August 22, 2009

ഇന്ത്യാവിഷൻ ഏഷ്യാനെറ്റിന്റെ മണ്ടക്കടിക്കുന്നു

നികേഷ്‌ കുമാറിന്റെ വാര്‍ത്ത വായന എനിക്ക് വളരെ ഇഷ്ടമാണ്. വളരെ ചടുലവും ആവേശകരവുമാണ് നികേഷിന്റെ വായനാ രീതി. മലയാള വാര്‍ത്ത വായനക്കാര്‍ക്കിടയില്‍ നികേഷ്‌ ഒരു തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കുഞ്ഞുകുട്ടി പരാധീനതകള്‍ ഏറെയുള്ള ഇന്ത്യാവിഷനെ അതിന്റെ തലപ്പത്തിരുന്നു ഒറ്റയാള്‍ പട്ടാളം കണക്കെ നയിക്കുന്നത് നികേഷ്‌ തന്നെ. മനോരമ, ഏഷ്യാനെറ്റ്‌ പോലുള്ള വന്‍ കുത്തകള്‍കിടയിലും ഈ കൊച്ചു ചാനല്‍ റേറ്റിംഗ് ഇടിയാതെ മുന്നോട്ടു പോവുന്നുണ്ട്. നികേഷ്‌ ചാടിയാല്‍ ഇന്ത്യവിഷന്റെ അപ്പീസ് പൂട്ടും എന്നായിരുന്നു എന്റെയൊരു കണക്കു കൂട്ടല്‍. എന്നാല്‍ ആ തോന്നല്‍ പൂര്‍ണമായും ശരിയല്ല എന്ന് ഇപ്പോള്‍ മനസ്സിലായി. വേറെയും ചില ആണ്‍ കുട്ടികള്‍ ഇന്ത്യാവിഷനിലുണ്ട്. ഇത് പറയാന്‍ കാരണമുണ്ട്. ഇന്നലെ മുതല്‍ ഏഷ്യാനെറ്റിന്റെ തലമണ്ടക്ക് ഇന്ത്യാവിഷന്‍ അടി തുടങ്ങിയിരിക്കുന്നു. വീ കെ സി സ്ട്രീറ്റ് ലൈറ്റ് ഒരൊന്നാന്തരം ചുറ്റികയാണ്. ഇത് കൊണ്ടുള്ള ഒന്ന് രണ്ടു അടി കിട്ടിയാല്‍ പെട്ടെന്നൊന്നും ബോധം തെളിയില്ല.


റിയാലിറ്റി ഷോ എന്നാല്‍ സ്റ്റുഡിയോക്കുള്ളിലെ കണ്ണഞ്ചിപ്പിക്കുന്ന സെറ്റും ശരത്-ശ്രീകുമാര്‍ അണ്ണാച്ചികളുടെ സംഗതി ക്ലാസ്സുമാനെന്നു കേരളീയരെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഏഷ്യാനെറ്റ്‌. ചാവി കൊടുത്താല്‍ ആടുന്ന പാവകളെപ്പോലെ എപ്പോള്‍ കരയണം എപ്പോള്‍ ചിരിക്കണം എന്ന് പഠിപ്പിച്ചു വിട്ട ഒരു കൂട്ടം ലഗോണ്‍ പുള്ളാരും നാല് മിനുട്ടില്‍ പതിനാറു തവണ കയ്യടിച്ചോളാമെന്ന് കരാറെടുത്തു വന്ന മുപ്പത്തിരണ്ടു പേരും ഉണ്ടെങ്കില്‍ ഇവിടെ എന്തും നടക്കും. 'മലയാലം കുരച്ചു കുരച്ചു' സംസാരിക്കാന്‍ ഒരു രണ്ജിനി, അച്ഛന്‍ ചത്താല്‍ പോലും കരയാത്ത്തവര്‍ ഉണ്ടെങ്കില്‍ അവരെ കരയിപ്പിക്കാന്‍ രണ്ടാഴ്ച കൂടുമ്പോള്‍ എലിവിഷേഷന്‍ (എലിവിഷം കൂട്ടത്തോടെ കുത്തിവെക്കുന്ന പ്രത്യേക കലാ പരിപാടി) ഇത്രയുമായാല്‍ കൃത്യം എട്ടര മണിക്ക് റിയാലിറ്റി പാല്‍ പായസം റെഡി. ഇതൊക്കെ കണ്ട് കുമ്പളം വിഴുങ്ങിയ കുറുക്കനെ പോലെ ടീവിക്ക് മുന്നില്‍ മിഴിച്ചിരിക്കാന്‍ ഞാനും നിങ്ങളും ഉള്ളത് കൊണ്ട് റേറ്റിംഗ് വാണം വിട്ട പോലെ മേലോട്ട്.

