July 7, 2014

പച്ച ബോർഡ് നിങ്ങളെ പിടിച്ച് കടിച്ചാ?.

സോഷ്യൽ മീഡിയയിലെ പ്രതികരണക്കാർ മാധ്യമ പ്രവർത്തകരെ വല്ലാതെ വേട്ടയാടുന്നു. ആവശ്യത്തിനും അനാവശ്യത്തിനും അവരുടെ തലയിൽ കയറി പൊങ്കാലയിടുന്നു.  എന്റെ പല മാധ്യമ സുഹൃത്തുക്കൾക്കുമുള്ള ഒരു പൊതു പരാതിയാണിത്.  ഈ വിഷയം സൂചിപ്പിച്ചു കൊണ്ട് പരിചയ സമ്പന്നനായ ഒരു ദൃശ്യ മാധ്യമ പ്രവർത്തകൻ ഫേസ്ബുക്കിൽ ശ്രദ്ധേയമായ ഒരു പോസ്റ്റ്‌ എഴുതുകയുമുണ്ടായി. റേറ്റിംഗ് മാത്രം പരിഗണിച്ച് കിട്ടുന്ന പരസ്യമാണ് ടെലിവിഷൻ ചാനലുകളുടെ ഏക വരുമാനമെന്നും അതുകൊണ്ട് തന്നെ പല വിട്ടുവീഴ്ചകളും ചെയ്യാൻ മാധ്യമ പ്രവർത്തകർ നിർബന്ധിതരാവുകയാണെന്നും അദ്ദേഹം എഴുതി. ഒരു സ്റ്റോറി കിട്ടിയാൽ അതിനെക്കുറിച്ച് ശരിയാം വണ്ണം പഠിച്ച് റിപ്പോർട്ട്‌ ചെയ്യണമെന്ന് പലപ്പോഴും കരുതും, എന്നാൽ അതിനകം തന്നെ മറ്റു ചിലർ അത് വാർത്തയാക്കി കത്തിക്കയറും. അപ്പോൾ പിന്നെ പിടിച്ചു നില്ക്കാൻ വേണ്ടി മുന്നും പിന്നും നോക്കാതെ, വലിയ പഠനത്തിനൊന്നും മിനക്കെടാതെ കിട്ടിയത് വെച്ച് വാർത്ത പൊലിപ്പിക്കാൻ നിർബന്ധിതമാകും. സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർക്ക് ഇതൊന്നും അറിയേണ്ട ആവശ്യമില്ലല്ലോയെന്നും അദ്ദേഹം പരിതപിക്കുന്നു. "ജേര്‍ണലിസ്റ്റുകളെ തെറി പറയാൻ എല്ലാവര്‍ക്കും പറ്റും...ഇതൊക്കെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുക...ഈ പറയുന്നവനൊക്കെ ഫേസ്ബുക്കിന് പുറത്തുള്ള ലോകത്ത് ഒരു പുല്ലുപോലും പറിച്ചിട്ടുണ്ടാകില്ല" എന്നാണ്  മറ്റൊരു മാധ്യമ പ്രവർത്തകകൻ ആ പോസ്റ്റിന് താഴെ കമന്റായി എഴുതിയത്. റേറ്റിംഗ് കൂട്ടുന്നതും കുറക്കുന്നതുമൊക്കെ പ്രേക്ഷകരാണെന്നും അവരുടെ ഉത്തരവാദിത്വം മറക്കരുതെന്നും ഫേസ്ബുക്കിൽ സജീവയായ മറ്റൊരു മാധ്യമ പ്രവർത്തകയുടെ കുറിപ്പും  കാണുകയുണ്ടായി. ഒരു ചാനലിൽ സരിതയെ കാണുമ്പോൾ ആ ചാനൽ മാറ്റി സാമൂഹ്യ പ്രതിബദ്ധതയുള്ള മറ്റൊരു വാർത്ത കാണുവാൻ പ്രേക്ഷകർ തയ്യാറാകുമോയെന്നും അവർ ചോദിക്കുകയുണ്ടായി.

മാധ്യമ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വലിയ 'കടന്നാക്രമാണങ്ങൾ' നേരിടുമ്പോൾ ഇത്തരം ചില കുറിപ്പുകൾ മാധ്യമ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് തന്നെ വരുന്നത് സ്വാഗതാർഹമാണ്. വിഷയത്തിന്റെ രണ്ട് വശങ്ങളും മനസ്സിലാക്കാൻ അതുപകരിക്കും. മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമായ ചില കാര്യങ്ങങ്ങളും ചോദ്യങ്ങളുമാണ് സോഷ്യൽ മീഡിയയിൽ അവരെ പ്രതിനിധീകരിക്കുന്ന സുഹൃത്തുക്കൾ ഉന്നയിച്ചത്. അത്തരം ചോദ്യങ്ങൾക്ക് മറുപടി പറയുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. എന്ത് കൊണ്ട് മാധ്യമ പ്രവർത്തകർ വിശിഷ്യാ ദൃശ്യ-മാധ്യമ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ  കൂടുതൽ വേട്ടയാടപ്പെടുന്നു എന്നതിന് സാധാരണക്കാരായ പ്രേക്ഷകരുടെ പക്ഷത്ത് നിന്ന് കൊണ്ടുള്ള ചില വിശദീകരണങ്ങൾ നല്കുക മാത്രമാണ്.

