കവര്‍ സ്റ്റോറിക്കാരേ ഓടരുത് !!

മാധ്യമ പ്രവര്‍ത്തകര്‍ നമ്മുടെ സമൂഹത്തിലെ കാവല്‍നായ്ക്കളാണ്. നായ്ക്കളുടെ പ്രധാന പണി കള്ളന്മാര്‍ വരുമ്പോള്‍ ബൌ ബൌ എന്ന് കുരയ്ക്കലാണ്. വെറുതെ കുരച്ചു കൊണ്ടിരിക്കരുത്. ആവശ്യമുള്ളപ്പോള്‍ കുരയ്ക്കണം. വീട്ടില്‍ ആളുള്ള സമയത്തും ഇല്ലാത്ത സമയത്തും ഒരുപോലെ ജാഗ്രത കാണിക്കണം. കൂട്ടില്‍ അപ്പിയിടരുത്, യജമാനനെക്കാണുമ്പോള്‍ വാലാട്ടണം. വല്ലപ്പോഴും ചെരുപ്പില്‍ നക്കണം. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഏത് കാവല്‍നായക്കും എ പ്ലസ് കിട്ടും. ഇപ്പറഞ്ഞ പണികളൊക്കെ കൃത്യമായി ചെയ്ത് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ കുറെ കാവല്‍നായ്ക്കള്‍ നമ്മുടെ മാധ്യമ മേഖലയിലുണ്ട്. അവര്‍ നടത്തിയ തീവെട്ടിക്കൊള്ളയുടെ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നത്.

സര്‍ക്കാരിനെ പറ്റിച്ചു ദശലക്ഷങ്ങള്‍ വിലമതിക്കുന്ന ഫ്ലാറ്റുകള്‍ അടിച്ചെടുത്ത നാല്പത്തിയഞ്ച് പേര്‍. പന്ത്രണ്ടു വര്‍ഷത്തിലധികമായി ലോണ്‍ തുകയില്‍ ചില്ലിക്കാശു പോലും സര്‍ക്കാരിലേക്ക് അടക്കാതെ വിലസുന്ന പകല്‍ മാന്യന്മാര്‍ .  കഴിഞ്ഞ പോസ്റ്റില്‍ അത് വിശദമായി വിവരിച്ചത് കൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഇത്തരമൊരു തട്ടിപ്പ് നടത്തിയത് ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. ഈ കുട്ടിക്കുരങ്ങന്മാര്‍ എല്ലാവരും കൂടെ ചേര്‍ന്ന് നമ്മുടെ വായിലേക്ക് ബ്രേക്കിംഗ് ന്യൂസ്‌ തിരുകി ശ്വാസം മുട്ടിച്ചു കൊല്ലുമായിരുന്നില്ലേ.

