ജമാഅത്തുകാരുടെ മാവും പൂക്കും. മൈന്റ്റ് ഇറ്റ്‌

Comments Closed
വോട്ടേഴ്സ് ലിസ്റ്റില്‍ എന്റെ പേരില്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എനിക്ക് വോട്ടുമില്ല. ഇക്കാര്യം  പരസ്യപ്പെടുത്താത്തിനാല്‍ എല്ലാ സ്ഥാനാര്‍ത്ഥികളും എന്നോട് ചിരിക്കാറുണ്ട്. ഇ-പ്രചരണം പൊടിപൊടിക്കുന്നതിനാല്‍ വോട്ടു അഭ്യര്‍ത്ഥിച്ചു കൊണ്ട് നിരവധി ഇമെയിലുകളും കിട്ടുന്നുണ്ട്‌. ഇടതും വലതുമൊക്കെ വരുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഇമെയിലുകള്‍ അയക്കുന്നത് ജമാഅത്തെ ഇസ്‌ലാമിക്കാരാണ് . അവരുടെ നോട്ടീസുകളിലും ഇമെയിലുകളിലും പ്രധാനമായി കാണുന്നത് ഒബാമ പറഞ്ഞത് പോലെ മാറ്റത്തിനൊരു വോട്ട് എന്ന  മുദ്രവാക്യമാണ്.  സംഗതി ശരിയാണ്. ജമാഅത്തെ ഇസ്ലാമിക്കാര്‍ വല്ലാതെ മാറിയിട്ടുണ്ട്. ആ മാറ്റത്തിന് ഒരു വോട്ട് കൊടുക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല.

മാര്‍ക്സിസ്റ്റുകാര്‍ക്ക് വര്‍ഗ സമരം എന്ന് പറയുന്ന പോലെയാണ് ജമാഅത്തുകാര്‍ക്ക് മതരാഷ്ട്രമെന്നത്. മത രാഷ്ട്രമില്ലെങ്കില്‍ ജമാഅത്ത്‌ ഇല്ല. ആ പാര്‍ട്ടിയുടെ ചിങ്ങം ഒന്നാം തിയ്യതി മുതല്‍ മതരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. വി എസ്സിന് പിണറായി എന്ന് കേള്‍ക്കുന്നത് പോലെയായിരുന്നു ജമാഅത്തുകാര്‍ക്ക് ജനാധിപത്യം എന്ന് കേള്‍ക്കുന്നത്. ജനാധിപത്യത്തെ അംഗീകരിച്ചതിന്റെ പേരില്‍ ഇന്ത്യയിലെ എല്ലാ മുസ്ലിം സംഘടനകളെയും കടിച്ചു കീറുകയായിരുന്നു നാളിതുവരെ അവര്‍. ജനാധിപത്യത്തെക്കുറിച്ചും തിരഞ്ഞെടുപ്പിനെക്കുറിച്ചും അവര്‍ക്കുള്ള അഭിപ്രായം അവരുടെ പോളിറ്റ് ബ്യൂറോയില്‍ ഇങ്ങനെയാണ് എഴുതിയിട്ടുള്ളത്. “ഇന്നാട്ടിലെ ഭരണകൂടം ഇസ്ലാമികമായിരിക്കുമെന്ന് ഗവണ്മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്ലാമികമായി മാറ്റാന്‍ സാധിക്കുമെന്ന് ജമാഅത്തിന് തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല” ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ പ്രബോധനം വാരികയുടെ പ്രഖ്യാപനമാണിത്. ഇത് പോലുള്ള കിടിലന്‍ ഉദ്ധരണികള്‍ ജമാഅത്ത്‌ സാഹിത്യങ്ങളില്‍ നിറയെ കാണാം