ഈയടുത്ത് മാധ്യമ പ്രവർത്തകർ ഏറെ വിമർശനം കേട്ട രണ്ട് സംഭവങ്ങളാണ് ഇറാഖിൽ കുടുങ്ങിയ നഴ്സുമാരുടെ കാര്യവും മലപ്പുറത്തെ സ്കൂളിലെ പച്ചബോർഡ് വിവാദവും. ഈ രണ്ട് വിഷയങ്ങളും കേരളത്തിലെ ദൃശ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയെന്താണ്?. കേരളത്തിലെ നാല്പത്തിയാറ് പെണ്‍കുട്ടികൾ ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കുന്ന സംഭവം വലിയ വാർത്ത തന്നെയാണ്. അതിലും വലിയൊരു വാർത്ത‍ ഈയടുത്ത ദിവസങ്ങളിൽ കേരളത്തിലുണ്ടായിട്ടില്ല എന്നതും സത്യമാണ്. വളരെ പ്രാധാന്യത്തോടെയും അവധാനതയോടെയും റിപ്പോർട്ട്‌ ചെയ്യേണ്ട ഈ സംഭവം പക്ഷേ മാധ്യമങ്ങൾ പരസ്പരം മത്സരിച്ചു ഒരപസർപ്പക കഥയുടെ നിലവാരത്തിലേക്ക് ഉയർത്തുകയായിരുന്നു. 'നഴ്സുമാരെ മനുഷ്യ കവചമാക്കാൻ ശ്രമം' എന്നാണ് വലിയ ബ്രേക്കിംഗ് ആയി ഒരവസരത്തിൽ ഏഷ്യാനെറ്റ്‌ കൊടുത്തത്. സത്യത്തിൽ ഈ സംഭവ പരമ്പരകളുടെ ഒരവസരത്തിലും ഐസിസ് തീവ്രവാദികൾ ഈ നഴ്സുമാരെ മനുഷ്യ കവചമാക്കി മുതലെടുക്കാൻ ശ്രമിച്ചിട്ടില്ല. രക്ഷപ്പെട്ടു വന്ന ഒരു നഴ്സ് പോലും അത് പറഞ്ഞിട്ടില്ല. ഈ വാർത്തയെ പരമാവധി പൊലിപ്പിക്കാനും ഭീതിജനകമാക്കാനുമുളള ശ്രമമായിരുന്നു അത്. ആ അവസരത്തിൽ കുട്ടികളുടെ വീടുകളിൽ അത്തരം വാർത്തകൾ എത്രമാത്രം ഭീതി ജനിപ്പിച്ചിട്ടുണ്ടാവുമെന്ന് ഒന്നോർത്തു നോക്കൂ. ഇത്തരം നിരവധി ഉദാഹരണങ്ങൾ നഴ്സുമാരുടെ സ്റ്റോറികളിൽ എല്ലാ ചാനലുകളിലും കണ്ടിട്ടുണ്ട്. ഏതാനും പ്രേക്ഷകരെ തങ്ങളുടെ വാർത്തക്ക് മുന്നിൽ കെട്ടിയിടുക എന്നതിനപ്പുറം സത്യത്തോട് തെല്ലെങ്കിലും പ്രതിബദ്ധത വാർത്തകൾ നൽകുന്നവർക്ക് വേണ്ടേ. ന്യൂസ് റൂമിലിരുന്ന് ഒരു കാച്ചങ്ങ് കാച്ചുകയാണ്. കൊണ്ടാൽ കൊണ്ടു, പോയാൽ പോയി എന്ന മട്ടിൽ.. ഇതാണോ മാധ്യമങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന വാർത്താ സംസ്കാരം?.

ഇറാഖിലെ സംഘർഷ ഭൂമിയിൽ നിന്നും നഴ്സുമാരെ രക്ഷപ്പെടുത്തി  ഒരു പ്രത്യേക വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ സാമാന്യ മര്യാദയുടെ എല്ലാ സീമകളും അതിലംഘിക്കുന്നതായിരുന്നു  മാധ്യമ പ്രവർത്തകർ കാണിച്ച ആക്രാന്തം. തങ്ങളാണ് ആദ്യ ദൃശ്യങ്ങൾ പുറത്ത് വിട്ടത് എന്ന് വരുത്താൻ വേണ്ടി കാണിച്ചു കൂട്ടിയ പരാക്രമങ്ങൾ.. വിമാനമിറങ്ങിയ പെണ്‍കുട്ടികളുടെ അടുത്തേക്ക്‌ ബാരിക്കേഡുകൾ ചാടിക്കടന്ന് ഓടിയ ഒരു മാധ്യമ വിദ്വാൻ കിതച്ചു കൊണ്ട് ചോദിച്ചത് 'ഇനി ഇറാഖിലേക്ക് തിരിച്ചു പോകുന്നുണ്ടോ' എന്നാണ്. ജീവനും കൊണ്ട് രക്ഷപ്പെട്ടെത്തിയ ആ കുട്ടികളോട് ശരിയാം വണ്ണം ശ്വാസമെടുക്കാൻ പോലും സമയം കൊടുക്കാതെ ചോദിച്ച ചോദ്യം നോക്കണം!!. സത്യം പറയാമല്ലോ ഐസിസ് തീവ്രവാദികളുടെ കയ്യിലെ എ കെ 47 കിട്ടിയിരുന്നെങ്കിൽ ഒറ്റ വെടിക്ക് അവനെ അവിടെയിട്ട് കാച്ചണമായിരുന്നു എന്ന് പോലും തോന്നിപ്പോയി. (ഇത്തരം അത്യാവശ്യഘട്ടങ്ങളിൽ എ കെ 47 ഉപയോഗിക്കുവാൻ ഇന്ത്യൻ ഭരണഘടനയിൽ വകുപ്പ് ഉണ്ടാക്കിയാൽ നന്നായിരുന്നു). കോമണ്‍സെൻസും പരിസര ബോധവുമില്ലാത്ത ഇത്തരം റിപ്പോർട്ടർമാരെ അവിടേക്ക് അയച്ച ന്യൂസ് എഡിറ്റർക്കും കിട്ടണം കരണക്കുറ്റി നോക്കി ഒരു താങ്ങ്..