ഇതൊക്കെയാണ് കേരളത്തിന്റെ റിയാലിറ്റി എന്ന് സ്വയം വിശ്വസിച്ചും വിശ്വസിപ്പിച്ചും ഇരിക്കുന്നതിനിടയിലാണ് തെരുവിലെ റിയാലിറ്റിയിലേക്ക് ക്യാമറയുമായി ഇന്ത്യവിഷന്‍ ഇറങ്ങിയിരിക്കുന്നത്. പാട്ട് പാടി ജീവിക്കുന്ന തെരുവിലെ പതിനേഴ്‌ കുടുംബങ്ങളെ പങ്കെടിപ്പിച്ചു കൊണ്ട് ഒരു റിയല്‍ ഷോ. ഷോയുടെ അവസാനം എല്ലാ കുടുംബങ്ങള്‍ക്കും ഓരോ വീട്. ആരും എലിവിഷം കുടിക്കില്ല. ആരും എസ്സെമ്മേസ്സില്‍ മുങ്ങി ചാവില്ല. ഒരു കോടിയുടെ ഫ്ലാറ്റ്‌ കണ്ടു ആരും ബോധം കെടില്ല. സംഗതി കലക്കി. ഇതാണ് യഥാര്‍ത്ഥ സംഗതി.

ട്രെയിനിലും ബസ്സിലും തെരുവിലും ഒരു ചാണ്‍ വയറിനു വേണ്ടി തൊണ്ട പൊട്ടി പാടുന്ന പതിനേഴു കുടുംബങ്ങളെ ടെലിവിഷന്‍ സ്ക്രീനില്‍ താരങ്ങളാക്കുക വഴി ഒരു പുതിയ റിയാലിറ്റി ജനിക്കുകയാണ്. ഏഷ്യാനെറ്റിന്റെ ഫ്ലോറസന്റ്റ്‌ റിയാലിറ്റിയില്‍ നിന്നും ഏറെ വേറിട്ട്‌ നില്‍ക്കുന്ന തെരുവ് റിയാലിറ്റി. ശനി ഞായര്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടര മണിക്ക് തെരുവിലെ ഗായകരും
ഇനി താരങ്ങളാവും . വീ കെ സി സ്ട്രീറ്റ് ലൈറ്റ് മൂര്‍ച്ചയുള്ള ഒരു കത്തിയാണ്. എവിടെ കൊണ്ടാലും ചോര പൊടിയും.

ഈ പ്രോഗ്രാം സ്പോന്‍സര്‍ ചെയ്തിരിക്കുന്ന വീ കെ സീ ഗ്രൂപ്പ്‌ ചെയര്‍മാന്‍ വീ കെ സീ മമ്മദ് കോയ, പതിനേഴു വീടുകളുടെ നിര്‍മാണം നടത്തുന്ന കാലിക്കറ്റ്‌ ലാന്‍ഡ്‌ മാര്‍ക്ക്‌ ബില്‍ഡഴ്സ്‌, അവതാരക (ടെലിവിഷന്‍ പണ്ഡിതന്‍മാരുടെ ഭാഷയില്‍ അവതാരിക) ചിത്ര അയ്യര്‍, ആമുഖ ഗാനം പാടിയ ശങ്കര്‍ മഹാദേവ്, സംഗീതം നല്‍കിയ ജാസി ഗിഫ്റ്റ്, ഇവര്‍ക്കെല്ലാം പുറമേ ഈ ആശയം നാട്ടു മുളപ്പിച്ചു യാഥാര്‍ത്ഥ്യം ആക്കിയ സംവിധായകന്‍ സുധീര്‍ അമ്പലക്കാട് .. ഇവെരല്ലാം ഒരു പുതിയ ടെലിവിഷന്‍ ചരിത്രത്തിന്റെ ഭാഗം ആവുകയാണ്.