സോഷ്യല്‍ മീഡിയകളിലൂടെ തട്ടിപ്പിന്റെ വാര്‍ത്ത കേരളക്കര മുഴുവന്‍ പരന്നതോടെ ന്യായീകരണവുമായി ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. തട്ടിപ്പ് നടത്തിയ നാല്പത്തിയഞ്ച് മാധ്യമ പ്രവര്‍ത്തകരുടെയും പ്രതിനിധിയായി പ്രത്യക്ഷപെട്ട മാന്യദേഹം പറഞ്ഞത് വിചിത്രമായ അസംബന്ധങ്ങളാണ്. സര്‍ക്കാര്‍ ഫ്ലാറ്റിനു വില നിശ്ചയിക്കാത്തത് കൊണ്ടാണ് ഞങ്ങള്‍ പണം അടക്കാത്തത് എന്ന്!!!. പന്ത്രണ്ടു കൊല്ലമായി താമസിക്കുന്ന ഫ്ലാറ്റിനു വിലയിട്ടിട്ടില്ലത്രേ!! ഇതെന്തു കൂത്ത്?. ലോണും ഫ്ലാറ്റും കൈപ്പറ്റി മുദ്രപത്രത്തില്‍ ഒപ്പിട്ടു കൊടുക്കുമ്പോള്‍ അതില്‍ തുക രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പോലും നോക്കാന്‍ കഴിയാത്ത പൊട്ടന്മാരാണോ പത്രക്കാര്‍?. കോഴിക്കോട്ടങ്ങാടിയില്‍ നിന്ന് മത്തിയും അയിലയും വാങ്ങിക്കൊണ്ടു വരുന്ന പോലാണോ സര്‍ക്കാരില്‍ നിന്ന് ലോണെടുക്കുന്നത്. ലോണ്‍ എടുക്കുന്ന തുകയെത്ര, അടക്കേണ്ട തുകയെത്ര, കാല പരിധിയെത്ര എന്നൊക്കെ ഏത് മന്ദബുദ്ധിക്കും മനസ്സിലാകുന്ന രൂപത്തില്‍ നൂറ്റൊന്നു സ്ഥലത്ത് ഒപ്പിട്ടു കൊടുത്താല്‍ മാത്രമേ ഒരു ചില്ലിക്കാശു  സര്‍ക്കാരില്‍ നിന്ന് കിട്ടൂ. ഇവിടെ അനുവദിച്ച ഫ്ലാറ്റുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഫ്ലാറ്റുകള്‍ കൈപറ്റിയ എല്ലാവരില്‍ നിന്നും അടക്കേണ്ട തുകയെത്രയെന്ന് ഹൗസിംഗ് സൊസൈറ്റി രേഖാമൂലം ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്.  പലിശയിനത്തില്‍ ഹൗസിംഗ് ബോര്‍ഡുകാര്‍ മുന്നോട്ടു വെച്ച നിബന്ധനകള്‍ സ്വീകാര്യമായിരുന്നില്ലെങ്കില്‍ ആര് പറഞ്ഞു അത് നിങ്ങളോട് ഒപ്പിട്ടു കൈപ്പറ്റുവാന്‍? അട്ടയുടെ പൊക്കിള്‍ കണ്ട നിങ്ങള്‍ക്ക് ഹൗസിംഗ് ബോര്‍ഡിന്റെ പലിശ രീതിയെന്താണെന്ന് അറിയാനുള്ള വകതിരിവ് ഉണ്ടായില്ലേ?. എല്ലാം തലകുലുക്കി സമ്മതിച്ചു കൊടുത്ത് ഫ്ലാറ്റ് കൈപ്പറ്റിയ ശേഷം തെരുവ് ഗുണ്ടകളെപ്പോലെ പണമടക്കില്ലെന്ന് വാശി പിടിക്കുന്നതിന്റെ അര്‍ത്ഥമെന്ത്?  വാദമനുസരിച്ച് അതിനു വിലയിട്ടിട്ടില്ല എന്ന് തന്നെ വെക്കുക. സര്‍ക്കാര്‍ ഓരോ ഫ്ലാറ്റിനും ഇപ്പോഴത്തെ മാര്‍ക്കറ്റ്‌ അനുസരിച്ച് അറുപതു ലക്ഷം വിലയിട്ടാല്‍ പന്ത്രണ്ടു കൊല്ലമായി ചക്കാത്തിന് കഴിയുന്ന തട്ടിപ്പ് വീരന്മാര്‍ അതടക്കാന്‍ തയ്യാറാകുമോ?

വാദഗതിയുടെ നിജസ്ഥിതി അറിയാന്‍ ഈ നാല്പത്തിയഞ്ചു പേരില്‍ പെട്ട ഒരു സീനിയര്‍ പത്രപ്രവര്‍ത്തകനുമായി ഞാന്‍ സംസാരിച്ചു. സൗഹൃദപൂര്‍വ്വം കാര്യങ്ങള്‍ തിരക്കിയപ്പോള്‍  അദ്ദേഹം എല്ലാം തുറന്നു പറഞ്ഞു. രണ്ടായിരത്തില്‍ ആണ് അദ്ദേഹത്തിനു ഫ്ലാറ്റ് കിട്ടിയത്. മൂന്നു ബെഡ് റൂമുകള്‍ ഉള്ള അതിനു നിശ്ചയിച്ച വില ഒമ്പത് ലക്ഷത്തി മുപ്പതിനായിരം രൂപ. ഓരോ മാസവും അടക്കേണ്ടത്  12,850 രൂപ. അദ്ദേഹം ആദ്യഘഡുക്കള്‍ കൃത്യമായി അടച്ചു. അതോടെ ഫ്ലാറ്റ് നേടിയ മറ്റു തട്ടിപ്പ് വീരന്മാര്‍ ഇടപെട്ടു. ഇനി അടക്കരുത് എന്ന് ആവശ്യപ്പെട്ടു. അടവ് തുടര്‍ന്ന അദ്ദേഹത്തെ ഭീഷണിപ്പെടുത്തി അടക്കുന്നത് നിര്‍ത്തിച്ചു!!!.മന്ത്രി സഭയില്‍ സ്വാധീനവും സമ്മര്‍ദ്ധവും ചെലുത്തി ലോണ്‍ എഴുതിത്തള്ളിക്കാം എന്നതായിരുന്നു അവരുടെ നിലപാട്. കുറച്ചാളുകള്‍ പണം അടച്ചു തുടങ്ങിയാല്‍ അത് നടക്കില്ല. പലിശയുടെ പേര് പറഞ്ഞു ചില പരാതികള്‍ അവിടെയും ഇവിടെയും നല്‍കി. എല്ലാം കൃത്യമായ ആസൂത്രണങ്ങള്‍ ..പണം തിരിച്ചടക്കാതിരിക്കാനുള്ള അസംബന്ധ നാടകങ്ങള്‍ .

മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് പത്ര പ്രവര്‍ത്തകരെ തൊടാന്‍ പേടി. കാവല്‍ നായ്ക്കളല്ലേ.. പിണങ്ങിയാല്‍ അവര്‍ തിരിച്ചു കടിക്കും. അതോടെ മന്ത്രിസഭ തകരും. അതുകൊണ്ട് തന്നെ നിയമം അവര്‍ക്ക് മുന്നില്‍ ഓച്ചാനിച്ച് നിന്നു. പന്ത്രണ്ടു വര്‍ഷമായി ഒരു ചില്ലിക്കാശു പോലും തിരിച്ചടക്കാത്ത മാന്യന്മാര്‍ക്കെതിരെ ചെറുവിരല്‍ അനക്കിയില്ല.  ഡല്‍ഹിയില്‍ നിന്നറങ്ങുന്ന ഇന്ത്യന്‍ എക്സ്പ്രസ്സ്‌ പത്രത്തിന്റെ ലേഖകന്‍ ഷാജു ഫിലിപ്പ് വിവരാവകാശ നിയമ പ്രകാരം രേഖകള്‍ പരിശോധിച്ചു ഈ തട്ടിപ്പ് പുറത്തു വിടുന്നത് വരെ കേരളത്തിലെ മാധ്യമസിംഹങ്ങള്‍ കീരിക്കാടന്‍ ജോസുമാരെപ്പോലെ ഹൗസിംഗ് ബോര്‍ഡിനെ വിറപ്പിച്ചു നടന്നു. 