ചാനലുകൾ തമ്മിലുള്ള മത്സരം ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമയെപ്പോലും നിഷ് പ്രഭമാക്കുന്ന തരത്തിലായിരുന്നു എന്ന് വേണം പറയാൻ. അന്നേ ദിവസം മാതൃഭൂമി ചാനലിൽ കണ്ട ഒരു ബ്രേക്കിംഗ് വെണ്ടയ്ക്ക ഇപ്രകാരമായിരുന്നു. 'എയർ ഇന്ത്യാ വിമാനം ലാൻഡ് ചെയ്തതിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്'.. ഹോ.. ഭയങ്കര സ്കൂപ്പ് തന്നെ!!.. ചിരിച്ചു മണ്ണ് കപ്പുകയല്ലാതെ എന്ത് ചെയ്യും. "എയർ ഇന്ത്യാ വിമാനം ലാൻഡ്‌ ചെയ്യുന്നത് ലോകചരിത്രത്തിൽ ഇതാദ്യമായിട്ടാണോ പൊട്ടാ" എന്ന് ഓരോ പ്രേക്ഷകനും ചോദിച്ചു പോയ സന്ദർഭം. 'നഴ്സുമാരെ മോചിപ്പിച്ചതായി ആദ്യം വാർത്ത നല്കിയത്' ഞങ്ങളാണെന്ന് മനോരമ ന്യൂസിന്റെ മഹാ ബ്രേക്കിംഗ്.  അല്പന്മാർ എന്നല്ലാതെ മറ്റെന്താണ് സാധാരണ പ്രേക്ഷകകർ ഈ മമ്മൂഞ്ഞുകളെ വിളിക്കേണ്ടത്?. ഇതൊക്കെപ്പറയാനും ചർച്ച ചെയ്യാനും സോഷ്യൽ മീഡിയ കൂടി ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്നാലോചിച്ചു നോക്കൂ.. മാധ്യമ പ്രവർത്തകരെ വിമർശിക്കുന്ന ഒരു കുറിപ്പോ കത്തോ ഒരൊറ്റ പത്രത്തിൽ വെളിച്ചം കാണുമായിരുന്നോ?.

Google Search Results for 'Teacher writing on the board'
ഇനി പച്ച ബോർഡിന്റെ കാര്യം. സ്കൂളിലെ സമൂലമായ അറ്റകുറ്റ പണികളുടെയും പരിഷ്കരണങ്ങളുടെയും ഭാഗമായി മലപ്പുറത്തെ ഏതാനും സ്കൂളുകളിൽ പുതിയ ബോർഡുകൾ സ്ഥാപിച്ചു. മാർക്കറ്റിൽ ഇപ്പോൾ സുലഭമായ പച്ച നിറത്തിൽ പെയിന്റടിച്ച ബോർഡുകളാണ് അവിടെ വെച്ചത്. ഈ ഒരു കൊച്ചു സംഭവത്തെ വിദ്യാഭ്യാസ വകുപ്പിൽ പച്ചവത്കരണം എന്ന ടൈറ്റിലിൽ ഒരു ചാനൽ വാർത്ത നല്കി. നിമിഷങ്ങൾക്കകം മറ്റ് ചാനലുകളും അതേറ്റു പിടിച്ചു. വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത്‌ മുസ്ലിം ലീഗിന്റെ മന്ത്രിയായിപ്പോയി എന്ന കാരണത്താൽ സാധാരണക്കാർക്കിടയിൽ വൻ തോതിലുള്ള വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന വിധത്തിൽ ആ വാർത്ത പൊലിപ്പിക്കപ്പെട്ടു. നിരന്തരം വാർത്തകൾ.. ഒമ്പത് മണി ചർച്ചകൾ.. ന്യൂനപക്ഷ സമുദായങ്ങൾ അവരുടെ ചിഹ്നങ്ങളും നിറങ്ങളും കൊണ്ട് ഭൂരിപക്ഷ സമൂഹത്തിന് മേൽ നടത്തുന്ന കടന്നാക്രമണങ്ങളായിപ്പോലും ചിത്രീകരിക്കുന്ന രൂപത്തിൽ വാർത്ത പിടിവിട്ടു പോയ നാളുകൾ.. ഒരു പൊട്ടൻ റിപ്പോർട്ടർ ഉണ്ടാക്കിയ ഒരസംബന്ധ വാർത്ത എങ്ങിനെയാണ് നമ്മുടെ സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു വിഷയമായി പരിണമിക്കുന്നത് എന്ന് തിരിച്ചറിയാൻ പറ്റിയ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഇത്.


