'അൽ കഴുതകൾ' അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ

മുസ്ലിം ഭീകരവാദം വീണ്ടും ചർച്ചകളിൽ സജീവമാവുകയാണ്. ഈ ചർച്ചകളുടെ ട്രിഗ്ഗർ വലിച്ചത് പ്രധാനമായും ചില വാർത്തകളാണ്. ഇറാഖിൽ സുന്നി മുസ്ലിംകളുടെ ഒരു സായുധ സേന ഷിയാ മുസ്ലിംകളുടെ ഒരു വലിയ ഗ്രൂപ്പിനെ നിരത്തിക്കിടത്തി വെടിവെച്ചു കൊന്നതിന്റെ ഇമേജുകൾ. കാശ്മീരിനെ മോചിപ്പിക്കാൻ വേണ്ടി മുസ്ലിംകളോട് വിശുദ്ധ ജിഹാദിന് ആഹ്വാനം ചെയ്യുന്ന അൽഖായിദയുടേന്ന് വിശ്വസിക്കപ്പെടുന്ന വീഡിയോ. സോമാലിയയിലെ മുസ്ലിം തീവ്ര ഗ്രൂപ്പ് കെനിയൻ തീരത്ത്‌ നടത്തിയ ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊല. അങ്ങനെ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന വാർത്തകകളാണ് തീവ്രവാദ ചർച്ചകളിലേക്ക് വീണ്ടും ആളെ കൂട്ടിയത്. രണ്ടു തരം പ്രതികരണങ്ങളാണ് ഇത്തരം ചർച്ചകളിൽ പ്രധാനമായും കേൾക്കുന്നത്. ഒന്ന്  ഇസ്ലാം മതത്തെ ഭീകര മതമായി ചാപ്പകുത്തി സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തു കൊടുക്കുന്ന ടിപ്പിക്കൽ പ്രതികരണങ്ങൾ. മറ്റൊന്ന് ഇതൊന്നും മുസ്ലിംകളുടെ കുഴപ്പമല്ല, എല്ലാം അമേരിക്ക ഉണ്ടാക്കുന്നതാണ്. ഞങ്ങളും ഞങ്ങളുടെ വിശ്വാസവും നയൻ വണ്‍ സിക്സാണ്. അതിനെ തൊട്ട് കളിക്കരുത്.

ഈ രണ്ട് പ്രതികരണ രീതികളും ശുദ്ധ അസംബന്ധങ്ങളാണ് എന്ന് പറയേണ്ടി വരും. തീവ്രവാദം ജനിക്കുന്നതിനും വളരുന്നതിനും അതിന്റെതായ ചരിത്ര-രാഷ്ട്രീയ പാശ്ചാത്തലങ്ങളുണ്ട്‌. അവയ്ക്ക് മതവിശ്വാസവുമായി ഉള്ള ബന്ധത്തേക്കാൾ കൂടുതൽ ബന്ധം സാമൂഹ്യ രാഷ്ട്രീയ ഭൂമിശാസ്ത്ര തലങ്ങളുമായാണ്. ലോകത്ത് നിലവിലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ഉത്ഭവവും വളർച്ചയും സൂക്ഷ്മമായി പഠിക്കാൻ ശ്രമിച്ചാൽ ഈ വസ്തുത ബോധ്യപ്പെടും. അധിനിവേശങ്ങളും രാഷ്ട്രീയ അസ്ഥിരതകളുമുള്ള ഭൂമികകളിലാണ് തീവ്രവാദികൾ കൂടുതൽ വളർന്നു വന്നിട്ടുള്ളതും പിടിമുറുക്കിയിട്ടുള്ളതും. ശ്രീലങ്കയിലും ഫലസ്തീനിലും അഫ്ഘാനിലും ഇറാഖിലും എന്ന് വേണ്ട ലോക ഭൂപടത്തിലെ തീവ്രവാദത്തിന്റെ ഹോട്ട് സ്പോട്ടുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ ഈ വസ്തുത ബോധ്യപ്പെടും. ഇസ്ലാം മതത്തെ ഒന്നാം പ്രതിയാക്കി അവതരിപ്പിക്കുന്ന വിശകലനങ്ങൾ അടിസ്ഥാനപരമായി തന്നെ തെറ്റാണ്.

എന്നാൽ ഇത്തരം രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുടെ ഫലമായി ജന്മം കൊള്ളുന്ന തീവ്രവാദ ആശയങ്ങളെ കൂടുതൽ തീവ്രമാക്കുന്നതിലും ജ്വലിപ്പിച്ചു നിർത്തുന്നതിലും മതവിശ്വാസങ്ങൾക്കും അതിന്റെ തെറ്റായ പ്രചാരകർക്കും വലിയ പങ്കുണ്ട്. 'എല്ലാം അമേരിക്കയുടെ പണിയാണ്. ഞങ്ങൾക്കിതിലൊന്നും പങ്കില്ല" എന്ന് പറയുന്ന വാദഗതികൾ ശുദ്ധ വിവരക്കേടാകുന്നത് ഈയൊരു പോയിന്റിലാണ്. എല്ലാത്തിനും ഇസ്ലാമിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ആദ്യത്തെ വാദഗതി അത്ര അപകടകരമല്ല. വസ്തുതകളെ ശരിയാം വണ്ണം പഠിക്കാൻ ശ്രമിക്കുന്നവർക്ക് അതിലെ മണ്ടത്തരം തിരിച്ചറിയാൻ പറ്റും. എന്നാൽ രണ്ടാമത്തെ വാദഗതി അല്പം അപകടകരമാണ്. തീവ്രവാദ പ്രവർത്തനങ്ങളെ വെള്ള പൂശാനും സഹായിക്കാനുമേ അതുപകരിക്കൂ.. അതിനാൽ തന്നെ രണ്ടാമത്തെ വാദഗതിയെ വിശകലനം ചെയ്യാനാണ് ഈ ചെറിയ കുറിപ്പ്.

ഒരു പ്രശ്നത്തിന് പരിഹാരം കാണുന്നതിന്റെ ആദ്യപടി പ്രശ്നം ഉള്ളതായി സ്വയം അംഗീകരിക്കലാണ്. ഒരു പ്രശ്നത്തിന്റെയും അസ്തിത്വത്തെ നിഷേധിച്ചു കൊണ്ട് ആ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. മോഷണം നടന്നു എന്ന സത്യത്തെ അംഗീകരിച്ചാൽ മാത്രമേ മോഷ്ടാവിനെ പിടിക്കാൻ സാധിക്കൂ.. പലവിധ സാമൂഹ്യ കാരണങ്ങളാൽ ജന്മം കൊള്ളുന്ന തീവ്രവാദ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനും വികാരതരമാക്കാനും ഇസ്ലാം മതത്തെ ചിലർ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന യാഥാർത്ഥ്യത്തെ ആദ്യം അംഗീകരിക്കണം. മുസ്ലിം നേതാക്കളിൽ നിന്നും മതപണ്ഡിതന്മാരിൽ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നത് ഈ ഒരു തിരിച്ചറിവാണ്. ഇങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടായിക്കഴിഞ്ഞാൽ തന്നെ പകുതി പ്രശ്നം പരിഹരിക്കപ്പെട്ടു. ആ തിരിച്ചറിവ് നല്കുന്ന ചില മുൻകരുതലുകൾ സാമൂഹിക ജീവിതത്തിൽ എടുക്കുന്നത് വഴി തീവ്രവാദത്തെയും  അതിന്റെ വളർച്ചയെയും ഒരു പരിധി വരെ തടയാൻ പറ്റും.

മതത്തിന്റെ 'സംരക്ഷകരിൽ' ഭൂരിഭാഗവും താത്വികമായി മതവിരുദ്ധരാണ് എന്നതാണ് ആധുനിക ലോകത്തിന്റെ വലിയ ദുരന്തങ്ങളിൽ ഒന്ന്. ബോംബും കലാഷ്നിക്കോവുമായി ഇസ്ലാമിനെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഒരു കൂട്ടം വികാരജീവികൾ.. ലോകത്തിന്റെ പല കോണുകളിലായി അവരുടെ നെറ്റ് വർക്ക്‌ ശക്തിപ്പെട്ട് വരികയാണ്.  ഇറാഖിലെ സുന്നി പോരാട്ടങ്ങളുടെ ന്യായാന്യായതകളെക്കുറിച്ചല്ല, കാലാകാലങ്ങളായി നടക്കുന്ന സായുധ പോരാട്ടങ്ങളിലെ മൃഗീയ സമീപനങ്ങളെക്കുറിച്ചാണ് പറയാൻ ആഗ്രഹിക്കുന്നത്. ചന്തക്ക് കൊണ്ട് പോകുന്ന അറവ്മാടുകളെപ്പോലെ മനുഷ്യരെ ഒരു ട്രക്കിൽ കുത്തിനിറച്ച് കൊണ്ട് പോയി  വിജനമായ മരുഭൂമിയിൽ വൈക്കോൽ കൂനകൾ കൂട്ടിയിടുന്നത് പോലെ കൂട്ടിയിട്ട ശേഷം തുരുതുരാ വെടിവെച്ച് കൊല്ലുമ്പോൾ വിളിക്കുന്നത്‌ അല്ലാഹു അക്ബർ എന്ന മുദ്രാവാക്യമാണ്. അങ്ങാടികളിലും ചന്തകളിലും നിത്യോപയോഗ സാധനങ്ങൾ വാങ്ങിക്കാൻ വരുന്ന നിരപരാധികളുടെ ഇടയിൽ ചാവേറായി പൊട്ടിത്തെറിക്കുമ്പോഴും വിളിക്കുന്നത്‌ അല്ലാഹു അക്ബർ എന്നാണ്. ജനാധിപത്യ വ്യവസ്ഥയിൽ വോട്ട് ചെയ്തതിന്റെ പേരിൽ പാവം മനുഷ്യരുടെ കൈവിരലുകൾ മുറിച്ചെടുക്കുമ്പോഴും വിളിക്കുന്നത്‌ അല്ലാഹു അക്ബർ എന്ന് തന്നെ. അകാരണമായി ഒരു മനുഷ്യനെ കൊല്ലുന്നവൻ ഈ ഭൂമുഖത്തെ മുഴുവൻ മനുഷ്യരെയും കൊന്നവന് സമാനനനാണെന്ന വിശുദ്ധ ഖുർആന്റെ സുവ്യക്തമായ അധ്യാപനങ്ങളെ ഭ്രാന്തമായി തമസ്കരിച്ചു കൊണ്ടാണ് ഈ അല്ലാഹു അക്ബർ വിളി ഉയരുന്നത്. ഒരു ജനതയോടുള്ള വിദ്വേഷം അവരോട് അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചു കൂടാ എന്ന വിശുദ്ധ കല്പനക്കെതിരിലാണ് ഈ മനുഷ്യപ്പിശാചുക്കളുടെ കഠാരകൾ ഉയരുന്നത്. നജ്റാനിൽ നിന്നും മദീനയിലെത്തിയ കൃസ്തീയ പുരോഹിതന്മാർക്ക് പ്രാർത്ഥന നടത്താൻ തന്റെ വിശുദ്ധ പള്ളിയുടെ ഒരു ഭാഗം വിട്ടു കൊടുത്ത പ്രവാചകനിൽ നിന്ന് പാഠം പഠിക്കാത്ത വിഡ്ഢികളാണ് അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പരസ്പരം വെട്ടുന്നതും കൊല്ലുന്നതും. അൽ ഖായിദ എന്നല്ല അൽ കഴുതകൾ എന്നാണ് ഈ പിശാചുക്കളെ വിളിക്കേണ്ടത്.

