ഇന്ത്യാവിഷന്‍: ഇപ്പോള്‍ ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടി

"ഇന്ത്യാവിഷന്‍, റജീന സംഭവത്തോടെ ശരാശരി മുസ്‌ലിമിന് ഹറാമായി, കുഞ്ഞാലിക്കുട്ടിയോട് ചെയ്ത കടുംകൈ മാത്രമായിരുന്നില്ല ആ തത്സമയ പ്രക്ഷേപണം. എട്ടും പൊട്ടും തിരിയാത്ത നിരക്ഷര ന്യൂനപക്ഷ വനിത, ഒരു പ്രത്യേക സാഹചര്യത്തില്‍ 'വെളിപ്പെടുത്താന്‍' ആഗ്രഹിച്ചാലും അത് വിശ്വമാകെ കൊട്ടിഘോഷിക്കാന്‍ മാത്രം എന്താണതിലുണ്ടായിരുന്നത് നവ മലയാള തലമുറയ്ക്ക് ഗുണപാഠം നല്‍കാന്‍ ?. അശ്ലീലമായിരുന്നു, ഇന്ത്യാവിഷന്‍ സാങ്കേതിക മികവോടെ മറ്റു ചാനലുകളെ തോല്‍പ്പിച്ച് നടത്തിയ ആ റിയാലിറ്റി ഷോ. 'നിര്‍ത്തൂ, നികേഷ്‌ പേക്കൂത്ത്' എന്ന് ഡോ: എം കെ മുനീര്‍ വിളിച്ചു പറയുന്നതിന് പകരം 'ന്യൂസ്‌ ടീമിന് കൊടുത്ത വാക്ക് പാലിച്ചു' എന്ന് പറയുന്നത് എന്നെ ഞെട്ടിപ്പിക്കുന്നു". വാക്കുകള്‍ എന്റേതല്ല, ഡോ മുനീറിന് മറുപടിയുമായി മാതൃഭൂമി വാരികയില്‍ (ലക്കം ഒക്ടോ 25-31) അവതരിച്ച കെ പി നിര്‍മല്‍ കുമാറിന്റെതാണ് . മുനീര്‍ എഴുതിയ ലേഖനം വായിച്ചിട്ടില്ലാത്തവര്‍ ഇവിടെ ക്ലിക്കുക


റജീന സംഭവത്തോടെ ഇന്ത്യാവിഷന്‍ ശരാശരി മുസ്‌ലിമിന് ഹറാമായിഎന്ന് ഫത്‌വ നല്‍കാന്‍ നിര്മലിനെ  പ്രേരിപ്പിച്ച വികാരം എന്ത് എന്നറിയില്ല.  നിര്‍മല്‍ പറയുന്ന പോലെ റജീന എട്ടും പൊട്ടും തിരിയാത്ത വനിതയാണോ അതോ എട്ടുനിലയില്‍ പൊട്ടുന്ന  വെടിമരുന്നാണോ എന്ന് തര്‍ക്കിക്കാനും ഞാനില്ല. തര്‍ക്കിക്കാനാണെങ്കില്‍ വേണ്ടത്ര വകകള്‍ നിര്മലിന്റെ വിശകലനത്തില്‍ ഉണ്ട്. 'റജീനയുടെ പുലമ്പല്‍' (പ്രയോഗം ഡോ: മുനീറിന്റെത് ) ഇന്ത്യാവിഷനില്‍ ലൈവായി വരുമ്പോള്‍  "നിര്‍ത്തൂ, നികേഷ്‌ ഈ പേക്കൂത്ത്'" എന്ന് വിളിച്ചു പറയാനുള്ള തന്റേടം മുനീറിനില്ലാതെ പോയി എന്ന് നിര്‍മല്‍ പറയുന്നതില്‍ അല്പം കാര്യമുണ്ട്. ഇത് പ്രേക്ഷകന്റെ കണ്ണീരാണ് എന്ന തലക്കെട്ടില്‍ നിര്‍മല്‍ ഒഴുക്കുന്നത് അധികവും മുതലക്കണ്ണീര്‍ ആണെങ്കിലും ഈ ഒരു വാദത്തോട് യോജിക്കാതെ വയ്യ.

പൊതു ജനങ്ങളില്‍ നിന്നും പണം പിരിച്ചു സ്വന്തം ജാമ്യത്തില്‍ ഒരു ചാനലോ പത്രമോ നടത്തുന്ന ഏതൊരാളുടെയും പ്രഥമവും പ്രധാനവുമായ ശ്രദ്ധ അവയില്‍ എന്ത് വരുന്നു എന്നതില്‍ തന്നെയാവണം. പണം കൊടുത്ത ജനങ്ങളുടെ ശ്രദ്ധ അതിലായിരിക്കും. ചാനലില്‍ എന്ത് വേണ്ടാതീനം വന്നാലും ഞാന്‍ നിഷ്പക്ഷനായി നിന്ന് കൊള്ളാം എന്നൊരാള്‍ വാക്ക് കൊടുത്താല്‍ അതിലേറെ അബദ്ധം മറ്റൊന്നില്ല. പണം നല്‍കിയത് നികേഷിനെ വിശ്വസിച്ചല്ല, ഡോ മുനീറിന്റെ വ്യക്തി പ്രഭാവത്തില്‍ വിശ്വസിച്ചാണ് എന്ന് പറയുന്നവരായിരിക്കും കൂടുതലും.  ഇന്ത്യാവിഷനെ ഒരു ലീഗ് ചാനലായി മാറ്റിയില്ല എന്നത് ഡോ മുനീര്‍ ചെയ്ത ഏറ്റവും നല്ല കാര്യമായി ഞാന്‍ കാണുന്നു. എന്നാല്‍ വാര്‍ത്താ സംഘത്തെ കയറൂരി വിട്ടത് ‍ അബദ്ധമല്ലേ എന്ന് ചോദിച്ചാല്‍ അതെ എന്ന് പറയാനേ കഴിയൂ.

മുനീര്‍ സാഹിബ്‌ ഇങ്ങനെയൊരു ലേഖനവുമായി മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ ഇത് വേണ്ടിയിരുന്നുവോ എന്ന് പലരും നെറ്റിചുളിച്ചതാണ്. കുഞ്ഞുകുട്ടി പരാധീനതകളില്‍ തപ്പിത്തടഞ്ഞ് ചാനല്‍ ഒരു വിധം മുന്നോട്ട് പോകുമ്പോള്‍ വെറുതെയൊരു വയ്യാവേലി തലയില്‍ കയറ്റുകയാണ് ഡോക്ടര്‍ ചെയ്തത്. കെ പി നിര്‍മല്‍ കുമാറിനെപ്പോലുള്ള നിരവധി പേരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു കുഴങ്ങേണ്ട ഗതികേടിലാണ് കേരള രാഷ്ട്രീയത്തിലെ ഇതിഹാസ പുരുഷനായ സീ എച്ചിന്റെ പ്രിയ പുത്രന്‍.

നിര്‍മല്‍ കുമാറിന് നികേഷിനോട്  എന്തോ വ്യക്തിവൈരാഗ്യം ഉണ്ടെന്നു തോന്നുന്നു. നികേഷിനെ ഇടിച്ചു താഴ്ത്താന്‍ വേണ്ടി ഇന്ത്യാവിഷനിലെ കെ ആര്‍ ഗോപീകൃഷ്ണനെ വേണ്ടത്ര പുകഴ്തുന്നുണ്ട് നിര്‍മല്‍. രാഷ്ട്രീയ നേതാക്കളെ ഇരുത്തിപ്പൊരിക്കുകയാണ് നികേഷ്‌ ചെയ്യുന്നത് എന്നാണു നിര്മലിന്റെ പക്ഷം. ആ ഇരുത്തിപ്പൊരിയാണ് അവരുടെ റേറ്റിംഗ് കൂട്ടിയത് എന്ന കാര്യം നിര്‍മല്‍ മറച്ചു വെക്കുന്നു. ഹസന്‍ ചേളാരി മുനീറിന്റെ ഉമ്മയെയും പെങ്ങളെയും മുന്‍നിരയില്‍ നിന്ന് പിടിച്ചെഴുനേല്പിച്ചതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന  നിര്‍മല്‍ ഇന്ത്യാവിഷന്റെ ചടങ്ങില്‍ മുനീറിന്റെ കുടുംബക്കാര്‍ സംഘാടകര്‍ ആണെന്നാണ്‌ പറയുന്നത്. മുനീറിന് പകരം മുനീറിന്റെ കുടുംബക്കാരെ സംഘാടകര്‍ ആക്കി സ്വയം തരാം താഴുകയാണ് നിര്‍മല്‍. എം ടി യുടെ കൂടെ കൂടിയിട്ടു മുനീറിന് എന്ത് നേട്ടമുണ്ടായി എന്ന വില കുറഞ്ഞ മറ്റൊരു ചോദ്യവും നിര്‍മല്‍ ഉയര്‍ത്തുന്നുണ്ട്.

