കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍


മഅദനിയെക്കുറിച്ചുള്ള എന്‍റെ പോസ്റ്റ് പലരെയും പ്രകോപിപ്പിച്ചിരിക്കുന്നു. മുസ്‌ലിം തീവ്രവാദത്തെക്കുറിച്ച്  പുരപ്പുറത്ത് കയറി വിളിച്ചു കൂവിയ നിങ്ങള്‍ ഹിന്ദു വര്‍ഗീയതയെക്കുറിച്ച് എന്ത് കൊണ്ട് മിണ്ടുന്നില്ല എന്നതാണ് ലഭിച്ച പ്രതികരണങ്ങളില്‍ ഏറ്റവും പ്രസക്തമായിട്ടുള്ളത്. ചിലര്‍ ബ്ലോഗിലൂടെ പ്രതികരിച്ചു. മറ്റു ചിലര്‍ (ബ്ലോഗിലൂടെ പരസ്യമായി മഅദനിയെ പിന്തുണക്കാന്‍ പേടിക്കുന്നവര്‍) ഈമെയിലിലൂടെയും പ്രതികരിച്ചു. 'ഇ' വഴികളിലൂടെ തന്നെ സൌഹൃദ പൂര്‍ണമായ ചില തെറികളും വന്നു. എല്ലാവര്ക്കും നന്ദി.വോള്‍ട്ടയറുടെ പ്രസിദ്ധമായ ഒരു വാചകമുണ്ട്." I may disagree of what you say, but I will defend to the death your right to say it". ഞാന്‍ വോള്‍ട്ടയറുടെ പെങ്ങളുടെ മകനല്ല, അതുകൊണ്ട് തന്നെ എതിര്‍ അഭിപ്രായം പറയുന്നവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി മരിക്കുമെന്ന് പറയുന്നില്ല. പക്ഷെ വേറിട്ട അഭിപ്രായങ്ങള്‍ കേള്‍ക്കാനുള്ള മനസ്സുണ്ട്. അത് കേള്‍ക്കുമ്പോള്‍ ബ്ലഡ്‌ പ്രഷര്‍ കൂടുകയുമില്ല.

മതതീവ്രവാദം ഹിന്ദുവിന്റെതായാലും മുസ്ലിമിന്റെതായാലും തീവ്രവാദം തന്നെയാണ്. ഒന്ന് ശരി മറ്റൊന്ന് തെറ്റ് എന്നില്ല. അവര്‍ തീവ്രവാദം നിര്‍ത്തിയിട്ട് ഞങ്ങള്‍ നിര്‍ത്താം എന്ന് പറയാന്‍പറ്റുമോ? കോഴിക്കള്ളന്‍ വാസുവിനെ നാട്ടുകാര്‍ ഓടിച്ചിട്ട്‌ പിടിച്ചു പോലീസില്‍ ഏല്പിച്ചു. മീശ പിരിച്ചു നില്‍ക്കുന്ന കോണ്‍സ്റ്റബിള്‍ എമാനോട് വാസുവിന്റെ ചോദ്യം. ഏമാനേ, കോഴി കട്ട എന്നെ പിടിച്ചു, ആടിനെ കക്കുന്ന  വേലായുധനെ പിടിക്കാത്തതെന്ത് ? വാസുവിന്റെ ചോദ്യത്തില്‍ അന്യായമായി ഒന്നുമില്ല.  രണ്ടു പേരും കള്ളന്മാരാണ്. ഒരാള്‍ ചെറുകിട, മറ്റെയാള്‍ വന്‍കിട. പിടിക്കുന്നെങ്കില്‍ രണ്ടാളെയും പിടിക്കണം. അല്ലേല്‍ രണ്ടാളെയും കട്ട് കൊണ്ടേയിരിക്കാന്‍ അനുവദിക്കണം !! പിടിക്കുന്നെങ്കില്‍ രണ്ടു പേരെയും പിടിക്കണം എന്ന വാസുവിന്റെ അഭിപ്രായത്തില്‍ അല്പം ലോജിക്കുള്ളതിനാല്‍ അതെ അഭിപ്രായം തന്നെയാണ് എനിക്കും.  പക്ഷെ ഒരാളെ പിടിക്കാന്‍ കിട്ടിയില്ലെങ്കില്‍ രണ്ടു പേരെയും കട്ട് കൊണ്ടിരിക്കാന്‍ അനുവദിക്കണം എന്ന് പറയുന്നതിനോട് മാത്രം യോജിപ്പില്ല.


