മക്കയില്‍ നിന്ന് ചുള്ളിമാനൂരിലേക്ക് ബസ്സുണ്ടോ?

ഞെട്ടരുത്!!.. ചുള്ളിമാനൂരിലേക്ക് ബസ്സുണ്ട്. മക്കയില്‍ വിശുദ്ധ ഹറമിനോട് തൊട്ടടുത്താണ് സൗദി പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്പനിയുടെ (സാപ്റ്റ്‌കോ) സ്റ്റാന്റ്. ഹറമിന് നേരെ എതിര്‍വശം ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലിന്‍റെ തൊട്ടു ചാരിയാണ് ബസ്റ്റോപ്പ്‌. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെക്കൊണ്ട് തിങ്ങി നിറയുന്ന വിശുദ്ധ കഅബാലയത്തില്‍ നിന്ന് ഏതാനും അടി അകലെ. ഞാനും എന്റെ സഹപ്രവര്‍ത്തകന്‍ മുഹമ്മദലി ചുണ്ടക്കാടനും ഉംറ നിര്‍വഹിച്ച് തറാവീഹ് നമസ്കാര ശേഷം പുറത്തു കടന്ന് നേരെ സ്റ്റാന്‍ഡിലേക്ക് വന്നതാണ്. ഞങ്ങള്‍ വന്ന കാര്‍ ദൂരെയുള്ള പാര്‍കിംഗ് സെന്‍ററില്‍ ആണുള്ളത്. അങ്ങോട്ടെത്താന്‍ ബസ്സ്‌ പിടിക്കണം.

അല്പം കാരക്കയും സംസം വെള്ളവും അര ഗ്ലാസ് ഖഹ് വയും കുടിച്ച് നോമ്പ് തുറന്നതാണ്. ഹറമില്‍ എവിടെ പോയി ഇരുന്നാലും അത് ഫ്രീയായി കിട്ടും. നമ്മുടെ മുന്നില്‍ ആരേലും കൊണ്ട് വന്നു തരും. ഇപ്പോള്‍ നല്ല ക്ഷീണമുണ്ട്. ചുരുങ്ങിയത്‌ ഒരു സാന്ഡ് വിച്ച്  എങ്കിലും കഴിക്കണം. 


ബസ്സ്‌ സ്റ്റാന്‍ഡിന്‍റെ ഓരത്തുള്ള കട തേടി നടക്കുന്നതിനിടയില്‍ ദാണ്ടെ കിടക്കുന്നു മുന്നിലൊരു ബസ്സ്. പോകുന്ന സ്ഥലം രേഖപ്പെടുത്തുന്ന ഇലക്ട്രോണിക് ഡിസ് പ്ലേ  ബോര്‍ഡില്‍ ചുള്ളിമാനൂര്‍ എന്ന് വെട്ടിത്തിളങ്ങുന്നു!!. 


ബോര്‍ഡ്‌ കണ്ടതും ഞാനൊന്ന് ഞെട്ടി. ഇന്നസെന്റിന് ലോട്ടറി അടിച്ചത് പോലെ ആകെക്കൂടി ഒരു തലകറക്കം. (സൗദി അറേബ്യയാണ് രാജ്യം!, മക്കയാണ് സ്റ്റോപ്പ്‌!!, ചുള്ളിമാനൂരാണ് ബോര്‍ഡ്‌!!!). റിയാദ്‌, ജിദ്ദ, മദീന, തായിഫ് തുടങ്ങി എല്ലാ നഗരങ്ങളിലേക്കും ബോര്‍ഡ്‌ വെച്ച ബസ്സുകള്‍ക്കിടയില്‍ രാജകീയമായിത്തന്നെയാണ് ചുള്ളിമാനൂരുകാരന്റെ നില്‍പ്പ്. സ്വപ്നമാണോ എന്ന് നോക്കാന്‍ സാധാരണ ചെയ്യാറുള്ളത് പോലെ തൊലിയില്‍ നുള്ളി നോക്കി. വേദനയുണ്ട്. മാത്രമല്ല പേര്‍സില്‍ ഇഖാമയുമുണ്ട്. അപ്പോള്‍ സ്വപ്നമല്ല എന്നത് നൂറു തരം. 

 ചുള്ളിമാനൂര്‍ എന്ന് ഒരക്ഷരം തെറ്റാതെ എഴുതിയിട്ടുണ്ട്. 

മുഹമ്മദലിക്കയെ ബസ്സിനു മുന്നില്‍ നിര്‍ത്തി ഒരു ഫോട്ടോയെടുത്തു. ഒരു സാക്ഷി വേണമല്ലോ. 