തിരൂരങ്ങാടിയിൽ അല്ലാതെ പച്ച ബോർഡുകൾ ലോകത്ത് വേറെയെവിടെയെങ്കിലും ഉണ്ടോ എന്ന് ന്യൂസ് ഡസ്ക്കിലെ ആരെങ്കിലും ഒരു മിനുട്ട് കൊണ്ട് ഗൂഗിൾ ചെയ്തിരുന്നുവെങ്കിൽ ഈ വാർത്ത ചവറ്റു കൊട്ടയിൽ എത്തുമായിരുന്നു. (Teacher writing on the board എന്ന് ഞാൻ സേർച്ച്‌ ചെയ്തപ്പോൾ ആദ്യം വന്ന പതിനഞ്ച് ചിത്രങ്ങളിൽ നാല് ബ്ളാക്ക് ബോർഡുകൾ.. നാല് വെള്ള ബോർഡുകൾ.. ഏഴ് പച്ച ബോർഡുകൾ..) എന്തിനു ഗൂഗിൾ?. കേരളത്തിലെ ഏതൊക്കെ യൂണിവേഴ്‌സിറ്റികളിലും സ്കൂളുകളിലും പച്ച ബോർഡ് ഉണ്ടെന്ന് വിവരമുള്ള ആരോടെങ്കിലും ഒരു മൊബൈൽ കാളിലൂടെ ചോദിച്ചിരുന്നുവെങ്കിൽ.. സാമുദായിക ധ്രുവീകരണം ജനിപ്പിക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ള ഈ വാർത്ത കൊടുക്കുന്നതിന് മുമ്പ് മിനിമം ഇതെങ്കിലും ചെയ്യാനുള്ള സാമൂഹിക പ്രതിബദ്ധത വേണ്ടേ? പോകട്ടെ.. ഒരു ചാനൽ ഇങ്ങനെയൊരു അസംബന്ധ വാർത്ത കൊടുത്താൽ മറ്റു ചാനലുകളുടെ ഉത്തരവാദിത്വമെന്താണ്. അതേ വാർത്ത അപ്പടി പകർത്തുകയാണോ?  അതോ ഈ വാർത്തയിലെ അസംബന്ധം വിളിച്ചു പറയുകയാണോ?.  അരീക്കോട്ടെ സ്കൂളിൽ അദ്ധ്യാപികയോട് പച്ച ജാക്കറ്റ് ധരിക്കുവാൻ മാനേജ്മെന്റ് നിർബന്ധിച്ചു എന്ന് പറഞ്ഞ് ഏതാനും മാസങ്ങൾക്ക് മുമ്പ് മറ്റൊരസംബന്ധ വിവാദവും ഇതേ മാധ്യമങ്ങൾ ഉണ്ടാക്കിയിരുന്നു. സത്യത്തിൽ ജാക്കറ്റിന്റെ നിറം പച്ചയായിരുന്നില്ല. വാർത്തയുടെ എരിവിന് വേണ്ടി നിറം പച്ചയാക്കുകയായിരുന്നു. ഇനി പച്ചയാണെങ്കിൽ തന്നെ പച്ചയും ഒരു നിറമല്ലേ. സമുദായം തിരിച്ച് നിറങ്ങൾക്ക് പോലും ലേബലൊട്ടിക്കുവാൻ മാധ്യമ പ്രവർത്തകർ മുതിരുന്നതിന്റെ രസതന്ത്രമെന്താണ്?. നിറങ്ങളിൽ വർഗീയത ചാർത്തുന്നതിന്റെ  രാഷ്ട്രീയമെന്താണ്?  മാധ്യമ പ്രവർത്തകർ വിമർശിക്കപ്പെടുന്നത് എന്ത് കൊണ്ടെന്ന് ചിന്തിക്കേണ്ടതും തിരിച്ചറിയേണ്ടതും  മാധ്യമ പ്രവർത്തകർ തന്നെയാണ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.  

