ഷക്കീല മതി, വിശ്വരൂപം വേണ്ട!!

കമലഹാസന്‍റെ 'വിശ്വരൂപ'വുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ പരാമര്‍ശിച്ച് ഫേസ്ബുക്കില്‍ ഞാന്‍ ഇങ്ങനെയൊരു സ്റ്റാറ്റസ് ഇട്ടിരുന്നു. "സിനിമക്കെതിരെ പ്രതികരിക്കാന്‍ അവകാശമുണ്ട്‌. പക്ഷെ ആ പ്രതികരണം ജനാധിപത്യപരമായിരിക്കണം. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത സിനിമ പ്രദര്‍ശിപ്പിക്കുവാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്നും തിയേറ്റര്‍ അടിച്ചു പൊളിക്കുമെന്നും പറയുന്നത് ഫാസിസമാണ്‌. പോപ്പുലര്‍ ഫ്രന്റ്‌ ചെയ്താലും ശിവസേന ചെയ്താലും അത് ഫാസിസം തന്നെയാണ്. ഇത്തരം ഫാസിസ്റ്റ് വികാരജീവികളെ ശക്തമായി നേരിടാന്‍ പോലീസിനു കഴിയണം. ഇവര്‍ വികാരജീവികള്‍ മാത്രമല്ല, വിവരം കെട്ടവരുമാണ്. ഇത്തരം പ്രതിഷേധങ്ങള്‍ വഴി കമലഹാസന്റെ സിനിമയുടെ മാര്‍ക്കറ്റിംഗ് ഏറ്റെടുക്കുകയാണ് ഇവന്മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പൊട്ടന്മാരെക്കൊണ്ട് കമലഹാസന്‍ രക്ഷപ്പെട്ടു എന്നും പറയാം!!." ഈ സ്റ്റാറ്റസിന് താഴേ ഒരു സുഹൃത്ത് എഴുതിയ പ്രതികരണമാണ് ഈ പോസ്റ്റിന്‍റെ തലക്കെട്ടാക്കിയിരിക്കുന്നത്.

കഥ, നോവല്‍, നാടകം, സിനിമ ഇവയൊക്കെയും ഭാവനാസൃഷ്ടികളാണ്. അതിന്റെ പിന്നണിയിലുള്ള ആളുകളുടെ ബൗദ്ധിക നിലവാരമനുസരിച്ചായിരിക്കും കലാമൂല്യമുള്ളതോ ഇല്ലാത്തതോ ആയ ഒരു സൃഷ്ടിയായി അത് പുറത്തു വരുന്നത്. ഈ സിനിമ ഞാന്‍ കണ്ടിട്ടില്ല (സേര്‍ച്ച് ചെയ്തു നോക്കി. ടോറന്റില്‍ എത്തിയിട്ടില്ല). ഈ സിനിമക്കെതിരെ പ്രതിഷേധിക്കുന്ന ഭൂരിപക്ഷം പേരും ഇത് കണ്ട ശേഷമായിരിക്കില്ല പ്രതികരിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചിട്ടുണ്ടാവുക എന്നുമറിയാം. മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിക്കുന്ന സമകാലീന ട്രെന്‍ഡിനനുസരിച്ചു അല്പം എരിവും പുളിയും മസാലകളും ചേര്‍ത്തു പാകപ്പെടുത്തിയ ഒരു കൊമേഴ്ഷ്യല്‍ ഉരുപ്പടിയെന്ന് വിലയിരുത്തുന്നവരാണ് കൂടുതലും. സിനിമ കണ്ട ചിലര്‍ തന്നെ ഇതില്‍ ഇസ്ലാം മതവിശ്വാസികളെ പ്രകോപിതരാക്കേണ്ട എന്തെങ്കിലുമുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നും എഴുതിക്കണ്ടു.