ചെറിയ ചെറിയ പഴുതുകളിലൂടെയാണ് തീവ്രവാദം കടന്നു വരുക. തുടക്കത്തിൽ അവ അപകടകാരിയായി തോന്നിക്കൊള്ളണമെന്നില്ല, മറിച്ച് സാമൂഹ്യ നീതിയുടെയും പ്രതിരോധത്തിന്റെയും മുദ്രാവാക്യങ്ങളുടെ മറവിൽ അല്പം പുരോഗമനപരമെന്ന് തോന്നിപ്പിക്കുന്ന ചില ശിഖരങ്ങൾ അതിന് കണ്ടേക്കുകയും ചെയ്യും. പക്ഷേ തീവ്രവാദത്തിന്റെ ആശയ ഭൂമിയിലായിരിക്കും അതിന്റെ വേരുകൾ ഉണ്ടാവുക. ആ വേരുകളെ തിരിച്ചറിയാൻ വൈകുന്നതിനനുസരിച്ച് അവ കൂടുതൽ കൂടുതൽ ആഴത്തിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കും. തീവ്രവാദം ഒരു ചെറിയ വിത്തായി ചെടിയായി വളർന്നു തുടങ്ങുന്ന ഘട്ടത്തിൽ തന്നെ തിരിച്ചറിയാനും പിഴുതെറിയാനും സമൂഹത്തിന്റെ വലിയ ജാഗ്രത വേണം. സൂക്ഷ്മ നിരീക്ഷണങ്ങൾ വേണം. ഒരു ചെറിയ ജാഗ്രതക്കുറവ് പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്ന് വരും. നമ്മുടെ മക്കളും സഹോദരണങ്ങളും തീവ്രവാദത്തിന്റെ വിഷവായു ഒരിക്കൽ ശ്വസിച്ചു കഴിഞ്ഞാൽ പിന്നീടൊരു മടക്കമില്ല.

വർത്തമാനം - 24 June 2014
മത തീവ്രവാദം മുമ്പൊന്നും കേട്ട് പരിചയമില്ലാത്ത വഴികളിലും രീതികളിലുമാണ് ഇപ്പോൾ വളർന്നു വരുന്നത്.  വേൾഡ് കപ്പ്‌ ഫുട്ബാൾ കാണാൻ പാടില്ല, അത് ഹറാമാണ് എന്ന ഒരു 'പണ്ഡിതന്റെ' ഫത്‌വ കണ്ടു. (പണ്ഡിതൻ എന്നാൽ ആമസോണ്‍ കാട് പോലുള്ള താടിയും തലപ്പാവുമുള്ള ആൾ എന്ന അർത്ഥത്തിലാണ് പ്രയോഗിച്ചത്) കഴിയുന്നത്ര ആളുകളെ ഇസ്ലാമിനും മുസ്ലിംകൾക്കും എതിരാക്കാൻ എന്തൊക്കെ മാർഗമുണ്ടോ അതിലൊക്കെ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ഇത്തരം മത പണ്ഡിതന്മാർ. അവരുടെ നിയോഗം ഇപ്പോൾ അതാണ്‌. മത തീവ്രവാദത്തിന്റെ വഴികളും രീതികളും ഇത്തരം പണ്ഡിതന്മാരുടെ അബദ്ധ ജല്പനങ്ങളിൽ നിന്നാണ് വെള്ളവും വളവും സ്വീകരിക്കുന്നത്. മത പണ്ഡിതന്മാർ മാത്രമല്ല, ചില മുക്രികളും മുല്ലകളും വരെ ഈ രീതി പരീക്ഷിക്കുന്നുണ്ട്. അതായത് പൊതുജനത്തെ വെറുപ്പിക്കുന്ന രീതി.. ഈയിടെ നാട്ടിലെ ഒരു പള്ളിയിൽ നിന്ന് ഇടയ്ക്കിടെ പ്രാർത്ഥനകളും പാരായണങ്ങളും കേട്ടു. ബാങ്ക് കൊടുക്കുന്ന പോലെ ലൗഡ് സ്പീക്കറിൽ തന്നെയാണ്. അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു പല ദിവസങ്ങളിലും ഈ കലാപരിപാടി നടക്കുന്നുണ്ട് എന്ന്. നോക്കൂ.. നമസ്കാരത്തിന്റെ സമയം അറിയിച്ചു കൊണ്ട് ലൗഡ് സ്പീക്കറിൽ ബാങ്ക് കൊടുക്കാനുള്ള സർക്കാർ അനുമതിയെ ദുരുപയോഗം ചെയ്തുകൊണ്ട് തങ്ങളുടെ 'ഭക്തിയും പാണ്ഡിത്യവും' തെളിയിക്കുകയാണ് ചിലർ. വ്യത്യസ്ത മതവിഭാഗത്തിൽ പെട്ട ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശത്ത്‌ അത് ഭക്തിയാണോ അതോ വെറുപ്പാണോ സൃഷ്ടിക്കുക എന്ന് ചിന്തിക്കാനുള്ള വിവേകമില്ലാതെ പോകുന്നു.

