ഒടുക്കത്തെ Google+

ആവശ്യമില്ലാത്ത വിഷയങ്ങളില്‍ കേറി അഫിപ്രായം പറയുക, പിന്നെ അതില്‍ നിന്ന് തലയൂരാന്‍ പെടാപാട് പിടുക, ഒരു ദിവസം മിനിമം പത്തു പേരെയെങ്കിലും ശത്രുക്കളാക്കുക തുടങ്ങിയ കലാപരിപാടികള്‍ മുടങ്ങാതെ ചെയ്തു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. അതിലേക്കാണ് ഈ ഗൂഗിള്‍ പ്ലസും കേറി വന്നത്. വല്ലാത്ത പൊല്ലാപ്പായിപ്പോയി. സ്ഥിരമായി ബിരിയാണി തട്ടുന്നവന് കപ്പ കാണുമ്പോള്‍ വായീന്ന് വെള്ളം വരും.  ബ്ലോഗിലും ഫേസ്ബുക്കിലും കറങ്ങി നടക്കുന്ന എനിക്ക്  ഗൂഗിള്‍ പ്ലസ് എന്ന് കേട്ടപ്പോഴും അത് പോലെ ഒരിത് വന്നു. പരിപാടി ഫ്രീ ആണ് എന്നറിഞ്ഞതോടെ ഞാന്‍ ചാടിക്കേറി അക്കൗണ്ട്‌ തുടങ്ങി.


ഗൂഗിള്‍ പ്ലസ്സില്‍ കയറിക്കൂടിയ ആരേലും ഇന്‍വിറ്റേഷന്‍ അയച്ചാല്‍ മാത്രമേ അതിനുള്ളില്‍ കേറാന്‍ പറ്റൂ. ട്രയല്‍ വേര്‍ഷന്‍ ആയതു കൊണ്ട് കുറച്ചാളുകളെ വെച്ചു ഒരു ഒപ്പിക്കല്‍ പരിപാടിയാണ് ഗൂഗിളമ്മച്ചി ഇപ്പോള്‍ നടത്തുന്നത്. എല്ലാവരെയും ഒറ്റയടിക്ക് കേറ്റി കുളമാക്കേണ്ട എന്ന് കരുതിക്കാണും. ഗൂഗിള്‍ ബസ്സില്‍ സ്ഥിരമായി കയറുന്ന രാഹുലാണ് എന്നെ പ്ലസ്സില്‍ വലിച്ചു കയറ്റിയത്. അക്കൌന്റ് തുടങ്ങിയ വിവരം നാലാളെ അറിയിക്കാതിരുന്നാല്‍ മോശമല്ലേ. കാള പെറുന്നതിനു മുമ്പ് തന്നെ കയറും കറവപ്പാട്ടയുമായി ഓടി ശീലിച്ചിട്ടുള്ള ഞാന്‍ ഒരു സെക്കന്റ് വൈകാതെ ഫേസ്ബുക്കിലൂടെ അത് എല്ലാവരെയും അറിയിച്ചു. അതോടെ ഞാന്‍ പെട്ടു. ഇന്‍വിറ്റേഷന്‍ അയക്കൂ എന്ന് പറഞ്ഞു പലരും എന്റെ പിറകെ കൂടി. എല്ലാവരുടെയും ഇമെയില്‍ ഐഡിയിലേക്ക് ഞാന്‍ തുരുതുരാ ഇന്‍വിറ്റേഷന്‍ അയച്ചു. ഗൂഗിളമ്മച്ചി മടിച്ചു മടിച്ചു വാതില്‍ തുറക്കുന്നത് കൊണ്ട് പലര്‍ക്കും അത് കിട്ടിയില്ല. കിട്ടിയവര്‍ക്ക് തന്നെ അക്കൌന്റ് തുറക്കാനും പറ്റിയില്ല. കുറെ ആളുകള്‍ അതോടെ എന്നോട് പിണങ്ങി. അവനവന്‍ കുഴിക്കുന്ന കുഴികളില്‍ എന്നോ മറ്റോ ഉള്ള ഒരു പാട്ടില്ലേ. അത് തന്നെ.. ഒരു ദിവസം പോയിക്കിട്ടിയത് മിച്ചം.

ഗൂഗിള്‍ പ്ലസ്സില്‍ കയറാന്‍ പറ്റാത്തവരൊക്കെ ഇപ്പോള്‍ ഇന്‍വിറ്റേഷന് വേണ്ടി പരക്കം പായുകയാണ്. ഇത് ഗൂഗിളിന്റെ ഒരു നമ്പറാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു ആകാംക്ഷയുണ്ടാക്കി ആളെക്കൂട്ടുക. നാലാള്‍ ടിക്കറ്റിനു തിക്കിത്തിരക്കുന്നത് കണ്ടാല്‍ അവാര്‍ഡ് ഫിലിമിന് വരെ ആള് കേറുന്ന കാലമാണ് ഇത്. 60 കോടിയിലധികം പ്രജകള്‍ ഉള്ള ഫേസ്ബുക്കുമായി അങ്കം വെട്ടണമെങ്കില്‍ പതിനെട്ടാമത്തെ അടവ് തന്നെ ആദ്യം പ്രയോഗിക്കേണ്ടി വരും എന്ന് ഗൂഗിളിനു അറിയാം. അതാണിപ്പോള്‍ അവര് ചെയ്യുന്നത്. കിട്ടിയ സന്ദര്‍ഭം മുതലാക്കി  ഇന്‍വിറ്റേഷന്‍ ഫ്രീയായി നല്‍കി  ഹിറ്റ്‌ കൂട്ടുന്നവരും ഉണ്ട്.

