ഇടുക്കി ഡാമിന്റെ വിസ്മയക്കാഴ്ചകളിലേക്ക്

ഇടുക്കി ഡാം ഒരടിപൊളി സംഭവമാണ്. വെറുതെ ഒരു കാച്ചു കാച്ചുകയല്ല, കണ്ടു വന്നു പറയുകയാണ്‌. വളരെ അവിചാരതമായാണ് ഈ ഓണക്കാലത്ത് ഞാനും കുടുംബവും ഡാമിന് മുകളില്‍ എത്തിയത്. കൊല്ലത്തില്‍ രണ്ടു തവണ മാത്രമേ ഡാം സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കൂ. ഓണക്കാലത്തും ക്രിസ്തുമസ് കാലത്തും. (ലീഗ് ഇടപെട്ടു പെരുന്നാള്‍ കാലത്ത് കൂടി തുറന്നു കൊടുപ്പിക്കാന്‍ ഉത്തരവുണ്ടായാല്‍ മൂന്നു തവണ ആയിക്കിട്ടും). തേക്കടിയിലേക്കുള്ള ഒരു യാത്രക്കിടയിലാണ് 'ഇടുക്കി ഡാം സന്ദര്‍ശകര്‍ക്ക് ഇന്ന് മുതല്‍ തുറക്കുന്നു' എന്ന പത്രവാര്‍ത്ത കണ്ടത്. എന്നാല്‍ പിന്നെ അങ്ങോട്ട്‌ വെച്ചു പിടിക്കാം എന്ന് ബസ്സിന്റെ ഡ്രൈവറോട് പറഞ്ഞു. റൂട്ട് ചെറിയ സംശയമുണ്ടെന്ന് ഡ്രൈവര്‍ . ഗൂഗിള്‍ ഉണ്ട്, പേടിക്കേണ്ട എന്ന് ഞാന്‍ .

ഇടുക്കിയിലെ മലനിരകള്‍ക്കിടയിലൂടെ ഗൂഗിളിന്റെ നാവിഗേഷനും സര്‍ക്കാരിന്റെ ബോര്‍ഡുകളും നോക്കി ഞങ്ങള്‍ ചെറുതോണിയിലെ ഡാം സ്റ്റേഷന്റെ പരിസരത്തെത്തുമ്പോള്‍ പതിനൊന്നു മണിയായിട്ടുണ്ട്. അവിടം ഏതാണ്ട് വിജനമാണ്.  ചാറ്റല്‍ മഴയും തുടങ്ങിയിട്ടുണ്ട്. സന്ദര്‍ശകര്‍ ആരെയും കണ്ടില്ല. ഞങ്ങള്‍ ഏതാണ്ട് ഒരു ബസ്സ് നിറയെ ആളുകളുണ്ട്. കുട്ടികള്‍ അടക്കം ഏതാണ്ട് മുപ്പത്തഞ്ചു പേര്‍.  എന്റെ ഫുള്‍ കുടുംബം കൂടെയുണ്ട്. ഉമ്മയും മൂന്ന് സഹോദരന്മാരും നല്ലപാതികളും പരിവാരവും. കൂടെ മൂന്നു സുഹൃത്തുക്കളും അവരുടെ കുടുംബവും. ഡാമിന് സമീപം ടാര്‍പോളിന്‍ കൊണ്ട് മറച്ച ഒരു താത്കാലിക പന്തലില്‍ രണ്ടു സെക്യൂരിറ്റി പോലീസുകാര്‍ ടിക്കറ്റ്‌ കൊടുക്കാന്‍ നില്‍ക്കുന്നുണ്ട്. ഒരു ബസ്സ് നിറയെ ആളുകളെ കണ്ടപ്പോള്‍ പോലീസുകാരും ഹാപ്പിയായി.  ആരെങ്കിലുമൊക്കെ വന്നിട്ട് വേണം രണ്ടു ടിക്കറ്റ് മുറിച്ചു കൊടുക്കാന്‍ എന്ന മട്ടിലാണ് അവരുടെ നില്‍പ്പ്.