ഈ ആദര്‍ശമുള്ള ജമാഅത്തുകാര്‍ പ്രേംനസീര്‍ സിനിമകളിലെ പോലെ പഞ്ചായത്താപ്പീസിന്റെ തൂണില്‍ ചുറ്റി പ്രേമഗാനം പാടുന്നത് വല്ലാത്തൊരു മാറ്റമാണ്. ‘മാറ്റത്തിനൊരോട്ട്’ കിട്ടുമോ അതോ ‘മാറ്റത്തിനൊരാട്ട്’ കിട്ടുമോ എന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാലേ പറയാന്‍ പറ്റൂ. “മുസല്‍മാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രഖ്യാപിക്കുന്നു. ആധുനിക മതേതര, ദേശീയ, ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്” എന്ന് താത്വികാചാര്യന്‍ മൌദൂദി സാഹിബ് പ്രഖ്യാപിച്ചത് പഞ്ചായത്തീരാജ് നിയമം വരുന്നതിന്  മുമ്പായതിനാല്‍ ഒരു മാറ്റം അനിവാര്യമാണത്രേ. (ആരും ചിരിക്കരുത്. ഇതൊരു കോമഡി സിനിമയല്ല. സാമ്രാജ്വത്വ വിരുദ്ധ പടയണിയാണ്. നമ്മുടെ നാടിന്റെ വികസന അജണ്ടയാണ്. ഗൗരവം വിടരുത്). വികസന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനകീയ മുന്നണികള്‍ ഉയര്‍ന്നു വരുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷെ തീവ്രവാദത്തിന്റെ ഒളിയജണ്ടകളുമായി നടക്കുന്ന മുഖംമൂടി സംഘടനകള്‍ അത്തരം മുന്നണികളെ നിയന്ത്രിക്കുന്നത്‌ തീര്‍ത്തും അപകടകരമാണ്.  

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവരോടും എനിക്ക് നല്‍കാവുന്ന ഉപദേശം ഇതാണ്. ജമാഅത്തുകാരെ വിമര്‍ശിക്കുന്നത് സൂക്ഷിച്ചു വേണം. ഏറ്റവും ചുരുങ്ങിയത് പ്ലാച്ചിമടയിലെ പ്ലാവില കണ്ട് പിറകില്‍ നടക്കുന്ന വി ആര്‍ കൃഷ്ണയ്യര്‍, സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയ  ജനകീയ മുന്നണി ബുദ്ധിജീവികള്‍ ജമാഅത്ത്‌ സാഹിത്യങ്ങള്‍ വായിക്കുന്നത് വരെയെങ്കിലും എല്ലാവരും സംയമനം പാലിക്കണം. ജമാഅത്തുകാരെ ആരും മൈന്റ് ചെയ്യാതെ പോകരുത്  ‘അയാളും ജ്യോതിസ്സില്‍ ചേര്‍ന്നിട്ടുണ്ട്’ എന്ന് പറഞ്ഞത് പോലെ അവരും ജ്യോതിസ്സില്‍ ചേര്‍ന്നു കഴിഞ്ഞു. അവരുടെ മാവും പൂക്കും. അവര്‍ക്കും എം എല്‍ എയും എംപിയുമൊക്കെ ഉണ്ടാവും. അവരുടെ കൂട്ടത്തിലും മഹാത്മാ ഗാന്ധി മുതല്‍ ഉണ്ണിത്താന്‍ വരെയുള്ളവര്‍ ഉയര്‍ന്ന് വരും. എല്ലാം സൂക്ഷിച്ചും കണ്ടും വേണം ചെയ്യാന്‍. അപ്പോള്‍ പറഞ്ഞ കാര്യം മറക്കണ്ട. മാറ്റത്തിനൊരോട്ട്..

മ്യാവൂ: പഞ്ചായത്ത് തിരഞ്ഞെടുപ്പിനെനെക്കുറിച്ച് ഒന്നും എഴുതേണ്ട എന്ന് കരുതിയിരിക്കുകയായിരുന്നു ഞാന്‍. പുരുഷന്മാര്‍ക്ക് ഒരു ശതമാനം പോലും സംവരണം കൊടുക്കാതെ സ്ത്രീകള്‍ക്ക് അമ്പത് ശതമാനം കൊടുത്തതില്‍ പ്രതിഷേധിച്ച് രണ്ടു മണിക്കൂര്‍ പട്ടിണി കിടന്നാലോ എന്ന് വരെ ഞാന്‍ ആലോചിച്ചതാണ്. അതിനിടയിലാണ് ഈ ചൊറിയുന്ന ഇമെയില്‍ ക്യാമ്പയിനുകള്‍.. സോറി.. 


Update - 28.10.2010
വേണ്ടതിലേറെ ചര്‍ച്ച നടന്നു കഴിഞ്ഞതിനാല്‍ ഈ പോസ്റ്റിന്റെ കമന്റ് കോളം ഇന്നത്തോടെ ക്ലോസ് ചെയ്തിരിക്കുന്നു. Follow up Post : തോറ്റവരുടെ മാഞ്ഞാളംകുഴികള്‍