August 9, 2014

കൊല്ല്.. കൊല്ല്.. ഞങ്ങളെയങ്ങ് കൊല്ല്...

ഇതൊരു ഗോസ്സിപ്പ് പോസ്റ്റായി എടുത്താൽ മതി. ഗോസ്സിപ്പ് ഇഷ്ടമില്ലാത്തവർ ദാ ഇപ്പോൾ വായന നിർത്തി തിരിച്ചു പോണം. നാവ് പുറത്തിട്ട് മുഴുവൻ വായിച്ചു കഴിഞ്ഞ ശേഷം ബഷീർക്കാ നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വിഷയ ദാരിദ്ര്യമുണ്ടല്ലേ തുടങ്ങിയ കമന്റുകൾ പാസ്സാക്കരുത്. പറഞ്ഞേക്കാം.  എനിക്ക് എഴുതുണമെന്ന് ഉൾവിളിയുണ്ടാകുന്ന വിഷയങ്ങളാണ് ഞാൻ എഴുതുന്നത്‌. ഇന്ന് രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ തന്നെ ഒരുൾവിളിയുണ്ടായി. ഒരു ഗോസ്സിപ്പ് എഴുതണമെന്ന്. അതിനു വേണ്ട വിഷയങ്ങൾ പരതുമ്പോഴാണ് ബ്രിട്ടാസിന്റെ ഒരു പാട്ട് മുന്നിൽ വന്ന് പെട്ടത്. എന്നാൽ പിന്നെ അതിൽ പിടിച്ചു തൂങ്ങി നോക്കാം എന്ന് കരുതി. അത്രേയുള്ളൂ.. ബ്രിട്ടാസിനോട് പ്രത്യേക വൈരാഗ്യമൊന്നും ഉള്ളത് കൊണ്ടല്ല എന്നർത്ഥം. ബ്രിട്ടാസ് നായകനാകുന്ന വെള്ളി വെളിച്ചത്തില്‍ എന്ന സിനിമ ആഗസ്ത് പതിനഞ്ചിന് ഇറങ്ങും. ആഗസ്ത് പതിനഞ്ചിൽ തന്നെ ഇത്തരമൊരു കടും കൈ വേണ്ടിയിരുന്നോ ബ്രിട്ടാസേ എന്ന് ചിലർ ചോദിക്കുന്നുണ്ട്. ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ ആക്കിക്കൂടെ എന്ന്. അതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നാണ് എനിക്ക് പറയാനുള്ളത്. വരാനുള്ളതൊന്നും വഴിയിൽ തങ്ങിയ ചരിത്രം ലോകത്തൊരിക്കലും ഉണ്ടായിട്ടില്ല.
  
ജോണ്‍ ബ്രിട്ടാസ് കിടിലൻ മാധ്യമ പ്രവർത്തകനാണ്. മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും നിരന്തരം വിഷയമാക്കാറുള്ളത്‌ കൊണ്ട് ഈ ബ്ലോഗിൽ നിരവധി പോസ്റ്റുകൾ ബ്രിട്ടാസിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ബ്രിട്ടാസേ, ഇജ്ജാണെടാ ആണ്‍കുട്ടി എന്നതാണ് അവസാനമായി അദ്ദേഹത്തിനെക്കുറിച്ച് എഴുതിയത്. നല്ലത് ചെയ്‌താൽ ഒട്ടും മടിയില്ലാതെ അതിനെ അഭിനന്ദിക്കാറുണ്ട് എന്നർത്ഥം. അദ്ദേഹം സിനിമയിലോ നാടകത്തിലോ അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. പക്ഷെ ഇതൊക്കെ കാണാൻ വിധിക്കപ്പെട്ട പ്രേക്ഷകനെ ഓർക്കുമ്പോൾ സങ്കടം വരുന്നുണ്ട്. പടത്തിന്റെ പ്രമോഷന് വേണ്ടി നായികയുടെ പിറകെ സ്ലോ മോഷനിൽ ഓടുന്ന ബ്രിട്ടാസിന്റെ ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഹെനിക്ക് വയ്യ ഇതൊക്കെ കണ്ടോണ്ട് മിണ്ടാണ്ടിരിക്കുവാൻ..

ഒരു വലിയ ജുബ്ബയിട്ട് കുടവയർ ആവുന്നത്ര മറച്ചു പിടിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാലും ജുബ്ബയ്ക്കൊക്കെ ഒരു പരിധിയില്ലേ.  സിക്സ് പാക്ക് വേണമെന്നൊന്നും പറയുന്നില്ല. ഇന്നത്തെ മാധ്യമ പ്രവർത്തനത്തിന്റെ സ്വഭാവം വെച്ച് സിക്സ് പായ്ക്ക് പോയിട്ട് ടു പായ്ക്ക് ഉണ്ടാക്കാൻ വരെ കഴിയില്ല. അത്രമാത്രം 'കസേര കേന്ദ്രീകൃതമായ' ഒരു ഏർപാടായി മാധ്യമ പ്രവർത്തനം മാറിക്കഴിഞ്ഞു. ഡെസ്ക്കിലിരുന്നു ഒരാഴ്ചക്കുള്ള വാർത്ത ഒറ്റയിരുപ്പിന് എഴുതിയുണ്ടാക്കാം. വേണ്ടതൊക്കെ നെറ്റിൽ നിന്ന് കിട്ടും. ബാക്കി പണി മൊബൈലും ചെയ്യും. പുറത്തിറങ്ങേണ്ട ആവശ്യമില്ല. വാർത്ത വായിക്കുന്നവർക്കാകട്ടെ കഴുത്തിന് മുകളിലുള്ളതേ സ്ക്രീനിൽ കാണൂ.. കുടവയര് ടേബിളിനടിയിൽ പോവും. വിഷയം മാറണ്ട, നമുക്ക് ബ്രിട്ടാസിലേക്ക് തന്നെ വരാം. വാർത്ത വായിക്കുന്നത് പോലെയോ ഇന്റർവ്യൂ ചെയ്യുന്നത് പോലെയോ അല്ല നായകനാവുന്നത്. സരോജ് കുമാറിനോട് പാച്ചാളം പറഞ്ഞ പോലെ മുഖത്ത്‌ ഇത്തിരി ഭാവമൊക്കെ വരണം. നവരസങ്ങളില്ലെങ്കിലും മിനിമം ഒന്നോ രണ്ടോ രസങ്ങളെങ്കിലും വേണം. ഇത്തിരി കഷ്ടപ്പെട്ടാലും ആ വയറൊന്ന് കുറച്ചിരുന്നെങ്കിൽ നായികയുടെ പിറകെ ഓടുന്നത് കാണാൻ ഒരു ചേലുണ്ടാകുമായിരുന്നു. ദോഷം പറയരുതല്ലോ, 'രണ്ടു പ്രണയചന്ദ്രനായ് ചേർന്നുദിച്ച കണ്ണുകൾ ' എന്ന ഗാനം അതിമനോഹരമായി ചിത്ര പാടിയിട്ടുണ്ട്. കൈതപ്രത്തിന്റെ മകൻ ദീപാങ്കുരന്റെ സംഗീതവും ടോപ്പ് ക്ലാസ്സാണ്. നന്നായി വിഷ്വലൈസും ചെയ്തിട്ടുണ്ട്. അതൊക്കെയാണെങ്കിലും 'ന്നാലും എന്റെ ബ്രിട്ടാസേ നിന്റെയൊരു തൊലിക്കട്ടി' എന്ന് അറിയാതെ പറഞ്ഞു പോവുകയാണ്.


പ്രിയ ബ്രിട്ടാസ്, സന്തോഷ്‌ പണ്ഡിറ്റിന്റെ ക്ലാസിക് സിനിമയായ കൃഷ്ണനും രാധയും ഇറങ്ങിയ സമയത്ത് എങ്ങിനെയൊക്കെയായിരുന്നു താങ്കൾ ആ ബഹുമുഖ പ്രതിഭയെ പരിഹസിച്ചിരുന്നത് എന്നത് ഞങ്ങളാരും മറന്നിട്ടില്ല. ഒരു ജനതയുടെ ആത്മാവിഷ്കാരം തീർത്ത കൈരളിയിൽ നിന്നും മർഡോക്കിന്റെ ആത്മാവിഷ്കാരമായ ഏഷ്യാനെറ്റിലേക്ക് താങ്കൾ  ചാടിയ ഉടനെയായിരുന്നു അത്. പത്തിരുപത്തഞ്ച് പേരെ ഫ്ലോറിൽ വിളിച്ചു വരുത്തി അതിന് നടുക്ക് പാവം പണ്ഡിറ്റിനെയിരുത്തി തന്തൂരി അടുപ്പിലിട്ട് വേവിക്കുകയായിരുന്നു അന്ന് താങ്കൾ ചെയ്തത്. പണ്ഡിറ്റിനെ പരിഹസിക്കാനായി ഒരു ഭാഗത്ത് രാഹുൽ ഈശ്വറിനെയും മറുഭാഗത്ത് കുറെ മിമിക്രി താരങ്ങളെയും ഇരുത്തി നടത്തിയ ആ ചിത്ര വധം അത്ര പെട്ടെന്നൊന്നും ഞങ്ങൾക്ക് മറക്കാൻ സാധിക്കില്ല. അങ്ങനെയുള്ള ഭൂലോക വിമർശകനായ താങ്കൾ  ഏതാണ്ട് പണ്ഡിറ്റിന്റെ അതേ സ്റ്റെപ്പുകളോടെ നായികക്ക് പിറകെ സ്ലോ മോഷനിൽ ഓടുമ്പോൾ ഞങ്ങളെപ്പോലുള്ള പണ്ഡിറ്റ്‌ ഫാൻസുകൾക്ക് ചൊറിഞ്ഞു വരിക സ്വാഭാവികമാണ്. ആ ചൊറിച്ചിൽ താങ്കൾ സഹിച്ചേ പറ്റൂ.. എന്റെ ഫേസ്ബുക്ക്‌ സുഹൃത്ത് മേരി ലില്ലി എഴുതിയത് അമ്മിക്കല്ലിന് കാറ്റ് പിടിച്ചത് പോലെ തെക്കോട്ടും വടക്കോട്ടും നടക്കുകയാണ് ഈ പാട്ടിൽ താങ്കൾ ചെയ്യുന്നത് എന്നാണ്. താങ്കളുടെ അഭ്യുദയകാംക്ഷി എന്ന നിലക്ക് അത്രയും ഞാൻ പറയുന്നില്ല. കൃഷ്ണനും രാധയിലും പണ്ഡിറ്റിന്റെ മുഖത്ത് വിരിഞ്ഞ അപാര ശൃംഗാര ഭാവങ്ങളെ പരിഹസിച്ച താങ്കളുടെ മുഖത്ത് ഈ പാട്ടിൽ ഒരു ഭാവവും കണ്ടില്ല എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.

