ഫറസാൻ ദ്വീപിലേക്ക്

ഏറെക്കാലമായി മനസ്സിലുള്ള ഒരാഗ്രഹമായിരുന്നു ഫറസാൻ ദ്വീപ്‌ സന്ദർശിക്കുക എന്നത്. സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ ജിസാൻ തീരത്ത് നിന്നും ഏതാണ്ട് അമ്പത് കിലോമീറ്റർ അകലത്തിൽ ചിതറിക്കിടക്കുന്ന നിരവധി ദ്വീപുകളുടെ ഒരു കൂട്ടം.  ചരിത്രത്തിന്റെ ഗതകാല ഓർമകളിൽ പോർച്ചുഗീസ്, ഓട്ടോമൻ അധിനിവേശങ്ങളുടെ കഥ പറയുന്ന കടൽ തുരുത്തുകൾ. രേഖപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായ ചരിത്ര സംഭവങ്ങളിൽ കടൽ കൊള്ളക്കാരുടെയും സാഹസിക നാവികരുടേയും കീഴടക്കലുകളും സംഘട്ടങ്ങളും നിറഞ്ഞു നില്ക്കുന്ന ചെങ്കടലിന്റെ നിഗൂഡ തീരങ്ങൾ.. അന്തമാനിലേക്കെന്ന പോലെ പഴയ കാലത്ത് കള്ളന്മാരെയും രാഷ്ട്രീയ തടവുകാരെയും നാടുകടത്തിയിരുന്ന ഒറ്റപ്പെട്ട ദ്വീപുകൾ..  ആൾകൂട്ടങ്ങളുടെ ബഹളങ്ങളും നാഗരിക ജീവിതത്തിന്റെ തിരക്കുകളും മടുപ്പുളവാക്കുമ്പോൾ ഒറ്റപ്പെട്ട ഇത്തരം പ്രദേശങ്ങളിലേക്കും തുരുത്തുകളിലേക്കും നടത്തുന്ന യാത്രകൾ ജീവിതത്തിന് പുതുമയുള്ള ചില നിറക്കൂട്ടുകൾ നല്കും.. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയുടെ ഉത്സവങ്ങളില്ലെങ്കിലും കാതടിപ്പികുന്ന ശബ്ദങ്ങളുടെ ആഘോഷങ്ങളില്ലെങ്കിലും മനസ്സിലും ചിന്തയിലും  ഇത്തിരി ശുദ്ധ വായു നിറയ്ക്കും... ഓർമയിൽ തങ്ങി നില്ക്കാൻ ചില മുഹൂർത്തങ്ങൾ സമ്മാനിക്കും.

ആറു പേരടങ്ങുന്ന യാത്രാ സംഘം. അവരിൽ ഞാനടക്കം നാല് പേർ പല യാത്രകൾ ഒരുമിച്ചു നടത്തിയിട്ടുള്ളവരാണ്. നാല് പേരും ബ്ലോഗർമാരാണ്. അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, എം ടി മനാഫ്, അക്ബർ ചാലിയാർ.. ഞങ്ങളുടെ യാത്രകളിലേക്ക് ഇത്തവണ കടന്നു വന്ന പുതുമുഖം പ്രിയ സുഹൃത്തും അറിയപ്പെടുന്ന ഗായകനുമായ അബ്ദുൽ ഹഖ് തിരൂരങ്ങാടിയാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് ഷംസു വരിപ്പാറയും യാത്രാംഗമാകാൻ പദ്ധതിയിട്ടിരുന്നെങ്കിലും അസുഖം കാരണം അവസാന നിമിഷം പിൻമാറേണ്ടി വന്നു. കടൽ പേടിയാണോ അദ്ദേഹത്തിന്റെ അസുഖത്തിന്റെ പിന്നിലെന്നത് ഒരു അന്വേഷണക്കമ്മീഷനെ വെച്ചാൽ മാത്രമേ അറിയാൻ കഴിയൂ. മൂന്ന് ദിവസത്തെ യാത്രയാണ് പ്ളാൻ ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ യാത്ര പുറപ്പെടാനാണ് പദ്ധതി. ബുധനാഴ്ച രാത്രി തന്നെ എല്ലാവരും ജിദ്ദയിൽ ഒത്തുകൂടി. അക്ബറും മനാഫും യാമ്പുവിൽ നിന്ന് നാല് മണിക്കൂർ ഡ്രൈവ് ചെയ്ത് എത്തിയതാണ്. ജിദ്ദയിൽ നിന്നും ജിസാനിലേക്ക് ഏതാണ്ട് എണ്ണൂറു കിലോമീറ്റർ ദൂരമുണ്ട്. അറേബ്യൻ മരുഭൂമിയെ കീറിമുറിച്ച് കടന്നു പോകുന്ന പടുകൂറ്റൻ ഹൈവേയിലൂടെ ഒരു ദിനം മുഴുവൻ നീണ്ടു നില്ക്കുന്ന യാത്ര.

