പ്രവാചകനെ സ്നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത്

മുഹമ്മദ്‌ നബിയെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരിൽ പാരീസിലെ ഷാര്‍ളി എബ്‌ദോ വാരികയുടെ ഓഫീസിൽ ഇടിച്ചു കയറി ഭീകരർ പന്ത്രണ്ടു പേരെ വെടിവെച്ചു കൊന്ന സംഭവം ചില ഗൗരവ ചിന്തകൾ ഉയർത്തുന്നുണ്ട്. തോക്കിൻ കുഴലിലൂടെ സംരക്ഷിച്ചു നിർത്തേണ്ട ഒന്നാണോ മതവിശ്വാസം. പന്ത്രണ്ടു പേരെ വെടിവെച്ചു വീഴ്ത്തി അവരുടെ പ്രാണൻ എടുത്തുകഴിഞ്ഞതോടെ മുഹമ്മദ്‌ നബിയുടെ അഭിമാനം സംരക്ഷിക്കപ്പെട്ടുവോ?. മതങ്ങളെ വിമർശിക്കുന്നവരെയും പരിഹസിക്കുന്നവരെയും വെടിവെച്ചു വീഴ്ത്താൻ തുടങ്ങിയാൽ ലോക ജനസംഖ്യയുടെ എത്ര ശതമാനത്തെയാണ്‌ ഈ ഭൂമിയിൽ നിന്ന് ഉന്മൂലനം ചെയ്യേണ്ടി വരിക. ഏത് മതമാണ്‌ ഏത് ദർശനമാണ് ഇങ്ങനെയൊരു വിശ്വാസ സംരക്ഷണത്തെക്കുറിച്ച് കല്പിക്കുന്നത്?

പ്രവാചകന്റെ കാർട്ടൂണ്‍ മുഖചിത്രമായി Charlie Hebdo യുടെ പുതിയ ലക്കം ഉടനെയിറങ്ങും. മൂന്ന് മില്ല്യണിലധികം കോപ്പികളാണ് പ്രസ്സിൽ തയ്യാറായിക്കൊണ്ടിരിക്കുന്നത്. സാധാരണ ഈ വാരികയുടെ കോപ്പികൾ അച്ചടിക്കുന്നതിനേക്കാൾ അമ്പതിരട്ടി കോപ്പികളാണ് ഇപ്പോൾ അടിക്കുന്നത്. അത് വിറ്റു തീർന്നാൽ വീണ്ടും അടിച്ചേക്കും. ലോകമൊട്ടുക്കും അവ ഓണ്‍ലൈനിൽ  പ്രചരിക്കും. തോക്കുമായി പ്രവാചകനെ സംരക്ഷിക്കാൻ ഇറങ്ങിയ കഴുതകളെക്കൊണ്ട് കിട്ടിയ നേട്ടമാണിത്. ലോകം ഒട്ടും ശ്രദ്ധിക്കാതിരുന്ന ഏതോ ലക്കങ്ങളിൽ പ്രവാചകനെ പരിഹസിച്ചു എന്ന് പറഞ്ഞു കൊണ്ട് മനുഷ്യക്കുരുതി നടത്തിയ ഈ വിവരം കെട്ട പിശാചുക്കൾ ഇപ്പോൾ അവയേക്കാൾ ശക്തിയേറിയ പ്രവാചക പരിഹാസങ്ങൾക്ക് ഒന്നാന്തരം അവസരം ഉണ്ടാക്കികൊടുത്തിരിക്കുന്നു. ഈ മരക്കഴുതകൾ ഇനി എന്നാണ് പഠിക്കുക??.

യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ ലക്ഷക്കണക്കിന്‌ മുസ്ലിംകൾ സമാധാനപരമായി ജീവിക്കുന്നുണ്ട്. അവിടെയുള്ള മുഴുവൻ പൗരന്മാർക്കും ലഭിക്കുന്ന എല്ലാ സാമൂഹിക അവകാശങ്ങളും അവർ അനുഭവിക്കുന്നുണ്ട്. മതവിശ്വാസം അനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിലധികമെന്താണ് ഒരു വിശ്വാസി സമൂഹത്തിന് വേണ്ടത്. എന്നാൽ മതത്തെ സംരക്ഷിക്കാനെന്ന പേരിൽ എ കെ 47 തോക്കുമായി തെരുവിൽ ഇറങ്ങുന്ന വിരലിലെണ്ണാവുന്ന ഈ മനുഷ്യപ്പിശാചുക്കളുടെ കാരണത്താൽ മുസ്‌ലിം സമൂഹം മൊത്തം ദുരിതമനുഭവിക്കേണ്ട അവസ്ഥയാണുണ്ടാകുന്നത്. തൊണ്ണൂറ്റിയൊമ്പത് ശതമാനം സമാധാന പ്രേമികളെയും കേവലം ഒരു ശതമാനം പോലും വരാത്ത ഭീകരർക്ക്‌ അവമതിക്കാൻ കഴിയുന്ന ദുരന്തം. മുസ്‌ലിം കുടിയേറ്റത്തിനെതിരെ യൂറോപ്പിലും അമേരിക്കയിലും ശക്തമായി പ്രചാരണം നടത്തുന്ന അതിതീവ്ര വലതുപക്ഷ പാർട്ടികളുടെ സ്വാധീനം നാൾക്കുനാൾ വർദ്ധിച്ചു വരുന്ന പ്രവണതക്ക് പ്രധാന  കാരണക്കാർ ഈ ഭീകരരാണ്. ഇത്തരം അവസരങ്ങൾ മുതലെടുത്ത്‌ മതവിദ്വേഷവും വംശീയ വിവേചന നിലപാടുകളും വേരു പിടിപ്പിക്കാൻ അവർക്ക് എളുപ്പം കഴിയുന്നു. ഓർക്കുക, മതസ്നേഹത്തിന്റെ പേരിൽ സ്വയം നാശത്തിന്റെ വിത്തുകളാണ് ഈ പിശാചുക്കൾ വിതറിക്കൊണ്ടിരിക്കുന്നത്. അത്തരക്കാർക്ക് ഏതെങ്കിലും രൂപത്തിൽ പിന്തുണ കൊടുക്കുന്നവരും സ്വന്തം ശവക്കുഴി തോണ്ടുകയാണ്.


ഏതാണ്ട് മുപ്പത് ലക്ഷത്തിലധികം ആളുകളാണ് ഫ്രാൻസിലെ തെരുവുകളിൽ ഈ മൃഗീയതയെ അപലപിക്കാൻ ഒറ്റരാത്രിയിൽ ഒത്തുകൂടിയത് എന്നതോർക്കുക. മൂന്ന് പേരുടെ തോക്കിന് ഞങ്ങളുടെ സ്വാതന്ത്ര്യ ബോധത്തെ തകർക്കാൻ കഴിയില്ല എന്നാണ് അവർ പ്രഖ്യാപിച്ചത്. ഞങ്ങൾ ഭയപ്പെടുന്നില്ല (NOT AFRAID) എന്നാണ് അവർ ലോകത്തോട്‌ വിളിച്ചു പറഞ്ഞത്. ഇത്രകാലവും ആരും ശ്രദ്ധിക്കാതിരുന്ന ആ വാരികക്ക് വേണ്ടി I am charlie എന്ന പ്ലക്കാർഡുമായാണ് (Je suis Charlie) അവരോരുത്തരും രംഗത്ത് വന്നത്. ഓരോരുത്തരും ഷാര്‍ളിയായി മാറുകയായിരുന്നു. അവരിപ്പോൾ ഉയർത്തിയത്‌ സ്വാതന്ത്ര്യത്തിന്റെ ശബ്ദമാണ്. മനുഷ്യാവകാശത്തിന്റെ ശബ്ദമാണ്. പക്ഷേ ആ ശബ്ദം മുസ്‌ലിം സമൂഹത്തിനെതിരായ ശബ്ദമായി പരിവർത്തിക്കപ്പെടാതിരിക്കാൻ ഏറ്റവും ജാഗ്രത പുലർത്തേണ്ടത് സർക്കാറുകൾ മാത്രമല്ല, മുസ്‌ലിം സമൂഹവും കൂടിയാണ്.

ജീസസും മോസസും ചർച്ചും മാർപാപ്പയും കാർട്ടൂണുകൾക്ക് വിഷയമാകുന്നുവെങ്കിൽ മുഹമ്മദ്‌ നബിയും പള്ളിയും മൗലവിയും കാർട്ടൂണുകൾക്ക് വിഷയമാകും. അത് കാണുമ്പോഴേക്ക് ഹാലിളകി പേപ്പട്ടിയെപ്പോലെ തേറ്റ നീട്ടി കുതിച്ചു ചാടേണ്ടവരല്ല വിശാസികൾ. മതം പ്രചരിപ്പിക്കാനുള്ള അവകാശത്തോളം പ്രധാനമാണ് അതിനെ വിമർശിക്കാനുള്ള അവകാശവും. ഒരു കാർട്ടൂണ്‍ കൊണ്ട് തകരുന്ന മതവും വിശ്വാസവുമാണ് തങ്ങളുടേതെന്ന് കരുതുന്നവരേക്കാൾ മതത്തെ അപമാനിക്കുന്നവർ മറ്റാരുമില്ല. അത് തിരിച്ചറിയുന്നിടത്താണ് വിശ്വാസി സമൂഹം വിജയിക്കേണ്ടത്.

ഈ വിഷയത്തിൽ റിപ്പോർട്ടർ ടി വി നടത്തിയ 
ചർച്ചയുടെ വീഡിയോ ഇവിടെ കാണാം. 

