മെയ്തീന്റെ ലവ് ജിഹാദ്.

മെയ്തീന്‍ എന്നാണു ഞാന്‍ അവനു പേരിട്ടിരിക്കുന്നത്. കാലന്‍ പൂച്ച എന്നാണു അയല്‍ക്കാര്‍ പറയാറെങ്കിലും ഞാനവനെ മെയ്തീനേ എന്നല്ലാതെ വിളിക്കാറില്ല. ആള്‍ മര്യാദക്കാരന്‍ ആണ്, പക്ഷെ ഈയിടെയായി ചില വേലകള്‍ ഒപ്പിക്കുന്നതായി അയല്‍ക്കാര്‍ പരാതി പറയുന്നു. പടിഞ്ഞാറേലെ സുരേഷിന്റെ അമ്മിണിക്കുട്ടിയെ അവന്‍ ലവ് ജിഹാദ് നടത്തി സിംഗിള്‍ ഡെലിവറിയില്‍ ഒമ്പത് എണ്ണത്തിനെ ഭൂലോകത്തെത്തിച്ചു. അതിനപ്പുറത്തെ സുലോചനേടത്തിയുടെ വീട്ടിലും കക്ഷി സ്ഥിരമായി കയറിയിറങ്ങാറുണ്ടത്രെ. ഏടത്തിയുടെ മാളുവുമായും പുള്ളി ലവ് ജിഹാദിന് ശ്രമിക്കുന്നതായി കേള്‍ക്കുന്നു.

മെയ്തീന്‍ അങ്ങോട്ട്‌ പോയാലും മാളു ഇങ്ങോട്ട് വന്നാലും ചീത്തപ്പേര് എന്റെ മെയ്തീന് തന്നെ. ഇവന്‍ എങ്ങിനെ ഇങ്ങനെയായി എന്നെനിക്കറിയില്ല. മുമ്പൊരിക്കല്‍ മതില്‍ ചാടി വന്ന ഒരുവന്‍ എന്റെ വീട്ടിലെ ചട്ടിയും കലവും പൊട്ടിച്ച് മെയ്തീനോട് എന്തോ പിറുപിറുക്കുന്നത് കണ്ടിരുന്നു. ഒരു പക്ഷെ അവന്‍ ഒരു 'ജിഹാദി' ആയിരുന്നിരിക്കണം. വാലിലെ തൊപ്പയും നെറ്റിയിലെ മറുകും അന്നേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മൊത്തത്തില്‍ ഒരു താലിബാന്‍ ലുക്കുണ്ടായിരുന്നു . മാത്രമല്ല നാട്ടിലെ വായ്‌നോക്കിപ്പട്ടികള്‍ അവനെ ഓടിക്കാന്‍ ശ്രമിക്കുന്നതും കണ്ടു. അവന്‍ തന്നെ ആയിരിക്കണം മെയ്തീനെ ഇക്കോലത്തില്‍ ആക്കിയത്.

ഈയിടെയായി മെയ്തീന്‍ വളരെ ബിസിയാണ് . എവിടെയൊക്കെയാണാവോ പഹയന്‍ ജിഹാദ് നടത്തിക്കൊണ്ടിരിക്കുന്നത് ?. ഏതായാലും ഇനി അവനെ വീട്ടിലേക്കു അടുപ്പിക്കുന്നത് ബുദ്ധിയല്ല. ഇന്ന് മുതല്‍ മെയ്തീനുമായി യാതൊരു ബന്ധവും ഇല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കണം. ഒരു മുട്ടന്‍ വടി ഇറയത്തു തന്നെ വെക്കണം. ദൂരെ ഉഗാണ്ടയിലെ മറ്റോ പോയി ജീവിക്കട്ടെ. ഇവിടത്തെ കൊടിച്ചിപ്പട്ടികളുടെ കടി കൊണ്ട് ചാവുന്നതിലും ഭേദം മെയ്തീന് നല്ലത് അതാണ്‌. 

മെയ്തീന്റെ ലേറ്റസ്റ്റ് അപ്ഡേറ്റ് ഇവിടെയുണ്ട്