 ആറു പേർക്ക്‌ രാജകീയമായി സഞ്ചരിക്കാവുന്ന ഹഖിന്റെ ജി എം സി സബർബനാണ് വാഹനം. അറേബ്യൻ മരുഭൂമിയിലൂടെയുള്ള കാർ യാത്ര എപ്പോഴും ആവേശകരമാണ്.. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മണൽ കടലിന്റെ മധ്യത്തിലൂടെ അതിവേഗത്തിൽ ചീറിപ്പാഞ്ഞുപ്പോകുമ്പോൾ ചുടുകാറ്റിന്റെ വന്യമായ മുരൾച്ചയും പൊടിക്കാറ്റിന്റെ ചുഴലികളും നല്കി മരുഭൂമി നമ്മെ അടിച്ചോടിക്കാൻ തത്രപ്പെടുകയാണോ എന്ന് തോന്നും. എന്നാൽ തൊട്ടടുത്ത നിമിഷം താള നിബദ്ധമായ ചുവടുകളോടെ ഒരൊട്ടകക്കൂട്ടം  പ്രത്യക്ഷപ്പെടുമ്പോൾ, ഉച്ചത്തിൽ പാട്ട് പാടി നൂറു കണക്കിന് ആടുകളെ തെളിച്ചു കൊണ്ട് ഒരു ബദൂവിയൻ ഇടയൻ കണ്‍വെട്ടത്തിലെത്തുമ്പോൾ അതേ മരുഭൂമി നമ്മോട് ചങ്ങാത്തം കൂടാൻ വരികയാണെന്നും തോന്നും. മരുഭൂമിയിലെ കാഴ്ചകൾക്ക് വന്യമായ ഒരു സൗന്ദര്യമുണ്ട്. അവയെ മനസ്സിനുള്ളിലേക്ക് ആവാഹിക്കണമെങ്കിൽ മരുഭൂമിയുടെ മനസ്സറിയണം.  അത് വല്ലാത്തൊരു മനസ്സാണ്.. നിരന്തരമുള്ള യാത്രകളിലൂടെ മാത്രം പരിചയപ്പെടാവുന്ന മനസ്സ്..

യേ ദുനിയാ യേ മെഹ്ഫില്‍ മെരേ കാം കീ നഹീ.. മെരേ കാം കീ നഹീ..

അനശ്വര ഗായകൻ മുഹമ്മദ്‌ റഫിയുടെ ക്ലാസ്സിക് ഗാനങ്ങൾ ഹഖിന്റെ ശ്രുതി മധുരമായ ശബ്ദത്തിലൂടെ ഒഴുകിക്കൊണ്ടേയിരുന്നു. ഈ യാത്രയിലെ ഹൈലൈറ്റ് അതായിരുന്നു എന്ന് പറയാം. പാട്ട് പാടി ഡ്രൈവ് ചെയ്യുക എന്നത് ഹഖിന് ക്രേസ് ആണെന്ന് തോന്നുന്നു. മലയാളത്തിലെ മിക്ക പിന്നണി ഗായകരോടുമൊപ്പം ഗൾഫിലെ നിരവധി വേദികളിൽ സംഗീത സദസ്സുകൾ നടത്തിയിട്ടുള്ള അനുഗ്രഹീത ശബ്ദമാണ് അബ്ദുൽ ഹഖിന്റെത്. ആ ശബ്ദം മതിവരുവോളം ആസ്വദിക്കുക എന്നത് കൂടിയായിരുന്നു ഒരു സഹയാത്രികനായി അദ്ദേഹത്തെ തിരഞ്ഞെടുക്കുമ്പോൾ മനസ്സിൽ കരുതിയിരുന്നത്. അത് വെറുതെയായില്ല. പുറത്ത് മരുഭൂമിയുടെ ചൂട്. അകത്ത് പാട്ടിന്റെ കുളിർ മഴ.. യാത്രയിലുടനീളം മുഹമ്മദ്‌ റഫി ഞങ്ങളോടൊപ്പം ഉള്ളത് പോലെ.. മണിക്കൂറുകൾ പൊയ്ക്കൊണ്ടിരുന്നത് അറിഞ്ഞേയില്ല.. ചില പാട്ടുകൾ ഞങ്ങൾ റെക്കോർഡ്‌ ചെയ്തു.. അതിലൊരു പാട്ട് ദാ ഇവിടെ കേൾക്കാം