ഇത്രയും പറഞ്ഞതിൽ നിന്നും ഷാർലി എബ്ദോ എന്ന മൂന്നാം കിട പ്രസിദ്ധീകരണത്തിന്റെ നിലപാടുകളോടും സമീപനങ്ങളോടും  യോജിക്കുന്നു എന്നർത്ഥമാക്കരുത്. വിമർശനം മത വിശ്വാസികൾക്കെതിരെ ആയാലും അതല്ലാത്തവർക്കെതിരെ ആയാലും അവയിൽ ചില സാമാന്യ മര്യാദകൾ പാലിക്കപ്പെടണം എന്ന അഭിപ്രായക്കാരനാണ് ഈ ലേഖകനും. എന്നാൽ എത്ര കടുത്ത വിമർശനങ്ങളേയും തോക്ക് കൊണ്ട് നേരിടും എന്ന് പറയുന്ന അതിഭീകരതയോട് ഒരു തരിമ്പ്‌ പോലും യോജിക്കുക വയ്യ. ഇതിനേക്കാൾ അറപ്പുളവാക്കുന്ന രൂപത്തിൽ മറ്റ് മത വിശ്വാസങ്ങളെയും മത പ്രതീകങ്ങളെയും അവർ കാർട്ടൂണുകൾക്ക് വിധേയമാക്കാറുണ്ട്. പ്രകോപനമുണ്ടാക്കി ജനശ്രദ്ധ പിടിച്ചു പറ്റാനുള്ള അടവായിരിക്കാം അതിന് പിന്നിലുള്ളത്. അത്തരം അടവുകളെ അവഗണിക്കുന്നതാണ് അവയോടുള്ള ഏറ്റവും ഉചിതവും ബുദ്ധിപരവുമായ പ്രതിരോധം. നിയമപരമായ പ്രതിഷേധങ്ങളും നടപടികളും വേണമെന്ന് കരുതുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. അതിനപ്പുറത്തേക്ക് പ്രതിഷേധങ്ങൾ പോകുമ്പോൾ അത് ഫാസിസമാകുന്നു.

തനിക്കെതിരെ കവിത രചിച്ചവരുടെ നാവ് പിഴുതെറിയാൻ പ്രവാചകൻ  കല്പിച്ചിട്ടില്ല.  തന്നെ അങ്ങേയറ്റം പരിഹസിച്ചെഴുതിയ ആക്ഷേപക്കവിതകൾക്ക് കവിതയിലൂടെ മറുപടി കൊടുക്കാനാണ് അദ്ദേഹം നിർദേശിച്ചത്. ആ സഹിഷ്ണുതയാണ് പരിഹസിച്ച് വരികളെഴുതിയ അതേ കവികൾ തന്നെ പിന്നീട് പ്രവാചകനിൽ വിശ്വസിക്കുവാനും കാരണമായത്. അത്തരം നിരവധി ഉദാഹരണങ്ങൾ പ്രവാചക ചരിത്രത്തിൽ വായിക്കാൻ പറ്റും. ദിവസവും തന്റെ വഴിയിൽ മുള്ളുകളും മാലിന്യങ്ങളും വിതറിയിരുന്ന സ്ത്രീയെ രണ്ടു ദിവസം കാണാതായപ്പോൾ അവരുടെ ക്ഷേമമന്വേഷിച്ച ഒരു പ്രവാചകനെക്കുറിച്ച്  മത പുസ്തകങ്ങൾ പരിചയപ്പെടുത്തുണ്ട്. ഒരു ജൂത വിശ്വാസിയുടെ മൃതശരീരം കണ്ടപ്പോൾ ബഹുമാനപുരസ്സരം എഴുന്നേറ്റ് നിന്ന പ്രവാചകനെയും അവിടെ കാണാൻ പറ്റും. ക്രിസ്തുമത വിശ്വാസികൾക്ക്  സ്വന്തം പള്ളിയിൽ പ്രാർത്ഥിക്കാൻ അവസരം നല്കിയ പ്രവാചകനേയും ആ പുസ്തകങ്ങളിൽ കാണാം.  ചോരയുടെ 'മദം' മാത്രം പഠിച്ചവർക്ക് എന്ത് പ്രവാചകൻ?. എന്ത് മതം ?. മതത്തേയും പ്രവാചകനേയും സ്നേഹിക്കാം. അതോടൊപ്പം മനുഷ്യനേയും അല്പം സ്നേഹിക്കാൻ പഠിക്കണം. അപ്പോഴാണ്‌ മതം പൂർണമാകുന്നത്. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുമ്പോഴാണ് ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കുക എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. ആ പാഠം ഉൾകൊള്ളാത്തവൻ മതത്തിന്റെ മാത്രമല്ല, മനുഷ്യ വംശത്തിന്റെ തന്നെ ശത്രു പക്ഷത്താണ്.

Related Posts
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
'അൽ കഴുതകൾ' അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ

Recent Post
കൈരളിക്ക് പുതിയ അക്കിടി. ബ്രിട്ടാസേ ചിരിപ്പിച്ച് കൊല്ലല്ലേ.