തെരുവിലെ പാട്ടിനു വിശപ്പിന്റെ ചുവയുണ്ടാവും . അതിനു ലിപ്സ്ടിക്കിന്റെ മണമുണ്ടാകില്ല. ചുറ്റിലുമുള്ള കണ്ണുകളില്‍ ദയനീയമായ ഒരു നോട്ടം പായിച്ച് അവര്‍ പാടുമ്പോള്‍ ശ്രുതി കൊടുക്കാന്‍ നാദബ്രഹ്മം ഓര്‍ക്കസ്ട്രയില്ല. തെരുവില്‍ നിന്ന് ലഭിക്കുന്ന ഒരു കഷണം കുപ്പിചില്ലില്‍ നിന്ന് അവരുടെ സംഗീതം ജനിക്കുന്നു. ഈ റിയാലിറ്റിയില്‍ ആരും തമ്മില്‍ മത്സരിക്കുന്നില്ല. സ്റ്റേജില്‍ ചിരിക്കുകയും സ്റ്റേജിന് പുറത്തു കൊഞ്ഞണം കാണിക്കുകയുമില്ല. എല്ലാ കുടുംബങ്ങള്‍ക്കും കേരളത്തില്‍ അവരിഷ്ടപ്പെടുന്ന ഒരു പ്രദേശത്ത് ഒരു കൊച്ചു കൂര ലഭിക്കും. ഇനി മേല്‍ അവര്‍ക്ക് തെരുവില്‍ ഉറങ്ങേണ്ടി വരില്ല. ഒരൊറ്റ എപ്പിസോഡ് കണ്ട ധൈര്യത്തില്‍ ആണ് ഇത്രയും എഴുതിയത്.
. . കണ്ടത് അപ്പോള്‍ പറയുക, ബാക്കി പിന്നെ നോക്കുക എന്നതാണ് എന്റെ ലൈന്‍. നാളെ എന്താകും എന്ന് പറഞ്ഞു കൂട. റേറ്റിംഗിന്റെ ചക്കരക്കട്ട നുണഞ്ഞ് സ്ട്രീറ്റ്ലൈറ്റ് സ്റ്റാര്‍സിംഗര്‍ ആയി രൂപാന്തരം പ്രാപിച്ചാല്‍ എന്നെ കുതിര കയറാന്‍ വരരുത്.

24 comments:

 1. ഈ സംരംഭത്തിന്‌ ഭാവുകങ്ങള്‍ നേരുന്നു. പക്ഷേ, പോസ്‌റ്റുമുഴുവന്‍ വായിച്ചിട്ടും ഏതു സമയത്താണ്‌ എന്നുമനസ്സിലായില്ല. അതുകൂടി പറയൂ. എന്നാലല്ലേ മറ്റുളളവര്‍ക്കുകൂടി കാണാനാവൂ. എപ്പോഴും ടിവിക്കുമുമ്പിലിരിക്കുന്നവരല്ലല്ലോ

  ReplyDelete
 2. @ മൈന

  ട്രെയിനിലും ബസ്സിലും തെരുവിലും ഒരു ചാണ്‍ വയറിനു വേണ്ടി തൊണ്ട പൊട്ടി പാടുന്ന പതിനേഴു കുടുംബങ്ങളെ ടെലിവിഷന്‍ സ്ക്രീനില്‍ താരങ്ങളാക്കുക വഴി ഒരു പുതിയ റിയാലിറ്റി ജനിക്കുകയാണ്. ഏഷ്യാനെറ്റിന്റെ ഫ്ലോറസന്റ്റ്‌ റിയാലിറ്റിയില്‍ നിന്നും ഏറെ വേറിട്ട്‌ നില്‍ക്കുന്ന തെരുവ് റിയാലിറ്റി. ശനി ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ടര മണിക്ക് തെരുവിലെ ഗായകരും ഇനി താരങ്ങളാവും . വീ കെ സി സ്ട്രീറ്റ് ലൈറ്റ് മൂര്‍ച്ചയുള്ള ഒരു കത്തിയാണ്. എവിടെ കൊണ്ടാലും ചോര പൊടിയും.

  ReplyDelete
 3. മണ്ടക്കടിയാണോ പിരടിക്കടിയാണോ എന്നതിലുപരി ഇത്തരം റിയല്‍ഷോകള്‍ അഭിനന്ദനാര്‍ഹം തന്നെ, തലചായ്ക്കാനൊരിടം കിട്ടുന്നതിലപ്പുറം അവര്‍ക്ക് വേറെന്തു വേണം, അധ്വാനിച്ചു ജീവിക്കാനവര്‍ക്കറിയാമെങ്കില്‍...

