November 4, 2011

ഏജന്റുമാരുടെ സമരം, മനോരമ വിറക്കുന്നു.

മനോരമയുടെ കാര്യം എന്തായി, പൂട്ടിയോ? എന്ന പേരില്‍ ഞാന്‍ ഒരു പോസ്റ്റ്‌ എഴുതിയിരുന്നു. എടവനക്കാട്ടുകാരുടെ മനോരമ ബഹിഷ്കരണ സമരത്തെക്കുറിച്ച് എഴുതിയ പോസ്റ്റിന്റെ തുടര്‍ച്ചയായിരുന്നു അത്. അതോടെ മനോരമ വിരുദ്ധന്‍ എന്ന ഒരു ഇമേജ് എനിക്ക് കിട്ടി. അന്ന് കിട്ടിയ ഇമേജിനെ ഒന്നുകൂടി സ്ട്രോങ്ങ്‌ ആക്കാനാണ് ഈ പോസ്റ്റ്‌. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ പത്രം ഇടുന്ന പയ്യനുമായി ഞാന്‍ ഉടക്കി. രണ്ടു പതിപ്പുകള്‍ ഉള്ള മനോരമയുടെ ഒരു പതിപ്പ് മാത്രമേ അവന്‍ വീട്ടില്‍ ഇട്ടുള്ളൂ.  ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ സമരത്തിലാ' എന്ന് മറുപടി.  "എന്തോന്ന് സമരം? കാശ് എണ്ണി വാങ്ങിക്കുന്നുണ്ടല്ലോ?. ഇനി മുതല്‍ പകുതി കാശേ തരൂ". ഞാനും വിട്ടു കൊടുത്തില്ല.

"വെരട്ടല്ലേ സാറേ, പത്രങ്ങള്‍ പേജു കൂട്ടുമ്പോഴും പതിപ്പ് കൂട്ടുമ്പോഴും അത് ചുമന്നു കൊണ്ട് വരുന്ന ഞങ്ങള്‍ക്ക് ഒരു നയാപൈസ കൂടുതല്‍ തരുന്നില്ല. അതുകൊണ്ട് സ്പെഷ്യല്‍ പതിപ്പുകളൊന്നും ഇനി മുതല്‍ കിട്ടില്ല. നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ പത്രം നിറുത്തിക്കോളൂ". നീട്ടിയൊരു ബെല്ലടിച്ചു അവന്‍ സൈക്കിള്‍ വിട്ടു. അതോടെ സമരത്തിന്റെ ഏകദേശ രൂപം എനിക്ക് പിടികിട്ടി. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഈ സമരം തുടങ്ങിയിട്ട് കുറച്ചു നാളായി എന്നാണ്. മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ രണ്ടു പതിപ്പുകള്‍ ഉണ്ടാകുമ്പോള്‍ ഒരു പതിപ്പ് മാത്രമേ വായനക്കാര്‍ക്ക് കിട്ടൂ. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഇറക്കുന്ന സ്പെഷ്യല്‍ പതിപ്പുകളും കിട്ടില്ല. വെണ്ടയ്ക്ക വിത്ത്‌, ഷാമ്പൂ, നായ്ക്കുരണപ്പൊടി തുടങ്ങി ആഴ്ചപ്പതിപ്പുകള്‍ക്കൊപ്പം ഫ്രീയായി കൊടുക്കുന്ന വസ്തുവകകളും വീട്ടില്‍ എത്തില്ല. മലപ്പുറം ജില്ലയില്‍ ഉടനീളം ഈ സമരമുണ്ട് എന്നും അറിയാന്‍ കഴിഞ്ഞു.

കോഴിക്കോട് ജില്ലയിലെ ഏജന്റുമാര്‍ ഇപ്പോള്‍ നടത്തുന്ന സമരം കുറേക്കൂടി സ്ട്രോങ്ങ്‌ ആണ്. അവര്‍ മനോരമ പത്രം വിതരണം ചെയ്യുന്നത് തന്നെ നിര്‍ത്തി. ഏതാണ്ട് രണ്ടു ആഴ്ചയോളമായി കോഴിക്കോട് ജില്ലയില്‍ മനോരമ പത്രം വരിക്കാര്‍ക്ക് കിട്ടുന്നില്ല. ഒരു മുഖപ്രസംഗം എഴുതി ഏജന്റുമാരുടെ സമരത്തെ എതിര്‍ക്കുന്നു എന്ന് വരുത്തിയിട്ടുണ്ടെങ്കിലും കിട്ടിയ ഗ്യാപ്പില്‍ മാതൃഭൂമി അടിച്ചു കയറുകയാണ്. മറ്റു ചെറുകിട പത്രങ്ങളും സന്ദര്‍ഭം ഉപയോഗപ്പെടുത്തി വരിക്കാരെ പിടിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടത്തുന്നുണ്ട്. പത്ര വിതരണക്കാരുടെ ആവശ്യങ്ങള്‍ കേട്ടിടത്തോളം ന്യായമാണ്. അവരുടെ സമരം മനോരമക്കെതിരെ മാത്രമല്ല. എല്ലാ പത്രങ്ങളുടെയും കമ്മീഷന്‍ വ്യവസ്ഥകള്‍ക്കെതിരെയാണ്. ഏജന്റുമാരെ പിഴിയുന്ന കാര്യത്തില്‍ ഏറ്റവും കടുംപിടുത്തം പിടിക്കുന്ന പത്രം എന്ന നിലക്കാണ് മനോരമക്കെതിരെയുള്ള ഇപ്പോഴത്തെ സമരം.


എട്ടു പേജ് പത്രം വിതരണം ചെയ്തിരുന്ന കാലത്ത് ഏജന്റിനു കിട്ടിയിരുന്ന കമ്മീഷന്‍ മുപ്പത്തഞ്ചു ശതമാനമായിരുന്നു. പേജുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മനോരമയും മാതൃഭൂമിയും കമ്മീഷന്‍ കുറച്ചു കൊണ്ടേയിരുന്നു! ഇപ്പോള്‍ ഏജന്റിനു ലഭിക്കുന്ന കമ്മീഷന്‍ ഇരുപത്തിയഞ്ച് ശതമാനമാണ്!. പേജുകളും സപ്ലിമെന്റുകളും കൂടുന്നതിനനുസരിച്ച് പരസ്യ വരുമാനത്തില്‍ കോടികളുടെ ലാഭം കൊയ്യുന്ന പത്ര മുത്തശ്ശിമാര്‍ അവ ചുമന്നു കൊണ്ട് പോയി വിതരണം ചെയ്യുന്ന പാവങ്ങളുടെ കഴുത്തിനു പിടിക്കുന്നു എന്ന് ചുരുക്കം. അധിക പതിപ്പുകളും സപ്ലിമെന്റുകളും ഇറക്കുന്ന ദിവസം കമ്മീഷന്‍ തുകയില്‍ ഒരു നേരിയ വര്‍ധനവ്‌ നല്‍കിയാല്‍ തീരുന്ന പ്രശ്നമാണ് ഇപ്പോള്‍ പത്രവിതരണം തന്നെ നിന്ന് പോകുന്ന ഒരവസ്ഥയിലേക്കു എത്തിച്ചിരിക്കുന്നത്. ഇനിയും ബാലവേല നിരോധിച്ചിട്ടില്ലാത്ത ഏക ഫീല്‍ഡ് പത്രവിതരണമാണ്!. അതിരാവിലെ സ്കൂളില്‍ പോകുന്നതിനു മുമ്പ് പത്ര വിതരണത്തിന് പോകുന്ന കുട്ടികളെ എവിടെയും കാണാം. ഒരു പത്രവും ഇതിനെക്കുറിച്ച് ഫീച്ചര്‍ എഴുതാറില്ല!. അതിരാവിലെ 50 വീടുകള്‍ കയറിയിറങ്ങി പത്രം ഇടുന്ന ഒരു പയ്യന് ഒരു മാസം എജന്റ്റ് നല്‍കുന്നത് 600 ഓ 700 ഓ രൂപയാണ്. ഉറക്കമൊഴിച്ചു ഒരു മാസം കഷ്ടപ്പെടുന്നതിനു പകരം രണ്ടു ദിവസം പെയിന്റിംഗ് പണിക്കു ഹെല്‍പ്പറായി പോയാല്‍ ഇതിലധികം പണം കിട്ടും. തനിക്കു കിട്ടുന്ന തുച്ഛം കമ്മീഷന്‍ തുകയില്‍ നിന്ന് ഇതിലധികം പണം നല്‍കുവാന്‍ ഒരു ഏജന്റിനു കഴിയില്ല എന്നത് സത്യമാണ്. അതുകൊണ്ട് തന്നെ മുതിര്‍ന്നവരെ ഈ പണിക്കു കിട്ടുകയുമില്ല. സത്യത്തില്‍ ബാലവേല നടത്തിക്കുന്ന സാഹചര്യത്തിലേക്ക് ഈ മേഖലയെ തള്ളിവിട്ടത് പത്രവ്യവസായത്തിലൂടെ കൊഴുത്തു തടിച്ച മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങളാണ്.

