ഖുല്‍ബൂഷന്‍ജി വള്ളിക്കുന്നില്‍

രാഷ്ട്രീയവും പൊതുവിഷയങ്ങളും എഴുതുന്നതിനിടയില്‍ വ്യക്തിപരമായി ഞാനേറെ വിലമതിക്കുന്ന ഒരു കാര്യം എഴുതാന്‍ വിട്ടു പോയി. ഖുല്‍ബൂഷന്‍ജിയുടെ വള്ളിക്കുന്ന് സന്ദര്‍ശനം. പഞ്ചാബിലേക്ക് തിരിച്ചു പോയ ശേഷം അദ്ദേഹം അയച്ചു തന്ന കവിത പേഴ്സണല്‍ ഫോള്‍ഡറില്‍ ഇപ്പോഴുമുണ്ട്. ആ കവിതയാണ് ഖുല്‍ബൂഷന്‍ജിയെക്കുറിച്ച് എഴുതിയില്ലല്ലോ എന്ന് വീണ്ടും ഓര്‍മപ്പെടുത്തിയത്. മനസ്സ് മടുപ്പിക്കുന്ന വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ വല്ലപ്പോഴും നല്ല ഓര്‍മകളും പങ്കു വെക്കണമല്ലോ.. ഖുല്‍ബൂഷന്‍ സലോത്രയെക്കുറിച്ച് മുമ്പ് എഴുതിയിരുന്നത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകുമെന്നു കരുതുന്നു. രണ്ടു ദിവസം പഞ്ചാബിലെ അദ്ദേഹത്തിന്‍റെ വീട്ടില്‍ താമസിച്ച ഓര്‍മ്മകളായിരുന്നു ആ പോസ്റ്റില്‍ പങ്കു വെച്ചിരുന്നത്. (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അത് പുന:പ്രസിദ്ധീകരിച്ചു വരികയുമുണ്ടായി) കുറച്ചു ദിവസം ഞങ്ങളോടൊത്തു കഴിയാന്‍ കേരളത്തിലേക്ക് വരണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് അന്ന് പിരിഞ്ഞു പോന്നത്. പല പ്രാവശ്യം വിളിച്ചെങ്കിലും അദ്ദേഹത്തിന്‍റെ തിരക്കുകള്‍ കാരണം അത് നടന്നിരുന്നില്ല.

അന്നത്തെ യാത്രയില്‍ കൂടെയുണ്ടായിരുന്ന ജേഷ്ഠന്‍ മുഹമ്മദിന്റെ മകന്‍ സഹീറിന്റെ കല്യാണം നിശ്ചയിച്ചപ്പോള്‍ ഞങ്ങള്‍ ആദ്യം ക്ഷണിച്ചത് മാസ്റ്റര്‍ജി എന്ന് വിളിക്കുന്ന ഖുല്‍ബൂഷന്‍ജിയെ ആയിരുന്നു. കല്യാണത്തിനു മൂന്ന് ദിവസം മുമ്പ് തന്നെ മാസ്റ്റര്‍ജി എത്തി. മകള്‍ക്ക് അസുഖമായിരുന്നതിനാല്‍ കുടുംബത്തെ കൂടെ കൂട്ടാന്‍ പറ്റിയില്ല. പക്ഷെ മൂത്ത ജേഷ്ഠനെയും കൊണ്ടാണ് പഞ്ചാബിലെ ഖാദിയാനില്‍ നിന്നും അദ്ദേഹം എത്തിയത്. പിന്നീടങ്ങോട്ട് നാല് ദിവസം അവര്‍ രണ്ടു പേരും ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി മാറി എന്ന് പറയുന്നതാകും ശരി. പഞ്ചാബികളാണെന്നു പറഞ്ഞിട്ട് കുട്ടികള്‍ക്കൊന്നും വിശ്വാസമില്ല. പഞ്ചാബി ഹൗസിലെ ജനാര്‍ദ്ദനന്റെയും ലാലിന്റെയും ടര്‍ബനും വട്ടത്താടിയുമാണ് അവരുടെ മനസ്സില്‍. മാസ്റ്റര്‍ജിക്ക് ഇത് രണ്ടുമില്ല. വിഭജനകാലത്ത് പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് പാലായനം ചെയ്യേണ്ടി വന്ന ഹൈന്ദവ കുടുംബത്തിലെ അംഗമാണദ്ദേഹം.