റേറ്റിംഗ് കൂട്ടുന്നത്‌ പ്രേക്ഷകരാണെന്നും അവർ കാണാനിഷ്ടപ്പെടുന്നതാണ് ഞങ്ങളവർക്ക് നല്കുന്നതെന്നുമുള്ള വാദങ്ങൾ മറുപടിയർഹിക്കുന്നില്ല. കുട്ടികൾക്ക് കളിക്കുന്നതാണിഷ്ടം അതുകൊണ്ട് ഞങ്ങളവരെ പഠിപ്പിക്കുന്നില്ല എന്ന് അധ്യാപകർ പറയുന്ന പോലെ ബാലിശമാണത്. ജനങ്ങളുടെ പൊതുബോധത്തെ ശരിയായ ദിശയിലേക്ക് നയിക്കേണ്ടവരാണ് മാധ്യമങ്ങൾ.. അവരുടെ ഞരമ്പിനും ഇക്കിളികൾക്കും അനുയോജ്യമായത് നല്കി വിരുന്നൂട്ടേണ്ടവരല്ല. അവസാനിപ്പിക്കുന്നതിന് മുമ്പ് വളരെ സൗഹൃദപൂർവ്വം പ്രിയ മാധ്യമ പ്രവർത്തകരോട് പറയാനുള്ളത് വാർത്തകൾക്കെതിരെ വരുന്ന പ്രതികരണങ്ങൾ പ്രേക്ഷകരുടെ ഫീഡ് ബാക്കായി എടുത്തു കൊണ്ട് അവയെ ക്രിയാത്മകായി ഉപയോഗപ്പെടുത്താനും വിശകലനം ചെയ്യാനും മുന്നോട്ട് വരണമെന്നാണ്. തങ്ങളുടെ കഴിവുകളേയും വീക്ഷണങ്ങളെയും കുറേക്കൂടി മെച്ചപ്പെടുത്താനും ചെത്തിമിനുക്കിയെടുക്കാനും അതുവഴി സാധിക്കും. ഫ്രീയായി ഫീഡ്ബാക്ക് കിട്ടുക എന്നത് വലിയ അനുഗ്രഹമാണ്. പല രംഗത്തും ഇന്നഭിമുഖീകരിക്കുന്ന വലിയ പ്രശ്നം ശരിയായ ഫീഡ് ബാക്കുകൾ കിട്ടാത്തതാണ്. അവ ലഭിക്കാൻ വേണ്ടി വൻ കിടകമ്പനികൾ കോടികൾ മുടക്കുന്ന കാലമാണിത് എന്ന് കൂടി ഓർക്കുക. സോഷ്യൽ മീഡിയ നിങ്ങളുടെ ശത്രു പക്ഷത്തല്ല, നിങ്ങളുടെ തിരുത്തൽ പക്ഷത്താണ്. അതുവഴി നിങ്ങളുടെ സൗഹൃദ പക്ഷത്താണ്. അത് തിരിച്ചറിയാൻ കഴിയാത്തിടത്തോളം നിങ്ങൾ നിങ്ങളുടെ തന്നെ ശത്രുക്കളാവുകയാണ്.

Related Posts
ബ്രിട്ടാസേ, ഇജ്ജാണെടാ ആണ്‍കുട്ടി
മാതൃഭൂമിയുടെ ബ്ലൂഫിലിം വില്പന! പത്രത്തോടൊപ്പമുള്ള സംസ്കാരം!!

Recent Posts
'അൽ കഴുതകൾ' അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ

27 comments:

 1. what you said is correct, these irresponsible media guys are spreading rumors rather than looking into the truth. Trust that we as a society need to neglect such news and put them the place where they belong. The NITAQT incident was an eye opener for me and now I know how far our Malayalam new media stands from the truth. Now days, I do not watch them mostly as I feel those elite ones aren't news channels but a bunch of boys making nuisance when the boss is out. Look at the way they are handling the discussions or talks, I should say they need to look into the way how BBC or other channels are handling it. Well, we have a lot to do to reach such milestones. Hope they do hear correctly from us. Thanks for your words. Basheer.

  ReplyDelete
 2. ഈ മാധ്യമ പ്രവർത്തകർക്ക് വായിച്ചു പഠിക്കാൻ വേണ്ടിയുള്ള ഒരു ലേഖനം കഴിഞ്ഞ ദിവസം ചന്ദ്രിക പത്രത്തിൽ പി ടി നാസര് എഴുതിയിരുന്നു .
  ലിങ്ക് താഴെ ...
  http://www.chandrikadaily.com/contentspage.aspx?id=91101

  ReplyDelete
  Replies
  1. ദ്രിശ്യമാധ്യമ രംഗത്ത് ഇന്ന് കാണുന്ന വായിക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിലുള്ള അവതരണരീതി അവര്‍ക്ക് പെട്ടെന്ന് മാറ്റാന്‍ കഴിയും എന്ന് തോന്നുനില്ല. കാരണം അത് ഒരു ശീലമായി തുടരുകയാണ്. ദ്രിശ്യമാധ്യമരംഗം ഇങ്ങനെ കുത്തഴിഞ്ഞു പോയതിനു സര്‍ക്കാര്‍ സംവിധങ്ങള്‍ക്കും അതിന്റെ പങ്കുഉണ്ട്. ദേശിയതലത്തില്‍ സ്വകാര്യദ്രിശ്യ മാധ്യമലോകം പകച്ചു വിടുന്ന വാര്‍ത്തകളെ നിരിക്ഷികാനും, അവരെ തിരുത്താനും, ഒരു സംവിധാനം ഉടനെ ഉണ്ടാകേണ്ടത് വളരെ അത്യവശ്യം ആണ്.

