വഹ്ബ ക്രെയ്റ്റർ: മരുഭൂമിയിലെ ദൃശ്യവിരുന്നിലേക്കൊരു സാഹസികയാത്ര

അറേബ്യൻ മരുഭൂമിയിൽ ഒരു ദൃശ്യവിസ്മയമുണ്ട്. പലപ്പോഴായി അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ചിലർ അവിടേക്ക് നടത്തിയ സാഹസിക യാത്രകളെക്കുറിച്ച് വായിച്ചിട്ടുണ്ട്. ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു അവിടേക്കുള്ള ഒരു യാത്ര. മരുഭൂമിയുടെ ഉള്ളിലേക്കുള്ള യാത്രകൾ എപ്പോഴും വിസ്മയകരമായ അനുഭവങ്ങളുടെ നൈരന്തര്യത്താൽ സമ്പന്നമായിരിക്കും. സഞ്ചാരികളെ തന്റെ വശ്യസൗന്ദര്യത്താൽ മയക്കിയെടുത്ത് ആകർഷിക്കുമെങ്കിലും കത്തിപ്പഴുക്കുന്ന മണൽകാടിന്റെ ചുഴിയിൽ നിർദ്ദയം കൊന്ന് കുഴിച്ചു മൂടുന്ന സ്വഭാവവും മരുഭൂമിക്കുണ്ട്. അതുകൊണ്ട് തന്നെ ഓരോ മരുഭൂയാത്രയും അത്യന്തം ആവേശകരവും ഒപ്പം അപകടകരവുമാണ്. വഹ്ബ ക്രെയ്റ്ററിലേക്ക്  മരുഭൂമിയിലൂടെ കൃത്യമായ റോഡുള്ളതിനാൽ വഴിയറിയുമെങ്കിൽ അങ്ങോട്ട്‌ എത്തിപ്പെടുക ഒട്ടും സാഹസികമല്ല എന്ന് തന്നെ പറയാം. പക്ഷേ അവിടെ എത്തിയ ശേഷം ക്രെയ്റ്ററിനെ ചുറ്റിക്കറങ്ങി ശരിക്കൊന്ന് കാണുകയും അനുഭവിക്കുകയും ചെയ്യുക എന്നത് തീർത്തും സാഹസികം തന്നെയാണ്. ഞങ്ങളുടെ യാത്ര തന്നെ ഒരു വലിയ ദുരന്തത്തിൽ കലാശിക്കുമായിരുന്നു. ഭാഗ്യം കൊണ്ടാണ് പോയ പോലെ തിരിച്ചു വരാൻ കഴിഞ്ഞത്. അത് വഴിയേ പറയാം.

മൊബൈലിൽ ഗൂഗിളിന്റെ ജി പി എസ് നാവിഗേഷൻ ഉണ്ടെങ്കിൽ ഒരാളോടും റൂട്ട് ചോദിക്കേണ്ട ആവശ്യമില്ല. ഇനി ചോദിച്ചാൽ തന്നെ പെട്ടെന്നാർക്കും പറഞ്ഞു തരാൻ കഴിയുന്ന ഒരു റൂട്ടുമല്ല. കാരണം അധികമാർക്കും ഇങ്ങനെയൊരു സ്ഥലം തന്നെ അറിയില്ല. എന്റെ കമ്പനിയിലെ സൗദി സഹപ്രവർത്തകരോരോടാണ് ആദ്യമായി റൂട്ട് ചോദിച്ചത്. ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ചും സംഭവത്തെക്കുറിച്ചും പറഞ്ഞപ്പോൾ അവർ അന്തംവിട്ട് മിഴിച്ച് നോക്കി. ഇങ്ങനെ ഒന്നുള്ളതായി അവർ കേട്ടിട്ട് പോലുമില്ല. നീ പോയി കണ്ട് വന്ന ശേഷം ഞങ്ങൾക്ക് റൂട്ട് പറഞ്ഞ് തരണം എന്ന് തിരിച്ചിങ്ങോട്ടൊരു റിക്വസ്റ്റ്. നല്ല പുള്ളികളോടാണ് വഴി ചോദിച്ചത്. മഖ് ല ത്വമിയ്യ എന്നാണ് വഹ്ബ ക്രെയ്റ്ററിന് അറബിയിൽ പറയുക. ('ഫൂഹത്തുൽ വഅബ' എന്നതാണ് അതിന്റെ ശരിയായ ഭാഷാ നാമം). പൊതുവെ സൗദികൾ വിദേശ യാത്രകളിൽ തത്പരർ ആണെങ്കിലും രാജ്യത്തിനകത്തെ സ്ഥലങ്ങളും കൗതുകകാഴ്ചകളും അവരിൽ പലർക്കും അറിയില്ല. സൗദി സർക്കാർ ടൂറിസം പ്രമോഷന്റെ കാര്യത്തിൽ വലിയ ശ്രദ്ധ കൊടുക്കാത്തത് കൊണ്ടാവാമത്. ഒരു പ്രമോഷനും ആവശ്യമില്ലാതെ തന്നെ മില്യണ്‍ കണക്കിന് ആളുകൾ ഹജ്ജിനും ഉംറക്കും എത്തുന്നതിനാൽ വിദേശികളെ ആകർഷിക്കാൻ ടൂറിസം പ്രമോഷന്റെ ആവശ്യമില്ലെന്ന് സർക്കാർ കരുതുന്നുണ്ടാവണം.

