ബിന്‍ലാദിന്‍ : മിത്തും യാഥാര്‍ത്ഥ്യവും

ഉസാമ ബിന്‍ലാദിന്റെ മരണം സൃഷ്ടിച്ച വൈകാരിക പ്രതികരണങ്ങള്‍ ഏതാണ്ട് കെട്ടടങ്ങിയിട്ടുണ്ട്. അയാളെ പിടികൂടി വധിച്ചതിനെക്കുറിച്ച അമേരിക്കന്‍ ഭാഷ്യത്തിന്റെ വിശ്വാസ്യതയും ശരിതെറ്റുകളും ചികയുന്നതിനേക്കാള്‍ ലോക സമാധാനത്തിന് ഈ വാര്‍ത്ത എന്ത് സംഭാവന നല്‍കുന്നു എന്ന് ചിന്തിക്കുന്നതായിരിക്കും ഉചിതം. അധിനിവേശങ്ങളും യുദ്ധങ്ങളും ഏറെകണ്ട കഴിഞ്ഞ നൂറ്റാണ്ടിന്റെ രാഷ്ട്രീയ പരിസരത്തു നിന്ന് നോക്കിയാല്‍ സെപ്തംബര്‍ പതിനൊന്ന് വര്‍ത്തമാനകാല ചരിത്ര ഗതിയെ നിര്‍ണായകമായി സ്വാധീനിച്ച ഒരു സംഭവമാണ് എന്ന് കാണാം.

ഉസാമ ബിന്‍ലാദിന്‍ സുപ്രിം കമാണ്ടര്‍ ആയ അല്‍ഖായിദ എന്ന ഭീകര പ്രസ്ഥാനത്തിന്റെ ശക്തിയെന്തെന്ന് ലോകത്തിന് മനസ്സിലാക്കാന്‍ അത് വഴി സാധിച്ചു എന്നത് ശരിയാണ്. എന്നാല്‍ അതിനെക്കാള്‍ അതിന്  ചരിത്രപരത നേടിക്കൊടുത്തത് സാമ്രാജ്യത്വ ശക്തികള്‍ ആ സംഭവത്തെ ഉപയോഗപ്പെടുത്തിയ രീതിയാണ്. പത്തു വര്‍ഷത്തിലധികമായി മധ്യേഷ്യയുടെയും പശ്ചിമേഷ്യയുടെയും രാഷ്ട്രീയ ഭൂമികയില്‍ അസമാധാനവും അസ്ഥിരതയും വിതച്ചുവെന്നതാണ് സെപ്തംബര്‍ പതിനൊന്നിന്റെ രാഷ്ട്രീയ പ്രസക്തി. ന്യൂയോര്‍ക്കില്‍ പൊലിഞ്ഞു പോയ മൂവായിരം മനുഷ്യ ജീവനേക്കാള്‍ പ്രസക്തി ഈ പത്തു വര്‍ഷത്തിനിടക്ക് അധിനിവേശവും യുദ്ധവും വഴി മരിച്ച ഒരു ലക്ഷത്തോളം പേര്‍ക്കുണ്ട്. മരിച്ചവന്റെ മതവും ജാതിയും മാറ്റിനിര്‍ത്തിയാല്‍ ഗണിതശാസ്ത്രത്തിന്റെ സിമ്പിള്‍ ലോജിക് അത്തരമൊരു പ്രസക്തിയെ തള്ളിക്കളയില്ല. സെപ്തംബര്‍ പതിനൊന്നിന്റെ സംഭവ ബഹുലമായ പരിണിതി പോലെ ബിന്‍ലാദിന്റെ മരണത്തെക്കാള്‍ പ്രസക്തിയിരിക്കുന്നത് ഈ മരണത്തെ വാഷിങ്ങ്ടന്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനാണ്.


