വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?

രാത്രി ഒമ്പത് മണിക്ക് വീട്ടിലുണ്ടെങ്കില്‍ ഒരു ചെറിയ കണ്ഫ്യൂഷന്‍ ഉണ്ടാവാറുണ്ട്. ഇന്ന് ആരുടെ കസര്‍ത്ത് കാണണം?.  വിനു? വീണ? നികേഷ്?. ഇന്നലെ മുതല്‍ അതിലേക്കു നമ്മുടെ വേണു കൂടി വന്നു. മാതൃഭൂമി ന്യൂസുമായി. കറക്കിക്കുത്തി ഒരു ചാനലങ്ങ് തുറക്കുകയാണ് സാധാരണ ഞാന്‍ ചെയ്യാറ്. ചര്‍ച്ചയുടെ വിഷയം കൊള്ളാമെങ്കില്‍ അവിടെ നങ്കൂരമിടും. ഇല്ലേല്‍ അടുത്തതിലേക്ക് ചാടും. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ഈ മൂന്നു ചാനലുകള്‍ എന്റെ റസീവറില്‍ അടുത്തടുത്താണ്. ഡിഷ്‌ സെറ്റ് ചെയ്ത പയ്യന്‍ മനോരമ ന്യൂസും അതിനോട് ചേര്‍ത്തു വെച്ചിരുന്നു. പാസ്സ് മാര്‍ക്ക് കൊടുക്കാന്‍ പറ്റാത്തതിനാല്‍ മനോരമയെ ഞാന്‍ അല്പം പിറകോട്ടു തട്ടി വെച്ചിരിക്കുകയാണ്. പീപ്പിള്‍ ചാനലിന്റെ തൊട്ടടുത്താണ് അച്ചായന്റെ ഇപ്പോഴത്തെ കിടപ്പ്. മാതൃഭൂമിയെ മനോരമയുടെ പഴയ സ്ഥാനത്തേക്ക് ഇപ്പോള്‍ കയറ്റി വെച്ചു. രണ്ടു ദിവസം കൊണ്ട് മാതൃഭൂമിയുടെ കാര്യത്തില്‍ ഒരു തീരുമാനമാക്കണം. എന്നിട്ട് വേണം മുകളിലേക്ക് മാറ്റണോ അതോ പിറകിലേക്ക് തട്ടണോ എന്ന് തീരുമാനിക്കാന്‍.

ആദ്യ ദിവസത്തെ പെര്‍ഫോമന്‍സ് വെച്ചു നോക്കിയാല്‍ മാതൃഭൂമി ന്യൂസ് ആവറേജിലും താഴെയാണ്. ഇവരിത്രകാലവും അണിയറയില്‍ കോപ്പ് കൂട്ടിയത് ഇതിനു വേണ്ടിയായിരുന്നോ എന്ന് തോന്നിപ്പോയി. ഒറ്റയടിക്ക് പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ പറ്റിയ പുതുമകളൊന്നും ചാനലില്‍ കാണാന്‍ കഴിഞ്ഞില്ല. പരിപാടികളുടെ കെട്ടിലും മട്ടിലും അവതരണത്തിലും സാങ്കേതികതയിലും ശരാശരിയില്‍ നിന്ന് ഒട്ടും ഉയരാത്ത പ്രകടനം. ഏതാണ്ടെല്ലാ പരിപാടികളും മറ്റു ചാനലുകളില്‍ കണ്ടു ശീലിച്ച അതേ ഫോര്‍മാറ്റില്‍ തന്നെ. മമ്മൂട്ടി അവതരിപ്പിച്ച E-Buzz ഇത്തിരി വ്യത്യസ്തത പുലര്‍ത്തി എന്ന് പറയാം. ന്യൂസ് അറ്റ്‌ നയനുമായി ഒമ്പത് മണിക്ക് എത്തിയ വേണു പന്തം കണ്ട പെരുച്ചാഴി കണക്കെ ആകെ പരിഭ്രമിച്ചിരിക്കുന്നതായി തോന്നി. വേണുവിനു എന്തുപറ്റിയാവോ?. മുഴുസമയം മസില്‍ പിടിച്ചിരുന്നു വേണു ഇങ്ങനെ വാര്‍ത്ത വായിക്കുന്നത് ആദ്യമായി കാണുകയാണ്. ഏഷ്യാനെറ്റില്‍ ആയിരുന്ന കാലത്ത് ന്യൂസ് അവറിന്റെ ഇടവേളയില്‍ ഇരുന്നു ഹാര്‍മോണിയം വായിച്ച വേണുവിന്റെ ആത്മവിശ്വാസമൊക്കെ എവിടെപ്പോയാവോ?. തലപ്പത്ത് ഏട്ടന്‍ ഉണ്ണിയുള്ളത് കൊണ്ട്  വിറയല്‍ ഉണ്ടായതാണോ എന്ന് പറയാന്‍ പറ്റില്ല.

