എഴുതിത്തള്ളില്ല, മാധ്യമ സിംഹങ്ങള്‍ പണമടക്കും

വിവാദം അവസാനിക്കുകയാണ്. ഫ്ലാറ്റ് കുംഭകോണത്തില്‍ അകപ്പെട്ട മാധ്യമ പ്രവര്‍ത്തകരും കേരള സര്‍ക്കാരും ഒത്തുതീര്‍പ്പിലെത്തി. 'ഏയ്‌ ഓട്ടോ'യില്‍ മോഹന്‍ലാല്‍ പറയുന്ന പോലെ ഇനി എല്ലാവരും ഗോ ടു യുവര്‍ ക്ലാസ്സസ് .. ഗോ ഗോ.. പന്ത്രണ്ടു വര്‍ഷമായി ചക്കാത്തിന് കഴിയുകയായിരുന്ന നാല്പത്തിയഞ്ച് മാധ്യമ പ്രവര്‍ത്തകരും മൂന്നു മാസത്തിനുള്ളില്‍ പണമടക്കണം. ധനമന്ത്രി കെ എം മാണിയും മാധ്യമ പ്രതിനിധികളും ഹൗസിംഗ് ബോര്‍ഡ് അധികൃതരും ചേര്‍ന്നാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തീരുമാനിച്ചത്. നല്ല കാര്യം. ഓരോ ഫ്ലാറ്റിനും സര്‍ക്കാര്‍ മുമ്പ് നിശ്ചയിച്ച തുകയും രണ്ടായിരത്തി അഞ്ചു മുതലുള്ള എട്ടു ശതമാനം പലിശയും ഒറ്റത്തവണയായി അടക്കണം. മൂന്നു മാസത്തെ സമയമാണ് ഇതിനു അനുവദിച്ചിട്ടുള്ളത്.

ഈ കുംഭകോണ വാര്‍ത്ത പുറത്തു കൊണ്ട് വന്ന ഇന്ത്യന്‍ എക്സ്പ്രസ്സിനും ലേഖകന്‍ ഷാജു ഫിലിപ്പിനും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ !.. അര്‍ഹിക്കുന്ന പ്രധാന്യത്തോടെ ഈ വാര്‍ത്തയെ  ജ്വലിപ്പിച്ചു നിര്‍ത്തിയ സോഷ്യല്‍ മീഡിയയക്കും അഭിവാദ്യങ്ങള്‍ . ആരെയെങ്കിലും ഇകഴ്ത്തിക്കാണിക്കാനോ തോല്പ്പിക്കാനോ ആയിരുന്നില്ല ഈ വിവാദം. മാധ്യമ പ്രവര്‍ത്തകരോട് ഇവിടെ ആര്‍ക്കും പ്രത്യേക വിരോധവും ഉണ്ടായിരുന്നില്ല. സമൂഹത്തിലെ എല്ലാ രംഗത്തും അനീതിയും അഴിമതിയും തട്ടിപ്പുമെല്ലാം കൊടികുത്തി വാഴുമ്പോള്‍ മാധ്യമ രംഗത്ത്  പുണ്യാളന്‍മാരെ പ്രതീക്ഷിക്കാന്‍ മാത്രം വിഡ്ഢികളായിരുന്നില്ല ആരും. പക്ഷേ ബോധപൂര്‍വം പൂഴ്ത്തിവെച്ച ഒരു മഹാതട്ടിപ്പിന്റെ കഥ സമൂഹത്തില്‍ ചര്‍ച്ചാ വിഷയമാക്കുക എന്നതായിരുന്നു ലക്ഷ്യം. അധികാര കേന്ദ്രങ്ങളുമായി പിന്‍വാതില്‍ ബാന്ധവത്തിലൂടെ സര്‍ക്കാര്‍ പണം പിടുങ്ങാന്‍ ശ്രമിച്ച മാധ്യമ സിംഹങ്ങളുടെ തനിനിറം പുറത്തു കാട്ടുക. അക്കാര്യത്തില്‍ വിജയിച്ചു എന്നതില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ഓരോ സാധാരണക്കാരനും അഭിമാനിക്കാം. പലിശയിനത്തില്‍ ചില ഇളവുകള്‍ സര്‍ക്കാര്‍ ഈ ഒത്തുതീര്‍പ്പ് ഫോര്‍മുല വഴി പത്രക്കാര്‍ക്ക് ചെയ്തു കൊടുത്തിട്ടുണ്ട്. മുന്‍ എല്‍ ഡി എഫ് മന്ത്രിസഭയും സമാനമായ ഇളവുകള്‍ക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്തോ ആകട്ടെ, പണമടക്കുക എന്നതാണ് പ്രധാനം.