മരുക്കാട്ടിലെ ജ്വാലാമുഖത്ത് എന്ന ടൈറ്റിലിൽ ഈ പോസ്റ്റ്‌ പ്രസിദ്ധീകരിച്ച
'മാതൃഭൂമി യാത്ര'യ്ക്ക് നന്ദി.. (മാർച്ച്‌ 2014) 

പത്ത് പേരടങ്ങുന്ന ഒരു സംഘമാണ് ഞങ്ങളുടേത്. എല്ലാവരും യാത്രാതത്പരർ. ആറു പേർ ബ്ലോഗർമാർ ആണെന്ന ഒരു കുഴപ്പം ഒഴിച്ച് നിർത്തിയാൽ ബാക്കി കാര്യങ്ങളെല്ലാം ഓക്കെയാണ്. ജിദ്ദയിൽ നിന്നും അതിരാവിലെ നാല് മണിക്ക് പുറപ്പെടാനാണ് പരിപാടിയിട്ടത്. അതിന് തയ്യാറായി യാമ്പുവിൽ നിന്നും ബ്ലോഗർമാരായ എം ടി മനാഫും അക്ബർ ചാലിയാറും  തലേ ദിവസം രാത്രി തന്നെ ജിദ്ദയിലെത്തി. അവരോടൊപ്പം ഞാനും കൂടി രാത്രി താമസം ഈ ടൂറിന്റെ മുഖ്യ ആസൂത്രകനായ ബ്ലോഗർ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിന്റെ ഫ്ലാറ്റിലാക്കി. ജബ്ബാറിന്റെ ഫാമിലി നാട്ടിലായതിനാൽ ഫ്ലാറ്റ് കാലിയാണ്. മുമ്പൊരു യാത്രയിൽ ഞാൻ കോഴിക്കറിയുണ്ടാക്കിയ കാര്യം  എഴുതിയിരുന്നതിനാൽ അതിന്റെ സത്യാവസ്ഥ ഉറപ്പ് വറുത്താൻ രാത്രി കറിയുണ്ടാക്കണം എന്നതായിരുന്നു ജബ്ബാറിന്റെ ഏക കണ്ടീഷൻ. ഞാൻ നല്കിയ ലിസ്റ്റ് പ്രകാരം അതിന് വേണ്ട സാധനങ്ങളൊക്കെ അദ്ദേഹം റെഡിയാക്കുകയും ചെയ്തു. പക്ഷേ മനാഫിന്റെയും അക്ബറിന്റെയും കത്തി നോണ്‍ സ്റ്റോപ്പായി നീണ്ടപ്പോൾ സമയം പോയതറിഞ്ഞില്ല. അർദ്ധരാത്രി കഴിഞ്ഞ ശേഷമാണ് വാച്ചിലേക്ക് നോക്കുന്നത്. അതിരാവിലെ എഴുന്നേൽക്കാനുള്ളതിനാൽ കോഴിക്കറി പരിപാടി ഉപേക്ഷിച്ചു. പകരം ജിദ്ദക്കാരുടെ ദേശീയ ഭക്ഷണമായ അൽബെയിക്ക് ബ്രോസ്റ്റിൽ ഡിന്നർ ഒതുക്കി. നാവിഗേഷനിൽ വല്ല കുഴപ്പവും വന്നാലോ എന്ന് കരുതി നെറ്റിൽ നിന്നും റൂട്ട് മാപ്പ് പ്രിന്റ് എടുത്ത ശേഷമാണ് ഉറങ്ങാൻ കിടന്നത്.


കൃത്യം നാല് മണിക്ക് തന്നെ സുൽഫിയും സൈഫുവും എത്തി. കൂട്ടം ജിദ്ദയുടെ പ്രധാന സംഘാടകരാണ് രണ്ട് പേരും. യാത്രക്ക് പറ്റിയ ഒന്നാന്തരം പാർട്ടികളായത് കൊണ്ടാണ് അവരെ കൂട്ടിയത്. ബ്ലോഗർമാരല്ല എന്ന ഗുണവുമുണ്ട്. അന്താരാഷ്‌ട്ര യാത്രകൾ ഏറെ നടത്തി പ്രശസ്തനായ ബ്ലോഗർ സലീം ഐക്കരപ്പടിയും കൃത്യ സമയത്തെത്തി. പിന്നെ കൂടെയുള്ളത് പ്രൊഫഷണൽ ഡിസൈനറും ഫോട്ടോഗ്രഫറുമായ ജരീർ വേങ്ങര, ബ്ലോഗർ മുജീബ് ചെങ്ങര, ശിഹാബ് എന്നിവരാണ്. പത്താമനായി പ്ലാൻ ചെയ്തിരുന്നത് ബ്ലോഗർ അജിത്‌ നീർവിളാകനെയായിരുന്നു. ചില വ്യക്തിപരമായ അസൗകര്യങ്ങൾ ഉള്ളതിനാൽ അജിത്തിനു വരാൻ പറ്റിയില്ല. പകരം മരുഭൂ യാത്രകളിൽ പരിചിതനായ ശിഹാബിനെ കൂട്ടി. പത്തു പേരും റെഡി. വണ്ടികളും തയ്യാർ.. സുൾഫിയുടെ ട്രയൽ ബ്ലേസർ, അക്ബറിന്റെ മെർക്കുറി, സലീമിന്റെ കാംറി.. മൊബൈലിൽ ജി പി എസ് സെറ്റ് ചെയ്ത് സ്റ്റാർട്ട്‌, ക്യാമറ, ആക്ഷൻ..

