ബ്ലോഗറുടെ കപ്പല്‍ യാത്ര (ടിക്കറ്റ് ഫ്രീയാണ്)

കഴിഞ്ഞ വെള്ളിയാഴ്ച വളരെ സംഭവബഹുലമായിരുന്നു. ആര്‍ക്ക് എന്ന് ചോദിച്ചാല്‍ എനിക്കും നിങ്ങള്‍ക്കും ഏതാണ്ട് എല്ലാവര്‍ക്കും എന്ന് പറയേണ്ടി വരും. ലണ്ടനില്‍ വില്യമിന്റെയും കേറ്റിന്റെയും രാജകീയ താലികെട്ട് . ഇവിടെ നമുക്ക് എന്‍ഡോസള്‍ഫാന് വിരുദ്ധ സമരവും ഹര്‍ത്താലും. 'അവിടെ താലികെട്ട് ഇവിടെ ഓപ്പറേഷന്‍' എന്ന ഒരു ശ്രീനിവാസന്‍ ലൈനില്‍ മാധ്യമങ്ങള്‍ ലണ്ടനിലെ കല്യാണവും നമ്മുടെ ഹര്‍ത്താലും മാറി മാറി കാണിച്ചുകൊണ്ടിരുന്ന ദിവസം. വില്യമിനെക്കാള്‍ ബിസി ആയിരുന്നു വെള്ളിയാഴ്ച എനിക്ക്. കാരണം ചെങ്കടലില്‍ വെള്ളം തൊടാതെ കിടന്നു കറങ്ങുകയായിരുന്നു ഞാനന്ന്. ആദ്യമായി കപ്പല്‍ കയറിയ ദിവസം.


ജിദ്ദയിലെ മലപ്പുറം ഗവണ്മെന്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് കപ്പല്‍ യാത്ര സംഘടിപ്പിച്ചത്. അര ദിവസം കടലില്‍ കറങ്ങുക. കൂടെ കലാസാംസ്കാരിക പരിപാടികളും ഭക്ഷണവും. "നിങ്ങള്‍ പോരുന്നോ?.". എന്റെ സുഹൃത്തും ബ്ലോഗറും അലുംനിയുടെ ജനറല്‍ സെക്രട്ടറിയുമായ അഷ്‌റഫ്‌ ഉണ്ണീന്റെ ചോദ്യം. ഞാന്‍ മറുപടി പറയുന്നതിന് മുമ്പ് തന്നെ പുള്ളി മുന്നറിയിപ്പ് നല്‍കി. "നൂറു റിയാലാണ് ഫീസ്". റിയാല്‍ എന്ന് കേട്ടതോടെ ഞാന്‍ വലിഞ്ഞു. 'എനിക്കന്നു വേറെ പരിപാടിയുണ്ട്. സോറി'.  രണ്ടു ദിവസം കഴിഞ്ഞു പുള്ളി വീണ്ടും വിളിച്ചു. "എഴുത്തുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഫ്രീ ആണ്. പോരുന്നോ?". ഫ്രീ എന്ന് കേട്ടതും എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി. സംഗതി പുറത്തു കാണിക്കാതെ "നിര്‍ബന്ധമാണേല്‍ വരാം" എന്നങ്ങു തട്ടി. "എന്തോ പരിപാടി ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ?"  പുള്ളി എന്നെ ഊതുകയാണ്.  "അതൊന്നും ആലോചിച്ചു നിങ്ങള്‍ ടെന്‍ഷന്‍ അടിക്കേണ്ട. എന്റെ പേര് എഴുതിക്കോ".

കപ്പലിനുള്ളില്‍ കലാസാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം അലുംനി പ്രസിഡണ്ട്‌ അബ്ദുല്‍ റഹിമാന്‍ നിര്‍വഹിക്കുന്നു.

അലുംനി മെമ്പര്‍മാര്‍ കപ്പലിന്റെ മുകള്‍ത്തട്ടില്‍ ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ . പഠിക്കുന്ന കാലത്ത് ലവന്മാരൊക്കെ മഹാ പോക്കിരികളായിരുന്നു എന്നാണ് കേട്ടത്. ഇപ്പോള്‍ എങ്ങനെയാണാവോ?
(Photo:  Saleem Kormath)

ജിദ്ദയിലെ വ്യവസായ പ്രമുഖനും ഷിഫ ജിദ്ദ ക്ലിനിക്‌ എം ഡിയുമായ അബ്ദുറഹിമാന്‍ സാഹിബാണ് അലുംനിയുടെ പ്രസിഡന്റ്‌. അദ്ദേഹമാണ് ജിദ്ദ മീഡിയ ഫോറം അംഗങ്ങളെ പ്രത്യേക അതിഥികളായി ക്ഷണിച്ചത്.  ഉച്ചക്ക് മൂന്നു മണിയോടെ അല്‍ അഹ് ലാം മറൈന്‍ കമ്പനിയുടെ  കപ്പലില്‍ (വലിയ ബോട്ടില്‍ എന്ന് പറയുന്നതാവും ശരി) കയറി. സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറിലധികം പേരുണ്ട്. ഔപചാരികമായ ചില ചടങ്ങുകളും ഉദ്ഘാടനവും കപ്പലിനുള്ളിലെ പ്ലാറ്റ്ഫോമില്‍  നടന്നു. ഉടനെ ചായയും കേക്കും കിട്ടി. "രാത്രി ഭക്ഷണം എന്താണ്? അത് എപ്പോഴാണ് വിളമ്പുക?" കപ്പലിന്റെ ഡൈനിംഗ് ഏരിയയിലെ ഒരു സംഘാടകനോട് ഞാന്‍ സ്വകാര്യമായി ചോദിച്ചു (ഇത്തരം കാര്യങ്ങളിലൊക്കെ എനിക്ക് വലിയ 'ശുഷ്കാന്തി'യാണ്. എന്റെ കാര്യം ഓര്‍ത്തല്ല, കൂടെയുള്ള പത്രപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഉള്ള ശ്രദ്ധ കൊണ്ടാണ് കെട്ടോ. നടുക്കടലില്‍ പട്ടിണിക്കിട്ടു എന്ന് റിപ്പോര്‍ട്ട് വരാതെ നോക്കണമല്ലോ). "ഫിഷ്‌ ബിരിയാണിയാണ്. സമയം ആകുമ്പോള്‍ വിളമ്പും". ഒരുതരം വി എസ് ശൈലിയിലുള്ള ആ മറുപടി കേട്ടതോടെ ഞാന്‍ തടിയെടുത്തു. പായസം ഉണ്ടോ എന്ന നാവിന്‍ തുമ്പത്ത് എത്തിയ ചോദ്യം ഞാന്‍ അവിടെ ബ്രേക്കിട്ടു നിര്‍ത്തി.ജിദ്ദ ഒബഹുര്‍ ബീച്ചിന്റെ മനോഹാരിത മുഴവന്‍ ആസ്വദിച്ചു കൊണ്ട് കപ്പല്‍ കടലിനുള്ളിലേക്ക് നീങ്ങാന്‍ തുടങ്ങിയതും നല്ല കാറ്റ്. കപ്പല്‍ ആടിയുലയാന്‍ തുടങ്ങി. ഇത് പതിവില്ലാത്തതാണെന്ന്  കപ്പിത്താന്റെ കമന്റ്. (കപ്പലില്‍ ബ്ലോഗര്‍മാര്‍ കയറിയ വിവരം ആ പാവം  അറിഞ്ഞിട്ടില്ല) തീരം വിടുംതോറും കാറ്റിന്റെ ശക്തി കൂടിക്കൂടി വന്നു. മുകള്‍ തട്ടിലേക്ക് കയറിയ എല്ലാവരെയും അല്‍പ നേരത്തേക്ക് താഴെയിറക്കി. ബേപ്പൂരിലെ സെര്‍ച്ച് ലൈറ്റ് കാണുന്നുണ്ടോ എന്ന് നോക്കാന്‍ രണ്ടാമത്തെ തട്ടിന്റെ മുകളില്‍ കയറിയ ഞാന്‍ കാറ്റിന്റെ ശക്തിയില്‍ തലകറക്കം വന്നു പിന്മാറി. താഴെ വന്നു നോക്കുമ്പോള്‍ കഥാകൃത്തും കാര്‍ട്ടൂണിസ്റ്റുമായ ഉസ്മാന്‍ ഇരുമ്പുഴിയുടെ നേതൃത്വത്തില്‍ മീഡിയക്കാര്‍ വെടി പൊട്ടിച്ചുകൊണ്ടേയിരിക്കുകയാണ്. തുടയില്‍ അടിച്ചു സാഹസ കഥകള്‍ പറയുന്ന മലയാറ്റൂരിന്റെ കേണലിനെയാണ് ഇരുമ്പുഴിയെ കണ്ടപ്പോള്‍ എനിക്ക് ഓര്‍മ വന്നത്. അറബ് ന്യൂസ്‌ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി കെ അബ്ദുല്‍ ഗഫൂറും  കൈരളി റിപ്പോര്‍ട്ടര്‍ അബ്ദുറഹിമാനും മാത്രമാണ് അല്പം ഡോസ് കുറച്ച വെടികള്‍ പൊട്ടിക്കുന്നത്. എഴുത്തുകാരുടെ കപ്പല്‍ യാത്ര (വായനക്കാര്‍ സംഘടിപ്പിക്കുന്നത്)   എന്ന പേരില്‍ വി സുരേഷ് കുമാര്‍ എഴുതിയ മനോഹരമായ ഒരു ചെറുകഥയുണ്ട്. എഴുത്തുകാരെക്കൊണ്ട് പൊറുതി മുട്ടിയ വായനക്കാര്‍ അവരെ ഒരു കപ്പല്‍ യാത്രക്കെന്ന് പറഞ്ഞു അജ്ഞാതദ്വീപിലേക്ക് നാടുകടത്തുന്നതാണ് കഥ. അസമയത്താണ് ഇത്തരം കഥകളൊക്കെ എന്റെ തലയില്‍ വരുന്നത്!!.

