മലയാളിയുടെ കക്കൂസ് സാഹിത്യം!!!

കഴിയുന്നത്ര തീവണ്ടിയില്‍ സഞ്ചരിക്കുവാന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാന്‍. രണ്ടാണ് കാരണങ്ങള്‍ . ഒന്ന് കാശ് കുറവ്. മറ്റൊന്ന് സൗകര്യം കൂടുതല്‍ . പക്ഷെ കഴിയുന്നതും തീവണ്ടിയിലെ കക്കൂസില്‍ കയറാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും. അതിനും കാരണങ്ങള്‍ രണ്ടാണ്. ഒന്ന് ഒടുക്കത്തെ വൃത്തി, രണ്ടു ചുമരുകളിലെ അശ്ലീല സാഹിത്യം. മലയാളികള്‍ ഏറ്റവും കൂടുതല്‍ 'സാഹിത്യം' എഴുതാറുള്ളത് ഇന്ത്യന്‍ റെയില്‍വേയുടെ കക്കൂസുകളില്‍ ആണ്. കേരളത്തിലൂടെ കടന്നു പോകുന്ന തീവണ്ടികളില്‍ ഇത്തരം സാഹിത്യം ഇല്ലാത്ത ഏതെങ്കിലും കക്കൂസ് കണ്ടു പിടിച്ചു തരുന്നവര്‍ക്ക് എന്റെ വക നൂറ്റൊന്നു ഉറുപ്പിക സമ്മാനമുണ്ട്.

കക്കൂസുകളില്‍ അശ്ലീലം എഴുതി വെക്കുന്നത് മലയാളിയുടെ ഒരു ട്രേഡ് മാര്‍ക്കാണ്. റെയില്‍വേ കക്കൂസുകളില്‍ മാത്രമല്ല, ബസ് സ്റ്റാന്റുകളിളെയും ഹോട്ടലുകളിലെയും കക്കൂസുകളിലും 'മഹാ സാഹിത്യകാരന്മാര്‍ ' അരങ്ങു തകര്‍ക്കുന്നത് കാണാം. ലോകത്തെ നാല് പേരില്‍ ഒരാള്‍ വട്ടനാണ് എന്ന് പറയുന്നത് പോലെ കേരളത്തിലെ നാല് പേരില്‍ ഒരാള്‍ ഞരമ്പ്‌ രോഗിയായിരിക്കാനാണ് സാധ്യത. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് പൊതു സ്ഥലങ്ങളിലെ കക്കൂസുകള്‍ .


ഈയിടെ വള്ളിക്കുന്ന് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയില്‍ പ്രായമായ ഒരു സ്ത്രീ 'എന്തൊക്കെ വൃത്തികേടുകളാണ് ഈശ്വരാ എഴുതി വെച്ചിരിക്കുന്നത്' എന്ന് പിറുപിറുത്തു കൊണ്ട് ടോയ്ലെറ്റില്‍ നിന്ന് പുറത്തു വരുന്നത് കണ്ടു. സംഗതി എന്തായിരിക്കുമെന്ന് ഊഹിക്കാമായിരുന്നെങ്കിലും ഞാനൊന്ന് കയറി നോക്കി. പതിവ് സാഹിത്യം തന്നെയാണ്. പക്ഷെ അതിന്റെ കൂടെ അറപ്പുളവാക്കുന്ന ഒരു ചിത്രവും വരച്ചു വെച്ചിട്ടുണ്ട്. അതിനു താഴെ വരച്ച മഹാന്റെ പേരും ഒപ്പും തിയ്യതിയും മൊബൈല്‍ നമ്പരും ഉണ്ട്!!!. ഓസ്കാര്‍ കിട്ടേണ്ട ഞരമ്പ്‌ രോഗിയാണ് എന്ന് ചുരുക്കം. (ഏതായാലും വീട്ടു നമ്പരും ആധാരത്തിന്റെ പകര്‍പ്പും വെച്ചിട്ടില്ല!! ഭാഗ്യം) ചിത്രത്തിന് താഴെയുള്ളത് ഏതാണ്ട് ആറ് മാസം മുമ്പുള്ള ഒരു തിയ്യതിയാണ്. അതായത് ആറ് മാസമായി ഈ അശ്ലീല ചിത്രം ഈ ടോയ്ലെറ്റില്‍ ഉണ്ട് എന്നര്‍ത്ഥം. ആയിരക്കണക്കിന് യാത്രക്കാര്‍ അത് കണ്ടിരിക്കണം. നേരത്തെ കണ്ട സ്ത്രീയെപ്പോലെ നിരവധി അമ്മ പെങ്ങന്മാര്‍ ആ ചിത്രം കണ്ടു ലജ്ജിച്ചു തല താഴ്ത്തിയിരിക്കണം. നമ്മുടെ സംസ്കാരത്തെയും സാമാന്യ മര്യാദകളെയും സ്വയം ശപിച്ച് ഇത് പോലെ ഇറങ്ങിപ്പോയിരിക്കണം.

സ്ഥിരമായി പൊടിയും പുകയും എല്‍ക്കുന്നതിനാല്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍മാര്‍ക്ക് പൊതുവേ കാഴ്ച കുറവായിരിക്കും. എന്നാലും പൂര്‍ണമായും കണ്ണ് പൊട്ടന്മാര്‍ ആയിരിക്കാനുള്ള സാധ്യത കുറവാണ്.  ടോയ്ലെറ്റുകളുടെ വൃത്തിയും മറ്റും പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ ഈ ആറ് മാസത്തിനിടക്ക്  ഈ ചിത്രം പല തവണ കണ്ടിരിക്കും. എല്ലാം ഓക്കേയാണ് എന്ന് റിപ്പോര്‍ട്ടില്‍ എഴുതി ഒപ്പിട്ടും കാണും!!. ഇതിലും വലിയതൊക്കെ നമ്മള് കണ്ടതല്ലേ എന്നൊരു ലൈന്‍. കക്കൂസ് സാഹിത്യം വായിച്ചു വായിച്ചു അവരുടെ മനസ്സും ഒരു തരം കക്കൂസായി രൂപ പരിണാമം വന്നു കാണും എന്ന് വേണം കരുതാന്‍.


ഒരു കണക്കിന് അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഒരു ചിത്രം മായിച്ചു കഴിഞ്ഞാല്‍ അതിലും വലിയ മറ്റൊന്ന് പിറ്റേന്ന് തന്നെ വരും. നമ്മുടെ പൊട്ടിയ ഞരമ്പിന്റെ അവസ്ഥ അത്രയും ഭീകരമാണ്. കേരളത്തിലെ കക്കൂസുകളില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസമല്ല ഇത് എന്ന് പറയുന്നവര്‍ കാണും. ശരിയാണ്. ഇതൊരു ആഗോള പ്രതിഭാസം തന്നെ ആയിരിക്കാം. പക്ഷെ നമ്മുടെ നാട്ടിലാണ് ഈ  രോഗം ഏറ്റവും അപകടകരമായ അവസ്ഥയില്‍ എത്തിയിട്ടുള്ളത്. പൊതു സ്ഥലങ്ങളിലെ ടോയ്ലെറ്റുകളില്‍ ഇത്തരം അശ്ലീലതകള്‍ എഴുതി വെക്കുന്ന ഞരമ്പ്‌ രോഗികള്‍ അവരുടെ വീട്ടിലെ കുളിമുറിയുടെ ചുമരുകളില്‍ ഇത്തരം സാഹിത്യങ്ങള്‍ എഴുതി വെക്കുന്നുണ്ടാവില്ല എന്നതുറപ്പാണ്. ആരാന്റെ അമ്മക്കും പെങ്ങള്‍ക്കും വേണ്ടിയാണ് അവരുടെ ഞരമ്പ്‌ വികസിക്കുന്നത്, അവര്‍ക്ക് വേണ്ടിയാണു ഇത്തരം ചിത്രങ്ങള്‍ ഡെഡിക്കേറ്റ് ചെയ്യുന്നത്. ആ ഞരമ്പുകളില്‍ നിന്ന് വമിക്കുന്ന ചലമാണ് നമ്മുടെ പൊതു സ്ഥലങ്ങളെ വൃത്തിഹീനമാക്കുന്നത്‌.  മലയാളികളുടെ കക്കൂസ് സാഹിത്യം സമാഹരിച്ചു ഒരു അമൂല്യ ഗ്രന്ഥം ആക്കി സ്വീഡനിലേക്ക് അയച്ചു കൊടുക്കാന്‍ കേരളത്തിന്റെ സാംസ്കാരിക വകുപ്പിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. കിട്ടിയാല്‍ ഒരു നോബല്‍ സമ്മാനം. കിട്ടിയില്ലെങ്കില്‍ നമ്മുടെ പൈതൃക സംരക്ഷണം !!.   

മ്യാവൂ : കക്കൂസുകളില്‍ സാഹിത്യം എഴുതുന്നവരെ പിടിക്കാന്‍ ഒളിക്യാമാറ വെച്ചാലോ. An Idea can change our life