അമേരിക്ക അതിന്റെ സാമ്രാജ്യത്വ താത്പര്യങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുവാന്‍ എക്കാലത്തും ശത്രുപക്ഷത്ത്  ഒരു ഭീകര രൂപത്തെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ പ്രതിഷ്ഠ അവരുടെ സൈനിക മുന്നൊരുക്കങ്ങള്‍ക്കും ഫണ്ടിംഗ് മെക്കാനിസത്തിനും അനിവാര്യമായ ഒന്നാണ്. ഏറെക്കാലം ആ പ്രതിഷ്ഠ സോവിയറ്റ് യൂണിയന്‍ ആയിരുന്നു. സോവിയറ്റ് യൂനിയന്‍ എന്ന ഭീകര രാഷ്ട്രത്തെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ ഉണ്ടാക്കുക എന്നതായിരുന്നു ഒരു കാലത്തെ അമേരിക്കന്‍ ഇന്റലിജന്‍സിന്റെ പ്രധാന പണി. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം പല കാലങ്ങളില്‍ പല ശത്രുക്കളെ വാഷിങ്ടണ്‍ മാറി മാറി പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഇറാന്‍, ക്യൂബ, സദ്ദാം ഹുസൈന്‍ തുടങ്ങിയവരൊക്കെ ആ പട്ടികയില്‍ പലപ്പോഴായി കയറിയിറങ്ങിയവരാണ്. ഈ പട്ടികയില്‍ അവസാനം ഇടം പിടിച്ചയാളാണ് ബിന്‍ലാദിന്‍. പട്ടികയിലെ മുന്‍ഗാമികളെ അപേക്ഷിച്ച് ബിന്‍ലാദിന് കൃത്യമായ ഒരു ബിംബവത്കരണം നടത്തുവാന്‍ സെപ്റ്റംബര്‍ പതിനൊന്ന് അമേരിക്കയെ സഹായിച്ചു എന്ന് വേണം പറയാന്‍.

സദ്ദാം ഹുസൈന്റെ ഭീകര ബിംബവത്കരണത്തിന് കൂട്ട നശീകരണയുധങ്ങള്‍ എന്ന അതിസാങ്കല്പിക മിത്തിനെ ഉപയോഗപ്പെടുത്തിയ പോലെ അല്‍ഖായിദയുടെ ബിംബവത്കരണത്തിന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വേണ്ടത്ര 'തെളിവുകള്‍ ' ശേഖരിക്കുവാന്‍ അമേരിക്കക്ക് സാധിച്ചു. അധിനിവേശത്തിനെതിരെ സ്വാതന്ത്ര്യ പോരാട്ടം നയിക്കുന്ന ഫലസ്തീന്‍ പോരാളികളെപ്പോലും ഒരു വേള അല്‍ഖായിദയുടെ ടെററിസ്റ്റ് നെറ്റ് വര്‍ക്കുകളുടെ കൂട്ടത്തില്‍ എഴുതിച്ചേര്‍ക്കുകയുണ്ടായി!. തെളിവുകള്‍ക്ക് ശക്തി പകരുന്നതിന് പരോക്ഷ സഹായകമായി നിരവധി സാഹിത്യങ്ങളും ഹോളിവുഡ് സിനിമകളും നിര്‍മിക്കപ്പെട്ടു. ഇത്തരം കൊണ്ടുപിടിച്ച പ്രചാരണങ്ങളുടെ ഫലമായി ബിന്‍ലാദിന്‍ എന്ന പ്രതീകം ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ്  ലിബര്‍ട്ടിയെക്കാള്‍ വ്യാപ്തിയിലും ഉയരത്തിലും ഓരോ അമേരിക്കക്കാരന്റെയും മനസ്സില്‍ ഭീതിയോടെ പ്രതിഷ്ഠിക്കപ്പെട്ടു. ബിന്‍ലാദിന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അമേരിക്കന്‍ തെരുവുകളില്‍ സൃഷ്‌ടിച്ച ആഹ്ലാദാരവങ്ങള്‍ അവരുടെ മനസ്സില്‍ പ്രതിഷ്ഠിക്കപ്പെട്ട ഭീതിയുടെ ആഴത്തെക്കൂടി വെളിപ്പെടുത്തുന്നുണ്ട്. ഒന്നര പതിറ്റാണ്ടിന്റെ നിരന്തര ശ്രമഫലമായി വളര്‍ത്തിക്കൊണ്ടുവരപ്പെട്ട തീവ്രവാദത്തിന്റെ (ബിന്‍ലാദിന്‍ ) സ്വത്വവത്കരണത്തെ ഇനി അമേരിക്ക എന്ത് ചെയ്യുന്നുവെന്നതിനെക്കൂടി ആശ്രയിച്ചാണ് 'ഭീകരതക്കെതിരായ യുദ്ധത്തിന്റെ' ഭാവി നിലകൊള്ളുന്നത്. അറബിക്കടലില്‍ താഴ്ത്തപ്പെട്ട ബിന്‍ലാദിന്റെ ഭൌതിക ശരീരത്തോടൊപ്പം അത് ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് പോകുമോ അതല്ല അല്‍ഖായിദയുടെ മറ്റൊരു നേതാവിലേക്ക് അറ്റ്ലാന്റിക് തീരം വഴി അത് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുമോ എന്ന് പറയുക വയ്യ.


