മാതൃഭൂമിയുടെ ബ്ലൂഫിലിം വില്പന! പത്രത്തോടൊപ്പമുള്ള സംസ്കാരം!!

പീഡനവിഷയത്തിൽ ഒരു ഓസ്‌കാറോ നൊബൈലോ  കൊടുക്കുന്നുണ്ടെങ്കിൽ അതീ വർഷം കേരളത്തിന് അവകാശപ്പെട്ടതാണ്. കാരണം എല്ലാ നോമിനേഷനും കേരളത്തിൽ നിന്നാണ് പോകാനുള്ളത്. ഹോളിവുഡ് സിനിമകളിൽ പോലും പരീക്ഷിച്ചിട്ടില്ലാത്ത ഫോർമുലകളാണ് സ്ത്രീ പീഡന വിഷയത്തിൽ കേരളത്തിൽ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മകനെ കല്യാണം കഴിക്കാൻ വേണ്ടി അച്ഛനുമായി ലൈംഗിക ബന്ധം നടത്തുന്ന നായിക. വെബ്‌ ക്യാമറ ഉപയോഗിച്ചുള്ള അതിന്റെ ചിത്രീകരണം. ഇടക്കിടെ മകനുമായുള്ള എൻകൗണ്ടറുകൾ. പ്രണയം.. പാട്ട് സീൻ. ഹൃദയമിടിപ്പ് കുത്തനെ ഉയർത്തുന്ന ബ്ലാക്ക് മെയിലിംഗ് ട്വിസ്റ്റുകൾ.. അവസാനം വെബ്‌ ക്യാമറകളുടെ ബ്ലൂ പ്രിന്റുകൾ വാർത്താ ചാനലുകളുടെ ലൈവ് സ്റ്റുഡിയോകളിലേക്ക്. പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ജനം അന്തം വിട്ടു നിൽക്കുമ്പോൾ നായികയുടെ രംഗ പ്രവേശം.. ക്ലൈമാക്സിൽ പത്രസമ്മേളനം!!!. ഓസ്കാർ കിട്ടിയില്ലെങ്കിൽ ഭൂകമ്പമുണ്ടാകും. ഭൂകമ്പം!!

ഭരണപക്ഷവും പ്രതിപക്ഷവും പീഡന വിഷയത്തിൽ ഒരു പോലെ പെർഫോം ചെയ്യുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകത. കട്ടക്ക് കട്ടക്ക് നിൽക്കുന്ന പെർഫോർമൻസ്. ആരുടെ കരണത്താണ് അടിക്കേണ്ടത് എന്ന് കണ്ഫ്യൂഷൻ ഉണ്ടാക്കുന്ന രൂപത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഭരണപക്ഷം നാല് പോയിന്റ് സ്കോർ ചെയ്ത് മുന്നിട്ട് നിന്നപ്പോൾ ദിവസങ്ങളുടെ ഇടവേളക്കുള്ളിൽ പ്രതിപക്ഷം അതിനെ കടത്തിവെട്ടി സ്കോർ ബോർഡ് മാറ്റിമറിച്ചു. ആരു ജയിക്കും ആരു തോല്ക്കും എന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്ത പോക്ക്. ഒരാഴ്ചയായി കരണത്തടിക്കാൻ ആളെത്തിരഞ്ഞു നടക്കുന്ന സഖാവ് വി എസ്സിന് തിരുവഞ്ചൂർ പറഞ്ഞത് പോലെ സ്വന്തം പാളയത്തിൽ നിന്ന് തന്നെ അത് തുടങ്ങാനുള്ള സുവർണാവസരമാണ് ഇപ്പോൾ വന്ന് ചേർന്നിരിക്കുന്നത്.

