ബ്രിട്ടാസേ നീയും!!! (A John Brittas Drama)

ഇത് കൊലച്ചതിയായിപ്പോയി. ജോണ്‍ ബ്രിട്ടാസ് ഇത് ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. കൈരളി ടി വി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭുട്ടാന്‍ ലോട്ടറിയുടെ ടിക്കറ്റും ജോണ്‍ ബ്രിട്ടാസിന്റെ മുഖവുമാണ് മനസ്സില്‍ വരിക. ബ്രിട്ടാസില്ലാത്ത ഒരു കൈരളി ടി വി എനിക്ക് സങ്കല്പിക്കാന്‍ പോലും കഴിയുന്നില്ല. നികേഷ് ഇന്ത്യാവിഷനില്‍ നിന്ന് പോയപ്പോള്‍ പോലും എനിക്കിത് പോലെ ഒരു സങ്കടം വന്നിട്ടില്ല. എങ്ങിനെ കഴിഞ്ഞിരുന്ന ആളാണ്‌. ഇറങ്ങിപ്പോയപ്പോള്‍ ഒന്ന് കരയാന്‍ പോലും ആളില്ലാതെ പോയി. എന്‍ഡോസള്‍ഫാന്റെ ബഹളത്തില്‍ മുങ്ങിപ്പോയ ഈ രാജി വാര്‍ത്തക്ക് ഒരല്‍പമെങ്കിലും ജീവന്‍ നല്‍കാനാണ് അല്പം വൈകിയെങ്കിലും ഞാനീ പോസ്റ്റ്‌ ഇടുന്നത്.

മാധ്യമ പ്രവര്‍ത്തകരെയും അവര്‍ കാണിക്കുന്ന എല്ലാ സര്‍ക്കസ്സിനെയും സഹൃദയപൂര്‍വ്വം കാണാന്‍ ശ്രമിക്കുന്ന ഒരു ബ്ലോഗര്‍ എന്ന നിലക്ക് ബ്രിട്ടാസിന്റെ ഈ കര്‍ക്കിടകക്കാലത്ത് അദ്ദേഹത്തിന്‍റെ കൂടെ നില്‍ക്കേണ്ടത് എന്റെ കടമയുമാണല്ലോ. (ആക്ച്വലി, എന്റെ ഈ സഹൃദയത്വത്തില്‍ എനിക്ക് തന്നെ രോമാഞ്ചമുണ്ട്) പറ ബ്രിട്ടാസേ പറ, ശരിക്കും നിങ്ങള്‍ക്കെന്താണ് പറ്റിയത്?,  ആരാണ് നിങ്ങളുടെ പാലം വലിച്ചത്? എന്താണ് നിങ്ങളുടെ ഫാവി ഫരിഫാടി? ഇതൊക്കെ അറിയാനായിക്കൊണ്ട് പ്രേക്ഷകരായ ഞങ്ങള്‍ക്ക് വല്ലാത്ത ഒരു ഇതുണ്ട്. ഡബിള്‍ റോള്‍ സിനിമ പോലെ രണ്ടു സീറ്റിലും നിങ്ങള് തന്നെ ഇരുന്നിട്ട് ഈ രാജിയുടെ ഒരു ക്രോസ് ഫയര്‍ ഞങ്ങള്‍ക്ക് തന്നൂടായിരുന്നോ?