മനോരമയെ പേടിച്ചു ഈ സമരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒരു പത്രവും ചാനലും വേണ്ട രൂപത്തില്‍ കവര്‍ ചെയ്യുന്നില്ല. സമാന്തര മീഡിയകളായ ഫേസ്ബുക്കിലും ബ്ലോഗുകളിലും പത്രവിതരണം ചെയ്തു ജീവിക്കുന്ന ഈ പാവങ്ങള്‍ വേണ്ടത്ര ഇല്ലാത്തത് കാരണം അവിടെയും അവരുടെ വാര്‍ത്തകള്‍ ഇടം പിടിക്കുന്നില്ല. (മനോരമ ശമ്പളം തരുന്ന ബ്ലോഗര്‍ അല്ല ഞാന്‍.  ആയിരുന്നെങ്കില്‍ ഈ സമരത്തെക്കുറിച്ച് ഞാനും ഒരക്ഷരം മിണ്ടില്ലായിരുന്നു!!!. ). സെപ്റ്റംബര്‍ മൂന്നിനാണ് വിതരണക്കാര്‍ സൂചന സമരം നടത്തിയത്. അന്നേ ദിവസം പത്രം വിതരണം ചെയ്യില്ല എന്നും കെട്ടുകള്‍ അയക്കരുത് എന്നും എജന്റുമാര്‍ പത്രങ്ങളെ അറിയിച്ചിരുന്നെങ്കിലും അവര്‍ അത് അയച്ചു എന്ന് മാത്രമല്ല ബില്‍ തുക ഇടുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധിച്ച ഏജന്റുമാര്‍ക്ക് മുന്നില്‍ മിക്ക പത്രങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറായി. പക്ഷെ മനോരമ മാത്രം വഴങ്ങിയില്ല. അവര്‍ മൂന്നു കൊമ്പുള്ള മുയലിനെ ശൂലത്തില്‍ കുത്തിനിര്‍ത്തി. ഇതാണ് വിതരണക്കാരെ മനോരമക്കെതിരെ മാത്രമായി തിരിയാന്‍ പ്രേരിപ്പിച്ചത്.


വന്‍കിട പത്രങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാന വരുമാനം പരസ്യങ്ങളാണ്. വരിക്കാര്‍ നല്‍കുന്ന പണം മഷി വാങ്ങാന്‍ പോലും തികയില്ല എന്നാണ് പറയാറുള്ളത്. മനോരമ ഒരു ദിവസം രണ്ടു പത്രം ഇറക്കുന്നത്‌ വായനക്കാരനെ സുഖിപ്പിക്കാനല്ല, പരസ്യക്കാരനെ സുഖിപ്പിക്കാനാണ്. എട്ടു പേജില്‍ നിന്നും മുപ്പതു പേജിലേക്ക് പത്രം വളരുമ്പോഴും സാധാരണക്കാരന് ലഭിക്കുന്നത് പഴയ എട്ടു പേജിന്റെ വാര്‍ത്തകള്‍ തന്നെയാണ്. വരിക്കാരന് പത്രം ഫ്രീയായി കൊടുത്താല്‍ പോലും മനോരമാക്കാരന് ലാഭം കിട്ടുന്ന രൂപത്തില്‍ പരസ്യ വരുമാനം കൂടിയിരിക്കുന്നു എന്ന് ചുരുക്കം. പിന്നെ എന്തിനാണ് മഞ്ഞിലും മഴയത്തും മുടങ്ങാതെ അതിരാവിലെ പത്രം  വീട്ടുപടിക്കല്‍ എത്തിക്കുന്ന ഈ പാവങ്ങളുടെ കമ്മീഷന്‍ ശതമാനം വെട്ടിക്കുറക്കുന്നത്?

വിതരണക്കാരുടെ സമരം പൊളിക്കാനായി മനോരമ പതിനെട്ടടവും പയറ്റുന്നുണ്ട്. കൂലിക്ക് ആളുകളെ വെച്ചു ഹൌസിംഗ് കോളനികളിലും ഫ്ലാറ്റുകളിലും പത്രം വിതരണം ചെയ്യുന്നുണ്ട്. മനോരമ ഓഫീസില്‍ വരുന്നവര്‍ക്കെല്ലാം ഫ്രീയായി പത്രം കൊടുക്കുന്നുണ്ട്. എന്നാലും അടിക്കുന്ന കോപ്പികളില്‍ തൊണ്ണൂറു ശതമാനവും ഏജന്റുമാരുടെ പക്കല്‍ അന്ത്യവിശ്രമം കൊള്ളുന്ന അവസ്ഥയാണുള്ളത്.  സമരത്തിന്റെ വാര്‍ത്ത പുറം ലോകം അറിയാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു മനോരമയും പത്രമുതലാളിമാരുടെ സംഘടനയും. പക്ഷെ കാര്യങ്ങള്‍ പിടിവിട്ടു പോകുന്നതായി മനോരമക്ക് ബോധ്യം വന്നു തുടങ്ങിയിട്ടുണ്ട്.  പത്രസ്വാതന്ത്യത്തിനെതിരെ പിന്‍വാതില്‍ പടനീക്കം എന്ന ഇന്നലത്തെ എഡിറ്റോറിയല്‍ അതിന്റെ തെളിവാണ്. അല്പം വിറയല്‍ അവര്‍ക്ക് കുടുങ്ങിയിട്ടുണ്ട് എന്ന് ചുരുക്കം. സി പി എം പോഷക സംഘടനകളാണ് സമരത്തിനു പിന്നില്‍ എന്നാണ് മനോരമയുടെ ഭാഷ്യം. രാഷ്ട്രീയം നോക്കാതെ നിത്യവൃത്തിക്ക് വേണ്ടിയുള്ള ഒറ്റക്കെട്ടായ സമരമാണിതെന്ന് വിതരണക്കാരും പറയുന്നു!.

ചുരുക്കിപ്പറയാതെ നീട്ടിപ്പറഞ്ഞാല്‍ പത്ര വിതരണക്കാരുടെ  സമരം പുരോഗമിക്കുകയാണ്. ഇതിനകം തന്നെ അത് മറ്റു ജില്ലകളിലേക്കും വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. ഇതെവിടെച്ചെന്നു അവസാനിക്കുമെന്ന് ഇപ്പോള്‍ പറയുക വയ്യ. മനോരമയും മാതൃഭൂമിയുമൊക്കെ മലയാളികളുടെ പത്രവായന സംസ്കാരത്തിന്റെ ആവേശകരമായ പാരമ്പര്യം അവകാശപ്പെടാവുന്ന പത്രങ്ങളാണ്. മലയാളികളുടെ ജീവിതത്തിലും അവരുടെ ചിന്തകളിലും നിത്യേന ഇടപെടുന്ന സാംസ്കാരിക സ്ഥാപനങ്ങളാണ് ഈ പത്രങ്ങള്‍ . ഈ രണ്ടു പത്രങ്ങളും മുടിഞ്ഞു പോകണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. അവര്‍ ഇനിയും കൂടുതല്‍ ശക്തിയോടെ നിലനില്‍ക്കണം. പക്ഷേ പത്രവിതരണം നടത്തുന്ന ഈ പാവങ്ങളുടെ ചോര ഇനിയും കുടിക്കരുത്. അവര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ കാര്യത്തില്‍ കൂടുതല്‍ മാനുഷികമായ സമീപനങ്ങള്‍ ഉണ്ടാകണം. മറ്റുള്ളവരെ അന്തസ്സും സംസ്കാരവും പഠിപ്പിക്കാന്‍ ദിവസവും കാണിക്കുന്ന ആവേശത്തിന്റെ പത്തിലൊരംശം സ്വയം നന്നാവാനും കാണിക്കണം. ഗുഡ് ബൈ.  Story update 08 Dec 2011  മംഗളം കാണിച്ച അന്തസ്സ് !