ബാലകൃഷ്ണപ്പിള്ളയും പ്രിയ പുത്രനുമാണ് കേരളത്തനിമയുടെയും യഥാർത്ഥ മലയാളി ഹൗസിന്റെയും പ്രതീകമെന്ന് അഭിമാനിച്ചിരുന്ന നമുക്ക് തെറ്റി. അതിനേക്കാൾ വിപണി മൂല്യമുള്ള അച്ഛനും മോനും വേറെയുണ്ടെന്നു തെളിഞ്ഞു വരികയാണ്. ചാനലുകളിൽ നിരന്തരം പ്രദർശിപ്പിക്കപ്പെടുന്ന പുതിയ വീഡിയോയിൽ തന്റെ ചിത്രങ്ങൾ  മോർഫ് ചെയ്യപ്പെട്ടതാണെന്നാണ് മുൻമന്ത്രി ജോസ് തെറ്റയിലിന്റെ വാദം. ആ വാദത്തിന്റെ ശരിതെറ്റുകളിലേക്ക് നാമിപ്പോൾ കടക്കേണ്ടതില്ല. അത് കണ്ടത്തേണ്ടത് അന്വേഷണഉദ്യോഗസ്ഥൻമാരാണ്. മുൻ മന്ത്രി ഗണേഷുമായി ബന്ധപ്പെട്ട ഒരു ഡസൻ പീഡനക്കേസുകളും കണ്ടത്തേണ്ടത് അവർ തന്നെയാണ്. തിരുവഞ്ചൂരിനും അദ്ദേഹത്തിന്റെ പൊലീസിനും അക്കാര്യം നമുക്ക് വിട്ടു കൊടുക്കാം. ഭാവിയിൽ കേരളത്തിൽ ആഭ്യന്തര മന്ത്രിയാകുന്നവർക്ക് സ്കോട്ട്ലന്റ് യാർഡിൽ നിന്നും പീഡന അന്വേഷണത്തിൽ ഡിപ്ലോമ നിർബന്ധമാക്കുന്നത് നന്നായിരിക്കും എന്നാണ് പറയാനുള്ളത്.

തെമ്മാടികളുടെ അവസാന അഭയ കേന്ദ്രമാണ് രാഷ്ട്രീയം എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഇതുപോലുള്ള തെമ്മാടിത്തരങ്ങൾ കണ്ടാൽ ഒട്ടും ഞെട്ടേണ്ടതില്ലാത്ത വിധം വർത്തമാനകാല യാഥാർത്ഥ്യങ്ങൾ ഒന്നിന് പിറകെ ഒന്നായി നമ്മുടെ ബോധമനസ്സിലേക്ക് ഓടിയെത്തുന്നുണ്ട്. പക്ഷേ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന ആ സ്ത്രീയുടെ (അതോ തെരുവ് വേശ്യയെന്ന് വിളിക്കണമോ എന്നറിയില്ല) ചെയ്തികൾ സ്ത്രീ സമൂഹത്തെക്കുറിച്ചുള്ള നമ്മുടെ സാമാന്യ ബോധ്യത്തെപ്പോലും തകർത്തുകളയും വിധം നാണം കെടുത്തുന്നതാണ്. തട്ടിപ്പിനും തരികിടക്കും അനുബന്ധ ലൈംഗിക വ്യാപാരത്തിനും കേരളീയ സ്ത്രീ സമൂഹത്തിന് ലഭിച്ച 'സരിതാ നായർ' മോഡലിന് ഒരു 'ധൈഷണിക പിന്തുണ' നല്കാൻ ഈ അങ്കമാലി അവതാരത്തിന് കഴിഞ്ഞേക്കും. കേരളത്തിൽ തഴച്ചു വളരുന്ന ലൈംഗിക അപവാദ വ്യവസായത്തിൽ അല്പം നിക്ഷേപം നടത്തുകയാണ് പണവും പ്രശസ്തിയും കിട്ടാൻ എളുപ്പ വഴിയെന്നുള്ള സന്ദേശം ന്യൂ ജനറേഷൻ പെണ്‍കുട്ടികൾക്ക് കൈമാറാനും ഈ 'ബോൾഡ് ആൻറ് ബ്യൂട്ടി'ക്ക് കഴിഞ്ഞു കൂടെന്നില്ല.