ജിദ്ദയിൽ നിന്നും പ്രധാനമായും രണ്ട് റൂട്ടുകളുണ്ട്. ഒന്ന് തൂവൽ വഴി കുറേക്കൂടി വലിയ ഹൈവേയിലൂടെ (447 KM). മറ്റൊന്ന് ജുമൂം വഴി  (363 KM). (ത്വാഇഫിൽ നിന്ന് പോകുന്നവർക്ക് 254 കിലോമീറ്റർ). ജുമൂം വഴിയുള്ള റൂട്ടാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. ഏതാണ്ട് ഒന്നര മണിക്കൂർ യാത്ര ചെയ്ത് സുബഹി നമസ്കാരത്തിന് വേണ്ടി വഴിയിൽ കണ്ട ഒരു ചെറിയ പള്ളിക്ക് സമീപം നിർത്തി. വഴിയാത്രക്കാർക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്ന് തോന്നുന്നു. പള്ളിക്കുള്ളിൽ മുഷിഞ്ഞ കാർപ്പറ്റുകൾക്കു മുകളിൽ പ്രാവുകളുടെ കാഷ്ഠവും മറ്റും ചിതറിക്കിടക്കുന്നുണ്ട്. മടക്കിയിട്ട മറ്റൊരു കാർപ്പറ്റ് വിരിച്ച് ഞങ്ങൾ നമസ്കരിച്ചു യാത്ര തുടർന്നു. ഒരു വാട്ട്‌സ് അപ്പ് ഗ്രൂപ്പുണ്ടാക്കി അതിലൂടെയാണ് കാറുകൾ തമ്മിലുള്ള കമ്മ്യൂണിക്കേഷൻ.. ബ്രേക്ക്‌ ഫാസ്റ്റ് എന്ന കമന്റ് വാട്ട്‌സ് അപ്പിൽ പലരിൽ നിന്നും തുടരെത്തുടരെ വന്ന് തുടങ്ങി. ഏതാണ്ട് ഏഴ് മണിയോടെ മദ്റക എന്ന ഗ്രാമത്തിലെത്തി. അവിടെ കണ്ട ഒരു ഫൂൽ തമീസ് കടയിൽ കയറി. അറബികളുടെ ഇഷ്ട പ്രാതൽ വിഭവമാണ് ഫൂലും തമീസും. ഒരു വലിയ കൂജ പോലുള്ള തന്തൂരി അടുപ്പിൽ ചുട്ടെടുക്കുന്ന കട്ടിയുള്ള റൊട്ടിയാണ് തമീസ്. ഒരു അഫ്ഘാനിയാണ് റൊട്ടി ചുടുന്നത്. പെട്ടെന്ന് ചുട്ടു കിട്ടാൻ വേണ്ടി റൊട്ടി പരത്താനും ചുടാനുമൊക്കെ ഞങ്ങൾ അയാളെ സഹായിച്ചു. ഞങ്ങൾ ഫോട്ടോ എടുക്കുന്നത് കണ്ടപ്പോൾ തമീസ് വാങ്ങിക്കാനെത്തിയ പ്രായമുള്ള ഒറബിക്കും ഫോട്ടോക്ക് പോസ് ചെയ്യാൻ പൂതി. അയാളുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തു. വഴിയരികിൽ പായ വിരിച്ച് പ്രഭാത ഭക്ഷണം.



പൂർണമായും നാവിഗേറ്ററിൽ വിശ്വാസമർപ്പിച്ചുള്ള മനോഹര യാത്ര. ഗൂഗിളാണ് വഴികാട്ടി. ഒരാളോട് പോലും വഴി ചോദിക്കേണ്ടതില്ല. ഒരു ഗൈഡിന്റെയും സഹായം തേടേണ്ടതില്ല. വഴിയൊന്ന് തെറ്റിയാൽ അപ്പോൾ മൊബൈൽ ബഹളമുണ്ടാക്കിത്തുടങ്ങും. സാങ്കേതിക വിദ്യകൾ നമുക്ക് നല്കുന്ന സൗകര്യങ്ങൾ വിസ്മയാവഹമാണ്. ധൃതിയിൽ ഓടിച്ചിട്ട്‌ പോവുകയായിരുന്നില്ല. വഴികളും കാഴ്ചകളും ആസ്വദിച്ചും ഇടക്കൊക്കെ വിശ്രമിച്ചുമുള്ള യാത്ര. മരുഭൂമിയുടെ പലതരം ഭാവങ്ങൾ.. ചിലയിടങ്ങളിൽ മുല്ലപ്പൂ പോലെ നിറമുള്ള മണൽ.. മറ്റ് ചിലയിടത്ത് വറ ചട്ടിയിൽ ചുട്ടെടുത്തത് പോലെ അല്പം കരിഞ്ഞ നിറത്തിലുള്ള മണൽ കൂനകൾ.. റോഡ്‌ പണിക്ക് കറുത്ത കരിങ്കല്ല് ചീളുകൾ പരത്തിയിട്ടത് പോലെ കിലോമീറ്ററുകളോളം പറന്നു കിടക്കുന്ന കരിങ്കൽ ചീളുകൾ വേറെ ചിലയിടങ്ങളിൽ.. മരുച്ചെടികൾക്കിടയിൽ മേഞ്ഞു നടക്കുന്ന ഒട്ടകകൂട്ടങ്ങൾ.. ചെമ്മരിയാടുകൾ.. അപൂർവമായി പ്രത്യക്ഷപ്പെടുന്ന മരുഭൂ കഴുതകൾ.. പല ഗ്രാമങ്ങളും ഞങ്ങൾ കടന്നു പോയി.. കിണറുകളുടെ പേരിലാണ് പല പ്രദേശങ്ങളും അറിയപ്പെടുന്നത്. മരുഭൂമിയിലെ ഉദയനാണ് താരം കിണറുകളാണ്. അവയ്ക്ക് ചുറ്റുമാണ് ജീവിതം തളിർക്കുകയും കിളിർക്കുകയും ചെയ്യുന്നത്. പലപ്പോഴും ഇത്തരം സഞ്ചാരമാണ് നമ്മൾ ലക്‌ഷ്യം വെക്കുന്ന സ്ഥലത്തെ ദൃശ്യങ്ങളേക്കാൾ മനസ്സിൽ പതിഞ്ഞു കിടക്കുക. ഓരോ യാത്രയും ഓരോ പുതിയ ജീവിതമാണ്..