ജമാഅത്തെ ഇസ്‌ലാമി, സിമി, ഐ എസ് എസ്, പി ഡി പി, എന്‍ ഡീ എഫ് തുടങ്ങി കഴിഞ്ഞ കാലങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ തീവ്രവാദ രീതികളെ വളര്‍ത്തിയെടുത്തവര്‍ ആരുമാകട്ടെ അവരെ എതിര്‍ക്കുന്നു എന്നതിന്റെ അര്‍ത്ഥം ഹൈന്ദവ വര്‍ഗീയതയെ അനുകൂലിക്കുന്നു എന്നാണോ?. വാസുവിനെ പിടിക്കണം എന്ന് പറഞ്ഞാല്‍ വേലായുധനെ പിടിക്കരുത് എന്ന് അര്‍ത്ഥമുണ്ടോ ? ഒരിക്കലുമില്ല. ഇസ്ലാമിനെ ഭീകരമതമായി ചിത്രീകരിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരമുണ്ടാക്കി കൊടുക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ പ്രതികരിക്കേണ്ടത് മുഴുവന്‍ മുസ്ലിംകളുടെയും കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മുസ്‌ലിം വര്‍ഗീയതക്കെതിരെ മറ്റു മത വിഭാഗങ്ങളില്‍പെട്ടവര്‍ പ്രതികരിക്കുന്നതിനെക്കാള്‍ അര്‍ത്ഥപൂര്‍ണമായിരിക്കും മുസ്ലിങ്ങളില്‍ നിന്ന് തന്നെയുള്ള  പ്രതികരണങ്ങള്‍. മതതീവ്രവാദികളെ എതിര്‍ക്കുന്നത് വഴി ഒരു മതവും ക്ഷയിക്കുകയില്ല, മറിച്ച് അവ ശക്തിപ്പെടുകയാണ്‌ ചെയ്യുക.

മോഡി, തൊഗാഡിയ, താക്കറെ തുടങ്ങി ഇന്ത്യന്‍ മതേതരത്വത്തെ പിച്ചിചീന്താന്‍ ശ്രമിച്ച ഹൈന്ദവ ഫാസിസ്റ്റുകളെക്കുറിച്ച് എന്ത് കൊണ്ട് മിണ്ടുന്നില്ല എന്നാണു ആവേശം തലയ്ക്കു കയറിയപ്പോള്‍ ചിലര്‍ ചോദിച്ചത്. ഒന്ന് ചോദിക്കട്ടെ, അത്തരം ഫാസിസ്റ്റുകളെ നാല് തെറി പറഞ്ഞാല്‍ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് നയിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തടയിടാന്‍ കഴിയുമോ?. ഇന്ത്യയിലെ ഹൈന്ദവ ഫാസിസ്റ്റുകളെ കാലാകാലങ്ങളായി എതിര്‍ത്ത് തോല്‍പ്പിച്ചത്  മുസ്‌ലിംകളോ കൃസ്ത്യാനികളോ  ആയിരുന്നില്ല, ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹമായിരുന്നു എന്നതല്ലേ യാഥാര്‍ത്ഥ്യം. ഈ ഫാസിസ്റ്റുകള്‍ക്ക് ചെവി കൊടുത്ത്  അവര്‍ വര്‍ഗീയമായി ചിന്തിച്ചിരുന്നുവെങ്കില്‍ ഇന്ത്യ എന്നോ ഒരു ഹൈന്ദവ രാജ്യമായി മാറുമായിരുന്നു. സ്വതന്ത്രാനന്തരം പാകിസ്താന്‍ ഒരു മുസ്‌ലിം രാജ്യമായി വിഭജിച്ചു പോയപ്പോള്‍ ഇന്ത്യ ഒരു ഹൈന്ദവ രാജ്യമായി മാറാതിരുന്നത്‌ എന്ത് കൊണ്ട് എന്ന് ചിന്തിക്കുവാന്‍  ഓരോ മുസ്‌ലിമിനും കഴിയണം. ഇന്ത്യയെ അത്രിതീവ്ര ഹിന്ദുത്വത്തിലേക്ക്  വഴിതിരിച്ചു വിടുവാന്‍ ശ്രമിച്ചവര്‍ക്കെതിരെ, ഇന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍ക്കെതിരെ കനത്ത പ്രഹരങ്ങള്‍ നല്കിയതും നല്‍കിക്കൊണ്ടിരിക്കുന്നതും മഅദനിമാരോ നസീറുമാരോ അല്ല എന്നും ആ ദൌത്യം നിര്‍വഹിക്കുന്നത് ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ഹൈന്ദവ സമൂഹമാണെന്നും മനസ്സിലാക്കാനുള്ള വകതിരിവാണ് മുസ്‌ലിം സമൂഹത്തിന് വേണ്ടത്. അത് തന്നെയാണ് പലര്‍ക്കും ഇല്ലാതെ പോകുന്നതും. ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന് തെരുവ് നീളെ എഴുതി വെച്ചാല്‍ അത് മതപ്രബോധനമായി എന്ന് കരുതുന്നവര്‍ക്ക് ഇന്ത്യയെന്താണെന്നും ഇസ്‌ലാമെന്താണെന്നും അറിയില്ല.

മഅദനിയുടെയും കുടുംബത്തിന്റെയും ഇന്നത്തെ അവസ്ഥയില്‍ ഒട്ടും ആഹ്ലാദിക്കുന്ന ഒരാളല്ല ഞാന്‍. ഒമ്പത് വര്‍ഷക്കാലം ജയിലില്‍ കിടന്ന് വേണ്ടത്ര ദുരിതങ്ങള്‍ അനുഭവിച്ചു തീര്‍ത്ത ഒരാളാണ് മഅദനി. വ്യക്തമായ തെളിവുകള്‍ ഇല്ലാതെ അദ്ദേഹതെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ ഇനിയും പീഡിപ്പിക്കുന്നതിന് മനസ്സാക്ഷിയുള്ള ഒരാളും കൂട്ട് നില്‍ക്കുകയുമില്ല. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്ത ഒരു പോഴത്തക്കാരന്‍ എന്നേ അദ്ദേഹത്തെ ഞാന്‍ വിളിക്കൂ.

ഗുജറാത്ത്‌ കലാപം, ബാബറി മസ്ജിദ് തുടങ്ങി മുസ്‌ലിംകളെ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ മതേതരസമൂഹത്തെയും ആഴത്തില്‍ മുറിവേല്പിച്ച സംഭവ വികാസങ്ങളെ നിസ്സാരവല്കരിച്ചു കൊണ്ടല്ല ഇതൊന്നും പറയുന്നത്. അത്തരം സംഭവ വികാസങ്ങളില്‍ തീവ്രമായി വേദനിക്കുകയും  മതേതര കൂട്ടായ്മകളോടൊപ്പം നിന്ന് നീതിക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്യുന്നതിന് പകരം ഇതൊരവസരമാക്കി തീവ്രവാദത്തിന്റെ വിനാശ പാതയിലേക്ക് ആളെക്കൂട്ടുന്നവര്‍ക്കെതിരെയാണ് , ഹേ, സുഹൃത്തുക്കളെ നാം ശബ്ദിക്കേണ്ടത്. സര്‍വനാശത്തിന്റെ വഴികള്‍ തേടി കശ്മീരിലെത്തിയ തീവ്രവാദിയോടോ അതോ അവന്റെ മയ്യിത്ത് പോലും എനിക്ക് കാണേണ്ട എന്ന് പറഞ്ഞ മാതൃഹൃദയത്തോടോ ആരോടാണ് നാം ഐക്യദാര്‍ഢ്യപ്പെടേണ്ടത്. പ്രസംഗിച്ചും എഴുതിയും രക്തം തിളപ്പിച്ച്‌ ആ ചെറുപ്പക്കാരെ അതിര്‍ത്തി കടക്കാന്‍ പ്രേരിപ്പിച്ച വികാര ജീവികളാണോ നമ്മുടെ സംരക്ഷകര്‍? മദീനയില്‍ എത്തിയ കൃസ്തീയ സംഘത്തിനു സ്വന്തം പള്ളി പ്രാര്‍ത്ഥന നടത്താന്‍ വിട്ടു കൊടുത്ത മുഹമ്മദ്‌ നബിയോടോ അതോ പള്ളികളും അമ്പലങ്ങളും സങ്കുചിത ചിന്താധാരകളുടെ താവളങ്ങളാക്കുവാന്‍ ശ്രമിക്കുന്ന അഭിനവ ‘മത സംരക്ഷകരോടോ’ ആരോടാണ്, പറയൂ, നാം ഐക്യദാര്‍ഢ്യപ്പെടേണ്ടത്?. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കുവാന്‍ ഉദ്ദേശിച്ച്‌ നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലുന്നവന്‍ ഈ ഭൂമുഖത്തെ മുഴുവന്‍ മനുഷ്യരെയും കൊന്നവനു സമനാണെന്ന വിശുദ്ധ ഖുര്‍ആന്റെ അദ്ധ്യാപനത്തോടാണോ അതോ തെരുവില്‍ ബോംബു വെച്ച് പച്ചമനുഷ്യരെ കൊന്നൊടുക്കാന്‍ ശ്രമിക്കുന്ന ഭീകരരോടോ നാം ഐക്യപ്പെടേണ്ടത്? അല്‍ഖായിദയും അതിന്റെ വാക്താക്കളും ചെയ്തതിനെക്കാള്‍ വലിയ ദ്രോഹം ഇസ്‌ലാമിനോട് ഭൂമുഖത്ത് ആരും ചെയ്തു കാണില്ല. സംഘ പരിവാരങ്ങള്‍ ഹിന്ദു മതത്തെ വികൃതമാക്കിയ പോലെ മറ്റാരും ആ മതത്തെ വികൃതമാക്കിയിരിക്കില്ല.

മുന്‍കാലത്ത് പറഞ്ഞതും ചെയ്തതും എല്ലാം പിന്‍വലിച്ചു 'ശുദ്ധ മതേതരവാദികള്‍' ആയി മാറിയവരെ വീണ്ടും എന്തിന് തെറി പറയുന്നു എന്ന് ചോദിക്കുന്നവരുണ്ട്. ശവത്തില്‍ കുത്തരുത് എന്ന് പറഞ്ഞവരുമുണ്ട്. തെറി പറയുന്നില്ല. ശവത്തില്‍ കുത്തുന്നുമില്ല. ആരെങ്കിലും മാറിയെങ്കില്‍ അവര്‍ സ്വയം മാറിയതല്ല. കാലം അവരെ മാറ്റിയതാണ്.  അവരുടെ ജല്പനങ്ങള്‍ക്ക് ചെവി കൊടുക്കാതെ ഒരു വലിയ സമൂഹം ചെറുത്തു നിന്നത് കൊണ്ടാണ് പഴയ മഅദനി മാറി പുതിയ മഅദനി ആയി എന്ന് പറയാന്‍ അവസരമുണ്ടായത് . പക്ഷെ വിതച്ചത് കൊയ്തേ തീരൂ എന്ന് പറയാറില്ലേ. ഒരു ഫല വൃക്ഷം നട്ട് പിടിപ്പിച്ചവനെ ആ വൃക്ഷം ഉള്ളിടത്തോളം കാലം ഓര്‍ക്കുന്ന പോലെ ഒരു വിഷ വിത്ത് നട്ട് നനച്ചു വളര്ത്തിയവനെ ആ വിഷച്ചെടി നിലനില്‍ക്കുന്നിടത്തോളം ആളുകള്‍ ഓര്‍ത്തെന്ന് വരും. അവരെ കുതിര കയറാതിരിക്കുക  ! 