ചുള്ളിമാനൂരിലേക്ക് മക്കയില്‍ നിന്ന് നേരിട്ട് ബസ്സുണ്ടെങ്കില്‍  അതിലൊന്ന് കയറിയിട്ട് തന്നെ കാര്യം. എയര്‍ ഇന്ത്യയില്‍ കയറി നട്ടം തിരിയാതെ നാട്ടിലെത്താമല്ലോ. ബസ്സിനുള്ളില്‍ ആരും കയറിയിട്ടില്ല. ഡോര്‍ അടഞ്ഞ് കിടക്കുകയാണ്. ഡ്രൈവര്‍ സീറ്റില്‍ ഒരാള്‍ കൂനിക്കൂടി ഇരിക്കുന്നുണ്ട്. അസ്സലാമു അലൈക്കും.  ഞാന്‍ ഉറക്കെ ഒരു സലാം കാച്ചി. വ അലൈകുമുസ്സലാം. ഒരു പ്രത്യേക സ്ലാംഗില്‍ സലാം തിരിച്ചു കിട്ടിയപ്പോള്‍ എനിക്കുറപ്പായി. പുള്ളി തിരോന്തരംകാരന്‍ ആണ്.

ഈ ബസ്സ്‌ എങ്ങോട്ടാ? ..
ജിദ്ദയിലേക്കാണ്.. വളരെ സൗമ്യമായ മറുപടി..
അപ്പോ ചുള്ളിമാനൂര്‍ എന്ന ബോര്‍ഡോ?.
അത് സമയമാകുമ്പോള്‍ മാറ്റും..
നിങ്ങള്‍ എവിടെയാ നാട്?
ചുള്ളിമാനൂര്‍..
പണി പോകാതെ നോക്കണം കെട്ടോ.. ഒരു ഉപദേശം കൊടുത്ത് ഞങ്ങള്‍ നടന്നു നീങ്ങി.

ട്രക്കുകൾക്കും ലോറികൾക്കുമൊക്കെ സ്വന്തം നാട്ടിന്റെ പേര് നല്കുന്നതും അവ ബോഡിയിൽ എഴുതിവെക്കുന്നതും പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ ലോകത്തെ ഏറ്റവും തിരക്ക് പിടിച്ച ഒരു ബസ് സ്റ്റാന്റിൽ ബസ്സ്‌ പോകുന്ന സ്ഥലം രേഖപ്പെടുത്താനുള്ള ഡിസ്പ്ലേ ബോർഡിൽ ഇത്തരമൊരു പരീക്ഷണം ഞാനാദ്യമായി കാണുകയാണ്.

ഒരാഴ്ച കഴിഞ്ഞെങ്കിലും എന്റെ മനസ്സില്‍ നിന്ന് അയാളുടെ ചിത്രം ഇനിയും പോയിട്ടില്ല. ഒരു പാവം പ്രവാസി. ഒരു പക്ഷേ വര്‍ഷങ്ങള്‍ ആയിക്കാണണം നാട്ടില്‍ പോയിട്ട്. ചുള്ളിമാനൂര്‍ എന്ന് ബസ്സിന്റെ ബോര്‍ഡ്‌ മാറ്റി അയാള്‍ ഒരു സ്വപ്ന ലോകത്തില്‍ ഇരിക്കുകയാണ്. തിരുവനന്തപുരം, നെടുമങ്ങാട്  വഴി ചുള്ളിമാനൂരിലേക്കുള്ള അയാളുടെ യാത്രയാണ് ഞാന്‍ സലാം ചൊല്ലി തടസ്സപ്പെടുത്തിയത്. കൊച്ചു മകളുടെയോ മകന്‍റെയോ അതോ ഭാര്യയുടെയോ മുഖം മനസ്സില്‍ നെരിപ്പോട് തീര്‍ക്കുമ്പോള്‍ അയാള്‍ ബോര്‍ഡ്‌ മാറ്റി ഒരു യാത്ര നടത്തുമായിരിക്കണം. ബസ്സിന്റെ ഫോട്ടോ ഞാന്‍ മൊബൈലില്‍ പകര്‍ത്തി. അയാളുടെ ഫോട്ടോ ബോധപൂര്‍വം എടുത്തില്ല. അത് പ്രസിദ്ധീകരിച്ച് ആ പാവത്തിന്റെ പണി പോക്കണം എന്ന് എനിക്ക് ഉദ്ദേശമില്ല. എത്രയും പെട്ടെന്ന് അദ്ദേഹത്തിന് തന്‍റെ പ്രിയപ്പെട്ട ചുള്ളിമാനൂരില്‍ എത്തുവാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.