   Delete
 3. ഐഎസ്‌ഐഎസ് ഭീകരരുടെ വേഷം ധരിച്ച ഇന്ത്യന്‍ കമാന്‍ഡോകള്‍ തന്നെയാണ് ഒളികേന്ദ്രത്തില്‍നിന്ന് നഴ്‌സുമാരെ വാഹനത്തില്‍ കയറ്റിയതും പുറത്തേക്ക് എത്തിച്ചതും, മാലയാള മാധ്യമ പ്രവര്‍ത്തകരുടെ വേഷം ധരിച്ച ഇറാക്കിലെ ഭീകര വാദികളാണ് വിമാനമിറങ്ങിയ പെണ്‍കുട്ടികളുടെ അടുത്തേക്ക്‌ ബാരിക്കേഡുകള്‍ ചാടിക്കടന്ന് ഓടിയടുത്ത് അറ്റാക്ക് ചെയ്തത്. ഇബ്രാഹിം ബഗ്ദാദിയാണെ സത്യം. ന്തെ?

  ReplyDelete
  Replies
  1. ജന്മഫൂമിയുടെ ആ ഭീകര വാർത്ത‍ വായിച്ചു അഞ്ചാറ് isil തീവ്രവതികൾ വരെ ചിരിച്ച് ചിരിച്ച് മയ്യത്തയെന്നെ കേള്കുന്നെ

   Delete
 4. പിന്നെ പിടിച്ചു നില്ക്കാൻ വേണ്ടി മുന്നും പിന്നും നോക്കാതെ, വലിയ പഠനത്തിനൊന്നും മിനക്കെടാതെ കിട്ടിയത് വെച്ച് വാർത്ത പൊലിപ്പിക്കാൻ നിർബന്ധിതമാകും. സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർക്ക് ഇതൊന്നും അറിയേണ്ട ആവശ്യമില്ലല്ലോ>>>

  ഇത് പറഞ്ഞ മഹാനോട് പറയാനുള്ളത് പണി അറിയില്ലെങ്കിൽ അല്ലെങ്കിൽ അറിയുന്ന പണി മട്ടംപോലെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിർത്തിപ്പൊയ്ക്കൂടെ ബായ് ... കള്ളവാർത്ത കൊടുക്കുന്നതിലും നല്ലത് അതാണ്‌
  2<<<"ജേര്‍ണലിസ്റ്റുകളെ തെറി പറയാൻ എല്ലാവര്‍ക്കും പറ്റും...ഇതൊക്കെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുക...ഈ പറയുന്നവനൊക്കെ ഫേസ്ബുക്കിന് പുറത്തുള്ള ലോകത്ത് ഒരു പുല്ലുപോലും പറിച്ചിട്ടുണ്ടാകില്ല" >>>

  നിന്‍റെയൊക്കെ പുല്ലുപറി സഹിക്കാവുന്നതിലപ്പുറമാണ് ... നീയൊക്കെ പറിച്ചു പറിച്ചു പരിധിവിടുമ്പോള്‍ അവസാനം പൊതുജനം നിന്‍റെയൊക്കെ നെഞ്ചത്ത് കേറി അങ്ങ് പറിതുടങ്ങും പിന്നെ ന്യൂസ്‌ ഡെസ്ക്കില്‍ ഇരുന്നു അധികം പറിക്കേണ്ടി വരില്ല

  ReplyDelete
 5. സെന്‍സേഷന്‍ സ്റ്റോറിയുണ്ടാക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ മറ്റുള്ളവരുടെ മാനാഭിമാനം പോസ്റ്റ് മോര്‍ട്ടം ചെയ്യുമ്പോള്‍ ഇതൊക്കെ ഓര്‍ക്കണമായിരുന്നു. കയ്യില്‍ കിട്ടിയ ഫോട്ടൊവെച്ച് പടച്ചുണ്ടാക്കുന്ന ഭാവനാ ജേണലിസം കണ്ട് പൂവിട്ടു പൂജിക്കുമെന്നാണോ ഇവര്‍ കരുതിയത്‌. സ്വന്തം തലയ്ക്കുമുകളിലും ഒരുമുടിയില്‍ ബന്ധിച്ച വാള്‍ തൂങ്ങിക്കിടക്കിടക്കുന്നുണ്ടെന്ന് വാര്‍ത്തകളെ വ്യഭിചരിക്കുന്ന ഈവര്‍ഗ്ഗം തിരിച്ചറിയട്ടെ!

  ReplyDelete
 6. സ്പാനിഷ് മസാല സിനിമയില്‍ ദിലീപിനെ കൊണ്ട് ബോള്‍ എടുപ്പിക്കുന്ന ഒരു സീന്‍ ഉണ്ട് അങ്ങിനെ ചെയ്യാന്‍ പ്രേരിപ്പിച്ചത് കുഞ്ചാക്കോവിന്‍റെ കഥാപത്രവും ഒന്നു രണ്ടു വട്ടം നിവ്ര്‍തി കേടു കൊണ്ട് അനുസരിച്ചതിന് ശേഷം ദിലീപ് ശക്തമായി പ്രതികരിക്കുന്നതാണ് പിന്നീട് കാണുന്നത് ഈയവസരത്തില്‍ പ്രേക്ഷകന്‍ ദിലീപിന്‍റെ കൂടെയാണോ നിന്നത് അല്ല അ കോപ്രായങ്ങള്‍ ചെയ്യിപ്പിച്ച ആളുടെ കൂടെയാണോ നിന്നത് സംശയം ഇല്ല ദിലീപിന്റെ കൂടെ തന്നെ ....... സിനിമയില്‍ എന്ന പോലെ ഇവിടെയും

  ReplyDelete
  Replies
  1. എന്താണ് കവി ഉദ്ദേശിച്ചത്. ഒന്നും മനസ്സിലായില്ല.