അതിതീവ്ര മുസ്‌ലിം വര്‍ഗീയതയില്ലാതെ അതിതീവ്ര ഹിന്ദു വര്‍ഗീയതക്കു പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ഒന്ന് മറ്റൊന്നിന്റെ വളമാണ്. ഒന്ന് ക്ഷയിക്കുമ്പോള്‍ മറ്റേതും ക്ഷയിക്കുന്നു. ഉത്തരേന്ത്യയിലെ മുസ്‌ലിം പള്ളിയില്‍ പന്നിയെ കൊന്നിടുന്നവരുടെ ഉദ്ദേശം പള്ളി അശുദ്ധമാക്കുകയല്ല, മുസ്‌ലിം ചെറുപ്പക്കാരുടെ രക്തം തിളപ്പിക്കുകയാണ്. പ്രശ്നം തെരുവിലേക്ക് ഇറക്കാതെ ഒരു കുടം വെള്ളമെടുത്ത് പള്ളി കഴുകുകയും നമസ്കാരം മുടങ്ങാതെ നോക്കുകയുമാണ് ഇത്തരം വേളകളില്‍ ചെയ്യാവുന്ന വിവേകപൂര്‍ണ്ണമായ പ്രതികരണം. ഒരു പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു അധികൃതരെ വിവരം അറിയിക്കുകയും ചെയ്യുക. പന്നിയെ കൊണ്ടു വന്നിട്ടവര്‍ക്ക് കിട്ടാവുന്ന ഏറ്റവും കനത്ത പ്രഹരം അതാണ്‌. പിന്നെ അവര്‍ ആ വഴിക്ക് വരില്ല. അതിനു പകരം കത്തിയും കൊടുവാളുമേന്തി തക്ബീര്‍ ചൊല്ലി തെരുവില്‍ ഇറങ്ങിയാല്‍ പന്നിയെ കൊന്നിട്ടവരുടെ അജണ്ട വിജയിച്ചു. പിന്നെ കലാപമായി, കൊലയായി. മനുഷ്യര്‍ പരസ്പരം വെട്ടിച്ചാവുന്ന കാളരാത്രികളായി.. ഇരുകൂട്ടര്‍ക്കും അണികളുടെ എണ്ണം കൂടി. പന്നിയുടെ ജഡം പള്ളിയില്‍ കാണുന്ന പോലെ അമ്പലത്തിനു മുന്നില്‍ അറുത്തിട്ട പശുവിന്റെ തല കാണുന്ന നേരെ തിരിച്ചുള്ള സംഭവങ്ങളും  ഉത്തരേന്ത്യയില്‍ കാണാറുണ്ട്‌. സ്ഥലവും സമയവും മാറാം, പക്ഷേ അജണ്ടകള്‍ ഒരിക്കലും മാറുന്നില്ല!   ഇത്തരം സന്ദര്‍ഭങ്ങളില്‍ സംയമനം പറയുന്നവനെ മതത്തോട് സ്നേഹമില്ലാത്തവനെന്നു മുദ്ര കുത്തി ആട്ടിപ്പുറത്താക്കുന്നു.!!!!. മുഹമ്മദ് നബിയുടെ പള്ളിയില്‍ കയറി എല്ലാവരും കാണ്‍കെ ഒരാള്‍ മൂത്രമൊഴിച്ചു. അയാളെ തച്ചു മലര്‍ത്താന്‍ ഒരുങ്ങിയവരെ നബി തടഞ്ഞു. അവരോടു കുറച്ചു വെള്ളമൊഴിച്ചു അവിടം വൃത്തിയാക്കാന്‍ പറഞ്ഞു. മൂത്ര മൊഴിച്ചവനെ വിളിച്ചു ഇനിയങ്ങനെ ചെയ്യരുതെന്ന് സൌമ്യമായി ഉപദേശിച്ചു. അതാണ്‌ മതം. അതാണ്‌ വിചാരം. താടിയും തൊപ്പിയും ഒരു മൈക്കുമുണ്ടായാല്‍ എന്തും വിളിച്ചു കൂവുന്നതല്ല മതം.


