ഗുൽമാർഗിലെ മഞ്ഞുമലയിൽ

കാശ്മീർ യാത്രക്കിടയിൽ എന്നെ ഏറ്റവും ആകർഷിച്ച സ്ഥലം ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. ഗുൽമാർഗ്. ശ്രീനഗറിൽ നിന്നും ഏതാണ്ട് അമ്പത് കിലോമീറ്റർ ദൂരം. ഗുൽമാർഗ് എന്നാൽ പൂക്കളുടെ താഴ്വാരം എന്നാണർത്ഥം. പേരിന്റെ അർത്ഥവും ആ പേര് വഹിക്കുന്ന ആളുടെയോ / വസ്തുവിന്റെയോ പ്രകൃതവും തമ്മിൽ വളരെ അപൂർവമായി മാത്രമേ ഒത്തു പോകാറുള്ളൂ. (ബഷീർ എന്ന പദത്തിന് അറബിയിൽ സന്തോഷ വാർത്തകൾ പറയുന്നവൻ എന്നാണർത്ഥം!!). അതുപോലുള്ള ഒരു പേരല്ല ഗുൽമാർഗിന്റെത്. എല്ലാ അർത്ഥത്തിലും പൂക്കളുടെ പുൽമേട് തന്നെ. ('ദാൽ തടാകത്തിലെ രണ്ടു രാത്രികൾ'   എന്ന പേരിൽ ഒരു പോസ്റ്റ് ഇതിനു മുമ്പ് എഴുതിയിരുന്നു. ചിലരെങ്കിലും അത് വായിച്ചു കാണുമെന്നു കരുതുന്നു. അതിന്റെ തുടർച്ചയായി ഈ പോസ്റ്റിനെ കണ്ടാൽ മതി).

തലേ ദിവസം ദാൽ തടാകത്തിലെ ഹൗസ് ബോട്ടിൽ അന്തിയുറങ്ങിയതിന്റെയും വെയിൽ മൂക്കുന്നത് വരെ തടാകത്തിൽ കറങ്ങിയതിന്റെയും ആവേശം ഒട്ടും ചോർന്ന് പോകാതെയാണ് ഗുൽമാർഗിലേക്കുള്ള യാത്ര ഞങ്ങൾ തുടങ്ങിയത്. മഞ്ഞു മൂടിയ ഹിമാലയ നിരകളുടെ മുകളിലേക്കാണ് പോകുന്നത്. അതും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോപ്പ് വേയിലൂടെ കേബിൾ കാറിൽ വേണം പർവത മുകളിലെത്താൻ !!. ഓർക്കുമ്പോൾ ത്രില്ലടിക്കുന്നുണ്ട്. ശ്രീനഗറിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ വിശന്ന് തുടങ്ങിയിട്ടുണ്ട്. 'സിറ്റിയിൽ നിന്ന് ഭക്ഷണം കഴിക്കേണ്ട, വഴിയിൽ മലനിരകളുടെ പ്രാന്ത പ്രദേശത്ത് ഹോട്ടലുകൾ ഉണ്ട്. അവിടെ നിന്ന് കഴിക്കുന്നതാണ് നല്ലത്' ഡ്രൈവർ രത്തൻ സിംഗ് അഭിപ്രായപ്പെട്ടു. വളരെ കുറച്ചേ സംസാരിക്കുകയുള്ളൂവെങ്കിലും രത്തൻ സിംഗ് പറയുന്നത് കിടുകിടിലൻ അഭിപ്രായങ്ങളായിരിക്കും. ഒരു റിട്ടയേഡ് പട്ടാളക്കാരന്റെ മനസ്സല്ല, കൗതുകിയായ ഒരു ടൂറിസ്റ്റിന്റെ മനസ്സാണ് അയാൾക്കുള്ളത്‌. സിറ്റിയിലെ ഹോട്ടലുകളിൽ നിന്ന് നാം എത്രയെത്ര ഭക്ഷണങ്ങൾ കഴിച്ചിരിക്കുന്നു. പക്ഷേ ഏതെങ്കിലും ഗ്രാമപ്രദേശത്തെ ഓല മേഞ്ഞ കൊച്ചു ചായക്കടകളിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ ഓർമകളേ പലപ്പോഴും മനസ്സിൽ ബാക്കി നിൽക്കാറുള്ളൂ. അതുകൊണ്ട് തന്നെ ഭക്ഷണം അല്പം വൈകിയാലും വേണ്ടിയില്ല, സർദാർജിയുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.   