സോവിയറ്റ് അധിനിവേശത്തിനെതിരെയുള്ള അഫ്ഗാന്‍ ചെറുത്തുനില്പിന്റെ ഉത്പന്നമാണ് ഉസാമ ബിന്‍ലാദിന്‍ എന്ന ചെറുപ്പക്കാരന്‍. സായുധ പോരാട്ടത്തിന്റെ വഴികളില്‍ എങ്ങനെയോ എത്തിപ്പെട്ട ഒരു  ചെറുപ്പക്കാരനില്‍ നിന്നും അടിത്തറയുള്ള ഒരു തീവ്രവാദഗ്രൂപ്പിന്റെ തലപ്പത്തേക്കുള്ള പ്രയാണത്തില്‍ അയാള്‍ക്ക്‌ വെള്ളവും വളവും നല്‍കിയത് സി ഐ എ ആണ്. ഒസാമയെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് സാമ്രാജ്യ ശക്തികള്‍ ഇന്ന് സൃഷ്ടിച്ചെടുത്ത മിത്തിലേക്ക് അയാള്‍ വളര്‍ന്നതിന്റെ ചരിത്രം ഇനിയും പഠന വിധേയമാക്കേണ്ടതായിട്ടാണിരിക്കുന്നത്. 'ഒസാമാനന്തര ലോകക്രമ'ത്തില്‍ ഭീകരരൂപിയായ ഒരു പ്രതിയോഗിയുടെ കുറവ് അമേരിക്കയെ വല്ലാതെ അലട്ടുമെന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെ വരുംനാളുകളില്‍ വൈറ്റ് ഹൗസിനുള്ളിലെ മിലിട്ടറി ക്യാന്‍വാസില്‍ വരയ്ക്കപ്പെടുന്ന പ്രതിരൂപത്തിന് ഏറെ പ്രസക്തിയുണ്ടാവും. ആ ചിത്രത്തിന് അഹ്മദി നജാദിന്റെയോ മുഅമ്മര്‍ ഗദ്ദാഫിയുടെയോ രൂപം ഉണ്ടാകുമോ അതല്ല ലോകത്തിന്റെ മറ്റേതെങ്കിലും കോണില്‍ നിന്ന് പുതുമുഖങ്ങള്‍ കടന്നു വരപ്പെടുമോ എന്ന് ഇപ്പോള്‍ പറയുക വയ്യ.  ഒസാമയെ കൊല്ലുന്നതിനു മുമ്പ് തന്നെ ഈ ദിശയിലുള്ള തിരക്കഥകള്‍ അണിയറയില്‍ ചെയ്തു കഴിഞ്ഞിരിക്കാന്‍ ഇടയുണ്ട്. പടം അഭ്രപാളിയില്‍ പ്രത്യക്ഷപ്പെടുന്നത് വരെ അതിന്റെ ട്വിസ്റ്റുകളും  ക്ലൈമാക്സും രഹസ്യമായിരിക്കുമെന്നു മാത്രം.   

