ജമാഅത്ത് സര്‍ക്കസ് പ്രദര്‍ശനം തുടരുന്നു

Comment Box Closed 
പി പീ എന്ന ഹോണടിച്ച്  തുരുമ്പെടുത്ത സ്കൂട്ടറില്‍ നാട്ടുമ്പുറങ്ങളില്‍ കറങ്ങുന്ന മീന്‍ കച്ചവടക്കാരെ കണ്ടിട്ടില്ലേ. അവരെപ്പോലെയാണ് ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍. കച്ചോടം കുറഞ്ഞാല്‍ പെട്ടെന്ന് റൂട്ട് മാറ്റും. മീന്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍  നിരാശരാവും. പൊടി പോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉദ്ഘാടനം ചെയ്ത 'ജനകീയ സര്‍ക്കസ്സിന്റെ' ട്രപ്പീസില്‍ നിന്ന് തലകുത്തി വീണതാണ് ജമാഅത്തുകാര്‍ . നടുവൊടിഞ്ഞ് കിടക്കുകയായിരുന്നു കുറച്ചു കാലം. വേച്ചു വേച്ചു നടക്കാറായിത്തുടങ്ങിയപ്പോള്‍ പഴയ സ്കൂട്ടര്‍ വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജനകീയ റൂട്ട് വിട്ട് സി പി എം റൂട്ടിലേക്കാണ് വണ്ടി തിരിച്ചിരിക്കുന്നത്. ഇത്തവണ കച്ചോടം നടക്കുമോ എന്തോ?


ജമാഅത്തെ ഇസ്‌ലാമിയുടെ 'പൊളിറ്റിക്കല്‍ സെക്രട്ടറി' (ചിരിക്കരുത്. അങ്ങനെയൊരു പോസ്റ്റ്‌ ഉണ്ട്!) ഹമീദ് വാണിമേല്‍ ഇന്നലെ രാജി വെച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തി വെച്ചിരുന്ന ജമാഅത്ത് സര്‍ക്കസ് ഈ രാജിയോടെ വീണ്ടും പ്രദര്‍ശനം തുടങ്ങുകയാണ്. രാജി വെച്ച ഉടനെ പുള്ളി ഒരു പത്രസമ്മേളനവും നടത്തി. (പത്ര സമ്മേളനം നടത്താന്‍ ജമാത്തുകാരെ ആരും പഠിപ്പിക്കേണ്ടല്ലോ)  "ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന് വോട്ട് ചെയ്യാന്‍ കേരള ഘടകം തീരുമാനമെടുത്തിട്ടുണ്ടെന്നും ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ഹമീദ് വാണിമേല്‍  പറഞ്ഞു. അഞ്ച് വര്‍ഷത്തെ ഇടത് ഭരണത്തെ വിലയിരുത്താതെയും അധികാരവും സ്വാധീനവും ഉപയോഗിച്ച് ജമാഅത്തെ ഇസ്‌ലാമിയെ തകര്‍ക്കാന്‍ ശ്രമിച്ച സി.പി.എമ്മിന്റെ കപട നയങ്ങളോട് വിധേയത്വം കാണിച്ചും എടുത്ത തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു" (മാധ്യമം)അധികം കൂട്ടാനും കിഴിക്കാനും പോകാതെ തന്നെ ഒറ്റവാക്കില്‍ പറയാവുന്നത് ഇതാണ്. ജമാഅത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പോലും അവരുടെ നയം മനസ്സിലാവുന്നില്ല. (പിന്നെയാണോ എന്റെയും നിങ്ങളുടെയും കാര്യം! ) സമീപകാലത്തെ കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ കോമാളി വേഷം കെട്ടിയവര്‍ക്ക് വല്ല അവാര്‍ഡും കൊടുക്കുന്നുണ്ടെങ്കില്‍ അതിന്റെ ഓസ്കാര്‍ ജമാഅത്തെ ഇസ്‌ലാമിക്ക് കൊടുക്കണം. കുറേക്കാലം വോട്ടേ പാടില്ല എന്ന് പറഞ്ഞു. ജനാധിപത്യം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ചു. അല്പം ബോധം തെളിഞ്ഞപ്പോള്‍ മൂല്യം നോക്കി വോട്ടാന്‍ പറഞ്ഞു. അതുകഴിഞ്ഞ് മുന്നണി നോക്കി കുത്തി. അവസാനം ജനകീയവും പരീക്ഷിച്ചു. ഇപ്പോള്‍ വീണ്ടും സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ആക്കി നില്‍ക്കുകയാണ്‌. ഏതെങ്കിലും ഒരു മുന്നണിയില്‍ ഇടിച്ചു കയറി ചാവേറാവുകയാണ് ലക്‌ഷ്യം.  പിണറായി കനിയുമോ എന്ന് കണ്ടറിയണം. 'റോസ് അരിയുണ്ടെങ്കില്‍ ആര്‍ക്കും ബിരിയാണി വെക്കാം' എന്ന് പറഞ്ഞ പോലെ ജമാഅത്ത് ബിരിയാണി റെഡിയാണ് ആര്‍ക്കും വിളമ്പാം കഴിക്കാം.

ജമാഅത്തെ ഇസ്‌ലാമി ഭീകരവാദ പ്രസ്ഥാനമാണെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രസ്താവിച്ചത് സഖാവ് പിണറായി വിജയനാണ്. ആ പിണറായി തന്നെ തങ്ങളുമായി വോട്ടു ചര്‍ച്ച നടത്തി എന്നാണ് ജമാഅത്ത് അമീര്‍ വെളിപ്പെടുത്തിയിരിക്കുന്നത്!!. (അപ്പോള്‍ പിണറായി ആരായി എന്ന് നാം ചോദിക്കരുത്. അത് ചോദിക്കേണ്ടത്‌ വി എസ്സാണ്!!) അമീറും സഖാവും തലയില്‍ മുണ്ടിട്ടു നടത്തിയ ആ ചര്‍ച്ചയുടെ വിവരം രാജിവെച്ച പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് ആദ്യം പുറത്തു വിട്ടത്. ഗത്യന്തരമില്ലാതെയാണ് അമീര്‍ അത് ശരി വെച്ചത്. ജമാഅത്തെ ഇസ്‌ലാമിയെ അത്ര പെട്ടെന്ന് പിണറായി കൂടെ കൂട്ടും എന്ന് കരുതുക വയ്യ. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് അവരുടെ ശരിക്കുള്ള 'ശക്തി' കേരളം കണ്ടത്. മല എലിയെ പ്രസവിച്ചു എന്ന് പറഞ്ഞത് പോലെ റിസള്‍ട്ട്‌ വന്നതോടെ ജമാഅത്തിന്റെ 'പടുകൂറ്റന്‍ എലി' മാധ്യമം പത്രത്തിന്റെ പെട്ടിക്കോളത്തില്‍ ഒതുങ്ങി. മീഡിയകളിലും പോസ്റ്ററുകളിലും മാത്രം ബഹളം വെച്ചു ജീവിക്കുന്നവരാണ് ഇവരെന്ന് പലരും തിരിച്ചറിഞ്ഞു. കേരളത്തില്‍ ശക്തമായ സ്വാധീനമുള്ള  സുന്നി, മുജാഹിദ് വിഭാഗങ്ങളെ അപേക്ഷിച്ച് ഇവര്‍ക്ക് കാലണയുടെ വോട്ടില്ലെന്ന രഹസ്യം പുറത്തായി. ഇലക്ഷന്‍ എന്ന് കേള്‍ക്കുമ്പോഴേക്കു ജമാഅത്ത്‌കാര്‍ക്ക് എലിപ്പനി വരാന്‍ തുടങ്ങിയത് അങ്ങിനെയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതര വ്യവസ്ഥയെയും ഉള്‍കൊള്ളാന്‍ തയ്യാറായ മുസ്ലിം സംഘടനകളുടെ മേക്കിട്ടു കയറിയ കഴിഞ്ഞ കാല നാളുകള്‍ ജമാഅത്തെ ഇസ്‌ലാമിയെ ഇനിയും വേട്ടയാടും. മറ്റു സംഘടനകളുടെ സുചിന്തിതമായ നിലപാടുകളെ പരിഹസിച്ചവര്‍ സ്വയം പരിഹാസ്യരാവുന്ന നാടകമാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. സംഘടനയുടെ സ്വന്തം പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പോലും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ പറ്റാത്ത നയവും നിലപാടുമാണ് തങ്ങള്‍ക്കുള്ളതെന്ന് എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നുവോ അന്നേ ഈ കോമാളി സര്‍ക്കസ് നിര്‍ത്തുവാന്‍ അവര്‍ക്ക് സാധിക്കൂ. 

Related Posts