ന്യൂസ്‌ സ്റ്റുഡിയോയെ വാര്‍ത്താ വായനക്കാര്‍ക്ക് ഒരു കംഫര്‍ട്ടബില്‍ സോണാക്കി മാറ്റുന്ന കാര്യത്തില്‍ മാതൃഭൂമിയുടെ അമരത്തിരിക്കുന്നവര്‍ പരാജയപ്പെട്ടുവോ എന്നൊരു സംശയം ഇല്ലാതില്ല. ഏതായാലും ഒറ്റദിവസത്തെ പെര്‍ഫോമന്‍സ് വെച്ചു വിധിയെഴുതുന്നത് ശരിയല്ല. അല്പം ചില ബാലാരിഷ്ടതകള്‍ നാം വകവെച്ചു കൊടുക്കേണ്ടതുണ്ട്. പക്ഷെ മാതൃഭൂമിയെപ്പോലൊരു മാധ്യമ സ്ഥാപനം ഏറെക്കാലത്തെ ഹോം വര്‍ക്കിനു ശേഷം ഒരു സംരംഭം തുടങ്ങുമ്പോള്‍ നാം പ്രതീക്ഷിക്കുന്ന ഒരു നിലവാരമുണ്ട്. അതിലേക്കു അവര്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. സ്മൃതി പരുത്തിക്കാട്, ഹര്‍ഷന്‍, അപര്‍ണ കുറുപ്പ്, ആരതി തുടങ്ങി വാര്‍ത്താവായന രംഗത്ത് പരിചയ സമ്പന്നരായ ഒരു ടീം മാതൃഭൂമിയില്‍ ഉണ്ട്. അത് മാത്രം പോരല്ലോ. വാര്‍ത്തക്ക് പിറകിലും അത്രതന്നെ ഭാവനാസമ്പന്നമായ ഒരു ടീം ഉണ്ടാകേണ്ടതുണ്ട്.

ഏതായിരുന്നാലും ചാനല്‍ യുദ്ധം മുറുകുകയാണ്. മലയാളത്തിലെ ആറാമത്തെ ന്യൂസ് ചാനലായാണ് മാതൃഭൂമി രംഗത്ത് വന്നിരിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനലും രംഗത്തെത്തും. ഫെബ്രുവരി പത്തിനാണ് അവരുടെ ഉദ്ഘാടനം. ഏഷ്യാനെറ്റിന്റെ പ്രോഗ്രാം ചീഫായിരുന്ന സി എല്‍ തോമസിനെ മലയാള മാധ്യമ രംഗത്തെ റെക്കോര്‍ഡ്‌ വില കൊടുത്താണ് മീഡിയ വണ്‍ സ്വന്തമാക്കിയിരിക്കുന്നത്. എന്നിരുന്നാലും വാര്‍ത്താ വായനക്കാരും അവതാരകരും പുതുമുഖങ്ങള്‍ തന്നെയാണ്. ഒരു 'താരശോഭ'യുടെ കുറവുണ്ടെന്നര്‍ത്ഥം .