ചീസ്, ഹലാവ, ടൂണ, സൈയ്തൂണ്‍, കുബുസ്.. കാറിനുള്ളിൽ ഇരുന്നു കൊണ്ട് തന്നെയായിരുന്നു ബ്രേക്ക് ഫാസ്റ്റ്. യാത്രയിലെ ഇടത്താവളം ഖുൻഫുദയായിരുന്നു. ബ്ലോഗർ ഫൈസൽ  ബാബു ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഫൈസലിന്റെ വീട്ടിൽ ലഘു പാനീയങ്ങൾ കുടിച്ച് അൽപ സമയം വിശ്രമം. അതിനിടയിൽ ഫൈസൽ ടൊയോട്ടയും എത്തി.. രണ്ടു പേരും ഞങ്ങളുടെ പല യാത്രകളിലും കൂടെയുണ്ടായിരുന്നവരാണ്.  വീണ്ടും യാത്ര. സമയം ഏതാണ്ട് ഉച്ചയായി. അജലാനിലെ ഒരു യെമനി ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി. നല്ല ചൂടുള്ള ആട്‌ മന്തി.. ഇളയ ആടിന്റെ ഇറച്ചി കൊണ്ട് മന്തിയുണ്ടാക്കാൻ യെമനികളെ കഴിഞ്ഞിട്ടേ ഭൂമിയിൽ മറ്റാരുമുള്ളൂ.. യാത്രയിൽ ഭക്ഷണം കുറച്ച് കഴിക്കുന്നതാണ് നല്ലത് എന്ന് പറയാറുണ്ടെങ്കിലും ചൂടുള്ള മന്തി കിട്ടുമ്പോൾ ഇതൊക്കെ ആര് കേൾക്കാൻ.. വൈകിട്ടത്തെ സ്റ്റോപ്പ്‌ ഓവർ ദർബിനും ജീസാനുമിടയിലുള്ള അൽ സലാമ എന്ന സ്ഥലത്തായിരുന്നു. അവിടെ എന്റെ പെങ്ങളുടെ മരുമകൻ നിസാറിന് കച്ചവടമുണ്ട്‌. നിസാറിന്റെ റൂമിൽ ഞങ്ങളെ കാത്തിരുന്നത് ചൂടുള്ള ബ്രോസ്റ്റാണ്. ചുരുക്കിപ്പറഞ്ഞാൽ  രാവിലെ ഏഴര മണിക്ക് ജിദ്ദയിൽ നിന്ന് തുടങ്ങിയ യാത്ര യെമൻ അതിർത്തിയോട് ചേർന്നുള്ള സൗദി നഗരമായ ജിസാനിലെത്തുമ്പോൾ രാത്രി എട്ട് മണി. സാധാരണ ഗതിയിൽ എട്ടു മണിക്കൂർ കൊണ്ട് എത്താവുന്ന ദൂരമാണ്. പക്ഷേ ഇടയ്ക്കിടെ നിർത്തിയും മരുഭൂമിയെ ആസ്വദിച്ചും അറേബ്യൻ ഭക്ഷണങ്ങൾ വേണ്ടത്ര കഴിച്ചുമുള്ള യാത്രയായതിനാൽ അതല്പം നീണ്ടു എന്നേയുള്ളൂ.. വട്ടപ്പൊയിലിന്റെ സുഹൃത്ത് നൗഫൽ ഞങ്ങളെ ജിസാനിൽ കാത്ത് നില്ക്കുന്നുണ്ടായിരുന്നു. രണ്ട് ബെഡ്‌ റൂമുകളും വിശാലമായ സിറ്റിങ്ങും അടുക്കളയും എല്ലാമുള്ള ഒരു അപാർട്ട്മെന്റ് ബുക്ക്‌ ചെയ്തിരുന്നു. വെടി പറച്ചിലുകൾ.. പാട്ടുകൾ.. ദ്വീപ്‌ യാത്രക്കുള്ള തയ്യാറെടുപ്പുകൾ.. പിന്നീട് സുഖ നിദ്ര..

ആറു മണിക്ക് മുമ്പായി തന്നെ ജിസാൻ പോർട്ടിലെത്തി. രാവിലെയും വൈകിട്ടും രണ്ട് കപ്പലുകളാണ് ഫറസാൻ ദ്വീപിലേക്കുള്ളത്. എഴുന്നൂറ് പേർക്ക് സുഖമായി സഞ്ചരിക്കാവുന്ന ഈ കപ്പലിൽ ടിക്കറ്റ് ഫ്രീയാണ്. ദ്വീപ്‌ നിവാസികൾക്കും യാത്രികർക്കുമുള്ള അബ്ദുള്ള രാജാവിന്റെ പ്രത്യേക സമ്മാനം. ഏറ്റവും ചുരുങ്ങിയത് നൂറ് റിയാൽ ചാർജ് ഈടാക്കാവുന്ന യാത്രയാണ്. ഏതാണ്ട് അമ്പത് കിലോമീറ്ററിൽ അധികം ദൂരം.. ഒരു മണിക്കൂറിലധികം യാത്ര. കാറിന് ടിക്കറ്റ് എടുത്തിരുന്നുവെങ്കിലും ഇവിടെ പാർക്ക്‌ ചെയ്ത് പോകാനാണ് ഞങ്ങൾ തീരുമാനിച്ചത്.  യാത്രികരിൽ പലരും അവരുടെ വാഹനം കപ്പലിൽ കയറ്റുന്നുണ്ട്. അതും ഫ്രീയാണ്. രണ്ട് തട്ടുകളുള്ള കപ്പലിൽ (ഫെറി) അടിഭാഗം വാഹനങ്ങൾക്കാണ്. ഏതാണ്ട് അറുപതോളം വാഹനങ്ങൾ പാർക്ക്‌ ചെയ്യാം. തിരിച്ചു വരുമ്പോൾ സ്പീഡ് ബോട്ടിൽ വരാനാണ് ഞങ്ങളുടെ പരിപാടി. വാഹനം കൊണ്ട് പോയാൽ കപ്പലിലേ വരാൻ പറ്റൂ.. അതുകൊണ്ടാണ് അതിവിടെ പാർക്ക്‌ ചെയ്തു പോകാൻ തീരുമാനിച്ചത്. കൃത്യം ഏഴ് മണിക്ക് കപ്പൽ പുറപ്പെട്ടു.

ഖുൻഫുദയിൽ ഫൈസലിന്റെ വീട്ടിൽ

ഞങ്ങൾ കയറിയതിന് സമാനമായ മറ്റൊരു ഫെറി ഫറസാനിൽ നിന്ന് മടങ്ങുന്നു.ഫറസാൻ ട്രിപ്പിന്റെ ഏറ്റവും  രസകരമായ ഭാഗം കപ്പൽ യാത്ര തന്നെയാണ്. ഒരു സ്വിമ്മിംഗ് പൂളിലേത് പോലെ ആഴത്തിലേക്ക് കാണാവുന്ന തെളിഞ്ഞ വെള്ളമാണ് ചെങ്കടലിലേത്. തിരമാലകൾ തീരെയില്ല. ഒരു വലിയ തടാകത്തിലൂടെ സഞ്ചരിക്കുന്ന പ്രതീതി. കാറ്റടിക്കുമ്പോൾ ചെറിയ ഉലച്ചിൽ അനുഭവപ്പെടുമെന്ന് മാത്രം. പ്രാതൽ കഴിക്കാതെ പുറപ്പെട്ടതിനാൽ നേരിയ വിശപ്പുണ്ട്. കപ്പലിലെ കാന്റീനിൽ ബിസ്കറ്റും ചായയും മാത്രമേയുള്ളൂ. ബിസ്കറ്റെങ്കിൽ ബിസ്കറ്റ്. പ്രാതൽ കഴിച്ചെന്ന് ഉറപ്പ് വരുത്തി. പല രാജ്യക്കാരും ഭാഷക്കാരുമായി മുന്നൂറോളം യാത്രക്കാർ കപ്പലിലുണ്ട്. അറബി സ്ത്രീകളും കുട്ടികളുമാണ് കൂടുതലും. ഏതാണ്ട് ഒരു മണിക്കൂർ സഞ്ചരിച്ചു കാണണം. ഫറസാൻ തുരുത്തുകൾ കാണാറായി. ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ തൊട്ടുരുമ്മി നില്ക്കുന്നത് പോലെ എണ്ണമറ്റ തുരുത്തുകൾ.. പാറക്കൂട്ടങ്ങൾ.. അങ്ങിങ്ങായി മത്സ്യ ബന്ധന ബോട്ടുകൾ..നിക്കോണ്‍ ക്യാമറയിൽ സൂം ചെയ്തപ്പോൾ മനോഹരമായ ചില ക്ളിക്കുകൾ ലഭിച്ചു. പാറക്കൂട്ടങ്ങൾക്കിടയിൽ കലപില കൂടുന്ന പല തരം കിളികൾ..

കപ്പലിറങ്ങിയപ്പോൾ ദ്വീപിൽ ഏതാണ്ട് നാല്പത് ഡിഗ്രിയിലധികം ചൂടുണ്ട്. കാറെടുക്കാതെ പോന്നത് അബദ്ധമായി എന്ന് ഇറങ്ങിയപ്പോൾ തന്നെ ബോധ്യപ്പെട്ടു. ദ്വീപ്‌ ചുറ്റിക്കാണിക്കാൻ കാറുകളുമായി സൗദി ഡ്രൈവർമാർ നിരവധിയുണ്ട്. അതിനിടയിലാണ് പോർട്ടിൽ ബോട്ട് സർവീസ് നടത്തുന്ന കൊല്ലം സ്വദേശി ജോസഫിനെ പരിചയപ്പെടുന്നത്. അദ്ദേഹം ഒരു മലയാളി ഡ്രൈവറെ ഫോണിൽ വിളിച്ചു പോർട്ടിലേക്ക് വരാൻ പറഞ്ഞു. ഗുരുവായൂർ സ്വദേശി അനിൽ..  അനിലിന് വേണ്ടി അൽപ സമയം കാത്തിരുന്നു. അക്ബർ ഫോട്ടോ എടുക്കുന്ന തിരക്കിലാണ്. . ഹഖും മനാഫും പല രീതിയിൽ പോസ് ചെയ്യുന്നു. അക്ബർ ക്ലിക്കുന്നു. അപ്പോഴാണ്‌ ഞാനത് ശ്രദ്ധിച്ചത്. അക്ബർ സെൽഫിയാണ് എടുക്കുന്നത്. പാവം ഹഖും മനാഫും വെറുതേ പോസ് ചെയ്ത് വിയർക്കുകയാണ്. പിറകിൽ നിന്ന് ഞാനത് പകർത്തി. കാൽ മണിക്കൂർ കാത്തിരിപ്പിന് ശേഷം ഒരു പഴയ ഡബിൾ ക്യാബിൻ ടൊയോട്ട ഹൈലക്സുമായി അനിലെത്തി. രസികനാണ് അനിൽ.. ഇവിടെയുള്ള കാഴ്ചകളെപ്പറ്റി ഒരു ചെറു വിവരണം നല്കി ഞങ്ങളുമായി ദ്വീപ്‌ ചുറ്റാൻ തുടങ്ങി.. ദ്വീപിൽ പലയിടത്തും ജിന്നുകളും പിശാചുക്കളും ഉണ്ടെന്ന് അനിൽ പറഞ്ഞപ്പോൾ ഉള്ളിൽ ചിരിച്ചു. പല കഥകളും അനിൽ പറഞ്ഞു. എതിർക്കാൻ പോയില്ല. ഇത്തരം യാത്രകളിൽ കൂടുതൽ വിവരം ശേഖരിക്കുകയും ആളുകളുടെ മനസ്സറിയുകയുമാണ്‌ വേണ്ടത്. തർക്കിച്ചു നിന്നാൽ ആരും മനസ്സ് തുറക്കില്ല. കാത് തുറന്നു വെച്ച് എല്ലാം കേൾക്കുക.. കണ്ണ് തുറന്ന് വെച്ച് എല്ലാം കാണുക. യാത്രയുടെ പ്രാഥമിക പാഠങ്ങളിൽ ഒന്നാണത്.  കണ്ടൽ കാടുകളും ചെറു തടാകങ്ങളും പിന്നിട്ട് ദ്വീപിനുള്ളിലെ ചെറിയ അങ്ങാടിയിലേക്കാണ് ആദ്യം പോയത്. നാട്ടിൻ പുറത്തെ പോലെ ഒരു ചെറിയ അങ്ങാടി തന്നെ. ഏതാനും കടകൾ.. ഇടുങ്ങിയ റോഡുകൾ.. ഒറ്റ നോട്ടത്തിൽ കരയിൽ നിന്നും പറയത്തക്ക മാറ്റമൊന്നും ഇവിടെയില്ല. കടലിന് നടുവിലെ ഒരു തുരുത്തിലാണ് നാമെന്ന തോന്നലേ ഉണ്ടാവില്ല. ഒരു കഫറ്റേരിയ  കണ്ടപ്പോൾ ഞങ്ങളവിടെ കയറി.

 അക്ബറിന്റെ സെൽഫി
ഉമ്മറിന്റെ കഫറ്റേരിയ
ഓരോ ബിസ്കറ്റുകൾ മാത്രമാണല്ലോ വയറ്റിനുള്ളിലുള്ളത്. സമയം എട്ടരയായിട്ടുണ്ട്. "ഖാനേക്കേലിയേ ക്യാ ഹേ ഭായ്?". ഹോട്ടലിലെ ക്യാഷിൽ ഇരിക്കുന്ന ആളോട് ആദ്യം അറബിയിലും പിന്നെ ഇംഗ്ലീഷിലും അത് കഴിഞ്ഞ് ഉറുദുവിലും വട്ടപ്പൊയിലിന്റെ ചോദ്യം. വന്നയാളുടെ ബഹുഭാഷാ പാണ്ഡിത്യം പൂർണമായി ആസ്വദിച്ച ശേഷം ക്യാഷിലിരിക്കുന്ന ആളുടെ മറുപടി "പൊറോട്ടയും കറിയും മതിയോ?".. "അത് ശരി, മലയാളിയാണല്ലേ" എന്ന് വട്ടപ്പൊയിലിന്റെ വളിച്ച ചിരിയിൽ അയാളും പങ്ക് ചേർന്നു. പൊറോട്ടയും ബീഫ് കറിയും. മലയാളിയുടെ ദേശീയ ഭക്ഷണം തന്നെ ഈ ദ്വീപിനുള്ളിൽ കിട്ടിയതിൽ ഞങ്ങൾക്കെല്ലാവര്ക്കും വലിയ സന്തോഷമായി. ഹഖിന്റെ നാട്ടുകാരനാണ് ഹോട്ടൽ നടത്തുന്ന ഉമ്മർ. തിരൂരങ്ങാടിക്കടുത്ത വെളിമുക്ക് സ്വദേശി. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയപ്പോൾ അവിടെ ചായക്കട നടത്തുന്ന മലയാളിയെ കണ്ടെന്ന് പറഞ്ഞ പോലെ ഇവിടെ ഈ ദ്വീപിനുള്ളിലും ഞങ്ങളാദ്യം കയറിയ സ്ഥാപനം മലയാളിയുടെതാണ്. മൂന്ന് പൊറോട്ട വയറ്റിനുള്ളിൽ ആയതോടെ ഹഖ് വീണ്ടും പാടിത്തുടങ്ങി.. ഓ ദൂര് കേ മുസാഫിർ. ഹം കോ ബി സാത് ലേലേ..