വര്‍ഷങ്ങളായി ഒസാമയുടെ താവളം 'ഡീപ് ഇന്‍സൈഡ് പാക്കിസ്ഥാന്‍ ' ആയിരുന്നുവെന്നത്‌ തീര്‍ച്ചയായും ഈ മേഖലയിലെ രാഷ്ട്രീയ ചൂട് താഴാതെ നില്‍ക്കാന്‍ മതിയായ കാരണമാണ്. അബോട്ടാബാദിലെ പാക്കിസ്ഥാന്‍ മിലിട്ടറി കേന്ദ്രത്തിനു വിളിപ്പാടകലെയുള്ള ഒരു ബഹുനിലക്കെട്ടിടത്തില്‍ ലോകത്തിലെ 'മോസ്റ്റ്‌ വാണ്ടഡ് ടെററിസ്റ്റ്' സുരക്ഷിതമായിക്കഴിഞ്ഞു എന്നത് പാക്കിസ്ഥാനെക്കാള്‍ തലവേദന സൃഷ്ടിക്കുക അമേരിക്കക്ക് തന്നെയായിരിക്കും. അല്‍ഖായിദക്കെതിരെയുള്ള പോരാട്ടത്തിലെ 'സ്ട്രാറ്റജിക്ക് പാര്‍ട്ട്നറുമായി' യുദ്ധം പ്രഖ്യാപിക്കണോ അതോ ബാന്ധവം തുടരണമോ എന്ന് തീരുമാനിക്കേണ്ടത് അമേരിക്കയാണ്. വന്‍ ശക്തികളും പാക്കിസ്ഥാന്റെ അയല്‍ക്കാരുമായ  ഇന്ത്യയും ചൈനയുമായുള്ള  അമേരിക്കന്‍ ശാക്തിക താത്പര്യങ്ങളുടെ തന്ത്രപരതയെക്കൂടി ആശ്രയിച്ചായിരിക്കും ഈ വിഷയത്തില്‍ ഒരു തീരുമാനമുണ്ടാകുക. പാക്കിസ്ഥാനുമായുള്ള ചങ്ങാത്തം പെട്ടെന്ന് അവസാനിപ്പിക്കാന്‍ പറ്റിയ രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളത് എന്ന് ചുരുക്കം.

അഫ്ഗാനില്‍ നിന്ന് ചുളുവില്‍ തടിയൂരാന്‍ ബിന്‍ലാദിന്റെ കൊല ഒബാമയെ സഹായിച്ചേക്കും. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പില്‍ ഒരു രണ്ടാമൂഴവും ബിന്‍ലാദിന്റെ മരണാന്തര സമ്മാനമായി ഒബാമക്ക് കിട്ടാനിടയുണ്ട്. ഈ വരുന്ന ജൂലൈ മാസമാണ് അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്മാറ്റത്തിന്റെ സമയമായി ഒബാമ മുമ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു ലക്ഷം അമേരിക്കക്കാരടക്കം ഏതാണ്ട് ഒന്നര ലക്ഷം വിദേശ സൈനികരാണ് ഇപ്പോള്‍ അഫ്ഗാനില്‍ ഉള്ളത്. പത്തു വര്‍ഷത്തെ അഫ്ഗാന്‍ അധിനിവേശം പതിനായിരങ്ങളുടെ ജീവന്‍ ഒടുക്കി എന്നതൊഴിച്ചാല്‍ ആ മലയിടുക്കുകളില്‍ പ്രത്യേകിച്ചൊരു മാറ്റവും വരുത്തിയില്ല എന്നത് സത്യമാണ്. ബോംബുകളും സ്ഫോടനങ്ങളും ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കാണ്ടഹാറില്‍ താലിബാന്‍ ഇപ്പോഴും ശക്തരാണ്. കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനിടക്ക് പടിഞ്ഞാറന്‍ ശക്തികള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ നിരവധി പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. പൂര്‍ണമായ അര്‍ത്ഥത്തില്‍ അതിലേതെങ്കിലും ഒന്നില്‍ അവര്‍ വിജയിച്ചിട്ടില്ല. തോറ്റു തൊപ്പിയിട്ടു തിരിച്ചു പോരുമ്പോഴും വിജയം പ്രഖ്യാപിക്കുക എന്ന ഒരു മിനിമം സ്ട്രാറ്റജിയാണ് നാളിതുവരെ അവര്‍ സ്വീകരിച്ച് പോന്നിട്ടുള്ളത്. വിയറ്റ്നാമില്‍ ഹെന്‍റി കിസ്സിഞ്ചറും ഇറാഖില്‍ ബുഷും പ്രയോഗിച്ചത് ഇതേ അടവായിരുന്നു. ഒബാമയെ സംബന്ധിച്ചിടത്തോളംബിന്‍ലാദി ന്റെ കൊല തന്റെ മുന്‍ഗാമികളെക്കാള്‍ മെച്ചപ്പെട്ട ഒരു ന്യായീകരണം പറയാന്‍ അവസരമൊരുക്കിയേക്കും എന്നതൊഴിച്ചാല്‍ ഇറാഖും വിയറ്റ്നാമും അഫ്ഗാനുമെല്ലാം ചരിത്ര പ്രയാണത്തില്‍ യു എസ് സേനയുടെ 'വാട്ടര്‍ ലൂ' പട്ടികയില്‍  ഇടം പിടിക്കുമെന്നതില്‍ തര്‍ക്കമില്ല.