കാഴ്ചകൾ കണ്ട് പോകാൻ പാകത്തിൽ വളരെ മെല്ലെയാണ് രത്തൻ സിംഗ് വണ്ടിയോടിക്കുന്നത്. താഴ്വാരങ്ങളിലെ ചെടികളും പൂക്കളും തഴുകിയെത്തുന്ന കാറ്റിന് പോലും സുഗന്ധമാണ്. പൂത്ത്‌ നില്ക്കുന്ന കടുക് പാടങ്ങളുടെ ഓരത്ത് ഫോട്ടോയെടുക്കാൻ വേണ്ടി വണ്ടി നിർത്തി. കാശ്മീർ ശാന്തമാകുമ്പോൾ ഹിന്ദി സിനിമാ ഗാനങ്ങളുടെ ചിത്രീകരണത്തിന് വേണ്ടി സിനിമാക്കാർ എത്താറുള്ള വഴികളാണ് ഇത്.. ഷാരൂഖ് ഖാനും കാജളും സ്ലോ മോഷനിൽ ഈ പാടത്തു കൂടെ ഓടിയിരിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇതുപോലൊരു മനോഹരഭൂമി സംഘർഷ ഭരിത മേഖലയായി രൂപാന്തരപ്പെട്ടത് ഇവിടെ ജീവിക്കുന്നവരുടെ മാത്രമല്ല, സഞ്ചാരം ഇഷ്ടപ്പെടുന്ന ലോകത്തെ ഓരോ മനുഷ്യന്റെയും നഷ്ടമാണ്.

വഴിയോരങ്ങളിലെ ഹോട്ടലുകൾ കാണുമ്പോൾ ഞങ്ങൾ പ്രതീക്ഷിക്കും രത്തൻ സിംഗ് വണ്ടി നിർത്തുമെന്ന്. പക്ഷേ പുള്ളി കൂസലില്ലാതെ പോവുകയാണ്. ജേഷ്ഠൻ റസാക്കിന്റെ സുഹൃത്ത് കൂടിയാണ് രത്തൻ സിംഗ്. എക്സ് മിലിട്ടറിക്കാരൻ. കാശ്മീരിൽ പലയിടത്തും സേവനമനുഷ്ടിച്ചിട്ടിട്ടുണ്ട്. പഞ്ചാബിൽ നിന്നും ഒരു സ്കോർപിയോ കാറിൽ റോഡ്‌ മാർഗമാണ് ഞങ്ങളുടെ ആറംഗ സംഘം വരുന്നത്. അതുകൊണ്ട് വഴികൾ കൃത്യമായി പരിചയമുള്ള ഒരാൾ കൂടെ വേണം എന്ന ചിന്തയാണ് രത്തൻ സിംഗിനെ കൂടെ കൂട്ടാൻ പ്രചോദനമായത്. മാത്രമല്ല യാത്ര കാശ്മീരിലേക്കായതിനാൽ അല്പസ്വല്പം ഭയം എല്ലാവരിലുമുണ്ട്. കാശ്മീരിൽ നിന്ന് വരുന്ന വാർത്തകൾ അത്തരത്തിലുള്ളവയാണല്ലോ. കാശ്മീരിൽ സേവനമനുഷ്ടിച്ച ഒരു പട്ടാളക്കാരൻ കൂടെയുള്ളത് യാത്രയിലുടനീളം ഒരു വലിയ അനുഗ്രഹമായിരുന്നു എന്നത് പറയാതെ വയ്യ.

അതിനൊരുദാഹരണം പറയാം. പഞ്ചാബിൽ നിന്നും ശ്രീനഗറിലേക്കുള്ള യാത്രയിൽ ജമ്മു പിന്നിട്ട ശേഷം ഉദംപൂർ ജില്ലയുടെ തുടക്കത്തിൽ ആണെന്ന് തോന്നുന്നു. നന്ദിനി ചുരത്തിൽ വെച്ച് ഞങ്ങളുടെ വണ്ടിയുടെ ടയർ പഞ്ചറായി. വിജനമായ പ്രദേശം. മരം കോച്ചുന്ന തണുപ്പ്. ഇടയ്ക്കിടെ കടന്നു പോകുന്ന പട്ടാള ട്രക്കുകളല്ലാതെ മറ്റൊന്നും കാണാനില്ല. പത്ത് പട്ടാള ട്രക്കുകൾ പോകുമ്പോൾ ഒരു സിവിലിയൻ വണ്ടി കണ്ടാലായി. വണ്ടി സൈഡാക്കി രത്തൻ സിംഗ് സ്റ്റെപ്പിനി മാറ്റുന്ന തിരക്കിലാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനായി ഞങ്ങൾ പുറത്തിറങ്ങി നടന്നു. എവിടെ നിന്നോ ചാടിവീണ ഒരു കുരങ്ങൻ ഗഫൂറിന്റെ കയ്യിലെ വാട്ടർ ബോട്ടിൽ തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഞാനാണെങ്കിൽ ഫോട്ടോയെടുക്കുന്ന തിരക്കിലാണ്. നല്ല പോസ് കിട്ടാൻ വേണ്ടി റോഡിന്റെ വക്കത്തെ ഒരു പാറപ്പുറത്ത് കയറി നിന്നു. പൊടുന്നനെ പിറകിൽ നിന്ന് ഒരു പ്രത്യേക ശബ്ദം. നീട്ടിയുള്ള വിസിലടിയും!!.  തിരിഞ്ഞു നോക്കിയപ്പോൾ ഒരു പട്ടാളക്കാരൻ തോക്ക് ചൂണ്ടി നില്ക്കുന്നു. ആ പാറയിടുക്ക് ഒരു പട്ടാള ബങ്കറാണ്. അവിടെ വെച്ച് ഫോട്ടോയെടുക്കാൻ അനുവദിക്കില്ല. എന്റെ ക്യാമറ തരാൻ പട്ടാളക്കാരൻ ആവശ്യപ്പെട്ടു.

ഈ ശബ്ദവും ബഹളവും കേട്ട് രത്തൻ സിംഗ് ഓടിയെത്തി. പട്ടാളക്കാരനുമായി എന്തോ സംസാരിച്ചു. അതോടെ അയാൾ കൂളായി. ഇവിടെ വെച്ച് ഫോട്ടോ എടുക്കരുത് എന്ന് സൗമ്യമായി പറഞ്ഞു. പിന്നീട് രത്തൻ സിംഗ് പറഞ്ഞു. ഞാൻ ഫോട്ടോകൾ എടുക്കുമ്പോൾ പല പ്രാവശ്യം ആ പട്ടാളക്കാരൻ വിസിലടിച്ചിരുന്നുവത്രേ. അതെന്റെ ശ്രദ്ധയിൽ പെട്ടില്ല എന്ന് മാത്രമല്ല, അയാളിരിക്കുന്ന ബങ്കറിന്റെ മുകളിൽ കയറി ഫോട്ടോയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ!!.. അതാണ്‌ അയാൾ തോക്ക് ചൂണ്ടാൻ കാരണം. രത്തൻ സിംഗ് കൂടെയുള്ളത് കൊണ്ട് രക്ഷപ്പെട്ടു എന്ന് പറയാമല്ലോ. സംഗതി എന്തായാലും ആ പട്ടാളക്കാരനോട് മനസ്സിൽ വല്ലാത്ത ബഹുമാനം തോന്നി. വിജനമായ ഈ പ്രദേശത്ത്‌  ഈ കൊടിയ തണുപ്പിൽ തോക്ക് ചൂണ്ടി രാജ്യത്തിന്‌ കാവൽ നില്ക്കുകയാണ്. ഇത്തരം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പട്ടാളക്കാർ കാവൽ നിൽക്കുന്നത് യാത്രയിലുടനീളം കണ്ടിട്ടുണ്ട്. അതിർത്തികളിലെ പട്ടാളക്കാർ സ്ത്രീകളോടും മറ്റും കാണിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഏറെ വായിച്ചിട്ടുണ്ട്. പക്ഷേ ഇത്തരം ദുരിതപൂർണമായ സാഹചര്യങ്ങളിൽ ജോലിയെടുക്കുന്നവരെക്കുറിച്ചു കൂടി നാം ഓർക്കേണ്ടതുണ്ട്.


