'റിപ്പോര്‍ട്ടര്‍ ' എത്തി, ഇനി അര്‍മാദിക്കൂ

റിപ്പോര്‍ട്ടര്‍ ടി വി യുമായി നികേഷ് എത്തി. ഇനിയൊരു കലക്കാ കലക്കും. ട്രയല്‍ സംപ്രേഷണം തുടങ്ങി എന്നാണ് വാര്‍ത്ത. ഞാന്‍ ട്യൂണ്‍ ചെയ്തിട്ട് കിട്ടിയിട്ടില്ല. ചാനലിന്റെ പേര് വന്നു. ബാക്കിയൊന്നും വന്നില്ല. ഫ്രീക്വന്‍സി ഇതോടൊപ്പമുള്ള ചിത്രത്തിലുണ്ട്. ഇതുവരെ മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്ന നികേഷ് ഇന്ന് മുതല്‍ മാധ്യമ മുതലാളി ആയിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ടി വിയുടെ അന്‍പത്തിരണ്ടു ശതമാനം ഷെയര്‍ നികേഷിന്റെതാണ് ( ആര് കൊടുത്തതായാലും)  എന്നാണ് അറിയുന്നത്. ഒരു സാധാരണ മാധ്യമ പ്രവര്‍ത്തകന്‍ സ്വന്തം പ്രയത്നത്താല്‍ ഇത്തരമൊരു നേട്ടം കൈവരിക്കുന്നത് ഇന്ത്യയില്‍ തന്നെ ഇതാദ്യമായിരിക്കാം. 

പി ടി നാസര്‍ , വേണു, പി കെ പ്രകാശ്, രാജീവ് രാമചന്ദ്രന്‍ തുടങ്ങി മാധ്യമ പ്രവര്‍ത്തകരുടെ ഒരു നല്ല നിര നികേഷിനൊപ്പമുണ്ട്. നികേഷിന്റെ വരവ് പ്രമാണിച്ച് നികേഷ് വരുന്നുണ്ട്, ഓടണോ? റീപോസ്റ്റ് ചെയ്യുകയാണ്. നമ്മളെക്കൊണ്ട് ഇങ്ങനെയുള്ള സഹായങ്ങള്‍ ഒക്കെയല്ലേ പറ്റൂ. നികേഷിന് എല്ലാ വിധ ഭാവുകങ്ങളും.

Posted - 24 March 2011 
സ്ഥിരമായി കണ്ടു കൊണ്ടിരുന്നവരെ പെട്ടെന്ന് കാണാതായാല്‍ വല്ലാത്ത വിഷമമാണ്. ഇന്ത്യാവിഷനില്‍ നിന്ന് നികേഷ് കുമാര്‍ പോയപ്പോള്‍ അത്തരമൊരു വിഷമം എനിക്കുണ്ടായിരുന്നു. (സീരിയസ്സായി പറയുമ്പോള്‍ ചിരിക്കരുത്, പ്ലീസ് !!). മോഹന്‍ലാലിനെപ്പോലെ ഇടത്തേ തോളല്‍പ്പം ചെരിച്ച് കൈ രണ്ടും മേശയില്‍ കുത്തി നികേഷ് 'ഇര പിടിക്കുന്നത്' കാണാന്‍ എന്തൊരു ചേലായിരുന്നു. പുള്ളി പോയതോടെ ന്യൂസ്‌ അവറിന്റെ ഗുമ്മു പോയി. എന്നെപ്പോലുള്ള നികേഷ് ഫാന്‍സുകാര്‍ക്ക് ഇനി അര്‍മാദിക്കാം. നികേഷ് ജീവാത്മാവും പരമാത്മാവുമായ 'റിപ്പോര്‍ട്ടര്‍ ' ടി വി ഇലക്ഷന് മുമ്പേ സംപ്രേഷണം (അഥവാ വെടിക്കെട്ട്) തുടങ്ങും എന്നാണ്‌ വാര്‍ത്ത.


ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നു. എം ടി വാസുദേവന്‍ നായരാണ് അത് പ്രകാശനം ചെയ്തത്. (ദോഷം പറയുകയാണെന്ന് കരുതരുത്. ഇന്ത്യാവിഷന്‍ തുടങ്ങിയപ്പോഴും എം ടി മുന്നിലുണ്ടായിരുന്നു!).  ഹൈ ഡെഫനിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന കേരളത്തിലെ ആദ്യ വാര്‍ത്താ ചാനല്‍ എന്നാണ് 'റിപ്പോര്‍ട്ടര്‍ ' അവകാശപ്പെടുന്നത്. വാര്‍ത്താ ചാനലുകള്‍ ഇനിയും വരാനുണ്ട്. മുരളിയുടെ ജനപ്രിയ, സുന്നികളുടെ ദര്‍ശന, ലീഗിന്റെ ഐ ബി സി,  ജമാഅത്തെ ഇസ്ലാമിയുടെത്.. അങ്ങിനെ പലതും. ഇതിനൊക്കെപ്പുറമേയാണ് മനോരമയുടെ പാത പിന്തുടര്‍ന്ന് മാതൃഭുമി, മംഗളം, കേരള കൌമുദി തുടങ്ങിയ പത്രങ്ങളുടെ ചാനലുകള്‍ അണിയറയില്‍ മേക്കപ്പിട്ടുകൊണ്ടിരിക്കുന്നത്. (നമ്മള്‍ മലയാളികളെ പടച്ചോന്‍ കാക്കട്ടെ.) മുടിഞ്ഞ 'ഗോമ്പറ്റീശന്‍' ആണ് ഈ രംഗത്ത് വരാന്‍ പോകുന്നത് എന്ന് ചുരുക്കം.

വി ഡി സതീശന്‍, എം ബി രാജേഷ്, ഒ അബ്ദുള്ള,  ടോം വടക്കന്‍ തുടങ്ങിയവര്‍ക്ക് ഇനിയിപ്പോള്‍ നല്ല മാര്‍ക്കറ്റായിരിക്കും. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, മനോരമ ന്യൂസ്‌, റിപ്പോര്‍ട്ടര്‍ .. രാത്രി ഒമ്പത് മണിക്ക് എവിടെക്കേറി ഇരിക്കണം എന്ന് മാത്രം തീരുമാനിച്ചാല്‍ മതി. അഞ്ഞൂറ് പിന്നിട്ട സീരിയലിലെ കണ്ണീരു നായികമാരെക്കാള്‍ ജനപ്രിയര്‍ ഇപ്പോള്‍ ഇവരാണ് !!. ചികില്‍സയൊക്കെക്കഴിഞ്ഞു എം ഐ ഷാനവാസും തിരിച്ചെത്തിയിട്ടുണ്ട്. (ലിവര്‍ കാന്‍സര്‍ ആണെന്ന് കൊച്ചിയിലെ ഏതോ ഡോക്റ്റര്‍  ഷാനവാസിനെ പറഞ്ഞു പേടിപ്പിച്ചു. അങ്ങനെ പേടിച്ചു പേടിച്ചാണ് ഇപ്പോള്‍ കാണുന്ന പരുവത്തില്‍ ആയതത്രേ. ഏതായാലും ഷാനവാസ് ആരോഗ്യവാനായി തിരിച്ചു വന്നതില്‍ സന്തോഷം. വൈകീട്ട് എന്നും കാണാമല്ലോ )


നല്ല താവളം നോക്കി പല മാധ്യമ പ്രവര്‍ത്തകരും അങ്ങോട്ടുമിങ്ങോട്ടും ചാടുന്ന കാലമാണ്. ഇന്ത്യാവിഷന്റെ കാര്യമാണ് ഏറെ കഷ്ടമായി വരുന്നത്. ആട് കിടന്നിടത്ത് പൂട പോലുമില്ല എന്ന് പറഞ്ഞ പോലെ അവിടെ ഇപ്പോള്‍ കാര്യമായി ആരുമില്ലാത്ത അവസ്ഥയാണ്. എന്റെ സുഹൃത്ത് കുഞ്ഞസ്സന്‍ കുട്ടിയടക്കമുള്ള എല്ലാ ഷെയര്‍ ഹോള്‍ഡേഴ്സിന്റെയും കാര്യം 'കട്ടപ്പൊക'തന്നെയാകും എന്നുറപ്പായിക്കഴിഞ്ഞു. ഇന്ത്യാവിഷനില്‍ നിന്ന് മുങ്ങിയ പി ടി നാസര്‍ അടക്കമുള്ള പലരും നികേഷിനോപ്പം റിപ്പോര്‍ട്ടറില്‍ പൊങ്ങും.  ലീഗില്‍ വീ എസ്സ് കളിച്ചുകൊണ്ടിരിക്കുന്ന മുനീറിന് ചാനലുമില്ല പാര്‍ട്ടിയുമില്ല  എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌.