വഹ്ബ ക്രെയ്റ്ററിന്റെ ബോർഡ് കാണുമ്പോൾ ഏതാണ്ട് പതിനൊന്ന് മണിയായി. കൊളംബസ് അമേരിക്ക കണ്ടു പിടിച്ചപ്പോൾ ചാടിയത് പോലുള്ള ഒരു ചാട്ടമാണ് വഹ്ബ ബോർഡ് കണ്ടപ്പോൾ വട്ടപ്പൊയിൽ ചാടിയത്. നാല് മണിക്കൂർ കൊണ്ട് എത്തുമെന്ന് കരുതിയ യാത്ര ആറു മണിക്കൂർ എടുത്തു എന്ന് പറയാം.  ഈ ബോർഡിന് അധികം ദൂരമല്ലാതെ ഒരു കുട്ടിയൊട്ടകം ചത്തു കിടക്കുന്നു. ഏതാണ്ട് ദ്രവിച്ചു തുടങ്ങി എല്ലുകൾ പുറത്ത് വന്നിട്ടുണ്ട്. വഹ്ബയുടെ ബോർഡിന് താഴെ തന്നെ ഇങ്ങനെയൊരു ദൃശ്യം കണ്ടത് സൂക്ഷിക്കുക എന്ന മുന്നറിയിപ്പാണോ?.  വഹ്ബ ക്രെയ്റ്ററിലേക്ക് അടുക്കുന്തോറും ആകാംക്ഷ വർദ്ധിച്ചു കൊണ്ടിരുന്നു. നാല് കിലോമീറ്റർ കൂടെ മുന്നോട്ടു പോയി റോഡവസാനിക്കുന്നിടത്ത് വണ്ടി നിർത്തി.



    

ക്രെയ്റ്ററിനു മുന്നിൽ അവസാനിക്കുന്ന റോഡ്‌
 
വണ്ടിയിറങ്ങി മുന്നോട്ട് നോക്കിയപ്പോൾ ക്രെയ്റ്റർ കണ്മുന്നിൽ.. കരിമ്പാറകളുടെ അതിരുകൾക്കിടയിൽ ഭൂമിയിലേക്ക്‌ താഴ്ന്ന് തട്ടുകടയിലെ വലിയ തവയിൽ പൊരിച്ചിട്ട ഓംലെറ്റ് പോലെ വഹ്ബ. അതിമനോഹരമായ ഒരു കാഴ്ചയായിരുന്നു അത്. രണ്ടു കിലോമീറ്റർ ചുറ്റളവും എണ്ണൂറ്റി ഇരുപത് അടി ആഴവുമുള്ള ഒരു കൂറ്റൻ ഗർത്തം. മനസ്സിൽ കരുതിയതെന്തൊ അതിനെയും കവച്ചു വെക്കുന്ന ദൃശ്യവിസ്മയം. സോഡിയം ഫോസ്ഫെയ്റ്റിന്റെ ക്രിസ്റ്റലുകളാണ് വെള്ള നിറത്തിൽ ക്രെയ്റ്ററിന്റെ പ്രതലത്തെ ഒരു പുതപ്പ് വിരിച്ചത് പോലെ ആകർഷകമാക്കുന്നത്. എല്ലാവരും ക്രെയ്റ്ററിന് സമീപത്തോക്കോടി.



അഗ്നിപർവത സ്ഫോടനം മൂലം ഭൂമിയുടെ പ്രതലത്തിൽ രൂപം കൊള്ളുന്ന വൃത്താകൃതിയിലുള്ള ഗർത്തങ്ങളെയാണ് സാങ്കേതികമായി ക്രെയ്റ്റർ എന്ന് വിളിക്കുന്നത്‌. കുന്നുകളുടെയും പർവതങ്ങളുടെയും മുകളിലാണ് പൊതുവേ ഇത് കണ്ടുവരാറുള്ളത്. ഈ പ്രദേശത്ത് അഗ്നിപർവത സ്ഫോടനങ്ങൾക്ക് സാധ്യതയുള്ള നിരവധി കുന്നുകളുണ്ട്. രേഖപ്പെടുത്താത്ത ചരിത്രത്തിന്റെ ഏതോ കാലചക്രങ്ങളിലൊന്നിൽ ആകാശത്ത്‌ നിന്ന് ഒരു പടുകൂറ്റൻ തീഗോളം (ഉൾക്ക) ശക്തിയിൽ ഭൂമിയിലേക്ക്‌ പതിച്ചതിന്റെ ഫലമായാണ് ഈ ഗർത്തം രൂപപ്പെട്ടത് എന്ന് കരുതുന്നവരുമുണ്ട്. അത്തരം നിഗമനങ്ങളും കണ്ടെത്തലുകളും ശാസ്ത്രത്തിന് വിട്ടു കൊടുക്കാം. ഇവിടെ ഞങ്ങൾക്ക് മുന്നിലുള്ളത് ഭൂമിയുടെ അത്ഭുതപ്പെടുത്തുന്ന ഒരു രൂപ ഭാവമാണ്. വന്യമായ സൗന്ദര്യമാണ്. ഇത്തിരി പേടിപ്പെടുത്തുന്ന ഒരു പരിസരമാണ്. പെട്ടെന്ന് കണ്ട് തിരിച്ചു പോ എന്ന് ആരോ ആകാശത്ത്‌ നിന്ന് വിളിച്ചു പറയുന്നത് പോലെ..