Ice n Spice Restaurant


ശ്രീനഗറിൽ നിന്ന് ഏതാണ്ട് നാല്പത് കിലോമീറ്റർ സഞ്ചരിച്ചു കാണണം. ടംഗ് മാർഗ് എന്ന സ്ഥലത്ത് ഒരു മലയടിവാരത്തിൽ ഒരു കൊച്ചു ഹോട്ടലിന്റെ സമീപം രത്തൻ സിംഗ് വണ്ടി നിർത്തി. Ice N Spice Restaurant. ഉച്ച സമയത്തും മഞ്ഞു മൂടിക്കെട്ടിയ അന്തരീക്ഷം. ഹോട്ടലിനു മുന്നിൽ ഒരു കൂറ്റൻ നായ കാവലിരിക്കുന്നുണ്ട്‌. ബാരാമുള്ള ജില്ലയാണ് ഇത്. തീവ്രവാദി ആക്രമണങ്ങളുടെയും സംഘട്ടനങ്ങളുടെയും വാർത്തകൾക്കിടയിൽ എപ്പോഴും കേൾക്കാറുള്ള പദമാണ് ബാരാമുള്ള. ഭക്ഷണം ഓർഡർ ചെയ്ത് ഞങ്ങൾ പുറത്തിറങ്ങി. കുറച്ച് സമയമെടുക്കും അത് തയ്യാറായി വരാൻ. താഴ്വാരത്ത് കൊച്ചു വീടുകൾ കാണാം. തകര ഷീറ്റ് കൊണ്ട് മറച്ചതു പോലെയുള്ള കൊച്ചു കുടിലുകൾ. മഞ്ഞ് പെയ്യുന്ന ഈ പ്രദേശത്ത്‌ ഇത്തരം കുടിലുകളിൽ കഴിയുന്ന പാവം ഗ്രാമീണരുടെ ജീവിതാവസ്ഥകൾ ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി. പർവത നിരകകൾക്കപ്പുറത്തു പാക്കിസ്ഥാൻ. ഇപ്പുറത്ത് ഇന്ത്യ. അങ്ങിങ്ങായി പട്ടാളത്തിന്റെ ഔട്ട്‌ പോസ്റ്റുകൾ..