ഇന്ത്യൻ മുസ്ലിംകൾക്കുണ്ടായിരിക്കേണ്ട അടിസ്ഥാന അവബോധങ്ങളിൽ പ്രധാനമായത്  മതേതര പൊതുസമൂഹത്തെ മുസ്ലിം വിരുദ്ധരാക്കാൻ ശ്രമിക്കാതിരിക്കുക എന്നതാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം ആത്യന്തികമായി മതേതര വിശ്വാസികളാണ്. ഒരു മാറ്റത്തിന് വേണ്ടി അവരിൽ ചിലർ നരേന്ദ്ര മോഡിക്ക് വോട്ടു ചെയ്തുവെങ്കിലും ഇന്ത്യൻ മതേതര ചട്ടക്കൂടിന് പോറലേല്പ്പിക്കാൻ അവർ തയ്യാറാവുകയില്ല. ഇസ്ലാമിന്റെ പേര് പറഞ്ഞ് ലോകത്ത് എവിടെയെങ്കിലും നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെ ഇന്ത്യയിലെ മുസ്ലിംകളിൽ  ചിലർ (അതെത്ര ചെറിയ വിഭാഗമാണെങ്കിലും) പിന്തുണക്കാൻ ശ്രമിക്കുമ്പോൾ അപകടപ്പെടുന്നത് പൊതുസമൂഹത്തിന്റെ മുസ്ലിംകളോടുള്ള വിശ്വാസവും സമീപനവുമാണ്.

മുസ്ലിംകൾ ഭൂരിപക്ഷമുള്ള പല രാജ്യങ്ങളെയും പ്രദേശങ്ങളെയും തട്ടിച്ചു നോക്കുമ്പോൾ ഇന്ത്യയിലെ മുസ്ലിംകൾ അവിടങ്ങളിലേക്കാൾ സുരക്ഷിതരാണ്‌ എന്ന് കാണാൻ പറ്റും. ജീവനും സ്വത്തിനും അവിടങ്ങളിലുളളതിനേക്കാൾ ഗ്യാരണ്ടി ഇന്ത്യൻ മണ്ണിലുണ്ട്. പാക്കിസ്ഥാനിലെ തെരുവുകളിലും പള്ളികളിലും ആശുപത്രികളിലും പൊട്ടിത്തെറിക്കുന്ന ചാവേറുകളുടെയും ചിതറിത്തെറിക്കുന്ന ശരീരങ്ങളുടെയും കണക്കെടുത്താൽ ഇന്ത്യയിലെ വർഗീയ കലാപങ്ങളിലും ലഹളകളിലും മരിച്ചു വീണവരുടെ എത്രയോ ഇരട്ടി കാണും. (ഇറാഖ്, സിറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ കണക്കെടുത്താൽ പിന്നെ പറയാനുമില്ല). കാശ്മീർ പാക്കിസ്ഥാന്റെ മണ്ണിലേക്ക് ചേർത്തത് കൊണ്ട് ജീവിതം കൂടുതൽ നരകമാകുക എന്നതല്ലാതെ മറ്റെന്തെങ്കിലും ഗുണം കാശ്മീരികൾക്ക് ലഭിക്കാൻ പോകുന്നില്ല. അൽഖായിദയുടെയും താലിബാന്റെയും തോക്കിൻ കുഴൽ വഴി കിട്ടുന്ന സുരക്ഷിതത്വത്തെക്കാൾ പതിന്മടങ്ങ്‌ സുരക്ഷിതമാണ് ഇന്ത്യൻ മതേതര വ്യവസ്ഥ മുന്നോട്ട് വെക്കുന്ന സാമൂഹ്യ സുരക്ഷ. അതവിടുത്തെ പൗരന്മാരെ സ്നേഹപൂർവ്വം ബോധ്യപ്പെടുത്തുന്നതിലാണ് നാം വിജയിക്കേണ്ടത്. ഒരു സൈന്യത്തിന് തടുത്തു നിർത്താവുന്നതിലും എളുപ്പത്തിൽ പൊതുജനങ്ങളുടെ സാമൂഹ്യ ബോധത്തിനും ജാഗരണത്തിനും തീവ്രവാദത്തെ ചെറുത്ത് തോല്പിക്കാൻ കഴിയും. അത്തരമൊരു ബോധവും ജാഗരണവും ഉണ്ടാക്കിയെടുക്കുന്നതിൽ മതപണ്ഡിതന്മാർക്കും സാമുദായിക സംഘടനകൾക്കും വലിയ പങ്കുണ്ട്. അതവർ നിർവഹിക്കുന്നില്ല എങ്കിൽ അവരാണ് ഏറ്റവും വലിയ സാമൂഹ്യ ദ്രോഹികൾ..

ഭൂമുഖത്തെ എല്ലാ പ്രശ്നങ്ങൾക്കും സാമ്രാജ്യത്വ ശക്തികളെ കുറ്റപ്പെടുത്തി സായൂജ്യമടയുന്നതിനു പകരം സ്വന്തം പോരായ്മകളിലേക്ക് വല്ലപ്പോഴും കണ്ണോടിക്കാൻ കൂടി മത സമൂഹം തയ്യാറാവണം. അല്ലാഹു അക്ബർ വിളികളുയർത്തി ചോര ചിന്തുന്ന ഭ്രാന്തന്മാരെ തിരിച്ചറിയാനും ആട്ടിപ്പുറത്താക്കാനും ഏറ്റവും കൂടുതൽ ജാഗ്രത കാണിക്കേണ്ടത് പട്ടാളമോ പോലീസോ സർക്കാറുകളോ അല്ല, യഥാർത്ഥ ഇസ്ലാം മത വിശ്വാസികളാണ്. പള്ളികളിലും മദ്രസകളിലും പ്രഭാഷണങ്ങളിലും ഖുത്ബകളിലും ഇത്തരം വിഷവിത്തുക്കൾക്കെതിരെ ബോധവത്കരണം നടത്തേണ്ടത് മതത്തോടുള്ള ബാധ്യത മാത്രമല്ല സമാധാന ജീവിതം ആഗ്രഹിക്കുന്ന പൊതു സമൂഹത്തോടുള്ള ഉത്തരവാദിത്വം കൂടിയാണ്.

Latest Story
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
ചുട്ടു കൊല്ലുന്നവർക്ക് ചൂട്ട് പിടിക്കുന്നവരോട്
ഈ ഭ്രാന്തിനെ മനുഷ്യവംശം എങ്ങിനെ നേരിടും? 

Related Posts
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍
പ്രവാചകനോ അതോ സിനിമയോ വലുത്? ‍