വി എസ്, ഇതും കോപ്പിയടിയാണോ?

മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ റിസള്‍ട്ട് ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ഞാനെന്റെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ ഇങ്ങനെ എഴുതി. "എന്‍ട്രന്‍സ് റാങ്ക് മലപ്പുറത്ത്. വി എസ്സിന് വീണ്ടും തിരിച്ചടി :)" . ഫേസ്ബുക്കില്‍ ലഭിച്ച പ്രതികരണങ്ങളോടൊപ്പം എനിക്കൊരു ഇമെയിലും ലഭിച്ചു.  "ഈ വിജയത്തില്‍ അഭിമാനിക്കുന്നതിനു പകരം വി എസ്സിനെ ഇതിലേക്ക് വലിച്ചിഴച്ചത് എന്തിനാണ്?  താങ്കളില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചില്ല" എന്റെ ബ്ലോഗുകള്‍ സ്ഥിരമായി വായിക്കാറുള്ള ഒരു സുഹൃത്തിന്റെതായിരുന്നു ഇമെയില്‍. ശരിയാണ്. മലപ്പുറം ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് റാങ്ക് ലഭിച്ചപ്പോള്‍  വീ എസ്സിന്റെ  മേക്കിട്ട് കയറുന്നത് എന്തിനാണ് എന്ന അദ്ദേഹത്തിന്‍റെ ചോദ്യം വളരെ പ്രസക്തമാണ്. പലപ്പോഴും നിഷ്പക്ഷമായ അഭിപ്രായങ്ങള്‍ ഇമെയില്‍ വഴി അറിയിക്കാറുള്ള ആ സുഹൃത്തിനുള്ള പ്രതികരണം കൂടിയാണ് ഈ പോസ്റ്റ്.

തന്റെ സുദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തിനിടയില്‍ വി എസ് പല വിവാദ പ്രസ്താവനകളും നടത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രകോപനപരമായ ഒന്നായിരുന്നു മലപ്പുറം ജില്ലയിലെ കുട്ടികള്‍ കോപ്പിയടിച്ചാണ് ഉന്നത വിജയം നേടുന്നത് എന്നത്.  മലപ്പുറം ജില്ലയിലെ ഓരോ രക്ഷിതാവിന്റെയും  വിദ്യാര്‍ത്ഥിയുടെയും ആത്മാഭിമാനത്തിന് മേല്‍ ഒരു രാഷ്ട്രീയനേതാവ് നാളിതുവരെ നടത്തിയ ഏറ്റവും വലിയ കടന്നാക്രമണമായിരുന്നു അത്. പട്ടിണി കിടന്നാലും കുട്ടികളുടെ പഠനത്തിന് ഒരു കുറവും വരുത്താന്‍ തയ്യാറാകാത്ത രക്ഷിതാക്കളുടെ മുഖത്തടിക്കുന്ന ഒരു പ്രസ്താവം. കടുത്ത ജീവിത സാഹചര്യങ്ങളോട് മല്ലിട്ടും പ്രയാസങ്ങളെ അതിജീവിച്ചും ഉറക്കമൊഴിച്ചു പഠിക്കുന്ന ഈ ജില്ലയിലെ പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെ  മനസ്സിനെ വല്ലാതെ മുറിവേല്പിച്ച പ്രസ്താവം. വിവിധ മതക്കാരും രാഷ്ട്രീയ വിശ്വാസക്കാരുമായ സകലരും അതിനെതിരെ പ്രതിഷേധിച്ചു. പക്ഷെ വി എസ് തന്റെ പ്രസ്താവന തിരുത്താന്‍ തയ്യാറായില്ല. പേരിന് ഒരു ഖേദപ്രകടനം പോലും നടത്തിയില്ല.   അതുകൊണ്ട് തന്നെ ജില്ലയില്‍ നിന്നുള്ള മിടുക്കന്മാരും മിടുക്കികളും ഉന്നത വിജയങ്ങള്‍ നേടുമ്പോള്‍ വീ എസ്സിനെ ആരെങ്കിലും ഓര്‍ത്ത്‌ പോകുന്നുവെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.മലപ്പുറത്തെ കുട്ടികള്‍ക്ക് ഒരു ചരിത്രമുണ്ട്. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന പതിറ്റാണ്ടുകളുടെ ചരിത്രം. അതിനു മതപരവും സാമൂഹ്യവുമായ ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിരുന്നു. മത പൗരോഹിത്യത്തിന്റെ തെറ്റായ നിലപാടുകള്‍ ഉണ്ടായിരുന്നു. കാലത്തിന്റെ പ്രയാണത്തില്‍ അവയെയൊക്കെ അതിജയിച്ചാണ് 'വെള്ളം കോരികളും വിറകു വെട്ടികളുമായ' ഒരു സമൂഹം മുഖ്യധാരയിലേക്ക് കടന്നു വന്നത്. അതൊരു നവോത്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. നവോത്ഥാനത്തിന്റെ വഴിയടയാളങ്ങള്‍  തുടരെത്തുടരെ കണ്ടപ്പോള്‍ ഉള്ളില്‍ ദഹിക്കാതെ കിടന്ന ചിലത് ഒരു പ്രസ്താവനയിലൂടെ അറിയാതെ പുറത്ത് വന്നതാകാം.  മലപ്പുറം ജില്ല ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പൊതു സ്വത്തല്ല. അതുകൊണ്ട് തന്നെ ഏത് മതത്തില്‍ പെട്ടതായാലും വേണ്ടില്ല, ഈ ജില്ലയില്‍ നിന്നൊരു കുഞ്ഞ് വിജയിച്ചു വരുമ്പോള്‍ അതീ ജില്ലയുടെ മൊത്തം അഭിമാനമാകും. മതത്തിന്റെയോ ജാതിയുടെയോ മുഖമല്ല, മറിച്ച് പിന്നോക്കാവസ്ഥയെ പൊരുതി ജയിക്കുന്ന നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്താണ് അതിനുള്ളത്.  മലപ്പുറം ഒതുക്കുങ്ങല്‍ ഗ്രാമത്തിലെ ഇര്‍ഫാന്‍ എന്ന കൊച്ചു പയ്യന്‍ ഇന്നലെ രചിച്ച ചരിത്രവും മറ്റൊന്നല്ല.

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് വളരെ സൂക്ഷിച്ചു വേണം. കാലമെത്ര കഴിഞ്ഞാലും അവ ഉണ്ടാക്കിയ മുറിവുകള്‍ ഉണങ്ങില്ല. വീ എസ്സിന് മറുപടി കൊടുത്ത് കൊണ്ട് മലപ്പുറം ജില്ലയില്‍ നിന്നുള്ള മിടുക്കന്മാരും മിടുക്കികളും ഇനിയും ഉന്നത വിജയങ്ങള്‍ നേടിയെന്നിരിക്കും. അപ്പോഴെക്കെയും മറവി രോഗം ബാധിച്ചിട്ടില്ലാത്തവര്‍ വിഷം വമിച്ച ആ പ്രസ്താവനയെ ഓര്‍ത്തെന്നുമിരിക്കും. അത് സങ്കുചിതമായ ഏതെങ്കിലും ചിന്തയുടെ ഫലമായിട്ടല്ല. പിറന്നു വീണ പ്രദേശത്തോടും ആ മണ്ണിനോടും ഉണ്ടാകുന്ന സഹജമായ സ്നേഹത്തിന്റെ പ്രതിഫലനം മാത്രമാണ്!. മലപ്പുറം ജില്ലക്കരനായ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ ആദ്യ പത്രസമ്മേളനം തന്നെ ഇത്തരമൊരു വാര്‍ത്ത പ്രഖ്യാപിക്കാന്‍ വേണ്ടിയായത്‌ തികഞ്ഞ യാദൃശ്ചികത ആണെങ്കിലും വി എസ്സിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അതിനൊരു ചരിത്രപരതയുണ്ട് എന്ന് പറയാതെ വയ്യ. 

ചെറുതെങ്കിലും കാലിക്കറ്റ് യൂനി
വേഴ്സിറ്റിയില്‍ നിന്ന് രണ്ടു റാങ്കുകള്‍ എനിക്കും കിട്ടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വൈദ്യുതി എത്താതിരുന്ന ഒരു കുഗ്രാമത്തിലെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ചാണ് അന്ന് അത് ലഭിച്ചത്. കോപ്പിയടിച്ചാണ് ഈ ജില്ലയിലെ കുട്ടികള്‍ വിജയിക്കുന്നത് എന്ന് സഖാവ് പറഞ്ഞപ്പോള്‍  എനിക്കത് കൂടുതല്‍ നൊന്തു എന്ന് കൂടി പറയട്ടെ. വിഎസ്സിനെ ഈ വിജയത്തിലേക്ക് എന്തിനു വലിച്ചിഴച്ചു എന്ന് ചോദിച്ച സുഹൃത്തിനുള്ള മറുപടിക്ക് എനിക്കൊരു വ്യക്തിപരമായ അനുഭവതലം കൂടിയുണ്ട് എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇതിവിടെ എഴുതിയത്.

Related Posts:  വിവരക്കേടിന് ഒരതിരുണ്ട്‌