   Delete
  2. Spanish Masaala Kandu vattayathaanu....

   Delete
 7. മാധ്യമ പ്രവര്‍ത്തകര്‍ എന്ന് കേള്‍ക്കുമ്പോള്‍ പണ്ടൊക്കെ വല്ലാത്തൊരു ബഹുമാനം തോന്നിയിരുന്നു ..ഇപ്പോഴത്തെ ന്യൂസുകള്‍ കേള്‍ക്കുമ്പോള്‍ കണ്ണാടിയില്‍ നോക്കാന്‍ പോലും ലജ്ജയാണ് !

  ReplyDelete
 8. വിമാനമിറങ്ങിയ പെണ്‍കുട്ടികളുടെ അടുത്തേക്ക്‌ ബാരിക്കേഡുകൾ ചാടിക്കടന്ന് ഓടിയ ഒരു വിദ്വാൻ കിതച്ചു കൊണ്ട് ചോദിച്ചത് 'ഇനി ഇറാഖിലേക്ക് തിരിച്ചു പോകുന്നുണ്ടോ' എന്നാണ്. സത്യം പറയാമല്ലോ ഐസിസ് തീവ്രവാദികളുടെ കയ്യിലെ എ കെ 47 കിട്ടിയിരുന്നെങ്കിൽ ഒറ്റ വെടിക്ക് അവനെ അവിടെയിട്ട് കാച്ചണമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. (ഇത്തരം അത്യാവശ്യഘട്ടങ്ങളിൽ എ കെ 47 ഉപയോഗിക്കുവാൻ ഇന്ത്യൻ ഭരണഘടനയിൽ അടിയന്തിരമായി വകുപ്പ് ഉണ്ടാക്കേണ്ടതാണ്). കോമണ്‍സെൻസും പരിസര ബോധവുമില്ലാത്ത ഇത്തരം റിപ്പോർട്ടർമാരെ അവിടേക്ക് അയച്ച ന്യൂസ് എഡിറ്റർക്കും കിട്ടണം കരണക്കുറ്റി നോക്കി ഒരു താങ്ങ്.. ithu kalakki basheerka

  ReplyDelete
 9. കല്യാണ ചെറുക്കൻ പെണ്‍ വീട്ടിലേക്കു യാത്ര തിരിക്കുമ്പോൾ സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു എന്ന പാട്ട് പാടിയാൽ എന്തായിരിക്കും കേള്കുന്നവരുടെ വികാരം!!
  അതുപോലെ ബാപ്പ മരിച്ച്‌ കിടക്കുമ്പോൾ മകൻറെ മൊബൈലിൽ അടിപൊളി മാപ്പിളപ്പാട്ടിൻറെ റിംഗ് ടോണ്‍ കേട്ട് നിൽകേണ്ടി വരുന്നവരുടെ അവസ്ഥ!!...ഇതുപോലെയാണ് ചാനലുകാരും റിപ്പോർട്ടർ മാരും ഇപ്പോൾപെരുമാറുന്നത്.. സ്ഥലകാല ബോധം തീരെയില്ല.... Abdulla Mukkanni

  ReplyDelete
 10. റേറ്റിങ്ങിന് വേണ്ടി കാണിക്കുന്ന കസര്‍ത്ത് ആണെന്നല്ലേ അയാള്‍ പറഞ്ഞതിന്‍റെ അര്ത്ഥം? ജനം പറയുന്നതും അത് തന്നെയാണ്.നമ്മുടെ മീഡിയ, വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുക അല്ല, വാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയാണ്.

  ReplyDelete
 11. മാധ്യമ പ്രവർത്തനം എന്നതു ഇന്നു സെൻസേഷൻ ക്രിയേറ്റ്‌ ചെയ്യുന്ന ഒരു മേഖല മാത്മാത്രമാണു.അല്ലാതെ ആരും നേരോടെയും,നിർഭയത്തോടെയും നിരന്തരമായും റിപ്പോർട്ട്‌ ചെയ്യുന്നില്ല.ഇന്നു നേർ ആപേക്ഷികമാണു.തങ്ങൾ ആർക്കു വേണ്ടി ജോലി ചെയ്യുനോ .അവർ പറയുന്നതാണു നേരു.

  ReplyDelete
 12. ചില റിപ്പോർട്ടർമ്മാരുടെ കാട്ടി കൂട്ടൽ കാണുംബോൾ ടി വി തല്ലി പൊട്ടിക്കാത്തത്‌ അതിന്റെ വില ഓർത്ത്‌ മാത്രമാൺ