  ReplyDelete
 4. ഈ പരിപാടിയെക്കുറിച്ച് ചിത്രകാരന്റെ കാഴ്ച്ചപ്പാടും കുറച്ചു ചിത്രങ്ങളും ഇവിടെ കാണാം:വികെസി സ്ട്രീറ്റ് ലൈറ്റ് റിയല്‍ ഷോ

  ReplyDelete
 5. ആവിശ്യമായ ഒരു ഷോ അഭിവാദ്യങ്ങള്‍

  ReplyDelete
 6. [Photo]റിയാലിറ്റി ഷോ എന്നാല്‍ സ്റ്റുഡിയോക്കുള്ളിലെ കണ്ണഞ്ചിപ്പിക്കുന്ന സെറ്റും ശരത്-ശ്രീകുമാര്‍ അണ്ണാച്ചികളുടെ സംഗതി ക്ലാസ്സുമാനെന്നു കേരളീയരെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഏഷ്യാനെറ്റ്‌. ചാവി കൊടുത്താല്‍ ആടുന്ന പാവകളെപ്പോലെ എപ്പോള്‍ കരയണം എപ്പോള്‍ ചിരിക്കണം എന്ന് പഠിപ്പിച്ചു വിട്ട ഒരു കൂട്ടം ലഗോണ്‍ പുള്ളാരും നാല് മിനുട്ടില്‍ പതിനാറു തവണ കയ്യടിച്ചോളാമെന്ന് കരാറെടുത്തു വന്ന മുപ്പത്തിരണ്ടു പേരും ഉണ്ടെങ്കില്‍ ഇവിടെ എന്തും നടക്കും. 'മലയാലം കുരച്ചു കുരച്ചു' സംസാരിക്കാന്‍ ഒരു രണ്ജിനി, അച്ഛന്‍ ചത്താല്‍ പോലും കരയാത്ത്തവര്‍ ഉണ്ടെങ്കില്‍ അവരെ കരയിപ്പിക്കാന്‍ രണ്ടാഴ്ച കൂടുമ്പോള്‍ എലിവിഷേഷന്‍ (എലിവിഷം കൂട്ടത്തോടെ കുത്തിവെക്കുന്ന പ്രത്യേക കലാ പരിപാടി) ഇത്രയുമായാല്‍ കൃത്യം എട്ടര മണിക്ക് റിയാലിറ്റി പാല്‍ പായസം റെഡി. ഇതൊക്കെ കണ്ട് കുമ്പളം വിഴുങ്ങിയ കുറുക്കനെ പോലെ ടീവിക്ക് മുന്നില്‍ മിഴിച്ചിരിക്കാന്‍ ഞാനും നിങ്ങളും ഉള്ളത് കൊണ്ട് റേറ്റിംഗ് വാണം വിട്ട പോലെ മേലോട്ട്.

  ReplyDelete
 7. വീ കെ സീ ഗ്രൂപിന്റെ പുതിയ സംരംഭത്തിന് ഭാവുകങ്ങള്‍. സ്റ്റാര്‍ സിങ്ങര്‍ അനവധി ആളുകളെ ടീ വീ കു മുമ്പില്‍ പിടിച്ചിരുത്തി ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നുണ്ട്. കുടുംബത്തില്‍ ഒരു മരണം നടന്നാല്‍ പോലും കരയാത്തവര്‍ എലിമിനഷന്‍ റൌണ്ടില്‍ ഒരാള്‍ പുറത്താകുമ്പോള്‍ കരയുന്നത് കാണുമ്പോള്‍ ചിരി വരാറുണ്ട്. വിഡ്ഢിപ്പെട്ടി ആളുകളെ വിഡ്ഢികളാക്കുന്നതിന്റെ ഒന്നാന്തരം ഉദാഹരണം. ഇതിലൂടെ ലക്ഷങ്ങളാണ് ചാനലുകാര്‍ നേടുന്നത്. ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇത്തരം ചാനലുകള്‍ക്കെതിരെ ജരരോഷം ഉയരേണ്ടിയിരിക്കുന്നു. വളരുന്ന തലമുറയോട് നമുക്ക് ചെയ്യാവുന്ന മഹത്തായ സേവനമായിരിക്കും അത്.

