പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി

പഞ്ചാബിലെ ഖാദിയാനില്‍ എനിക്കൊരു സുഹൃത്തുണ്ട്. മിസ്റ്റര്‍ ഖുല്‍ബൂഷന്‍ സുലോത്ര. നാട്ടുകാര്‍ ലഡ്ഢി മാസ്റ്റര്‍ എന്നും മാസ്റ്റര്‍ജി എന്നും വിളിക്കും. ഖാദിയാന്‍ സ്കൂളിലെ പഞ്ചാബി ഭാഷാധ്യാപകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വീട്ടിലാണ് കഴിഞ്ഞ ഏപ്രിലില്‍  ഞാന്‍ രണ്ടു ദിവസം താമസിച്ചത്. മനസ്സില്‍ മായാതെ നില്‍ക്കുന്ന രണ്ടു ദിനരാത്രങ്ങള്‍. അയോധ്യ തര്‍ക്കവും കോടതി വിധിയെത്തുടര്‍ന്നുള്ള സംവാദങ്ങളും മനസ്സിനെ ആലോസരപ്പെടുത്തുമ്പോള്‍ ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് ഖുല്‍ബൂഷന്‍ജിയുടെ മുഖമാണ്. എന്റെ ജ്യേഷ്ഠന്‍ റസാഖും അനിയന്‍ ഉമ്മറും ചേര്‍ന്ന് നടത്തുന്ന എഞ്ചിനീയറിംഗ് സ്ഥാപനത്തിന് പഞ്ചാബിലെ ഖാദിയാനില്‍ ഒരു വര്‍ക്ക്‌ സൈറ്റുണ്ട്. ആ സൈറ്റ്‌ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഖാദിയാനില്‍ എത്തിയത്. മനോഹരമായ ഒരു ഗ്രാമമാണ് ഖാദിയാന്‍.

ലോകത്ത്‌ ഏറെയൊന്നും  അനുയായികളില്ലാത്ത ഒരു വിശ്വാസ വിഭാഗമായ ഖാദിയാനികളുടെ സ്ഥാപകന്‍ മിര്‍സ ഗുലാം അഹമ്മദ്‌ ഖാദിയാനി ഈ ഗ്രാമത്തിലാണ് ജനിച്ചത്. മുഹമ്മദ്‌ നബിക്ക് ശേഷം ഇസ്‌ലാമിലെ പ്രവാചകത്വം അവകാശപ്പെട്ട് രംഗത്ത് വന്ന അദ്ദേഹത്തിന്റെ വീടും ജനിച്ച റൂമും കബറിടവുമെല്ലാം മാസ്റ്റർജിയോടോത്ത് ഞാന്‍ സന്ദര്‍ശിച്ചു.കേരളത്തില്‍ നിന്നുള്ള ഒരു പത്രപ്രവര്‍ത്തകന്‍ ആണെന്നാണ്‌ എന്നെ മാസ്റ്റര്‍ജി പരിചയപ്പെടുത്തിയത്. അതോടെ എല്ലാ സ്ഥലവും കാണിച്ചുതരാനും അതിന്റെ ചരിത്ര പാശ്ചാത്തലങ്ങള്‍ വിശദീകരിച്ചു തരുവാനും ഖാദിയാന്‍ ട്രസ്റ്റിന്റെ സെക്രട്ടറിതന്നെ ഞങ്ങളുടെ കൂടെ കൂടി. നേരിയ ചാറ്റല്‍ മഴ വകവെക്കാതെ അവരുടെ സ്കൂളും ഓഫീസും എന്ന് വേണ്ട സകല സ്ഥലങ്ങളിലും ഞങ്ങളെ കൊണ്ട് പോയി. ഖാദിയാന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ വര്‍ക്ക് ചെയ്യുന്ന കൊടുവള്ളിക്കാരന്‍ കാര്യങ്ങള്‍ മലയാളത്തില്‍ പറഞ്ഞു മനസ്സിലാക്കിത്തരാന്‍ കൂടെ വന്നു. പോരാത്തതിന് അവരുടെ ഓഫീസില്‍ ഇരുത്തി സെക്രട്ടറിയുടെ വക ഒരു പഠന ക്ലാസ്സ്‌. ഉച്ചഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന കര്‍ശന ഉത്തരവും. മാസ്റ്റര്‍ജിയോടുള്ള ബഹുമാന സൂചകമായാണ് അദ്ദേഹത്തിന്റെ അതിഥികളായ ഞങ്ങളോടുള്ള ഈ പ്രത്യേക പരിഗണന.