പ്രദേശം വിജനമാണ്. ഒരു കനേഡിയൻ പൗരനും അയാളുടെ പാക്കിസ്ഥാനി വഴികാട്ടിയും മാത്രമാണ് അപ്പോൾ അവിടെ കണ്ടത്.  ക്രെയ്റ്ററിന്റെ ആദ്യ കാഴ്ചയിൽ പലരും വിളിച്ചു പറഞ്ഞു. 'ഓ, ഇതത്ര വലിയ ബുദ്ധിമുട്ടൊന്നും കാണില്ല, പെട്ടെന്ന് ഇറങ്ങാം. പെട്ടെന്ന് കയറുകയും ചെയ്യാം. പത്രക്കാരും സഞ്ചാരികളും വെറുതെ എഴുതി പേടിപ്പിച്ചതാണ്'. അപ്പോൾ ഞാൻ പറഞ്ഞു.. അങ്ങനെയങ്ങ് നിസ്സാരമാക്കാൻ വരട്ടെ.. തൊട്ടടുത്ത് പോയി നോക്കിയിട്ട് പറയാം. ഞങ്ങൾ ക്രെയ്റ്ററിന്റെ ആദ്യ ലേയറിനുള്ളിലേക്ക് ഇറങ്ങി. ഒരു കുന്നിറങ്ങുന്നത് പോലെ ആയാസരഹിതമായിരുന്നു.  പക്ഷേ അതവസാനിച്ചത് ഒരു കൂറ്റൻ ഗർത്തത്തിന്റെ മുന്നിൽ.. പാളി നോക്കിയപ്പോൾ കണ്ണ് തള്ളിപ്പോയി. എണ്ണൂറടിയോളം താഴ്ചയുള്ള കൂറ്റൻ ഗർത്തം. വൃത്താകൃതിയിൽ ആരോ വെട്ടിയിറക്കിയത് പോലെ.. ക്രെയ്റ്ററിനുള്ളിലേക്ക് ഇറങ്ങാനുള്ള പരിപാടി ഏതാണ്ട് വാങ്ങി വെച്ചു. അല്പം സാഹസപ്പെട്ടാണെങ്കിലും ഇറങ്ങാനുള്ള ഒരു വഴിയുണ്ടെന്നറിയാം. എന്റെ പ്രിയ സുഹൃത്തും ബ്ലോഗറുമായ നൗഷാദ് കുനിയിൽ ആറു വർഷങ്ങൾക്കു മുമ്പ് ഇവിടെ വന്ന് ഇതിനുള്ളിൽ ഇറങ്ങിയതായി എഴുതിയിട്ടുണ്ട്. (സഞ്ചാര പ്രിയനായ താഹിർ കെ കെ യുടെ സരസമായ കുറിപ്പിലും സമാനമായ അനുഭവം പങ്കു വെച്ചിട്ടുണ്ട്)

കനേഡിയൻ സഞ്ചാരിയുടെ ഗൈഡ് ചൂണ്ടിക്കാണിച്ചു തന്ന ഭാഗത്തേക്ക് ഞങ്ങൾ വണ്ടിയെടുത്തു. (റോഡവസാനിക്കുന്നിടത്ത് നിന്ന് ക്രെയ്റ്ററിന് അഭിമുഖമായി നിന്നാൽ ഇടത് ഭാഗത്തേക്ക്) കുത്തനെയുള്ള കയറ്റം അവസാനിച്ചത്‌ ഒരു കൂറ്റൻ പാറയുടെ മുകളിൽ.. അവിടെ  നിന്ന് താഴോട്ട് നോക്കിയപ്പോൾ തന്നെ തല കറക്കം വരുന്നു. പക്ഷേ ഇറങ്ങാനുള്ള വഴി അതിന്‌ പരിസരത്ത് എവിടെയോ ഉണ്ട്. ശ്രദ്ധിച്ചിറങ്ങിയാൽ അര മണിക്കൂർ കൊണ്ട് താഴെ എത്താൻ പറ്റും. ഒരടി പിഴച്ചാൽ രണ്ട് മണിക്കൂർ കൊണ്ട് മോർച്ചറിയിലും എത്താൻ പറ്റും. ഇറങ്ങേണ്ട.. ചുറ്റിക്കറങ്ങി നമുക്കൊന്ന് കണ്ടാൽ മതി. മാത്രമല്ല താഴെയെത്തിയാൽ മുകളിൽ നിന്ന് കാണുന്ന ആ കാഴ്ചയുടെ വശ്യത ലഭിക്കില്ലെന്നും പലരും എഴുതിയിട്ടുണ്ട്. വെറുതേ റിസ്ക്‌ എടുക്കണ്ട.. എന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ. അപാര ധൈര്യവാനും സാഹസികനുമായ ഞാൻ (നാലടി താഴേക്കു നോക്കിയാൽ തല കറങ്ങുന്നത് നോക്കണ്ട) എങ്ങിനെയെങ്കിലും ഇറങ്ങിക്കയറുമെന്നു വെക്കാം. പക്ഷേ കൂടെയുള്ള പലരും അങ്ങനെയല്ലല്ലോ. താഴേക്കു നോക്കുമ്പോൾ പലരുടെയും മുട്ട് കൂട്ടിയിടിക്കുന്നതിന്റെ ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാം. ഞങ്ങൾ വണ്ടി തിരിച്ച് സൈഡാക്കി. ചുറ്റിക്കാണാൻ തീരുമാനിച്ചു. അങ്ങേ തലക്കൽ ഒരു പച്ചപ്പ്‌ കാണുന്നുണ്ട്. അവിടെ ലക്ഷ്യമാക്കി ക്രെയ്റ്ററിനെ വലയം വെച്ചു.    







