June 10, 2013

കണ്ണീരും സാരിയും വില്പനക്കുണ്ട് !!

മലയാളിയുടെ സാമൂഹിക ശീലങ്ങളിലും  കുടുംബാന്തരീക്ഷത്തിലും സ്ഫോടനാത്മകമായ ചില മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഒരു സുനാമിത്തിരയുടെ വേഗത്തിലും ശക്തിയിലും ആ മാറ്റങ്ങൾ നമ്മുടെ ചുറ്റുപാടുകളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. നാം സ്വാഗതം ചെയ്തിട്ടാണെങ്കിലും അല്ലെങ്കിലും ഈ മാറ്റങ്ങൾ നമ്മുടെ വരാന്തയിലേക്കും കടന്നു കയറിത്തുടങ്ങി. അത് നമ്മുടെ വാർഡ്രോബുകളിലേക്കും തീന്മേശയിലേക്കും കിടപ്പുമുറിയിലേക്കും കാലെടുത്തു വെച്ചിട്ടുണ്ട് എന്ന കാര്യത്തിലും സംശയം വേണ്ട. ഇത്തരമൊരു അത്ഭുതപ്പെടുത്തുന്ന സാംസ്കാരിക ഭാവപ്പകർച്ചക്ക്‌ ഇടയാക്കിയ കാരണങ്ങൾ അക്കമിട്ട് നിരത്തുക പ്രയാസമാണെങ്കിലും ഒന്നുറപ്പിച്ചു പറയാം, ഇതിലൊരു വലിയ പങ്കു നമ്മുടെ ദൃശ്യമാധ്യമങ്ങൾക്കുണ്ട്. 'അയ്യപ്പന്റമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലിലിട്ട'തു പോലെ മലയാളിയുടെ സാംസ്കാരികത്തനിമയുടെ നെയ്യപ്പം ചാനൽ കാക്കകൾ കൊത്തിക്കൊണ്ടു പോയി കടലിലിട്ടുകൊണ്ടിരിക്കുകയാണ്.

ആധുനിക വാർത്താവിനിമയ വിപ്ലവത്തിന്റെ ബൈ പ്രൊഡക്റ്റുകളിലൊന്നായ ചാനലുകൾ ദൃശ്യ ശ്രാവ്യ സാങ്കേതികതയും വിവരവിനിമയ വേഗതയും ഒന്നിച്ചു ചേർന്നുണ്ടായതാണ്. വാർത്തകളുടെ വിനിമയ സാധ്യതകളെയെയും അതിന്റെ വ്യാപാര സാധ്യതകളെയും ഒരുപോലെ ഉത്തേജിപ്പിച്ച് നിത്യജീവിതത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഭാഗമായി മാറിയ മാധ്യമം. അതുകൊണ്ട് തന്നെ അതെത്രമാത്രം ആഴത്തിൽ ഒരു തലമുറയുടെ വികാര വിചാരങ്ങളെ സ്വാധീനിക്കുന്നു (ഗുണപരമായോ അല്ലാതെയോ) എന്നതിൽ അത്ഭുതത്തിന് അവകാശമില്ല. മലയാളികളുടെ ദൃശ്യസംസ്കാരത്തിലേക്ക് ആദ്യമായി കടന്നു വന്ന സ്വകാര്യ ചാനൽ ഏഷ്യാനെറ്റാണ്‌. സർക്കാർ ചാനലുകളുടെ ദൃശ്യസങ്കല്പങ്ങളെയും കാഴ്ചപ്പാടുകളെയും അടിമുടി തകർത്തു കൊണ്ടാണ് ഏഷ്യാനെറ്റ് മലയാളികളുടെ സ്വീകരണ മുറികളിലേക്ക് പതിയെ കടന്നുവന്നത്. ആ കടന്നുവരവ് രാജകീയമായ ഒരു സ്ഥിരതാമസത്തിന്റെ  അടയാളങ്ങൾ കാണിച്ചു തുടങ്ങിയതോടെ വ്യവസായ വിപ്ലവമെന്നും ഹരിത വിപ്ലവമെന്നും പറയുന്ന പോലെ ഒരു ദൃശ്യവിപ്ലവത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുകയായിരുന്നു. സ്വകാര്യ ചാനലുകളുടെ ഒരു പ്രളയം തന്നെ തുടർന്നുണ്ടായി. വെളിപ്പറമ്പിൽ ശീമക്കൊന്ന തഴച്ചു വളരുന്ന പോലെ അവയിലോരോന്നും വളർന്നു തുടങ്ങി.

'അടിച്ചു പൊളി' എന്ന പദത്തിന്റെ ഓൾഡ്‌ ജനറേഷൻ അർത്ഥം എല്ലാം തകർത്തു നശിപ്പിക്കുക എന്നതാണ്. എന്നാൽ ആ പദത്തിന്റെ ന്യൂ ജനറേഷൻ അർത്ഥം അതിമനോഹരം, അതിഗംഭീരം എന്നൊക്കെയാണ്. ഈ രണ്ട് അർത്ഥ തലങ്ങളെയും സമന്വയിപ്പിച്ചു കൊണ്ട് പറഞ്ഞാൽ കേരളം കടന്നു പോകുന്നത് ഒരു 'അടിച്ചു പൊളി' കാലഘട്ടത്തിലൂടെയാണ്. പഴയ തലമുറയുടെ ശീലങ്ങളും കുടുംബാന്തരീക്ഷവും പതിയെ തകർന്നു കൊണ്ടിരിക്കുന്നു. ആ തകർച്ചയെ അഥവാ 'അടിച്ചുപൊളി'യെ വേദനയോടെ തിരിച്ചറിഞ്ഞ് ചിലരെങ്കിലും ദീർഘനിശ്വാസമുതിർക്കുമ്പോൾ പുതിയ തലമുറ ആ തകർച്ചയെ ഒരാഘോഷമാക്കി അഥവാ 'അടിച്ചുപൊളി'യാക്കി   മാറ്റിക്കൊണ്ടിരിക്കുന്നു. ഒരേ പദത്തിന് രണ്ടർത്ഥം കൈവന്നിരിക്കുന്നത് പോലെ ഒരേ സാമൂഹികാവസ്ഥയെ രണ്ട് തലമുറകൾ രണ്ട് വ്യത്യസ്ത തലങ്ങളിലാണ് വായിക്കുന്നത്.

ഓരോ വീട്ടിലേയും മുഖ്യമന്ത്രിമാരും ആഭ്യന്തരമന്ത്രിമാരും ഗൃഹനായികമാരാണ്. ആ നായികമാരെ തങ്ങളുടെ സ്ക്രീനിലേക്ക് ഫെവിക്കോൾ കൊണ്ടെന്ന പോലെ ഒട്ടിച്ചു നിർത്തുന്നതിലാണ് ചാനലുകൾ വിജയിച്ചിട്ടുള്ളത്. സീരിയലുകളും റിയാലിറ്റി ഷോകളുമായി അവരെ ബിസിയാക്കി നിർത്തുന്നിടത്ത് ഒരു കുടുംബത്തിന്റെ അഭ്യന്തര ഭരണം ട്രാക്ക് മാറി ഓടുന്നുണ്ട് എന്നത് വലിയ സൂക്ഷ്മനിരീക്ഷണം നടത്താതെ തന്നെ തിരിച്ചറിയാൻ പറ്റുന്ന ഒന്നാണ്. ഭാര്യയും ഭർത്താവും മാതാപിതാക്കളും മക്കളും തമ്മിൽ നിരന്തരമായി നടക്കേണ്ട ആശയ വിനിമയങ്ങൾക്കും സ്നേഹ സ്പർശങ്ങൾക്കും സമയം കണ്ടെത്താൻ പ്രയാസപ്പെടും വിധം ചാനലുകളിൽ നിന്ന് ചാനലുകളിലേക്ക് ടി വി റിമോട്ടിനോടൊപ്പം ഓടുകയാണ് നമ്മൾ. ഭാര്യക്കും മക്കൾക്കും ഫോണ്‍ വിളിക്കുമ്പോൾ അതെത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിന് അവർ കാണിക്കുന്ന ധൃതിയെക്കുറിച്ച് ഒരു ഗൾഫ് സുഹൃത്ത് ആകുലപ്പെട്ടത്‌ ഓർക്കുന്നു. കടലിനക്കരെ തങ്ങൾക്കു വേണ്ടി വിയർപ്പൊഴുക്കുന്ന ഒരു പാവം മനുഷ്യ ജന്മത്തിന്റെ ആകെയുള്ള ആശ്വാസം ഈ ടെലിഫോണ്‍ ഭാഷണങ്ങൾ മാത്രമാണെന്ന് തിരിച്ചറിയാത്തത് കൊണ്ടല്ല, മറിച്ച് ഏതാനും മിനുട്ടുകൾ നീണ്ടുനിൽക്കുന്ന ആ സംഭാഷണങ്ങൾ പോലും ടി വി പരിപാടികളിലെ  കൊമ്മേർഷ്യൽ ബ്രേക്കുകൾക്കിടയിൽ ഒതുക്കിത്തീർക്കുവാനുള്ള വ്യഗ്രത കൊണ്ടാണ്.

