ജമാഅത്തെ ഇസ്‌ലാമിയെ ആര്‍ക്കും വേണ്ടേ?

ഈ പോസ്റ്റിന്റെ കമന്റ്സ് കോളം ക്ലോസ് ചെയ്തിരിക്കുന്നു. 
ജമാഅത്തെ ഇസ്‌ലാമിക്ക് ഈ ഗതി വരുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. സാമ്രാജ്യത്വ – ദളിത്‌ - കരിമണല്‍ - പ്ലാച്ചിമട – എക്സ്പ്രസ്സ് ഹൈവേ വഴി അവര്‍ സെക്രട്ടറിയേറ്റില്‍ കയറിപ്പറ്റും എന്നാണ് ഞാന്‍ കരുതിയിരുന്നത്. ഒരുപാട് കാലമായി അവര്‍ തിരോന്തരം സ്വപ്നം കണ്ടു വെയില് കൊള്ളുന്നു. ആ പാവങ്ങള്‍ ഇത്ര കാലവും വിയര്‍പ്പൊഴുക്കിയത് വെറുതെയായിപ്പോയല്ലോ എന്ന് ആലോചിക്കുമ്പോള്‍ അല്പം മാനസിക വിഷമം ഏത്  കഠിന ഹൃദയനും ഉണ്ടാവും. റോസാപ്പൂ പോലെ മൃദുലമായ മനസ്സുള്ള എന്റെ കാര്യം പിന്നെ പറയാനുണ്ടോ? ജമാഅത്ത് സുഹൃത്തുക്കളുടെ നെഞ്ച് പൊട്ടിയുള്ള കരച്ചില്‍ കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കാവില്ല. തടുക്കാന്‍ കഴിയാത്ത മാനസിക വിഷമം ഉള്ളത് കൊണ്ടാണ് ഞാന്‍ ഈ ആദരാഞ്ജലി അര്‍പ്പിക്കുന്നത്.

പിണറായി സഖാവ് ജമാഅത്തെ ഇസ്‌ലാമിയെ തള്ളിപ്പറഞ്ഞത് ഏറ്റവും മിതമായ ഭാഷയില്‍ നന്ദികേടാണ്. വോട്ടുണ്ടേലും ഇല്ലെങ്കിലും കഴിഞ്ഞ ലോക്സഭ തിരെഞ്ഞെടുപ്പില്‍ ഇരുപതില്‍ പതിനെട്ട് സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ നല്‍കിയ പാവങ്ങളെ ഒറ്റയടിക്ക് ഇസ്പേഡ് ആക്കാന്‍ പാടില്ലായിരുന്നു. മൂല്യം നോക്കിയും നോക്കാതെയും ഇടത് പക്ഷത്തെ സഹായിച്ചു. സോളിഡാരിറ്റിയുടെ വേലി കെട്ടി ആശയങ്ങളും ആദര്‍ശങ്ങളും കഴിയുന്നത്ര മറച്ചു പിടിച്ചു. സ്ഥാപകാചാര്യന്‍ മൌദൂദി സാഹിബ് പറഞ്ഞതും എഴുതിയതും നാലാള് കാണാതിരിക്കാന്‍ പെടാപാട് പെട്ടു. വോട്ടു ചെയ്യല്‍ ഹറാമാണെന്ന് പറഞ്ഞ് എഴുതിയ പുസ്തകങ്ങളും പ്രസംഗങ്ങളുടെ കാസറ്റുകളും നശിപ്പിച്ചു. മതേതര മുഖം കിട്ടാന്‍ വേണ്ടി കരിമണലില്‍ തലകുത്തി മറിഞ്ഞു. പ്ലാച്ചിമടയില്‍ മുങ്ങിക്കുളിച്ചു. കിനാലൂരില്‍ തല്ലു കൊണ്ടു. ജമാഅത്ത് പ്രമാണങ്ങള്‍ക്ക് ഒട്ടും യോജിക്കാത്ത ജനാധിപത്യം, മതേതരത്വം എന്നിങ്ങനെയുള്ള സകലമാന പരിപാടികളെയും കലക്കിക്കുടിച്ചു. ഈ കടുംകൈകളൊക്കെ ചെയ്തത് തിരോന്തരത്ത് ഒരു സീറ്റ് പ്രതീക്ഷച്ചാണ്. ആ പ്രതീക്ഷ ഇങ്ങനെ ഒറ്റയടിക്ക് തച്ചു കെടുത്തരുതായിരുന്നു.


ലീഗുകാര്‍ ചെയ്തത് അതിലേറെ കടുപ്പമായി. സമസ്താപരാധങ്ങളും പൊറുക്കണമെന്ന് പറഞ്ഞു ആര് വന്നാലും അവരെ സഹായിക്കുക എന്നതാണ് കൊടപ്പനക്കല്‍ തറവാട്ടിലെ പതിവ്. ഒരു വോട്ടെങ്കില്‍ ഒരു വോട്ട്. ആരെയും പിണക്കരുത്. പണ്ടു മുതലേയുള്ള രീതിയാണത്. ആ പതിവ് തെറ്റിച്ചു. ഒന്നുമില്ലേലും ചേന്നമംഗലൂരിലും ശാന്തപുരത്തും അവര്‍ക്ക് നാല് വോട്ടുള്ളതാണ് എന്നെങ്കിലും ഓര്‍ക്കണമായിരുന്നു. കുഞ്ഞാലിക്കുട്ടി സാഹിബിന് അല്പം താല്പര്യമൊക്കെയുണ്ടായിരുന്നുവെങ്കിലും ഡോക്ടര്‍ മുനീറാണ് വാളെടുത്തത് എന്ന് കേള്‍ക്കുന്നു. തീവ്രവാദമൊക്കെ ഇന്ന് വരും നാളെ പോകും, പക്ഷെ നാല് വോട്ടു കിട്ടിയാല്‍ അത് പെട്ടിയില്‍ കാണും എന്ന കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ലൈന്‍ ഇനിയെന്നാണ് മുനീറിനെപ്പോലുള്ളവര്‍ പഠിക്കുക. 

ഏതായാലും മഅദനി സാഹിബിന് ഒരു കൂട്ട് കിട്ടി . കര കാണാതെ നീന്തുന്ന ആ പാവത്തിന് കൂടെ നീന്താന്‍  ഇനി ജമാഅത്ത്‌ അമീറും ഉണ്ടാവും. മലര്‍ന്നും കമഴ്ന്നും ഊളിയിട്ടും നീന്തിക്കൊണ്ടേയിരിക്കുന്ന കെ മുരളീധരന്‍ കാലില്‍ തടയാതെ നോക്കണം.