അതെന്തോ ആകട്ടെ. ഇസ്ലാം മതത്തെ അവഹേളിക്കുന്ന ശക്തമായ ഒരു സിനിമ തന്നെയാണ് ഇത് എന്ന് സങ്കല്പിക്കുക. അങ്ങനെയാണെങ്കില്‍ തന്നെ അതിലെന്താണ് ഇത്രമാത്രം പ്രകോപിതരാകാനായിട്ടുള്ളത്?. ഇസ്ലാം മതത്തെ ആളുകള്‍ അവഹേളിക്കുന്നതും എതിര്‍ക്കുന്നതും ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല. ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവ കാലം മുതല്‍ അത് വെല്ലുവിളികളും വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദ്‌ നബി തന്നെ ഇത്തരം വെല്ലുവിളികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മധ്യേയാണ് മതം പ്രബോധനം ചെയ്തു മുന്നോട്ടു നീങ്ങിയത്.  പ്രവാചകനെ അവഹേളിച്ചു കൊണ്ട് കവിതകള്‍ എഴുതിയത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അവയ്ക്ക് കവിതയിലൂടെ തന്നെ മറുപടി നല്‍കാനാണ് തികഞ്ഞ സഹൃദയത്വം പുലര്‍ത്തിക്കൊണ്ട് ആദ്ദേഹം ആവശ്യപ്പെട്ടത്. ഇന്നത്തെ സിനിമള്‍ക്കുള്ള സ്വാധീനത്തെക്കാള്‍ പതിന്മടങ്ങ്‌ വലുതായിരുന്നു അക്കാലത്തെ അറബ് സമൂഹത്തില്‍ കവിതകള്‍ക്കുണ്ടായിരുന്ന സ്ഥാനം എന്നോര്‍ക്കുക.  

സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ ഇറങ്ങിയപ്പോഴും പ്രവാചകനെ അപഹസിക്കുന്ന കാര്‍ട്ടൂണ്‍ വന്നപ്പോഴും 'ഇന്നസന്‍സ് ഓഫ് മുസ്‌ലിം' എന്ന പീറ സിനിമയുടെ ട്രെയിലര്‍ യൂ ടൂബിള്‍ പ്രത്യക്ഷപ്പെട്ടപ്പോഴും സൃഷ്ടിപരമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നതിനു പകരം തികഞ്ഞ അസഹിഷ്ണുക്കളാണ് തങ്ങളെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്ന രൂപത്തിലേക്ക് മുസ്ലിം പ്രതികരണങ്ങളുടെ രീതിശാസ്ത്രം വഴിമാറുന്നതാണ് നാം  കണ്ടത്. ചികിത്സ വേണ്ടത് ആര്‍ക്കാണ്?. ഒരു വിമര്‍ശനം വരുമ്പേഴേക്ക് മതം ഇടിഞ്ഞു പൊളിഞ്ഞു വീണേ എന്ന് അലമുറയിടുന്ന കിഴങ്ങന്‍മാര്‍ക്കല്ലേ അത് അത്യാവശ്യമായിട്ടുള്ളത്. ഒരു സിനിമയുടെ പോസ്റ്റര്‍ കാണുമ്പോഴേക്കു തെരുവില്‍ ഇറങ്ങി തിയേറ്റര്‍ അടിച്ചു പൊളിക്കാനും സിനിമ നിരോധിക്കാനും മുറവിളി കൂട്ടുന്ന അത്തരക്കാരോട് പറയാനുള്ളത് ഇത്ര മാത്രം. ഒരു സിനിമ വരുത്തുന്ന അവഹേളനങ്ങള്‍ക്ക് പരിധിയുണ്ട്, പക്ഷെ നിങ്ങളെപ്പോലുള്ള വിവരദോഷികള്‍ ഈ മതത്തിന് വരുത്തുന്ന അവഹേളനം അതിന്റെ ആയിരം മടങ്ങ്‌ വലുതാണ്‌. ദയവു ചെയ്തു മതത്തെ നിങ്ങള്‍ ഇതുപോലെ സംരക്ഷിക്കാതിരിക്കൂ. നിങ്ങളുടെയൊന്നും സംരക്ഷണത്തില്‍ കഴിയേണ്ട ഗതികേട് ഒരു മതങ്ങള്‍ക്കുമില്ല എന്നോര്‍ക്കുക.   

