പ്രവാചകനോ അതോ സിനിമയോ വലുത്?

'ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്' എന്ന സിനിമയുടെ പതിനാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ കണ്ടു. അതിലെ പല രംഗങ്ങളും മനസ്സില്‍ വല്ലാത്ത അസ്വസ്ഥതകളുയര്‍ത്തി എന്ന് പറയാതെ വയ്യ. ഇസ്‌ലാമിക വിശ്വാസികളുടെ മനസ്സിനെ ഏറെ വേദനിപ്പിക്കുന്ന വൈകൃതങ്ങളാണ് സിനിമ എന്ന പേരില്‍ പടച്ചു വിട്ട ഭ്രാന്തമായ ആ ദൃശ്യങ്ങളിലുള്ളത്. ട്രെയിലറില്‍ കണ്ടതിന്റെ മാത്രം അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ മുഹമ്മദ്‌ നബിയെ ഇത്രമാത്രം അപകീര്‍ത്തിപ്പെടുത്തിയ ഒരു സിനിമയോ നോവലോ ഇതിനു മുമ്പ് ഇറങ്ങിയിട്ടില്ല എന്ന് പറയാന്‍ പറ്റും. ചരിത്രപരതയോ കലാപരതയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു തരം ആഭാസം എന്ന് മാത്രമേ അതിനെ വിളിക്കാനാവൂ. പക്ഷെ ആ ആഭാസത്തിനു ഒരു ദൗത്യമുണ്ട്. ആ ദൗത്യം അത് ഭംഗിയായി നിര്‍വഹിച്ചു കഴിഞ്ഞു.

സിനിമക്കുള്ളിലെ തിരക്കഥയെക്കാള്‍ ഭംഗിയായ തിരക്കഥ സിനിമക്ക് പുറത്തുള്ള അതിന്റെ ദൗത്യത്തിലാണുള്ളത്.  മുസ്ലിംകളെ പരമാവധി പ്രകോപിപ്പിക്കുക, പ്രകോപിപ്പിച്ചു തെരുവില്‍ ഇറക്കുക,  അക്രമങ്ങളിലേക്കും തീവ്രവാദത്തിലേക്കും വഴിനടത്തുക, അതുവഴി സാമൂഹിക അരാജകത്വം സൃഷ്ടിക്കുക. ഇത് പടച്ചു വിട്ടവര്‍ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും കിറുകൃത്യമായി നടന്നു കഴിഞ്ഞു. മുസ്‌ലിം ലോകത്ത് പ്രക്ഷോഭങ്ങള്‍ ആളിക്കത്തി. ഒരു അമേരിക്കന്‍ സ്ഥാനപതിയടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധങ്ങള്‍ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചു. അറബ് ലോകത്ത് അമേരിക്കക്കും അമേരിക്കന്‍ ജനതക്കും എതിരെ പ്രചാരണങ്ങള്‍ നടന്നു.  മുസ്‌ലിംകള്‍ക്കും കൃസ്തീയ ജൂത മതവിഭാഗങ്ങള്‍ക്കും ഇടയില്‍ അകല്‍ച്ചയും മാനസിക സംഘര്‍ഷങ്ങളും ഉണ്ടായി. സിനിമയെന്ന പേരില്‍ ഈ വൈകൃതം പടച്ചു വിട്ട പിശാചുക്കളുടെ കണക്കുകൂട്ടലില്‍ പോലും ഇത്ര വലിയൊരു 'വിജയം' ഉണ്ടായിരിക്കണമെന്നില്ല.