ബ്ലോഗര്‍ കപ്പലില്‍ തന്നെ!. 
മുസാഫിര്‍ (മലയാളം ന്യൂസ്‌) , ഇബ്രാഹിം ശംനാട്  (മാധ്യമം) എന്നിവരാണ് കൂടെയുള്ളത്.


കപ്പല്‍ ആടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഡെക്കിനു മുകളില്‍ വെച്ചു അസര്‍ നമസ്കരിച്ചത്. കാല് നിലത്തുറക്കാതെ ആടിയാടി നമസ്കരിച്ചത് ഒരു പുതിയ അനുഭവം ആയിരുന്നു. കാറ്റ് ശമിച്ചതോടെ കുട്ടികളുടെ കലാപരിപാടികളും പാട്ടുമൊക്കെ ഭംഗിയായി നടന്നു. കരീം മാവൂര്‍ അടക്കം ജിദ്ദയിലെ പ്രശസ്തരായ പാട്ടുകാരും യാത്രയില്‍ ഉണ്ടായിരുന്നതിനാല്‍ തിരമാലകളുടെ ശബ്ദത്തെ വെല്ലുന്ന കരോക്കി സംഗീത മഴ നിര്‍ത്താതെ തുടര്‍ന്നു. ചെങ്കടലിനോട് കിന്നാരം പറഞ്ഞും കപ്പലിനെ വളഞ്ഞ മത്സ്യക്കൂട്ടങ്ങളെ നോക്കിയിരുന്നും ചുറ്റും ഓടിക്കൊണ്ടിരുന്ന സ്പീഡ് ബോട്ടുകളുടെ ആരവങ്ങളും ആര്‍പ്പുവിളികളും ആസ്വദിച്ചും രാത്രി പത്തു മണിയായത് അറിഞ്ഞേയില്ല. വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഇത് പോലുള്ള ട്രിപ്പുകള്‍ സംഘടിപ്പിക്കാനും മാധ്യമ പ്രവര്‍ത്തകരെ ഫ്രീയായി കൊണ്ടുപോകാനും ജിദ്ദയിലെ എല്ലാ സംഘടനകളോടും അലുംനി അസോസിയേഷനുകളോടും ഇതിനാല്‍ അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു, അപേക്ഷിച്ച് 'കൊല്ലുന്നു'.  

മ്യാവൂ: ഏത് പരിപാടിക്ക് പോയാലും ഭക്ഷണം കഴിച്ചു മുങ്ങുന്ന ഒരു സ്വഭാവം എനിക്കുണ്ട്. നടുക്കടലില്‍ ആയ കാരണം മുങ്ങാന്‍ പറ്റിയില്ല!!!  -  ലവനാരെടാ പൊന്നാട ഇട്ടത്?