തുടക്കത്തിലേ അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് കേരള ഭക്ഷണം മാത്രം മതിയെന്ന്. പക്ഷേ വെജിറ്റേറിയന്‍ ആവണമെന്ന് മാത്രം. ഞങ്ങളുടെ വീട്ടിലാണെങ്കില്‍ വെജിറ്റേറിയന്‍ അല്ലാത്ത മറ്റെന്തും കിട്ടും എന്നതാണവസ്ഥ. ഐക്യരാഷ്ട്രസഭ ഇടപെട്ട് മീനും ഇറച്ചിയും വെജിറ്റേറിയന്‍ വിഭാഗത്തില്‍ ഉള്‍പെടുത്തിയാല്‍ മാത്രമേ ഞങ്ങള്‍ക്ക് ദിവസം ഒരു നേരമെങ്കിലും വെജിറ്റേറിയനാവാന്‍ പറ്റൂ. മാത്രമല്ല, ഞങ്ങളുടെ തറവാട്ടിലെ പത്തു പതിനഞ്ചു വീട്ടുകാര്‍ കല്യാണം പ്രമാണിച്ച് ഏതാണ്ട് ഒരാഴ്ചയോളമായി ജേഷ്ഠന്റെ വീട്ടില്‍ തന്നെയാണ്. എളാപ്പയുടെ നേതൃത്വത്തില്‍ ഒരു ഭക്ഷണക്കമ്മറ്റിയും കുക്കുകളുമൊക്കെ സജീവമാണ്. അവരുടെ മെനുവിലാകട്ടെ പച്ച വെള്ളവും പപ്പടവും മാത്രമേ വെജിറ്റേറിയന്‍ ആയിട്ടുള്ളൂ. അതുകൊണ്ട് തന്നെ മാസ്റ്റര്‍ജിക്ക് വേണ്ടി അനിയന്റെ വീടും അവിടെയൊരു കുക്കിനെയും ഏര്‍പാടാക്കി.

ഞങ്ങള്‍ കല്യാണത്തിരക്കിലായതിനാല്‍ പരിസര പ്രദേശങ്ങള്‍ കാണിച്ചു കൊടുക്കാന്‍ വേണ്ടി ഹിന്ദി സംസാരിക്കാനറിയുന്ന സുഹൃത്തുക്കളെ ഏല്പിച്ചു.. വള്ളിക്കുന്ന് ബീച്ച്, കടലുണ്ടി പക്ഷിസങ്കേതം, കോഴിക്കോട്, ബേപ്പൂര്‍, കാപ്പാട് തുടങ്ങി അവര്‍ കഴിയുന്നത്ര സ്ഥലങ്ങള്‍ കറങ്ങി. കേരളീയ കാഴ്ചകള്‍ ആസ്വദിച്ച ആവേശത്തില്‍ ഇനി എവിടെയാണ് പോകാനുള്ളത് എന്ന് ഖുല്‍ബൂഷന്‍ജി ചോദിച്ചപ്പോള്‍ ഗുരുവായൂര്‍ അമ്പലത്തെക്കുറിച്ച് ഞങ്ങള്‍ പറഞ്ഞു. ഗുരുവായൂരിനെക്കുറിച്ച് അദ്ദേഹവും കേട്ടിട്ടുണ്ട്. രണ്ടാം ദിവസം അതിരാവിലെ ഗുരുവായൂരിലേക്ക്. രാത്രി തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു. എങ്ങിനെയുണ്ട് ക്ഷേത്രവും പരിസരവും.. "മാഷാ അള്ളാ .. ബഹുത് ബഡിയാ" ഏറെ വാചാലമായ രണ്ടു വാക്കുകള്‍.. പറഞ്ഞ രീതിയും അതിനുപയോഗിച്ച പദങ്ങളും അതിലേറെ അര്‍ത്ഥഗര്‍ഭം. ഗുരുവായൂര്‍ ക്ഷേത്രവും അദ്ദേഹത്തിന്‍റെ മാഷാ അള്ളായും ഒന്നിച്ചു ചേര്‍ന്നപ്പോഴുള്ള വാക്കുകളുടെ മാസ്മരികത ഒന്ന് വേറെത്തന്നെയായിരുന്നു.

