മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)

മനോരമ പല പുലിവാലും പിടിച്ചിട്ടുണ്ട്. പക്ഷെ ഇതുപോലൊരു പുലിവാല്‍ ഈ അടുത്ത കാലത്തൊന്നും പിടിച്ചിട്ടില്ല. പുതിയൊരു ചാനല്‍ തുടങ്ങി. മഴവില്‍ മനോരമ. പക്ഷെ തുടക്കത്തില്‍ തന്നെ കല്ലുകടി. അതും ചെറുമാതിരി കല്ലൊന്നുമല്ല. വിഴുങ്ങാന്‍ പറ്റാത്ത കരിങ്കല്ല്. സകല പൈങ്കിളി മസാലകളും ചേര്‍ത്തുള്ള ഒരു ഇന്‍സ്റ്റന്റ് റിയാലിറ്റി തട്ടുകടയാണ് മഴവില്‍ മനോരമ. അതിലെ ഏറ്റവും കൂടുതല്‍ റേറ്റിങ്ങ് ഉള്ള പരിപാടി നമ്മുടെ രതിചേച്ചി അവതരിപ്പിക്കുന്ന വെറുതെ അല്ല ഭാര്യ ആണ്. അതാണ്‌ ഇപ്പോള്‍ ആകെ കുളമായിരിക്കുന്നത്. അപാര തൊലിക്കട്ടിയുള്ള കുറച്ചു ദമ്പതികളെ കുളിപ്പിച്ചൊരുക്കിക്കൊണ്ട് വന്ന് ഓരോരുത്തരെയായിട്ടു നിറുത്തിപ്പൊരിക്കുകയെന്നതാണ് ഈ ഷോയുടെ ഫോര്‍മാറ്റ്‌.

ഭര്‍ത്താക്കന്മാരെക്കൊണ്ട് വീട്ടുജോലികള്‍ എടുപ്പിക്കുക. അതായത് അലക്കുക, അരക്കുക, കുട്ടികളെ തൂറിപ്പിക്കുക തുടങ്ങിയ വീരകൃത്യങ്ങള്‍ .. എല്ലാം ലൈവ് ആയിട്ടാണ്. തൃശൂര്‍ പൂരത്തിന് ആനകളെ നിര്‍ത്തിയ പോലെ വരിവരിയായി ഇരിക്കുന്ന സ്ത്രീ രത്നങ്ങള്‍ ഇതൊക്കെ കണ്ടു മാര്‍ക്കിടുന്നു. മനോരമയല്ലേ, വീട്ടമ്മമാരായ പ്രേക്ഷകരെ കിട്ടാന്‍ ഇതല്ല ഇതിലപ്പുറവും ചെയ്യും. ഇതൊക്കെ സഹിക്കാം. പക്ഷെ അതോടൊപ്പം മറ്റൊന്നുണ്ട്. ഭാര്യയുടെ കുറ്റങ്ങളും കുറവുകളും പരസ്യമായി ഭര്‍ത്താക്കന്മാര്‍ വേദിയില്‍ അവതരിപ്പിക്കുക. ഒരുവക തറവാട്ടില്‍ പിറന്നവരൊന്നും ചെയ്യാത്ത പണിയാണിത്. (ഏഷ്യാനെറ്റിനെയും രഞ്ജിനിയെയുമൊക്കെ നമ്മള്‍ വെറുതെ കുറ്റം പറഞ്ഞു . മനോരമ ചെയ്യുന്നത് വെച്ചു നോക്കിയാല്‍ രഞ്ജിനിയുടെ റിയാലിറ്റിക്ക് നൂറില്‍ നൂറ്റിപ്പത്ത് കൊടുക്കണം) .  മനോരമയിലെ ഞാന്‍ കണ്ട എപ്പിസോഡില്‍ ബെഡ് റൂമിലെ പ്ലസും മൈനസും പങ്കു വെച്ചു കണ്ടില്ല. ബാക്കിയുള്ള എപ്പിസോഡുകളില്‍ ഉണ്ടായിരുന്നോ ആവോ?.  ഏതായിരുന്നാലും സ്ത്രീ പ്രേക്ഷകരെ മൊത്തം വലവീശി മുന്നേറുന്നതിനിടയില്‍ ദാ വരുന്നു ഒരു ആറ്റം ബോംബ്‌!!!


ഇരുപത്തഞ്ചോളം കേസുകളില്‍ പ്രതിയായിട്ടുള്ള ഒരു വിദ്വാന്‍ ആണ് മാതൃക ഭര്‍ത്താവിന്റെ പട്ടം ലഭിക്കുന്നതിനു വേണ്ടി മത്സരിക്കുന്നത്!!. എലിമിനേഷനുകളില്‍ ഔട്ടാകാതെ പുള്ളിയും ഭാര്യയും കസര്‍ത്തുന്നതിനിടയിലാണ് പണ്ടാരമടങ്ങാന്‍ മാധ്യമം പത്രം മാതൃകാ ഭര്‍ത്താവിന്റെ ഫ്ലാഷ് ബാക്ക് പുറത്തു വിട്ടത്!!!. പോരേ പൂരം. പത്ര വാര്‍ത്തകള്‍ ശരിയാണെങ്കില്‍ തൃശൂര്‍ , എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ക്ഷേത്രം, ബാങ്ക് കവര്‍ച്ചകള്‍ , ബൈക്ക് മോഷണം തുടങ്ങി പല കേസുകളിലും പ്രതിയായ കക്ഷിയാണ് ശ്വേത ചേച്ചിയുടെ കൈപിടിച്ച് കുലുക്കി താരമായി മുന്നേറുന്നത്. പെര്‍ഫോര്‍മന്‍സ് കണ്ടിട്ട് മിക്കവാറും അറുപതു ലക്ഷത്തിന്റെ ഫ്ലാറ്റ് പുള്ളി കൊണ്ട് പോകാനുള്ള സാധ്യതയുണ്ട്. ഞാനായിട്ട് ഒന്നും പറയുന്നില്ല. വിവരങ്ങള്‍ എല്ലാം ഈ റിപ്പോര്‍ട്ടില്‍ ഉണ്ട്.


കാശ് കൂടുതല്‍ ചോദിക്കുന്ന സീരിയല്‍ താരങ്ങളെ അടുത്ത എപ്പിസോഡില്‍ ഹാര്‍ട്ട്‌ അറ്റാക്ക് വന്ന് മരിക്കുന്നതായി കാണിച്ചു പറഞ്ഞു വിടുകയാണ് പൊതുവേയുള്ള രീതി. ഈ മാതൃക ദമ്പതികളെ മനോരമ എന്ത് ചെയ്യുമെന്ന് കാത്തിരുന്നു കാണാം.  Latest Story മനോരമയുടെ 'ഭാര്യ' വീണ്ടും അറസ്റ്റില്‍ !!

Related Posts
മനോരമ ന്യൂസ്‌മേക്കര്‍ :ഗോവിന്ദച്ചാമി ലിസ്റ്റിലില്ല
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു
ഏജന്റുമാരുടെ സമരം, മനോരമ വിറക്കുന്നു. 
മംഗളം കാണിച്ച അന്തസ്സ് !