ചുട്ടു കൊല്ലുന്നവർക്ക് ചൂട്ട് പിടിക്കുന്നവരോട്

കഴിഞ്ഞ ദിവസം എനിക്ക് നിരവധി പേരുടെ ഉപദേശം കേൾക്കേണ്ടി വന്നു. പ്രധാനപെട്ട ഉപദേശം ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരെ പന്നികൾ എന്ന് വിളിക്കരുത് എന്നതാണ്. വെറുതേ ചാടിക്കേറി വന്ന ഉപദേശമല്ല, അതിനൊരു കാരണമുണ്ടായിരുന്നു. ഐസിസ് ബന്ദിയാക്കിയ ജോർദാനിയൻ പൈലറ്റിനെ ഒരു ഇരുമ്പ് കൂടിലാക്കി പച്ചയ്ക്ക് കത്തിക്കുന്ന വീഡിയോ കാണാനിടയായി. പൊതുവേ ഇത്തരം ചിത്രങ്ങളും വീഡിയോകളും കണ്ടാൽ വഴിമാറി പോവുകയാണ് ഞാൻ ചെയ്യാറുള്ളത്. ഒരു ദൗർഭാഗ്യ നിമിഷത്തിൽ അതിലൊന്ന് ക്ലിക്ക് ചെയ്യാൻ തോന്നിയെന്ന് പറഞ്ഞാൽ മതിയല്ലോ.. കുറെ നേരത്തേക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ശ്വാസം മുട്ടുന്ന പോലെ.. ഒരു മനുഷ്യനെ പെട്രോൾ ഒഴിച്ച് ഒരു കൂട്ടിലാക്കി നിർത്തുന്നു. സായുധരായ കുറെ പേർ ചുറ്റും വളഞ്ഞു നില്ക്കുന്നു. പൂരത്തിൽ അമിട്ടിന് ദൂരെ നിന്ന് തിരി കൊളുത്തുന്ന പോലെ പന്തം കന്തിച്ച് പെട്രോൾ ഒഴിച്ച വൈക്കോലിൽ തീ കൊളുത്തുന്നു. തീ ആ മനുഷ്യ ദേഹത്തിലേക്ക് പാഞ്ഞു കയറുന്നു. ആ ഇരുമ്പ് കൂടിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടുമോടി ആ മനുഷ്യ ജീവൻ അലമുറയിട്ട് കത്തിത്തീരുന്നു. ഹൃദയം നുറുക്കുന്ന ഈ വീഡിയോ കണ്ട ഷോക്കിൽ ഫേസ്ബുക്കിൽ ഞാൻ ഇങ്ങനെ കുറിച്ചു.

"ജോർദാൻ പൈലറ്റിനെ ഐസിസ് ഭീകരർ ജീവനോടെ കത്തിക്കുന്ന വീഡിയോ കണ്ടു.. സാമ്രാജ്യത്വ ശക്തികളോ, മുതലാളിത്ത ശക്തികളോ ആരായിരുന്നാലും വേണ്ടില്ല, ഈ പന്നികളുടെ തലയിൽ ഒരാറ്റംബോംബ്‌ പൊട്ടിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു".