ഇത് പ്രേക്ഷകന്റെ കണ്ണീരാണ് എന്ന ടൈറ്റിലിന് നേരെ ചിന്താവിഷ്ടനായിരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ചിത്രമാണ് മാതൃഭൂമി നല്‍കിയിരിക്കുന്നത്. ചിരിച്ചു കൊണ്ട് നില്‍ക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ചിത്രമായിരുന്നു അവര്‍ നല്‍കേണ്ടിയിരുന്നത്. റെജീന എപ്പിസോഡിന്റെ സത്യാസത്യങ്ങള്‍ എന്തായാലും അത് പുറത്തു വിട്ട മാധ്യമങ്ങള്‍ക്ക് നേരെ തികച്ചും മാന്യമായ ഒരു സമീപനമാണ്  കുഞ്ഞാലിക്കുട്ടിയില്‍ നിന്നുണ്ടായത്. മാധ്യമ പ്രവര്‍ത്തകര്‍ (?) തലയിലേക്ക് കരിങ്കൊടി എറിഞ്ഞപ്പോള്‍ പോലും വികാരപരമായി പ്രതികരിക്കാതെ അദ്ദേഹം മിതത്വം പാലിച്ചു. ഈ വിവാദങ്ങള്‍ക്കിടയിലും  മുനീറുമായി സൗഹൃദം നിലനിര്‍ത്തി. മാധ്യമങ്ങള്‍ക്കെതിരെ ഉറഞ്ഞുതുള്ളിയില്ല. (ലാവ്ലിന്‍ കേസ് വന്നപ്പോഴുള്ള പിണറായിയുടെ പ്രതികരണങ്ങള്‍ ഓര്‍ക്കുക)

ഇന്ത്യാവിഷനില്‍ റെജീന അറ്റം ബോംബ് പൊട്ടിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി മക്കയില്‍ ഉംറ നിര്‍വഹിക്കുകയായിരുന്നു. ഉംറ നിര്‍വഹിച്ചു ജിദ്ദയിലെത്തിയ അദ്ദേഹത്തെ ആദ്യമായി അഭിമുഖം നടത്താനുള്ള അവസരം എനിക്കാണ് ലഭിച്ചത്. വിളറി വെളുത്ത ഒരു കുഞ്ഞാലിക്കുട്ടിയെ പ്രതീക്ഷിച്ചു ജിദ്ദയിലെ ഹോട്ടല്‍ മുറിയിലേക്ക് കയറിയ ഞാന്‍ കണ്ടത് സുസ്മേര വദനനായിയിരിക്കുന്ന ഒരു നേതാവിനെയാണ്. ചോദ്യങ്ങള്‍ക്കൊക്കെ വളരെ മാന്യവും അക്ഷോഭ്യവുമായ പ്രതികരണങ്ങള്‍.. ആ ഒരു വാര്‍ത്തയുടെ പേരില്‍  വര്‍ഷങ്ങള്‍ക്കു ശേഷം ഡോ: മുനീര്‍ വ്യാകുലപ്പെട്ടു ലേഖനം എഴുതുമ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നത് പീ കെ കുഞ്ഞാലിക്കുട്ടിയാണ്.

മ്യാവൂ: ഹസ്സന്‍ ചേളാരിയുടെ വിമര്‍ശന ശരങ്ങളുമായി മാതൃഭൂമിയുടെ പുതിയ ലക്കം ഇറങ്ങിക്കഴിഞ്ഞു. പൂരം തുടങ്ങുന്നതേയുള്ളൂ.. 
For Latest Story Pls click here ഇന്ത്യാവിഷന്‍ : വില്ലന്‍ നായകനായി മാറി