സമയം പന്ത്രണ്ടു മണി കഴിഞ്ഞിട്ടുണ്ട്. ജനുവരി മാസമായതിനാൽ ചൂടിന് വലിയ കാഠിന്യമില്ല. അതുകൊണ്ടാണ് ഒരു പകൽ യാത്ര തീരുമാനിച്ചത്. കടുത്ത വേനലിൽ വരുമ്പോൾ രാത്രിയിൽ വരുന്നതാണ് ഉചിതം. ക്രെയ്റ്ററിന്റെ പരിസരത്ത് രാത്രി താമസത്തിന് സൗകര്യപ്പെടുമാറ് ചില ഷെഡുകൾ സർക്കാർ പണിത് വെച്ചിട്ടുണ്ട്. ഷെഡുകൾ എന്ന് പറഞ്ഞു കൂട. നാല് ഭാഗവും തുറന്ന് മേല്ക്കൂര മറച്ച പെട്ടിക്കൂടുകൾ. അതുപോലുള്ള പത്ത് പതിനഞ്ചെണ്ണം ആ പരിസരങ്ങളിൽ കാണുന്നുണ്ട്. മറ്റെന്തെങ്കിലും ഉദ്ദേശ്യത്തിന് ഉണ്ടാക്കി വെച്ചതാണോ എന്നറിയില്ല. രാത്രി തങ്ങുന്നവരുടെ താമസത്തിന് ഉണ്ടാക്കിയതാണെന്ന് തന്നെ വേണം കരുതാൻ. കൂടുതൽ ആളുകൾ രാത്രിയിലാണ് വരിക. അവിടെ അന്തിയുറങ്ങും. അതിരാവിലെ എണീറ്റ്‌ ക്രെയ്റ്റർ ചുറ്റിനടന്ന് കാണും. സാഹസികർ താഴോട്ട് ഇറങ്ങും. വെയിൽ മൂക്കുന്നതിന് മുമ്പ് കയറി തിരിച്ചു പോകും.

വളരെ സൂക്ഷിച്ച് ഈ ഗർത്തത്തിന് വലയം വെക്കുകയാണ് ഞങ്ങൾ.. അതിനിടയിൽ അല്പം സൗകര്യ പ്രദമായ ഒരിടം കണ്ടപ്പോൾ ശിഹാബ് താഴെക്കിറങ്ങാൻ ഒരു ശ്രമം നടത്തി. ഞങ്ങൾ എല്ലാവരും അത് വിലക്കി. ഇല്ല ഇറങ്ങുന്നില്ല വെറുതെ നോക്കുകയാണ് എന്ന് ശിഹാബ്. ഞങ്ങൾ മുന്നോട്ട് നടന്നു. ആ നടത്തം ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു കാണണം. ക്രെയ്റ്ററിന്റെ ചുറ്റളവ്‌ രണ്ട് കിലോമീറ്റർ ആണെന്നാണ്‌ പറയപ്പെടുന്നത്‌. പക്ഷേ നടന്ന് നോക്കുമ്പോൾ നാല് കിലോമീറ്ററോളം ഉണ്ടെന്ന് തോന്നിപ്പോകും. അത്ര വലിയ കയറ്റിറക്കങ്ങൾ ആണ് അതിന് ചുറ്റും.  പലരും പാതിവഴിയിൽ ഇരുന്നു.

അതിനിടയിൽ പിറകിൽ നിന്നും വട്ടപ്പൊയിലിന്റെ ഫോണ്‍. 'ശിഹാബിനെ കാണുന്നില്ല. എത്ര പറഞ്ഞിട്ടും കേൾക്കാതെ അവൻ താഴോട്ട് ഇറങ്ങി നോക്കുകയായിരുന്നു. പക്ഷേ ഒരു നിമിഷം കണ്ണ് തെറ്റിയപ്പോൾ അവനെ കാണുന്നില്ല'. മനസ്സിലൂടെ ഒരു കൊള്ളിയാൻ മിന്നി. അടി തെറ്റി താഴേക്ക് വീണിരിക്കുമോ? പടച്ചോനെ കാക്കണേ എന്ന വിളി മനസ്സിലുയർന്നു. ഞങ്ങൾ മുന്നിലുള്ളവരും പിന്നിലുള്ളവരും ഉറക്കെ വിളിച്ചു കൊണ്ടിരുന്നു.. ശിഹാബ്.. ശിഹാബ്.. എവിടെ നിന്നും ഒരു മറുപടിയില്ല. നെഞ്ചിടിപ്പ് കൂടി. അവൻ ഇറങ്ങിയ ഭാഗം കൃത്യമായി കാണുന്നതിന് വേണ്ടി വീണ്ടും മുന്നോട്ട് നടന്നു. അവിടെ നിന്ന് നോക്കിയാൽ ഒരു പക്ഷെ കാണാൻ പറ്റിയേക്കും. ജരീർ ഉറക്കെ വിളിച്ച് മുന്നിൽ ഓടുകയാണ്. ക്രൈസിസ് മാനേജ്മെന്റിൽ അദ്ദേഹം വളരെ സമർത്ഥനാണ്.  കയ്യിൽ ഒരു ബൈനോക്കുലർ കരുതാതിരുന്നത് വലിയ അബദ്ധമായി. കിലോമീറ്ററുകൾ ചുറ്റളവുള്ളതിനാൽ മലയിടുക്കിൽ ആരെയും സ്പോട്ട് ചെയ്യാൻ കഴിയില്ല. ഏതാണ്ട് ഒരു മണിക്കൂറോളം ആ തിരച്ചിൽ തുടർന്നു. ഞാൻ സിവിൽ ഡിഫൻസിന്റെയും തൊട്ടടുത്ത പോലീസ് സ്റ്റേഷന്റെയും നമ്പരുകൾ നെറ്റിൽ പരതുകയായിരുന്നു. പെട്ടെന്ന് ജരീർ വിളിച്ചു കൂവുന്നു. അതാ താഴെ ഒരാൾ.. ഒരു പൊട്ടു പോലെ കാണുന്നു.