പുലിയെപ്പോലെ കഴിഞ്ഞ ആളാണ്‌ നിങ്ങള്‍. എലിയെപ്പോലെ ഇങ്ങനെ ഇറങ്ങിപ്പോകുന്നത് കാണുമ്പോള്‍ ഞങ്ങളുടെ ഇടനെഞ്ചാണ് പൊട്ടുന്നത്. എന്തൊക്കെ വീര കഥകളാണ് വടക്കന്‍ പാട്ടുകളില്‍ നിങ്ങളെപ്പറ്റിയുള്ളത്.  ഫാസ്റ്റ് റാങ്കോടെ എം എ, ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേര്‍സിറ്റിയില്‍ നിന്ന് മാധ്യമ വിഷയത്തില്‍ പി എച്ച് ഡി, പാര്‍ലമെന്റ് പാസ്‌ നേടുന്ന ഏറ്റവും ചെറുപ്പക്കാരനായ പത്രപ്രവര്‍ത്തകന്‍, കര്‍സേവകര്‍ ബാബറി മസ്ജിദ് പൊളിക്കുന്നതിനും ഗുജറാത്ത് കലാപത്തിനും ദൃക്സാക്ഷി, ഇറാഖ് അധിനിവേശ കാലത്ത് അവിടെ ആദ്യമെത്തിയ മലയാളി പത്രപ്രവര്‍ത്തകന്‍... അങ്ങിനെ എന്തെല്ലാം. ഒന്നും മറക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. എത്രയെത്ര ആവേശകരമായ അഭിമുഖങ്ങളാണ് നിങ്ങള്‍ സമ്മാനിച്ചത്‌. വി എസ് അമ്മാവന്റെ വാക്ക് കേട്ടപ്പോള്‍ ഫാരിസ് അബൂബക്കര്‍ എന്നാല്‍ ഹിറ്റ്‌ലറുടെ മൂത്താപ്പയാണെന്നാണ് ഞങ്ങള്‍  കരുതിയിരുന്നത്. ആ ഞങ്ങള്‍ക്ക് അയാളെ ജീവനോടെ കാണിച്ചു തന്നത് നിങ്ങളാണ്. മുഖം മറക്കാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത സൂഫിയ മദനി പോലും മുഖം മൂടാതെ ഇരുന്നത് നിങ്ങളുടെ മുന്നിലാണ്!!.   

ജോണ്‍ ബ്രിട്ടാസ് അഭിമുഖത്തിന്റെ ഒരു സാമ്പിള്‍ ഇവിടെ (നടി ശ്വേത മേനോനുമായി)


നഷ്ടത്തില്‍ കിടന്നിരുന്ന ചാനലിനെ പ്രതിവര്‍ഷം ഇരുപതുകോടി ലാഭത്തിലേക്ക് നയിച്ച നിങ്ങള്‍ക്ക് വിയര്‍പ്പ് ഓഹരിയായായെങ്കിലും വല്ലതും കിട്ടിയോ?. ( മുനീറിനെ കണ്ടു പഠിക്കണം എന്ന് എത്ര പേര്‍ നിങ്ങളെ ഉപദേശിച്ചതാ.. പക്ഷെ നിങ്ങള്‍ കേട്ടില്ല.) കൈരളിക്ക് എട്ടു നിലയില്‍ ഒരു രാജ കൊട്ടാരം കിട്ടിയതും  ജീവനക്കാര്‍ക്ക് നെയ്ച്ചോറും ബിരിയാണിയുമൊക്കെ വന്നുതുടങ്ങിയതും നിങ്ങള്‍ കാണിച്ച റേറ്റിംഗ് മാജിക്ക് കൊണ്ടാണ്. ആ നിങ്ങള്‍ ഇങ്ങനെ ഒരു സുപ്രഭാതത്തില്‍ ഇറങ്ങിപ്പോകുന്നത് കാണുമ്പോള്‍ സങ്കടമുണ്ട് സാറേ, സങ്കടം. 'അയ്യോ അച്ഛാ പോകല്ലേ'  'അയ്യോ അച്ഛാ പോകല്ലേ' എന്ന് ഞങ്ങള്‍ ആരോടാണ് പറയേണ്ടത്?.