പക്ഷേ ഇതിനൊക്കെയപ്പുറം എന്നെ ഞെട്ടിച്ചു കളഞ്ഞതും അസ്വസ്ഥപ്പെടുത്തിയതും നമ്മുടെ മാധ്യമങ്ങൾ ഈ വാർത്ത കൈകാര്യം ചെയ്ത രീതിയാണ്. പ്രണയ വഞ്ചനകളും വേലിചാട്ടങ്ങളും പരസ്ത്രീ ഗമനങ്ങളും പുതുമയുള്ള കാര്യങ്ങളല്ല. ലോകാരംഭം മുതൽ ഇവയൊക്കെ മുറയ്ക്ക് നടക്കുന്നുണ്ട്. ഇന്ത്യൻ നിയമപ്രകാരം പ്രായപൂർത്തിയായ ഒരു പുരുഷന് ഏത് തേവിടിശ്ശികളുമായും ഉഭയസമ്മത പ്രകാരം ബന്ധപ്പെടാവുന്നതാണ്. അത് ബലം പ്രയോഗിച്ചുള്ള പീഡനമാകാത്തിടത്തോളം കാലം നിയമത്തിന് മുന്നിൽ തടസ്സങ്ങളൊന്നുമില്ല. ലാപ് ടോപ്പും ക്യാമറയും റെഡിയാക്കി വെച്ച് വിരിപ്പിൽ മലർന്ന് കിടന്നു കൊടുക്കുന്ന ഇത്തരം 'പീഡനക്കാരി'കൾ അർഹിക്കുന്ന മാധ്യമ പരിഗണന എന്ത് എന്ന് തിരിച്ചറിയേണ്ടത് വകതിരിവിന്റെ കൂടി ഭാഗമാണ്. ഏറ്റവും ചുരുങ്ങിയത് ഇത്തരം വാർത്തകൾ കുടുംബ സദസ്സുകളിലേക്ക് എത്തിക്കുമ്പോൾ കാണിക്കേണ്ടിണ്ടിയിരുന്ന സാമാന്യ മര്യാദ പോലും കാറ്റിൽ പറത്തപ്പെട്ടു. മാതൃഭൂമി പോലൊരു മാധ്യമ സ്ഥാപനം ഈ ലൈംഗിക കേളികൾ മലയാളിയുടെ കുംടുംബ സദസ്സിലേക്ക് പരസ്യമായി സംപ്രേഷണം ചെയ്തു എന്നത് ശരിക്കും ഞെട്ടിച്ചു കളഞ്ഞു. മനോരമ പോലും ഈ ദൃശ്യങ്ങൾ സെൻസർ ചെയ്തു കൊടുത്തപ്പോൾ കുറേക്കൂടി മാധ്യമ നൈതികത നാം പ്രതീക്ഷിക്കുന്ന മാതൃഭൂമിയിൽ നിന്നാണ് ഇത്തരമൊരു 'വാർത്താ വ്യാപാരം' നടന്നത് എന്നത് എന്തുമാത്രം അസ്വസ്ഥജനകമല്ല?. മലയാളിയുടെ വായനാ സംസ്കാരത്തെ സമ്പന്നമാക്കിയ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മാധ്യമങ്ങൾ, 'പത്രത്തോടൊപ്പം ഒരു സംസ്കാരവും' വിളമ്പുന്നുവെന്നു അവകാശപ്പെടുന്നവർ ബ്ലൂ ഫിലിം കച്ചവടം ചെയ്ത് കഞ്ഞി കുടിച്ചു പോകേണ്ട ദുരവസ്ഥയിൽ എത്തി എന്നതാണ് ഈ ലൈംഗിക പീഡന വാർത്തകളെക്കാൾ നമ്മെ വ്യാകുലപ്പെടുത്തേണ്ടത്. Latest Story തങ്ങള്‍ ചന്ദ്രിക വിട്ടു.. തോമസുകുട്ടീ വിട്ടോടാ..

Related Posts
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും
കണ്ണീരും സാരിയും വില്പനക്കുണ്ട് !!
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?