നമ്മുടെ ജീവിത ചുറ്റുപാടുകളുടെ ഒരു സ്വഭാവം വെച്ച് മുതിർന്ന പുരുഷന്മാരെ വീട്ടിനുള്ളിൽ ചടഞ്ഞു കൂടാൻ ലഭിക്കുക ഇത്തിരി പ്രയാസമാണ്. അതുകൊണ്ട് തന്നെ ചാനലുകളുടെ മുഖ്യ ഇര സ്ത്രീകളും കുട്ടികളുമാണ്. സീരിയലുകളുടെയും കണ്ണീർ കഥകളുടെയും പിന്നിലെ സിമ്പിൾ മനശ്ശാസ്ത്രം അതാണ്‌. കണ്ണീരിനോടുള്ള സ്ത്രീകളുടെ വീക്നെസിൽ പിടിച്ച് നായികയെ പരമാവധി കരയിപ്പിക്കുന്നതിനു വേണ്ട സിറ്റുവേഷൻ സൃഷ്ടിച്ചെടുത്താൽ ടാം റേറ്റിംഗിനെ പേടിക്കേണ്ടതില്ല. കരച്ചിലിന്റെ 'ഗ്രാവിറ്റി' അനുസരിച്ച് ടാം റേറ്റിംഗിന്റെ ഗ്രാഫ് മുകളിലേക്ക് പോകും.

കരച്ചിൽ പോലെ തന്നെ സ്ത്രീകളുടെ മറ്റൊരു വീക്നെസ് സാരിയും ഡിസൈനർ വസ്ത്രങ്ങളുമാണ്. കണ്ണ് മഞ്ഞളിക്കുന്ന വസ്ത്രങ്ങളുടുത്തു ഫാഷൻ പരേഡിലെന്ന പോലെ സ്ത്രീകൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ തന്നെ ഒരുമാതിരി സ്ത്രീകളൊന്നും ചാനൽ മാറ്റില്ല. കഥയിലോ സിറ്റുവേഷനിലോ ശ്രദ്ധയില്ലെങ്കിലും ആ സാരിയുടെ പളപളപ്പിൽ അരമണിക്കൂർ പോകുന്നതറിയില്ല. ഇതൊക്കെ കൃത്യമായി കണക്കുകൂട്ടി ത്തന്നെയാണ് ഇത്തരം സീരിയലുകൾ അണിയിച്ചൊരുക്കുന്നത്. കഥയേക്കാളും കഥാപാത്രങ്ങളുടെ അഭിനയത്തേക്കാളും അവർ ധരിക്കുന്ന വസ്ത്രങ്ങളാണ് സ്ത്രീകളെ ചാക്കിടുവാൻ ഏറ്റവും നല്ലത് എന്ന് ഏക്താ കപൂറിന്റെ സീരിയലുകളാണ് ഇന്ത്യൻ മാധ്യമ രംഗത്തെ പഠിപ്പിച്ചത് എന്ന് തോന്നുന്നു. ബോളിവുഡ് ഫാമിലിയിൽ നിന്നും ചാനൽ മേഖലക്ക് ലഭിച്ച 'വലിയ സംഭാവന'യായിരുന്നു ഏക്താ കപൂർ. അവരുടെ സീരിയളുടെ വിജയത്തിന്റെ ഫോർമുല തന്നെയാണ് മലയാള ചാനലുകളും ഇപ്പോൾ പകർത്തിക്കൊണ്ടിരിക്കുന്നത്