പുതിയ സി ഐ എ മേധാവി ഡേവിഡ്‌ പെട്രോസിന്റെ കണക്കുകള്‍ പ്രകാരം അഫ്ഗാനിസ്ഥാനില്‍ നൂറ് അല്‍ഖായിദ പോരാളികള്‍ മാത്രമാണ് ഉള്ളത്!. ഒബാമ അധികാരത്തില്‍ വന്ന ശേഷം അഫ്ഗാനിസ്ഥാനിലെ യു എസ് സൈനികരുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. സൈനിക ഫണ്ടും കുത്തനെ കൂട്ടി. ഒരു തമാശക്ക് വേണ്ടി പോരാളികളുടെ എണ്ണത്തെക്കുറിച്ചുള്ള പെട്രോസ് തിയറി ശരിവെച്ചു കണക്കു കൂട്ടിയാല്‍ ഒരു അല്‍ഖായിദ പോരാളിയെ നേരിടാന്‍ അമേരിക്ക ഒരു വര്‍ഷം ഒന്നര ബില്യന്‍ ഡോളര്‍ ചിലവിടുന്നുണ്ട്‌!!. ഒസാമ പോയാലും ബാക്കിയുള്ള ഓരോ പോരാളിക്കും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ വലിയ സ്ഥാനമാണ് ഉള്ളത് എന്ന് ചുരുക്കം!!.

അപ്രായോഗികവും പ്രാകൃതവുമായ ഒരു ഏറ്റുമുട്ടലിന്റെ രീതിയാണ് സാമ്രാജ്യത്വ സമീപനങ്ങളോടുള്ള ചെറുത്തു നില്‍പ്പിന് ഉസാമ ബിന്‍ലാദിന്‍ സ്വീകരിച്ചത്. ഇസ്ലാമിക വിശ്വാസവുമായോ അതിന്റെ മാനുഷിക നിലപാടുകളുമായോ വിദൂര ബന്ധം പോലുമില്ലാത്ത ഒരു പോരാട്ടരീതിയെ മതത്തിന്റെ ലേബലില്‍ വിറ്റഴിക്കാനുള്ള ബാലിശമായ ശ്രമമാണ് അയാള്‍ നടത്തിയത്. ഇസ്‌ലാമിന്റെ സമാധാന പ്രതിച്ഛായയെ ലോകത്തിനു മുന്നില്‍ ഇത്രയധികം പരിക്കേല്പിച്ച മറ്റൊരാളെ ഈ നൂറ്റാണ്ടില്‍ നമുക്ക് കണ്ടെത്താന്‍ കഴിയില്ല. വന്‍ശക്തികളുടെ അധിനിവേശ നീക്കങ്ങളുടെ തിക്തഫലം വേണ്ടത്ര അനുഭവിച്ച അറബ് ലോകത്ത് നിന്ന് തുടക്കത്തില്‍ ചില പിന്തുണകള്‍ അദ്ദേഹത്തിനു ലഭിച്ചെങ്കിലും നിരപരാധികളായ മനുഷ്യ ജീവനുകളെ കൊന്നൊടുക്കിക്കൊണ്ടുള്ള ചോര മണക്കുന്ന ഒരു ചെറുത്തുനില്‍പ്പിന്റെ അപകടം അറബ് ജനത എളുപ്പത്തില്‍ തിരിച്ചറിഞ്ഞു എന്ന് വേണം പറയാന്‍. എത്ര ഉദാത്തമായ ലക്‌ഷ്യത്തിനു വേണ്ടിയാണെന്ന് അവകാശപ്പെട്ടാലും നിരപരാധിയായ ഒരു മനുഷ്യന്റെ രക്തം ചിന്തുവാന്‍ ഇസ്ലാം ആര്‍ക്കും ലൈസന്‍സ് നല്‍കുന്നില്ല എന്ന് തിരിച്ചറിയാന്‍ വലിയ മത പാണ്ഡിത്യത്തിന്റെ ആവശ്യമില്ല. ബിന്‍ലാദിനെയും അദ്ദേഹത്തിന്റെ തീവ്ര സമീപനങ്ങളെയും അറബ് ജനത തീര്‍ത്തും കയ്യൊഴിഞ്ഞ ഒരു ചരിത്ര മുഹൂര്‍ത്തത്തിലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് ഒസാമയുടെ അന്ത്യത്തില്‍ കണ്ണീര്‍ വാര്‍ക്കുവാന്‍ അധികമാളുകളെ കിട്ടാതിരുന്നതും. മൃതശരീരം കടലില്‍ താഴ്ത്തി ഇസ്ലാമിക മതവിധി ഞങ്ങള്‍ സംരക്ഷിച്ചു എന്ന് പറഞ്ഞ അമേരിക്കന്‍ പരിഹാസത്തിനെതിരെ മാത്രമാണ് അറബ് ലോകത്ത് പ്രതിഷേധം ഉയര്‍ന്നത്. 

അറബ് ലോകത്ത് ഇപ്പോള്‍ വീശിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ കാറ്റ് തെളിയിക്കുന്ന പ്രധാന വസ്തുത അല്‍ഖായിദയും ബിന്‍ലാദിനും ഉയര്‍ത്തിയ പ്രത്യയ ശാസ്ത്ര സമീപനങ്ങള്‍ക്ക് എതിര്‍ ദിശയിലാണ് പൊതുസമൂഹത്തിന്റെ പ്രതികരണ രീതി വളര്‍ന്നു വരുന്നത് എന്നാണ്. സാമൂഹിക മാറ്റം വരുത്തേണ്ടത് കലാഷ്നിക്കോവ് തോക്കിലൂടെയോ ചാവേര്‍ ബോംബുകളിലൂടെയോ അല്ലെന്നും രക്തരഹിത പ്രതിഷേധ സമരങ്ങള്‍ക്ക് അവ സാധിച്ചെടുക്കാന്‍ കഴിയുമെന്നും അറബ് ലോകത്തെ യുവാക്കള്‍ കാണിച്ചു കൊടുത്തു. ഈജിപ്തിലെ സ്വാന്തന്ത്ര്യ ചത്വരത്തില്‍ നിന്ന് കനത്ത പ്രഹരം ലഭിച്ചത് ഹുസ്നി മുബാറക്കിന് എന്ന പോലെ ഒസാമ ബിന്‍ ലാദിന് കൂടിയാണ്. തോക്കെടുക്കൂ വിപ്ലവം നടത്തൂ എന്ന അദ്ദേഹത്തിന്‍റെ ഭ്രാന്തമായ ആഹ്വാനങ്ങളെ ചെങ്കടലില്‍ തള്ളിയ യുവസമൂഹമാണ് അറബ് ലോകത്ത് മാറ്റത്തിന്റെ കാറ്റ് കൊണ്ട് വന്നത്. ബോംബിലും ചോരയിലുമല്ല വിപ്ലവം ഉള്ളത് എന്നും യുവത്വത്തിന്റെ നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമാണ് അതിന്റെ ചാലക ശക്തികളെന്നും തിരിച്ചറിഞ്ഞ ഒരു സമൂഹത്തില്‍ ഒസാമ ബിന്‍ലാദിനു വേണ്ടി കണ്ണീര്‍ വാര്‍ക്കാന്‍ ആളെക്കിട്ടാഞ്ഞത് തികച്ചും സ്വാഭാവികമാണ്.  തീവ്രവാദ സമീപനങ്ങളുടെ പരിണിതി എന്തായിരിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ മുസ്ലിം ചെറുപ്പക്കാര്‍ക്ക് ലഭിക്കുവാന്‍ ഒസാമയുടെ ദാരുണമായ ജീവിതവും അന്ത്യവും ഒരു കാരണമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ശബാബ് വാരികക്ക് വേണ്ടി എഴുതിയ ലേഖനം. Published on May 20, 2011
Related Topics
ഒസാമയില്‍ നിന്ന് പഠിക്കേണ്ടത്
വിക്രമന്‍ ഏലിയാസ് വിക്കിലീക്സ്
ഒബാമ എനിക്കയച്ച ഇമെയില്‍