സോഷ്യൽ മീഡിയ ടോയ്ലറ്റ് സാഹിത്യമോ?

ബ്ലോഗുകളെക്കുറിച്ചും ഫേസ്ബുക്കിനെക്കുറിച്ചും എഴുത്തുകാരി ഇന്ദുമേനോന്റെ ഒരു പ്രസ്താവന ദേശാഭിമാനിയില്‍ വായിച്ചു. പേനയും പുസ്തകവും ഉപയോഗിച്ചുള്ള എഴുത്തിനു മാത്രമേ പൂര്‍ണത കിട്ടൂ എന്നാണ് അവരുടെ പ്രസ്താവനയുടെ രത്നച്ചുരുക്കം. 'ചുവരിലും മറ്റും എഴുതാനുളള മനുഷ്യന്റെ വാസനയാണ് ബ്ലോഗ്, ഫേസ്ബുക്ക് എന്നിവയുടെ രചനകളിലൂടെ പ്രകടമാകുന്നത്' എന്നും 'ഒരു തരത്തിലുള്ള ടോയ്ലറ്റ് സാഹിത്യം എന്നതിനെ വിളിക്കാം' എന്നും അവര്‍ അഭിപ്രായപ്പെട്ടു കളഞ്ഞു!. ഫേസ്ബുക്കിലെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലൂടെയാണ് ഇന്ദു മേനോന്‍ നടത്തിയ ഈ മഹാപ്രസ്താവനയെക്കുറിച്ച് ഞാന്‍ അറിയുന്നത്. ഉടനെ തന്നെ ഒരു ചെറിയ കമന്റ്‌  ആ സ്റ്റോറി പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടെ വെബ്സൈറ്റ് ലിങ്കില്‍ നല്‍കുകയും ചെയ്തു. പക്ഷെ അത് റിലീസ് ചെയ്തു കണ്ടില്ല. എന്നാല്‍ പിന്നെ ആ ചെറിയ പ്രതികരണത്തെ ഒന്ന് വലുതാക്കി ബ്ലോഗിലിടാം എന്ന് കരുതി.

ദേശാഭിമാനിയില്‍ ഞാന്‍ നല്‍കിയിരുന്ന കമന്റ്‌ ഇതാണ്. "നിങ്ങള്‍ എവിടെ എഴുതുന്നു എന്നതല്ല, നിങ്ങളുടെ തലയില്‍ എന്തുണ്ട് എന്നതാണ് പ്രശ്നം. താളിയോലയിലോ പേപ്പറിലോ കമ്പ്യൂട്ടറിലോ എവിടെയുമാകട്ടെ എഴുത്തിന്റെ പ്രതിഭ നിര്‍ണയിക്കുന്നത് അത് എഴുതുന്ന പ്രതലം ഏതെന്നു നോക്കിയിട്ടല്ല. കടലാസും അച്ചടിയും വരുന്നതിനു മുമ്പ് എഴുതപ്പെട്ട ഗ്രന്ഥങ്ങളും എഴുത്തുകാരും ഇന്നും കാലത്തെ അതിജീവിച്ചു നിലനില്‍ക്കുന്നുണ്ട്. പ്രതലമല്ല, പ്രതിഭയാണ് അതിജയിക്കുന്നത്. ഇത്തരം വിവരക്കേട് പറയുന്നവര്‍ക്ക് പത്രത്തിന്റെ പേജുകള്‍ അനുവദിക്കുന്നതിനു പകരം വരട്ടു ചൊറിക്കുള്ള ക്രീം കൊടുത്ത് പറഞ്ഞു വിടുന്നതാണ് നല്ലത്.".
 