ഫോട്ടോ : മാധ്യമം ദിനപത്രം
 
മൂന്നു അണക്കെട്ടുകളാണ് ഇടുക്കി റിസര്‍വോയറില്‍ ഉള്ളത്. കുറവന്‍ - കുറത്തി മലകളെ തമ്മില്‍ ബന്ധിപ്പിച്ചു പണിത കമാന അണക്കെട്ടാണ് (Arch Dam) പ്രധാനപ്പെട്ടത്.  കുറവന്‍ - തേന്‍മുടി മലകളെ ചേര്‍ത്തു പണിതിട്ടുള്ള ചെറുതോണി അണക്കെട്ടാണ് മറ്റൊന്ന്. റിസര്‍വോയറിന്റെ അങ്ങേ അറ്റത്തു കിളിവള്ളിയാറ്റില്‍ നിര്‍മിച്ച കുളമാവ് അണക്കെട്ടാണ് മൂന്നാമത്തേത്. നാടുകാണി മലയില്‍ നിന്ന് എഴുനൂറ്റി അമ്പത് മീറ്റര്‍ താഴ്ചയില്‍ ഭൂമിക്കടിയില്‍ നിര്‍മിച്ച പവര്‍ ഹൗസും ചേര്‍ന്നാല്‍ ഇടുക്കി എന്ന വിസ്മയ പദ്ധതിയായി. മലനിരകള്‍ക്കു ചുറ്റും ഈ മൂന്നു അണക്കെട്ടുകള്‍ കൊണ്ട് തടുത്തു നിര്‍ത്തിയ വെള്ളം ഏതാണ്ട് അറുപതു സ്ക്വയര്‍ കിലോമീറ്ററില്‍ സംഭരിക്കപ്പെട്ടു നില്‍ക്കുന്നു. ഈ കൂറ്റന്‍ ജലാശയമാണ് കേരളത്തിന്റെ 'വെളിച്ചം' എന്ന് വേണമെങ്കില്‍ പറയാം. ഈ ജലാശയം വറ്റിയാല്‍ കേരളം ഇരുട്ടിലാകും. 

ഇടുക്കി റിസര്‍വോയറിന്റെ ഗൂഗിളിയന്‍ വീക്ഷണം.
മൂന്നു അണക്കെട്ടുകളും അടയാളപ്പെടുത്തിയിരിക്കുന്നു. ഇടുക്കി (A), ചെറുതോണി (B) കുളമാവ് (C) 


ഡാമിന്റെ കവാടത്തില്‍ കൊലുമ്പന്‍ എന്ന ആദിവാസി ഗോത്രത്തലവന്റെ പ്രതിമയുണ്ട്. ഈ അണക്കെട്ടിന്റെ ആശയശില്പി അദ്ദേഹമാണെന്ന് പറയാം. മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന തോമസിന് ഈ തന്ത്രപ്രധാനമായ മലയിടുക്ക്‌ കാണിച്ചുകൊടുക്കുന്നത് കൊലുമ്പനാണ്. ഇരുവരും കാട്ടില്‍ വേട്ടക്ക് പോകുന്നതിനിടയിലാണ് തോമസിന്റെ മനസ്സിലേക്ക് കൊലുമ്പന്‍ ഈ ആശയം പകരുന്നത് (1922). നമ്മുടെയൊക്കെ വീടുകളില്‍ കത്തുന്ന ഓരോ വിളക്കിനും കറങ്ങുന്ന ഫാനുകള്‍ക്കും കൊലുമ്പനുമായി ഒരു ഹൃദയ ബന്ധമുണ്ട്!. കൊലുമ്പന്റെ സേവനങ്ങളെ മാനിച്ചു പ്രതിമാസം നാല്പതു രൂപ കെ എസ് ഇ ബി അദ്ദേഹത്തിനു പെന്‍ഷന്‍ കൊടുത്തിരുന്നതായി പറയപ്പെടുന്നു.  1976 ലാണ് ഈ ഡാം പൂര്‍ണമായി കമ്മീഷന്‍ ചെയ്യുന്നത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്നത്തെപ്പോലെ എന്തിനും ഉടക്കുണ്ടാക്കുന്ന പരിസ്ഥിതി വാദികള്‍ അന്നില്ലാത്തത് കൊണ്ട് ഇടുക്കി ഡാം പണിയാന്‍ സാധിച്ചു. ഇന്നായിരുന്നുവെങ്കില്‍ പെരിയാറിനെ കീറിമുറിക്കാനുള്ള ഐഡിയ പറഞ്ഞു കൊടുത്തതിനു കൊലുമ്പന്റെ പരിപ്പെടുത്തേനെ!. ടിക്കറ്റെടുത്തു ഉള്ളിലേക്ക് കടക്കുമ്പോഴാണ് ക്യാമറയും മൊബൈല്‍ ഫോണുകളും പാടില്ല എന്ന് പോലീസുകാരന്‍ പറയുന്നത്. അതോടെ എന്റെ എല്ലാ മൂഡും പോയി. ക്യാമറയില്ലാതെ എന്തോന്ന് ടൂര്‍. ഞാന്‍ എന്റെ പ്രസ്‌ കാര്‍ഡ് കാണിച്ചു നോക്കി. നോ രക്ഷ. കേരള സര്‍ക്കാരിന്റെ കര്‍ശന നിയമമാണ് എന്ന് പോലീസ്. രാജീവ് ഗാന്ധി വധത്തിനു ശേഷമുള്ള സെക്യൂരിറ്റി പുനര്‍ക്രമീകരണങ്ങളുടെ ഭാഗമായാണ് ഇടുക്കി ഡാമിനുള്ളില്‍ ക്യാമറ നിരോധിക്കുന്നത്. മൊബൈല്‍ ഫോണുകളും അതുകൊണ്ട് തന്നെ നിരോധിച്ചു. മെറ്റല്‍ ഡിറ്റക്റ്റ്ര്‍  അടക്കം കര്‍ശനമായ പരിശോധന നടത്തിയാണ് ഉള്ളിലേക്ക് കടത്തിവിടുന്നത്. ഒരു നിവൃത്തിയുമില്ലെന്നു വന്നതോടെ ക്യാമറകളും മൊബൈലുകളുമെല്ലാം ഞങ്ങള്‍ ബസ്സില്‍ തന്നെ വെച്ചു.

ഡാമിനുള്ളിലേക്ക് കടന്നതോടെ ക്യാമറ കയ്യിലില്ലാത്തതിന്റെ സങ്കടം ഇരട്ടിയായി. അതിശയിപ്പിക്കുന്ന ഒരു കാഴ്ച തന്നെ. ദൂരെ നിന്ന് നോക്കുമ്പോള്‍ ഒരു വില്ല് പോലെ വളഞ്ഞ് ഒരു നൂല്പാലം പോലെ തോന്നിക്കുന്ന ഡാം. ഒരു ഭാഗത്ത് അഗാധ ഗര്‍ത്തം. മറുഭാഗത്ത് മലനിരകള്‍ക്കിടയില്‍ നോക്കെത്താദൂരത്ത് ഓളങ്ങളില്ലാതെ കെട്ടിനില്‍ക്കുന്ന ജലാശയം. ഇരു കരകളിലായി കുറവന്‍ മലയും കുറത്തി മലയും. ഈ ദൃശ്യം കണ്ടതോടെ ബസ്സിലിരിക്കാമെന്നു പറഞ്ഞ എന്റെ ഉമ്മ പോലും ഇറങ്ങി വന്നു. ഡാമും മലയിടുക്കും കടന്നു അപ്പുറമെത്താന്‍ മുക്കാല്‍ മണിക്കൂര്‍ നടക്കാനുണ്ടെന്നു പോലീസുകാരന്‍ പറഞ്ഞെങ്കിലും അത് സാരമില്ലെന്നു ഉമ്മ. ഞാന്‍ മൂക്കത്ത് വിരല്‍ വെച്ചു. രണ്ടടി നടന്നാല്‍ മുട്ടുവേദന പറയുന്ന ആളാണ്‌!!. ഡാമിന്റെ മാസ്മരികത ഉമ്മയെ കീഴടക്കിക്കളഞ്ഞു!.

നേരിയ ചാറ്റല്‍ മഴയുണ്ട്. ആ മഴയും കൊണ്ട്  ഡാമിന് മുകളിലൂടെയുള്ള നടത്തം ഒരു കിടിലന്‍ അനുഭവമായിരുന്നു. തടാകത്തിലൂടെ ടൂറിസ്റ്റുകളെയും കൊണ്ട് സവാരി നടത്താനുള്ള ബോട്ടുകള്‍ ജലാശയത്തിന്റെ ഓരത്ത് നിര്‍ത്തിയിട്ടിട്ടുണ്ട്. ടൂറിസ്റ്റുകള്‍ കുറവായതിനാല്‍ അത് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. സീസണിലെ ആദ്യ ദിവസം ആയതിനാല്‍ ഡാം തുറന്ന വിവരം ജനങ്ങള്‍ അറിഞ്ഞു തുടങ്ങുന്നതേയുള്ളൂ. ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ നല്ല തിരക്കായിരിക്കുമെന്നു ഒരു ജോലിക്കാരന്‍ പറഞ്ഞു. 554 അടി താഴ്ചയുള്ള ഡാമിന്റെ മറുഭാഗത്തേക്ക് നോക്കിയപ്പോള്‍ ഒരു യുവാവും യുവതിയും നടന്നു പോകുന്നത് കണ്ടു. ഭാര്യ ഭര്‍ത്താക്കന്മാരാവാനുള്ള  സാധ്യത വളരെ കുറവാണ്. തോളില്‍ കയ്യിട്ടു തൊട്ടുരുമ്മിയാണ് നടക്കുന്നത്!.