Related Posts
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
ഇത് ലവ് ജിഹാദാണോ മനോരമേ ?
മനോരമയെ എന്തിനാണ് ബഹിഷ്കരിക്കുന്നത്?
മനോരമയുടെ കാര്യം എന്തായി? പൂട്ടിയോ?   

62 comments:

 1. In Kollam, we are paying extra Rs.10/paper or house to support these people. Its utter no-sense to do such CPM style strike or like 'Nokkukooli' in which an organized people can make anything !!!!

  ReplyDelete
 2. ബഷീര്‍ക്കാ, നല്ല പോസ്റ്റ്
  അതിനിടക്ക് ബെര്‍ളിച്ചായനിട്ടൊരു കൊട്ട് കൊട്ടിയല്ലേ

  ReplyDelete
 3. "മനോരമ ശമ്പളം തരുന്ന ബ്ലോഗര്‍ അല്ല ഞാന്‍. ആയിരുന്നെങ്കില്‍ ഈ സമരത്തെക്കുറിച്ച് ഞാനും ഒരക്ഷരം മിണ്ടില്ലായിരുന്നു!!!. )"

  Ithu cheeri...

  ReplyDelete
 4. ബഷീര്‍ക്കാ
  നന്നായി പഠിച്ചെഴുതിയ ഈ ആര്‍ട്ടിക്കിള്‍ നന്നായിട്ടുണ്ട്........

  ReplyDelete
 5. ഹ ഹ ... അനോണി ദിവസം 4 രൂപ പേപ്പര്‍ കാശിനു പുറമേ 10 രൂപ എക്സ്ട്രാ കൊടുക്കുണ്ട് കേട്ടോ .... (മാസം 300 രൂപ വെറുതെ കൊടുക്കുന്നു എന്ന്). ഈ കൊല്ലം കാരുടെ ഒരു കാര്യം ..... മാസം ഓരോ വീട്ടിന്നും 300 രൂപ വെച്ച് ഒരു 50 വീട്ടില്‍ പേപ്പര്‍ ഇട്ടാല്‍ മതിയാര്‍ന്നു ..പിള്ളേര്‍ ഒന്ന് സ്കൂളില്‍ പോയി പഠിക്കേണ്ട ആവശ്യമേ വരില്ല ..പഠിക്കുന്നത് കാശ് ഉണ്ടാക്കാന്‍ ആണല്ലോ .. അത് ഇങ്ങനെ കിട്ടുമ്പോള്‍ സ്കൂളില്‍ പോണോ .... അല്ലെ അനോണി ??
  NB : (വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതല്ലോ , അതാണ്‌ കൊല്ലത്തെ അനോണി പേരില്ലാതെ വന്നു ഇവിടെ കാര്യം പറഞ്ഞത് .... )


  Thanks Basheerkka for a good post.. :)

  ReplyDelete
 6. നന്നായി ബഷീര്‍ക്ക, നന്നായി. ഇന്നത്തെ മനോരമയിലെ ഒരു ന്യൂസ്‌.

  http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10372175&programId=1073753760&tabId=11&contentType=EDITORIAL&BV_ID
  വാര്‍ത്തയ്ക്കു എങ്ങനെ തലക്കെട്ട്‌ കൊടുക്കണമെന്ന് ഇവരില്‍ നിന്ന് പഠിക്കണം.

  ReplyDelete
 7. രണ്ടു പത്രം പ്രസിദ്ധീകരിക്കുന്ന അന്ന് എജെന്റുമാര്‍ക്ക് കമ്മീഷന്‍ കൂടുതല്‍ കൊടുക്കണം എന്ന് പറയുന്നത് ന്യായം. പക്ഷെ, സൂചന പണിമുടക്ക്‌ ദിവസത്തെ പത്രത്തിന് ബില്‍ നല്‍കിയതാണ് സമരത്തിന്‌ കാരണമെന്ന് പറയുന്നത് അത്രയ്ക്ക് വിശ്വസിക്കാമോ.. അന്നത്തെ സമരം കേരളം മൊത്തം ഉണ്ടായിരുന്നു. അത് എല്ലാ പത്രങ്ങളെയും ഭാധിച്ചിരുന്നു. എന്നാല്‍ കോഴിക്കോട് മാത്രമാണ് ഇപ്പോള്‍ മനോരമക്ക് എതിരെയുള്ള സമരം നടക്കുന്നത്. ! കോഴിക്കോട് മാത്രം മനോരമ ബില്‍ നല്‍കിയോ ? കോട്ടയത്തെ മാത് കുട്ടിച്ചയന്‍ കോഴിക്കോട്ടെ എജെന്റുമാരില്‍ നിന്ന് മാത്രം കാശ് വാങ്ങണമെന്ന് നിര്ഭാന്ധം പിടിച്ചോ ? അതിനു സാധ്യതയില്ല. മനോരമക്ക് കേരളത്തില്‍ മുഴുവന്‍ ഒറ്റ നയമായിരിക്കും. അപ്പോള്‍ മറ്റെവിടെയും ഇല്ലാത്ത സമരം കോഴിക്കോട് മാത്രം നടത്താന്‍ എജെന്റുമാരെ നിര്ഭാന്ധിതരാക്കിയത് മറ്റെന്തോ അല്ലെ? കോഴിക്കോട് പത്രത്തില്‍ സി പി എമിനെതിരെ പരമ്പര വരുന്നുണ്ട്. അത് കൊണ്ട് സി പി എം സി ഐ ടി ഉവിനെ ഉപയോഗിച്ച് സമരം സങ്ങടിപ്പിക്കുകയായിരുന്നു എന്നാണ് ചിലര്‍ പറയുന്നത്.. അതില്‍ വല്ല ന്യാവും ഉണ്ടോ ആവോ..?

  ReplyDelete
 8. ഡൂള്‍ ന്യൂസില്‍ വന്ന ലേഖനത്തില്‍ നിന്നും കമന്റില്‍ നിന്നും കടം കൊണ്ടിട്ടുണ്ടല്ലൊ.
  എങ്കിലും ഈ സംഭവം നെറ്റിലൂടെയെങ്കിലും മലയാളികള്‍ അറിയട്ടെ. നന്നായി.

  ReplyDelete
 9. >>>മനോരമ ശമ്പളം തരുന്ന ബ്ലോഗര്‍ അല്ല ഞാന്‍. ആയിരുന്നെങ്കില്‍ ഈ സമരത്തെക്കുറിച്ച് ഞാനും ഒരക്ഷരം മിണ്ടില്ലായിരുന്നു!!!.<<<

  ഇത് ബെര്‍ളിയെ ഉദ്ദേശിച്ചാണ് .... ബെര്‍ളിയെ മാത്രം ഉദ്ദേശിച്ചാണ്.....

  ReplyDelete
 10. @ ‎Rajaskhan Maliyat
  മലബാര്‍ മേഖലയിലാണ് നവംബര്‍ മൂന്നിന്റെ സമരം നടന്നത്. അതിന്റെ പണം അടക്കാത്ത കോഴിക്കോട്ടു ജില്ലയിലെ ആറ് ഏജന്റുമാരുടെ ഏജന്‍സി മനോരമ റദ്ദാക്കി. ഇതാണ് കോഴിക്കോട്ടു ജില്ലയില്‍ സമരം തുടങ്ങാന്‍ പ്രത്യക്ഷ കാരണം ആയത് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. സി പി എം ഈ സമരത്തെ പിന്തുണക്കുന്നുണ്ടാകാം. തികച്ചും സ്വാഭാവികമാണത്. സി പി എം പിന്തുണയ്ക്കുന്നു എന്ന കാരണത്താല്‍ പാവം ഏജന്റുമാരുടെ ന്യായമായ അവകാശങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ലല്ലോ.

  ReplyDelete
 11. someone told me that this is a CPM sponsored strike. true?

  ReplyDelete
 12. സത്യം കുറച്ചുപേരെങ്കിലും തിരിച്ചറിയുന്നല്ലോ...സന്തോഷം

  ReplyDelete
 13. (മനോരമ ശമ്പളം തരുന്ന ബ്ലോഗര്‍ അല്ല ഞാന്‍. ആയിരുന്നെങ്കില്‍ ഈ സമരത്തെക്കുറിച്ച് ഞാനും ഒരക്ഷരം മിണ്ടില്ലായിരുന്നു!!!. )


  ഇരിക്കട്ടെ അവിടെയും ബ്രാക്കെറ്റില്‍ ഒരു "കുത്ത്"

  ReplyDelete
 14. അതാരാ ഈ മനോരമ ശമ്പളം തരുന്ന ബ്ലോഗ്ഗര്‍?