  ReplyDelete
 8. മറ്റു "റിയാലിറ്റി" ഷോകളില്‍ നിന്ന് ഇതിനു പോരായ്മകള്‍ ഏറെ കണ്‍ടേകാം. കാരണം ഇതൊരു റിയല്‍ ഷോ യാണ്. . വിശപ്പിന്റെയും വിയര്‍പിന്റെയും ഗന്ധം അതിനു മാറ്റ് കൂട്ടും. നല്ല ചിന്തകളെ പ്രോത്സാഹിപ്പിക്കുക. ഈ പോസ്റ്റിനു ബഷീര്‍ വള്ളിക്കുന്നിന് പ്രത്യേക അഭിനന്ദനം.

  ReplyDelete
 9. വീ കെ സീ ഗ്രൂപ്പിന് ഒരായിരം നന്ദി. ഇവിടെ കൂട്ടക്കരച്ചില്‍ ക്ലബുകളുടെ സ്പോണ്‍സര്‍ട് എലിമിനേഷന്‍ നാടകങ്ങള്‍ ഇല്ലാതെ ഒരു റിയാലിറ്റി. ജീവിതത്തിന്‍റെ പുറം പോകിലേക് എലിമിനേറ്റു ചെയ്യപ്പെട്ട പതിനേഴു കുടുംബങ്ങളെ മുഖ്യധാരയിലേക് തിരിച്ചു വിളിക്കുക. ഈ മഹാ സംരംഭത്തിന് എല്ലാ വിജയാശംസകളും നേരുന്നു.!!  'മലയാലം കുരച്ചു കുരച്ചു' സംസാരിക്കാന്‍ ഒരു രണ്ജിനി. ബഷീര്‍. ഇതുകലക്കി

  മൂന്നു വര്ഷം വിദേശത്ത് പോയി വന്നപ്പോഴെകും മലയാളത്തെ കൊരച്ചു കൊരച്ചു "മല്യാല" മാകി ഒരു ഭാഷയുടെ നെഞ്ചില്‍ "നഗ്ന" താണ്ഡവമാടുന്ന രഞ്ജിനി അവതാരത്തെ “മണിച്ചിത്ര താഴിട്ടു” പൂട്ടാത്ത ജഡ്ജസ്‌ എന്ന "അയിപ്രായാക്കാര്‍" ഏറ്റവും വലിയ സാഹിത്യ ശാഖ യായ ഗാനങ്ങളെ വിലയിരുത്താനിരിക്കുമ്പോള്‍ പുച്ഛം തോന്നാറുണ്ട്.

  ചില അഭിനവ "ഭാഷാ സ്നേഹി" കളായ ബ്ലോഗര്‍മാര്‍ എന്നോട് പൊറുക്കുക.

  ReplyDelete
 10. അരിഭക്ഷണം കഴിച്ചിട്ട് രണ്ട് മാസമായ, കോരിച്ചൊരിയുന്ന മഴയത്തും മൂന്നു നേരം കാട്ടിലെ പഴങ്ങള്‍ തിന്നു വിശപ്പടക്കുന്ന, നമ്മെപ്പോലെ മലയാളം പറയുന്ന കുറെ ആദിവാസികളും ഈ കേരളത്തില്‍ ജീവിക്കുന്നതായി അറിയുന്നു. അവരുടെ പാരമ്പര്യങ്ങള്‍ ഹനിക്കപ്പെടാതെ ആഹാരം വിളയിക്കാന്‍ അല്പം മണ്ണും കാട്ടു മൃഗങ്ങള്‍ അക്രമിക്കാത്ത ഒറ്റ മുറിക്കൂരയും നല്‍കാനും ആര്‍ക്കെങ്കിലും മനസുണ്ടാകണം. അവര്‍ക്ക് ആധുനികതയോ വളര്‍ച്ചയോ ഒന്നും മനസിലാകുന്നില്ലായിരിക്കാം. പക്ഷേ അവര്‍ക്ക് ആകെ വേണ്ടുന്ന സാധനമായ അരി ഭക്ഷണം എങ്കിലും നല്‍കണം

  ReplyDelete
 11. ഇതൊക്കെ ചാനലുകാരുടെ ഒരു കച്ചവട മൽസരമാണേ...... ചാനലുകാർക്ക്‌ ഇതൊക്കെ ഒരു കൊയ്തു യന്ത്രമാണ്‌ മക്കളേ.......

  ReplyDelete
 12. Dear anjuttty

  താങ്കള്‍ പറഞ്ഞതില്‍ ശെരി ഇല്ലെന്നു പറയുന്നില്ല. എങ്കിലും ഒരു മത്സരം കൊണ്ട് ചില പാവങ്ങളെന്കിലും രക്ഷപ്പെടുന്നെന്കില്‍ അതൊരു പുണ്യമായി കരുതാം

  ReplyDelete
 13. സ്വന്തം ജീവിതം തന്നെ സമർപ്പിച്ച് കലാസൃഷ്ടികൾ ഉണ്ടാക്കുന്ന ചലച്ചിത്രകാരനു നൽകുന്ന സമ്മാനം ഒരു ലച്ചം രൂഫ. നാലു സിൽമാപ്പാട്ട് കാണാതെ പഠിച്ച് റിയാലിറ്റി ഷോയിൽ അവതരിപ്പിച്ച് എസ് എം എസിന്റെ ബലത്തിൽ ഒന്നാമതെത്തുന്നവർക്ക് നാൽ‌പ്പതും അമ്പതു ലക്ഷം ഉറുപ്പികയൂടെ ഫ്ലാറ്റ്. ഇതാണ് ഇന്നത്തെ ലോകം. ആ ലോകത്ത് ഇൻഡ്യാവിഷന്റെ സമാരംഭം അഭിനന്ദനാർഹം തന്നെ!

  ReplyDelete
 14. ഇന്ത്യാ വിഷന്‍ ( ഇതില്‍ കൂടുതല്‍ ഇന്ത്യയെ കാണുന്നതെങ്ങനെ?) അഭിനന്ദനങ്ങള്‍ !!! ഇതു പോലുള്ള സം‌രംഭങ്ങള്‍ (കച്ചവടക്കണ്ണോടെ ആണെങ്കില്‍ കൂടി പോലും :) പ്രശംസനീയമാണ്. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  കാണുന്ന പ്രേക്ഷകരുടെ എണ്ണം ആണ് പരിപാടിയുടെ വിജയം എങ്കില്‍ ആ വിജയം നല്‍കാന്‍ ഞാനും ഉണ്ടാകും.

  ReplyDelete
 15. പതിനാറു പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ എന്തിനാ റിയാലിറ്റി ഷോ?

  എന്റെ ചങ്ങാതി, ഇതെല്ലാം കച്ചവടം തന്നെ... നമുക്ക്‌ കണ്ടു രസിക്കാം!!

  ReplyDelete
 16. നികേഷ്‌ അത്ര നല്ല വാർത്ത വയനക്കാരനൊന്നുമല്ല. നിങ്ങൾ വേണുവിനെയും ഷാനിയെയും പ്രമോദിനേയും ഒന്നും കാണാത്തതുകൊണ്ടകും അങ്ങിനെ പറഞ്ഞത്‌. ഒരു ചോദ്യം ചോദിക്കുബോൾ വാർത്തകിടയിൽ ചുരിങ്ങിയത്‌ പത്തുതവണ അദ്ദേഹം ആലോചിഛു ആൾക്കാരെ ബോറടിപ്പിക്കും .താങ്കൾ പറഞ്ഞ ചടുലവും ആവേശകരവുമായ വായനക്കാരനിൽ നിന്ന് ഒരിക്കലും അങ്ങിനെ ഉണ്ടാകില്ല

  ReplyDelete
 17. Ithoru nalla samrambham thanne. India visionu ella bhavukangalum, Mangalashamsakalum...!

  ReplyDelete
 18. ടെലിവിഷം ചാനലുകളായി പടരട്ടെ, ഇനി തെരുവുഗായകര് പെരുകട്ടെ, റിയാലിറ്റി ഷോ വഴി നമുക്കും കിട്ടണം പണം....

  ReplyDelete
 19. ഇതിനെക്കുറിച്ചു ഒരു ഫോറത്തില്‍ വായിച്ചിരുന്നു.. റിയാലിറ്റി ഷോയുടെ പുതിയ മുഖമാവട്ടെ ഇന്ഡ്യാ വിഷന്... :-) നമുക്കു പ്റൊല്സാഹിപ്പിക്കാം. പക്ഷെ ഇങനെയൊരു പരിപാടിയെക്കുറിച്ചു എത്റ പേര്ക്കു അറിയാം എന്നു സംശയം ഉണ്ട്.

  ReplyDelete
 20. Ee paripaadi 80% tv kanikal kanunnilla enna kelkanath

  ReplyDelete