ആറ്റംബോംബ്‌ ഇടാൻ വേണ്ടിയല്ല, ആ ദൃശ്യം കണ്ടപ്പോൾ മനസ്സിനുള്ളിൽ ആളിക്കത്തിയ വികാരം പ്രകടിപ്പിച്ചതാണ്. രക്തം മരവിക്കുന്ന ഇത്തരം ഭീകരതകൾക്കെതിരെയുള്ള ഒരു സ്വാഭാവിക പ്രതിഷേധ സ്വരം. അപ്പോഴേക്ക് ചിലർ ഓടിയെത്തി. അവരെ പന്നികളെന്ന് വിളിച്ചത് ശരിയാണോ?. അമേരിക്കയെ എതിർക്കാത്തത് എന്താണ്?. സദ്ദാമിനെ കൊന്നത് ആരാണ്?. സിറിയയിൽ എന്ത് സംഭവിച്ചു?. ഉഗാണ്ടയിൽ വരൾച്ചയില്ലേ?. സോമാലിയയിൽ കൊടുങ്കാറ്റ് അടിച്ചില്ലേ?.. ചോദ്യങ്ങളുടെ പൂരം തന്നെ.. അതിനൊക്കെ നമ്മളവർക്ക് മറുപടി കൊടുക്കണം. അങ്ങനെ ഒരു നൂറു കൂട്ടം ചോദ്യങ്ങൾക്ക് മറുപടി കൊടുത്ത് അവരെ തൃപ്തിപ്പെടുത്തിയാൽ മാത്രമേ ഒരു മനുഷ്യനെ പച്ചയ്ക്ക് കത്തിച്ചു കൊന്ന ഈ മൃഗങ്ങളെക്കുറിച്ച് രണ്ടക്ഷരം എഴുതാനുള്ള അവകാശം അംഗീകരിച്ചു തരൂ. തീവ്രവാദത്തെ എതിർക്കുമ്പോഴൊക്കെ ഇങ്ങനെ ചില ചോദ്യങ്ങളുമായി ചില അവതാരങ്ങൾ വരുന്നത് പതിവാണ്. ആ അവതാരങ്ങളുടെ ചോദ്യങ്ങൾക്ക് പിന്നിലെ മനശ്ശാസ്ത്രമെന്തെന്ന് പറയുകയാണ്‌ ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. ചോദ്യങ്ങൾ ചോദിക്കാനുള്ള പൂതി കൊണ്ടോ സോമാലിയയിലെ കൊടുങ്കാറ്റ് ഊതിക്കെടുത്താനുള്ള ആവേശം കൊണ്ടോ ഒന്നും വരുന്നവരല്ല ഇവന്മാർ. തീവ്രവാദത്തിനെതിരെ പ്രതികരിച്ചവനെ എങ്ങിനെയെങ്കിലും ഒന്നൊതുക്കണം.  എന്നാൽ ഉള്ളിലുള്ള തന്റെ  തീവ്രവാദ പ്രേമം പുറത്ത് ചാടുകയും ചെയ്യരുത്. സിമ്പിളായി പറഞ്ഞാൽ അതാണ്‌ ആ ചോദ്യങ്ങൾക്ക് പിന്നിലെ മനശ്ശാസ്ത്രം. അതിനാണ് ഒരു പ്രശ്നം പറയുമ്പോൾ ലോകത്തുള്ള മറ്റ് പ്രശ്നങ്ങളൊക്കെ കൂട്ടിക്കെട്ടി ഒരു കീച്ചങ്ങ് കീച്ചുന്നത്.പന്നിയെന്ന വിളി അനിസ്‌ലാമികമല്ലേ എന്ന ചോദ്യവുമുണ്ട് കൂടെ. കൂട്ടിലിട്ട് ചുട്ടുകൊല്ലുന്നതിൽ ഇസ്‌ലാമിക വിരുദ്ധമായി ഒന്നും കാണാത്തവന് പന്നിയെന്ന പദപ്രയോഗത്തിന്റെ സാംഗത്യത്തെ ഓർത്തുള്ള ബേജാറ് നോക്കണേ..


ലോകത്ത് എന്ത് ആക്രമം ആര് നടത്തിയാലും അതിലൊരു അമേരിക്കൻ അജണ്ടയുടെ അവലോസുണ്ട പുഴുങ്ങിയില്ലെങ്കിൽ ഇവന്മാർക്ക് വയറിളക്കം പിടിക്കും. അമേരിക്കക്ക് അവരുടേതായ അജണ്ടയുണ്ട് എന്നത് നേരാണ്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവരുണ്ടായ കാലം മുതൽ തുടങ്ങിയതാണ്‌. ലോകത്ത് പല കളികളും അവർ കളിച്ചിട്ടുമുണ്ട്. അമേരിക്കക്ക് മാത്രമല്ല, ഇന്ത്യയടക്കമുള്ള എല്ലാ വൻ ശക്തികൾക്കും അജണ്ടകളും താത്പര്യങ്ങളുമുണ്ട്. അജണ്ടയും താത്പര്യങ്ങളും ഇല്ലാത്ത ഏതെങ്കിലും രാജ്യം ഭൂമുഖത്തുണ്ടോ?. പക്ഷേ അത്തരം അജണ്ടകൾക്കനുസരിച്ച് ചാടിക്കളിക്കുന്ന പൊട്ടന്മാരാണോ മതത്തിന്റെ ലേബലും കൊടിയും മുദ്രാവാക്യവുമായി നടക്കുന്ന ഈ തീവ്രവാദികൾ?. പാക്കിസ്ഥാനിൽ നൂറുകണക്കിന് പിഞ്ചു കുട്ടികളെ സ്കൂളിൽ കയറി വെടിവെച്ചു കൊന്നിട്ട് തോക്കുമായി വന്നവനും കൊന്നവനും നിരപരാധിയാവുകയും സാമ്രാജ്യത്വം മാത്രം കുറ്റക്കാരനാവുകയും ചെയ്യുന്ന ലോജിക്ക് എന്താണ്?.. തോക്കുമായി നടക്കുന്ന ഈ കഴുതകളുടെ തലയിൽ കുതിരച്ചാണകമാണോ ഉള്ളത്?.. അത്തരം കഴുതകളെ വിമർശിക്കുമ്പോൾ ആർക്കാണ് നോവുന്നത്?.. എന്തിനാണ് നോവുന്നത്?..