ഇന്റര്‍നെറ്റും ഇ മീഡിയകളും ഉപയോഗിക്കാനറിയാത്ത സാഹിത്യകാരന്മാരാണ് ഇത്തരം മീഡിയകളെ പലപ്പോഴും തള്ളിപ്പറഞ്ഞു കാണാറുള്ളത്‌. കടലാസും പേനയും ഉപയോഗിച്ച് എഴുതിയുള്ള ശീലമേ ഞങ്ങള്‍ക്കുള്ളൂ, അതുകൊണ്ട് തന്നെ അതിനപ്പുറമുള്ള ഒന്നിനെയും അംഗീകരിക്കില്ല എന്ന് വാശിയുള്ളവര്‍ . പ്രിന്റ്‌ ചെയ്ത് പുസ്തക രൂപത്തില്‍ വരുന്നവ മാത്രമേ വായിക്കാന്‍ കൊള്ളൂ എന്ന് പറയുന്നവര്‍ . 'പ്രമേയത്തില്‍ , അവതരണത്തില്‍ , ഭാഷാപ്രയോഗങ്ങളില്‍ എല്ലാമെല്ലാം വ്യതിരിക്തതയോടെ മലയാള ചെറുകഥാസാഹിത്യത്തെ സമ്പന്നമാക്കിയ ഒരു കഥാകാരി'യില്‍ നിന്ന് (പ്രയോഗത്തിനു കടപ്പാട് : ഡി സി ബുക്സ്) ഇത്തരമൊരു പ്രസ്താവന വായിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്.   കടലാസും പ്രിന്റിംഗ് ടെക്നോളജിയും കടന്നു വന്ന കാലത്ത്  റഷ്യയിലെ കോത്താഴത്ത് ജീവിച്ചിരുന്ന ഒരു മഹാസാഹിത്യകാരി താളിയോലയില്‍ എഴുതുന്നവ മാത്രമേ സാഹിത്യമാവുകയുള്ളൂ, ബാക്കിയുള്ളതെല്ലാം കക്കൂസ് സാഹിത്യമാണ് എന്ന് പറഞ്ഞതായി എനിക്ക് നല്ല ഓര്‍മയുണ്ട് :). ഇന്ദു മേനോന്‍ മാത്രമല്ല, എന്‍ എസ് മാധവന്‍ , വിജു വി നായര്‍ , സന്തോഷ്‌ എച്ചിക്കാനം തുടങ്ങി 'പുസ്തക മീഡിയ'യിലെ പല പുലികളും ബ്ലോഗുകളെക്കുറിച്ചും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകളെക്കുറിച്ചും സമാനമായ പ്രസ്താവനകള്‍ ഇതിനു മുമ്പ് നടത്തിയിട്ടുണ്ട്. ബുദ്ധിവികാസത്തിന്റെ ജനിതക പാരമ്പര്യം വെച്ച് നോക്കിയാല്‍ റഷ്യയിലെ കോത്താഴം സാഹിത്യകാരിയുടെ അമ്മായിയുടെ മക്കള്‍ ആയിരിക്കണം ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന സാഹിത്യകാരന്മാര്‍ ! .  