പ്രചാരത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മനോരമ തന്നെയാണ് തട്ടിപ്പിന്റെയും മുന്നിലുള്ളത്. നാല്പത്തിയഞ്ച് പേരില്‍ പതിനൊന്നു പേര്‍ മനോരമക്കാരാണ്. ഞെട്ടിപ്പിക്കുന്ന വസ്തുത ഈ പതിനൊന്നു പേരില്‍ പത്തു പേരും ചട്ട വിരുദ്ധമായി ഫ്ലാറ്റുകള്‍ മറിച്ച് വാടകയ്ക്ക് കൊടുത്തുകൊണ്ടിരിക്കുന്നു എന്നതാണ്. മനോരമ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയവും ഇതിലുള്‍പ്പെടുന്നു. നല്‍കിയ അഡ്വാന്‍സ്‌ തുകയുടെ മാത്രം പിന്‍ബലത്തില്‍ സര്‍ക്കാര്‍ ഫ്ലാറ്റുകള്‍ ഒരൊറ്റ തവണ പോലും ഘഡുക്കളക്കാതെ മറിച്ചു 'വിറ്റിരിക്കുന്നു'എന്നും പറയാം. ഈ പന്ത്രണ്ടു വര്‍ഷത്തിനിടക്ക് തന്നെ ഫ്ലാറ്റിനു നിശ്ചയിച്ച വിലയേക്കാള്‍ അധികം പണം വാടകയിനത്തില്‍ നേടിയെടുത്തിരിക്കുന്നു ഈ മാധ്യമ വീരപ്പന്മാര്‍ . സ്വന്തമായി വീടുള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ല എന്ന നിബന്ധന നിലവിലിരിക്കെ വ്യാജ സത്യവാങ്ങ്മൂലം നല്‍കിയാണ്‌ സ്വന്തമായി വീടുകളുള്ള ഇവരില്‍ പലരും ഫ്ലാറ്റുകള്‍ തട്ടിയെടുത്തത്.  ഇത്തരം ഫ്ലാറ്റുകള്‍ക്ക് അര്‍ഹരായ പാവപ്പെട്ട പത്രപ്രവര്‍ത്തകരെ തഴഞ്ഞു കൊണ്ടാണ് താപ്പാനകള്‍ അവ വ്യാജ രേഖകളിലൂടെ കയ്യടക്കിയിരിക്കുന്നത് എന്നര്‍ത്ഥം.  നോക്കൂ, അനീതിക്കും അഴിമതിക്കുമെതിരെ പടവാളോങ്ങുന്ന മാധ്യമ സിംഹങ്ങളുടെ തനിനിറം!!.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ, അഴിമതിക്കും അനീതിക്കുമെതിരെ നമ്മളെ ബോധവത്കരിക്കാന്‍ വലിയ വായില്‍ നിലവിളിക്കുന്ന കവര്‍ സ്റ്റോറിക്കാരിക്കുമുണ്ട് ഈ തട്ടിപ്പുമായി ഒരു കണക്ഷന്‍. കവര്‍ സ്റ്റോറി നേരിട്ടല്ല, മനോരമയില്‍ ജോലി ചെയ്യുന്ന സ്റ്റോറിയുടെ ഭര്‍ത്താവാണ് ഫ്ലാറ്റ് എടുത്തിരിക്കുന്നത്. എടുത്ത ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത് ആ കാശ് കീശയിലിട്ട്‌ രണ്ടു പേരും മറ്റൊരു വീട്ടില്‍ താമസിക്കുന്നു!!. ഒരൊറ്റത്തവണയും അബദ്ധത്തില്‍ പോലും കാശ് അടച്ചിട്ടില്ല. കേരളത്തിലെ ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവായിരുന്നു ഇതെങ്കിലെന്നു ഒന്നാലോചിച്ചു നോക്കൂ.. കവര്‍ സ്റ്റോറിയുടെ നാക്ക് നീണ്ടു വന്നു നമ്മുടെ അണ്ണാക്കില്‍ കയറിപ്പിടിക്കുമായിരുന്നില്ലേ!!. ഇനി ആദര്‍ശവും പ്രസംഗിച്ചു സ്റ്റോറിയിങ്ങ് വരട്ടെ.

തിരിച്ചടക്കാത്ത ഈ ലോണ്‍ വിഷയം എന്ത് ചെയ്യണം എന്ന് അന്തിമ തീരുമാനം എടുക്കാന്‍  ധനമന്ത്രി കെ എം മാണി ഈ ആഴ്ചയില്‍ ഒരു യോഗം വിളിച്ചിട്ടുണ്ട്. മാധ്യമലോകത്തിനു മുഴുവന്‍ അപമാനം വരുത്തിവെച്ചിരിക്കുന്ന ഇവറ്റകളില്‍ ഒന്നിനും ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും സര്‍ക്കാര്‍ ഖജനാവിലേക്ക് കിട്ടാനുള്ള പണം ഒരണ കുറയാതെ പിടിച്ചു വാങ്ങുവാന്‍ ആണത്തം കാണിക്കണമെന്നും (അങ്ങനെയൊന്നു ഉണ്ടെങ്കില്‍ ) മന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു. ന്യൂസ്‌ അവറുകാരോടും കവര്‍ സ്റ്റോറിക്കാരോടും ഒരു വാക്ക് കൂടി.  ഓടരുത്.. നിങ്ങളുടെ പിറകെ ജാഗ്രത്തായ ഒരു സമൂഹമുണ്ട്‌. നിങ്ങള്‍ എത്ര ആഴത്തില്‍ പൂഴ്ത്തിവെച്ചാലും  ഞങ്ങളീ വാര്‍ത്ത ജ്വലിപ്പിച്ചു നിര്‍ത്തും. സോഷ്യല്‍ മീഡിയയുടെ ശക്തി എന്താണെന്ന് നിങ്ങള്‍ തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ. (തുടരും)

Follow up Post എഴുതിത്തള്ളില്ല, മാധ്യമ സിംഹങ്ങള്‍ പണമടക്കും

Related Posts
ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു
അമൃത ഷോ - ഏഷ്യാനെറ്റിന് വേള്‍ഡ് കോമഡി അവാര്‍ഡ്‌
മാധ്യമപ്രവര്‍ത്തകര്‍ മുക്കിയ കോടികള്‍ ! ബ്രേക്കിംഗ് ന്യൂസുകാര്‍ എവിടെ   
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു