നികേഷിനെ നാര്‍ക്കോ നടത്തണം

ഇന്ത്യാവിഷന്‍ മുന്‍ സി ഇ ഒ നികേഷ്‌ കുമാറിന്‍റെ അഭിമുഖവുമായി വന്ന മാതൃഭൂമി വാരിക എനിക്ക് ഇന്നലെ വൈകിട്ടാണ് കിട്ടിയത്. മമ്മൂട്ടിയെക്കാള്‍ സുന്ദരനെന്ന് തോന്നുന്ന നികേഷിന്റെ ഒരു സൂപ്പര്‍ ക്ലോസപ്പാണ് കവറില്‍ അടിച്ചു വെച്ചിരിക്കുന്നത്. ‘ഞാനെന്തിന് ഇന്ത്യാവിഷന്‍ വിട്ടു?’ എന്ന് വെണ്ടക്കയും. റജീന വാര്‍ത്ത പുറത്തു വന്ന ശേഷം കുഞ്ഞാലിക്കുട്ടി സാഹിബ് നികേഷിനെ വിളിച്ചത്രേ.. അവര്‍ തമ്മിലുള്ള ഡയലോഗ് ഇപ്രകാരമാണ്.

"കുഞ്ഞാലിക്കുട്ടി:  ആ വാര്‍ത്ത തെറ്റിദ്ധാരണ മൂലമാണ് ഉണ്ടായത്. തെറ്റിദ്ധാരണ മൂലമാണ് നിങ്ങളെ പ്പോലുള്ളവര്‍ ആ വാര്‍ത്ത വിശ്വസിക്കാനും കൊടുക്കാനും ഇടയായത്.
നികേഷ് : അതില്‍ ഞങ്ങള്‍ക്ക് ഒരു തെറ്റിദ്ധാരണയും ഇല്ല.
കുഞ്ഞാലിക്കുട്ടി: നികേഷിനെ ഉദ്ദേശിച്ചല്ല ഞാനത് പറഞ്ഞത്.
നികേഷ് : ഇന്ത്യാവിഷനില്‍ വരുന്ന ഓരോ വാര്‍ത്തയും ഞാന്‍ അറിഞ്ഞു ഉറപ്പു വരുത്തി കൊടുക്കുന്നതാണ്.
കുഞ്ഞാലിക്കുട്ടി: ശരി, ആയിക്കോട്ടെ.."

ഇന്ത്യാവിഷനില്‍ വരുന്ന ഓരോ വാര്‍ത്തയും ഞാന്‍ അറിഞ്ഞു ഉറപ്പു വരുത്തി കൊടുക്കുന്നതാണ് എന്ന നികേഷിന്റെ ഡയലോഗ് വായിച്ചതും മാതൃഭൂമി വാരിക എന്റെ കയ്യില്‍ നിന്ന് താഴെ വീണു പോയി. എലിപ്പനി ബാധിച്ച പോലെ ഞാനാകെ നിന്നു വിറച്ചു. നിലത്ത് വീണ മാതൃഭൂമി എടുക്കുന്നതിന് മുമ്പ് ഒരു ശ്ലോകം ഞാന്‍ രണ്ടു തവണ ചൊല്ലി.

മുഖം പത്മദളാകരം
വചസ് ചന്ദന ശീതളം
ഹൃദയം വഹ്നി സന്തപ്തം
ത്രിവിധം ദുഷ്ട ലക്ഷണം
സ്വാഹ.. സ്വാഹ.. സ്വാഹ..

നികേഷിനെ മനസ്സില്‍ കണ്ടു ആരോ എഴുതിയ വരികളാണ് ഇത് എന്ന് ധരിക്കരുത്. വിറയല്‍ മാറാന്‍ അപ്പോള്‍ മനസ്സില്‍ വന്ന ഒരു ശ്ലോകം ഞാന്‍ ചൊല്ലി എന്നേയുള്ളൂ. (സ്വാഹ.. യഥാര്‍ത്ഥ ശ്ലോകത്തില്‍ ഇല്ല. ഒരു ധൈര്യത്തിന് വേണ്ടി ഞാന്‍ ചേര്‍ത്തതാണ്) നികേഷിനോട് എനിക്ക് പറയാനുള്ളത് ആളുകള്‍ക്ക് വിറയല്‍ ഉണ്ടാക്കുന്ന ഇമ്മാതിരി ബോംബുകളൊന്നും പൊട്ടിക്കരുത് എന്നാണ്. മാതൃഭൂമി വായിക്കുന്ന ആളുകളില്‍ ചില പൊട്ടന്മാര്‍ കണ്ടേക്കും. പക്ഷെ ആ വാരിക വായിക്കുന്ന എല്ലാവരും പൊട്ടന്മാര്‍ ആണെന്ന് കരുതരുത്. റജീന പറഞ്ഞതൊക്കെ തീര്‍ത്തും ശരിയാണെന്ന് (ഞൊടിയിടക്കുള്ളില്‍) ഉറപ്പു വരുത്തി’ ഇന്ത്യാവിഷനില്‍ കൊടുത്ത് എന്ന് കുഞ്ഞാലിക്കുട്ടിയോട് താങ്കള്‍ പറഞ്ഞപ്പോള്‍  അദ്ദേഹം പറഞ്ഞ മറുപടി ശ്രദ്ധിച്ചില്ലേ.. “ശരി, ആയിക്കോട്ടെ” എന്ന്. ആ ‘ആയിക്കോട്ടെ’ ക്ക് ഒരുപാട് അര്‍ത്ഥങ്ങളുണ്ട് നികേഷ്‌.. . ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്ക് അത് പെട്ടെന്ന് പിടി കിട്ടും. കണ്ണൂരുകാരുടെ ബള്‍ബ്‌ അല്പം താമസിച്ചേ കത്തൂ. താങ്കളുടെ ബള്‍ബ്‌ ഇപ്പോഴും കത്തിയിട്ടുണ്ടോ എന്ന് പോലും എനിക്ക് സംശയമാണ്.
 

കുഞ്ഞാലിക്കുട്ടി സാഹിബ് ഉംറക്ക് പോയപ്പോഴാണ് താങ്കള്‍ ആറ്റംബോംബ്‌ പൊട്ടിച്ചത്. അദ്ദേഹം ആ സമയത്ത് ആകാശത്തില്‍ ആണ്. അഭിമുഖത്തില്‍ പറഞ്ഞ പോലെ ഉംറ കഴിഞ്ഞ് തിരിച്ചുള്ള യാത്രയില്‍ ആണ് അദ്ദേഹം താങ്കളെ മൊബൈലില്‍ വിളിച്ചത്‌. ഉംറ കഴിഞ്ഞ് നേരെ ജിദ്ദയില്‍ വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ ആദ്യമായി അഭിമുഖം നടത്താന്‍ ഈ ബ്ലോഗ്‌ എഴുതുന്ന എനിക്കാണ് അവസരം കിട്ടിയത്. അന്ന് ഞാന്‍ വര്‍ത്തമാനം പത്രത്തിന്‍റെ ( സുകുമാര്‍ അഴീക്കോടിന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരണം തുടങ്ങിയ കാലം) സൗദി ചീഫ്‌ റിപ്പോര്‍ട്ടര്‍ ആണ്. കെ എം സി സി നേതാവ് കെ പി മുഹമ്മദ്‌ കുട്ടിയുടെ കൂടെയായിരുന്നു കുഞ്ഞാലിക്കുട്ടി. കെ പി യെ വിളിച്ച് ഒരു എസ്ക്ലൂസീവ്‌ അഭിമുഖം തരപ്പെടുത്തിത്തരണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു. 

"സിറ്റുവേഷന്‍ വളരെ മോശമാണ് നിങ്ങള്‍ ഹോട്ടലിലേക്ക് വരൂ, ഞാന്‍ ശ്രമിക്കാം" എന്ന് കെ പി പറഞ്ഞു. കുഞ്ഞാലിക്കുട്ടി സാഹിബിന് ഇതിലും മോശമായ ഒരു ‘സിറ്റുവേഷന്‍ ‘ഇനി ഉണ്ടാവില്ല എന്ന് എനിക്കറിയാം. എങ്ങനെയും അദ്ദേഹത്തിന്‍റെ പ്രതികരണം അറിഞ്ഞേ പറ്റൂ.. ഞാന്‍ ഷറഫിയ ഹോട്ടലില്‍ പാഞ്ഞെത്തി. ഇത്തരമൊരു അവസരത്തില്‍ അഭിമുഖം നല്‍കും എന്ന് എനിക്ക് തീരെ പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷെ കെ പി യുടെ ഇടപെടലില്‍ അദ്ദേഹം സമ്മതിച്ചു. റെജീനയെ അറിയുമോ എന്നാണ് ഞാന്‍ ആദ്യമായി ചോദിച്ചത്. കണ്ടിട്ട് പോലുമില്ല, ഇപ്പോള്‍ ടീവിയില്‍ ആണ് ആദ്യമായി കാണുന്നത് എന്ന് അറുത്തു മുറിച്ച മറുപടി. നികേഷ്‌, താങ്കളായിരുന്നു എന്റെ സ്ഥാനത്തെങ്കില്‍ ഞൊടിയിടക്കുള്ളില്‍ ആ പ്രസ്താവത്തിന്‍റെ സത്യാവസ്ഥ ‘അറിഞ്ഞു ഉറപ്പു വരുത്തി’ കൊടുക്കാന്‍ പറ്റുമായിരുന്നു. (റജീനയുടെ പ്രസ്താവന അറിഞ്ഞ് ഉറപ്പ് വരുത്തി കൊടുത്തത് പോലെ). എനിക്ക് അത്തരം അമാനുഷ കഴിവ് ഇല്ലാത്തതിനാല്‍ ഞാന്‍ അദ്ദേഹം പറഞ്ഞ പോലെ തന്നെ റിപ്പോര്‍ട്ട് ചെയ്തു.


കുഞ്ഞാലിക്കുട്ടിയല്ല എന്‍റെ വിഷയം. വിവാദ വിഷയങ്ങളൊക്കെ അദ്ദേഹം പടച്ചോനുമായി തീര്‍ത്തോളും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം ഇവിടെ വിഷയം താങ്കള്‍ പറയുന്ന ഹിമാലയന്‍ പ്രസ്താവനകളാണ്. ഷാജി കൈലാസ്‌ സിനിമകളിലെ മോഹന്‍ലാലിനെപ്പോലെ ഒരു അമാനുഷനാകാനുള്ള പുറപ്പാടിലാണ് താങ്കള്‍ എന്ന് തോന്നുന്നു. ഏറ്റവും നല്ല പുളിക്കൊമ്പില്‍ തന്നെ പിടിക്കുന്നതിന് വേണ്ടി സ്വയം മാര്‍ക്കറ്റ്‌ ചെയ്യാനുള്ള തന്ത്രങ്ങള്‍ താങ്കള്‍ കാണിക്കുന്നത് മനസ്സിലാക്കാന്‍ പറ്റും. ഒരു പക്ഷേ മാതൃഭൂമിയുടെ ചാനലില്‍ തന്നെ താങ്കള്‍ പൊങ്ങി എന്നും വരാം. പക്ഷേ ഈ അഭിമുഖത്തില്‍ ഉടനീളം ഇരുപത്തി നാല് കാരറ്റ് പുണ്യവാളന്‍ ആണെന്ന് വരുത്താന്‍ താങ്കള്‍ കാണിക്കുന്ന തത്രപ്പാട് അത്രക്കങ്ങ് ദഹിക്കുന്നില്ല. അഭിമുഖം വായിച്ചതോടെ താങ്കളെപ്പറ്റി നല്ല രണ്ടു വാക്ക് പറഞ്ഞ് കഴിഞ്ഞ ദിവസം ഞാന്‍ എഴുതിയ പോസ്റ്റ് (നികേഷ്‌ പോയാല്‍ ഇന്ത്യാവിഷന്‍ പൂട്ടുമോ? ) പിന്‍വലിക്കണോ എന്നാണു ഞാന്‍ ആലോചിക്കുന്നത്. താങ്കളെ ഒരു നാര്‍ക്കോ പരിശോധനക്ക് വിധേയമാക്കിയാലേ വാര്‍ത്തകള്‍ക്കിടയില്‍ എന്തൊക്കെ കളികള്‍ കളിച്ചിട്ടുണ്ട് എന്ന് അറിയാന്‍ പറ്റൂ. മഠത്തിനുള്ളില്‍ വെച്ച് പുരോഹിതനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് സിസ്റ്റര്‍ സ്റ്റെഫി നാര്‍ക്കോയില്‍ പറഞ്ഞ കാര്യം നിങ്ങള്‍ മാതൃഭൂമി അഭിമുഖത്തില്‍ പറയുന്നുണ്ട്. അത്തരമൊരു നാര്‍ക്കോ നടത്തിയാല്‍ താങ്കള്‍ക്കും ചിലതൊക്കെ പറയാനുണ്ടാവില്ലേ.  


അക്കാലത്ത് എനിക്ക് മുട്ടിനു മുട്ടിന് അവാര്‍ഡ്‌ കിട്ടുമായിരുന്നു. ഓരോ മാസവും ഓരോ അവാര്‍ഡ്‌. ആ അവാര്‍ഡ്‌ തുക കൊണ്ടാണ് ഞാന്‍ അന്ന് കഴിഞ്ഞു പോയിരുന്നത്”. ഹോ, ധീര ദേശാഭിമാനി രാമകൃഷ്ണപ്പിള്ള പോലും പത്രപ്രവര്‍ത്തനത്തിനു വേണ്ടി ഇത്രയും ത്യാഗങ്ങള്‍ സഹിച്ചിരിക്കില്ല!! ഒന്ന് ചോദിച്ചോട്ടെ, ഇത്ര കാലവും മാസാമാസം നിങ്ങള്‍ ഇന്ത്യാവിഷനില്‍ നിന്ന് എടുത്തിരുന്ന കൂറ്റന്‍ ശമ്പളം അവലോസുണ്ടയായിരുന്നോ?. അറിയാഞ്ഞിട്ടു ചോദിക്കുവാ.. അവാര്‍ഡ് തുക കൊണ്ടാണത്രേ ജീവിച്ചു പോയത് !!! ഇന്ത്യാവിഷന്‍ കൊണ്ട് ഭൂമിയില്‍ ആരെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍ അത് താങ്കള്‍ മാത്രമാണ്. ആ നിങ്ങള് തന്നെ ഇത് പറയണം!! ഇന്ത്യാവിഷനില്‍ നിന്ന് ഒരു കിടിലന്‍ യാത്രയയപ്പും ഉപഹാരവും വാങ്ങി (ചരിത്രത്തില്‍ ഇങ്ങനെ ആര്‍ക്കും ലഭിച്ചിരിക്കില്ല എന്ന് താങ്കള്‍ തന്നെ പറഞ്ഞു) മാതൃഭൂമിയില്‍ പോയി ബോംബു പൊട്ടിക്കാന്‍ കാണിച്ച ധീരത അപാരമാണ്. എല്ലാ വിധ വിജയാശംസകളും.. ചല്‍തേ രഹോ.. 

മ്യാവൂ : കലാകൌമുദിയില്‍ മുനീറിന്റെ അഭിമുഖം!!. "നികേഷ് കുമാര്‍ ഡെമോക്രസി തീരെ അനുവദിച്ചിരുന്നില്ല . റിപ്പോര്ടര്‍മാര്‍ക്ക്  നികേഷിന്റെ മുന്നില്‍ കാര്യങ്ങള്‍ പറയാന്‍ പേടിയായിരുന്നു . തന്റെ വിശ്വാസമാണ് ശരിയെന്നു നികേഷ് ഉറപ്പിച്ചിരുന്നു . പ്രശ്നത്തിന്റെ രണ്ടു വശം നോക്കാന്‍ മുതിര്‍ന്നിരുന്നില്ല .ഇപ്പോള്‍ പലരും അത് പറയുന്നുണ്ട് " എനിക്ക് വയ്യ.. ഞാന്‍ ഓടുകയാണ്.. ഇനിയീ വിഷയത്തില്‍ ഒരു പോസ്റ്റ്‌ എഴുതാന്‍ എന്നെക്കൊണ്ടാവില്ല. എന്നെ ആരും അതിനു നിര്‍ബന്ധിക്കരുത്. ട്ടോ..

Related Posts
നികേഷ്‌ പോയാല്‍ ഇന്ത്യാവിഷന്‍ പൂട്ടുമോ?
ഇന്ത്യവിഷന്‍ ഏഷ്യാനെറ്റിന്റെ മണ്ടക്കടിക്കുന്നു 
ഇന്ത്യാവിഷന്‍ ചിരിക്കുന്നു, ഡോ: മുനീര്‍ കരയുന്നു. 
ഇന്ത്യാവിഷന്‍: ഇപ്പോള്‍ ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടി
ഇന്ത്യാവിഷന്‍: വില്ലന്‍ നായകനായി മാറി !