ബ്രിട്ടാസ് തന്നെ ഒരഭിമുഖത്തിൽ പറയുന്നുണ്ട്. ഈ പടത്തിൽ സഹകരിച്ചവരൊക്കെ വളരെ പ്രശസ്തരും പരിചയ സമ്പന്നരുമാണ്, ആകെയുള്ള ഒരു നെഗറ്റീവ് ജോണ്‍ ബ്രിട്ടാസ് മാത്രമാണ് എന്ന്. ഈ പ്രസ്താവനയോട് നൂറ് ശതാനം യോജിക്കാതെ വയ്യ. സംവിധാനം മധു കൈതപ്രം, തിരക്കഥ സി വി ബാലകൃഷ്ണൻ, ഗാനരചന കൈതപ്രം, പാടിയത് ചിത്ര.. അങ്ങനെ പോകുന്നു പരിചയ സമ്പന്നരുടെ നിര. പടം ഇറങ്ങുന്നതിന് മുമ്പ് റിവ്യൂ എഴുതാൻ പാടുണ്ടോ എന്ന് ചോദിക്കുന്നവരുണ്ടാകും. പോസ്റ്റർ മാത്രം കണ്ട് റിവ്യൂ എഴുതുന്ന വീരന്മാർ ഇവിടെ ധാരാളമുള്ളപ്പോൾ പാട്ട് കണ്ട് റിവ്യൂ എഴുതുന്നത്‌ അത്ര വലിയ പാതകമൊന്നുമല്ല. എന്നാലും ഇനിയല്പം കാര്യം പറഞ്ഞ് അവസാനിപ്പിക്കാം. തീമും സെറ്റപ്പും കണ്ടിട്ട് പടം നന്നാവാനുള്ള സാധ്യതയുണ്ട്. സി വി ബാലകൃഷ്ണന്റെ പ്രശസ്തമായ സുൽത്താൻ നാടിനെ ആസ്പദമാക്കിയാണ് ഈ സിനിമ. പൂർണമായും ഒമാനിൽ ചിത്രീകരിച്ചത്. കേന്ദ്ര കഥാപാത്രമായ ഉപേന്ദ്രനെ ബ്രിട്ടാസ് എങ്ങിനെ അവതരിപ്പിച്ചു എന്നത് സിനിമ കണ്ട ശേഷമേ പറയാൻ പറ്റൂ.. ഒരു പാട്ട് കണ്ട ശേഷം അതിനെ വിലയിരുത്തുന്നത് ശരിയാവില്ല. ഇത് ബ്രിട്ടാസിനെ വെറുതേ ഒന്ന് തോണ്ടാൻ വേണ്ടി മാത്രം ഇടുന്ന പോസ്റ്റാണ്. നമ്മുടെ സ്വന്തം പണ്ഡിറ്റിനെ കളിയാക്കിയതിനുള്ള ഒരു ചെറിയ പ്രതികാരം. ബ്രിട്ടാസിലെ നായകന് എല്ലാ ആശംസകളും.

Recent Posts
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
ഇതാണെടാ അവതാരക.. ഇവളാണെടാ പുലി !
മാധ്യമപ്രവർത്തകരെ കുതിര കയറുന്നത് എന്ത് കൊണ്ട്?

Related Posts
ബ്രിട്ടാസേ, ഇജ്ജാണെടാ ആണ്‍കുട്ടി
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും 
ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു

40 comments:

 1. ഇതൊരു ഗോസ്സിപ്പ് പോസ്റ്റായി എടുത്താൽ മതി. ഗോസ്സിപ്പ് ഇഷ്ടമില്ലാത്തവർ ദാ ഇപ്പോൾ വായന നിർത്തി തിരിച്ചു പോണം....

  lol.. :)

  ReplyDelete
 2. എന്റമ്മോ...ഇതിലെ ഒരു പാട്ട് കണ്ടതിന്റെ ക്ഷീണം ഇത് വരേ മാറിയിട്ടില്ല...നായിക മരങ്ങള്‍ക്കിടയിലൂടെ ഓടുന്നു,ബ്രിട്ടാസ് തിരിഞ്ഞു നോക്കുന്നു,ഹോ..ആ നടത്തം ഒക്കെ ഏതോ റോബോട്ട്‌ നടക്കുന്ന മാതിരി ഉണ്ട്..

  ReplyDelete
 3. ഒരു ഇടത് പക്ഷ മാധ്യമ പ്രവര്ത്തകാൻ നായകനായപ്പോൾ നിങ്ങൾക്ക് എന്തിനാണ് ഇത്ര വിഷമം. അയാൾ ഞങ്ങളുടെ ഇഷ്ട നായകനാണ്. ജയ്‌ സി പി എം.

  ReplyDelete
  Replies
  1. ജയ്‌ ജയ്‌ സി പി എം.