ഫേസ്ബുക്ക്‌ എന്നാല്‍ തേങ്ങാക്കുലയാണോ അതോ മാങ്ങാത്തൊലിയാണോ എന്നറിയാത്ത ആളുകളാണ് സോഷ്യല്‍ മീഡിയകളെ അടച്ചാക്ഷേപിക്കുന്നത്. ഫേസ്ബുക്കില്‍ എഴുതുന്ന എഴുത്ത് ടോയ്ലെറ്റില്‍ എഴുതുന്ന അസംബന്ധം ആണെന്ന് പറയണമെങ്കില്‍ ചില്ലറ വിവരക്കേടൊന്നും പോര. തലക്കകത്ത് ഒരു കഷണം ടോയ്ലെറ്റ് പേപ്പറിന്റെ കനത്തിലെങ്കിലും 'പരിസരബോധം' ഉള്ള ആര്‍ക്കും പുതുതലമുറയുടെ ചലനങ്ങളും നിശ്വാസങ്ങളും കാതോര്‍ക്കാന്‍ കഴിയും. സക്രിയമായ സാമൂഹിക മാറ്റങ്ങള്‍ പോലും ഇന്ന് പരുവപ്പെട്ടു വരുന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകളിലൂടെയാണ്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ വായന നടക്കുന്നത്, ഏറ്റവും കൂടുതല്‍ സൃഷ്ടികള്‍ ഉണ്ടാകുന്നത്, ഏറ്റവും കൂടുതല്‍ സര്‍ഗാത്മക വിപണനം നടക്കുന്നത് ഇ-മീഡിയകളിലാണ്. കോത്താഴത്തെ കിണറ്റില്‍ കിടക്കുന്ന തവള അത് കാണുന്നില്ലെങ്കില്‍ അത് തവളയുടെ മാത്രം കുഴപ്പമല്ല. അതിനെ കിണറ്റിലെത്തിച്ച 'തരിശു ഭൂമി'കളുടെ കൂടി കുഴപ്പമാണ്. വായനയുടെയും എഴുത്തിന്റെയും പുതിയ വസന്ത ഭൂമികളെ പ്രണയിക്കാതെ പഴമയുടെ തരിശു ഭൂമികളില്‍ 'കടലാസ് കൃഷി' നടത്തുന്നവരുടെ കൂട്ടമാണ്‌ വെള്ളമില്ലാത്ത ഇത്തരം കിണറുകള്‍ കുഴിച്ചുവെച്ചിരിക്കുന്നത്.

കുന്നംകുളത്തെ പ്രസ്സില്‍ പുസ്തകം അടിച്ചു വിതരണം ചെയ്തത് കൊണ്ടല്ല വാത്മീകിയെ നാലാള്‍ അറിഞ്ഞത്. ഡി സി ബുക്സിന്റെ റോയല്‍റ്റിയുടെ പിന്‍ബലത്തിലല്ല സോക്രട്ടീസിന്റെ ചിന്തകള്‍ തലമുറകള്‍ കൈമാറപ്പെട്ടത്‌. ഓരോരോ കാലത്തിനും ഓരോരോ ആശയ സംവേദന രീതികള്‍ ഉണ്ട്. കാലം മാറുന്നതിനനുസരിച്ച് ആ രീതികളും മാറിക്കൊണ്ടിരിക്കും. പക്ഷെ പ്രതിഭയുടെ തിളക്കം മാറില്ല. അത് നശിക്കില്ല. ബൈന്‍ഡു ചെയ്ത പുസ്തകത്തില്‍ എഴുതിയത് മാത്രമേ സാഹിത്യമാകൂ എന്ന് കരുതുന്നവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി കുതിരവട്ടത്ത്‌ ഒരു പുതിയ ബ്ലോക്ക് തുടങ്ങുകയാണ് വേണ്ടത്. പുതുതലമുറയുടെ ശീലങ്ങള്‍ പരമ്പരാഗത വായനശാലാ സംസ്കാരത്തില്‍ നിന്നും ഏറെ അകലെയാണ്. വായന ശാലകളിലും സ്കൂള്‍ ലൈബ്രറികളിലും കയറിയിറങ്ങി പുസ്തകങ്ങള്‍ തിരയുന്ന ഒരു കുട്ടിയെ നമുക്ക് ഇനി തിരിയിട്ടു തിരഞ്ഞാല്‍ കിട്ടില്ല. എന്നാല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന പതിനായിരക്കണക്കിനു കുട്ടികളെ നമുക്ക് കാണാന്‍ കഴിയും. പുതിയ കാലത്തിന്റെ വായനാ ശീലങ്ങളെ തിരിച്ചറിഞ്ഞ് അതിനനുസൃതമായി മാറാന്‍ തയ്യാറാകാതെ മടിച്ചു നില്‍ക്കുന്നവര്‍ അടുത്ത തലമുറയുടെ 'നോട്ടുബുക്കില്‍ '  നിന്ന് അപ്രത്യക്ഷമാകും എന്ന കാര്യത്തില്‍ സംശയമില്ല.