ഖുല്‍ബൂഷന്‍ജിയുടെ വീട്. 

മിര്‍സാ ഗുലാം അഹമദ് ഖാദിയാനിയുടെ കബറിടം ആണ് പിറകില്‍.
സ്വര്‍ഗ്ഗപ്പൂന്തോപ്പ് എന്നാണ് ഖാദിയാനികള്‍ ഈ പ്രദേശത്തെ വിളിക്കുന്നത്‌.

മിര്‍സാ ഗുലാം ഖാദിയാനി ഈ റൂമില്‍ പിറന്നു വീണു
എന്ന് ബോര്‍ഡില്‍ എഴുതി വെച്ചിട്ടുണ്ട്. 

ഗോതമ്പും ചോളവും കരിമ്പും വിളഞ്ഞ് നില്‍ക്കുന്ന ഒരു പാടശേഖരത്തിന് നടുവിലാണ് മാസ്റ്റര്‍ജിയുടെ വീട്. പഞ്ചാബില്‍ ഉടനീളം ഇത്തരം കൃഷിത്തോട്ടങ്ങള്‍ കാണാം. കുടുംബാംഗങ്ങള്‍ ഒന്നിച്ചു വയലുകളില്‍ പണിയെടുക്കുന്നത് പതിവ് കാഴ്ച. ഉയര്‍ന്ന ജോലികളുള്ള ആളുകള്‍ പോലും രാവിലെ  കൃഷിയിടത്തില്‍ അല്പം വിയര്‍പ്പൊഴുക്കിയ ശേഷമേ ജോലിക്ക് പോകൂ. മാസ്റ്റര്‍ജിക്കും വിശാലമായ കൃഷിയിടമുണ്ട്. ഖാദിയാനിലെ വര്‍ക്ക്‌ സൈറ്റിനോട് ചേര്‍ന്ന് ജ്യേഷ്ഠന്‍ റസാഖിന്  താമസവും മറ്റു സൗകര്യങ്ങളുമൊക്കെ ഒരുക്കിക്കൊടുത്തത് മാസ്റ്റര്‍ജിയാണ്. ഞങ്ങള്‍ക്ക് നഗരത്തില്‍ റൂം ബുക്ക്‌ ചെയ്യാന്‍ റസാഖിനെ അനുവദിക്കാതെ സ്വന്തം വീട് ഞങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുകയാണ് പുള്ളി. അതിഥികളെ ഇത് പോലെ സ്വീകരിക്കുന്ന ഒരു മനുഷ്യനെ എന്റെ ജീവിതത്തില്‍ ഇന്നോളം  കണ്ടിട്ടില്ല. ഡല്‍ഹിയില്‍ നിന്നുള്ള ശതാബ്ദി എക്സ്പ്രസ്സിന് രാത്രി എട്ട് മണിക്ക് എത്തിയ ഞങ്ങളെക്കാത്ത് പഞ്ചാബി വിഭവങ്ങളുടെ ഒരു വലിയ നിര തന്നെ അദ്ദേഹം വീട്ടില്‍ തയ്യാര്‍ ചെയ്തിരുന്നു.  ഞങ്ങള്‍ക്ക് ഇഷ്ടംപോലെ വീട് ഉപയോഗിക്കുന്നതിന് വേണ്ടി ഭാര്യയേയും മക്കളേയും രാത്രി സമീപത്തെ ഭാര്യ വീട്ടിലേക്ക് പറഞ്ഞയച്ചു.