ഏതാണ്ട് തൊണ്ണൂറോളം ദ്വീപുകളുടെ ഈ കൂട്ടത്തിൽ ഫറസാൻ ദ്വീപാണ് ഏറ്റവും വലുത്. 369 സ്ക്വയർ കിലോമീറ്ററാണ് ഈ ദ്വീപിന്റെ വിസ്തീർണ്ണം. രണ്ടായിരത്തി പത്തിലെ സെൻസസ് പ്രകാരം പതിനെണ്ണായിരം ആളുകൾ ഈ ദ്വീപിൽ താമസിക്കുന്നുണ്ട്. അവരിൽ കൂടുതലും മുക്കുവരും കച്ചവടക്കാരുമാണ്‌. യാത്രയും ചരക്കുകൾ കൊണ്ടുവരാനുള്ള കപ്പലുമെല്ലാം സർക്കാർ വക പൂർണമായും ഫ്രീ ആയതിനാൽ കരയിൽ കിട്ടുന്ന നിത്യോപയോഗ വസ്തുക്കളെല്ലാം ഇവിടെയും ലഭിക്കും. സ്കൂളുകളും ആശുപത്രികളുമുണ്ട്. ഏതാണ്ട് എഴുപത് കിലോമീറ്റർ നീളത്തിലാണ് ഈ തീരം കിടക്കുന്നത്. ശരാശരി മുപ്പത് കിലോമീറ്റർ വീതിയും കാണും. മഹ്റഖ്, ഖിസാർ, മസീല, ഹുസൈൻ, സ്വീർ എന്നീ പേരുകളിൽ അഞ്ച് കൊച്ചു ഗ്രാമങ്ങൾ ഈ ദ്വീപിലുണ്ട്. മസീല, ഹുസൈൻ എന്നീ ഗ്രാമങ്ങളിലുള്ളവർ ബദുക്കളാണ്. കൃഷിയും ഒട്ടക വളർത്തലുമാണ് അവരുടെ പ്രധാന ജോലി. ഖിസാർ ഈത്തപ്പനത്തോട്ടങ്ങൾക്ക് പ്രസിദ്ധമാണ്. മറ്റു രണ്ട് ഗ്രാമങ്ങളിലുള്ളവർക്ക് മത്സ്യബന്ധനം തന്നെയാണ് പ്രധാന തൊഴിൽ.. ഫർസാനു പുറമേ ഇതിന് തൊട്ടടുത്തുള്ള സഖീദ്, ഖിമാഹ് ദ്വീപുകളിലും ജനവാസമുണ്ട്. ശുദ്ധജലം ലഭ്യമല്ലാത്തതിനാൽ ബദുക്കളാണ്  കൂടുതലും അവിടങ്ങളിൽ താമസിക്കുന്നത്.അനിലായിരുന്നു ഞങ്ങളുടെ ഫോട്ടോഗ്രാഫർ

ഫറസാൻ തീരത്ത്‌ കുളിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അനിൽ ഞങ്ങളെ അതിന് പറ്റിയ ഒരു തീരത്തേക്ക് കൊണ്ടുപോയി.. കൊതിപ്പിക്കുന്ന മണലും വെള്ളവും.. ആഴമില്ലാത്ത കടൽ.. മത്സ്യങ്ങളും മനോഹരമായ കടൽ ചെടികളും പവിഴപ്പുറ്റുകളും വ്യക്തമായി കാണാവുന്ന തരത്തിൽ സ്ഫടിക ജലം. പിന്നെ ഒന്നും ആലോചിച്ചില്ല. ഹഖ് ഒഴികെ ബാക്കിയെല്ലാവരും വെള്ളത്തിലിറങ്ങി മനോഹരമായ ഒരു കുളി പാസ്സാക്കി. നിക്കോണ്‍ ക്യാമറയുമായി ഹഖ് പക്ഷികൾക്കും മീനുകൾക്കും പിറകെ നടന്നു നീങ്ങി. പെട്ടെന്നാണ് അത് സംഭവിച്ചത്. സുഖമായി നീന്താൻ  കുറച്ചു കൂടി ആഴമുള്ള സ്ഥലം തേടി മുന്നോട്ട് നീങ്ങവേ എന്റെ കാലിൽ മുള്ളുകൾ തുരുതുരാ തറച്ചു. മുള്ളൻ പന്നിയെപ്പോലെ ചിറക് വിരിച്ചു നില്ക്കുന്ന ഒരു ചെടിയിലാണ് ഞാൻ കാൽ വെച്ചത്. അപകടം തിരിച്ചറിഞ്ഞ് പെട്ടെന്ന് പിന്മാറിയെങ്കിലും വലതു കാൽ നിറയെ മുള്ളുകൾ തറച്ചിരുന്നു. നല്ല വേദനയും കടച്ചിലും. അക്ബറും മനാഫും വട്ടപ്പൊയിലും ഓടിയെത്തി. താഴെ നോക്കി ശ്രദ്ധിച്ചു വരണമെന്ന് ഞാൻ പ്രത്യേകം ഉണർത്തി. കാൽ പൊന്തിച്ചു നോക്കുമ്പോൾ പത്തൊമ്പത് മുള്ളുകൾ തറച്ചിട്ടുണ്ട്. അത് കണ്ടതോടെ എല്ലാവരുടെയും മുഖത്ത് പരിഭ്രാന്തി. ടൂറിന്റെ മൂഡ്‌ പെട്ടെന്ന് പോയി. അത് തിരിച്ചറിഞ്ഞ ഞാൻ പറഞ്ഞു.. വലിയ വേദനയൊന്നുമില്ല. കരയിലെത്തിയിട്ട് സാവകാശം മൊട്ടുസൂചി കൊണ്ട് എടുക്കാവുന്നതേയുള്ളൂ.. കുളി കഴിഞ്ഞിട്ട് കയറിയാൽ മതി. വേദന സഹിച്ചു കൊണ്ട് തന്നെ പിന്നെയും അൽപ നേരം ഞാനും കുളിച്ചു.

കരയിലെത്തി അനിലിനോട് വിവരം പറഞ്ഞപ്പോൾ അത് ചെടിയല്ല, ഒരുതരം ജീവിയാണ് എന്ന് പറഞ്ഞു. പേടിക്കാനില്ല എന്നദ്ദേഹം പറഞ്ഞെങ്കിലും ജീവിയാണ് എന്ന് കേട്ടതോടെ ആശുപത്രിയിൽ കാണിക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു. ഫറസാൻ ജനറൽ ആശുപത്രിയിലേക്ക് വണ്ടി വിട്ടു. എമർജൻസി കൌണ്ടറിൽ ഒരു സുഡാനി ഡോക്ടറും രണ്ട് മലയാളി നഴ്സുമാരും. കാൽ നോക്കിയ ശേഷം അവർ പറഞ്ഞു. ഒന്നും ചെയ്യേണ്ടതില്ല, താനേ പൊയ്ക്കൊള്ളും. കുറച്ച് നേരത്തേക്ക് അല്പം വേദനയുണ്ടാകും. കാൽ ശരിക്കും നിലത്ത് കുത്തി നടന്നോളൂ.. ഒട്ടും പേടിക്കേണ്ട".. അത് കേട്ടതോടെ സമാധാനമായി.. വേദനയും അല്പാല്പമായി കുറഞ്ഞു വന്നു. വീണ്ടും ടൂറിന്റെ മൂഡിലേക്ക്..

ഈ ദ്വീപിന്റെ ഏറ്റവും വലിയ സവിശേഷതയായ ഹരീദ് ഫെസ്റ്റിവൽ നടക്കുന്ന തീരത്തേക്കാണ് പിന്നീട് ഞങ്ങൾ പോയത്. ഹരീദ് എന്നത് ഒരു പ്രത്യേക മത്സ്യത്തിന്റെ പേരാണ്. ഇംഗ്ലീഷിൽ Parrot Fish എന്നും Sea Parrot (കടൽ തത്ത) എന്നും വിളിക്കുന്ന സുന്ദരൻ മത്സ്യം.  വർഷത്തിൽ ഒരു തവണ ഈ മത്സ്യങ്ങൾ കൂട്ടത്തോടെ ഫറസാൻ തീരത്തേക്ക് പാലായനം ചെയ്യും. ദേശാടന പക്ഷികളെപ്പോലെ കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കാനായിരിക്കാം ഏപ്രിൽ മെയ് മാസങ്ങളിൽ ഈ സുന്ദരികൾ ഫറസാൻ തീരത്ത്‌ എത്തുന്നത്. അതിവിടെ ഒരു ഉത്സവ കാലമാണ്. ഹരീദ് ഫെസ്റ്റിവൽ എന്നാണ് അതിനു പേര്.. ഈ ദ്വീപിലെ വിവാഹങ്ങളും ആഘോഷങ്ങളുമൊക്കെ രുചികരമായ മത്സ്യം ലഭ്യമാകുന്ന ഈ കാലത്തായിരിക്കും. ഫെസ്റ്റിവലിന്റെ പ്രധാന  ചടങ്ങുകൾ നടക്കുന്ന കടൽ തീരത്തെ ഓഡിറ്റോറിയം ഞങ്ങൾ സന്ദർശിച്ചു. കമ്പി വേലികെട്ടി പൂട്ടിയിട്ടിരിക്കുകയാണ്. പുറമേ നിന്ന് അതിന്റെ ഫോട്ടോ എടുക്കുന്നത് കണ്ടപ്പോൾ അതിന്റെ കാവല്ക്കരനായ ഒരു പാകിസ്ഥാനി പുറത്തു വന്നു. അദ്ദേഹം ഗേറ്റ് തുറന്നു തന്നു. കടലിലേക്ക് ഗേറ്റുകൾ തുറക്കുന്ന മനോഹരമായ ഓഡിറ്റോറിയം.