തമാശയതല്ല, തങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുഗുണമല്ലാത്ത ഏത് വാർത്തകൾ വരുമ്പോഴും അത് സാമ്രാജ്യത്വ മാധ്യമങ്ങളുടെ കള്ള പ്രചരണമായി കാണുന്ന ഇവന്മാർ ഇതേ മാധ്യമങ്ങൾ തന്നെ തങ്ങൾക്ക് അനുകൂലമായ വാർത്തകൾ കൊടുക്കുമ്പോൾ അതിനെ തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്യും. അപ്പോൾ സി എൻ എൻ എന്നോ ബി ബി സി യെന്നോ നോട്ടമില്ല. പഴയ കാല മാധ്യമ സങ്കല്പങ്ങളിൽ നിന്ന് വാർത്തകളുടെ ഇടം ഏറെ മാറിയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. മുമ്പത്തെപ്പോലെ ഏതാനും സാമ്രാജ്യത്വ മാധ്യമങ്ങൾ വിചാരിച്ചാൽ വാർത്തകളെ പാടേ തമസ്കരിക്കാനോ കീഴ്മേൽ മറിക്കാനോ ഇന്ന് കഴിയില്ല. അത്രയേറെ സമാന്തര മാധ്യമങ്ങളും ബദൽ വാർത്താ സംവിധാനങ്ങളും സോഷ്യൽ മീഡിയയുമൊക്കെ ഇന്നുണ്ട്. അതാത് മാധ്യമങ്ങളുടെ രാഷ്ട്രീയം മനസ്സിലാക്കി വാർത്തകളെ അല്പമൊന്ന് വിശകലനം ചെയ്യാൻ സാധിക്കുന്ന ആർക്കും അവയിലെ നെല്ലും പതിരും തിരിച്ചറിയാൻ വേണ്ടത്ര വഴികൾ ഇന്നുണ്ട്. ഒരു വാർത്തയും ഞാൻ വിശ്വസിക്കില്ല, എന്റെ അബദ്ധ ബോധ്യങ്ങളുടെ വെളിപാടുകൾ മാത്രമേ  എനിക്ക് സ്വീകാര്യമാകൂ എന്ന് പറയുന്നതിൽ അപകടകരമായ നിരക്ഷരതയുണ്ട്.ഇത്തരം പ്രതികരണങ്ങൾക്കിടയിലും പ്രതീക്ഷ നല്കുന്ന ഘടകം എന്തെന്ന് ചോദിച്ചാൽ ജാതിമത ഭേദമന്യേ തീവ്രവാദത്തിനെതിരെ പൊതുവികാരം രൂപപ്പെട്ടു വരുന്നു എന്നതാണ്. എന്റെ അനുഭവത്തിൽ ഇസ്‌ലാമിക തീവ്രവാദത്തിന് എതിരെയുള്ള എഴുത്തുകൾക്ക് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചിട്ടുള്ളത് മുസ്‌ലിം ചെറുപ്പക്കാരിൽ നിന്നാണ്. ചുട്ടു കൊല്ലുന്നവർക്ക് ചൂട്ട് പിടിക്കാൻ ആഗ്രഹിക്കുന്ന മുകളിൽ സൂചിപ്പിച്ച പ്രതികരണ രോഗക്കാർ എണ്ണത്തിൽ വളരെ കുറവാണ്. അതൊരു ആശ്വാസമായി നിലനിൽക്കുന്നുവെങ്കിലും ആ ന്യൂനപക്ഷത്തെക്കൂടി അവരുടെ ചിന്തകളിലടങ്ങിയ അപകടത്തെ ബോധ്യപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങളുണ്ടായേ തീരൂ..

യുദ്ധത്തടവുകാരെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിനു അന്താരാഷ്‌ട്ര നിയമമുണ്ട്. അവർ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് യുദ്ധം ചെയ്യുന്നവരല്ല. സ്വന്തം ജോലിയുടെ ഭാഗമായി രാജ്യത്തിന്റെ കല്പനകൾ അനുസരിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവരോടു മാനുഷികമായ പരിഗണനകൾ വേണമെന്നതാണ് ലോകരാഷ്ട്രങ്ങൾ ഒരുമിച്ച് അംഗീകരിച്ച  ആ നിയമങ്ങളുടെ കാതൽ. തീവ്രവാദം തലയ്ക്കു കയറി കാഴ്ച നഷ്ടപ്പെട്ട ഇവറ്റകൾക്ക് എന്ത് ലോക നിയമങ്ങൾ? എന്ത് അന്താരാഷ്‌ട്ര വ്യവസ്ഥകൾ?. അവരുടെ തലക്കകത്തെ കളിമണ്ണിൽ തിളച്ചു മറിയുന്നതെന്തോ അതാണ്‌ അവരുടെ നിയമം. അതാണ്‌ അവരുടെ നീതി. അത് തന്നെയാണ് അവരുടെ മതവും.  

ഒരു തിന്മ കണ്ടാൽ അതിനെ കൈ കൊണ്ട് തടയുക. അതിന് കഴിഞ്ഞില്ലെങ്കിൽ നാവ് കൊണ്ട് തടുക്കുക. അതിനും സാധ്യമല്ലെങ്കിൽ മനസ്സ് കൊണ്ടെങ്കിലും വെറുക്കുക എന്നതാണ് പ്രവാചകൻ പഠിപ്പിച്ച പ്രതികരണ രീതിശാസ്ത്രം. കുറ്റമൊന്നും ചെയ്യാത്ത ഒരു മനുഷ്യനെ പച്ചയ്ക്ക് കത്തിച്ചു കൊന്ന് തക്ബീർ വിളിച്ച് ആഘോഷിക്കുകയും അത് വീഡിയോയിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ ഹേ മൃഗങ്ങളേ, നിങ്ങൾ കത്തിച്ചത് ഒരു മനുഷ്യജീവനെ മാത്രമല്ല, ഒരു മതത്തിന്റെ ആത്മാവിനെക്കൂടിയാണ് എന്ന് പറയാൻ കഴിയണം. ആ ചങ്കൂറ്റം ഉണ്ടാകുമ്പോഴാണ് അയാൾ വിശ്വാസിയാകുന്നത്. എന്നാൽ അത് ചെയ്യുന്നതിന് പകരം അത്തരം ഭീകരതകൾക്ക് മനസാവാചാ കർമണാ പിന്തുണ കൊടുക്കുമ്പോൾ, അതെന്ത് സാമ്രാജ്യത്വ വിരോധത്തിന്റെ പേരിലാണെങ്കിലും ന്യായീകരിക്കാൻ കഴിയില്ല.  നമുക്കീ ലോകത്തെ കുറേക്കൂടി നല്ല ഒരിടമാക്കി മാറ്റാൻ ആഗ്രഹമുണ്ടെങ്കിൽ ജാതിക്കും മതത്തിനും പ്രാദേശികതകൾക്കുമപ്പുറം തെറ്റിനെ തെറ്റെന്നും ശരിയെ ശരിയെന്നും വിവേചിക്കാനുള്ള മനസ്സുണ്ടാകണം. ഇസ്ലാമിക തീവ്രവാദമാകട്ടെ, ഹൈന്ദവ തീവ്രവാദമാകട്ടെ മറ്റേതെങ്കിലും മതത്തിന്റെ പേരിലുള്ള തീവ്രവാദമാകട്ടെ, അതാത് മതവിശ്വാസികൾക്കിടയിൽ നിന്ന് തന്നെ അതിനെതിരെ പടയണി രൂപപ്പെടണം, പ്രതിഷേധ ശബ്ദങ്ങളുയരണം. ഓർക്കുക, ഇത്തരം ആന്തരിക സമരങ്ങളുടെ നൈരന്തര്യം മതങ്ങളെ പിറകോട്ടല്ല, മുന്നോട്ടാണ് നയിക്കുക.


Recent Posts
ലാലിസം തെളിയിച്ചത് സോഷ്യൽ മീഡിയയുടെ കരുത്ത്
10 Facts Subramaniam Swamy should know about Malappuram  
പ്രവാചകനെ സ്നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത്
കൈരളിക്ക് പുതിയ അക്കിടി. ബ്രിട്ടാസേ ചിരിപ്പിച്ച് കൊല്ലല്ലേ.