   Delete
  2. സി പി എമ്മിനെ ഈ പോസ്റ്റിൽ കൊണ്ടുവന്ന ഈ അലവലാതി ഏതാ ബഷീർകാ

   Delete
 4. സാത്താൻAugust 9, 2014 at 10:51 AM

  അപ്പോൾ ചൊറിച്ചിൽ എന്ന അസുഖം വള്ളിക്കുന്നിനും ഉണ്ടല്ലേ

  ReplyDelete
 5. ചക്രപാണിAugust 9, 2014 at 10:58 AM

  വള്ളിക്കുന്നിനു ഉൾവിളിയുണ്ടാകുന്ന വിഷയങ്ങളിൽ ആരും പ്രതികരിക്കുകയോ കമന്റ് ഇടുകയോ ചെയ്യരുത് എന്ന് പറയുന്നത് .കമന്റ് എഴുതുന്നവരുടെ അധികാരതിന്മേലുള്ള കടന്നു കയറ്റമാണ്.

  ReplyDelete
 6. പടം ഹിറ്റാകണമെങ്കില്‍ ഞാന്‍ ഒരു " ഫുത്തി " പറയട്ടെ ... ഒരു ഇടതു പക്ഷ സഹകരണ ബ്രിട്ട് ഫാന്‍സ്‌ രൂപികരിക്കുക ... പിന്നെ പഴയ " കോളിളക്കം സൃഷ്ടിച്ച വിശുദ്ധ നരകം എഴുതിയ മദാമ്മയുമായി നടത്തിയ ഇന്റര്‍വ്യു ഒരിക്കല്‍ കൂടി കൈരളിയിലൂടെ സംപ്രക്ഷേപണം ചെയ്യുക .. നല്ലൊരു ജനവിഭാഗം ഇയ്യാളുടെ പടം സിനിമാ ടാക്കിസ്സില്‍ ഓടിക്കാന്‍ അനുവധിക്കില്ലായെന്നു പറഞ്ഞു പുറപ്പെടും ...അതിനെ ചെറുക്കാന്‍ നമ്മുടെ ഫാന്‍സും ,ആവിഷ്കാര സ്വാതന്ത്ര്യക്കാരും ,,ഇടതു പക്ഷ പു ക്കാരും ..ഒക്കെ ആകെ ബഹളവും ...ബള ബള ഹവും ... പടം എപ്പോ ഹിറ്റായി എന്ന് ചോദിച്ചാല്‍ മതി ... വേണമെങ്കില്‍ സ്വീകരിച്ചാല്‍ മതി ...

  ReplyDelete
 7. വളർന്നു വരുന്ന ഒരു കലാകാരനെ ഇങ്ങനെ നിരുത്സാഹപെടുത്തരുത് ബഷീറിക്കാ..ആരു കണ്ടു അദ്ദേഹം ഭാവിയിൽ നടനായിട്ടാണു അറിയപ്പെടാൻ പോകുന്നതെന്നു..പിന്നെ കുടവയറുള്ള നായകന്മാർ മലയാളെത്തിലില്ലേ ?

  ReplyDelete
 8. ഞാൻ കണ്ടു ,എന്തായാലും മന്ത്രി മുനീർ സാഹിബിന്റെ 'നവരസ' ഭാവങ്ങളേക്കാൾ കൊള്ളാം :)

  ReplyDelete
 9. വായിച്ചു തീര്‍ന്നപ്പോള്‍ തോന്നിയത്: ഒരു ചെറിയ പുഞ്ചിരി!

  ReplyDelete
  Replies
  1. പുഞ്ചിരിയല്ലേ, കുഴപ്പമില്ല. കരഞ്ഞാലാണ് പ്രച്നം.

   Delete
 10. നിങ്ങളും ബ്രിട്ടാസും ഒത്തുള്ള ഒരു കളിയല്ലേ ബഷീര്ക ഇത്. ഒരു ഇന്ടയ്രക്റ്റ് പ്രോമോ. നിങ്ങളുടെ വായനക്കാരായ ഞങ്ങൾ ഇത്ര പൊട്ടന്മാരാണ് എന്ന് കരുതരുത്.