ഇത്രയും പറഞ്ഞതില്‍ നിന്ന് ഇസ്ലാമോഫോബിയ ഉണ്ടാക്കുന്ന കലാസൃഷ്ടികളോട് മാനസികമായി യോജിപ്പുള്ള ആളാണ്‌ ഞാനെന്നു കരുതരുത്. അത്തരം സൃഷ്ടികളോട് തികഞ്ഞ വിയോജിപ്പുണ്ട്. അവ ഉയര്‍ത്തിവിടാന്‍ ശ്രമിക്കുന്ന ആശയ പാശ്ചാത്തലത്തോട് പുച്ഛവുമുണ്ട്. പക്ഷെ അത്തരം സൃഷ്ടികളോടുള്ള പ്രതികരണം സൃഷ്ടിപരമായിരിക്കണം എന്നാണു പറഞ്ഞു വരുന്നത്. (ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിരുകളെ അറിയാനും പ്രതിഷേധങ്ങളുടെ രൂപഭാവം തിട്ടപ്പെടുത്താനും ഈ കൊച്ചു വീഡിയോ സഹായിച്ചേക്കും). സൃഷ്ടിപരമായ പ്രതികരണത്തിന് നമ്മുടെ കേരളത്തില്‍ നിന്ന് തന്നെയുള്ള ഒരു കൊച്ചു ഉദാഹരണം നല്‍കാം.  നിരപരാധികളായ പല മുസ്ലിം ചെറുപ്പക്കാരെയും തീവ്രവാദികളെന്ന് മുദ്ര കുത്തി പീഡിപ്പിക്കുന്നതിനെതിരെ കോഴിക്കോട്ടെ സര്‍ഗധനരായ ഏതാനും ചെറുപ്പക്കാര്‍ ഒരു കലാസൃഷ്ടിയുണ്ടാക്കി. തക്ബീര്‍ മുഴക്കി തെരുവില്‍ കാട്ടികൂട്ടുന്ന അഭ്യാസ പ്രകടനങ്ങളെക്കാള്‍ അര്‍ത്ഥ പൂര്‍ണമായ പ്രതികരണമായിരുന്നു അത്. നാല് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ഒരു സംഗീത ആല്‍ബം. നേറ്റീവ് ബാപ്പ. ലക്ഷക്കണക്കിന്‌ ആസ്വാദകരോടാണ് ആ വീഡിയോ സംവദിച്ചത്. എന്നെക്കൊണ്ട് കഴിയുന്ന പോലെ ഞാന്‍ ആ വീഡിയോക്ക് പിന്തുണ നല്‍കി. ഇതൊരു പ്രാദേശിക ഉദാഹരണം മാത്രം. അതുപോലെ സൃഷ്ടിപരമായ നിരവധി പ്രതികരണങ്ങള്‍ അന്താരാഷ്‌ട്ര തലത്തിലും ഉണ്ടാകുന്നുണ്ട്. മത ദര്‍ശനങ്ങളോട് അല്പമെങ്കിലും കൂറുള്ളവര്‍ അത്തരം സംരംഭങ്ങങ്ങള്‍ക്ക് പിന്തുണയും പ്രചാരണവും നല്‍കുകയുമാണ് വേണ്ടത്.

ഷക്കീലയുടെ പടം വന്നാല്‍ എല്ലാ മതവിഭാഗങ്ങളിലെയും പ്രേക്ഷകര്‍ തികഞ്ഞ സൗഹാര്‍ദത്തോടും സാഹോദര്യത്തോടും കൂടി തിയേറ്ററിലേക്ക് ഇടിച്ചു കയറി സിനിമ വിജയിപ്പിച്ചു കൊടുക്കും. ചൂടന്‍ രംഗങ്ങള്‍ക്ക് കയ്യടിച്ചും വിസിലടിച്ചും പ്രോത്സാഹിപ്പിച്ച് മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കും. എന്നാല്‍ ഏതെങ്കിലും മതത്തെക്കുറിച്ച് ഒരു പരാമര്‍ശം വന്നു കഴിഞ്ഞാല്‍ വിശ്വാസികളുടെ വികാരം പൊട്ടിയൊലിച്ചു റോട്ടിലൂടെ ഒഴുകും. പിന്നെ പ്രതിഷേധമായി കോലാഹലമായി, തിയേറ്റര്‍ അടിച്ചു പൊളിക്കലായി, സ്ക്രീന്‍ കത്തിക്കലായി. ഹിന്ദു മതത്തെക്കുറിച്ചുള്ള വല്ല പരാമര്‍ശങ്ങളും വന്നാല്‍ ശിവസേനയും സംഘപരിവാറും ഇറങ്ങിപ്പുറപ്പെടും. ക്രിസ്തു മതത്തെക്കുറിച്ചാണെകില്‍ പള്ളിയും അച്ഛന്മാരും ഇളകി മറിയും. ഇസ്ലാം മതത്തെക്കുറിച്ചാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. വെള്ളിയാഴ്ച പോലും പള്ളിയില്‍ പോകാത്തവനും പ്രതിഷേധം കൊണ്ട് വീര്‍പ്പുമുട്ടി വടിയും വാളുമായി ഇറങ്ങും. മതങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള 'വിശ്വാസി'കളുടെ പെടാപ്പാട് നോക്കണേ..

Related Posts
ബോംബേയ്..ബോംബ്‌!!
പ്രവാചകനോ അതോ സിനിമയോ വലുത്?
കൈ വെട്ടിയവരോട് രണ്ട് വാക്ക്

Recent Posts
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?
നീ.. കൊ.. ഞ.. ഭ. (നീയും കൊറച്ച് ഞങ്ങളെ ഭരിച്ചോ)
എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!