പോസ്റ്റര്‍ കണ്ടു സിനിമയുടെ റിവ്യൂ എഴുതുന്ന ആളുകളുണ്ട്. അതുപോലുള്ള ഒരു പരിപാടി നമുക്കും ആകാമല്ലോ. ഒറ്റ ദിവസത്തെ പരിചയം വെച്ച് പറയുകയാണെങ്കില്‍ സംഗതി കൊള്ളാം. എനിക്ക് ലിഷ്ടപ്പെട്ടു. ആളുകളെ വട്ടം വരച്ചു അതിനുള്ളില്‍ ആക്കുകയാണ് ഗൂഗിള്‍ പ്ലസ്സിന്റെ ഒരു സവിശേഷ പണി. ഓരോ വട്ടത്തിനും ഓരോ പേര്. Friends, Family, Following എന്നിങ്ങനെ ഓരോന്ന്. നമ്മുടെ പരിചയക്കാര്‍  ഓരോരുത്തരെയും തരം തിരിച്ചു ഓരോ വട്ടത്തിനുള്ളില്‍ ആക്കുക. പിന്നെ അവരുമായി എന്താന്നു വെച്ചാല്‍ പറയുകയോ ഷെയറുകയോ ചെയ്യുക.

എന്റെ സര്‍ക്കിളുകള്‍ ഇവയാണ്.. ചൊറിയന്മാര്‍,  ഡീസന്റ് പാര്‍ട്ടികള്‍, തരികിട, മഹാ വെളവന്മാര്‍.. ഓരോന്നിലെക്കും ആളെ ചേര്‍ത്തു വരുന്നതേയുള്ളൂ.. 

വീഡിയോയും ഓഡിയോയും ഓണാക്കി ആരെങ്കിലുമൊത്ത് ഹാങ്ങ്‌ ഔട്ട്‌ നടത്താനും (ഗ്രൂപ്പ് വിഡിയോ ചാറ്റ് ) വകുപ്പുണ്ട്. വട്ടത്തിനുള്ളില്‍ ആളെക്കേറ്റുന്നത് വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട ഒരു പണിയാണ്. ബോസ്സിനെ പിടിച്ചു  ഫ്രണ്ട്സിന്റെ കൂട്ടത്തില്‍ ഇട്ടാല്‍ എപ്പോ പണി പോയീന്നു ചോദിച്ചാല്‍ മതി. ഭാര്യയെപ്പിടിച്ചു കാമുകിക്കൊപ്പമിട്ടാല്‍ പ്ലസ്‌ ഒറ്റയടിക്ക് മൈനസാവും. നമ്മുടെ പതിനാറുകാരി പെങ്കൊച്ചിന്റെ പോസ്റ്റില്‍ ഞാന്‍ പറഞ്ഞത് പോലെ എല്ലാം ശ്രദ്ധിച്ചും കണ്ടും വേണം ചെയ്യാന്‍. ഗൂഗിളല്ലേ എന്ന് കരുതി നെവര്‍ മൈന്‍ഡ് കളിക്കരുത്.

എന്റെ വാചകമടി കേള്‍ക്കാതെ നേരെ ചൊവ്വേ കാര്യങ്ങള്‍ മനസ്സിലാക്കണം എന്നുള്ളവര്‍ക്ക് ഈ ക്ലിപ്പ് ഉപകാരപ്പെടും.ഒടുക്കത്തെ ഗൂഗിള്‍ എന്ന് ഞാന്‍ തുടക്കത്തില്‍ പറഞ്ഞത് ഏറ്റവും ലേറ്റസ്റ്റായി എത്തിയ എന്ന അര്‍ത്ഥത്തിലാണ്. സംഗതി വൈദേശിക കുത്തകയാണെങ്കിലും (ചൈന ഗൂഗിള്‍ + വരുന്നതിനു മുമ്പ് തന്നെ ബ്ലോക്ക്‌ ആക്കി കെട്ടോ!!) ഗൂഗിളില്ലാത്ത ഒരു ജീവിതം നമുക്കില്ലല്ലോ. ഫേസ്ബുക്കിന്റെ ആപ്പീസ് ഗൂഗിള്‍ പൂട്ടുമോ എന്നാണ് നമുക്ക് അറിയേണ്ടത്. രണ്ടായാലും ഒരു അക്കൗണ്ട്‌ ഗൂഗിളില്‍ തുടങ്ങിയിടുന്നത് നല്ലതാണ്. ഇന്‍വിറ്റേഷന്‍ വേണ്ടവര്‍ ഉടന്‍ വിവരം പറയണം. എന്റെ ശത്രുക്കളുടെ ലിസ്റ്റ് എഴുതിയ ബുക്കില്‍  ഇച്ചിരി കൂടി സ്ഥലം ബാക്കിയുണ്ട്.

മ്യാവൂ: ഫേസ്ബുക്ക് മൊയലാളി മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഗൂഗിള്‍ + ഉപയോഗിക്കുന്നവരില്‍ ഒന്നാം സ്ഥാനത്തുള്ളത് എന്നാണ് നെറ്റില്‍ കണ്ട ഒരു കണക്ക് !!! പുള്ളിക്ക് ഗൂഗിള്‍ പ്ലസ്സില്‍  21213 followers ഉണ്ട്. ഹെനിക്കു വയ്യ..

Related Posts
പേര് ഫേസ്ബുക്ക്, വയസ്സ് പതിനാറ് (Female)