 
ഖുല്‍ബൂഷന്‍ജിയും കുടുംബവും

മാസ്റ്റര്‍ജി തികഞ്ഞ ഹൈന്ദവ ഭക്തനാണെന്ന് വീട് കണ്ടപ്പോള്‍ മനസ്സിലായി. ചുവരുകളിലൊക്കെ ഇഷ്ട ദൈവങ്ങളുടെ ചിത്രങ്ങളുണ്ട്. അദ്ദേഹത്തിന്‍റെ കിടപ്പ് മുറിയിലാണ് ഞാന്‍ രാത്രി ഉറങ്ങിയത്. മറ്റു റൂമുകളില്‍ എന്‍റെ വലിയ ജ്യേഷ്ഠന്‍ മുഹമ്മദും എളാപ്പമാരും കിടന്നു. എന്നെ നിര്‍ബന്ധിച്ച് അദ്ദേഹത്തിന്റെ കിടപ്പ് മുറിയില്‍ ആക്കിയതാണ്. പുള്ളിയാകട്ടെ പുറത്തെ വരാന്തയിലും. യാത്രാക്ഷീണം കാരണം പെട്ടെന്നുറങ്ങി. രാവിലെ ബെഡ് കോഫിയുമായി മാസ്റ്റര്‍ജി വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. കോഫി ടേബിളില്‍ വെച്ചു അദ്ദേഹം പറഞ്ഞു. "ജനാബ്, നമാസ് കാ ടൈം ഹോഗയാ..ഇദര്‍സേ പഡ് ലീജിയേ"കിടപ്പ് മുറിയോടു ചേര്‍ന്നുള്ള അദ്ദേഹത്തിന്റെ പൂജാസ്ഥലം  ചൂണ്ടിക്കാട്ടിയാണ് എന്നോട് സുബ്ഹി നമസ്കാരം നിര്‍വഹിക്കാന്‍ പറയുന്നത്. സത്യത്തില്‍ എന്റെ കണ്ണ് നിറഞ്ഞു പോയി. വിഭജന കാലത്ത് പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്ന ഒരു കുടുംബത്തില്‍ പിറന്ന പൂര്‍ണ ഹൈന്ദവ വിശ്വാസിയായ അദ്ദേഹം സ്വന്തം പൂജാ മുറി ഒരു മുസ്ലിമിന് നമസ്കാരത്തിനായി വിട്ടു കൊടുക്കുന്നു. “നഹി.. മേ ഇദര്‍ സേ പഡ് ലൂംഗാ..” ഞാന്‍ കിടപ്പ് മുറിയില്‍ തന്നെ നമസ്കരിക്കാമെന്ന് പറഞ്ഞു. ഉടനെ അലമാറയില്‍ അലക്കി വൃത്തിയാക്കി വെച്ച ഒരു വിരിപ്പെടുത്ത് ആദരപൂര്‍വ്വം നിലത്ത് വിരിച്ചു തന്നു.

മക്കയിലെയും മദീനയിലെയും വിശുദ്ധ പള്ളികളില്‍ ഞാന്‍ പല തവണ നമസ്കരിച്ചിട്ടുണ്ട്.  പക്ഷേ ആ പഞ്ചാബി ഹൈന്ദവ സുഹൃത്തിന്റെ കിടപ്പ് മുറിയില്‍ അദ്ദേഹം വിരിച്ചു തന്ന വിരിപ്പില്‍ നമസ്കരിച്ച ആ നമസ്കാരമാണ് എന്‍റെ മനസ്സില്‍ മായാതെ നില്‍ക്കുന്നത്. അയോധ്യ വിധിയുടെ വൈകാരികത മുറ്റി നിന്ന നിമിഷങ്ങളില്‍ ഞാന്‍ മാസ്റ്റര്‍ജിയെ ഓര്‍ത്തത് അത് കൊണ്ടാണ്. പള്ളിയോ അമ്പലമോ എന്ന തര്‍ക്കം ഇന്ത്യയിലെ രണ്ടു മത വിഭാഗങ്ങള്‍ക്കിടയില്‍ എന്ത് മാത്രം മുറിവുകളുണ്ടാക്കി എന്നതിന് വര്‍ത്തമാന ഇന്ത്യ സാക്ഷിയാണ്. എന്നാല്‍ ആ മുറിവുകളെയൊക്കെ ഇന്ത്യ അതിജയിക്കുന്നത് ഇത്തരം നല്ല മനുഷ്യരുടെ മനസ്സിന്റെ പിന്‍ബലം കൊണ്ടാണ്. പള്ളിയോ അമ്പലമോ എന്നതല്ല പ്രശ്നം, ബാബറി മസ്ജിദോ രാമജന്മ ഭൂമിയോ എന്നതുമല്ല പ്രശ്നം , മനസ്സിനുള്ളില്‍ ദൈവമുണ്ടോ എന്നതാണ്. മാസ്റ്റര്‍ജിയുടെ മനസ്സിനുള്ളില്‍ ദൈവത്തിന്റെ പ്രകാശമുണ്ട്. ആ പ്രകാശമാണ് എന്നെ സുബഹി നമസ്കരിക്കാന്‍ വിളിച്ചുണര്‍ത്തിയത്. ആ പ്രകാശമാണ് എനിക്ക് നമസ്കാരപ്പായ വിരിച്ചു തന്നത്. ആ പ്രകാശം തന്നെയാണ് നമ്മുടെ മണ്ണിന്റെ കരുത്ത്. ആ മണ്ണിനെ വിദ്വേഷത്തിന്റെ ഭൂമികയാക്കാന്‍ നാം ആരെയും അനുവദിച്ചു കൂട.

തിരിച്ചു പോരുന്ന ദിവസം രാവിലെ പുറത്തിറങ്ങാന്‍ നോക്കുമ്പോള്‍ എന്റെ ഷൂവിന് പതിവില്ലാത്ത തിളക്കം. പൂമുഖത്തു വെച്ച  ഞങ്ങള്‍ എല്ലാവരുടെ ഷൂവും വെട്ടിത്തിളങ്ങുന്നുണ്ട്. അതിരാവിലെ എഴുന്നേറ്റ് ഖുല്‍ബൂഷന്‍ജി ചെയ്ത പണി ഞങ്ങളുടെ ഷൂ പോളീഷ് ചെയ്യുകയാണ്!!!.  രണ്ടേ രണ്ടു ദിവസം കൊണ്ട് അദ്ദേഹം ഞങ്ങളുടെയൊക്കെ മനസ്സില്‍ വല്ലാതെ കയറിക്കൂടിക്കളഞ്ഞു. യാത്ര പറഞ്ഞു പോരുമ്പോള്‍ എല്ലാവര്ക്കും വല്ലാത്ത സങ്കടം. അദ്ദേഹത്തിന് കൈ കൊടുത്തപ്പോള്‍ എന്റെ കൈ വിറച്ചു. ആ കൈകള്‍ എനിക്ക് വിടാന്‍ തോന്നിയില്ല. സത്യം.. കുറച്ച് ദിവസം ഒന്നിച്ചു കഴിയാന്‍ അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കണമെന്ന് ഞാന്‍ ജ്യേഷ്ഠനോട് പറഞ്ഞിട്ടുണ്ട്.

(കൂടുതല്‍ യാത്രകളിലേക്ക് ഈ വഴി പോകാം )

Related Posts
ഖുല്‍ബൂഷന്‍ജി മാതൃഭുമി വാരികയില്‍ 
ഖുല്‍ബൂഷന്‍ജി വള്ളിക്കുന്നില്‍