ഈ വിഷയകമായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച രണ്ടു പോസ്റ്റുകളും ( 1- മാധ്യമപ്രവര്‍ത്തകര്‍ മുക്കിയ കോടികള്‍ !  2) കവര്‍ സ്റ്റോറിക്കാരേ, ഓടരുത് !! ) കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്തതില്‍ സന്തോഷമുണ്ട്. പതിനായിരക്കണക്കിന് വായനക്കാരാണ് കഴിഞ്ഞ ദിവസം  ഈ ബ്ലോഗിലെത്തിയത്. (പല ഓണ്‍ലൈന്‍ സൈറ്റുകളും ഈ പോസ്റ്റുകള്‍ കോപ്പിയടിച്ചു കൊടുക്കുകയും ചെയ്തു. അതില്‍ വിഷമമില്ല). സോഷ്യല്‍ മീഡിയയില്‍ സജീവമായി ഉയര്‍ന്നുവന്ന ഈ വിവാദം വഴി പല മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത്തിരി വിഷമം ഉണ്ടായിട്ടുണ്ട് എന്നത് നിഷേധിക്കുന്നില്ല. ഞാന്‍ ആദ്യ പോസ്റ്റില്‍ പങ്കു വെച്ച ആശങ്ക ഏറെക്കുറെ സംഭവിക്കുകയും ചെയ്തു.  ഈ വിവാദത്തില്‍ കക്ഷികളായ അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ എന്നോട് പിണങ്ങി. അതിലൊരാള്‍ വളരെ വികാരപരമായി എനിക്ക് എഴുത്ത് എഴുതുകയും ചെയ്തു. ആദ്യ ഘഡു മുതല്‍ പണമടക്കാന്‍ തയ്യാറായതാണ്. പലിശയിനത്തിലുള്ള തര്‍ക്കം കാരണം പൊതുവായ തീരുമാനത്തിന് വഴങ്ങി അടക്കാതിരിക്കുകയായിരുന്നു. "പത്രക്കാരായിപ്പോയി, ഞങ്ങളും മനുഷ്യരാണ് സാര്‍" എന്ന് പറഞ്ഞാണ് ആ കത്ത് അവസാനിക്കുന്നത്. എനിക്കും വിഷമമുണ്ട്. സുഹൃദ് ബന്ധങ്ങളെ എന്നും വിലമതിക്കുന്ന ആളാണ്‌ ഞാന്‍. ഏതാനും ചില പത്രപ്രവര്‍ത്തകര്‍ കുറുക്കു വഴികളിലൂടെ ഈ ലോണ്‍ എഴുതിത്തള്ളിക്കാനും പണമടക്കുന്നത് പരമാവധി താമസിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. അവരുടെ വലയില്‍ ശുദ്ധ ഗതിക്കാരായ മറ്റുള്ളവരും പെടുകയായിരുന്നു എന്ന് വേണം പറയാന്‍.

ഏതായാലും ഈ നാല്പത്തിയഞ്ച് പേരും മൂന്നു മാസത്തിനുള്ളില്‍ പണമടച്ചു തീര്‍ക്കുന്നതോടെ ഒരു പതിറ്റാണ്ടിലധികം നീണ്ടു നിന്ന പ്രശ്നം അവസാനിച്ചു കിട്ടും. പണം സര്‍ക്കാര്‍ ഖജനാവിലേക്ക് വന്ന ശേഷം ഇനി വേണ്ടത് വ്യാജ സത്യവാങ്ങ്മൂലമോ രേഖകളോ സമര്‍പ്പിച്ചു ഫ്ലാറ്റുകള്‍ സമര്‍പ്പിച്ചവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയാണ്. അതിനു പ്രസ്‌ കൌണ്‍സില്‍ തന്നെ മുന്‍കൈ എടുക്കണം എന്നാണു എന്റെ പക്ഷം. അതോടൊപ്പം ഏറ്റവും രസകരമായ വസ്തുത ഈ സംഭവത്തില്‍ കക്ഷികളലല്ലാത്ത മാധ്യമ പ്രവര്‍ത്തകരില്‍ പലരും ഈ വിവാദത്തെ ഇഷ്ടപ്പെട്ടു എന്നുള്ളതാണ്. "ഞങ്ങള്‍ക്ക് എഴുതാന്‍ നിവൃത്തിയില്ല, ഇവന്മാരെക്കൊണ്ട് പണം അടപ്പിക്കണം. സോഷ്യല്‍ മീഡിയയില്‍ നന്നായി കത്തിക്കൂ എന്നാണ്"  ഒരാള്‍ എന്നോട് പറഞ്ഞത്.


 ഇവരൊക്കെയും ഇനി പണമടക്കും.

