മംഗളം കാണിച്ച അന്തസ്സ് !

പത്രവിതരണ ഏജന്റുമാര്‍ നടത്തുന്ന സമരത്തെക്കുറിച്ച് ഞാന്‍ ഇതിനു മുമ്പ് എഴുതിയത്   ഓര്‍ക്കുന്നുണ്ടാകുമെന്നു കരുതുന്നു. അതിന്റെ ഒരു ഫോളോ-അപ്പ്‌ സ്റ്റോറിയാണ് ഇത്. ഏജന്റുമാരുടെ കമ്മീഷന്‍ തുകയില്‍ ഒരു നയാപൈസ കൂട്ടിക്കൊടുക്കില്ല എന്ന പിടിവാശിയില്‍ തന്നെയാണ് മനോരമയും മാതൃഭുമിയും അടക്കമുള്ള പത്രമുത്തശ്ശിമാര്‍ . എന്നാല്‍ മംഗളം പത്രം അന്തസ്സ് കാണിച്ചിരിക്കുന്നു. ആ വാര്‍ത്ത നിങ്ങളുമായി പങ്കു വെക്കാന്‍ മാത്രമാണ് ഈ പോസ്റ്റ്‌. പത്ര മുതലാളിമാരുടെയും പത്രപ്രവര്‍ത്തകരുടെയും പേരോ പെരുമയോ ഇല്ലാത്ത, മഞ്ഞും മഴയും വകവെക്കാതെ അതിരാവിലെ വീട്ടുപടിക്കല്‍ പത്രം എത്തിക്കുന്ന ആ പാവങ്ങളെ അല്പമൊന്നു കരുണയോടെ നോക്കാന്‍ മലയാളത്തിലെ ഒരു പത്രം തയ്യാറായിരിക്കുന്നു എന്നത് ആഹ്ലാദകരമായ ഒരു വാര്‍ത്തയാണ്.

മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ്‌ പേര് വെച്ചെഴുതിയ എഡിറ്റോറിയലില്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ചപ്പതിപ്പിന്റെ വിലയില്‍ ഒന്നേ കാല്‍ രൂപ വര്‍ധന വരുത്തി ആ തുക മുഴുവന്‍ ഏജന്റുമാര്‍ക്ക് നല്‍കാനാണ് പത്രത്തിന്റെ തീരുമാനം. ഒരു മാസം അഞ്ചു രൂപ അധിക വരുമാനം ഒരു പത്രത്തില്‍ നിന്നും ഏജന്റിനു ലഭിക്കും. വര്‍ദ്ധിപ്പിച്ച തുകയില്‍ ഒരു നയാപൈസയും  എടുക്കാതെ അത് മുഴുവന്‍ ഏജന്റുമാര്‍ക്ക് നല്‍കാനുള്ള തീരുമാനം എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. സര്‍ക്കുലേഷനും പരസ്യങ്ങളും വഴി കോടികള്‍ ഉണ്ടാക്കുന്ന മനോരമയേയും മാതൃഭൂമിയേയും അപേക്ഷിച്ച് വരുമാനം തീരെ കുറഞ്ഞ പത്രമാണ്‌ മംഗളം. എന്നാലും അവര്‍ ഉള്ളതില്‍ നിന്ന് ഒരോഹരി, പത്രങ്ങളെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും എന്നാല്‍  ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുകയും ചെയ്യുന്ന ഈ പാവങ്ങള്‍ക്ക് നല്‍കുവാന്‍ സന്നദ്ധമായിരിക്കുന്നു.


പിടിച്ചു നില്‍ക്കാന്‍ പാട് പെടുന്ന ചെറുകിട പത്രങ്ങള്‍ കമ്മീഷന്‍ തുക വര്‍ധിപ്പിച്ചു കൊടുക്കാത്തത് മനസ്സിലാക്കാം. എന്നാല്‍ പന പോലെ വളര്‍ന്നു നില്‍ക്കുന്ന വലിയ പത്രങ്ങള്‍ ഏജന്റുമാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുന്നത് എന്തിനാണാവോ?  സ്പെഷ്യല്‍ പതിപ്പുകളും ഇരട്ട പത്രങ്ങളും ഇറക്കുന്ന ദിവസമെങ്കിലും അത് ചുമന്നു കൊണ്ട് പോകുന്ന കുട്ടികള്‍ക്ക് ഒരു പത്തു പൈസ കൂട്ടി നല്‍കുവാന്‍ സന്മനസ്സു കാണിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ?. രാഷ്ട്രത്തെയും രാഷ്ട്രീയക്കാരെയും നന്നാക്കുവാന്‍ ദിവസവും ഗീര്‍വാണം മുഴക്കുന്നവര്‍ സ്വന്തം പത്രം വിതരണം ചെയ്യുന്ന കുഞ്ഞുങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് എത്രമാത്രം പരിതാപകരമാണ്. കിട്ടുന്നതെല്ലാം ആര്‍ത്തിപ്പണ്ടാരങ്ങളായി വെട്ടിവിഴുങ്ങുന്നതിനിടയില്‍ ആഘോഷ ദിവസങ്ങളില്‍ പോലും ലീവ് എടുക്കാന്‍ കഴിയാതെ പത്രം വീടുകളില്‍ എത്തിക്കുന്ന ഈ മനുഷ്യ ജന്മങ്ങളോട് ഒരല്പം കരുണ കാണിച്ചിരുന്നുവെങ്കില്‍ !!.

കമ്മീഷന്‍ തുക ഓരോ പത്രത്തിനും തോന്നുന്ന പോലെ കൂട്ടിക്കൊടുക്കാന്‍ പറ്റില്ല, അതിനു ഞങ്ങള്‍ക്ക് അസോസിയേഷനും സൊസൈറ്റിയും ഉണ്ട്, അവര്‍ അനുവദിക്കണം എന്നൊക്കെയാണ് മുട്ടുന്യായങ്ങള്‍ പറഞ്ഞിരുന്നത്. കീശയില്‍ നിന്ന് കാശിറക്കുന്ന കാര്യത്തില്‍ ഒരുപാട് ന്യായങ്ങള്‍ കാണും. ആ ന്യായങ്ങളെയെല്ലാം വെറും ന്യായങ്ങള്‍ മാത്രമാണെന്നും മംഗളം തെളിയിച്ചിരിക്കുന്നു. ഏജന്റുമാരുടെ സമരം വൃഥാവിലായില്ല എന്നുള്ളതും ഒരു പത്രമെങ്കിലും അവരുടെ രോദനം കേള്‍ക്കാന്‍ സന്മനസ്സു കാണിച്ചിരിക്കുന്നു എന്നുള്ളതും ഒരു 'നല്ല വാര്‍ത്ത' തന്നെയാണ്. മംഗളം കാണിച്ച ഈ അന്തസ്സിന്റെ വാര്‍ത്ത ഒരു പത്രവും പെട്ടിക്കോളത്തില്‍ പോലും കൊടുത്തുകാണില്ല എന്നുറപ്പ്. എങ്കിലും അതൊരു വാര്‍ത്തയല്ലാതാവുന്നില്ല.  മംഗളം പത്രത്തിനു എന്റെ വക ഒരു ബിഗ്‌ സല്യൂട്ട്.

Related Posts
ഏജന്റുമാരുടെ സമരം, മനോരമ വിറക്കുന്നു.
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
മനോരമയുടെ കാര്യം എന്തായി? പൂട്ടിയോ?