ഇത് ലവ് ജിഹാദാണോ മനോരമേ ?

സിനിമാ താരങ്ങള്‍ കല്യാണം കഴിക്കുന്നതും ദുഫായിയില്‍ പോകുന്നതും കോടതിയില്‍ എത്തുന്നതും വോട്ടു ചെയ്യുന്നതുമൊക്കെ സര്‍വ സാധാരണമായ സംഗതികളാണ്. ഇതിലൊന്നും ഒട്ടും പുതുമയില്ല. നയന്‍താര മതം മാറിയതായി വലിയ പത്രവാര്‍ത്തകള്‍ കണ്ടു. നടന്‍ പ്രഭുദേവയെ കല്യാണം കഴിക്കാനാണ് സിറിയന്‍ കൃസ്ത്യാനിയായ പെങ്കൊച്ച് ആര്യ സമാജം ഓഫീസില്‍ ചെന്ന് ഹിന്ദു മതം സ്വീകരിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങിയതത്രേ. നല്ല കാര്യം. കല്യാണ സ്വാതന്ത്ര്യവും  വിശ്വാസ സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു നല്‍കുന്ന സംഗതികള്‍ ആയതിനാല്‍ ആര്‍ക്കും ഇതില്‍ എതിരഭിപ്രായം ഉണ്ടാകേണ്ട ആവശ്യമില്ല. രണ്ടു പേര്‍ക്കും ഹാപ്പി ബെര്‍ത്ത്‌ ഡേ ടൂ യൂ  വിവാഹ മംഗളാശംസകള്‍ കൊടുത്ത് ഒരു വിസിലടിച്ച്‌ പിരിഞ്ഞു പോകാവുന്നതേയുള്ളൂ.


മാതൃഭുമി -8 Aug 2011

പ്രഭുദേവയെ കല്യാണം കഴിക്കാന്‍ ഇതിനു മുമ്പ് വേറൊരു പെങ്കൊച്ചും മതം മാറിയിരുന്നു. റംല എന്നോ മറ്റോ ആണ് പേര്. അവള്‍ ഇസ്ലാം മതം വിട്ടു ഹിന്ദുമതം സ്വീകരിച്ചു പ്രഭുവിന്റെ ഭാര്യയായി. പതിനഞ്ചു കൊല്ലം കൂടെക്കഴിഞ്ഞു. മൂന്നു മക്കളുമുണ്ട്. അവളിപ്പോള്‍ നയന്‍സിനും പ്രഭുവിനും എതിരെ കോടതി കയറി ഇറങ്ങുകയാണ് എന്നാണ് വാര്‍ത്തകള്‍ . അതൊക്കെ അവരുടെ കുടുംബ കാര്യങ്ങള്‍ . നമ്മള്‍ പൊതുജനങ്ങള്‍ ഇടപെടേണ്ട പ്രശ്നങ്ങളല്ല. പ്രഭുദേവയുടെ കഴിവ് പോലെ ഇനിയും പെങ്കൊച്ചുങ്ങള്‍ അയാളുടെ പിറകെ പോയി എന്ന് വരാം. ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. സിനിമാ രംഗത്ത് ഇതൊക്കെ പതിവാണ്. ഹിന്ദി സിനിമയിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അവിടെ കല്യാണങ്ങള്‍ക്ക് മതവും ജാതിയുമൊന്നും പൊതുവേ ആരും നോക്കാറ് പോലുമില്ലത്രേ.

ഡയാന മറിയം കുര്യന്‍ എന്ന നയന്‍താര ഇനി മുതല്‍ ഒറിജിനല്‍ നയന്‍താരയായി മാറും. അഭിനയം നിര്‍ത്തുമെന്നും പറയുന്നു. അവരുടെ മതം മാറ്റത്തെയും വിവാഹ തീരുമാനത്തെയും അങ്ങേയറ്റം ആദരവോടെ കാണുന്നു. അതോടൊപ്പം എനിക്കൊരു ചിന്ന ഡൌട്ട് ചോദിക്കാനുണ്ട്. അത് നയന്‍ താരയോടല്ല. നമ്മുടെ മനോരമയോടും മാതൃഭൂമിയോടുമാണ്. പ്രഭുദേവയുടെ കളികള്‍ ലവ് ജിഹാദ് വകുപ്പില്‍ പെടുത്താന്‍ പറ്റുമോ സാറന്മാരേ? ഈ വിഷയത്തില്‍ 'അതി ഭയങ്കരമായ' ഗവേഷണങ്ങള്‍ നടത്തി ഡോക്ടറേറ്റ് നേടിയ പത്രങ്ങള്‍ എന്ന നിലക്ക് ഒരു എസ്ക്ലൂസീവ് സ്റ്റോറിക്ക് വല്ല വകുപ്പുമുണ്ടോ എന്നറിയാന്‍ വേണ്ടി ചോദിക്കുകയാണ്.  ഭരണഘടനാ ലംഘനം ആവുകയില്ലെങ്കില്‍ ഒരു മറുപടി തരണം. ഇതേ സബ്ജക്റ്റില്‍ മുമ്പ് ഒന്നാം ക്ലാസ്സില്‍ ഡിപ്ലോമ പാസ്സായ കെ സി ബി സി ബിഷപ്പുമാര്‍ക്കും വേണേല്‍ ഒരു മറുപടി നല്‍കാവുന്നതാണ്.

ഏതായാലും നയന്‍താര വിവരം ഉള്ളവളാണ്. അതുകൊണ്ടാണ് നേരെ ആര്യ സമാജത്തിലേക്ക് പോയത്. ആ പെങ്കൊച്ചെങ്ങാനും പൊന്നാനീക്ക് വെച്ചു പിടിച്ചിരുന്നെങ്കില്‍ ന്റമ്മോ എന്താകുമായിരുന്നു പുകില്.. മനോരമക്കും ന്യൂസ്‌ അവറുകാരനുമൊക്കെ പിടിപ്പതു പണിയാകുമായിരുന്നു. കേരളം രക്ഷപ്പെട്ടു. മതേതരത്വത്തിനും കേടുപാടൊന്നും പറ്റിയില്ല. ഫാഗ്യം.. പ്രഭുദേവക്കും നയന്‍താരക്കും എന്റെ വിവാഹ മംഗളാശംസകള്‍ ..

Related Posts
മനോരമയെ എന്തിനാണ് ബഹിഷ്കരിക്കുന്നത്?
വി എസ്, വിവരക്കേടിന് ഒരതിരുണ്ട്‌
കൈ വെട്ടിയവരോട് രണ്ട് വാക്ക്
മെയ്തീന്റെ ലവ് ജിഹാദ്.