  ReplyDelete
 15. to YUNUS.COOL.......
  am very sorry.....Rs.10/month, from each house...if someone distributing newspaper 100 houses, will get Rs.1000/month. please note that these for just one hour work in a day excluding their commission. The agents suggested about this and people from our side accepted it!!!!

  ReplyDelete
 16. കിട്ടിയ ഗ്യാപ്പില്‍ മാതൃഭൂമി അടിച്ചു കയറുകയാണ്.......ഈ പരാമര്‍ശം ശരിയല്ല... സമരം തുടങ്ങിയ ശേഷം ഒറ്റ കോപ്പി കൂടുതല്‍ അച്ചടിക്കേണ്ട എന്നാണ് മാതൃഭൂമി തീരുമാനം..

  ReplyDelete
 17. ഞാന്‍ ജോലി ചെയ്യുന്നത് മാതൃഭുമിയിലാ...

  മനോരമ കിട്ടാത്തപ്പോള്‍ മാതൃഭൂമിക്കായി ഏജന്റുമാരെ സമീപിച്ചവര്‍ക്കും ഇക്കാര്യം അറിയാം.

  ബ്ലോഗില്‍ പറഞ്ഞ കാര്യം വസ്തുതാപരമായി ശരിയല്ല....... എന്നെ വിശ്വാസമാണെങ്കില്‍ ബ്ലോഗര്‍ക്ക് അത് തിരുത്താം....

  ReplyDelete
 18. മനോരമ, മാതൃഭൂമിയാദി പത്രങ്ങൾ വാങ്ങാൻ വായനക്കാരന്ന് പണം ഇങ്ങോട്ടു തരികയാണ് വേണ്ടത്. അത്രയ്ക്കുണ്ട് പരസ്യങ്ങൾ, ഒരു പക്ഷേ കോട്ടയം കടലാസിൽ വാർത്തയേക്കാൾ കൂടുതൽ പരസ്യങ്ങളാണല്ലോ?


  എന്റെ വീട്ടിൽ മനോരമ വാങ്ങാറില്ല. പക്ഷേ ഞാൻ പഴയ മനോരമ പത്രം പലേടത്തു നിന്നും ആഴ്ചയിൽ രണ്ടെന്ന വകയിൽ പൊക്കിക്കൊണ്ടോകാറുണ്ട്:
  കുട്ടി തൂറിക്കഴിഞ്ഞാൽ തോർത്താൻ ഇതിലും നല്ലൊരു സാധനം മാർകറ്റിൽ വേറെയില്ല!

  ReplyDelete
 19. നല്ല പോസ്റ്. ആദ്യമായി തൊഴിലാളികളുടെ ഭാഗത്ത് നിന്ന് എഴുതിയതിന് അഭിനന്ദനങള്‍. കുഞ്ഞു മക്കളെ പോറ്റാന്‍ രാത്രി മൂന്ന് മണിക്ക് മഴയായാലും മഞ്ഞായാലും എഴുന്നേറ്റ് ജോലി ചെയ്യുന്ന വിതരണക്കാരുടെ വേദന കള്ളപ്പണക്കാരന്‍ അച്ചയാന് എവിടെ മനസ്സിലാകാന്‍.

  ReplyDelete
 20. ഡിയര്‍ ബഷീര്‍ക്കാ,
  നല്ല പോലെ ഹോം വര്‍ക്ക്‌ ചെയ്തു എഴുതിയ പോസ്റ്റിനു നൂറില്‍ നൂറു മാര്‍ക്ക് ഉണ്ട്.പിന്നെ പത്താം തരെ പഠിക്കുമ്പോള്‍ ഓരോ മാസവും കിട്ടിയ കമ്മീഷന്‍ ഉപയോഗിച്ച് സ്കൂളിലെ ടൂറി നു പോയാലുള്ള സുഖം ഈ അടിയന്‍ അനുഭവിച്ചതാണ്,അതൊന്നു വേറെ ഒന്ന് തന്നെയാണ് .

  ReplyDelete
 21. @rajith ram
  മാതൃഭൂമിയില്‍ ജോലിയ ചെയ്യുന്ന വ്യക്തി എന്ന നിലക്ക് പത്രത്തിന്റെ പ്രഖ്യാപിത പോളിസി ആയിരിക്കാം താങ്കള്‍ പറഞ്ഞത്. പ്രായോഗിക രംഗത്ത്‌ അങ്ങനെയൊരു പോളിസി നടപ്പിലാക്കാന്‍ മാതൃഭൂമിക്കെന്നല്ല ഒരു പത്രത്തിനും കഴിയില്ല. സമരത്തിന്റെ ആദ്യ നാളുകളില്‍ മാതൃഭൂമി തകര്‍ത്ത് മുന്നേറി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മനോരമയുടെ പരാതിയും ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ ഇടപെടലിനെയും തുടര്‍ന്ന് ഇങ്ങനെയൊരു നിലപാട് എടുത്തിട്ടുണ്ടാവാം. ഈ സമരം മാതൃഭൂമിക്ക് എതിരെയും കൂടിയാണല്ലോ. കോപ്പി കൂടുതല്‍ ചോദിക്കുന്ന എജന്റിനോട് കോപ്പി തരില്ല എന്ന് ഏതു പത്രം പറയും?. മനോരമയില്ല, മാതൃഭൂമി തരാം എന്ന് പറയുന്ന പത്രവില്പനക്കാരനെ കോഴിക്കോട്ട് എവിടെയും കാണാന്‍ പറ്റും. ദേശാഭിമാനിയും മാധ്യമവും പകരം നിര്‍ദേശിക്കുന്ന പത്രവില്പനക്കാരും ഉണ്ട്.

  ReplyDelete
 22. It's not about Manorama loosing few copies others making benefit of it. I am worried about the changes taking place in Kerala society. People like to read newspapers as they used to be. Print media industry makes profit more and more papers starting new editions. Three months ago I met an Auto driver, his early morning job newspaper distribution in Vatakara. He started talking about increasing rates of crimes and support of politicians to anti social elements etc. "Everyone wants to become overnight rich. For that they are ready to do any evil thing. Do you remember some 10-15 years ago, we the newspaper agents or delivery boys were the first to arrive at your doorsteps. Like a quiz master he asked, who comes first in the morning to your houses? nOT THE NEWSPAPER BOY OR MILMA BOY... Blade agents ( financial institutions whom charge exorbitant rates for loans) in two wheelers approach your household and offer whatever money you required. Give documents of your property and avail their blade loans, they know how to utilise it. The job of a blade agent gives very attractive returns to them. Many of the newspaper agents and delivery boys left the field anticipating better fortunes. Very soon, you will hear news about disruption of newspaper distribution in Kerala" .. And now while going through your blog post I just thought about the vadakara auto driver's predictions. I am very much concerned about future of our society. Blade mafia, illicit liqour trade, drug influence, criminalisation of politics, sex related crimes .. etc are inter related. As you remarked in article, do you think if MM management gives a little hike will the agents share with boys whom work as part time delivery boys? That amount will also go to their pockets. Sure.

  ReplyDelete
 23. പ്രിയമുള്ള വള്ളിക്കുന്ന്,താങ്കളുടെ പോസ്റ്റ്‌ വസ്തുതാപരമായി ശരിയല്ല.ഇപ്പോഴത്തെ സമരം തുടങ്ങിയത് മറ്റൊരു കാരണം പറഞ്ഞു കൊണ്ടാണ്.ഏജന്റുമാര്‍ തലേമാസത്തെ പത്രത്തിന്റെ വിലയുടെ പകുതി പിറ്റേ മാസം പതിനഞ്ചാം തിയ്യതി അടക്കണം.ബാക്കി പകുതി, മാസ അവസാനവും അടക്കണം.പതിനഞ്ചാം തിയ്യതി അടക്കുന്ന പകുതി പൈസയും മാസാവസാനത്തിലേക്ക് ആക്കണം എന്നായിരുന്നു ഡിമാണ്ട്.മനോരമ ഒഴിച്ച് ബാക്കി പത്രങ്ങളെല്ലാം അങ്ങിനെ ആണത്രേ.വെറും മുന്നൂറു പത്രം ഉള്ള ഒരാളാണ് ഞങ്ങളുടെ ഏജന്റ്.പത്രം വിതരണം ചെയ്യാന്‍ അയാള്‍ തയ്യാറാണ്.അല്‍പ്പം വൈകി മൂന്നു ദിവസം പത്രം തരികയും ചെയ്തു.പിറ്റേന്ന് സി.ഐ.ടി.യു.ക്കാരും ഡി.വൈ.എഫ്.ഐ.ക്കാരും ചേര്‍ന്ന് അയാളെ ഓടിച്ചു.പത്രം കിട്ടാതായപ്പോള്‍ ഞാന്‍ മനോരമയിലെ ഒരു സുഹൃത്തിനെ വിളിച്ചു.പതിനഞ്ചാം തിയതി പകുതി പൈസ അടക്കേണ്ടതാണ് .പക്ഷെ വിഷമം പറയുന്നവര്‍ക്കെല്ലാം അത്‌ മുപ്പതാം തിയതി ആക്കി കൊടുക്കുന്നുണ്ട് എന്നാണു എനിക്ക് കിട്ടിയ മറുപടി.ഏജന്റമാരോടു അന്യോഷിച്ചപ്പോള്‍ സംഗതി സത്യമാണ്.ഇതിനിടെ ഞങ്ങളുടെ ഏജന്റ് ഒരു ദിവസം പത്രം ഇട്ടു.പിറ്റേന്ന് തല്ലു പേടിച്ചു അയാള്‍ വിതരണം നിര്‍ത്തി.കോഴിക്കോട് ജില്ലയില്‍ മനോരമക്ക് എതിരെ സി.പി.എം നടത്തുന്ന നിഴല്‍ യുദ്ധം ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലേക്കും വ്യാപിപ്പിച്ചിരിക്കയാണ്.മനോരമക്ക് പുറമേ മാതൃഭൂമിയും അവിടെ ഉപരോധത്തിലാണ്.മനോരമയെ സി.പി.എം നേരിട്ടപ്പോള്‍ സന്തോഷിച്ച മാതൃഭൂമിയും മറ്റു പത്രങ്ങളും ദുഖിക്കാന്‍ ഇരിക്കുന്നെ ഉള്ളു.നാളെ നമ്മളൊക്കെ ദേശാഭിമാനി മാത്രം വായിച്ചാല്‍ മതി എന്ന് ആരെങ്കിലും തീരുമാനിച്ചു എന്ന് വരും.സി.പി.എമ്മിന്റെ സമ്മേളനങ്ങളെക്കുറിച്ച് മനോരമ പ്രസിദ്ധീകരിച്ച തുടരനാണ് യഥാര്‍ത്തത്തില്‍ ഈ സമരത്തിന്‌ കാരണം.പത്രങ്ങള്‍ നിലനില്‍പ്പിനു ഭീഷണി നേരിടുന്ന കാലമാണിത്.വായനക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു.വിതരണത്തിന് കുട്ടികളെ കിട്ടാനും വിഷമമുണ്ട്.പക്ഷെ ഏജന്റുമാര്‍ പത്തു രൂപ സര്‍വീസ് ചാര്‍ജ് എന്നപേരില്‍ വാങ്ങുന്ന വിവരം മറന്നു കൂട.പത്രത്തിന്റെ വില കൂട്ടിയാല്‍ അതും പ്രശ്നമാകും.നമ്മള്‍ പലരും ഇ പത്രം വായിക്കുന്നവരായത് കൊണ്ട് സമരം നമ്മളെ ബാധിക്കുന്നില്ല.പക്ഷെ പത്രം വരുന്നത് കാത്തിരിക്കുന്ന ധാരാളം ആളുകളുണ്ട്.അവരെ മറക്കരുത്.ആട്ടിന്‍ കുട്ടികള്‍ ഇടി കൂടിയപ്പോള്‍ ഇടക്ക് നിന്നു രക്തം നുണഞ്ഞിരുന്ന കുറുക്കന്റെ കഥ വള്ളിക്കുന്ന് മറക്കരുത്.

  ReplyDelete
 24. കോണ്ഗ്രസ്സിന്റെ പ്രമോഷന് ചാനലായി പ്രവര്ത്തിക്കുന്ന മനോരമ, എല്.ഡി.എഫിന് ദേശാഭിമാനി, ലീഗിന് ചന്ദ്രിക, ഇതെല്ലാം നിര്ത്തണം

  ReplyDelete
 25. basheerka pathrathinte 25% profit aayi kodukkunnadhum pora ennu parnji samaram cheyyunnavare ningale polullavar prolsahippikkaruthu,ethrayo kodikal mudhal mudakki business cheyyunnavarkku onnum nalkaruthennu paryunnadhu kashtamaanu,maarunna tecnolaogy kkanusarichu kodikal vilamahikkunna puthiya machinerikal itharam sthapangal vangunnadu kondaanu malayaligal innethepole aswathichu pathram vayikkunnadhu,kooduthal manssilaakaan km matwu vinte athmakatha aaraamathe modhiram basheerka vayikkunnadhu nannayirikkum

  ReplyDelete
 26. @COT Azeez
  I agree with you. Our society is changing rapidly. but, most of the changing symptoms are not on the right track. As far as the current newspaper distribution system is concerned, nobody could ignore the pathetic remuneration paper boys gets. If Agents get better commissions, sure, a portion of it would pass on to the boys. Paper Industry should realize that the sweat of paper boy is one of the basic 'investment', and they should get paid for it.

  ReplyDelete
 27. This comment has been removed by a blog administrator.

  ReplyDelete
 28. ഈ ബ്ലോഗില്‍ വഴി തെറ്റി വന്നതാനെങ്ങിലും............വൈകി എത്തിയതില്‍ സോറി സോറി.....

  ReplyDelete
 29. @ vettathan
  താങ്കള്‍ പറയുന്നത് പ്രശ്നത്തിനെ ഒരു വശമാണ്. ഞാന്‍ മനസ്സിലക്കിയേടത്തോളമുള്ള വസ്തുതകള്‍ വെച്ചാണ് ഈ പോസ്റ്റ്‌ എഴുതിയത്. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്.

  ഇന്ത്യന്‍ ന്യൂസ്‌ പേപ്പര്‍ സൊസൈറ്റിക്ക് പത്ര ഏജന്റുമാര്‍ നല്‍കിയ പ്രധാന ആവശ്യങ്ങള്‍ രണ്ടാണ്. ഒന്ന് കമ്മീഷന്‍ അമ്പതു ശതമാനമായി ഉയര്‍ത്തുക. ഉത്സവ കാല ക്ഷാമ ബത്ത അനുവദിക്കുക. സപ്ലിമെന്റുകളും special പതിപ്പുകളും പ്രത്യേകം പ്രത്യേകം അയക്കാതെ പത്രത്തിനുള്ളില്‍ സോര്‍ട്ട് ചെയ്തു അയച്ചു തരിക തുടങ്ങിയ ചെറുകിട ആവശ്യങ്ങളും അവര്‍ക്കുണ്ട്. (സമരത്തെക്കുറിച്ച് അവര്‍ പുറത്തിറക്കിയ നോട്ടീസുകളില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്). ഇതിനു വേണ്ടിയാണ് സെപ്റ്റംബര്‍ മൂന്നിലെ സൂചന സമരം നടന്നത്. മുന്‍കൂട്ടി അറിയിച്ചിട്ടും അന്നേ ദിവസം പത്രക്കെട്ടുകള്‍ അയക്കുകയും ബില്‍ അടക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത മനോരമാക്കെതിരെയാണ് സമരം. ബില്‍ അടക്കാത്തവരുടെ പത്രക്കെട്ടുകള്‍ റദ്ദു ചെയ്തതാണ് ഇപ്പോഴത്തെ സമരത്തിന്റെ പ്രത്യക്ഷ കാരണമായത്. കോഴിക്കോട് ജില്ല ന്യൂസ്‌ പേപ്പര്‍ വിതരണ അസോസിയേഷന്‍ സെക്രട്ടറി കെ എ നാസറിന്റെ പ്രസ്താവന ഈ ചാനല്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്

  ReplyDelete
 30. കാസര്‍ക്കോട്ട് ജില്ലയിലെ പത്രവിതരണ അസോസിയേഷന്റെതായി ഇന്നലെ വന്ന റിപ്പോര്‍ട്ട്‌ കൂടി വായിക്കുക.

  പത്ര ഏജന്റുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കാസര്‍കോടും സമരം വ്യാപിപ്പിക്കും
  "കാസര്‍കോട് : പത്ര വിതരണം നടത്തുന്ന ഏജന്റുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നടന്നുകൊണ്ടിരിക്കുന്ന സമരം കാസര്‍കോട് ജില്ലയില്‍ കൂടി വ്യാപിപ്പിക്കുമെന്ന് ഓള്‍ കേരള ന്യൂസ് പേപ്പേര്‍സ് ഏജന്റ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറ്റു തൊഴിലാളികള്‍ക്ക് പെന്‍ഷനും, മറ്റു ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ പത്ര മേഖലയില്‍ ജോലി ചെയ്യുന്ന ഏജന്റുമാരെ വന്‍കിട പത്ര മാനേജ്‌മെന്റുകള്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ്. സെപ്റ്റംബര്‍ 3 ന് പത്രവിതരണം നടത്തില്ലെന്ന് പ്രഖ്യാപിച്ച് സമരം ചെയ്യുമെന്ന് 20 ദിവസങ്ങള്‍ക്കു മുമ്പ് പത്ര മാനേജ്‌മെന്റുകള്‍ക്ക് രേഖാ മൂലം കത്ത് നല്‍കിയിരുന്നു. എന്നിട്ടും അന്നേ ദിവസം എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ച് പോലീസിന്റെ സഹായത്തോടുകൂടി ഏജന്റ്മാര്‍ക്ക് പത്രങ്ങള്‍ എത്തിക്കുകയായിരുന്നു. പത്ര വിതരണം ചെയ്യാന്‍ ഏജന്റുമാര്‍ തയ്യാറായില്ല. ആ ദിവസത്തെ പത്രത്തിന്റെ തുക കുറച്ച് തരാന്‍ മറ്റു പത്രങ്ങള്‍ തയ്യാറായപ്പോള്‍ മാതൃഭൂമിയും, മനോരമയും മാത്രം അതിനു തയ്യാറായില്ല. കണ്ണൂരും കോഴിക്കോടും ആ ദിവസത്തെ ബില്‍ തുക അടക്കാത്ത ഏജന്റുമാരുടെ പത്രം തടഞ്ഞുവെച്ചപ്പോഴാണ് സമരം തുടങ്ങിയത്. അതേപ്പോലെ തന്നെ കാസര്‍കോട് ജില്ലയിലെ സമരദിവസത്തെ ബില്‍ അടക്കാത്തവരുടെ പത്രം തടഞ്ഞുവെച്ചാല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി."

  ReplyDelete
 31. This comment has been removed by a blog administrator.

  ReplyDelete
 32. ഏഴാം തിയതി തൊട്ടു മാതൃഭൂമിയുടെ കെട്ടും തടയുമെന്നാണ് പുതിയ വാര്‍ത്ത.മൂന്നാം തിയതിയിലെ പത്രത്തിന്റെ പൈസ മാതൃഭൂമിയും മനോരമയും ഇളവു ചെയ്തില്ല എന്നതാണ് കാരണമെങ്കില്‍ മനോരമക്ക് എതിരെ മാത്രം സമരം തുടങ്ങാന്‍ കാരണം എന്താ?അപ്പോള്‍ അത്‌ വെറും പറച്ചിലാണ്.സി.പി.എമ്മിനെക്കുറിച്ചുള്ള പരമ്പരയ്ക്കുള്ള മറുപടി തന്നെ ആണ് സമരം.മെട്രോ പതിപ്പുകള്‍ ഇറക്കുന്ന പത്രങ്ങള്‍ അത്‌ ഒന്നായി കൊടുക്കുവാനുള്ള ശ്രമം തുടങ്ങിയിരുന്നു.അത്‌ ഏജന്റമാര്‍ക്കും അറിയാം.പത്ര വിതരണം ഒരു full time പണിയല്ല എന്ന കാര്യം മറക്കരുത്.സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് ചെറിയ വരുമാനത്തിനുള്ള വഴിയാണത്.അവര്‍ക്ക് പൈസ കൂട്ടി കൊടുക്കുന്നതില്‍ തെറ്റില്ല.ഏതെങ്കിലും പത്ര മുതലാളി സ്വന്തം പോക്കറ്റില്‍ നിന്നു എടുത്തു അങ്ങിനെ ചെയ്യുമെന്ന് കരുതരുത്.

  ReplyDelete
 33. താങ്കളുടെ ബ്ലോഗ്‌ വായിച്ചു വസ്തുതകള്‍ ശരിയല്ല ഇന്ത്യയില്‍ മറ്റ് ഭാഷാ ദിന പത്രങ്ങള്‍ നല്‍കുന്ന കമ്മീഷന്‍ തന്നേയാണ്‌ മലയാള പത്രങ്ങളും നല്‍കുന്നത് പിന്നേ ഈ സമരം ചെയ്യുന്ന ഏജന്‍റ്മാര്‍ ദേശാഭിമാനി വിതരണം ചെയ്യുന്നുണ്ടല്ലോ! ദേശഭിമാനി കമ്മീഷന്‍ ഇതുവരേയായും കൂട്ടിയിട്ടില്ലല്ലോ അപ്പോള്‍ മാതൃഭൂമി മനോരമയോട് മാത്രം എന്തേ അയിത്തം പയ്യന്നൂരിലും പാനൂരിലുമൊക്കെ ഡിഫിക്കാരാണ്‍ പത്രക്കെട്ടുകള്‍ നശിപ്പിക്കുന്നത് അത് താങ്കള്‍ക്ക് അറിയാമോ ഒന്നിനെ പറ്റി എഴുതുമ്പോള്‍ ആ ഇന്‍ഡസ്ട്രിയേപറ്റി ചെറുതായി ഒന്ന് മനസിലാക്കുന്നത് നല്ലതാണ്‌ പിന്നേ ബ്ലോഗ് എന്നാല്‍ ഒരു പൊതുകക്കൂസല്ല അങ്ങിനെ ആക്കരുത് പ്ളീസ്

  ReplyDelete
 34. This comment has been removed by the author.

  ReplyDelete
 35. നിങ്ങളെന്താ എല്ലാവരും വിഷയം മറ്റൊരു വഴിക്ക് തിരിച്ചു വിടുന്നത് ?
  എന്തൊക്കെ പറഞ്ഞാലും ഇതിന്റെ ഉള്ളിലുള്ള പ്രശ്നങ്ങള്‍ ഏജന്റുമാര്‍ പറയുന്നത് തന്നെയാണ് .മനോരമാക്കും മാതൃഭൂമിക്കും ആണ് ഈ സമരം കൂടുതല്‍ ബാധിക്കുക .പണ്ടു എത്ര പേജ് ഉണ്ടായിരുന്നു പത്രം? ഇപ്പൊ എത്രയുണ്ട്?അത് മാത്രം നോക്കിയാല്‍ മതി.ഈ കൂട്ടത്തില്‍ സമരത്തെ എതിര്‍ക്കുന്ന ആരെങ്കിലും ഒരേ ജോലിക്ക് പഴയ കൂലി വാങ്ങാന്‍ തയ്യാറാണോ?
  പിന്നെ പത്രം ഏജന്റുമാര്‍ മാത്രം എന്തിനു കൂടുതല്‍ ജോലി കുറഞ്ഞ കൂലിക്ക് ചെയ്യണം ?
  കാര്യം പറഞ്ഞത് വളരെ നന്നായി ബഷീര്‍ക്ക.
  സമരത്തെ എതിര്‍ക്കുന്നവരെ കൂക്കി വിളിക്കണം

  ReplyDelete
 36. ഹോ
  എന്തായാലും പോസ്റ്റ് ഇട്ടതു നന്നായി . ഇനി വല്ല പ്യ്സയും തന്നാലോ?

  ReplyDelete
 37. തീരെ പഠിക്കാതെ .one side ആക്കി എഴുതിയ സ്റ്റോറി . കുറച്ചു കൂടെ അന്വേഷിച്ചു എഴുതാമായിരുന്നു

  ReplyDelete
 38. (മനോരമ ശമ്പളം തരുന്ന ബ്ലോഗര്‍ അല്ല ഞാന്‍. ആയിരുന്നെങ്കില്‍ ഈ സമരത്തെക്കുറിച്ച് ഞാനും ഒരക്ഷരം മിണ്ടില്ലായിരുന്നു!!!. ).

  ithu berlikkitytu thanne!!!!!....basheer kollaam....

  ReplyDelete
 39. (മനോരമ ശമ്പളം തരുന്ന ബ്ലോഗര്‍ അല്ല ഞാന്‍. ആയിരുന്നെങ്കില്‍ ഈ സമരത്തെക്കുറിച്ച് ഞാനും ഒരക്ഷരം മിണ്ടില്ലായിരുന്നു!!!. ).
  ithu berlikkuittu thane..!!!? nannaayirikkunnu

  ReplyDelete
 40. സമരങ്ങൾ വിജയിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വളരേ വലുതാണ്. ഹസാരേയുടെ കാര്യത്തിലും ഇറോം ഷർമ്മിളയുടെ കാര്യത്തിലും മാധ്യമധർമ്മത്തിന്റെ രണ്ട് മുഖങ്ങൾ നാം കണ്ടതാണ്. മാധ്യമമുത്തശ്ശി എന്നാരോ അറിയാതെ വിളിച്ചുപോയ "ദാഹമടങ്ങാത്ത" മനോരമ എന്ന മാധ്യമയക്ഷിക്കെതിരെ തന്നെ സമരം നടക്കുമ്പോൾ കേരളമാധ്യമങ്ങൾ അത് തമസ്കരിക്കുന്നതിൽ അത്ഭുതമില്ല. വായിക്കാൻ കാര്യമായൊന്നുമില്ലാത്ത മനോരമയെന്ന കടലാസുകെട്ട് കാശുകൊടുത്ത് വാങ്ങിക്കുന്നവരാണ് ആ സ്ഥാപനത്തെ അനർഹമായ വലിപ്പം നൽകൊ മഹദ്‌വൽക്കരിച്ചത്. പണിയെടുക്കുന്നവന് അർഹമായ കൂലികൊടുക്കാത്ത മാടമ്പിത്തരം കാണിക്കുന്നവർ ആരായാലും സത്യം വിളിച്ചുപറയപ്പെടേണ്ടതു തന്നെ. അതിന് ആണത്തം കാണിച്ച വള്ളിക്കുന്നിന് മാമ്മന്‌മാപ്പിള സ്മാരക അവാർഡ് ലഭിച്ചേക്കാൻ സാധ്യതയുണ്ട്!!

  ReplyDelete
 41. സ്ഥിരമായി വായിക്കുന്ന പത്രം (കുപ്പിയും) രണ്ടു ദിവസം കിട്ടിയില്ലെങ്കില്‍ brandu മാറ്റുന്നവരല്ല മലയാളികള്‍. ആരൊക്കെ എന്തൊക്കെ സമരം ചെയ്താലും മറ്റൊരു പത്രത്തിന്നു ആവശ്യക്കാര്‍ കൂടുന്നുന്ടെങ്കില്‍ അത് താല്‍കാലികം മാത്രമാണ്. സമരം തീര്‍ന്നാലും ഇല്ലെങ്കിലും ശീലമായ വായന അനുഭവം പുതിയ ഒരു പത്രത്തിനും അത്ര പെട്ടന്ന് മാറ്റാന്‍ കഴിയില്ല. സ്ഥിരം വരിക്കാര്‍ എങ്ങനെയും പഴയ പത്രം സംഘടിപ്പിചിരിക്കും. ഈ management strategy മാതൃഭൂമിക്കും നന്നായി അറിയാം. പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ അവര്‍ ശ്രമിക്കില്ല. അവര്‍ക്കറിയാം ദിവസവും 17 ലക്ഷത്തിലേറെ കോപ്പികള്‍ വില്‍ക്കുന്ന മനോരമക്കിതു ഒന്നുമല്ലെന്ന് (കോട്ടയം ഭാഷയില്‍ പറഞ്ഞാല്‍ മത്തായിക്കിത് മൈ**)

  ReplyDelete
 42. It is not a question of whether Manorama or Mathrubhoomi is now getting worried or are scared of the strike or the strike brought them in such a juncture. Everyone has the right to strike. Like that the other party has the right to know what for the strike is.Instead of telling what the reality is giving some fake reasons to the public is like the Sikhandi against Bheeshma. Be open minded and show the courage to tell the truth.

  ReplyDelete
 43. It is not a question of whether Manorama or Mathrubhoomi is now getting worried or are scared of the strike or the strike brought them in such a juncture. Everyone has the right to strike. Like that the other party has the right to know what for the strike is.Instead of telling what the reality is giving some fake reasons to the public is like the Sikhandi against Bheeshma. Be open minded and show the courage to tell the truth.

  ReplyDelete
 44. മനോരമയെ കുറിച്ച് എന്തും പറഞ്ഞോളൂ.... കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിലെ പ്രതിപക്ഷം മനോരമ മാത്രമായിരുന്നു എന്ന് മറക്കരുത് ...

  മനോരമക്ക് പകരം മാധ്യമം കൊണ്ടു തന്ന ചെക്കനോട് ചെറുതല്ലാത്ത ദേഷ്യം തോന്നി... ഒന്നും പറഞ്ഞില്ല ... തല്‍കാലം മാതൃഭൂമി വായിക്കാം ... മനോരമ epaper ല്‍ ഇവിടെ epaper.manoramaonline.com വായിക്കുന്നു

  ReplyDelete
 45. "സത്യത്തില്‍ ബാലവേല നടത്തിക്കുന്ന സാഹചര്യത്തിലേക്ക് ഈ മേഖലയെ തള്ളിവിട്ടത് പത്രവ്യവസായത്തിലൂടെ കൊഴുത്തു തടിച്ച മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങളാണ്."
  എന്ന് പറഞ്ഞതിന് പകരം, ബാലവേല ചെയ്യിച് ഇവരെല്ലാം തടിച്ചു കൊഴുത്തു എന്ന് പറയാമായിരുന്നു

  ReplyDelete
 46. ഇനി എന്തുതന്നെയായാലും മനോരമ തങ്ങള്‍ക്ക് കേരളീയര്‍ നല്‍കിയ അന്ഗീകാരത്തിനോട് നീതി പുലര്‍ത്താന്‍ തയ്യാറായിട്ടില്ല. ലവ് ജിഹാദ് പോലുള്ള സാമുദായീക പ്രശ്നങ്ങളില്‍ ഒരു നിഷ്പക്ഷ റോള്‍ ആണ് തങ്ങള്‍ സ്വീകരിക്കുന്നത് എന്ന് വരുതിത്തീര്‍കുകയും ഇല്ലാത്ത ഒരു സംഭവത്തിന്‍റെ പേരില്‍ പാവപ്പെട്ട ഹിന്ദു സമുദായക്കാരെ തെറ്റുദ്ദരിപ്പിക്കുകയും അതിന്റെ പേരില്‍ കോഴിക്കോട്ടെ മുസ്ലിം സ്ഥാപനത്തിലേക്ക്‌ ജനകീയ മാര്‍ച്ച്‌ നടത്തുന്ന അവസ്ഥയിലേക്ക്‌ ആ പ്രശ്നത്തെ പര്‍വതീകരിക്കുകയും ചെയ്ത മനോരമയുടെ നിലപാട് നമുക്ക്‌ മറക്കാന്‍ പറ്റില്ല അതുകൊണ്ട് തന്നെ മനോരമ പോലുള്ള പത്രക്കാര്‍ക്ക്‌ എന്തും ചെയ്യാന്‍ പറ്റും എന്ന അവസ്ഥക്ക് മാറ്റം വരണം.

  ReplyDelete
 47. ഇനി എന്തുതന്നെയായാലും മനോരമ തങ്ങള്‍ക്ക് കേരളീയര്‍ നല്‍കിയ അന്ഗീകാരത്തിനോട് നീതി പുലര്‍ത്താന്‍ തയ്യാറായിട്ടില്ല. ലവ് ജിഹാദ് പോലുള്ള സാമുദായീക പ്രശ്നങ്ങളില്‍ ഒരു നിഷ്പക്ഷ റോള്‍ ആണ് തങ്ങള്‍ സ്വീകരിക്കുന്നത് എന്ന് വരുതിത്തീര്‍കുകയും ഇല്ലാത്ത ഒരു സംഭവത്തിന്‍റെ പേരില്‍ പാവപ്പെട്ട ഹിന്ദു സമുദായക്കാരെ തെറ്റുദ്ദരിപ്പിക്കുകയും അതിന്റെ പേരില്‍ കോഴിക്കോട്ടെ മുസ്ലിം സ്ഥാപനത്തിലേക്ക്‌ ജനകീയ മാര്‍ച്ച്‌ നടത്തുന്ന അവസ്ഥയിലേക്ക്‌ ആ പ്രശ്നത്തെ പര്‍വതീകരിക്കുകയും ചെയ്ത മനോരമയുടെ നിലപാട് നമുക്ക്‌ മറക്കാന്‍ പറ്റില്ല അതുകൊണ്ട് തന്നെ മനോരമ പോലുള്ള പത്രക്കാര്‍ക്ക്‌ എന്തും ചെയ്യാന്‍ പറ്റും എന്ന അവസ്ഥക്ക് മാറ്റം വരണം. ജയ്‌ ജയ്‌ പത്ര യൂണിയന്‍.

  ReplyDelete
 48. @Shakeer
  മനോരമയുടെ ഗ്യാപ്പില്‍ ചെറുകിട പത്രങ്ങള്‍ തിരുകിക്കയറാന്‍ ശ്രമിക്കുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ് നിങ്ങളുടെ അനുഭവം.

  ReplyDelete
 49. നല്ല പോസ്റ്റ്
  അതിനിടക്ക് ബെര്‍ളിച്ചായനിട്ടൊരു കൊട്ട് കൊട്ടിയല്ലേ

  ReplyDelete
 50. വളരെ നല്ല പോസ്റ്റ്‌ ഒരു ചുടുചായ കുടിച്ച ഉന്മേഷം ..ബഷീര്‍ ബായ് ഇനിയും ഇതുപോലെയുള്ള വിഷയം എവിടെ ചര്‍ച്ചക്ക് വരണം

  ReplyDelete
 51. യു ഡി എഫിന്റെ ഭരണം ഉമ്മന്‍ ചാണ്ടിയുടെ പോലീസ് എന്നിട്ടും മനോരമ പത്രം സി പി എം തടയുന്നു എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കാന്‍ ?
  വെളുപ്പിനെ മൂന്നു മണി മുതല്‍ ഉറക്കളച്ചു മഞ്ഞും,മഴയും സഹിച്ച് പത്രം വീടുകളില്‍ എത്തിക്കുന്ന പാവപ്പെട്ട എജന്റ്റ്മാര്‍ക്ക് മാന്യമായ പ്രതിഫലം കൊടുക്കണം എന്നാലെ മലയാളത്തിന്‍റെ സുപ്രഭാതവും, വീരഭൂമിയും ഒക്കെ വീടുകളില്‍ എത്തൂ അതിനു സി പി എമ്മിന്റെ നേരെ കുരച്ചിട്ടു കാര്യമില്ല,
  സമ്മേളന വാര്‍ത്തകള്‍ ആദ്യമായല്ലല്ലോ മനോരമയില്‍ വരുന്നത് സമ്മേളന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് കോഴിക്കോട് മാത്രവുമല്ല

  ReplyDelete
 52. kozhikode mathram vitharanam nirthan karanam eviday ulla 6 agenci yuday pathram samaram cheytha divasathe cash adachilla en nna karanam parnju nirthi pittennu muthal annu samaram tudangiyathu,pinne cpm ethire lekhanan ezhuthiyathu kozhikode mathram annu nnu araa paranjathu ,manorama mathrame aa divasathe cash avishyapedunnullu.ee samaratil cpm anubavikal mathram alla ullathu bjpyuday pathramaya janmabhoomiyum,league pathramaya chandrikyum etc ......thudangi ella agendu marum pangedukkunnudu

  ReplyDelete
 53. "ഇത്തവണ നാട്ടില്‍ പോയപ്പോള്‍ പത്രം ഇടുന്ന പയ്യനുമായി ഞാന്‍ ഉടക്കി. രണ്ടു പതിപ്പുകള്‍ ഉള്ള മനോരമയുടെ ഒരു പതിപ്പ് മാത്രമേ അവന്‍ വീട്ടില്‍ ഇട്ടുള്ളൂ. ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ സമരത്തിലാ' എന്ന് മറുപടി. " മനോരമക്കെതിരെ വള്ളിക്കുന്ന് പോസ്റ്റ്‌ കുറെ ഇട്ടെങ്കിലും മൂപ്പരും വീട്ടില്‍ സ്ഥിരമായി വാങ്ങിയിരുന്നത് മനോരമ തന്നെ !! ഇതാണ് യദാര്‍ത്ഥ ആദര്‍ശം അല്ലെ ബഷീര്‍ക്ക ......

  ReplyDelete
 54. വെറുതെ ആളാകാന്‍ ഒരു പോസ്റ്റ്‌ ....അത്രയേ ഉള്ളൂ ,,,,വള്ളിക്കുന്ന് ...മനോരമയെ വായിക്കൂ ...ചന്ദ്രികയിലാ കിടപ്പ് .....

  ReplyDelete
 55. ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും എനിക്ക് ഈ മനോരമ വായിക്കാതെ ദിവസം തുടങ്ങാന്‍ പറ്റില്ല . മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നത് പോലെ ഒരു അടിമത്തം ഇതിനോട് വന്നു പോയി ...

  ReplyDelete
 56. പത്രങ്ങളുടെ കൂടെ വരുന്ന സപ്പ്ലിമെന്റ് വിതരണം ചെയ്യാന്‍ ഏഗേന്റ്റ് വിസമ്മതിക്കുന്നു എന്നത് പൂര്‍ണമായും ശരിയല്ല. നാന്‍ സ്ഥിരമായി മാധ്യമത്തിന്റെ വരിക്കാരന്‍ ആണ്, ഇത് വരെ ഒരു സപ്പ്ലിമെന്റും കിട്ടാതെ വന്നിട്ടില്ല.

  ReplyDelete
 57. http://anilphil.blogspot.com/2011/12/blog-post_04.html

  JUST READ ABOVE LINK

  ReplyDelete
 58. മനോരമ ഓണ്‍ലൈന് മികച്ച ദിനപത്ര വെബ്‌സൈറ്റിനുള്ള അവാര്‍ഡ്‌.. അവാര്‍ഡ്‌ കൊടുത്തത് wan-ifra എന്നൊരു അസോസിയേഷന്‍.. wan-ifraയുടെ പ്രസിഡന്റ്‌ jacob mathew(executive editor of malayala manorama)

  http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId...

  ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു

  ReplyDelete
 59. മുട്ടിനുമുട്ടിന് പാരമ്പര്യം വിളമ്പി വീമ്പിളക്കുന്ന കുത്തക സുപ്രഭാതവും പത്രത്തോടൊപ്പം സംസ്കാരം പ്രചരിപ്പിക്കുന്നവരും ഒന്നിച്ചുനിന്ന് ഏജന്റുമാര്‍ക്ക് നക്കാപ്പിച്ച കമ്മീഷന്‍ നല്‍കിയാല്‍ മതിയെന്ന് ശഠിക്കുമ്പോള്‍ ആദ്യമായി മലയാളത്തിലെ ഒരു ചെറുകിട പത്രം ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചു.

  മംഗളം പത്രം ഏജന്റുമാര്‍ക്ക് അവര്‍ക്കു കഴിയുന്ന വിധം കമ്മീഷന്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചൂവെന്നതിനേക്കാള്‍ അഭിനന്ദനീയം സത്യസന്ധമായി ഏജന്റുമാര്‍ക്കായി എഡിറ്റോറിയല്‍ എഴുതിയെന്നതാണ്.

  ഏജന്റുമാരുടെ സമരം അന്യായമെന്ന് പ്രചരിപ്പിക്കുകയും അവരുടെ പ്രതിഷേധത്തിന്റെ തരിമ്പുപോലും പുറംലോകം അറിയരുതെന്നും വാശിപിടിക്കുന്ന പത്ര(ദൃശ്യ-??)മാധ്യമങ്ങള്‍ ഇനിയെങ്കിലും കണ്ണടച്ചിരുട്ടാക്കരുത്. കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഇടഞ്ഞുനില്‍ക്കുന്ന മനോരമയും മാതൃഭൂമിയും അതില്‍ നിന്നും പിന്‍തിരിയണം. മറ്റെല്ലാ പത്രങ്ങളും ഇവര്‍ക്കുമുന്നില്‍ കുമ്പിട്ടുനില്‍ക്കാതെ മംഗളം ചെയ്തതുപോലെ മാതൃകാപരമായ നിലപാടെടുക്കുകയെങ്കിലും വേണം. ആരും തയ്യാറായില്ലെങ്കിലും ദേശാഭിമാനിയും കേരളകൗമുദിയുമെങ്കിലും... സ്വന്തം നല്ലെട്ട് മുത്തശ്ശിക്കുത്തകകള്‍ക്ക് പണയം വച്ചിരിക്കുന്നതിനാലാണ് (അല്ലാതെ നമ്മുക്കെന്ത് എതിര്‍പ്പ്..? എപ്പടി!!)കമ്മീഷന്‍ കൂട്ടാനാകാത്തതെന്ന് ഇനിയെങ്കിലും ഏജന്റുമാരോട് പറയരുത്.

  ReplyDelete
 60. അല്പം സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത വന്നിരിക്കുന്നു. Story update മംഗളം കാണിച്ച അന്തസ്സ്

  ReplyDelete