നസര്‍ സുരക്ഷാ കവചവും മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ദേശായിയും.

മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ദേശായിയുടെ കഥ വളരെ അത്ഭുതകരമാണ്. ഒരു കാലത്ത് പട്ടിണി കിടന്നു ജീവിച്ചവര്‍. മുണ്ട് മുറുക്കിയുടുത്തും ഉടുക്കാതെയും സ്വരൂപിച്ചുണ്ടാക്കിയ പണം കൊണ്ട് അവര്‍ ഒരു ഫാക്ടറി തുടങ്ങി. പാത്രം ഉണ്ടാക്കുന്ന ഒരു കൊച്ചു ഫാക്ടറി. കച്ചവടം പൊടിപൊടിച്ചു. നാട്ടുകാരെല്ലാം അവരുടെ പാത്രത്തില്‍ ഉണ്ടുണ്ട് അവരെ ധനികരാക്കി. മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ദേശായി രണ്ടാമത്തെ ഫാക്ടറിയും തുടങ്ങി. സായി സിദ്ദി പ്രൈവറ്റ് ലിമിറ്റഡ്‌. ഉദ്ഘാടന ദിവസം കൊച്ചിയിലെ ഇളയമ്മയും വന്നു. ഉദ്ഘാടനം നടന്നു കൊണ്ടിരിക്കെ ഇളയമ്മ എന്തോ പിറുപിറുത്തു. ഫാക്റ്ററി ആളിക്കത്തി. അതോടെ മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ദേശായി ഫ്ലാറ്റായി. എല്ലാം തകര്‍ന്നു. കൊച്ചിയിലെ ഇളയമ്മ കൊച്ചിയിലേക്ക് പോയി. മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ദേശായി പാപ്പരായി... ഇത്രയും പറഞ്ഞത് ഫ്ലാഷ്ബാക്ക് ആണ്. ഇനി അല്പം എഫ് എഫ് അടിച്ചു മുന്നോട്ട് പോയി നോക്കൂ. ഇപ്പോള്‍ മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ദേശായിക്ക് മൂന്ന് ഫാക്ടറിയുണ്ട്.!!!! എല്ലാം ഒന്നിനൊന്ന് മിച്ചം!!!!!.

മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ദേശായിയെ അല്പം കാറ്റ് കൊള്ളാന്‍ വിട്ട് നമുക്ക് മുംബൈയിലെ മീനാ നായിക്കിന്റെ അടുത്തേക്ക്‌ പോകാം. അവര്‍ക്ക് ഒരു കൊച്ചു കുട്ടിയുണ്ട്. മിടുമിടുക്കി, അതിസുന്ദരി. പക്ഷെ ഒരു പ്രശ്നം. രോഗങ്ങള്‍ വിട്ട് മാറുന്നില്ല. ആശുപത്രികള്‍ മാറിമാറിക്കാണിച്ചു. നിരവധി സ്പെഷ്യലിസ്റ്റുകളുടെ അടുത്ത് പോയി, നോ രക്ഷ.. ഇനി അല്പം എഫ് എഫ് അടിക്കൂ.. ഇപ്പോള്‍ മീന നായിക്കിന്റെ മകള്‍ തീര്‍ത്തും ആരോഗ്യവതി!!!!. ആശുപത്രിയില്‍ പോയ കാലം മറന്നു. രോഗങ്ങളൊക്കെ പമ്പ കടന്നു!!!.

അവസാനമായി നമുക്ക് എം കോം ബി എഡ് കഴിഞ്ഞ ബര്‍ഖ ഗുപ്തയെക്കാണാം. അവളെ പെണ്ണ് കാണാന്‍ അതിസുന്ദരനും ധനികനുമായ ഒരു യുവാവ് എത്തി. രണ്ടു പേരും തമ്മില്‍ കണ്ടു.. ഇഷ്ടപ്പെട്ടു. വീട്ടുകാര്‍ക്കും സന്തോഷം. വിവാഹം ഉറപ്പിച്ചു. വിവരം അറിഞ്ഞ് വല്യമ്മ വീട്ടിലെത്തി. "ഹോ.. ഇത്ര നല്ല ബന്ധം നിനക്കെങ്ങിനെ കിട്ടി". "ഹോ.. നീ ഭാഗ്യവതിയാ".. "ഹോ.. എന്ത് നല്ല ചെറുക്കന്‍"... അവര്‍ നിര്‍ത്താതെ ആശിര്‍വദിച്ചു. പിറ്റേ ദിവസം വാര്‍ത്ത വന്നു. ചെറുക്കന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ബര്‍ഖ ഗുപ്ത കരഞ്ഞു തളര്‍ന്നു. അവളുടെ ജീവിതം കരി പുരണ്ടു. എഫ് എഫ് അടിക്കൂ പ്ലീസ്..  ബര്‍ഖ ഗുപ്തക്ക് പുതിയ വരനെ കിട്ടി. ആദ്യത്തെ വരനെക്കാള്‍ സുമുഖന്‍, സുന്ദരന്‍, സിക്സ് പാക്ക് വിത്ത്‌ ബീ എം ഡബ്ലിയൂ.. !!!.