വൃത്തത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് ശിഹാബ്.
ക്രെയ്റ്ററിനുള്ളിൽ നിന്ന് ശിഹാബ് പകര്ത്തിയ ദൃശ്യങ്ങൾ

ശ്വാസം നേരെ വീണത്‌ അപ്പോഴാണ്‌. വീണിട്ടില്ല. കക്ഷി താഴെ എത്തിയിട്ടുണ്ട്.  ഞങ്ങൾ കൈകൾ വീശി..ആവുന്നത്ര ഉച്ചത്തിൽ ശബ്ദമുയർത്തി. പക്ഷേ ശിഹാബ് കാണുന്നുണ്ടോ എന്നറിയുന്നില്ല. ഒരു പൊട്ടു പോലെ മാത്രമേ ഇവിടെ നിന്ന് കാണുന്നുള്ളൂ. നേരെ തിരിച്ചും അങ്ങിനെയായിരിക്കുമല്ലോ. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൻ നടന്ന് നടന്ന് ഞങ്ങൾ നിൽക്കുന്നതിന്റെ നേരെ താഴെ എത്തി. ഏതാണ്ട് ഒരു കിലോമീറ്റർ ദൂരം അവൻ നടന്നു കാണണം. ഇനി അവനെങ്ങിനെ മുകളിലേക്ക് കയറും എന്നതായി ചിന്ത. ഇറങ്ങിയ സ്ഥലം ഏതെന്ന് അവന് മനസ്സിലാവുന്നില്ല എന്ന് അങ്ങോട്ടും ഇങ്ങോട്ടുമുള്ള നടത്തം കണ്ടപ്പോൾ മനസ്സിലായി. താഴെ നിന്ന് നോക്കുമ്പോൾ എല്ലാ ഭാഗവും ഒരു പോലെ തോന്നുന്നുണ്ടാവണം. ഞങ്ങൾ നിൽക്കുന്നതിന്റെ മറുഭാഗത്തേക്ക് നീങ്ങുവാൻ ആംഗ്യം കാണിച്ചെങ്കിലും അവൻ കാണുന്നില്ല. ആ ഭാഗത്ത് ആളുകൾ ഇറങ്ങി വരുന്ന വഴി ഒരു സിഗ് സാഗ് രൂപത്തിൽ കാണാൻ പറ്റുന്നുണ്ട്. അങ്ങോട്ട്‌ എത്തിപ്പെട്ടാൽ പ്രയാസമില്ലാതെ കയറി വരാൻ പറ്റും. പക്ഷേ ആ സന്ദേശം എങ്ങിനെ എത്തിക്കാൻ പറ്റും. താഴെ മൊബൈൽ റേഞ്ച് ഇല്ല. കടലാസിൽ എഴുതി കല്ല്‌ കെട്ടി എറിയാൻ നോക്കി. അതിശക്തമായ കാറ്റിൽ കല്ല്‌ എറിഞ്ഞിടത്തേക്ക് തന്നെ തിരിച്ചു വരുന്നു. ചുരുക്കത്തിൽ ആശങ്കയുടെ നിമിഷങ്ങൾ .. സമയം നാല് മണിയോട് അടുക്കുന്നു. അല്പം കൂടെ വൈകിയാൽ ഇരുട്ടിത്തുടങ്ങും. പിന്നെ എന്ത് ചെയ്യും. ക്രെയ്റ്ററിനുള്ളിൽ പാമ്പുകളെ കണ്ടതായി ഏതോ സഞ്ചാരി എഴുതിയതൊക്കെ എന്റെ തലയിലൂടെ ഇറങ്ങിക്കയറി. തിരിഞ്ഞു നോക്കുമ്പോൾ ഞങ്ങൾ നടന്നു കൊണ്ടിരിക്കുന്ന വഴിയോടു ചേർന്ന് ഒരു ഗുഹ.. അതിനുള്ളിൽ അസ്ഥികൂടങ്ങൾ!!!.

കമ്പക്കയറുമായി മുജീബ് ചെങ്ങര 
ശിഹാബിനെ തേടി ജരീർ താഴോട്ടു ഇറങ്ങുന്നു.

അര മണിക്കൂർ കഴിഞ്ഞു കാണും. പാറക്കെട്ടുകൾക്കിടയിലൂടെ അവൻ കയറി വരുന്നത് ശ്രദ്ധയിൽ പെട്ടു. ഉടനെ വണ്ടിയിൽ കരുതി വെച്ചിരുന്ന കമ്പക്കയർ മുജീബ് കൊണ്ടുവന്നു. ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ സ്പോര്ട്സ് വിഭാഗത്തിൽ നിന്ന് കയർ വാങ്ങി വണ്ടിയിലിട്ടത് നന്നായി. പക്ഷേ കയർ ഉപയോഗിക്കേണ്ടി വന്നില്ല. എങ്ങിനെയോ അവൻ അള്ളിപ്പിടിച്ച് മുകളിലേക്ക് വന്നു. ജരീർ കൈപിടിച്ച് അവനെ വലിച്ചു കയറ്റി.


കൂടുതലൊന്നും പറയുന്നില്ല. അവൻ കയറി വരുന്ന ഈ ചിത്രങ്ങൾ ബാക്കിയെല്ലാം സംസാരിക്കും. സഞ്ചാരികൾ ഒരിക്കലും ഇറങ്ങാൻ ശ്രമിക്കാത്ത വഴിയിലൂടെയാണ് അവൻ ഇറങ്ങിയതും കയറിയതും. ഒന്നടി തെറ്റിയാൽ എല്ലാം അവസാനിക്കുമായിരുന്നു. ദൈവ കൃപയാൽ അപകടമൊന്നും സംഭവിച്ചില്ല. കയറി വന്ന അവന്റെ കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കാനാണ് എനിക്ക് തോന്നിയത്. പക്ഷേ കയറി വരാൻ അവൻ പ്രകടിപ്പിച്ച കരുത്തും മാനസിക ശക്തിയും ഓർത്തപ്പോൾ അത് മറ്റൊരു വികാരത്തിന് വഴി മാറി. ഒരു ഹീറോയുടെ പരിവേഷം അവനു ലഭിച്ചത് പോലെ. അറബികളുടെ ഭാഷയിൽ മുഖ് മാഫീ ഹീറോ എന്നാണു പറയേണ്ടത്. ഏതായാലും ഈ യാത്രയെ ആശങ്കാജനകമെങ്കിലും അവിസ്മരണീയമായ ഒരു ഓർമയാക്കി മാറ്റിയതിൽ ശിഹാബിന്റെ പങ്ക് വലുതാണ്‌ എന്ന് പറയാതെ വയ്യ.


ആശങ്ക മാറിയതോടെ എല്ലാവരുടെയും വയറ്റിനുള്ളിലെ 'ക്രെയ്റ്റർ' അപായ സന്ദേശം തന്നു തുടങ്ങി. ഉച്ച ഭക്ഷണം കഴിച്ചിട്ടില്ല. സമയം നാലര കഴിഞ്ഞു. കയ്യിൽ കരുതിയിരുന്ന പഴങ്ങളും ജ്യൂസുകളുമൊക്കെ കാലിയായിട്ടുണ്ട്. വേഗം വണ്ടിയുടെ സമീപത്തേക്ക് തിരിച്ചു നടത്തം തുടങ്ങി. ക്രെയ്റ്ററിന് സമീപത്തെ ചെറിയ ടെന്റിൽ ഒത്തുകൂടി കൊണ്ട് വന്ന ഭക്ഷണം കഴിച്ചു. ഖുബ്സും ചീസും ഹലാവയും. പിന്നെയും അൽപ നേരം അവിടെ സൊറ പറഞ്ഞിരുന്നു. അസ്തമയ സൂര്യന്റെ വരവിനോട് ചേർന്ന് ക്രെയ്റ്ററിന് രൂപ ഭാവങ്ങൾ മാറുന്നത് കൗതുകകരമായ കാഴ്ച തന്നെ. മടങ്ങാനുള്ള സമയമായി. പാക്കപ്പ് വിസിൽ മുഴങ്ങി. നാവിഗേഷനിൽ ജിദ്ദ സെറ്റ് ചെയ്തു തിരിച്ചുള്ള യാത്ര. ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. എല്ലാവരും ക്രെയ്റ്ററിലേക്ക് പിന്നെയും പിന്നെയും തിരിഞ്ഞു നോക്കുന്നു. ആ ദൃശ്യ വിസ്മയത്തെ വിട്ടു പോകാൻ മടിക്കുന്നത് പോലെ. ഒഴിഞ്ഞ വീഥിയിൽ മൂന്നു കാറുകളും അതിവേഗം തിരിച്ചു പറന്നു. ഏതാനും ഒട്ടകങ്ങളെയും തെളിച്ചു കൊണ്ട് ഒരു ഗ്രാമീണണ്‍ അയാളുടെ താവളത്തിലേക്ക് തിരിച്ചു പോകുന്നത് കാണാം.  മൂവന്തി നേരത്തെ മരുഭൂമിക്ക് ഒരു മണവാട്ടിയുടെ ഭാവഹാദികൾ വരുന്നുണ്ടോ? പതിയെ തലതാഴ്ത്തി കുസൃതിച്ചിരിയാൽ ഒളികണ്ണിട്ടു നോക്കുന്ന പോലെ.

ഫോട്ടോകൾ (ജരീർ വേങ്ങര, സൈഫു, ശിഹാബ്)  

Related Posts
ചെങ്കടലില്‍ ഒരു ബ്ലോഗ്‌ മീറ്റ്‌
പുലിക്കാട്ട് : ദൃശ്യവിസ്മയങ്ങളുടെ തമിഴ് ഗ്രാമത്തിലേക്കൊരു യാത്ര
മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്