പാണന്മാര്‍ ഇപ്പോള്‍ പലതും പാടി നടക്കുന്നുണ്ട് എന്ന് താങ്കള്‍ക്കു അറിയാമല്ലോ. . സ്റ്റാര്‍ ചാനലില്‍ നിന്നും നിങ്ങള്‍ക്ക് ഓഫര്‍ കിട്ടി എന്ന് ചിലര്‍ , അതല്ല ബി ബി സിയില്‍ നിന്നാണെന്ന് മറ്റു ചിലര്‍ , മമ്മൂട്ടിയും ഏഷ്യാനെറ്റ്‌ മാധവനും ചേര്‍ന്ന് അമേരിക്കയില്‍ തുടങ്ങുന്ന എന്റര്‍ടൈന്‍മെന്റ് ചാനലിന്റെ എം ഡി. യാകാന്‍ പോണെന്ന് വേറെ ഒരു കൂട്ടര്‍ , എന്തിനേറെ ജമാഅത്തെ ഇസ്‌ലാമിയുടെ ചാനലിന്റെ പേരില്‍ പോലും അങ്ങയെക്കുറിച്ചു പാട്ടുകളുണ്ട്. അച്ചുമാമനും യെച്ചൂരി സഖാവും കൂടി പുകച്ചു പുറത്തു ചാടിച്ചതാണെന്നാണ്‌ കൊടുങ്ങല്ലൂരുകാര്‍ പാടുന്നത്. ഇതില്‍ ഏത് പാട്ടാണ് ശരി ബ്രൂട്ടസ് ചേട്ടാ..?

പാര്‍ട്ടിക്ക് എന്തുകൊണ്ടും നല്ലകാലമാണ് ഇനി വരാന്‍ പോകുന്നത്. നൂറ്റി നാല്പതില്‍ നൂറ്റി മുപ്പതും നമ്മള്‍ സഖാക്കള്‍ക്ക് കിട്ടാനുള്ള സാധ്യതയുണ്ട് എന്നാണല്ലോ ലോക്കല്‍ കമ്മറ്റികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ . ചൂടുള്ള പരിപ്പ് വടയും കട്ടന്‍ ചായയും കുടിച്ച് കലാഭവന്‍ മണി സ്റ്റൈലില്‍ ങ്ങ്യാ ഹ.. ഹ.. പറഞ്ഞിരിക്കേണ്ട സമയമാണ് ഇപ്പോള്‍ . റിസള്‍ട്ടുകള്‍ ഒന്നൊന്നായി വരുന്ന സമയത്ത് ആവേശം വിതറാന്‍ ന്യൂസ്‌ ഡെസ്ക്കില്‍ നിങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എന്തോന്ന് റിസള്‍ട്ട്?. എന്തോന്ന് കൈരളി?.  എന്തോന്ന് ങ്ങ്യാ ഹ.. ഹ?. ഏതായാലും പിണറായി സഖാവും ചെയര്‍മാന്‍ മമ്മുട്ടി സഖാവും ചേര്‍ന്ന് കൈരളിക്കു ഒരു പുതിയ ആളെ കൊണ്ടുവരുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ( പി ശശിക്ക് പുതിയ പണി കിട്ടുമോ ആവോ?)

മ്യാവൂ: ബ്രിട്ടാസ് പോയെങ്കിലും ആകെയുള്ള ഒരാശ്വാസം നമ്മുടെ മറ്റേ പുള്ളി ട്രയല്‍ സംപ്രേഷണം തുടങ്ങി എന്നതാണ്. കളരിയില്‍ വിളക്ക് തെളിയിച്ച് ഫ്രീക്വന്‍സി റെഡിയാക്കൂ മക്കളേ, റെഡിയാക്കൂ..  Story Update : ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക

Related Posts
നികേഷ് വരുന്നുണ്ട്, ഓടണോ?
നികേഷ്‌ പോയാല്‍ ഇന്ത്യാവിഷന്‍ പൂട്ടുമോ?
നസര്‍ സുരക്ഷാ കവചവും മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ദേശായിയും
നികേഷിനെ നാര്‍ക്കോ നടത്തണം
ഇന്ത്യാവിഷന്‍ ചിരിക്കുന്നു, ഡോ: മുനീര്‍ കരയുന്നു.