രാമക്കല്‍മേട്ടിലെ കുറവന്‍ കുറത്തി പ്രതിമ


കമാന ഡാമും കുറവന്‍ മലയും ചുറ്റിക്കറങ്ങി ഒരു തുരങ്കത്തിലൂടെയാണ് മലയുടെ മറുകരയില്‍ എത്തുന്നത്. ഡാമിന്റെ വിശാലമായ ജലാശയം വീക്ഷിച്ചു കൊണ്ട് ആ മലയാടിവാരത്തിലൂടെയുള്ള നടത്തം ഒരൊന്നൊന്നര അനുഭവമാണ്. പൂക്കളും കായ്കളും നിറഞ്ഞ ആ കുന്നില്‍ ചരുവും കാറ്റിനൊപ്പം തഴുകിയെത്തുന്ന കറുകപ്പുല്ലിന്റെ മണവും ആരെയും വശീകരിക്കും എന്ന് പറയാതെ വയ്യ. ഞങ്ങള്‍ ഡാമിന്റെ മറുകരയില്‍ എത്തുമ്പോഴേക്കു ഏതൊക്കെയോ റോഡിലൂടെ ചുറ്റിക്കറങ്ങി ഡ്രൈവര്‍ ബസ്സ് അവിടെ എത്തിച്ചിട്ടുണ്ട്. നേരം മൂന്നു മണിയായി. പെട്ടെന്ന് കാലാവസ്ഥക്ക് ഒരു മാറ്റം. മഞ്ഞുമൂടിയ അന്തരീക്ഷം. അത് വരെ കത്തിനിന്നിരുന്നിരുന്ന സൂര്യന്‍ പെട്ടെന്ന് അപ്രത്യക്ഷമായി. ഒരു മഞ്ഞുമലയുടെ താഴ്വാരത്തു എത്തിയ പോലെ. റൂം ബുക്ക്‌ ചെയ്ത കുമളിയിലെ ഹോട്ടലില്‍ നിന്നും എപ്പോഴാണ് എത്തുന്നത് എന്ന് ചോദിച്ചു മാനേജര്‍ വിളിക്കുന്നുണ്ട്. ആ ഹോട്ടലിന്റെ മുകളിലത്തെ നിലയിലുള്ള പന്ത്രണ്ടു റൂമുകളും ഞങ്ങള്‍ മൊത്തമായി ബുക്ക്‌ ചെയ്തതാണ്. രാത്രി അങ്ങോട്ട്‌ എത്തണമെങ്കില്‍ ഇപ്പോള്‍ തന്നെ പുറപ്പെടണം. ഡാമിനോട് ടാറ്റാ പറഞ്ഞു ഞങ്ങള്‍ പുറപ്പെട്ടു.

ഇടുക്കി ഡാമില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ കഴിയാത്തതിലുള്ള സങ്കടം പിറ്റേ ദിവസം തേക്കടിയിലെ വന്യജീവി സങ്കേതത്തില്‍ വെച്ചു ഞാന്‍ തീര്‍ത്തു.

കാട്ടിലൂടെയുള്ള യാത്രക്കിടയില്‍ ഒരു കുരങ്ങനുമായുള്ള എന്‍കൌണ്ടര്‍ .

തേക്കടി പെരിയാര്‍ തടാകക്കരയില്‍ അല്‍പനേരത്തെ ചൂണ്ടയിടല്‍ 

പിന്നെ തടാകത്തിലൂടെ രണ്ടു ബോട്ടുകളിലായി ഒരു കിടുകിടു യാത്ര.

കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഡ്രൈവര്‍ ബോട്ടിന്റെ സ്പീഡ് കുറച്ചു. രണ്ടു വര്‍ഷം മുമ്പ് ബോട്ട് ദുരന്തം നടന്നു 45 പേര്‍ മരണപ്പെട്ട സ്ഥലമാണ് ഇതെന്ന് പറഞ്ഞു.. ഉള്ളിലൊരു കാളല്‍ .. ലൈഫ് ജാക്കറ്റ് ഒന്ന് കൂടി മുറുക്കി ശരിയാക്കി.