ഇത്രയും പറഞ്ഞതില്‍ നിന്ന് തെറ്റിദ്ധരിക്കരുത്. ബ്ലോഗുകളിലും ഫേസ്ബുക്കിലും കാണുന്നതെല്ലാം ഒന്നാന്തരം സാഹിത്യമെന്നല്ല പറഞ്ഞു വരുന്നത്. ഒരു കുഞ്ഞു വളര്‍ന്നു വരുന്നെന്ന പോലെ ശൈശവഘട്ടത്തിലെ ശുശ്രൂഷകള്‍ ഇവിടെ വേണ്ടത്ര ലഭിക്കേണ്ടതുണ്ട്. മലവും മൂത്രവുമൊക്കെ കിടപ്പറയിലും തീന്മേശയിലും കണ്ടെന്നു വരും. അവയൊക്കെ വൃത്തിയാക്കാനുള്ള സന്മനസ്സും സാവകാശവും വേണം. വീഴുന്ന കുട്ടിയെ കണ്ടു പരിഹസിക്കരുത്. ഉടുപ്പില്‍ മൂത്രമൊഴിച്ചാല്‍ തിരണ്ടി വാല്‍ കൊണ്ട് അടിക്കരുത്. വായനശാലകളില്‍ നിന്ന് പുസ്തമെടുത്തും പബ്ലിക് ലൈബ്രറികളില്‍ കയറി വായിച്ചും വളര്‍ന്ന ഒരു ബാല്യം തന്നെയാണ് എനിക്കുമുള്ളത്. ആ കാലത്തെയും ആ രീതികളെയും ഇന്നും ഗൃഹാതുരതയോടെ മനസ്സില്‍ കൊണ്ട് നടക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ മാറുന്ന കാലത്തിന്റെ സ്പന്ദനം തിരിച്ചറിയാന്‍ അത്തരം വൈകാരികതകള്‍ തടസ്സമാകരുത് എന്നാണ് പറഞ്ഞു വന്നത്. സര്‍ഗപ്രതിഭയുള്ള എഴുത്തുകാര്‍ സോഷ്യല്‍ മീഡിയകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ മുന്നോട്ടു വരണം. പുതിയ വായനാ സംസ്കാരത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്താനും വിപണനം ചെയ്യാനും പുസ്തശാലകളും തയ്യാറാവണം. നമ്മുടെ സാഹിത്യവും പൈതൃകവും പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍  ഇ-മീഡിയകളെ  ടോയ്ലെറ്റ് എന്ന് ആക്ഷേപിച്ചു മാറി മാറിനില്‍ക്കുകയല്ല വേണ്ടത്.

പഴയ എഴുത്തുകാരോടും അവരുടെ സാഹിത്യ സൃഷ്ടികളോടും തെല്ലെങ്കിലും സ്നേഹമുള്ളവര്‍ ചരമ ദിനത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നതിനു പകരം അവരുടെ പുസ്തകങ്ങളുടെ സോഫ്റ്റ്‌ കോപ്പികള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ആണ് നടത്തേണ്ടത്. വായനക്കാര്‍ എവിടെയാണോ ഉള്ളത് അവിടെ പുസ്തകങ്ങള്‍ ലഭ്യമാവണം. പൊടിപിടിച്ച പുസ്തക ശാലകളുടെ ഷെല്‍ഫിനുള്ളില്‍ കിടന്ന് മഹാ സാഹിത്യകാരന്മാര്‍ അകാല ചരമം പ്രാപിക്കാതിരിക്കണമെങ്കില്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് അവരെ എത്തിക്കാനുള്ള ശ്രമങ്ങള്‍ വേണം. കാലത്തിനനുസരിച്ച അത്തരം ശ്രമങ്ങള്‍ മുന്‍ തലമുറകള്‍ നടത്തിയത് കൊണ്ടാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാഹിത്യ സൃഷ്ടികള്‍ നമ്മുടെ തലമുറയ്ക്ക് പരിചിതമായത്. സാഹിത്യകാരന്മാരെ കുഴിയിലേക്ക് എടുത്തു വെക്കുമ്പോള്‍ പതിനാലു ആചാര വെടി ആകാശത്തേക്ക് വെച്ചു കഴിഞ്ഞാല്‍ എല്ലാമായി എന്ന് കരുതുന്ന നമ്മുടെ സാംസ്കാരിക വകുപ്പുകള്‍ക്കും ഈ ദിശയില്‍ ചിലതൊക്കെ ചെയ്യാന്‍ കഴിയും. കഴിയേണ്ടതുണ്ട്.

തകഴി ശിവശങ്കര പിള്ള എന്ന് മലയാളത്തില്‍ എഴുതി ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയത് 334 റിസള്‍ട്ടുകളാണ്. മലയാളത്തിലെ ഒരു ശരാശരി ബ്ലോഗറുടെ പേര്‍ എഴുതി സെര്‍ച്ചിയപ്പോള്‍ പതിനയ്യായിരത്തിലധികം റിസള്‍ട്ടുകള്‍ വന്നു. ഗൂഗിള്‍ അമ്മച്ചിക്ക് തകഴിയെക്കാള്‍ പരിചയം ആ ബ്ലോഗറെ ആണെന്നര്‍ത്ഥം. ഇന്റര്‍നെറ്റില്‍ ഉറക്കമുണര്‍ന്ന് ഇന്റര്‍നെറ്റില്‍ തന്നെ കുളിയും പല്ല് തേപ്പും കഴിഞ്ഞു ഇന്റര്‍നെറ്റില്‍ തന്നെ കിടന്നുറങ്ങുന്ന ഒരു ഇ-യുവാവിനെ/യുവതിയെ സംബന്ധിച്ചിടത്തോളം ഗൂഗിളിനേക്കാള്‍ പരിതാപകരമായിരിക്കും അവസ്ഥ എന്ന് പറയേണ്ടതില്ല. തകഴിയോ? ലവനാര്? എന്നൊരു ചോദ്യം വന്നാല്‍ പോലും ഞെട്ടേണ്ടതില്ലാത്ത വിധം  പരമ്പരാഗത വായനയുടെയും എഴുത്തിന്റെയും വിളനിലങ്ങള്‍ വരള്‍ച്ചയുടെ ചുടുകാറ്റില്‍ വിണ്ടു കീറിക്കിടക്കുകയാണ്. വായനയുടെയും എഴുത്തിന്റെയും വസന്തം ഇപ്പോള്‍ ഇലക്ട്രോണിക് മീഡിയകളുടെ തിരുമുറ്റത്താണ് ഉള്ളത്.

പടിഞ്ഞാറന്‍ നാടുകളിലെ പ്രിന്റ്‌ മീഡിയകള്‍ നിലനില്പിന്റെ ചക്രശ്വാസം വലിച്ചു കൊണ്ടിരിക്കുകയാണ് . എണ്ണമറ്റ എഡിഷനുകള്‍ ഉണ്ടായിരുന്ന, നൂറ്റാണ്ടുകളുടെ പഴക്കമുള്ള പല പത്രങ്ങളും അവരുടെ പ്രിന്റ്‌ എഡിഷനുകള്‍ നിര്‍ത്തുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്. അവരുടെയെല്ലാം പ്രധാന ശ്രദ്ധ ഇപ്പോള്‍ വെബ്‌ എഡിഷനുകളിലാണ്. ഇന്റര്‍നെറ്റിന്റെ പ്രചാരം താരതമ്യേന കുറവായ ഇന്ത്യയില്‍ പ്രിന്റ്‌ എഡിഷനുകള്‍ കുറച്ചു കാലം കൂടെ നില നിന്നേക്കും. പക്ഷെ അവരും ഇന്നല്ലെങ്കില്‍ നാളെ ഇ-മീഡിയക്ക് വഴി മാറിക്കൊടുത്തേ മതിയാവൂ. ഇപ്പോള്‍ തന്നെ ആ ദിശയില്‍ ആസൂത്രണം നടത്തുന്നവര്‍ വിജയിക്കും. അല്ലാത്തവര്‍ കാലത്തിന്റെ വിസ്മൃതിയിലേക്ക് മറയും.

ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആയ വിക്കിപീഡിയ ഒരുദാഹരണമായി എടുക്കാം. പതിറ്റാണ്ടുകളുടെ പാരമ്പര്യവും ആധികാരികതയും അവകാശപ്പെടാവുന്ന നിരവധി വിശ്വവിജ്ഞാന കോശങ്ങളുണ്ട്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക അടക്കമുള്ള നിരവധി വിശ്വപ്രസിദ്ധ ഗ്രന്ഥങ്ങള്‍ . അവയെയെല്ലാം ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളിലാണ് വിക്കിപീഡിയ വിഴുങ്ങിക്കളഞ്ഞത്‌. ഇലക്ട്രോണിക് വിസ്ഫോടനത്തിന്റെ പള്‍സ് പോകുന്ന വഴി നോക്കി തുടക്കം കുറിച്ച ഒരു ചെറിയ സംരംഭം ഇന്ന് വിജ്ഞാനത്തിന്റെ ഒരു മഹാസാമ്രാജ്യമായി വളര്‍ന്നു കഴിഞ്ഞു. മാറാന്‍ തയ്യാറില്ലാത്ത പഴയ 'പുലി'കള്‍ തങ്ങളുടെ കൂടുകളില്‍ പുല്ലു തിന്നു കഴിഞ്ഞു കൂടുന്നു.

ഇന്ദുമേനോന്റെ പ്രസ്താവനയോടുള്ള ഒരു വൈകാരിക പ്രതികരണം ആയി ഈ പോസ്റ്റിനെ കാണരുത്. സര്‍ഗപ്രതിഭയുള്ള ഒരു കഥാകാരി എന്ന നിലക്ക് അവരോടു അങ്ങേയറ്റം ബഹുമാനവും ആദരവും ഉണ്ട്. പക്ഷെ ഇ-മീഡിയകള്‍ കക്കൂസ് സാഹിത്യമാണെന്ന വില കുറഞ്ഞ പ്രസ്താവനയോട് വിയോജിക്കാതെ വയ്യ. ഇത്തരം പ്രസ്താവനകള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന മറ്റു സാഹിത്യ പുലികളോടുള്ള വിയോജിപ്പ് കൂടിയാണ് ഒരു ചെറിയ ബ്ലോഗ്‌ ഉടമയായ ഞാനിവിടെ പ്രകടിപ്പിച്ചത്.  പുതിയ സാങ്കേതിക വിദ്യകളും രീതികളുമായി ലോകം മുന്നോട്ടു തന്നെ പൊയ്ക്കൊണ്ടിരിക്കും. മാറ്റം വരാത്തതായി ലോകത്ത് ഒന്നേയുള്ളൂ, അത് മാറ്റം മാത്രമാണ് എന്ന് തിരിച്ചറിയാന്‍ 'പുലികള്‍ക്കും പൂച്ചകള്‍ക്കും' കഴിയണം. അതല്ല, ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ വിലയം പ്രാപിക്കാനാണ് ആഗ്രഹമെങ്കില്‍ ആ ആഗ്രഹം ദൈവം സാധിപ്പിച്ചു തരട്ടെ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Related Posts
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.
പേര് ഫേസ്ബുക്ക്, വയസ്സ് പതിനാറ് (Female)
ടീനേജുകാരുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്
ഒടുക്കത്തെ Google+
ജനകോടികളുടെ വിശ്വസ്ത ബ്ലോഗര്‍