കിടക്കയില്‍ നിന്നും കണ്ണ് തിരുമ്മിയെഴുന്നേല്‍ക്കുന്ന നായികയും ധരിക്കുന്നത് ഡിസൈനര്‍ സാരിയാണ്. മാത്രമല്ല, മേക്കപ്പും ലിപ്സ്റ്റിക്കും ഒരു കട്ടക്ക് പോലും തെറ്റുകയില്ല. സ്വര്‍ണമായാലും വജ്രമായാലും ധരിക്കുന്ന ആഭരണങ്ങളുടെ അളവും  ഒരിഞ്ചു കുറയുന്നില്ല. നായിക അടിച്ചുതളിക്കാരിയാണെങ്കില്‍ പോലും മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഏറ്റവും മുന്തിയ സാരിയേ ധരിക്കൂ.. അടുക്കളയില്‍ മത്തി മുറിക്കുമ്പോഴും കാഞ്ചീപുരം വെട്ടിത്തിളങ്ങുന്നത് കാണാം. തലയ്ക്കു വെളിവില്ലാത്ത സംവിധായകര്‍ പടച്ചു വിടുന്ന അസംബന്ധങ്ങളാണ് ഇവയെന്ന് നമ്മള്‍ കരുതിയാല്‍ തെറ്റി. ഉപഭോഗ സംസ്കാരത്തിന്റെ കണ്ണഞ്ചിക്കുന്ന പ്രഭയോടും അത് സൃഷ്ടിക്കുന്ന ഫാഷന്‍ തരംഗത്തോടുമുള്ള സ്ത്രീകളുടെ വീക്ക്നെസ്സില്‍ പിടിച്ചു കൊണ്ട് ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന കളിയാണിത്. ഇവിടെ രണ്ടു തരം മാര്‍ക്കറ്റിങ്ങാണ് ഒരേ സമയം നടക്കുന്നത്. ഒന്ന് സീരിയലിന്റെ ടാം റേറ്റ് മാര്‍ക്കറ്റിങ്, മറ്റൊന്ന് സീരിയല്‍ സ്പോണ്‍സര്‍ ചെയ്യുന്ന അതല്ലെങ്കില്‍ പരസ്യം നല്കുന്ന വസ്ത്ര വ്യാപാരികള്‍ക്കും ജ്വല്ലറികള്‍ക്കും കോമ്പ്ലിമെന്റായി നല്കുന്ന 'കൊതിപ്പിക്കല്‍ മാര്‍ക്കറ്റിങ്ങ്'. നായിക ധരിച്ച സാരിക്കും അവളുടെ കാലിലെ ചെരുപ്പിനും വേണ്ടി ഗൃഹനായികമാര്‍ ഷോപ്പിങ്ങിനിറങ്ങുമ്പോള്‍ മാര്‍ക്കറ്റിങ്ങ് വൃത്തം പൂര്‍ത്തിയാകുന്നു എന്ന് ചുരുക്കം.

ഈ കണ്ണീർ / സാരി വിപണന തന്ത്രം എല്ലാ ചാനലുകളും പരീക്ഷിക്കുമ്പോൾ ഏത് കാണണമെന്ന കണ്ഫ്യൂഷൻ സ്വാഭാവികം. ബ്രേക്കിംഗ് ടൈമിൽ ചാനൽ മാറി മാറി കണ്ടുകൊണ്ടിരിക്കാം. മുടിഞ്ഞ ബിസിയാകുമെന്നർത്ഥം. ഇതിനിടയിൽ കരയുന്ന കുഞ്ഞോ, സ്കൂളിൽ നിന്നെത്തിയ മകനോ പ്രിയോറിറ്റി ലിസ്റ്റിൽ നിന്ന് പുറംതള്ളപ്പെടുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭർത്താവിന്റെ കാര്യം പിന്നെ പറയാനുണ്ടോ?