ദിവസം ഒരമ്പത് പ്രാവശ്യമെങ്കിലും അദ്ദേഹം 'ബഹുത് ബഡിയാ' എന്ന് പറയും. എന്ന് വെച്ചാല്‍ അതി ഗംഭീരം എന്ന്. ഇവിടുത്തെ രീതികളും വിവാഹത്തിന്റെ ചടങ്ങുകലുമെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു  അദ്ദേഹത്തിന്റെ പ്രധാന പരിപാടി. കല്യാണ മണ്ഡപങ്ങള്‍ക്ക് പകരം വീട്ടിനു മുന്നില്‍ തന്നെ പന്തല്‍ കെട്ടിനടത്തുന്ന ഗ്രാമീണ വിവാഹ രീതി അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു എന്ന് പറയാം. 


 കല്യാണത്തലേന്ന് പന്തലില്‍ കുട്ടികളൊരു തട്ടുകട ഉണ്ടാക്കിയിരുന്നു. ഉപ്പിലിട്ടതായിരുന്നു അവിടത്തെ പ്രധാന വിഭവം. അതിന്റെ വിതരണവുമായി അവരോടോപ്പമായിരുന്നു അദ്ദേഹം കൂടുതല്‍ സമയവും. അതോടൊപ്പം സഹീറിന്റെ എഞ്ചിനീയറിംഗ് കോളേജിലെ സുഹൃത്തുക്കളുടെ ഒരു വലിയ ഗ്രൂപ്പ് തന്നെ അവിടെയുണ്ടായിരുന്നു. അവരുടെ പാട്ടും കളികളും അതോടൊപ്പം വീട്ടിലെ കൊച്ചു കുട്ടികളുടെ ഒപ്പനയുമെല്ലാം അദ്ദേഹം ശരിക്കും ആസ്വദിച്ചു എന്ന് പറയാം. രാത്രി ഉറങ്ങിയോ എന്ന് തന്നെ സംശയം. പക്ഷേ പിറ്റേ ദിവസം വളരെ നേരത്തെ തന്നെ റെഡിയായി പന്തലില്‍ എത്തിയിട്ടുണ്ട്. ഞങ്ങളെക്കാള്‍ സജീവമായിരുന്നു അദ്ദേഹം. അതിഥികളെ സ്വീകരിക്കാനും അവരെ ഉപചരിക്കാനും മാസ്റ്റര്‍ജി മുന്നില്‍. നിക്കാഹ് നടക്കുന്ന പെണ്‍വീട്ടിലേക്കു മുന്നില്‍ പോയതും അദ്ദേഹം തന്നെ. വിവാഹ പ്രസംഗം നടത്തിയത് എന്റെ അമ്മാവന്റെ മകന്‍ ടി പി ഹുസൈന്‍ കോയയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ഉടനെ പറഞ്ഞു. പ്രസംഗം 'ബഹുത് ബഡിയാ'!. അതിനു നിങ്ങള്‍ക്ക് വല്ലതും മനസ്സിലായോ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിയും രസകരമായിരുന്നു. പ്രസംഗം നടക്കുമ്പോള്‍ ഞാനെല്ലാവരുടെയും മുഖത്തു നോക്കുകയായിരുന്നു. അവരുടെ മുഖഭാവത്തില്‍ നിന്നും മനസ്സിലായി പ്രസംഗം  'ബഹുത് ബഡിയാ'!!.

at Coimbatore Airport

പഞ്ചാബിലെ വീട്ടില്‍ ഞങ്ങള്‍ക്ക് നല്‍കിയ ആതിഥ്യ മര്യാദയുടെ പത്തിലൊന്ന് തിരിച്ചു നല്‍കാന്‍ കഴിഞ്ഞുവോ എന്ന് സംശയമാണ്. എന്നാലും കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ യാത്രയയക്കുമ്പോള്‍ എന്നെയും ജേഷ്ഠനെയും കെട്ടിപ്പിടിച്ചു അദ്ദേഹം പറഞ്ഞു. 'ജീവിതത്തില്‍ ഒരിക്കലും മറക്കില്ല ഈ ട്രിപ്പ്‌.. ഞാന്‍ കുട്ടികളുമായി വീണ്ടും വരും". അവിടെ എത്തിയ ഉടനെ എനിക്കൊരു കവിത ഇമെയില്‍ ചെയ്തു തന്നു. സത്യം പറയാമല്ലോ, എനിക്കൊരു വരി പോലും മനസ്സിലായിട്ടില്ല. രാഷ്ട്രഭാഷ സംസാരിക്കാനറിയാം എന്നല്ലാതെ ഒരക്ഷരം കൂട്ടിയെഴുതാനോ വായിക്കാനോ എന്നൊക്കൊണ്ട് കഴിയില്ല. (സ്കൂളില്‍ എന്റെ ക്ലാസ്സില്‍ എനിക്കായിരുന്നു ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്!!).

മാസ്റ്റര്‍ജി ഈ കവിതയില്‍ എന്താണാവോ എഴുതിയിരിക്കുന്നത്?. ആര്‍ക്കെങ്കിലും വല്ലതും മനസ്സിലായിട്ടുണ്ടെങ്കില്‍ ഒന്ന് പരിഭാഷപ്പെടുത്തിത്തന്നാല്‍ കൊള്ളാം.!

Post update - 26.02.2013
ഈ കവിതയുടെ അര്‍ത്ഥം അറിയുക എന്നത് കൂടിയായിരുന്നു ഈ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. കമന്റ് കോളത്തില്‍ രണ്ടു വായനക്കാര്‍ അതിമനോഹരമായി അതിനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു. മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും. രണ്ടു പേരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. കമന്റ് കോളത്തില്‍ നിന്ന് ആ രണ്ടു പരിഭാഷകളും ഇവിടെ എടുത്തു ചേര്‍ക്കുന്നു.

ബ്ലോഗര്‍ കൊച്ചു കൊച്ചീച്ചി യുടെ മലയാള പരിഭാഷ.