പ്രകോപനം ഉണ്ടാക്കുന്നതിനു വേണ്ടി തുടരെത്തുടരെ മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് സിനിമയുടെ ട്രെയിലര്‍ യൂടൂബില്‍ അപ്‌ലോഡ്‌ ചെയ്യപ്പെട്ടത്. 'ഇന്നസെന്‍സ് ഓഫ് ബിന്‍ലാദിന്‍' എന്ന പേരിലാണ് 2012 ജൂണ്‍ മാസത്തില്‍ ലോസ് ആഞ്ചൽസിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പാകെ ഈ സിനിമയുടെ പ്രിവ്യു  കാണിക്കപ്പെട്ടത്‌. അതിലെ  കേന്ദ്ര കഥാപാത്രം ബിന്‍ലാദിന്‍ ആയിരുന്നു. പിന്നീട് പുതിയ മാറ്റങ്ങളോടെ പതിനാലു മിനുട്ടുള്ള ട്രെയിലര്‍ ജൂലൈ മാസത്തില്‍ യൂടൂബില്‍ അപ്‌ലോഡ്‌ ചെയ്യപ്പെട്ടു. ഇംഗ്ലീഷിലുള്ള ആ ക്ലിപ്പിംഗ് അധികം ശ്രദ്ധിക്കപ്പെടാതെ പോയി. അതിനെത്തുടര്‍ന്നാണ് സെപ്റ്റംബര്‍ ആദ്യവാരത്തില്‍ അതിന്റെ അറബിക് വേര്‍ഷന്‍ അപ്‌ലോഡ്‌ ചെയ്യപ്പെട്ടത്. തുടക്കത്തില്‍ ചില പ്രതിഷേധ സ്വരങ്ങള്‍ സിനിമയുടെ സംഘാടകര്‍ തന്നെ ഉയര്‍ത്തിക്കൊണ്ടുവന്നു. വിവേകം തൊട്ടുതീണ്ടിയിട്ടില്ലാത്ത ചില മുസ്‌ലിം പണ്ഡിതന്മാരും തീവ്രവാദത്തിന്റെ റീടെയില്‍ കച്ചവടക്കാരും  അതേറ്റു പിടിച്ചു കാര്യങ്ങള്‍ പിടിവിട്ട അവസ്ഥയിലേക്ക് എത്തിച്ചു.


ആര്‍ക്കെതിരെയും എന്തും പുലമ്പാനുള്ള സ്വാതന്ത്ര്യത്തെയല്ല ആവിഷ്കാര സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്‌. അതുകൊണ്ട് തന്നെ ആവിഷ്കാര സ്വാതന്ത്യത്തിന്റെ നിദാന ശാസ്ത്രങ്ങളെ പുനര്‍നിര്‍വചിക്കുവാന്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്‌. അത് നാണയത്തിന്റെ ഒരു വശമാണ്. മറ്റൊരു വശം ഇത്തരം 'ആവിഷ്കാര സ്വാതന്ത്ര്യങ്ങളോടുള്ള' ഹിംസാത്മകമായ പ്രതികരണങ്ങളാണ്. അവഗണനയുടെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെടേണ്ട ഒരു സിനിമാ വൈകൃതത്തെ അന്താരാഷ്‌ട്ര ഹിറ്റ് ചാര്‍ട്ടിലേക്കു ഉയര്‍ത്തിയതിന്റെ ക്രെഡിറ്റ് ഈ സിനിമക്കെതിരെ ഹിംസാത്മകമായി പ്രതികരിച്ചവര്‍ക്കുള്ളതാണ്. ലൈംഗിക സിനിമകള്‍ മാത്രം സംവിധാനം ചെയ്തു പരിചയമുള്ള അലന്‍ റോബര്‍ട്ട്‌ എന്ന ഒരു സംവിധായകന്റെ സൃഷ്ടിക്ക്  ഇത്രമാത്രം കോലാഹലങ്ങള്‍ വേണ്ടിയിരുന്നുവോ? ആരാലും ശ്രദ്ധിക്കപ്പെടാതെ മുടക്കിയ പണം തുലഞ്ഞു പോകേണ്ടിയിരുന്ന ഒരു സൃഷ്ടിയെ ഒരു മെഗാ ഹിറ്റിലേക്ക് മാറ്റിയത് ഒരു കൂട്ടം വികാരജീവികളുടെ ഭ്രാന്തമായ പ്രതിഷേധങ്ങളാണ്. ഈ സിനിമയുമായി പുലബന്ധം പോലുമില്ലാത്ത ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് എന്ന അമേരിക്കന്‍ അംബാസഡറുടെ ജീവനെടുത്തത് വഴി ഇസ്ലാമിന്റെ ഏത് നിയമസംഹിതയാണ്‌ സംരക്ഷിക്കപ്പെട്ടത്‌?. നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലുന്നത് ഈ ഭൂമുഖത്തെ മുഴുവന്‍ മനുഷ്യരെയും കൊല്ലുന്നതിനു സമാനമാണെന്ന വിശുദ്ധ ഖുര്‍ആന്റെ അദ്ധ്യാപനത്തെ ഏത് തീവ്രവാദ മുദ്രാവാക്യം കൊണ്ടാണ് മൂടിവെക്കാന്‍ കഴിയുക. കത്തിയും കൊടുവാളും ബോംബുമായി പ്രവാചകനെ സംരക്ഷിക്കാന്‍ ഇറങ്ങിയ ഇത്തരം മരക്കഴുതകളുടെ കയ്യില്‍ നിന്നും ഇസ്ലാമിനെ രക്ഷിച്ചെടുക്കുകയാണ് അടിയന്തിരമായി വേണ്ടത്. 

മുഹമ്മദ്‌ നബിയെ മോശമായി ചിത്രീകരിച്ചു കൊണ്ട് ഒരു സിനിമ വരുന്നതോടു കൂടി ഇസ്‌ലാം തകര്‍ന്നു പോകുമോ? അങ്ങനെ തെറിക്കുന്ന ഒരു മൂക്കാണോ ഇസ്‌ലാമിനുള്ളത്?.  എത്രയെത്ര പ്രതിഷേധങ്ങളെയും പീഢനങ്ങളെയും അതിജയിച്ചാണ് പ്രവാചകന്‍ ഈ മതം പ്രബോധനം ചെയ്തത്. ഇത്തരം സന്ദര്‍ഭങ്ങളെ ഒരവസരമാക്കി എടുത്ത് ചരിത്രത്തിന്റെ ശുഭ്ര വെളിച്ചത്തില്‍ ജീവിച്ച പ്രവാചകന്റെ ജീവിതവും ദര്‍ശനവും കൂടുതല്‍ പേരിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുന്നിടത്താണ് ക്രിയാത്മകതയുള്ളത്. ഇത്തരം ശ്രമങ്ങള്‍ നടത്തുന്ന ചിലരെ യു ടൂബില്‍ തന്നെ കാണാന്‍ പറ്റി. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രവാചകന്റെ ജീവിതത്തെക്കുറിച്ചും ഇസ്ലാമിക ദര്‍ശനത്തെക്കുറിച്ചുമുള്ള ഡോക്കുമെന്‍ററികള്‍ ബുദ്ധിപരമായ ടാഗുകളിലൂടെയും തലക്കെട്ടുകളിലൂടെയും അവര്‍ അപ്‌ലോഡ്‌ ചെയ്തു. അവ പതിനായിരക്കണക്കിനു ഹിറ്റുകള്‍ നേടി. നിഷേധാത്മകതക്ക് പകരം ക്രിയാത്മകത വിജയിക്കുന്നത് അത്തരം ചലനങ്ങളില്‍ കാണാന്‍ പറ്റി. എന്നാല്‍ ബെംഗാസിയില്‍ ബോംബുമായി ഇറങ്ങിയ പ്രതിഷേധക്കാര്‍ അത്തരം ക്രിയാത്മകതകളെക്കൂടി കൊന്നു കുഴിച്ചു മൂടി. വിമര്‍ശനങ്ങളെ ബുദ്ധിപരമായി നേരിടാന്‍ കഴിയാത്ത അസഹിഷ്ണുക്കളാണെന്ന് സ്വയം തെളിയിച്ചു.

സല്‍മാന്‍ റുഷ്ദിയെന്ന എഴുത്തുകാരനെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്‍റെ നോവലായിരുന്നില്ല, മറിച്ച് ആയത്തുള്ള ഖുമൈനിയുടെ വധാഹ്വാനമായിരുന്നു.'സാത്താനിക്ക് വേര്‍സസ്‌' ഇറങ്ങുന്നതിനു മുമ്പ് അദ്ദേഹം മൂന്നു കൃതികള്‍ രചിച്ചിരുന്നു. പുസ്തക ശാലകളില്‍ അവ പൊടി പിടിച്ചു കിടന്നു. പക്ഷെ ഖുമേനി ഒറ്റ രാത്രി കൊണ്ട് അദ്ദേഹത്തെ താരമാക്കി, കോടീശ്വരനാക്കി. ആ കൃതിയുടെ ആത്യന്തിക ദൗത്യം അതായിരുന്നു. തെരുവുകളില്‍ ആളിക്കത്തിയ പ്രതിഷേധം റുഷ്ദിയുടെയും പുസ്തക പ്രസാധകന്റെയും ബാങ്ക് അക്കൗണ്ട്‌ കുന്നു പോലെ ഉയര്‍ത്തി. ഇസ്‌ലാമിനും മുസ്ലിംകള്‍ക്കും ലഭിച്ചതോ അസഹിഷ്ണുക്കള്‍ എന്ന ലേബലും!!. 

എല്ലാ അമേരിക്കക്കാരെയും ഇസ്ലാമിന്റെ ശത്രു പക്ഷത്തു നിറുത്തേണ്ടത് അല്‍ഖാഇദ അടക്കമുള്ള ഭീകരരുടെ ഒളി അജണ്ടയുടെ ഭാഗമാണ്. ഏകാധിപതികളായ ഭരണാധികാരികളെ 'മുല്ലപ്പൂ' പോലെ പറിച്ചെടുത്ത അറബ് വസന്തത്തിന്റെ മാറ്റ് കുറക്കേണ്ടതും അവരുടെ താത്പര്യമാണ്. അറബ് തെരുവുകളില്‍ പാശ്ചാത്യ വിരോധം ആളിക്കത്തുമ്പോള്‍ മാത്രമേ 'റിക്രൂട്ടിംഗ്' സാധ്യതകള്‍ പുരോഗമിക്കുകയുള്ളൂ. കിട്ടുന്ന അവസരങ്ങളൊക്കെ അതിനവര്‍ ഉപയോഗിക്കും. ഇസ്ലാമിനോട് അസഹിഷ്ണുത പുലര്‍ത്തുന്ന ഒരു ചെറിയ വിഭാഗം മാത്രമേ അമേരിക്കയിലുള്ളൂ. അവിടെയുള്ള ഭൂരിഭാഗം ജനങ്ങളും മത സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഒരു പോലെ വില മതിക്കുന്നവരാണ്. ഈ സിനിമക്കെതിരെ മാന്യമായ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തിയ ലക്ഷക്കണക്കിന്‌ പൌരന്മാര്‍ അവിടെയുണ്ട്. കിറുക്കന്മാരായ ഏതാനും പേര്‍ ചേര്‍ന്ന് നിര്‍മിച്ച ഒരു സിനിമയുടെ പേരില്‍ ഒരു രാജ്യത്തെ മുഴുവന്‍ പൌരന്മാരെയും ശത്രുപക്ഷത്തു നിറുത്തുന്നത് തികഞ്ഞ അസംബന്ധമല്ലേ. ചോരയുടെ ഭാഷ സംസാരിക്കുന്ന ഏതാനും തീവ്രവാദികളുടെ പേരില്‍ അറബ് ലോകത്തെ മുഴുവന്‍ ഭീകരരായി ചിത്രീകരിക്കുന്ന അധിനിവേശ മാധ്യമങ്ങളുടെ മറ്റൊരു കണ്ണാടി ചിത്രം തന്നെയല്ലേ തിരിച്ചങ്ങോട്ടുമുള്ള ഈ പ്രതികരണങ്ങളും?

ഈ വിവാദം ഉയര്‍ത്തുന്ന പ്രസക്തമായ ചോദ്യം ഇതാണ്. സിനിമയാണോ അതോ പ്രവാചകനാണോ വലുത്? പ്രവാചകനാണ്‌ വലുതെങ്കില്‍ അദ്ദേഹം പഠിപ്പിച്ച ക്ഷമയുടെയും സഹനത്തിന്റെയും ഗുണകാംക്ഷയുടെയും അധ്യാപനങ്ങള്‍ക്ക് ചെവി കൊടുത്തേ തീരൂ. ആ അധ്യാപനങ്ങള്‍ ഒരു സിനിമയുടെ വൈകൃതത്തില്‍ ഒലിച്ചു പോകേണ്ടതല്ല. ഒരു പീറ സിനിമയും അതിന്റെ സംവിധായകനും അത് പുറത്തു വിട്ട രാജ്യവുമാണ് വലുതായി തോന്നുന്നതെങ്കില്‍ അവിടെ ജയിക്കുന്നത് വിശ്വാസത്തിന്റെ വിചാരപരതയല്ല, പിശാചിന്റെ വികാരപരതയാണ്.

Recent Posts
ആ കിളിയാണ് ഈ കിളി
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
ഒരു എമേര്‍ജിംഗ് മോഹം പറയട്ടെ

Related Posts
കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍ ‍ 
ബിന്‍ലാദിന്‍ : മിത്തും യാഥാര്‍ത്ഥ്യവും
കൈ വെട്ടിയവരോട് രണ്ട് വാക്ക്
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി  
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല