മനോരമയുടെ കാര്യം എന്തായി? പൂട്ടിയോ?

“മനോരമയുടെ കാര്യം എന്തായി?. പൂട്ടിയോ?” കഴിഞ്ഞ ദിവസം വഴിയില്‍ തടഞ്ഞു നിര്‍ത്തി ഒരാള്‍ എന്നോട് ചോദിച്ചു. ഊതരുത് എന്ന് ഞാന്‍ പറഞ്ഞില്ല. അത് പറയാനുള്ള അവകാശം എനിക്കില്ല. അയാള്‍ക്ക്‌ ഊതാനുള്ള വകുപ്പ് ഞാനായിട്ട് ഉണ്ടാക്കിക്കൊടുത്തതാണ്. മനോരമയെ ബഹിഷ്കരിക്കുന്നതെന്തിന്? എന്നഎന്റെ പോസ്റ്റ് ഒരു സ്ഥിരം മനോരമ വായനക്കാരന്‍ ആയ അയാള്‍ക്ക്‌ ഞാന്‍ ഇമെയിലില്‍ അയച്ചു കൊടുത്തിരുന്നു.  ‘കോടിക്കണക്കായ’ എന്‍റെ ബ്ലോഗിന്റെ വായനക്കാരും അയാള്‍ ചോദിച്ച പോലെ “മനോരമയുടെ കാര്യം എന്തായി?. പൂട്ടിയോ?” എന്ന് ചോദിച്ച് എന്നെ ഊതുന്നതായി എനിക്കൊരു തോന്നല്‍. അതുകൊണ്ടാണ് സംഗതി ഒന്ന് അപ്ഡേറ്റ് ചെയ്തു കളയാം എന്ന് ഞാന്‍ തീരുമാനിച്ചത്.

എടവനക്കാട്‌ മഹല്ലുകാരുടെ മനോരമ, മാതൃഭൂമി ബഹിഷ്കരണം എവിടം വരെയെത്തി എന്നറിയുകയായിരുന്നു എന്റെ പോസ്റ്റിന്റെ ലക്‌ഷ്യം. അതില്‍ ഞാന്‍ പൂര്‍ണമായും വിജയിച്ചു. മനോരമയോട് പ്രത്യേകിച്ച് ഒരു വിരോധവും എനിക്കില്ല. പത്രവായന തുടങ്ങിയ നാള്‍ മുതല്‍ വായിക്കുന്ന പത്രമാണ്. മാത്രമല്ല, എന്റെ പേര് ആദ്യമായി അച്ചടിച്ചു വന്നതും മനോരമയിലാണ്. പഠിക്കുന്ന കാലത്ത് നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിക്കുന്ന ഒരു ഹോബി എനിക്കുണ്ടായിരുന്നു. (ഇപ്പോഴുമുണ്ട് കെട്ടോ). ഒരു ദിവസം മനോരമയില്‍ പെട്ടിക്കോളത്തില്‍ ഒരു റിപ്പോര്‍ട്ട് കണ്ടു.  വ്യത്യസ്ത കാലങ്ങളില്‍ ഇറങ്ങിയ ഒറ്റ രൂപ നാണയങ്ങളുടെ പത്തു മോഡലുകള്‍ കൈവശമുള്ള ഒരാളെക്കുറിച്ചാണ് റിപ്പോര്‍ട്ട്‌. ഞാന്‍ എന്റെ കയ്യിലുള്ള മോഡലുകള്‍ എണ്ണി നോക്കി. പതിനൊന്നെണ്ണം ഉണ്ട്!!!. അന്ന് സ്കൂള്‍ വിട്ട ഉടനെ പരിചയമുള്ള ഒരാളെയും കൂട്ടി കോഴിക്കോട്ടേക്ക് ബസ്സ് കയറി മനോരമയിലെത്തി. എന്‍റെ കൈവശമുള്ള നാണയങ്ങള്‍ സീനിയര്‍ സബ് എഡിറ്ററുടെ മേശപ്പുറത്ത് വെച്ചു. അദ്ദേഹം എന്നോട് ഇരിക്കാന്‍ പറഞ്ഞ ശേഷം തലേ ദിവസത്തെ പെട്ടിക്കോളം തയ്യാറാക്കിയ ജൂനിയര്‍ എഡിറ്ററെ വിളിച്ചു. അയാളെത്തി നാണയങ്ങള്‍ പരിശോധിച്ച ശേഷം മീശ മുളക്കാത്ത എന്നെ കൊലപ്പുള്ളിയെ നോക്കുന്ന പോലെ നോക്കി. ചുരുക്കിപ്പറഞ്ഞാല്‍  “ഒറ്റരൂപ നാണയങ്ങളില്‍ പതിനൊന്നാമനും” എന്ന തലക്കെട്ടോടെ ഫോട്ടോയോടൊപ്പം പിറ്റേ ദിവസം എന്റെ റിപ്പോര്‍ട്ട് വന്നു. സ്കൂളില്‍ ഞാന്‍ ഹീറോ ആയി. പറഞ്ഞു വന്നത് മനോരമയോട് എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ല എന്നാണ്.

വിപണന ജേര്‍ണലിസത്തിന്റെ ഉള്ളറിഞ്ഞ ആ പത്രം ഒരു വലിയ വിഭാഗം മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ട് നൂറ്റാണ്ടു കഴിഞ്ഞു. പക്ഷെ ഒരു മഹല്ല് നിവാസികള്‍ ഒന്നിച്ച് ചേര്‍ന്ന് ഒരു പത്രം ബഹിഷ്കരിക്കാന്‍ തീരുമാനിക്കുന്നത് പുതുമയുള്ള ഒരു വാര്‍ത്തയാണ്. ഒരു സൂചന പണിമുടക്ക്‌ പോലെ രണ്ട് മാസത്തേക്ക് മാത്രമുള്ള ആ ബഹിഷ്കരണത്തിന് വായനക്കാര്‍ എന്ന നിലക്ക് അവര്‍ക്ക് ചില കാരണങ്ങള്‍ പറയാനുണ്ടായിരുന്നു. വര്‍ഗ്ഗബോധം കാണിക്കുന്നതിന്റെ ഭാഗമായി ഒരു പത്രവും ഈ ബഹിഷ്കരണ വാര്‍ത്ത കൊടുത്തു കാണില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അതുകൊണ്ട് തന്നെ എന്നെക്കൊണ്ട് കഴിയുന്ന പോലെ ഇതൊരു ചര്‍ച്ചയാക്കുക എന്നതും എന്റെ ഉദ്ദേശമായിരുന്നു.

ഈ പോസ്റ്റ് വായിച്ച അതേ മഹല്ലുകാരനായ റസാഖ്‌ എടവനക്കാട് ഇങ്ങനെ എഴുതി “ആയിരത്തി നൂറോളം വീടുകളുള്ള എടവനക്കാട്‌ മഹല്ലില്‍ മാതൃഭൂമി, മനോരമ വാങ്ങിയിരുന്നത് ഇരുനൂറ്റി അറുപത്തെട്ട് വീടുകളിലായിരുന്നു. അതില്‍ ഇരുനൂറ്റി നാല്പത്താറു വീടുകളില്‍ മാതൃഭൂമി മനോരമ നിര്‍ത്തി. ബാക്കി വരുന്ന ഇരുപത്തി രണ്ട് വീടുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വരിചേര്‍ന്നവരും ബഹിഷ്കരണം തുടക്കത്തില്‍ വേണ്ടെന്നു പറഞ്ഞവരില്‍ ചിലരുമാണ്. ഇവര്‍ കൂടി താമസിയാതെ സഹകരിക്കുമെന്ന് മഹല്ല് കമ്മറ്റിയില്‍ നിന്നറിയാന്‍ കഴിഞ്ഞു. കൂടാതെ എടവനക്കാടിന്റെ അടുത്തുള്ള മഹല്ലുകളില്‍ ഒന്നായ മാളിപ്പുറവും തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദും ബഹിഷ്കരണ നിര്‍ദ്ദേശം കഴിഞ്ഞ ആഴ്ച നല്‍കുകയുണ്ടായി”.