ഫെസ്റ്റിവലിന്റെ പ്രധാന ദിവസം വല ഘടിപ്പിച്ച പ്രത്യേക വളയങ്ങളുമായി നൂറുകണക്കിന് ആളുകൾ ഇവിടെ തടിച്ചു കൂടും. ഒരു വിസിൽ അടിക്കുന്നതോട് കൂടി എല്ലാവരും കടലിലേക്ക്‌ കുതിക്കും. കടലിൽ പ്രത്യേകം അതിർത്തി നിർണയിച്ചിട്ടുള്ള ഭാഗത്ത് നിന്ന് വേണം മീൻ പിടിക്കാൻ. ഏറ്റവും കൂടുതൽ ഹരീദ് പിടിക്കുന്നവർക്ക് സമ്മാനമുണ്ട്. പങ്കെടുക്കുന്ന മിക്കവർക്കും  ചാക്ക് കണക്കിന് മത്സ്യം ലഭിക്കും. അത്ര മാത്രം മത്സ്യങ്ങളാണ് കൂട്ടത്തോടെ തീരത്തേക്ക് വരുന്നത്. ഹരീദ് മത്സ്യങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി സൗദി ഭരണകൂടം ഇപ്പോൾ ചില നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. ഫെസ്റ്റിവൽ നടക്കുന്ന ഏതാനും ദിവസങ്ങൾ മാത്രമേ മീൻ പിടിക്കാൻ അനുവദിക്കൂ. ബാക്കി ദിവസങ്ങൾ കോസ്റ്റ് ഗാർഡ്‌ ഹരീദ് മത്സ്യങ്ങൾക്ക് കാവൽ നില്ക്കും.


Hareed Fish (Google image)
Hareed Festival (Google Image)
Ottoman Fort

Qisar Village

ഫറസാനിന്റെ ഗ്രാമങ്ങളിലൂടെ ഞങ്ങൾ ചുറ്റിക്കറങ്ങി. പ്രാചീന കടൽ സഞ്ചാരികൾ നിർമിച്ച പുരാതനമായ പള്ളികൾ കണ്ടു. കണ്ടൽ കാടുകൾ തീരങ്ങളെ പ്രണയിക്കുന്നത്‌ കണ്ടു.. മരങ്ങൾ ഇടതൂർന്ന് വളരുന്ന കാടുകളും പുൽമേടുകളും കടന്നു പോയി.. കാടുകളിൽ  മാനുകൾ നിരവധിയുണ്ടെന്ന് അനിൽ പറഞ്ഞെങ്കിലും ഒന്നിനെപ്പോലും കാണാൻ സാധിച്ചില്ല. പുറത്ത് നല്ല ചൂടുള്ളതിനാൽ ഉൾകാടുകളിലായിരിക്കണം അവയുള്ളത്.  ഒരു മലയുടെ മുകളിൽ ഓട്ടോമൻ കോട്ടയുണ്ട്.. ദൂരെ നിന്ന് കണ്ടു കൈവീശി.. രാത്രി ഫറസാൻ തീരത്ത്‌ ടെന്റ് കെട്ടി താമസിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യ പ്ലാൻ. ബാബ്ത്തൈൻ ദ്വീപുകളിലേക്ക് ഇതിനു മുമ്പ് നടത്തിയ ഒരു യാത്രയിൽ കടൽ തീരത്ത്‌ ടെന്റ് കെട്ടി താമസിച്ചതിന്റെ ത്രില്ല് മനസ്സിലുണ്ട്. അര മണിക്കൂർ ബോട്ടിൽ സഞ്ചരിച്ചാൽ തൊട്ടടുത്ത ഒരു ചെറിയ ദ്വീപിൽ പോയി ടെന്റ് കെട്ടി താമസിക്കാം എന്ന മറ്റൊരു ആശയവും അനിൽ മുന്നോട്ട് വെച്ചു. എന്റെ മനസ്സും അതായിരുന്നു പറഞ്ഞത്.. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ അത് നടന്നില്ല. പെട്ടെന്ന് മടങ്ങേണ്ട ചില അത്യാവശ്യങ്ങൾ മൊബൈലിലൂടെ കൂട്ടത്തിൽ ചിലർക്ക് വരികയും ചെയ്തതോടെ വൈകിട്ടത്തെ കപ്പലിന് തിരിക്കുവാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.

നഗരങ്ങളിലെ കൂറ്റൻ കെട്ടിടങ്ങൾ നല്കുന്ന വിസ്മയക്കാഴ്ചകളും പാർക്കുകളും മാളുകളും നല്കുന്ന അതിശയങ്ങളും മാത്രം ഇഷ്ടപ്പെടുന്നവർ ഈ തീരത്തേക്ക് വരാതിരിക്കുന്നതാണ് നല്ലത്. അത്തരക്കാരുടെ കണ്ണുകൾക്ക്‌ സുഖം നല്കുന്ന ഒന്നും ഫറസാനിൽ ഇല്ല. ഇവിടെ വന്നത് വെറുതെയായി എന്ന് ചിലരെങ്കിലും  പറയുന്നത് കേട്ടിട്ടുണ്ട്. വിജന തീരങ്ങളുടെ മനസ്സും ചരിത്രത്തിന്റെ സ്പന്ദനങ്ങളും തൊട്ടറിയാനുള്ള കൗതുകം നിങ്ങളിലുണ്ടെങ്കിൽ ഫറസാൻ ഒരു റഫി ഗാനം പോലെ മധുരതരമാണ്.

Recent Posts
പാഠം ഒന്ന്: ദിൽഖുഷ് വലിച്ചെറിയരുത്
കാന്തപുരത്തിന്റെ ഫേസ്ബുക്ക്‌ !!
ബ്രിട്ടാസ് നായകൻ ! കൊല്ല്.. കൊല്ല്.. ഞങ്ങളെയങ്ങ് കൊല്ല്...