  ReplyDelete
 11. നിങ്ങളൊരു പണ്ഡിറ്റ് ഫാ‍നാണല്ലേ :)

  ReplyDelete
 12. നന്നായി എഴുതി .പാട്ട് കണ്ടപ്പോ എനിക്കും തോന്നി കൊല്ല് ...ഞങ്ങളെയങ്ങ് കൊല്ല്ന്ന്..............

  ReplyDelete
 13. Anyone who watches his interviews closely can realize that, he has this attitude of "mocking or "making fun of" the interviewee" in each and every question he asks towards anyone who is being interviewed, just my observation, may be I am wrong

  ReplyDelete
 14. വ്യത്യസ്തമായ നിരീക്ഷണം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ....ശ്റീ ജോണ്‍ ബ്രിട്ടാസ് സാറിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 15. ഹ. ഹ. ഈ വാചകം ചിരിപ്പിച്ചു ബഷീര്കാ. ഇത് എഴുതിയില്ലായിരുന്നെങ്കിൽ കാണാമായിരുന്നു കമന്റുകളുടെ പൂരം.

  "ഇതൊരു ഗോസ്സിപ്പ് പോസ്റ്റായി എടുത്താൽ മതി. ഗോസ്സിപ്പ് ഇഷ്ടമില്ലാത്തവർ ദാ ഇപ്പോൾ വായന നിർത്തി തിരിച്ചു പോണം. നാവ് പുറത്തിട്ട് മുഴുവൻ വായിച്ചു കഴിഞ്ഞ ശേഷം ബഷീർക്കാ നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വിഷയ ദാരിദ്ര്യമുണ്ടല്ലേ തുടങ്ങിയ കമന്റുകൾ പാസ്സാക്കരുത്. "

  ReplyDelete
 16. സന്തോഷ്‌ പണ്ഡിറ്റ്‌ ഇതിലും എത്രയോ ബെറ്റർ ആണ് !!
  രെന്ജിനി ഹരിദാസിനെ, ജെബി ജെങ്ങ്ഷനിൽ ഇരുത്തി പുകഴ്ത്തിയ ബ്രിട്ടാസിന്, അവളുടെ ഒപ്പം ഡാൻസ് കളിക്കുന്നതായിരുന്നു കുറെക്കൂടെ നല്ലത്!!

  ReplyDelete
 17. സഫലീകരിക്കാതെ പോയ അത്യാഗ്രഹങ്ങൾ മറ്റൊരാൾ ചെയ്തുകാണിക്കുമ്പോൾ മനസ്സിൽ തോന്നുന്ന അപകർഷതാബോധം ക്രൂരമായ പരിഹാസവും പരനിന്ദയുമായി പൊതുവേദികളിൽ പടം പൊഴിക്കുന്ന മലയാളി മനസ്ഥിതി മാത്രമായിരുന്നു സന്തോഷ്‌ പണ്ഡിറ്റ്‌-ബ്രിട്ടാസ് episode കളിൽ നാം കണ്ടത്.സാമാന്യ മര്യാദയോ മാന്യതയോ പാലിക്കാതെ തികച്ചും അനുചിതവും അപക്വവുമായ സമീപനരീതിയായിരുന്നു ബ്രിട്ടാസിന്റെത്.ഒരുപക്ഷെ അദ്ദേഹം അതിൽ അഭിമാനിക്കുന്നുണ്ടാവാം.അനതിവിദൂരഭാവിയിൽ തന്നെ മാധ്യമരംഗത്തെ ജീർണ്ണതയും ദുഷ്പ്രവണതകളും സമൂഹത്തിൽ വലിയ ചർച്ചാവിഷയമാകുമ്പോൾ ഉദാഹരിക്കപ്പെടുന്ന സംഭവങ്ങളിൽ ഒന്ന് ബ്രിട്ടാസിന്റെ ആ പ്രകടനങ്ങളായിരിക്കും. ബഷീറിന്റെ ഈ ലേഖനം തികച്ചും ഉചിതമായി

  ReplyDelete
 18. ഗൾഫുകാരന്റെ കഥ പറയുമ്പോൾ നായകന് ഇച്ചിരി കുട വയർ ഒക്കെ വേണ്ടേ ബഷീർകാ ....എന്താല്ലേ !!!