കഴിഞ്ഞ പോസ്റ്റുകളില്‍  കവര്‍ സ്റ്റോറിയേയും സിന്ധു സൂര്യകുമാരിനെയും കൂടുതല്‍ ഹൈലൈറ്റ് ചെയ്തു എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്ക് നേരെയുള്ള പുരുഷ വര്‍ഗത്തിന്റെ 'കടന്നാക്രമണ'മായി പ്പോലും അത് വിലയിരുത്തപ്പെട്ടു. അത്തരം വാദമുയര്‍ത്തിയവര്‍ക്ക് ആ പോസ്റ്റിന്റെ കമന്റ് കോളത്തില്‍ ഞാന്‍ കൊടുത്ത പ്രതികരണം ഇവിടെ പകര്‍ത്തുകയാണ്.  "ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യയുടെ പേരില്‍ സര്‍ക്കാര്‍ മുതലുമായി ബന്ധപ്പെട്ടു അഴിമതി നടന്നാല്‍ അത് വാര്‍ത്തയാവില്ലേ?. ഇവന്മാര്‍ വാര്‍ത്തയാക്കാറില്ലേ. പിന്നെ സിന്ധുവിന്റെ പേരില്‍ മാത്രം വാര്‍ത്ത‍ വരരുത് എന്ന് പറയന്നതിലെ ന്യായമെന്ത്. ഇവിടെ സിന്ധു ഒരു സാധാരണ വീട്ടമ്മയല്ല. ആയിരുന്നെങ്കില്‍ അവരുടെ പേരും ചിത്രവും ഈ പോസ്റ്റില്‍ ഉണ്ടാവുമായിരുന്നില്ല. അവര്‍ ഭര്‍ത്താവിനെക്കാള്‍ പ്രശസ്തയായ മാധ്യമ പ്രവര്‍ത്തകയാണ്. മാത്രമല്ല, ഉള്ളതും ഇല്ലാത്തതുമായ ഏത് ആരോപണങ്ങളുടെ പേരിലും ആര്‍ക്കെതിരെയും തീപ്പൊരി ചിതറുന്ന വാക്കുകളില്‍ ആഴ്ച തോറും പ്രതികരിക്കുന്ന ആളുമാണ്. എന്ത് കൊണ്ട് ഈ വിഷയത്തില്‍ പ്രതികരിച്ചില്ല. ഒരു കവര്‍ സ്റ്റോറി വന്നില്ല. ലോണെടുത്ത ശേഷം ഒരൊറ്റ തവണ പോലും ഘഡുക്കള്‍ അടക്കാതെ സര്‍ക്കാര്‍ ഫ്ലാറ്റ് വാടകയ്ക്ക് മറിച്ചു നല്‍കി മാധ്യമ പ്രവര്‍ത്തകരായ ഭാര്യാ ഭര്‍ത്താക്കന്മാര്‍ വിലസുമ്പോള്‍ അത് വാര്‍ത്തയാകുന്നത് സ്വാഭാവികമാണ്. ആരും മുതലക്കണ്ണീര്‍ വെറുതെ കളയേണ്ട. മറ്റെപ്പോഴെങ്കിലും ആവശ്യം വരും".

ഒരു പ്രശ്നത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും പ്രമുഖര്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ ആ വിവാദത്തില്‍ നിറഞ്ഞു നില്‍ക്കുക സ്വാഭാവികമാണ്. അതൊരു അത്ഭുതമല്ല, മറിച്ച് അനിവാര്യതയാണ്. ആര്‍ക്കെങ്കിലും മാനസിക വിഷമമുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദമുണ്ട് എന്ന് കൂടി ഉണര്‍ത്തട്ടെ. വാര്‍ത്തകളെ തമസ്കരിക്കാന്‍ പഴയ പോലെ മാധ്യമങ്ങള്‍ക്ക് ഇനി കഴിയില്ല. സോഷ്യല്‍ മീഡിയ ഇന്ന് അത്രമാത്രം ശക്തമാണ്. ഈ വിവാദവും അതിന്റെ പരിണിതിയും സോഷ്യല്‍ മീഡിയയുടെ ശക്തി വിളിച്ചറിയിക്കുന്നു. ഒരു വാക്ക് കൂടി. സോഷ്യല്‍ മീഡിയ പത്ര ദൃശ്യ മാധ്യമങ്ങളുടെ ശത്രു പക്ഷത്തല്ല, മറിച്ച് സൌഹൃദ പക്ഷത്താണ്.  മാധ്യമ സ്ഥാപനങ്ങള്‍ക്ക് വാര്‍ത്തകളും ചിത്രങ്ങളും എത്തിക്കുന്നതില്‍ , പുതുമയുള്ള വിഷയങ്ങളുടെ ത്രെഡുകള്‍ നല്‍കുന്നതില്‍ , മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് മിന്നല്‍ വേഗത്തില്‍ പ്രചാരം നല്‍കുന്നതില്‍ എല്ലാം ഇന്ന് പ്രധാന പങ്കു വഹിക്കുന്നത് സോഷ്യല്‍ മീഡിയകളാണ്. മൂന്നു മാസത്തിനുള്ളില്‍ ഒറ്റത്തവണയായി കാശ് അടക്കാന്‍ കഴിയാത്ത പത്ര പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി പാട്ടപ്പിരിവ് നടത്താനും തയ്യാറാണ് എന്ന് കൂടി ഉണര്‍ത്തട്ടെ. ഗുഡ് ബൈ..

Related Posts
മാധ്യമപ്രവര്‍ത്തകര്‍ മുക്കിയ കോടികള്‍ ! ബ്രേക്കിംഗ് ന്യൂസുകാര്‍ എവിടെ?
കവര്‍ സ്റ്റോറിക്കാരേ, ഓടരുത് !!