്ചപ്പോള്‍ ഒന്ന് കയറി കണ്ടത് പോലെ .........................വളരെ നന്നായി ........അല്ലാഹു നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം നല്‍കട്ടെ (ആമീന്‍ )

  ReplyDelete
 17. നല്ലൊരു പോസ്റ്റ്...അവിടങ്ങലെക്കുറിച്ചു കൂടുതല്‍ അറിയാന്‍ സാധിച്ചു പദങ്ങളും ഇനിയും ഇത് പോലുല്ലവയും എഴുതുക...

  ReplyDelete
 18. "അവരുടെ കണ്ണ് തട്ടരുതല്ലോ എന്ന് കരുതി ഞാനും ഇടയ്ക്കിടയ്ക്ക് ഒന്ന് ഇരുന്നു കൊടുക്കും." ഹ..ഹ.. ഞങ്ങളെ അങ്ങ് കൊല്ല്..

  ReplyDelete
 19. Prajesh PanickerJune 4, 2012 at 12:06 PM

  Great experience, Basheer! :) Great narration too. Some day, if possible, I want to visit the cave of Hira.

  ReplyDelete
 20. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ എങ്കിലും സിപിഎമ്മിനെ വിട്ടു പിടിക്കാന്‍ തോന്നിയല്ലോ...

  സന്തോഷായി ബഷീര്‍ക്കാ ....സന്തോഷായി.....

  ReplyDelete
  Replies
  1. നിരീക്ഷകന്‍June 4, 2012 at 1:48 PM

   ബഷീര്ക ആരാ മോന്‍..

   Delete
 21. ബഷീര്‍ സാബ്‌, മനോഹരമായിരിക്കുന്നു. ഭൃത്യന്മാരെ അയക്കാമായിരുന്നിട്ടും മല കയറിയ ഖദീജ (റ) യും, സാധ്യത യുണ്ടായിട്ടും അപകടം മണത്തു വികസനം നടത്താത സര്‍ക്കാറും, എഴുപതന്ജിലും മല കയറിയ ഉമ്മാമയും, പിന്നെ മുജീബ്‌ സാഹിബിനെ കഥപറഞ്ഞുകൊടുത്ത് പാട്ടിലാക്കി കോഴിയെ മുഴുവന്‍ ശാപ്പിട്ട കുറുക്കന്റെ ആ ഫോട്ടോയും.. നല്ല നിരീക്ഷണങ്ങള്‍, നല്ല വിവരണം, നല്ല വിവരം.

  ReplyDelete
 22. വിവരണവും ചിത്രങ്ങളും .. മനസ്സ് കുളിര്‍ക്കുന്നു .....
  ഈ അറിവ് പകര്‍ന്നതിനു ഒരു പാട് നന്ദി...........

  ReplyDelete
 23. This comment has been removed by the author.

  ReplyDelete
 24. കിനാലൂരിന്റെ വിവരണം വായിച്ചിരുന്നു. ഇതു വരെയും കാണാത്ത ജബലുന്നൂറിലെ ആ ഗുഹയും റസൂലി (സ)ന്റെ ചരിതങ്ങളും മനസ്സില്‍ സങ്കല്പിച്ചു നോക്കി. ഖദീജ (റ) യുടെ സ്നേഹത്തെ കുറിക്കാന്‍ വാക്കുകള്‍ മതിയാവില്ല അല്ലേ ബഷീര്‍ ഭായ്..? അതു കൊണ്ടായിരിക്കണം രോഗാതുരനായി കിടക്കുമ്പോഴും ആയിഷ (റ) യോട് റസൂലിനു പറയേണ്ടി വന്നത്. "ഖദീജ ഖദീജ തന്നെയാണ്" എന്ന്.

  ReplyDelete
  Replies
  1. അതു കൊണ്ടായിരിക്കണം രോഗാതുരനായി കിടക്കുമ്പോഴും ആയിഷ (റ) യോട് റസൂലിനു പറയേണ്ടി വന്നത്. "ഖദീജ ഖദീജ തന്നെയാണ്" എന്ന്.

   Like..

   Delete
  2. yes.. "ഖദീജ ഖദീജ തന്നെയാണ്"

   Delete
 25. ഹൃദ്യമായ ഒപ്പം ചിന്തിപ്പിക്കുന്ന വിവരണം
  +
  ഇനി രണ്ടു വര്‍ത്താനം പറയാം., പ്രവാചകന്റെ പാദം പതിഞ്ഞ, പ്രവാചകന് ആദ്യമായി ദിവ്യ ബോധനം ലഭിച്ച സ്ഥലത്ത് ട്രയിനിലെ കക്കൂസില്‍ ചെയ്യുന്നത് പോലെ NDF, Popular front of india എന്നിങ്ങനെ ടാഗ് ചെയ്തവരെ ഓര്‍ത്ത് സഹതാപം തോന്നുന്നു. ഇവരാണോ സമുദായത്തെ നന്നാക്കാന്‍/സംരക്ഷിക്കാന്‍ നടക്കുന്നവര്‍... തരം കിട്ടിയാല്‍ കഅബയുടെ ചുവരില്‍ പോലും ഇവരുടെ തീവ്രവാദ പ്രസ്ഥാനത്തിന്റെ പേര് ടാഗ് ചെയ്യാന്‍ ഇവന്മാര്‍ക്ക് മടി കാണില്ല.

  ReplyDelete
  Replies
  1. that is an ignorable reference that basheer made, so ignore it. They did not do it, some kids did that. Either ways, they are ignorable; does not warrant any one's attention! take it easy :)

   Delete
  2. നിരീക്ഷകന്‍June 4, 2012 at 1:47 PM

   ignorable reference?? അതെന്തോന്ന്. ഹിര ഗുഹയുടെ മുകളില്‍ എന്‍ ഡി എഫ് എന്നെഴുതിവേച്ച്ചിട്ടു പിന്നെ അതിനെ ന്യായീകരിക്കുന്നോ? ഇവന്മാര്‍ക്കൊന്നും വേറെ പണിയില്ലേ. ഈ വിശുദ്ധ സ്ഥലത്ത് പോലും ഇത്തരം കൂതറപ്പനികള്‍ ചെയ്യാന്‍.

   Delete
  3. AnonymousJune 4, 2012 1:05 PM
   that is an ignorable reference that basheer made, so ignore it. They did not do it, some kids did that. Either ways, they are ignorable; does not warrant any one's attention! take it easy :)


   NO, it should and if possible need to bring the attention of Saudi Government on that. Why you are so much worried about it and so much sure they do not do so? I say we need to bring attention of maximum on that then people come to know how civilized they are. Remember it is not the wall of Kannur central prison to tag party name and hang photos of their local leaders. Fortunately Madani's photo is not there or may be Basheer missed it.

   Delete
  4. i'm sorry to stay anonymous and i do not support ndf's thoughts or actions. Even if it is done by them, what is wrong? let us be honest in our approaches. Have they done some thing wrong by writing on a rock that is not specifically enshrined in Islam? Saudi govt.,? u make me laugh, as if basheer was the first one to spot this (and blog about it) and we got to report it to their intelligence :) Guys, grow up. This is a silly chalk mark on a side-by rock; it could well be like that sticker on the Innova :) Fight NDF on their ideologies, if u differ.

   Delete
  5. ഇത്തരം വിശുദ്ധ സ്ഥലങ്ങളില്‍ പോലും പാര്‍ട്ടിയുടെ പരസ്യം എഴുതി വെക്കുന്നവരോട് പുച്ഛം തോന്നുന്നു. Rajendran N

   Delete
  6. ഇങ്ങക്കൊന്നും മലയാളം അറിയില്ലേ...

   Delete
 26. നല്ല പോസ്റ്റ്‌ , പൂച്ചയ്ക്ക് ഭക്ഷണം കൊടുത്തോ ? ......

  ReplyDelete
  Replies
  1. കൊടുത്തു എന്ന് മാത്രമല്ല, അവനെ തൊട്ടു തലോടുകയും ചെയ്തു..

   Delete
 27. ബഷീര്‍ ഭായ്‌, നമ്മുടെ പഴയ മൊയ്തീന്‍ അല്ലെ അത്? പൂച്ചയുടെ വിസയില്‍ തന്നെ യാണോ അങ്ങേര് സൌദിയില്‍ എത്തിയത്? ഗള്‍ഫുകാരന്‍റെ പോലെ തടിച്ചു കുട്ടപ്പനായിട്ടുണ്ട് :)

  ReplyDelete
  Replies
  1. ഹ..ഹ.. മെയ്തീനെ മറന്നിട്ടില്ല അല്ലേ.

   Delete
 28. ജബലുന്നൂരിന്റെ വിവരണം മനസ്സില്‍ തട്ടി. പ്രവാചകരുടെ ത്യാഗം, പ്രിയപത്‌നിയുടെ സ്‌നേഹം... മക്കയിലെ മണല്‍തരികള്‍ക്കും പാറക്കുന്നുകള്‍ക്കും പറയാനുള്ള പ്രവാചക കഥകള്‍ ഇനിയുമെത്രയുണ്ടാവും...!!

  ReplyDelete
 29. Malayalam News "ഞായറാഴ്ച"യില്‍ വായിച്ചു.മറന്ന കാഴ്ചകള്‍ വീണ്ടും കണ്‍മുമ്പിലെത്തി. ജീവിതത്തിലൊരിക്കലെങ്കിലും സന്ദര്ശിക്കേണ്ടയിടം.

  ReplyDelete
 30. "മല കയറുന്നവരുടെ സൗകര്യത്തിന് വേണ്ടി ചവിട്ടുപടികള്‍ ഉണ്ട്. കുത്തനെയുള്ള കയറ്റമാണ്. നാലടി കയറിയപ്പോള്‍ തന്നെ മുജീബും മൂസക്കോയയും കിതക്കാന്‍ തുടങ്ങി. ഞാനാകട്ടെ കൂള്‍ കൂളായി ചവിട്ടു പടികള്‍ കയറിപ്പോവുകയാണ്"

  ഈ വരികള്‍ വായിച്ചപ്പോള്‍ തോന്നി പറഞ്ഞത് ശെരിയായിരിക്കും എന്ന് ,,പക്ഷെ അതിനു ശേഷമുള്ള ഈ "ചെറുപ്പക്കാരനായ ഈ എഴുത്തുകാരന്‍റെ" ഫോട്ടോ കണ്ടപ്പോള്‍ മനസ്സിലായി ആരാണ് ശെരിക്കും കിതച്ചതും ക്ഷീണിച്ചതും എന്ന്

  ReplyDelete
 31. മുജാഹിദ് പ്രസ്ഥാനം നാലും അഞ്ചും ആറും ആയി പരസ്പ്പരം കാഫിറാക്കുന്നതൊക്കെ ഒന്ന് എഴുതി ഞങ്ങളെ പഠിപ്പിക്ക് ബഷീറെ,, വെറുതേ സുന്നികളേ ഒന്ന് ഞോണ്ടാൻ വേണ്ടി ആ ഹിറാ ഗുഹ വരെ പോകണമോ ??? ഇനി ഹിറാ ഗുഹയിൽ പോകുന്നത് ഇസ്ലാമിൽ അനുവാദമുണ്ടോ??? വഹാബി ഗവേഷകരേ ഖുർ ആനും ഹദീസും എടുത്ത് മറിക്കൂ പുതിയ ഒരു വിഷയം കിട്ടിയിട്ടൂൻട്,,,

  ReplyDelete
  Replies
  1. ഖുർ ആനും ഹദീസും.....

   Delete
  2. creature ....വഹാബിയും വടിയും ഒക്കെ അവിടെ നില്‍ക്കട്ടെ ......ആദ്യം കാന്തപുരവും പരിവാരങ്ങളും സഞ്ചരിക്കുന്ന ആഡംബര വാഹനങ്ങളുടെ ലിസ്റ്റ് എടുത്തിട്ട് ...പ്രവാചകന്റെ ഏത് ആഡംബര സുന്നത് ഇല പെടുത്തണം എന്ന് ഒന്ന് ആലോചിച്ചു വേക്ക് ....അതോ ഇനി തലേക്കെട്ടിന്റെ വാലിന്റെ നീളം മാത്രം സുന്നത് എടുത്താല്‍ മതി എന്ന് ഉസ്താദ് ഇന് സ്വപ്ന വെളിപാടുണ്ടായോ ആവോ.......

   Delete
  3. evideyayalum ap yeyum sunnikaleyum onnu thondade ikkootrk samadanam kitukayillallo.kashtam

   Delete
 32. Shoukath ChetyanthodyJune 4, 2012 at 2:23 PM

  ഒരു വിദ്യാരംഭ ദിനത്തില്‍ തന്നെ ലോകത്തെ നന്മയിലേക്ക് മാറ്റിമറിച്ച വായനയുടെ - അറിവിന്റെ മഹത്വം പകര്‍ന്ന പ്രവാചകന്റെ വിദ്യാരംഭ അവതരണം യാത്രാ വിവരണത്തിലൂടെ ഹൃദ്യമാക്കി . ഇടയില്‍ മുടിക്കിട്ടു കൊട്ടിയതും മലയില്‍ എഴുതിയ ബോറന്മാരെ ഹൈ ലൈറ്റ് ചെയ്തതും ഭംഗികേടായില്ല.

  ReplyDelete
 33. വളരെ നന്നായിരിക്കുന്നു , താങ്കളുടെ കഴിഞ്ഞ രണ്ടു മൂന്നു എഴുത്തുകള്‍ വായിച്ചപ്പോള്‍ തോന്നിയിരുന്ന ഒരു ചെറിയ നീരസം ഇതോടു കൂടി അലിഞ്ഞില്ലാതായിരിക്കുന്നു .

  നന്ദി നിങ്ങള്‍ രണ്ടു പേര്‍ക്കും അല്ല മൂന്നു പേര്‍ക്കും, പിഇനെ പാസ്പോര്‍ട്ട് കിട്ടിയ ഉടനെ കയറിയതാനല്ലേ , താങ്കളുടെ പത്തു വര്ഷം മുനപ്തെ ചിത്രം അതാണ്‌ സൂചിപ്പിക്കുന്നത്.

  അടുത്ത പോസ്റ്റിനു വേണ്ടി കാത്തിരിക്കുന്നു , അള്ളാഹു അനുഗ്രഹിക്കട്ടെ

  ReplyDelete
 34. ദൈവിക സന്ദേശത്തിന്റെ അവതരണത്തിന് സാക്ഷ്യം വഹിച്ച ആ പുണ്ണ്യ സ്ഥലത്ത് ഒരു രാത്രി കഴിച്ച് കൂട്ടി ഞങ്ങള്‍ക്ക് അതിന്റെ മാധുര്യം പകര്‍ന്നു തന്നതിന് നന്ദി. ഇതിന്റെ സ്വാധീനത്തില്‍ ഇനി ഒരു 'വള്ളിക്കുന്ന് ദ ഗ്രേറ്റ് ' ആവുമോ ? ത്രികാല ജ്ഞാനം, ഭാവി പ്രവചനം, വിമാനാപകടങ്ങള്‍, തീവ്രവാദി ആക്രമണങ്ങള്‍ എല്ലാം മുന്‍കൂട്ടി കാണുന്ന ഒരു യോഗി . അങ്ങനെ ഒരു സിദ്ധി താങ്കള്‍ക്കു കിട്ടുകയാണെങ്കില്‍ എനിക്കൊരു ചോദ്യം ചോദിക്കാനുണ്ടാവും : ' കാശ്മീര്‍ പ്രശ്നം എന്നേക്കു തീരും'? :)

  ReplyDelete
 35. ജബിലിന്‍ നൂറിന്റെയും അതിലെ ഹിറാ ഗുഹയുടെയും വിവരണം വായിച്ചു, മക്കയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ യാണല്ലോ ഈ മല, അതിനാല്‍ തന്നെ മുസ്ലീങ്ങളല്ലാത്തവര്‍ക്ക് അതില്‍ കയറാന്‍ പറ്റുമോ,

  ReplyDelete
  Replies
  1. ഇപ്പോഴത്തെ നിയമപ്രകാരം വിശുദ്ധ ഹറം ഉള്‍കൊള്ളുന്ന ഭാഗത്തേക്ക് അമുസ്ലിംകള്‍ക്ക് പ്രവേശനം ഇല്ല. ഈ പര്‍വതവും ഹറമിന്റെ പരിസരത്തു ആയതിനാല്‍ അവിടെയും ഈ നിയമം ബാധകമാണ്.

   Delete
 36. ചെറിയ പെരുന്നാള്‍.
  കുറെ കാലമായിരുന്നു ജീവിതപാതിയുമായി ജബലുന്നൂറില്‍ കയറി ഹിറാ ഗുഹ ഒന്ന് കാണണം എന്ന ആഗ്രഹവും കൊണ്ടു നടക്കാന്‍ തുടങ്ങിയിട്ട്..
  ഇപ്പോല്ഴാണ് അവസരം കിട്ടിയത്. ഹറമില്‍ നിന്നും പെരുന്നാള്‍ നമ്സ്കരിച്ച്ചു കബ്സയും കഴിച്ചു. കൂടെ കമ്പനിയിലെ സുഹ്ര്ത്തുക്കളും ഉണ്ടായിരുന്നു.
  മലയുടെ താഴെ എത്തിയപ്പോള്‍ ധാരാളം ആളുകള്‍ ഉണ്ട്. മൂന്നു മാസം ആയ മോനെ എടുത്തു എങ്ങനെ മല കയറും? താഴെ നിന്നും നോക്കിയപ്പോള്‍ അടുത്താണെന്ന് തോന്നി. കുറച്ചു കയറിയപ്പെഴേക്കും കിതപ്പും ദാഹവും തുടങ്ങി. വേയിലാനെന്കില്‍ നേരെ ശരീരത്തിലേക്ക് പതിക്കുന്നു. എന്റെ ബുദ്ധിമുട്ട് കണ്ടിട്ട് കൂട്ടുകാര്‍ മോനെ മാറി മാറി എടുത്തു.
  കുറച്ചു കയറികഴിഞ്ഞപ്പോള്‍ ഒരു ചെറിയ കട. ഫോട്ടോ എടുക്കാന്‍ വേണ്ടി ഒരു ഒട്ടകത്തിനെയും അവിടെ കിടത്തിയിരുക്കുന്നു.!!! എങ്ങിനെ ഈ ഒട്ടകം ഇവിടെ എത്തി എന്നതായിരുന്നു എന്റെ ചിന്ത.
  അവസാനം മല കയറി ഗുഹക്കു മുമ്പുള്ള തിരിവില്‍ എത്തി.
  എന്റെ മുമ്പില്‍ നടന്നിരുന്ന ഈജിപ്ത്കാരന്‍ കരയാന്‍ തുടങ്ങി. ഷുഗര്‍ ഉള്ള ആളാണ്‌. താഴോട്ടു നോക്കുമ്പോള്‍ തല ചുറ്റുന്നു... പാവം. എന്താ ചെയ്യുക?? എല്ലാവര്ക്കും സങ്കടം.ഇത്ര അടുത്തുവരെ എത്തിയിട്ട് കാണാതെ പോവുക..
  മറ്റൊരാള്‍ അയാളോട് കണ്ണടക്കാന്‍ പറഞ്ഞു. എന്നിട്ട് അയാളുടെ കൈ പിടിച്ചു.
  " ആയിരത്തി നാന്നൂറ് വര്‍ഷങ്ങള്‍ക് മുമ്പ് ഈ മലക്ക് മുകളിലെ ഹിറ ഗുഹയില്‍ ധ്യാനത്തില്‍ ഇരുന്ന മുഹമ്മദിന്റെ അടുത്തേക്ക് വീട്ടില്‍ നിന്നും ഭക്ഷണ പൊതിയുമായി പ്രായംചെന്ന ഒരു സ്ത്രീ വന്നിരുന്നു. അന്ന് ഇത്രയും സൌകര്യമില്ലായിരുന്നു. വിജനമായിരുന്നു ഇവിടെ.അവരുടെ കൂടെ ആരും ഇല്ലായിരുന്നു. ദൈവത്തിനോടും പ്രിയതമനോടും ഉള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രമായിരുന്നു അവരുടെ ഹൃദയത്തില്‍. ആ കാലവും ആ സ്ത്രീയായ ഖദീജയെയും മനസ്സില്‍ കാണൂ. എന്നിട്ട് മെല്ലെ എന്റെ കൂടെ വാ"
  ആ വാക്കുകള്‍ കുറിക്കു കൊണ്ടു. രണ്ടു പേരും ഹിറ ഗുഹയില്‍ എത്തി.
  സന്തോഷത്താല്‍ കണ്ണീര്‍ പൊഴിക്കുന്ന ആ യാത്രക്കാരന്റെ മുഖമാണ് ഇത് വായിച്ചപ്പോള്‍ ഓര്‍മയില്‍ വന്നത്.
  ഗുഹയില്‍ നിന്നും ചെറിയ ദ്വാരത്തില്‍ കൂടി നോക്കിയാല്‍ പരിശുദ്ധ ഹറം കാണാം.
  മൂന്നു മാസം മാത്രമുള്ള അമീന്‍ എന്റെ കയ്യില്‍ കിടന്നു പുഞ്ചിരിക്കുന്നു. ഞാന്‍ ലോകത്തിന്റെ അമീനായ രസൂലിനു സലാത്ത് ചൊല്ലി.
  വല്ലിക്കുന്നിന്റെ യാത്ര വായിച്ചപ്പോള്‍ അറിയാതെ ഞാന്‍ ഒരിക്കല്‍ കൂടി ആ മലകയറി, ഹിറ ഗുഹ കണ്ടു. എല്ലാ വിധ ആശംസകളും.

  ReplyDelete
  Replies
  1. ഹൃദ്യമായ അനുഭവം. പങ്കു വെച്ചതിനു നന്ദി.

   Delete
 37. വളരെ നല്ല പോസ്റ്റ്‌ ബഷീര്ക !!!! ഹിറാ ഗുഹയ്ടെ വിവരണം കുറച്ചു കൂടി ഉണ്ടായിരുന്നെങ്കില്‍ അവിടെ പോകാത്ത എന്നെപോലുള്ളവര്ക് വളരെ ഉപകാര പെട്ടെനെ .. ഇനിയും പോസ്റ്റ്‌ ചെയ്യാത്ത ഫോട്ടോസ്( ഹിറാ ഗുഹയുടെ ) ഉണ്ടെങ്കില്‍ അതുംകൂടി ചേര്കണം എന്ന് അപേക്ഷിക്കുന്നു

  ReplyDelete
 38. രണ്ടു എഴ്ത്തുകാര്‍ ജബല്‍ നൂര്‍ കയറിയതിനാല്‍ രണ്ടു സ്റ്റൈലില്‍ ഉള്ള എഴുത്ത് വായിക്കാന്‍ കഴിഞ്ഞു. ഒപ്പം രണ്ടു പ്രസിദ്ധീകരണങ്ങള്‍ക്ക് നല്ല വകയും ഒത്തു. വീട്ടില്‍ ഒരു ഗ്രൂപ്പ്‌ റീഡിംഗ് ആയിരുന്നു ഈ പോസ്റ്റ്.

  ReplyDelete
  Replies
  1. മറ്റൊരു എഴുത്തുകാരന്‍ കഴിഞ്ഞ തവണ ദുബായില്‍ നിന്നും റോഡ്‌ മാര്‍ഗ്ഗം ഹജ്ജിനു പോയപ്പോള്‍ പുണ്യ ഭൂമിയിലൂടെയുല്ള്ള വ്യത്യസ്തമായ ഒരു യാത്രാനുഭവവും വായിക്കാനിടയായി. അത് വായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് വേണ്ടി
   http://shababweekly.net/downloads/shabab/2011/december_9.pdf

   Delete
 39. വിവരണം നന്നായി. ഫസ്റ്റ് ഗീയര്‍ ഇട്ട് ഒരു തവണ ഞങ്ങളും കയറിയിരുന്നു.
  >> ചിലര്‍ അതിന്റെ കല്ലുകളില്‍ തൊട്ടു തലോടുകയും ചുംബിക്കുകയും ചെയ്യുന്നു. ഇതുപോലുള്ള വിശ്വാസ വൈകല്യങ്ങളിലേക്ക് ആളുകള്‍ പോകാന്‍ ഇടയുണ്ട് എന്നതിനാലാവണം സൗദി സര്‍ക്കാര്‍ ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കാത്തതും കൂടുതല്‍ യാത്രാസൗകര്യങ്ങള്‍ ഉണ്ടാക്കാത്തതും. << . പാക്കിസ്ഥാനികളും ഇറാനികളും തിക്കി തിരക്കുന്നത് കണ്ടപ്പോള്‍ തോന്നിയ ഒരു കാര്യം.

  ReplyDelete
 40. പി എം എ ഗഫൂർJune 4, 2012 at 6:49 PM

  അതീവ ഹൃദ്യം ബഷീർക്കാ....ഈ വഴികളിലേക്കു കൂടി കേറിപ്പോകുന്ന താങ്കളുടെ എഴുത്തുലോകമായിരിക്കും നാളേക്കുള്ള ഈടുവെപ്പെന്ന് തോന്നുന്നു..ഹിറ തന്നെയാണ് അതിനുള്ള മികച്ച ആരംഭസ്ഥാനം...അബുൽ ഹസൻ അലി നദ് വിയുടെ ഹിറാനുഭവം ബഷീർക്ക വായിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു..ഓരോ പേനയ്ക്കും ഓരോ വിധം ഹിറയെയും മക്കയെയും വരച്ചിടാനാകുന്നു..അത്രയധികം ചരിത്രത്തിന്റെ ചൂടും ചൂരും തുടിച്ചുനിൽക്കുന്ന മണ്ണാണത്....മഹാ വൻ കരകളിലേക്കെല്ലാം തുളച്ചുകയറിയ വജ്രശോഭയുടെ ആരംഭം ഇരുൾമുറ്റിയ ഹിറയിൽ നിന്നായിരുന്നല്ലോ എന്നത് എപ്പൊഴും വിസ്മയാവഹമാണ്...മക്കയിൽ വന്നെങ്കിലും മനപ്പൂർവം ഹിറയിൽ പോകാത്ത ഒരാളാണു ഞാൻ,കുട്ടിക്കാലം മുതൽ മനസ്സിൽ പാർത്ത വിചിത്രമായ ഒരാഗ്രഹമാണതിനു കാരണം.നാല്പതാം വയസ്സിൽ ഹിറയിലെത്തണമെന്ന് പണ്ടെന്നോ ഒരു തീരുമാനമെടുത്തു..പത്തുകൊല്ലം കൂടി ബാക്കിയുണ്ടെങ്കിലും അത്രയും വൈകണോ എന്നു ചിന്തിപ്പിച്ചത് ഈ പോസ്റ്റാണ്...ബഷീർക്കയോട് ഒരുപാടിഷ്ടത്തോടെ..

  ReplyDelete
  Replies
  1. നാല്പതാം വയസ്സില്‍ ഹിരയില്‍ എത്തുവാന്‍ നിങ്ങള്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. ഒരു സംശയം. നാല്പതാം വയസ്സ് എന്നതിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? Rajendran N

   Delete
  2. നാല്പതാം വയസ്സില്‍ അവിടം സന്ദര്‍ശിക്കണമെന്ന നിങ്ങളുടെ ആഗ്രഹം കൌതുകമുണര്‍ത്തുന്നു. എഴുത്തിലും പ്രഭാഷണത്തിലും എന്ന പോലെ താങ്കളുടെ ആഗ്രഹങ്ങള്‍ക്ക് പോലും വേറിട്ടൊരു വഴിയുണ്ട്.. സഫലമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ..

   Delete
 41. നാല്പതാം വയസ്സില്‍ ഹിരയില്‍ എത്തുവാന്‍ നിങ്ങള്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. ഒരു സംശയം. നാല്പതാം വയസ്സ് എന്നതിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? Rajendran N

  ReplyDelete
  Replies
  1. പി എം എ ഗഫൂർJune 4, 2012 at 8:08 PM

   പ്രിയങ്കരനായ ശ്രീ രാജേന്ദ്രൻ,താങ്കളുടെ ആശംസയ്ക്കു നന്ദി..നാല്പതാം വയസ്സിലാണ് പ്രവാചക തിരുമേനിക്ക് ദൈവികനിയോഗമുണ്ടായത്..ഹിറായുടെ ഇരുളിൽ, ദൈവികശോഭയിൽ ആ മഹാനുഭാവൻ കുളിർത്ത പ്രായം..അത്രേയുള്ളൂ...പ്രത്യേകമായ എന്തെങ്കിലും പുണ്യം ഹിറയിൽ പോകുന്നതിനുണ്ടെന്ന് ഇസ്ലാമിക പ്രമാണങ്ങളിലെവിടെയുമില്ല..ചരിത്രപ്രാധാന്യമുള്ള പ്രദേശമെന്ന നിലയ്ക്ക് മാത്രമാണീ സന്ദർശനം..തിരുനബി ഹിറയിൽ കേറിയ പ്രായത്തിൽ തന്നെ അവിടെയെത്തണമെന്ന് വെറുതേയൊരാഗ്രഹം..

   Delete
 42. I feel like I been there. Do travel more places like this and write more. reading your travel blogs are great expereince.

  ReplyDelete
 43. """ഇവിടെ വെച്ചു പ്രത്യേക പ്രാര്‍ത്ഥനകളോ നമസ്കാരമോ നടത്തുന്നതിനു മതത്തില്‍ നിര്‍ദേശങ്ങള്‍ ഇല്ല. മലയുടെ അടിവാരത്തില്‍ സൗദി സര്‍ക്കാര്‍ സ്ഥാപിച്ച വലിയ ബോര്‍ഡില്‍ ഇക്കാര്യം വിവിധ ഭാഷകളില്‍ എഴുതി വെച്ചിട്ടുണ്ട് """ the prophet muhammed (peace be upon him) did not permit us to climb on this hill """" താങ്കൾ മുകളിൽ പറഞ്ഞ വാചകങ്ങൾക്ക് മുകളിലായി ഇങ്ങനെയും ഇല്ലെ .... മല കയറൽ നബി അനുവദിച്ചിട്ടില്ലാ എന്ന് .. എന്തേ ബഷീറെ അത് കണ്ണിൽ പെട്ടില്ലേ ???അതൊ കണ്ടിട്ടും കാണാത്ത പോലേ കയറിയതാണോ??? അതൊ സുന്നികൾക്ക് മാത്രമേ ഈ ബിദ് ഹത്തും കുഫ്രും ഉള്ളോ?? മക്കത്തും മദീനത്തും പല വിശുദ്ദസ്ഥലങ്ങളും ഈ വഹാബി പ്രസ്ഥാനത്തിന്റെ സ്വാധീനം കൊണ്ട് തകർക്കപെട്ടിട്ടുണ്ട്,, പല സ്ഥലങ്ങളും അവഗണനയിലും അതിൽ പെട്ടതാൺ ജബലുൻ നൂർ( ഹിറാ ഗുഹ) .. ഉമ്രക്ക് വന്നിട്ട് മദീനത്ത് നബി(സ) യുടെ അടുത്ത് പോകാതെ (നബിയുടെ അടുത്ത് പോകൽ ഉമ്രയിൽ പെട്ടതല്ലാത്തത് കൊണ്ട്) മക്കത്ത് വന്ന് തിരിച്ച് നാട്ടിൽ പോകുന്ന ടീമിന്റെ ബാക്കിയല്ലേ ഇവൻ മാർ ഇത്രയൊക്കെ പ്രതീകഷിച്ചാൽ മതി. അല്ലാതെ അവിടെ കയറി ആൾക്കാർ ആരാധ തുടങ്ങും എന്ന് പേടിച്ചിട്ടൊന്നുമല്ല..

  ReplyDelete
 44. നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇത് അനുവദനീയമാൺ ഇത് നിഷിദ്ധമാൺ. എന്നിങ്ങനെ കള്ളം പറയരുത്. നിങ്ങൾ അള്ളാഹുവിന്റെ പേരിൽ കെട്ടിച്ചമയ്ക്കുകത്രെ (അതിന്റെ ഫലം) അള്ളാഹുവിന്റെ പേരിൽ കെട്ടിചമയ്ക്കുന്നവർ വിജയിക്കില്ല; തീർച്ച. (വിശുദ്ധ ഖുരാൻ 16:116,, Qur'anic text cannot be reproduced in another language ,, അത് കൊൻട് ഇത് ഒരു ട്രാൻസലാഷൻ മാത്രമാൺ ,, കൂടുതൽ അറിയണമെങ്കിൽ അറബി പഠിക്കുക്ക, അല്ലെങ്കിൽ പഠിച്ച ആളിൽ നിന്നും കേട്ട് പഠിക്കുക ) ഇത് എന്നെയാൺ ,എന്നെ ഉദ്ദേശിച്ചാൺ, എന്നെ മാത്രം ഉദ്ദേശിച്ചാൺ എന്നൊക്കെ തോന്നുന്നില്ലേ ബഷീറേ അതേ ഇത് താങ്കളേ പോലെയുള്ളവരേ ഉദ്ദേശിച്ചു തന്നെയാൺ ..

  ReplyDelete
 45. ഒന്ന് പോ ക്രിയേറ്റരെ....
  കാന്തപുരം അറിയാതെ അല്ലാഹു ഒന്നും ചെയ്യില്ല എന്ന് പ്രസംഗിച്ചു നടക്കുന്ന സമുദായത്തിന്‍റെ വാലില്‍ തൂങ്ങി ഓശാന പാടുന്ന ഇയാളാണോ വലിയ വിമര്‍ശനവുമായി വരുന്നത് ?? ..മുംബയിലെ ഏതോ ഒരു ഭ്രാന്തന്‍ കൊടുത്ത മുടി കൊണ്ട് ലോകം മുഴുവന്‍ ബല ദിയ വെള്ളം കുപ്പിയിലാക്കി കോടികള്ണ്ടാക്കുന്ന നിങ്ങളുടെ കയ്യിലൊക്കെ ഹിറ ഗുഹയുടെ താക്കോല്‍ ഏല്‍പ്പിച്ചാല്‍ ....??? അല്ല്ലാഹു കാക്കട്ടെ ..

  ReplyDelete
 46. മനസ്സിലേക്ക്‌ ഒരു പാട് നല്ല ചിന്തകള്‍ കോരിയിട്ട ഒരു നല്ല പോസ്റ്റ്‌ . മക്കയിലെ ധനികയായിരുന്ന ഖദീജ (റ) യുടെ തികച്ചും ദാരിദ്രനായിരുന്ന തന്റെ ഭര്‍ത്താവിനോടുള്ള സ്നേഹംവും ബഹുമാനവും ഇക്കാലത്ത്‌ അമ്ബരപ്പിക്കുന്നതു തന്നെ .
  പിന്നെ ടോര്‍ച്ചിന്റെ അവസ്ഥ എന്തായി എന്ന് പറഞ്ഞില്ല ബഷീര്കാ..

  ReplyDelete
 47. വളരെ നന്നായിരിക്കുന്നു .......ഒരുപാട് നന്ദി ബഷീര്ക ...പരിശുദ്ധ ഹിറാ ഗുഹ സന്ദര്‍ശിച്ച ഒരു പ്രതീദി............

  ReplyDelete
 48. അവിടെന്ന്‌ ഒരു കല്ലെടുത്ത്‌ കാന്തപുരത്തിനു കൊടുക്കണം. അങ്ങേര്‍ അതിന്‌ 'ഹജറേ മുബാറക്‌' എന്ന പേരില്‍ ഒരു ബിസിനസ്സ്‌ പള്ളി സ്താപിച്ചു തരും.

  ReplyDelete
  Replies
  1. ha ha ha .. athu mukki vellavum..

   Delete
 49. ശരിക്കും ആത്മീയമായ ഒരു യാത്രയായിരുന്നിരിക്കണം....
  അതിനെ ആ രൂപത്തില്‍ തന്നെ എഴുതാമായിരുന്നു...

  കാന്തപുരത്തേയും മറ്റും വെറുതെ വലിച്ചിടേണ്ടിയിരുന്നില്ല ഈ പോസ്റ്റിലേക്ക്..

  ഭാവുകങ്ങള്‍..

  ReplyDelete
 50. ഏറെ ഹൃദ്യമായ പോസ്റ്റ്‌ ബഷീര്‍ സാബ്.
  Malayalam News Sunday-യിലും വായിച്ചു

  ക്ഷണിച്ചെങ്കിലും വരാന്‍ സാധിക്കാത്തതിലുള്ള നഷ്ടബോധമുണ്ട്!

  ഹിറയില്‍ നിന്നുള്ള സന്ദേശം സകല മനുഷ്യര്‍ക്കുമാണ്
  അതിങ്ങിനെ ചുരുക്കി വായിക്കാം

  അഖില ലോകങ്ങളുടെയും നാഥനൊന്ന്
  മുഹമ്മദ്‌ നബി മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള പ്രവാചകന്‍
  ഖുര്‍ആന്‍ മാനവ കുലത്തിനുള്ള വേദം
  നശ്വര ലോകത്തിനപ്പുറം നീതിയുടെ അനശ്വര ലോകം!

  ReplyDelete
 51. This comment has been removed by the author.

  ReplyDelete
 52. ആരായിരുന്നു ഖദീജ? മക്കയിലെ രാജകുമാരിയായിരുന്നു. ഏറ്റവും സമ്പന്നയായ സ്‌ത്രീ. എന്നിട്ടോ?പട്ടിണിയുടെ കഷ്‌ടകാലത്തിലേക്ക്‌ എത്തിപ്പെടുമെന്ന്‌ ഉറച്ചുകൊണ്ടു തന്നെ അല്‍അമീനായ മുഹമ്മദിന്റെ ജീവിതസഖിയായി. പ്രവാചകത്വത്തിന്റെ വിഹ്വലതകളില്‍ ആശ്വാസത്തിന്റെ മടിത്തട്ടായി. പ്രതിസന്ധികളുടെ വേനലില്‍ സമാധാനത്തിന്റെ പുതുമഴയായി. കഷ്‌ടപ്പാടിന്റെ കണ്ണീരില്‍ ഒറ്റപ്പുഞ്ചിരി കൊണ്ട്‌ കുളിരായി. ശിഅബു അബീത്വാലിബ്‌ എന്ന കുന്നിന്‍ ചെരിവില്‍ ഒറ്റപ്പെട്ടു കഴിഞ്ഞപ്പോള്‍ തിരുനബിക്കും കൂടെയുള്ളവര്‍ക്കും പച്ചിലയും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. അപ്പോഴും മക്കയിലെ ആ പഴയ രാജകുമാരി പ്രിയതമനൊപ്പമുണ്ടായിരുന്നു. തിരുനബിയുടെ കൈപിടിച്ച്‌ ഖദീജയുടെ സ്‌നേഹമുണ്ടായിരുന്നു. ഹിറാഗുഹയില്‍ ധ്യാനത്തിലിരുന്നപ്പോളും നേരത്തിനു ഭക്ഷണവുമായി പ്രിയതമനരികില്‍ ആ സ്‌നേഹമെത്തി. അന്‍പത്തിയഞ്ച്‌ വയസ്സുള്ള സ്‌ത്രീ. വീടിന്റെയും മക്കളുടെയും കാര്യങ്ങളെല്ലാം അവര്‍ നോക്കണം. അതിന്നിടയില്‍, കല്ലും മുള്ളും കാട്ടുമൃഗങ്ങളും നിറഞ്ഞ മലയിലേക്ക്‌ കയറിച്ചെല്ലുന്നത്‌ ഒന്നോര്‍ത്തുനോക്കൂ.നമ്മെ വേണ്ടുവോളം സ്‌നേഹിക്കുന്നവര്‍ വേറെയുമുണ്ടാകും. അക്കൂട്ടത്തിലൊരാളാവുന്നതിലല്ല, ആരെക്കാളുമേറെ നമ്മെ മനസ്സിലാക്കുന്നിടത്താണ്‌ ഇണയുടെ വിജയം. - shababweekly -

  ReplyDelete
 53. ആദ്യമായി ദൌത്യം ലഭിച്ചപ്പോള്‍ അപരിചിതവും ഭയാനകവുമായ ഒരു അവസ്ഥയാണ് നബി(സ)ക്ക് അനുഭവപ്പെട്ടത്. വിയര്‍പ്പില്‍ കുളിച്ച് വിഭ്രാന്തിയോടെ ഖദീജയുടെ അടുത്തു ചെന്ന നബി(സ)ക്ക് അപ്പോള്‍ തനിക്ക് പറയാനുള്ളത് പറയാന്‍പോലും കഴിഞ്ഞിരുന്നില്ല.

  ഖദീജ(റ)യോട് നബി(സ) പുതപ്പ് ആവശ്യപ്പെട്ടു. അവര്‍ നബിയെ പുതപ്പിച്ചു. അല്‍പസമയത്തിനുശേഷം നബി ശാന്തനായി എഴുന്നേറ്റു. സംഭവം ഖദീജയെ പറഞ്ഞുകേള്‍പ്പിച്ചു.

  ഖദീജ പറഞ്ഞു; അങ്ങ് സന്തോഷിക്കുക. ദൃഢചിത്തനാവുക. അല്ലാഹു അങ്ങയെ നിന്ദിക്കുകയില്ല. അങ്ങ് ന•ചെയ്യുന്നു. സത്യം പറയുന്നു. കുടുംബബന്ധം പുലര്‍ത്തുന്നു. കഷ്ടപ്പാടുകളില്‍ ജനങ്ങളെ സഹായിക്കുന്നു.... ഖദീജ(റ) ഇസ്ലാമിനെ അംഗീകരിച്ച ആദ്യത്തെ വ്യക്തിയായിത്തീര്‍ന്നു.

  ReplyDelete
 54. മക്കാ നഗരത്തിന്റെ നല്ല ദൃശ്യം ലഭിക്കുന്ന ഒരു ഭാഗത്ത് വിരിപ്പ് വിരിച്ച് ഞങ്ങള്‍ ഭക്ഷണം കഴിച്ചു. വിശുദ്ധ കഅബാലയത്തിന്റെ മിനാരങ്ങള്‍ വ്യക്തമായി കാണാം.
  ബഷീര്‍ക്ക, ഒന്ന് ചോദിച്ചോട്ടെ.. കഅബാലയത്തിനു മിനാരങ്ങള്‍ ഉണ്ടോ ??

  ReplyDelete
  Replies
  1. അത് മൂപ്പർ ഇല്ലാത്ത ഭക്തി ഉണ്ടാക്കി കോരി ഒഴിച്ചപ്പോൾ സംഭവിച്ച പിശകാ...

   Delete
  2. @Anonymous 'വിശുദ്ധ ഹറമിന്റെ' എന്ന് തിരുത്തിയിട്ടുണ്ട്. പിശക് ചൂണ്ടിക്കാണിച്ചതിനു നന്ദി..

   Delete
 55. പോസ്റ്റും ഏതാണ്ട് എല്ലാ കമന്റ്സ് ഉം വായിച്ചു
  നന്നായിരിക്കുന്നു.

  ReplyDelete
 56. യാത്ര ഒക്കെ ഇഷ്ടപ്പെട്ടു. പക്ഷെ ചൈനയെ തൊട്ടു കളിക്കണ്ട കേട്ടോ. നന്ദി വേണം നന്ദി! കണ്ണ് കാണാന്‍ വയ്യാതെ അന്ധാളിച്ചു നിന്നപ്പോള്‍ ചൈനയുടെ ടോര്‍ച്ചു വേണ്ടി വന്നു, വേറെ ഒരു രാജ്യവും സഹായിച്ചില്ലല്ലോ? പ്രകാശത്തിന്റെ പര്‍വതത്തില്‍ പ്രകാശം പരത്താന്‍ ചൈനയുടെ ടോര്‍ച് തന്നെ വേണ്ടി വന്നില്ലേ? ആ ടോര്‍ച് വഴിനീളെ അങ്ങനെ പ്രകാശം പരത്തി നിങ്ങളെ സഹായിച്ചില്ലേ? എന്നിട്ട് ആ ടോര്ചിനെ ആദ്യം മുതല്‍ അവസാനം വരെ പുച്ചിച്ചിരിക്കുന്നു...ചൈനയില്‍ ജനിച്ചു പോയത് ആണോ ആ ടോര്‍ച് ചെയ്ത തെറ്റ്? പാവം ടോര്‍ച്ച്.... ചോദിക്കാനും പായാനും ആരും ഇല്ലെന്ന അഹങ്കാരം ആണോ?

  ReplyDelete
  Replies
  1. Malak...പറയുമ്പം ഒന്നും വിജാരിക്കരുത് ഇ ചൈനീസ് സാധനങ്ങള്‍ വാങ്ങിയാല്‍ ''ഗ്യാസ് ട്രബിള്‍ ഉള്ളവര് വുളു എടുത്ത പോലയാ '' ഇടയ്ക്കിടെ പുതുക്കേണ്ടി വരും

   Delete
 57. veruthe alla kanthapuram virodham ethra kooduthal ..koot mujeeb rahman kinaloorum jamaathum anelle... hahaha

  ReplyDelete
 58. കുറച്ച്‌ "കല്ലു കടി ഹാസ്യം" ഒഴിവാക്കിയാല്‍ ജബല്‍ നൂറിനെ കുറിച്ചുള്ള അവതരണം നന്നാക്കാമായിരുന്നു !!
  such as:.. ഇതിനു ഗ്യാരന്റി പേപ്പര്‍ ഉണ്ടോ?. അയാളുടെ വായില്‍ നിന്ന്....
  ""ചുട്ട കോഴി ചൂടെടുത്തു വിയര്‍ക്കുകയുമാണ്‌. മക്കാ നഗരത്തിന്റെ.."

  leave it....

  Had visited 5 yrs back ! feeling i had was exceptional. Asked myself that "പ്രവാചകാ, അങ്ങെന്തിനായിരുന്നു ദുര്‍ഘടം പിടിച്ച ഈ മല മുകളിലേക്ക് കയറി പോയത് ? ജീവിത സായാഹ്നത്തിലും അങ്ങയെ കാണാന്‍ വഴി ദൂരം താണ്ടി ഭക്ഷണ പാത്രവുമായി നടന്നു കയറിയ അങ്ങയുടെ പത്നിയെ ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ സജലങ്ങളാകുന്നു. കാലുകള്‍ തളരാതെ അവര്‍ ഒറ്റയ്ക്ക് എത്ര വട്ടം ഈ മലയുടെ ഉയരവും, താഴ്ചയും താണ്ടിയിട്ടുണ്ടാകണം....

  ReplyDelete
 59. നല്ല വിവരണം.

  ReplyDelete
 60. Nice..I was also there on top of Jabal Noor last month..

  ReplyDelete
 61. മനോഹരമീ വിവരണം...
  ഇനിയും ഇതുപോലെ ഹൃദ്യമായ എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു...
  പടങ്ങളും നന്നായിട്ടുണ്ട്...

  എന്തായാലും കഴിഞ്ഞ രണ്ടുമൂന്നു അദ്ദ്യായത്തില്‍ പാര്‍ട്ടിക്കാരെ പച്ചക്ക് തിന്നതിന്
  പ്രാര്‍ത്ഥനകള്‍ക്കുത്തരം കിട്ടുന്ന വിശുദ്ദ ഭൂമിയില്‍ നിന്ന് പൊറുക്കലിനെ തേടിക്കാണും അല്ലെ ഇക്കാ...


  അഭിവാദ്യങ്ങളോടെ ...

  ReplyDelete
 62. ഖദീജ ഖദീജ തന്നേ..... നാഥാ നിന്റ് സ്വർഗ്ഗപ്പൂങ്കാവനത്തിൽ വെച്ച് ഈ മഹാത്മാക്കളേയെല്ലാം കൺകുളിർക്കേ കാണുവാനുള്ള അവസരം നൽകി അനുഗ്രഹിക്കേണമേ......

  ReplyDelete
 63. Nizar U K - KuwaitJune 6, 2012 at 10:55 AM

  ഡിയര്‍ ബഷീര്‍, താങ്കള്‍ നേരെത്തെ നടത്തിയ യാത്ര വിന്വരങ്ങള്‍ "ചെങ്കടലില്‍ ഒരു ബ്ലോഗ്‌ മീറ്റ്‌
  etc എന്തിനാണെന്ന് മനസ്സിലായി. ഹിറാ ഗുഹയില്‍ ഒരു രാത്രി കഴിച്ചുകൂട്ടിയെതെന്തിനാ?

  ReplyDelete
 64. മനോഹരമായി വിവരിച്ചിരിക്കുന്നു.
  ഫോട്ടോകള്‍ കഥ പറഞ്ഞു

  ReplyDelete
 65. മനോഹരമായി വിവരിച്ചു തന്നു വളരെ നന്ദി !
  താങ്ങേണ്ടവരെ താങ്ങിയും കൊള്ളേണ്ടവരെ കൊണ്ടുമായിരുന്നു വിശദീകരണം എന്ന് മാത്രം.അവിടെ സന്ദര്‍ശിക്കാന്‍ വല്ലാത്ത പൂതിയുണ്ട് ഉണ്ട് ഇത് വായിക്കുക കൂടി ചെയ്തപ്പോള്‍ അത് ഇരട്ടിയായി.

  ReplyDelete
 66. Men are born ignorant, not stupid. They are made stupid by education.
  -Bertrand Russell

  ഈ ലേഖനത്തിലെ ചിലകാര്യങ്ങൾ വായിച്ചപ്പോൾ എന്നിക്ക് ഇതാൺ തോന്നിയത്. അല്ലെങ്കിൽ വേറൊരു തരത്തിൽ പറഞ്ഞാൽ നല്ല സോഴ്സിൽ നിന്നും അറിവ് നേടണം. മിഥ്യധാരാണകൾ അറിവില്ലാത്തതിനേക്കൾ അപകടമാൺ..

  ReplyDelete
 67. This comment has been removed by the author.

  ReplyDelete
 68. നിലവിളക്ക് കത്തിക്കില്ല. എന്നത് മുസ്ലിങ്ങളുടെ മത സംഘടനയായ മുസ്ലിം ലീഗിന്റെ ഔദ്യോഗിക നിലപാടാണെന്ന് അബ്ദു റബ്ബ് പറയുന്നു. കേരള സര്‍ക്കാരിന്റെ ഒരു കെട്ടിടത്തിന്റെ ഗംഗ. എന്ന പേരുപോലും മുസ്ലിം ലീഗിന്റെ മന്ത്രി മാറ്റുന്നു. അതേക്കുറിച്ച് ചോദ്യം വന്നപ്പോള്‍. തന്റെ സ്വന്തം വീടിന്റെ പേരാണു നല്‍കിയത് എന്നും പറഞ്ഞു. സ്വന്തം വീടിന്റെ പേര്, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കിടാന്‍ ഈ മത സംഘടനാനേതാവിനാരാണു അധികാരം നല്‍കിയത്?

  വള്ളിക്കുന്ന് ഇതൊന്നും അറിഞ്ഞിട്ടില്ല എന്നാണോ അതോ കേട്ടിട്ടും മിണ്ടാട്ടമില്ല എന്നാണോ?

  ReplyDelete
  Replies
  1. അല്ലേലും മുസ്ലിം ലീഗ് നേരിവുള്ളവര്‍ ആണ് .....നിലവിളക്ക് കത്തിക്കല്‍ മാത്രം അല്ല ....ആ പാര്‍ടി യിലെ ആരെയും ഇത് വരെ പെണ്ണ് കേസ് പോയിട്ട്

   ഒരു അഴിമതി കേസ് ഇല പോലും പിടിച്ചിട്ടില്ല.....

   Delete
 69. വെയില്‍ ചൂട് പിടിക്കുന്നതിനു മുമ്പ് ഞങ്ങള്‍ മലയിറങ്ങി. തലേന്ന് രാത്രി വാങ്ങിയ ആ ടോര്‍ച്ച് ഞാന്‍ കയ്യില്‍ പിടിച്ചു. ഒത്താല്‍ അത് ആ കടക്കാരന് തന്നെ കൊടുത്ത് ഇരുപതു റിയാല്‍ തിരിച്ചു വാങ്ങണം
  Nha kittum, kittum, Now the torch is not a fresh hand, it is experienced one, Pakistani may give you forty, not 20, Give him soon. Experienced are to be paid more
  .
  Abdulla

  ReplyDelete
 70. ഒരു സംശയം: ഹിറാഗുഹയും പൂച്ചയും ഉള്ള ചിത്രത്തില്‍ ഒരു ബോര്‍ഡ് കാണുന്നു. അതില്‍ ചെഗുവേരയെപ്പോലുള്ള ഒരു നേതാവിന്റെ പോസ്റ്ററും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി പി എം തടവുകാരെങ്ങാനും ഇവിടെ കയറിക്കൂടിയോ.

  ReplyDelete
 71. ഒരു സംശയം: ഹിറാഗുഹയും പൂച്ചയും ഉള്ള ചിത്രത്തില്‍ ഒരു ബോര്‍ഡ് കാണുന്നു. അതില്‍ ചെഗുവേരയെപ്പോലുള്ള ഒരു നേതാവിന്റെ പോസ്റ്ററും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി പി എം തടവുകാരെങ്ങാനും ഇവിടെ കയറിക്കൂടിയോ.

  ReplyDelete
 72. ഒരു സംശയം: ഹിറാഗുഹയും പൂച്ചയും ഉള്ള ചിത്രത്തില്‍ ഒരു ബോര്‍ഡ് കാണുന്നു. അതില്‍ ചെഗുവേരയെപ്പോലുള്ള ഒരു നേതാവിന്റെ പോസ്റ്ററും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി പി എം തടവുകാരെങ്ങാനും ഇവിടെ കയറിക്കൂടിയോ.

  ReplyDelete
 73. നല്ല വിവരണം

  ReplyDelete
 74. ഹിറാഗുഹ യാത്ര വളരെ നന്നായി.. വിശദമായും വശ്യതയാർന്ന വിവരണം ഇഷ്ടപ്പെട്ട്.. ആശംസകൾ

  ReplyDelete
 75. ചിത്രങ്ങള്‍ സഹിതം വായിച്ചു കഴിഞ്ഞപ്പോള്‍ നേരിട്ട് പോയി വന്ന ഒരു സുഖം...സത്യം പറഞ്ഞാല്‍ ഇന്ന് വരെ പോകാന്‍ കഴിയാത്ത ഞാന്‍ ഇനി എങ്കിലും പോകണം എന്ന് കൊതിക്കുന്നു..അത് ഒരു രണ്ടാമത്തെ പ്രാവശ്യം പോകുന്ന എഫ്ഫെക്റ്റ്‌ മാത്രമേ ഉണ്ടാക്കൂ എന്ന് ഉറപ്പാണ്...അത്ര മനോഹരമായിട്ടാണ് ഈ വിവരണം എഴുതിയിരിക്കുന്നത്...അല്ലാഹു അനുഗ്രഹിക്കട്ടെ..ആമീന്‍

  ReplyDelete
 76. Genuine narration!
  Its curious that in every religion there's a mountain (e.g Heera, Golgotha, Amarnath Caves/ Himalayas, Mount Sinai, Sabarimala...etc)that represents the Spiritual Height that one has to climp to get somewhere near to God. No doubt the depth of the belief that fuels someone to accomplish the perilous journey. The thing really matters is what a person achieves and shares with the rest of the world after reaching the top of the mountain..

  ReplyDelete
 77. Good Narration, with all ingredients for all types of readers. Allah Bless your pen.
  I am a silent reader of your blog.

  ReplyDelete
 78. മക്കയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കൊച്ചുമലയാണ് ‘ജബലുന്നൂര്‍’ എന്നത് തെറ്റാണ് മക്കയിലെ ഉയരം കൂടിയ മലകളില്‍ ഒന്നാണ് ജബലുന്നൂര്‍’ ഇത് ജിദ്ദയില്‍ നിന്ന് വരുമ്പോള്‍ തന്നെ കാണാം *കൂനിക്കൂടി മലകയറി വന്ന ഉമ്മാമ നാലകത്ത് ബീഫാത്തിമ്മ. വയസ്സ് എഴുപത്തിയഞ്ച്. . രണ്ടായിരം അടി ഉയരമുള്ള മലയുടെ മുകളിലേക്ക് നടന്നു കയറുമ്പോഴും ക്ഷീണത്തിന്റെ ലാഞ്ചന പോലും അവരുടെ മുഖത്തില്ല. പ്രവാചകനോടുള്ള ഹുബ്ബ് ഒന്നുകൊണ്ടു മാത്രമാവണം അവരീ സാഹസത്തിനു പുറപെട്ടത്‌ അല്ലഹു അതിന്റേതായ പ്രതിഫലം അവര്ക്ക് നല്‍കെട്ടെയെന്നു പ്രാര്‍ത്ഥക്ക്ന്നു...

  ReplyDelete
 79. ബഷീർക്ക.....നന്നായിട്ടുണ്ട് വിവരണം ..

  ReplyDelete
 80. വായിച്ചു. നല്ല വിവരണം. നേരിൽ കണ്ട അനുഭവം. പക്ഷെ ചിത്രങ്ങൾ കുറച്ചുകൂടിയുണ്ടായിരുന്നെങ്കിൽ എന്നു തോന്നി പോയി. ഇട്ട ചിലത് മങ്ങിയും പോയി. ചരിത്രമുറങ്ങുന്ന ഇത്തരം സ്ഥലങ്ങളിലൊക്കെ പോകാൻ കഴിയുന്നത് വലിയൊരു അനുഭവം തന്നെ!

  ReplyDelete
 81. This comment has been removed by the author.

  ReplyDelete
 82. തലേന്ന് രാത്രി വാങ്ങിയ ആ ടോര്‍ച്ച് ഞാന്‍ കയ്യില്‍ പിടിച്ചു. ഒത്താല്‍ അത് ആ കടക്കാരന് തന്നെ കൊടുത്ത് ഇരുപതു റിയാല്‍ തിരിച്ചു വാങ്ങണം!.
  ഇപ്പോ കിട്ടും.... പാകിസ്ഥാനിയല്ലേ, അവിടന്നു കിട്ടിയത് പുറത്ത് പറയണ്ട...

  ReplyDelete