  ReplyDelete
 19. ബഷീർക്കാ നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വിഷയ ദാരിദ്ര്യമുണ്ടല്ലേ ? ;)

  ReplyDelete
 20. This comment has been removed by the author.

  ReplyDelete
 21. ബ്രിടാസിന്നു പച്ചാളം ഭാസി യുടെ ട്രെയിനിംഗ് ന്റെ കുറവ് നന്നായിട്ട് കാണുന്നുണ്ട് .

  ReplyDelete
 22. അപ്പൊ ഇങ്ങള് പാണ്ഡിറ്റിന്റെ ആളാ...?

  ReplyDelete
  Replies
  1. അതേ, ആദ്യ പാട്ട് കേട്ടത് മുതലേ ഞാൻ മുടിഞ്ഞ ഫാനായി

   Delete
 23. ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തനം ഒരുതരം അഭിനയമല്ലേ?

  ReplyDelete
 24. ചിലപ്പോള്‍ ബിരിയാണി കോടുത്താലോ....

  ReplyDelete
 25. I am planning to finance a film, and I am casting Basheer as hero against Manju. Basheer, please let me know your availability date. Readers, can you suggest some names please, as well.

  ReplyDelete
  Replies
  1. നായികയെ മാറ്റാമെങ്കിൽ ആലോചിക്കാം.. :)

   Delete
  2. കൊച്ചു കള്ളാ, നയൻതാര മതിയോ :)

   Delete
  3. ഒന്നു ട്രൈചെയ്തു നോക്കൂ ബഷീര്ഭായി ഗാര്ബേജ് ആല്ബങ്ങള് ദിവസത്തില് പത്തെണ്ണം പടച്ചുവിടുന്ന മലബാറിലാകുമ്പോള് അതിനൊരു പ്രയാസമുണ്ടാകില്ല ചേരുവകള് മൂക്കടഞ്ഞ ഒരു ഗായകന് ഒരെണ്ണം നല്ല ഒരു ഹിന്ദിപാട്ടിന്റെ ട്യൂണ് പിന്നെ ഗള്ഫും നാടും മാറ്റിമാറ്റി കാണിക്കണം ഗള്ഫില് കണ്സ്രക്ഷന് വര്ക്കും നാട്ടിലെ പെരയും പെണ്ണും മാറി മാറി മാറികാണിക്കണം അവിടെ കണ്സ്ട്രക്ഷന് ഇവിടെ വിരഹദുഖം ... പിന്നെ വരികള് അതില് മാറ്റം വരുത്തണ്ട കാലാകാലമായി അനര്ഗളനിര്ഗളം പ്രവഹിക്കുന്നതല്ലേ "ഞമമ്ണളിങ്ങ് ഗള്ഫില് ചുട്ടുപൊള്ളുന്നൂ ഓളുപൊരേല് മൈലാഞ്ചിയിടുന്നു"......ഇത്തരം പേകൂത്തുകളുമായിതട്ടിച്ചുനോക്കുമ്പോള് പണ്ഞിതനും ബ്രിട്ടാസുമൊക്കെ എത്ര ഭേദം

   Delete
 26. പ്രീയപ്പെട്ട ബഷീര്,
  താങ്കളുടെ ഒട്ടുമിക്ക പേോസ്റ്റുകളോടും എനിക്ക് യോജിപ്പാണുള്ളത് എന്നാലിതിനോടലപ്ം വിരക്തി തോന്നുന്നു.സര്ക്കാര് ജോലിയില് നിന്നും സിനിമാലോകത്തേക്ക് വന്ന പണ്ഢിത്തിനെ ഇത്രയും പരിഹാസിക്കേണ്ടതുണ്ടോ അയാളെടുത്ത എഫര്ട്ടിനെ അനുമോദിക്കുകയല്ലേ വേണ്ടത് അതുപോലെതന്നെ ഒരു റിപ്പേോര്ട്ടര് വെള്ളിത്തിരയിലേക്കുവന്നതും ഒരു തെറ്റാണോ വയറു നടുവോടൊട്ടിയാലും ഒരു പ്രൊഫഷനില് കടിച്ചുതൂങ്ങി കാലക്ഷേപം കഴിക്കുന്നവര്ക്ക് ഇത്തരക്കാര് ഒരു പ്രചോദമനല്ലേ മനുഷ്യന്റെ അപാരസാദ്ധ്യതകള് മനസ്സിലാക്കാനൊരവസരം B +veeeee....................:)

  ReplyDelete
  Replies
  1. ഇവിടെ പണ്ഢിറ്റിനെ അനുകൂലിക്കുക അല്ലെ ചെയ്തത്.
   i like Panditt and his effort.

   Delete
 27. ഒരു
  പൊട്ടാസിനുള്ള മരുന്ന്
  ബ്രിട്ടാസിലുമുണ്ടെന്ന് ഈ സിൽമയിലൂടെ
  ബ്രിട്ടാസ് കാണിച്ചു തരും.

  ReplyDelete
 28. John brittas is nothing but Yellow tabloid Journalist. He got credits just because of he was working in the Kairali umbrella, which had the tremendous support from CPIM. His interviews are the most substandard programs, as if he is thinking that mocking and bullying is his rights. If he would have similar interviews in other countries he will be in Jail.

  ReplyDelete
 29. സിനിമ റിലീസായി.. പ്രിയ മാധ്യമ സുഹൃത്ത് പി ടി മുഹമ്മദ്‌ സാദിഖ് എഫ് ബിയിൽ കുറിച്ച സ്റ്റാറ്റസ്.. "ലുലുമാളിലെ മള്‍ട്ടിപ്ലക്‌സില്‍ വെള്ളിവെളിച്ചത്തില്‍ കാണാന്‍ പോയി. ഒരാള്‍ക്ക്‌ മാത്രമായി പ്രദര്‍ശനം നടത്താന്‍ പറ്റില്ലെന്നു പറഞ്ഞതുകൊണ്ട്‌ ഞാന്‍ തിരിച്ചു പോന്നു". ha..ha..

  ReplyDelete
 30. വിപിൻ പാണാപ്പുഴ എന്റെ ഫേസ്ബുക്ക്‌ പേജിൽ കുറിച്ചത്. "ഈ പടത്തിന്റെ പ്രോഡ്യൂസർ എന്റെ നാട്ടുകാരനാണ്, ഇന്നലെ വീട്ടിൽ വിളിച്ചപ്പോ പതിവില്ലാതെ അമ്മ നീ ഇപ്പോ പടത്തിനൊന്നും പോകാറില്ലെ, വെള്ളിവെളിച്ചം കണ്ടോ എന്ന്... നീ കണ്ടിട്ട് അഭിപ്രായം പറ എന്നീട്ട് എനിക്ക് പോകാൻ, ഞാൻ പറഞ്ഞു 200യെങ്കിലും മിനിമം ചിലവാക്കി എന്തിനാ നിങ്ങള് പടം കാണാൻ പോകുന്നെ, 'അപ്പോ ആര് പണം ചിലവാക്കുന്നു അവൻ നാട്ടിലൊക്കെ വണ്ടിയും ടിക്കറ്റും ഫ്രീയായി കൊടുക്കുകയാ' (നമ്മുടെ പ്രോഡ്യൂസറേ)"

  നിർമാതാവ് തന്നെ ടിക്കറ്റ് സ്വന്തം ചിലവിൽ എടുത്തു കൊടുത്ത് വണ്ടി വിളിച്ച് ആളുകളെ തിയേറ്ററിലേക്ക് കൊണ്ട് പോകുന്നത് മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായിരിക്കും.

  ReplyDelete
 31. ഈ ക്ളാസിക് ഏഷ്യാനെറ്റ് കോടികളെറിഞ്ഞാണ് വാങ്ങിച്ചത്...

  ReplyDelete