  ReplyDelete
 13. സോഷ്യൽ മീഡിയകളിൽ വരുന്ന പ്രതികരണങ്ങൾ പ്രേക്ഷകരുടെ ഫീഡ് ബാക്കായി എടുത്തു കൊണ്ട് അവയെ ക്രിയാത്മകായി ഉപയോഗപ്പെടുത്താനും വിശകലനം ചെയ്യാനും മുന്നോട്ട് വരണമെന്നാണ്. തങ്ങളുടെ കഴിവുകളേയും വീക്ഷണങ്ങളെയും കുറേക്കൂടി മെച്ചപ്പെടുത്താനും ചെത്തിമിനുക്കിയെടുക്കാനും അതുവഴി സാധിക്കും. ഫ്രീയായി ഫീഡ്ബാക്ക് കിട്ടുക എന്നത് വലിയ അനുഗ്രഹമാണ്. പല രംഗത്തും ഇന്നഭിമുഖീകരിക്കുന്ന വലിയ പ്രശ്നം ശരിയായ ഫീഡ് ബാക്കുകൾ കിട്ടാത്തതാണ്. സോഷ്യൽ മീഡിയ നിങ്ങളുടെ ശത്രു പക്ഷത്തല്ല, നിങ്ങളുടെ തിരുത്തൽ പക്ഷത്താണ്. അതുവഴി നിങ്ങളുടെ സൗഹൃദ പക്ഷത്താണ് (ബഷീര് വള്ളിക്കുന്നും നിങ്ങളുടെ സൗഹൃദ പക്ഷത്താണ്).

  പച്ച നിറം കാണുമ്പോൾ 'കുട കണ്ട പോത്തിനെപ്പോലെ വിറളി പിടിക്കുന്നവരോട്' The Commissioner & The King എന്ന ഷാജി കൈലാസ് സിനിമയിൽ രണ്‍ജി പണിക്കർ സുരേഷ് ഗോപിയെ കൊണ്ട് വളരെ നന്നായി കൃത്യമായി പറയിപ്പിക്കുന്നുണ്ട്.

  എന്നെ തല്ലേണ്ടമ്മാവ ഞാൻ നന്നാവില്ലാ എന്ന് പറയുന്ന അടിമ വേല ചെയ്യുന്ന മാട്യമ (മാധ്യമ പ്രവർത്തകർ എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട് ) പ്രവര്തകരോട് ആര് എന്ത്‌ന്നു എത്രവട്ടം പറഞ്ഞിട്ട് എന്താ കാര്യം.

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. ഈ സംഭവ പരമ്പരകളുടെ ഒരവസരത്തിലും ഐസിസ് തീവ്രവാദികൾ ഈ നഴ്സുമാരെ മനുഷ്യ കവചമാക്കി മുതലെടുക്കാൻ ശ്രമിച്ചിട്ടില്ല. രക്ഷപ്പെട്ടു വന്ന ഒരു നഴ്സ് പോലും അത് പറഞ്ഞിട്ടില്ല.
  Yes... you said it !
  they (nurses) suffered more in airport than that before the guns of so called isis. And the way channels pulled out what ever hope left in minds of relatives was uniform, including that they will be utilised as human wall by extremists.
  IIM-A and numerous other leading institutions use Green Boards. But channels exploited the very situation of transfer of HM of Cotton hill school along with G/board and debited to edu. minister account.

  ReplyDelete
 16. കോമണ്‍സെൻസും പരിസര ബോധവുമില്ലാത്ത ഇത്തരം റിപ്പോർട്ടർമാരെ അവിടേക്ക് അയച്ച ന്യൂസ് എഡിറ്റർക്കും കിട്ടണം കരണക്കുറ്റി നോക്കി ഒരു താങ്ങ്..

  ReplyDelete
 17. മലയാളം ന്യൂസ്‌ ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ ഒരു സഹകരണ സംഘ ഉല്പന്നമാണ്. വാര്‍ത്ത‍ വരുന്ന സമയത്ത് ചാനലുകള്‍ ഒന്ന് മാറ്റി മാറ്റി നോക്കൂ ഇക്കാ. എല്ലാവര്‍ക്കും ഒരേ വാര്‍ത്ത‍, ഒരേ സമയം കോറസ് പോലെ! ഇവര്‍ക്കിതെങ്ങനെ കഴിയുന്നു?

  ReplyDelete
 18. This is also applicable for the so called social media journalists. Some of those who live in Gulf, says ISIS is the icon of peace, suspects about the Indian involvement in bringing back nurses. At least the journalists are better than them, they don't ditch the country who brought the nurses safely. For those who returned they always complains about Indian embassy where in they are transported to mother land with tax payers money. Having said that some faction of Gulf non immigrant are under the perception that, India Runs on their money does not know foreign remittance is just 5% of GDP. Air India is bad when they are good, but they want Air India when they are in problem. They want assistance if they returned to home when there is Nitakat, but they don't send money through legitimate medium but hawala. These are trade mark of SOME nris.

  ReplyDelete
 19. കോമണ്‍സെൻസും പരിസര ബോധവുമില്ലാത്ത ഇത്തരം റിപ്പോർട്ടർമാരെ അവിടേക്ക് അയച്ച ന്യൂസ് എഡിറ്റർക്കും കിട്ടണം കരണക്കുറ്റി നോക്കി ഒരു താങ്ങ്..

  ReplyDelete
 20. ചാനൽ കൾ തമ്മിലുള്ള മത്സരത്തിനിടയിൽ മാധ്യമ ധർമം മറന്നു മാധ്യമ മോതലളിമാരുടെ ഇഷ്ട തിന്നു അനുസരിച്ച് റിപ്പോർട്ട്‌ കൾ സൃഷ്ടിക്കെപെടുമ്പോൾ അതിനെ തിരെ ജനങ്ങള് പ്രതികരിക്കും ...

  ReplyDelete