ഇത്ര കിറ് കൃത്യമായ ഒരു റിപ്പോര്‍ട്ട് ഈ ബ്ലോഗിന്റെ കമന്റ് കോളത്തില്‍ രേഖപ്പെടുത്തിയ റസാഖിന് ഞാന്‍ നന്ദി രേഖപ്പെടുത്തട്ടെ. ഇരുനൂറ്റി അറുപത്തെട്ട് വരിക്കാരില്‍ ഇരുനൂറ്റി നാല്പത്താറു പേര്‍ പത്രം നിറുത്തി എന്ന് പറഞ്ഞാല്‍ അത് ഒരൊന്നൊന്നര ബഹിഷ്കരണം തന്നെയാണ്. നൂറ്റൊന്ന് ശതമാനം വിജയിച്ച ബഹിഷ്കരണം. പത്തുനാല്പത് പേര്‍ മനോരമയിലെ കോഴിക്കോട് ആപ്പീസില്‍ കയറി അവിടെയുള്ള സകലതും തച്ചുടച്ചാല്‍, കോട്ടയത്ത് വന്നു മാത്തുക്കുട്ടിച്ചായന്റെ വീടിനു കല്ലെറിഞ്ഞാല്‍ അതൊരു പ്രതിഷേധമായി കാണാന്‍ നമുക്ക് കഴിയില്ല. അതൊരു വികാരപ്രകടനം മാത്രമാണ്. എന്നാല്‍ നിങ്ങള്‍ നടത്തുന്ന പത്രപ്രവര്‍ത്തനത്തില്‍ പിഴവുകളുണ്ട്. അത് തിരുത്തിയില്ലെങ്കില്‍ ഞങ്ങള്‍ വേറെ പത്രം വാങ്ങിക്കും എന്ന് പറഞ്ഞു ഒരു പ്രദേശത്തുകാര്‍ ഒന്നിച്ച് പത്രം നിറുത്തുന്നത് ക്രിയാത്മകമായ ഒരു പ്രതിഷേധമാണ്. കേരള ചരിത്രത്തില്‍ ഇങ്ങനെയൊന്നു മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. ഈ പ്രതിഷേധം മനോരമക്കാരനെന്നല്ല ഏതു പത്രമുതലാളിക്കും പെട്ടെന്ന് മനസ്സിലാവും. ആയിരം മുദ്രാവാക്യം വിളികളെക്കാളും കവല പ്രസംഗങ്ങളെക്കാളും അര്‍ത്ഥവത്താണത്. ഈ പ്രതിഷേധം മലപ്പുറം ജില്ലയിലെ ഓരോ മഹല്ലുകളും ഏറ്റെടുത്താല്‍ മനോരമയുടെ മലപ്പുറം എഡിഷന്‍ ഒറ്റ ദിവസം കൊണ്ട് പൂട്ടേണ്ടി വരും. (ഒറ്റ ദിവസം കൊണ്ട് എന്ന് പറഞ്ഞത് അല്പം ഓവറായി എന്ന് തോന്നുന്നുണ്ടെങ്കില്‍ ഒന്നോ രണ്ടോ ദിവസം കൂട്ടുന്നത്‌ കൊണ്ട് എനിക്ക് വിരോധമില്ല)

“മനോരമയുടെ കാര്യം എന്തായി?. പൂട്ടിയോ?” എന്ന് എന്നെ ഊതിയ സുഹൃത്തേ, താങ്കളോട് ഒരു വാക്ക്. എടവനക്കാട്ടെ മനോരമയുടെ 'ആപ്പീസ്' പൂട്ടിയിട്ടുണ്ട്.

മ്യാവൂ: മനോരമയിലുള്ള സുഹൃത്ത് എന്റെ പോസ്റ്റ് പത്രത്തിലെ ഉന്നതര്‍ക്ക് അവരുടെ അറിവിലേക്കായി ഇമെയിളുകളില്‍ അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു. (അതിന്റെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. എവിടേലും ഒരു പത്തു കോപ്പി കുറഞ്ഞാല്‍ ഉടനെ വിവരം അവര്‍ക്ക് കിട്ടും. ഹെഡാഫീസീന്ന് ആള്  അന്വേഷിച്ചെത്തുകയും ചെയ്യും. അതാണവരുടെ പ്രൊഫഷനലിസം) എന്റെ സുഹൃത്തിന്റെ പണി പോകാതിരുന്നാല്‍ മതിയായിരുന്നു.