"മലയാളിയോം കേ ദില്‍ മേ ബസേ ഹേ ദോ യാര്‍ പഞ്ചാബി"
(മലയാളികളുടെ മനസ്സില്‍ രണ്ടു പഞ്ചാബികള്‍ കുടിയിരിക്കുന്നു)
"ഖുശി മേ ഉന്‍കാ അംഗ് അംഗ് നാചേ ആംഖ് മചേ മതാബി"
(സന്തോഷം കൊണ്ട് അവരുടെ ഓരോ അവയവവും നൃത്തം ചെയ്യുന്നു, മിഴികള്‍ തിളങ്ങുന്നു)
"ഭാഷാവോ മേ ഭിന്നതാ ഹേ പര്‍ ദിലോം സേ ന ബാഗി"
(ഭാഷകളാല്‍ ഭിന്നര്‍ പക്ഷേ ഹൃദയത്താല്‍ സ്പര്‍ദ്ധയില്ലാത്തവര്‍)
"ഹം ഉന്‍കി ഈദ് മനായേ വഹ് മനായേ മാഘി"
(ഞങ്ങള്‍ അവരുടെ ഈദ് ആഘോഷിക്കുന്നു, അവര്‍ ഞങ്ങളുടെ മാഘോല്‍സവവും)
"സുന്ദര്‍ ആദര്‍ശ് ഔര്‍ കേരള്‍ സഭ്യതാ കാ, കര്‍തേ ഹേ സത്കാര്‍"
(ഉന്നതമായ ആദര്‍ശമുള്ളവര്‍ സുജനമര്യാദകളെ മാനിക്കുന്നവര്‍)
"ഖാനേ പീനേ മേം വിഭിന്നതായേം ഹേ, പര്‍ ദോനോം മേ സച്ചാ പ്യാര്‍"
(ഭക്ഷണപാനീയങ്ങളില്‍ വ്യത്യസ്തതയുണ്ടെങ്കിലും ഇരുകൂട്ടരിലും സത്യസന്ധമായ സ്നേഹമുണ്ട്)
"ഖുശിയോം മേ ഝൂംതേ ഫിര്‍തേ ലഗ്‌തേ ജൈസേ ശരാബി"
(സന്തോഷം കൊണ്ട് മദ്യപനേപ്പോലെ നൃത്തം ചെയ്തുനടക്കുന്നു)
"മലയാളിയോം കേ ദില്‍ മേ ബസേ ഹൈ ദോ യാര്‍ പഞ്ചാബി"
(മലയാളികളുടെ മനസ്സില്‍ രണ്ടു പഞ്ചാബികള്‍ കുടിയിരിക്കുന്നു)
"രിസ്തോം ക സമ്മാന്‍ ഹേ കര്‍തേ, സാഞ്ഝോം മേ ലപേടേ"
(ബന്ധങ്ങളെ ബഹുമാനിക്കുന്നു ബന്ധങ്ങളാല്‍ പൊതിയപ്പെട്ട ഇവര്‍)
"ഖുശി ഗമോം കോ ഹസ് ഹസ് കേ മനായേ, ഏക് സൂത്ര് മേ സമേടേ"
(സുഖദുഃഖങ്ങളെ സന്തോഷത്തോടെ ആഘോഷിക്കുന്നു, ഒരേ നൂലില്‍ കോര്‍ത്തുചേര്‍ത്ത പോലെ)
"തന്‍ കേ കാലേ മന്‍ കേ ഗോരേ ഗുണ്‍ ഭര്‍പൂര്‍ ദിമാഗി"
(കറുത്ത ശരീരവും ശുഭ്രമനസ്സുമുള്ള, തികഞ്ഞ ബുദ്ധിഗുണമുള്ളവര്‍)
"മലയാളിയോം കേ ദില്‍ മേ ബസേ ഹൈ ദോ യാര്‍ പഞ്ചാബി"
(മലയാളികളുടെ മനസ്സില്‍ രണ്ടു പഞ്ചാബികള്‍ കുടിയിരിക്കുന്നു)
"കുല്‍ഭൂഷന്‍ രബ് സേ ദുവായേ മാംഗേ ലഗേ ന ഗരം ഹവായേ"
(കുല്‍ഭൂഷന്‍ ഈശ്വരനോട് അനുഗ്രഹം യാചിക്കുന്നു, ഇവരില്‍ ഉഷ്ണവായു പതിക്കാതിരിക്കട്ടെ)
"ഉന്‍കി ഖാതിര്‍ദാരി കോ ഹം ദില്‍ സേ സാഥ് നിഭായേ"
(അവരുടെ ആതിഥേയത്വത്തോട് നമുക്ക് മനസ്സുകൊണ്ട് പങ്കുചേരാം)
"കാലി മിര്‍ച് ജീരാ നാരിയല്‍ കാജു വസ്തുവേം സഭി ഖ്വാബി"
(കുരുമുളക്, ജീരകം, നാളികേരം, കശുവണ്ടി എന്നീ വസ്തുക്കളെല്ലാം സ്വപ്നതുല്യം)
"മലയാളിയോം കേ ദില്‍ മേ ബസേ ഹൈ ദോ യാര്‍ പഞ്ചാബി"
(മലയാളികളുടെ മനസ്സില്‍ രണ്ടു പഞ്ചാബികള്‍ കുടിയിരിക്കുന്നു)


ബ്ലോഗര്‍ മലക്കിന്റെ ഇംഗ്ലീഷ്  പരിഭാഷ. 

In the heart of Keralites, resides 2 Punjabi friends,
With happiness their eyes glitter and they rejoice and dance
Although languages are different, but by heart they never revolt
We celebrate their festivals and so do they celebrate our festivals.

We love and respect their culture and customs
Although there is differences in cuisines, but there is true blondness.
In Happiness and joy, they roam while singing, dancing (looking intoxicated)
In the heart of Keralites, resides 2 Punjabi friends.

They respect their relations and bonded in them truly,
Whether happiness or sorrows, they are always bind and celebrate together
Bodily dark, but from heart they are pure and with intelligent brains
In the heart of Keralalites, resides 2 Punjabi friends.

Kulbhusan through prayers, wishes that you never be influenced by hot air (bad times)
We want to reach your hospitality expectations
We remember the food and the spices and the delicacies
In the heart of Keralites, resides 2 Punjabi friends.


Related Posts