പൊതുജനങ്ങളിലധികവും പുതിയ ദൃശ്യമാധ്യമ സംസ്കാരത്തിന് അഡിക്റ്റുകള്‍ ആയിത്തുടങ്ങിയിരിക്കുന്നതിനാല്‍ ചര്‍ച്ചകളിലും സംവാദങ്ങളിലും തിളങ്ങാന്‍ കഴിയാത്ത പല നേതാക്കളും ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. മാധ്യമങ്ങളില്‍ തിളങ്ങുന്നവര്‍ക്ക് താരപരിവേഷം ലഭിക്കുന്നു. രജനീകാന്തിനെ കാണുമ്പോള്‍ തമിഴന്മാര്‍ വാ പൊളിച്ചു നില്‍ക്കുന്ന പോലെയാണ് വി ഡി സതീശനെക്കാണുമ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ നില്‍ക്കുന്നത്.  വെറുതെ കിട്ടിയ ഇമേജ് അല്ല ഇത്. സതീശന്‍ ഏറെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ്. ഈ ഭരണ കാലത്ത് നിയമസഭക്കകത്തും ചാനല്‍ ചര്‍ച്ചകളിലും ഏറ്റവും തിളങ്ങിയ നേതാവ് സതീശനാണെന്ന് പിണറായി പോലും സമ്മതിക്കും.

സംഗതികള്‍ ഇങ്ങനെ പോയാല്‍ നേരെ ചൊവ്വേ നാലക്ഷരം പറയാന്‍ കഴിയാത്ത നേതാക്കളൊക്കെ എത്ര പ്രവര്‍ത്തന പരിചയമുണ്ടെങ്കിലും മൂലക്കിരിക്കേണ്ടി വരും. സിനിമ പഠിക്കാന്‍ ഒരു പൂന ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്ളത് പോലെ നികേഷിനു മുന്നില്‍ എങ്ങിനെ ഇരിക്കണം എന്ന് നേതാക്കന്മാരെ പഠിപ്പിക്കാന്‍ കൊച്ചിയില്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയാല്‍ വിജയിക്കും. കാറ്റുപിടിക്കുന്ന ഈ ചാനല്‍ കാലത്ത് നേതാക്കന്മാരോട് പറയാനുള്ളത് ഇതാണ്. മാധ്യമങ്ങള്‍ക്ക് വേണ്ടി അല്പം ഹോം വര്‍ക്ക് ചെയ്തു പഠിക്കുക. ചാനലുകാര്‍ വരുന്നുണ്ട് എന്ന് കേള്‍ക്കുമ്പോഴേക്ക് ഓടാന്‍ നില്‍ക്കരുത്.

Related Topics
ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക
ബ്രിട്ടാസേ നീയും!!! (A John Brittas Drama) 
നികേഷ്‌ പോയാല്‍ ഇന്ത്യാവിഷന്‍ പൂട്ടുമോ?
നികേഷിനെ നാര്‍ക്കോ നടത്തണം
ഇന്ത്യാവിഷന്‍ ചിരിക്കുന്നു, ഡോ: മുനീര്‍ കരയുന്നു. 
ഇന്ത്യാവിഷന്‍: ഇപ്പോള്‍ ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടി
ഇന്ത്യാവിഷന്‍: വില്ലന്‍ നായകനായി മാറി !
ഇന്ത്യവിഷന്‍ ഏഷ്യാനെറ്റിന്റെ മണ്ടക്കടിക്കുന്നു