വീടുകളുടെ ഭാഗത്തേക്ക് നോക്കി നിൽക്കുമ്പോൾ രണ്ടു പയ്യന്മാർ നടന്നു വരുന്നു. ഞങ്ങൾ കുശലമന്വേഷിച്ചു. ഗൈഡായി കൂടെ പോകാൻ ടൂറിസ്റ്റുകളെ തേടിയിറങ്ങിയതാണവർ. മുന്നൂറ് രൂപ തന്നാൽ ഗുൽമാർഗിലെ എല്ലാ സ്ഥലങ്ങളും കാണിച്ചു തരാമെന്ന് രണ്ടു പേരിൽ ചെറിയ പയ്യൻ പറഞ്ഞു. വിശന്ന് വലഞ്ഞ പോലുള്ള അവന്റെ മുഖവും ദയനീയമായ കണ്ണുകളും കണ്ടപ്പോൾ പാവം തോന്നി. ഞാൻ പേര് ചോദിച്ചു. മുഹമ്മദ്‌ അമീൻ കൂലൂ. വീടെവിടെയാണ് എന്ന് ചോദിച്ചപ്പോൾ താഴ്വാരയിലെ ഒരു കൊച്ചു കൂരയുടെ ഭാഗത്തേക്ക് കൈചൂണ്ടിക്കാണിച്ചു. എത്രാം ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അവൻ എന്റെ കണ്ണിലേക്ക് നോക്കി. മറുപടിയൊന്നും പറഞ്ഞില്ല. വീണ്ടും ചോദിച്ചപ്പോൾ സ്കൂളിൽ പോകുന്നില്ല എന്ന് മാത്രം പറഞ്ഞു. അതെന്തേ എന്ന് ഞാൻ വീണ്ടും ചോദിച്ചപ്പോൾ ദയനീയമായ മറ്റൊരു നോട്ടം മാത്രമാണ് അവനിൽ നിന്ന് കിട്ടിയത്. ഞാൻ പിന്നീടൊന്നും ചോദിച്ചില്ല. അവന്റെ തോളിൽ തട്ടി ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോയി. ചൂടുള്ള ചപ്പാത്തിയും കുറുമയും റെഡിയായിട്ടുണ്ട്.ഭക്ഷണ ശേഷം യാത്ര തുടർന്നു. മഞ്ഞു മൂടിക്കിടക്കുന്ന മലഞ്ചെരുവുകളിലൂടെ ചെങ്കുത്തായ കയറ്റങ്ങൾ സ്കോർപ്പിയോ അനായാസമായി കയറുന്നുണ്ട്. ദേവദാരുവും കുത്തനെ വളർന്നു നില്ക്കുന്ന പൈൻ മരങ്ങളുമാണ് റോഡിനിരുവശവും. കൊടും തണുപ്പിനാൽ മഞ്ഞുറഞ്ഞ് കിടക്കുന്ന ഗുൽമാർഗിൽ സ്ഥിരതാമാസക്കാരില്ല എന്നും ടൂറിസ്റ്റുകളെ ആശ്രയിച്ചു കഴിയുന്ന വ്യാപാരികളും റിസോർട്ടുകകളും മാത്രമേയുള്ളുവെന്നും ഡ്രൈവർ രത്തൻ സിംഗ് പറഞ്ഞു. മുന്നോട്ട് പോകും തോറും പരിസരങ്ങളിലെ മഞ്ഞു പാളികളുടെ കനവും തോതും വർദ്ധിച്ചു വന്നു. മൂന്ന് മണിയോടെ ഗുൽമാർഗിലെത്തി. ആകാശം മുട്ടി നിൽക്കുന്ന ഹിമക്കരടികൾ പോലെ കൂറ്റൻ പർവത നിരകൾ മുന്നിൽ. അവയുടെ മുകളിലേക്ക് റോപ്പ് വേയിലൂടെ കേബിൾ കാറുകൾ ഇഴഞ്ഞു നീങ്ങുന്നു. വിദേശികളും സ്വദേശികളുമായ നിരവധി ടൂറിസ്റ്റുകൾ.. ചിലർ കുതിരപ്പുറത്ത് സവാരി നടത്തുന്നു. മറ്റു ചിലർ  ടീ ഷോപ്പുകളിൽ നിന്ന് ചൂടുള്ള ചായ നുണയുന്നു. മഞ്ഞു മലയിൽ കയറണമെങ്കിൽ അതിനു പ്രത്യേകം റബ്ബർ ഷൂ ധരിക്കണമെന്ന് പയ്യൻ മുഹമ്മദ്‌ കൂലൂ പറഞ്ഞു. അവ വാടകയ്ക്ക് നല്കുന്ന കടകളുണ്ട്. അവൻ എല്ലാവർക്കും കട്ടിയുള്ള റബ്ബർ കാലുറകൾ കൊണ്ട് വന്നു.ഗൊണ്ടോല എന്ന പേരിലാണ് ഈ കേബിൾ കാറുകൾ വിളിക്കപ്പെടുന്നത്. ജമ്മു കാശ്മീർ ടൂറിസം വകുപ്പ് ഫ്രഞ്ച് കമ്പനിയായ പൊമഗാൾസ്കിയുമായി സഹകരിച്ചാണ് പതിനാലായിരം അടി ഉയരത്തിലുള്ള കൊങ്ങ്ഡൂർ പർവത നിരയിലേക്ക് റോപ് വേ നിർമ്മിച്ചത്‌. ഹിമാലയ നിരകളിലെ അഫർവാത്ത് ഗിരിയുടെ ഭാഗമാണ് കൊങ്ങ്ഡൂർ. രണ്ട് സ്റ്റേഷനുകളാണ് ഈ യാത്രയിൽ ഉള്ളത്. താരതമ്യേന ഉയരം കുറഞ്ഞ ആദ്യ സ്റ്റേഷനിൽ പോയി തിരിച്ചു വരുവാൻ ഒരാൾക്ക്‌ മുന്നൂറ് രൂപയാണ് ഫീസ്‌. ഏറ്റവും മുകളിലുള്ള രണ്ടാമത്തെ ഹിമപർവതത്തിലേക്ക് അഞ്ഞൂറ് രൂപയും. ഒരു കേബിൾ കാറിൽ മൂന്ന് മുതൽ ആറ് പേർക്ക് വരെ ഇരിക്കാം. മഞ്ഞു മലകൾക്ക് മുകളിലൂടെയുള്ള ആ യാത്ര മറക്കാനാവാത്ത ഒരു അനുഭവമാണ്. ഒരു റോപ്പിലൂടെ ഞങ്ങൾ മുകളിലേക്ക് കയറുമ്പോൾ മറ്റൊരു റോപ്പിലൂടെ യാത്ര കഴിഞ്ഞ് മടങ്ങുന്ന കാറുകൾ.. ഗൊണ്ടോലയുടെ ഗ്ലാസ്സിന് മുകളിൽ ചെറിയ മഞ്ഞു കട്ടകൾ വന്നിടിക്കുന്നുണ്ട്. ഏതാണ്ട് പതിനഞ്ച് മിനുട്ട് നേരമെടുത്തു പർവത മുകളിലെത്താൻ. ഞങ്ങൾ ഗൊണ്ടോലയിൽ നിന്ന് ഇറങ്ങുമ്പോൾ നൂറുകണക്കിന് ടൂറിസ്റ്റുകൾ അവിടെയുണ്ട്. മഞ്ഞു മലകളിൽ ഓടിക്കളിക്കുന്നവർ.. ഫോട്ടോയെടുക്കുന്നവർ. മഞ്ഞു കട്ടകൾ പരസ്പരം എറിഞ്ഞു കളിക്കുന്നവർ. കുതിര സവാരി, സ്കീയിംഗ്,  ഗോൾഫ്, ചൂടുള്ള ഭക്ഷണം തുടങ്ങി എല്ലാം അവിടെയുണ്ട്. കയ്യിലുള്ള കാശിന് അനുസരിച്ച് എന്ത് വേണമെങ്കിലുമാവാം.നമസ്കാര സമയമായപ്പോൾ അതവിടെ വെച്ചു തന്നെ ആകാം എന്ന് തീരുമാനിച്ചു. പക്ഷേ പയ്യൻ കൂലൂ ഉടക്കിട്ടു. 'ഇവിടെയൊന്നും വൃത്തിയുണ്ടാവില്ല'. 'അത് കുഴപ്പമില്ല. ഉള്ള വൃത്തി മതി' എന്ന് ലത്തീഫ്ക്ക പറഞ്ഞു. അപ്പോൾ ഷൂ ഇട്ടാണോ നമസ്കരിക്കുന്നത് എന്നായി. മൈനസ് ഡിഗ്രീയുള്ള ഈ മഞ്ഞു മലയിൽ ഷൂ ഊരി നിന്നാൽ അഞ്ച് മിനുട്ട് കൊണ്ട് തണുപ്പ് 'മെഡുല ഒബ്ലംഗേറ്റ'യിൽ എത്തും. (ഹൈസ്കൂൾ ക്ലാസ്സിൽ പഠിച്ച ബയോളജിയിൽ ഇപ്പോഴും മങ്ങാതെ നില്ക്കുന്നത് ഈ 'ഒബ്ലംഗേറ്റ' മാത്രമാണ്). ഇത്തരം സന്ദർഭങ്ങളിൽ ഷൂ ഇട്ടു നമസ്കരിക്കാം എന്ന് പറഞ്ഞപ്പോൾ 'മുസല്ല'യില്ലല്ലോ എന്നായി പയ്യൻ. ചുരുക്കത്തിൽ അവന് നമസ്കരിക്കാനുള്ള പരിപാടിയില്ല എന്ന് മനസ്സിലായി. ഞങ്ങളുടെ കയ്യിലുള്ള സാധനങ്ങളെല്ലാം അവനെ ഏല്പിച്ചു നമസ്കരിക്കാൻ നിന്നു.

നമസ്കാരം തുടങ്ങിയപ്പോഴാണ് എന്റെ മനസ്സിലേക്ക് ഒരു ചിന്ത പാഞ്ഞെത്തിയത്‌. (എല്ലാ ചിന്തയും പാഞ്ഞെത്താറുള്ളത് അപ്പോഴാണല്ലോ). പയ്യൻ സാധനങ്ങളുമായി കടന്നു കളയുമോ? വില കൂടിയ മൊബൈലുകളും ക്യാമറകളുമുണ്ട്. ഉള്ളത് പറയാമല്ലോ നമസ്കാരത്തിൽ ഞാൻ ഇടം കണ്ണിട്ട്‌ നോക്കി. (പടച്ചോൻ പൊറുക്കട്ടെ). പയ്യൻ പരിസരത്തു തന്നെയുണ്ട്‌. സുജൂദിൽ പോയി എഴുന്നേറ്റു കഴിഞ്ഞപ്പോൾ അവനെ കാണുന്നില്ല. ഇത് വരെ എടുത്ത ഫോട്ടോകളും ബേഗും മൊബൈലുകളും പണവുമെല്ലാം സ്വാഹ.. ഒരു വിധം നമസ്കാരം കഴിച്ചു തിരിഞ്ഞു നോക്കിയപ്പോൾ പയ്യൻ അല്പം പിറകിലായി ഫോട്ടോയെടുത്ത് കൊണ്ടിരിക്കുന്നു. അവൻ ഓടി വന്നു എടുത്ത ഫോട്ടോകൾ കാണിച്ചു തന്നു. ഞങ്ങൾ നമസ്കരിക്കുന്നതിന്റെ വിവിധ ഫോട്ടോകൾ.. അടുത്തു നിന്നും അകലെ നിന്നും എടുത്തവ. പാവം. വെറുതെ തെറ്റിദ്ധരിച്ചു!!.

ഏതാണ്ട് രണ്ടു മണിക്കൂറോളം ആ പർവത ശിഖരത്തിൽ ചിലവഴിച്ച ശേഷം ഞങ്ങൾ മടങ്ങി. കാശ്മീരും അവിടത്തെ ജനതയും ആ മണ്ണിന്റെ മനോഹാരിതയും വാക്കുകൾക്ക് അതീതമാണ്. തീവ്രവാദികളുടെ വിളയാട്ടവും പട്ടാളത്തിന്റെ വൻ സാന്നിധ്യവുമില്ലാത്ത ഒരു സമാധാന ഭൂമിയായി ഇവിടം മാറിയിരുന്നുവെങ്കിലെന്ന് ഈ മണ്ണിലൂടെ കടന്നു പോകുന്ന ആരും കൊതിച്ചു പോകും. തിരിച്ചു പോരുമ്പോൾ ഗൈഡ് പയ്യൻ കൂലൂവിനെ അവനെ കയറ്റിയ അതേ സ്ഥലത്ത് തന്നെ (ടംഗ് മാർഗ്) ഞങ്ങൾ ഇറക്കി. അവൻ ചോദിച്ചതിലും ഇരുനൂറ് രൂപ അധികം നൽകി. നോട്ടുകൾ എണ്ണിനോക്കി അവൻ വെളുക്കെ ചിരിച്ചു. പിന്നെ കൈവീശി ഞങ്ങളെ യാത്രയയച്ചു.  അങ്ങകലെ താഴ്വരയിൽ റാന്തൽ വിളക്കുകൾ മുനിഞ്ഞ് കത്തുന്ന കൊച്ചു കുടിലുകൾ പൊട്ടുകൾ പോലെ കാണാം. പയ്യൻ ആ ഭാഗത്തേക്ക് നടന്ന് പോകുന്നത് കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിന്നു. അതിലേതോ ഒരു കുടിലിൽ അവൻ വരുന്നതും കാത്ത് ഒരു കുടുംബം കാത്തിരിക്കുന്നുണ്ടാവണം. ടൂറിസ്റ്റുകളിൽ നിന്ന് വല്ലപ്പോഴും കിട്ടുന്ന നാണയത്തുട്ടുകളാണല്ലോ അവരിൽ പലരുടെയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. നേരം ഇരുട്ടിത്തുടങ്ങുന്നുണ്ട്. രാത്രി വൈകുന്നതിന് മുമ്പ് ദാൽ തടാകത്തിലെ ഹൗസ് ബോട്ടിലെത്തണം. രത്തൻ സിംഗ് വണ്ടിയുടെ സ്പീഡ് കൂട്ടി. കീർത്തിചക്രയിലെ കശ്മീർ ഗാനം സ്റ്റീരിയോയിൽ നിന്ന് മെല്ലെ കേൾക്കാം..

ഖുദാ സേ മന്നത്ത് ഹേ മേരി
ലോട്ടാ ദേ ജന്നത്ത് വോ മേരി..

(ഇവിടെയും വായിക്കാം - ഇന്ത്യാവിഷൻ ലൈവ്)

Related Posts
ദാല്‍ തടാകത്തിലെ രണ്ടു രാത്രികള്‍  
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്
ഇടുക്കി ഡാമിന്റെ വിസ്മയക്കാഴ്ചകളിലേക്ക്
ഹിറാ ഗുഹയില്‍ ഒരു രാത്രി
ചെങ്കടലില്‍ ഒരു ബ്ലോഗ്‌ മീറ്റ്‌
മക്കയില്‍ നിന്ന് ചുള്ളിമാനൂരിലേക്ക് ബസ്സുണ്ടോ?