ഇന്ത്യന്‍ മതേതരത്വം അതിന്റെ അടിസ്ഥാന തത്വങ്ങള്‍ കരുപ്പിടിച്ചു കൊണ്ടിരുന്ന വേളയില്‍ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ ശ്രദ്ധേയമായ ഒരു വാചകമുണ്ട്. അതിങ്ങനെയാണ് . "A Muslim minority who are so large in numbers that they cannot, even if they want, go anywhere else. That is a basic fact about which there can be no argument. Whatever the provocation from Pakistan and whatever the indignities and horrors inflicted on non-Muslims there, we have got to deal with this minority in a civilized manner. We must give them security and the rights of citizens in a democratic state". ("ഇന്ത്യയില്‍ ഒരു വലിയ മുസ്‌ലിം ന്യൂനപക്ഷമുണ്ട്‌. അവര്‍ ആഗ്രഹിച്ചാല്‍ ‍പോലും മറ്റെവിടെയും പോകാന്‍ അവര്‍ക്ക്‌ സാധിക്കില്ല. ഒട്ടും തര്‍ക്കത്തിന് അവകാശമില്ലാത്ത  ഒരടിസ്ഥാന യാഥാര്‍ഥ്യമാണത്‌. പാകിസ്‌താനില്‍ നിന്ന്‌ എന്ത്‌ പ്രകോപനമുണ്ടായാലും, അവിടെ അമുസ്‌ലിംകള്‍ എത്രതന്നെ പീഡിപ്പിക്കപ്പെട്ടാലും   ഈ മത ന്യൂനപക്ഷത്തോട്‌ ഒരു  പരിഷ്‌കൃതരീതിയില്‍ നാം ഇടപഴകിയേ മതിയാവൂ. ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൗരന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സുരക്ഷിതത്വവും അവര്‍ക്ക്‌ നാം നല്‌കണം") 1947 ഒക്ടോബര്‍ മാസത്തില്‍ പ്രവിശ്യ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് നെഹ്‌റു ഇത് പറഞ്ഞത്. വിശാല വീക്ഷണമുള്ള ഇത്തരം രാഷ്ട്ര നായകന്മാര്‍ രൂപം നല്‍കിയ ഒരു മതേതര രാജ്യത്ത് ജീവിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നതിനു പകരം ഈ മഹത്തായ രാഷ്ട്രത്തിനെതിരെ പട നയിക്കുവാന്‍ പ്രത്യക്ഷമായോ പരോക്ഷമായോ ശ്രമിക്കുന്നവരെ അനുകൂലിക്കുവാന്‍, സോറി, എനിക്കാവില്ല.


വിഷുവിനും ഓണത്തിനും മിഠായിയും പായസവും കൊണ്ട് ഓടിയെത്തിയിരുന്ന എന്റെ ബാല്യകാല സുഹൃത്തുക്കളെ ഇന്നീ മരുഭൂമിയില്‍ ഇരുന്നു ഞാന്‍ ഓര്‍ക്കുന്നു. പെരുന്നാള്‍ ദിവസം ഹലുവയും ബിരിയാണിയും കൊണ്ട് അവരുടെ വീടുകളില്‍ എത്തിയിരുന്ന എന്നെയും അവര്‍  ഓര്‍ക്കുന്നുണ്ടാവണം ആ ഓര്മ നല്‍കുന്ന ഊര്‍ജമാണ് ഇത്രയും എഴുതാന്‍ ധൈര്യം നല്‍കുന്നത്. ആരുടേയും വികാരങ്ങളെ മുറിപ്പെടുത്താനോ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാനോ അല്ല, നമ്മുടെ മക്കള്‍ക്കും അങ്ങനെയൊരു കാലത്തെ ഓര്‍ത്തുവെയ്ക്കുവാന്‍ അവസരം ഉണ്ടാവണം എന്ന ആഗ്രഹമാണ് ഈ കുറിപ്പിന്റെ ജീവന്‍. അവര്‍ പരസ്പരം പകയോടെ നോക്കുന്ന ഒരു കാലമുണ്ടാവരുത് എന്ന പ്രാര്‍ത്ഥനയാണ് ഈ വരികളുടെ ആകെത്തുക. തെറ്റാണെങ്കില്‍ ക്ഷമിക്കുക . ഗുഡ് ബൈ.