മൃഗങ്ങളെയും പക്ഷികളെയും അവരുടെ ആവാസ വ്യവസ്ഥകളില്‍ നിന്ന് നേരിട്ട് കാണുമ്പോഴുള്ള സുഖം ഒന്ന് വേറെത്തന്നെയാണ്‌. കാഴ്ച ബംഗ്ലാവില്‍ വെച്ചു കാണുന്നതിനേക്കാള്‍ അതിനൊരു ത്രില്ലുണ്ട്. ഇതിനു മുമ്പൊരിക്കല്‍ ഇവിടെ വന്നപ്പോള്‍ മൃഗങ്ങളെ കൂടുതല്‍ കണ്ടിരുന്നില്ല. ആ വിഷമം ഇത്തവണ തീര്‍ത്തു. ക്യാമാറക്കണ്ണുകള്‍ക്ക് വ്യക്തമായി പകര്‍ത്താന്‍ കഴിയാത്ത ദൂരത്തില്‍ കാട്ടുപോത്തുകളുടെ ഒരു കൂട്ടം. മൃഗങ്ങളെ ശല്യം ചെയ്യാതിരിക്കാന്‍ ശബ്ദമുണ്ടാക്കാതെ വളരെ മെല്ലെയാണ് ഡ്രൈവര്‍ ബോട്ട് ഓടിക്കുന്നത്. ഉച്ചത്തില്‍ സംസാരിക്കരുതെന്ന്  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശബ്ദം കേട്ടാല്‍ മൃഗങ്ങള്‍ പോകുമെന്നും അവ പിറകെ വരുന്ന ബോട്ടുകാരുടെ കാഴ്ച ഇല്ലാതാക്കുമെന്നും അദ്ദേഹം വിനയത്തോടെ ഉണര്‍ത്തി. പക്ഷെ കുട്ടികളുണ്ടോ അത് കേള്‍ക്കുന്നു. മൃഗങ്ങളുടെ ഓരോ കൂട്ടം കാണുമ്പോഴേക്ക് അവര്‍ ആര്‍ത്തുവിളിക്കുന്നു. ചെന്നായക്കൂട്ടം ഒരു മാനിനു പിറകെ ഓടുന്ന ദൃശ്യം ക്യാമറ ക്ലിക്കുമ്പോഴേക്ക് മറഞ്ഞു പോയി. ഡിസ്കവറി ചാനലുകളിലും മറ്റും കാണുന്ന പോലുള്ള ഒരപൂര്‍വ ദൃശ്യം. (വേണേല്‍ വിശ്വസിച്ചാല്‍ മതി)


ഒരു കാര്യം ഞാന്‍ ഉറപ്പു തരുന്നു. ഇടുക്കി ഡാമും കുമളിയിലെ മഞ്ഞു മൂടിക്കെട്ടിയ മലകളും തേക്കടി വന്യജീവി സങ്കേതത്തിലെ കാഴ്ചകളും പെരിയാര്‍ തടാകത്തിലൂടെയുള്ള ബോട്ടുയാത്രയും വനത്തിലൂടെയുള്ള ആനസവാരിയും (ഞങ്ങള്‍ക്കതിനു സമയം കിട്ടിയില്ല) കുടുംബമൊത്ത്‌ ഒരു മനോഹരയാത്രക്ക് വേണ്ടി കണ്ണും ചിമ്മി തിരഞ്ഞെടുക്കാവുന്ന ഡെസ്റ്റിനേഷനുകളാണ്. പല യാത്രകളും നടത്തിയ കൂട്ടത്തില്‍ ഇതൊരു വേറിട്ട അനുഭവമായി എനിക്ക് തോന്നിയിട്ടുണ്ട്. ഉല്ലാസയാത്രയെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ ബോംബെയും മദ്രാസും മൈസൂരും ഹൈദരാബാദും തുടങ്ങി അന്യസംസ്ഥാനങ്ങളിലെ വിനോദ കേന്ദ്രങ്ങളെ മാത്രം ഓര്‍ക്കുന്നതിനു പകരം അവയെക്കാള്‍ പതിന്മടങ്ങ്‌ ഉല്ലാസം തരുന്ന നമ്മുടെ തന്നെ സംസ്ഥാനത്തെ ഇത്തരം കേന്ദ്രങ്ങളെക്കൂടി നാം പരിഗണിക്കണം. ഇടുക്കി ഡാം ഒരിക്കലെങ്കിലും സന്ദര്‍ശിക്കാനുള്ള സമയം കണ്ടെത്താന്‍ എല്ലാ പ്രിയ വായനക്കാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Related Posts
മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്
ഹിറാ ഗുഹയില്‍ ഒരു രാത്രി
ദാല്‍ തടാകത്തിലെ രണ്ടു രാത്രികള്‍
ചെങ്കടലില്‍ ഒരു ബ്ലോഗ്‌ മീറ്റ്‌  
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി