മനോരമയുടെ 'ഭാര്യ' വീണ്ടും അറസ്റ്റില്‍ !!

മ്പടെ മനോരമ ചാനലിലെ മാതൃകാ ദമ്പതികള്‍ വീണ്ടും വാര്‍ത്ത സൃഷ്ടിക്കുകയാണ്. ശ്വേതചേച്ചിയുടെ സൂപ്പര്‍ മെഗാഹിറ്റ് ഷോയെക്കുറിച്ചും അതിലെ വിവാദ ദമ്പതികളെക്കുറിച്ചും മുമ്പ് ഞാനൊരു പോസ്റ്റിട്ടപ്പോള്‍ സദാചാര പോലീസുകാര്‍ ഒന്നടങ്കം എന്റെ നേര്‍ക്ക്‌ കുരച്ചു ചാടി. ഒരാളെ നന്നാവാനും സമ്മതിക്കില്ലേ എന്നായിരുന്നു ചോദ്യം. ഉവ്വ്..ഉവ്വ്.. നന്നായിട്ടുണ്ട്. ദമ്പതികള്‍ ക്ലീന്‍ ക്ലീനായി നന്നായിട്ടുണ്ട്..!! ഇന്നത്തെ പത്രവാര്‍ത്ത ആ നന്നാവലിന്റെ കഥയാണ് പറയുന്നത്. മനോരമയല്ലേ, ഇരുപതു ലക്ഷം കോപ്പിയല്ലേ, പുതിയ ചാനലല്ലേ എന്നൊക്കെ കരുതി സംഗതി എല്ലാവരും മറന്നു തുടങ്ങുമ്പോഴാണ് കഥയിലെ പുതിയ എപ്പിസോഡ് വന്നിരിക്കുന്നത്.

ആദ്യ വാര്‍ത്ത പുറത്തു വിട്ട മാധ്യമം തന്നെയാണ് ലേറ്റസ്റ്റ് വാര്‍ത്തയും പുറത്തു വിട്ടിരിക്കുന്നത്. (മാധ്യമം മനോരമയുടെ പുറകില്‍ തന്നെയുണ്ട്‌ എന്ന് ചുരുക്കം). സംഗതി സിനിമാ മോഡല്‍ കഥയാണ് നടന്നിരിക്കുന്നത്. എല്ലാ ചേരുവകളും ചേരും പടി ചേര്‍ന്ന ചൂടന്‍ തിരക്കഥ. സെക്സ്, ഒളിക്യാമറ, ബ്ലാക്ക് മെയില്‍ , പോലീസ്, കോടതി, റിമാണ്ട് എന്നിങ്ങനെ ബോക്സാഫീസ് ഹിറ്റാവാനുള്ള എല്ലാ മസാലകളും മനോരമയുടെ ദമ്പതികള്‍ ഈ കഥക്ക് നല്‍കിയിട്ടുണ്ട്. ഞാന്‍ വളച്ചു കെട്ടി പറയുന്നതിനേക്കാള്‍ നല്ലത് മാധ്യമത്തില്‍ നിന്ന് നേരിട്ട് വായിക്കുന്നതാവും. അറസ്റ്റിലായ ദമ്പതികള്‍ ഇല്ലാതെയാണ് ഇപ്പോള്‍ ഷോ പുരോഗമിക്കുന്നതെങ്കിലും ഒരു കാര്യം ഉറപ്പാണ്. മഴവില്ലിനു ഇനിയും ഹിറ്റ് കൂടും! ആന ചത്താലും ചത്തില്ലെങ്കിലും പന്തീരായിരം എന്ന് പറഞ്ഞത് പോലെയാണ് മനോരമയുടെ കാര്യം. ദമ്പതികള്‍ അകത്തായാലും ഇല്ലെങ്കിലും ഷോയ്ക്ക് വേണ്ട പബ്ലിസിറ്റി കിട്ടിക്കഴിഞ്ഞു. പുതിയ അറസ്റ്റോടെ ഹിറ്റ് ഇച്ചിരികൂടെ വര്‍ദ്ധിക്കും എന്ന് മാത്രം. ഷോയുടെ പേരില്‍ ശ്വേത ചേച്ചിക്ക് ഒരു യൂത്ത് ഐക്കോണ്‍ അവാര്‍ഡും ഇതിനകം കിട്ടിയിട്ടുണ്ട്. നവദമ്പതികളുടെ കുശുമ്പുകളും കുന്നായ്മകളും എന്ന് വേണ്ട അടുക്കളയും കിടപ്പറയും വരെ 'റിയാലിറ്റി' ആക്കുന്നതിനു സാംസ്കാരിക കേരളത്തിന്റെ അവാര്‍ഡുകള്‍ ഇനിയും കിട്ടും. മനോരമ നീണാള്‍ വാഴട്ടെ!. നമ്മുടെ ചാനല്‍ സംസ്കാരം പടര്‍ന്നു പന്തലിക്കട്ടെ!. മലയാളത്തിന്റെ സുപ്രഭാതം കൂടുതല്‍ ശോഭനമാവട്ടെ!.

Related Posts
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
മനോരമ ന്യൂസ്‌മേക്കര്‍ :ഗോവിന്ദച്ചാമി ലിസ്റ്റിലില്ല
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു
കുബേര്‍ കുഞ്ചി, മാഗ്നറ്റ് ചെരുപ്പ്, സ്പെയിന്‍ കുങ്കുമം