രാജകീയ പ്രൌഢിയോടെ കഴിഞ്ഞിരുന്ന സ്വന്തം കസേരകള്‍ വലിച്ചെറിഞ്ഞ് പുതിയ ലാവണങ്ങള്‍ തേടി പുറപ്പെട്ട്‌ ഇപ്പോഴും ക്ലച്ചു പിടിക്കാതെ നടക്കുന്ന ബ്രിട്ടാസ്, ശ്രീകണ്‌ഠന്‍ നായര്‍ തുടങ്ങിയ പഴയ പുലികളില്‍ ആരെയെങ്കിലും അല്പം 'മാനിറച്ചി' കൊടുത്ത് ഇറക്കിക്കൊണ്ടു വരാന്‍ സാധിച്ചാല്‍ ആ കുറവ് പരിഹരിക്കാന്‍ കഴിഞ്ഞേക്കും. ഒരു കാര്യം ഉറപ്പാണ്. വെല്ലുവിളികളെ അതിജയിച്ചു മാധ്യമം പത്രം വിജയിപ്പിച്ചെടുത്ത ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ഈ ചാനലും വിജയിപ്പിച്ചെടുക്കാനുള്ള അക്ഷീണ ശ്രമം നടത്തും. അതിലവര്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കാം. ഇസ്ലാമിക ഭരണകൂടം സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയുള്ള ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന ആശയങ്ങളെ കഴിയുന്നത്ര പുറത്തു കാണിക്കാതെ ഒരു മതേതരമുഖം നിലനിര്‍ത്തി  മുന്നോട്ടു പോവുകയെന്നതായിരിക്കും ആശയതലത്തില്‍ മീഡിയ വണ്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ചാനല്‍ യുദ്ധം മുറുകുന്നതിനനുസരിച്ചു തുപ്പലിറക്കി ചിരി തുടച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമുണ്ട്. ജയശങ്കര്‍, ഭാസുരേന്ദ്ര ബാബു, അജിത, എം എന്‍ കാരശ്ശേരി, എം ഐ ഷാനവാസ്, ഒ അബ്ദുള്ള, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ടി എന്‍ പ്രതാപന്‍ തുടങ്ങിയ 'പ്രതികരണ വ്യവസായി'കള്‍!!.  ന്യൂസ് അവര്‍ സ്റ്റുഡിയോകളിലെ സ്ഥിരം ചെണ്ടക്കാരായ ഇവര്‍ക്ക് ഇനി ശുക്രദശയാണ്‌ വരാന്‍ പോകുന്നത്. ചാനല്‍ കൂടുന്നതനുസരിച്ച് അവരുടെ 'റേറ്റിംഗും' കൂടും. പണ്ട് കോട്ടയം പുഷ്പനാഥിന്റെ മുന്നില്‍ 'മ' വാരികകള്‍ കാത്തു നിന്നിരുന്ന പോലെ ഈ ചെണ്ടക്കാര്‍ക്ക് മുന്നില്‍ ചാനലുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ചര്‍ച്ചകളിലും സംവാദങ്ങളിലും വേണ്ടത്ര കഴിവുള്ള പുതുമുഖങ്ങളെ പങ്കെടുപ്പിക്കാന്‍ ചാനലുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കേട്ട് മടുത്ത ഈ പ്രതികരണ വ്യവസായികളില്‍ നിന്ന് അല്പമൊരു മോചനം മലയാളികള്‍ക്ക് കിട്ടുമായിരുന്നു!!.

കൂടുതല്‍ വാര്‍ത്താ ചാനലുകള്‍ ഉണ്ടാകുന്നത് നല്ലതാണ്. പ്രേക്ഷകര്‍ക്ക്‌ തിരഞ്ഞെടുക്കാനുള്ള അവസരം കിട്ടും. പക്ഷെ ലഗോണ്‍ കോഴികളെപ്പോലെ നിറത്തിലും രൂപത്തിലും തൂക്കത്തിലും ഒരേപോലിരിക്കുന്ന നൂറു ചാനലുകള്‍ ഉണ്ടായിട്ടെന്തു കാര്യം?. റിമോട്ട് ഞെക്കി കൈ കുഴയും എന്നതല്ലാതെ അതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ല. ദാ ഇപ്പോള്‍ മാതൃഭൂമിയില്‍ 'ഡയല്‍ 100'. ഒരു ദിവസത്തെ കുറ്റകൃത്യങ്ങളുടെ കലക്കിയൊഴിക്കല്‍.. എഫ് ഐ ആറിന്റെയും ക്രൈം ഫയലിന്റെയും അതേ മടുപ്പിക്കുന്ന ഫോര്‍മാറ്റ്.. അതേ ബോറന്‍ പരിപാടി.. ഞാന്‍ ഉടനെ വേറൊരു ചാനലിലേക്ക് ചാടി.. ഭാഗ്യം.. അവിടെ ഷഹബാസ് അമന്റെ അതിമനോഹര ഗാനം. കണ്ട് രണ്ടു കണ്ണ്... അവിടെ നങ്കൂരമിട്ടു.


Related Posts
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
ഭാസുരേന്ദ്രന്മാര്‍ ആസുരേന്ദ്രന്മാരാകുമ്പോള്‍