ഈ മൂന്ന് കഥയിലും എഫ് എഫ് അടിച്ചതിനിടയില്‍ എന്താണ് സംഭവിച്ചത്. ഒറ്റവാക്കില്‍ പറയാം. നസര്‍ സുരക്ഷാ കവചം.!!! .. ഇവനാരടാ എന്ന് ചോദിക്കാന്‍ വരട്ടെ.. ലെവന്‍ പുലിയല്ല, പുപ്പുലിയാ.. രണ്ടായിരത്തി മുന്നൂറ്റി എഴുപത്തഞ്ചു രൂപ കൊടുത്താല്‍ ഈ പുലി പോസ്റ്റല്‍ വഴി നിങ്ങളുടെ കഴുത്തില്‍ വീഴും. പിന്നെ ഒന്നും പേടിക്കാനില്ല, മാനം നോക്കി ഇരുന്നു കൊടുത്താല്‍ മാത്രം മതി. നെഗറ്റീവ് എനര്‍ജി പോസിറ്റീവാകും. പുതിയ കാര്‍ വാങ്ങിയാല്‍ സ്ക്രാച്ച് വീഴില്ല. ഇന്റര്‍വ്യൂ ദിവസം വയറിളക്കം വരില്ല, ബോയ്‌ ഫ്രണ്ട്‌ ഇഗ്നോര്‍ ചെയ്യില്ല.. എല്ലാം മൂപ്പിലാന്‍ നോക്കും.. മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ദേശായി, മുംബൈയിലെ മീനാ നായിക്ക്, എം കോം ബി എഡ് കഴിഞ്ഞ ബര്‍ഖ ഗുപ്ത.. ഇവരുടെയൊക്കെ ഉദാഹരണങ്ങള്‍ ഉള്ളപ്പോള്‍ ഒട്ടും സംശയിക്കാനുമില്ല. വല്ല സംശയവും ഉണ്ടെങ്കില്‍ ഏഷ്യാനെറ്റില്‍ വിളിച്ചു ചോദിക്കൂ.. കൂടുതല്‍ വിവരങ്ങള്‍ അവര്‍ പറയും. നേരോടെ.. നിര്‍ഭയം.. നിരന്തരം..

ഈവിള്‍ ഐ ഷീല്‍ഡിംഗ് ടെക്നോളജി  (കരിങ്കണ്ണ് പറ്റാതിരിക്കാനുള്ള സൂത്രപ്പണി എന്ന് പച്ച മലയാളം) ഉപയോഗിച്ച് മുന്നൂറു വര്ഷം പഴക്കമുള്ള ടര്‍ക്കിഷ്  ട്രെഡിഷ്യനില്‍ (ഹോ, എനിക്ക് വയ്യ!!.) നിര്‍മിച്ചതാണത്രേ കഴുത്തില്‍ തൂക്കാനുള്ള ഈ കോണകം. ‘മഹാ മന്ത്രത്താല്‍ എനര്‍ജൈസ് ചെയ്ത’ ഈ അമൂല്യ കവചത്തെ  പരിചയപ്പെടുത്തി കൊടുക്കാന്‍ അര മണിക്കൂര്‍ നീണ്ടു നിക്കുന്ന മാരത്തോണ്‍ പരസ്യമാണ് നമ്മുടെ മുഖ്യ ധാരാ ചാനലുകള്‍ മലയാളികള്‍ക്കായി വിളമ്പികൊണ്ടിരിക്കുന്നത്. “ദിവസവും രാവിലെ അരക്കപ്പ് എലിവിഷം കഴിക്കൂ ആരോഗ്യം വീണ്ടെടുക്കൂ” എന്നൊരു പരസ്യം കാണാന്‍ കൊള്ളാവുന്ന ഒരു ചെല്ലക്കിളിയെക്കൊണ്ട് പറയിപ്പിച്ചാല്‍ നമ്മുടെ ചാനലുകള്‍ അതും പ്രൈം ടൈമില്‍ കാണിക്കും. ഒരൊറ്റ മന്ത്രമേ അവര്‍ക്ക്‌ അറിയൂ.. മിനുട്ടിന് പതിനായിരം നിരക്കില്‍ ‘ചക്രം കടിക്കണം’. എലിവിഷം കുടിക്കുന്നതും ചാവുന്നതും ഒക്കെ പ്രേക്ഷകന്റെ ഇഷ്ടം.

ഞാന്‍ ഈ സുരക്ഷ കവചത്തെ ഒന്ന് ഗൂഗിളിയപ്പോള്‍ നൂറുകണക്കിന് പൊട്ടന്മാര്‍ ഇത് വാങ്ങി കുടുങ്ങിയിട്ടുണ്ട് എന്ന് മനസ്സിലായി. പ്രഭാവം ചെലുത്തിയില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ പണം മടക്കി കൊടുക്കും എന്ന് വിശ്വസിച്ചു ഈ പണ്ടാരം വാങ്ങി കഴുത്തിലിട്ട പല മന്ദബുദ്ധികളും കാശ് തിരിച്ചു കിട്ടാതെ മാനം നോക്കി നടക്കുന്നുണ്ട് എന്നും അറിയാന്‍ കഴിഞ്ഞു. ചിലര്‍ കണ്‍സ്യൂമര്‍ കോടതിയുടെ വരാന്തകളില്‍ നിരങ്ങുന്നുമുണ്ട്. ആരോട് കടപ്പാട് ഇല്ലെങ്കിലും ഒരു ചാനല്‍ ഉടമക്ക് അത് കാണുന്ന പ്രേക്ഷകനോട് അല്പമൊരു കടപ്പാട് ഉണ്ടാകണം. റിമോട്ട് ഞെക്കി കണ്ണ് മിഴിചിരിക്കുന്ന ആ പാവത്തെ  നാല് വെള്ളിക്കാശിനു വേണ്ടി തട്ടിപ്പ് വീരന്മാര്‍ക്ക് ഒറ്റിക്കൊടുക്കുന്ന ഈ ജൂതാസു പണിയെ നാം എന്ത് മാധ്യമ പ്രവര്‍ത്തനം എന്നാണു വിളിക്കേണ്ടത്. ശുദ്ധ തട്ടിപ്പാണെന്ന് നൂറ്റൊന്ന് ശതമാനം ഉറപ്പുള്ള ഇത്തരം ടെലിമാര്‍ക്കറ്റിംഗ് ആഡുകള്‍ തൊണ്ട തൊടാതെ വിഴുങ്ങി സംപ്രേഷണം ചെയ്യുന്നത് ന്യൂസ്‌ അവരില്‍ ആരാനെ പച്ചക്ക് കടിച്ചു തിന്നുന്ന ധാര്‍മിക വീരന്മാര്‍ ആണ്. രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കന്മാരെയും സംസ്കാരം പഠിപ്പിക്കാന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഉമ്മാക്കി കാണിച്ചു കുരച്ച് ചാടുന്ന മാധ്യമ വേന്ദ്രമാര്‍ ഇത്തരം തട്ടിപ്പ് പരസ്യങ്ങളുടെ ഉറവിടം തേടി ഒരു എസ്ക്ലൂസീവ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണ്?.  

ഒരൊറ്റ പരസ്യത്തിന്റെ കാര്യമാണ് നാം ചര്‍ച്ച ചെയ്തത്. ഈ ജനുസ്സില്‍ പെടുന്ന പലതും വേറെയുണ്ട്. ഐശ്വര്യ ലക്ഷ്മി വലംപിരി ശംഖാണ് ലേറ്റസ്റ്റ് താരം. ‘ഡോക്ടര്‍ ടീ’ കലക്കിക്കൊടുത്ത് കാന്‍സര്‍ മാറ്റുന്നവരും നായ്ക്കുരണപ്പൊടി ഡപ്പിയിലാക്കി മസില്‍ പവറു ഹോള്‍സയില്‍ വില്‍ക്കുന്നവരും എല്ലാം തുണിയഴിച്ചാടുന്നത് നമ്മുടെ മാധ്യമങ്ങളില്‍ ആണ്. മുമ്പൊക്കെ പത്രങ്ങള്‍ പരസ്യങ്ങള്‍ നല്‍കുന്നതില്‍ ചില മാന്യമായ അതിര്‍വരമ്പുകള്‍ സ്വയം പാലിച്ചിരുന്നു. സമൂഹത്തോടുള്ള ഇത്തിരി കടപ്പാടാണ് ആ അതിര്‍വരമ്പുകള്‍ നിശ്ചയിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ഇന്ന് സ്ഥിതി മാറി. പണം സംസാരിക്കുമ്പോള്‍ സത്യം മൌനം പാലിക്കും എന്നൊരു ചൊല്ലുണ്ട്. പണത്തിന് പിറകെ  തേറ്റ നീട്ടി പേപിടിച്ചോടുന്നതിനിടയില്‍ എന്ത് നൈതികത?, എന്ത് അതിര്‍വരമ്പുകള്‍?. സ്വയം ചീഞ്ഞു നാറുന്നത് അറിയാതെ നാട്ടുകാരെയും രാഷ്ട്രീയക്കാരെയും നന്നാക്കാനായി വിയര്‍പ്പൊഴുക്കുകയാണവര്‍, കാളകൂട വിഷം നല്‍കി മലയാളത്തിന്റെ സുപ്രഭാതങ്ങളെ മനോരമിപ്പിക്കുകയാണവര്‍.. മാതൃഭൂമിയുടെ വഴിത്തിരുവുകളില്‍ ഇന്ത്യാവിഷം കുത്തിവെച്ച് അട്ടഹസിക്കുകയാണവര്‍. നേരോടെ, നിര്‍ഭയം, നിരന്തരം..