സൗന്ദര്യം ഇഷ്ടപ്പെടാത്തവരില്ല, എന്നാൽ സൗന്ദര്യത്തോടും സൗന്ദര്യവർദ്ധക വസ്തുക്കളോടും ഒരു ഭ്രമാത്മക അനുരാഗം സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. സൗന്ദര്യമില്ലായ്മ ഒരു ശാപമാണെന്നും അവർക്ക് ഈ ഭൂമിയിൽ വലുതായൊന്നും ചെയ്യാനില്ലെന്നുമുള്ള സന്ദേശമാണ് ചാനലുകൾ നൽകുന്നത്. റിയാലിറ്റി ഷോകളോ സീരിയലുകളോ മറ്റു പരിപാടികളോ എന്തോ ആകട്ടെ, തൊലി വെളുപ്പും സൗന്ദര്യവുമില്ലെങ്കിൽ അവർ പടിക്ക് പുറത്താണ്. സ്റ്റാർ സിങ്ങർ പോലുള്ള പരിപാടികളുടെ ഒഡീഷൻ റൗണ്ട് തന്നെ പാട്ട് പാടാനുള്ള കഴിവിനപ്പുറം ഇത്തരക്കാരെ തട്ടാനുള്ള ഫിൽറ്ററിംഗ് റൗണ്ടാണ്. മഴവിൽ മനോരമയിൽ ഇപ്പോൾ നിറഞ്ഞു ഓടിക്കൊണ്ടിരിക്കുന്ന 'മിടുക്കി' ഷോയുടെ അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം തന്നെ ഞെട്ടിക്കുന്നതായിരുന്നു. "വേറിട്ട വ്യക്തിത്വവും തിളങ്ങുന്ന സൗന്ദര്യവും ഉള്ള പെണ്‍കുട്ടികൾക്ക് അപേക്ഷിക്കാം". മനോരമ പത്രത്തിന്റെ ഫസ്റ്റ് പേജിലടക്കം വന്ന പരസ്യമാണിത്. വെട്ടിത്തിളങ്ങുന്ന സൗന്ദര്യമില്ലാത്ത പെണ്‍കുട്ടിക്ക് മിടുക്കിയാവാൻ പറ്റില്ലെന്നർത്ഥം. അല്പം സൗന്ദര്യം കുറഞ്ഞു പോയി എന്നതിന്റെ പേരിൽ അപകർഷതാബോധവും അന്തർമുഖത്വവും കുട്ടികളിൽ രൂപപ്പെടുന്നുവെങ്കിൽ തിരിച്ചറിയുക അവ സൃഷ്ടിക്കുന്നതിൽ ദൃശ്യ മാധ്യമങ്ങൾക്കുള്ള പങ്കു വലുതാണ്‌.

ചാനലുകളുടെ അമിതമായ സ്വാധീനം കേരളീയ സാമൂഹ്യാന്തരീക്ഷത്തിൽ അയല്പക്ക ബന്ധങ്ങളിലും ചെറിയ തോതിലുള്ള അകൽച്ചകൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് വേണം പറയാൻ. അയൽവീടുകളിലെ സ്ത്രീകൾ ഒന്നിച്ചൊരിടത്ത് ഒത്തുചേർന്ന് സൊറ പറഞ്ഞിരുന്നത്  പഴയ ഗ്രാമപ്രദേശങ്ങളിലെ ഒരു പതിവ് കാഴ്ചയായിരുന്നു. മിക്കപ്പോഴും ഉച്ചയൂണിനു ശേഷമായിരിക്കും ഇതുപോലൊരു ഒത്തുചേരൽ നടക്കുക. തലയിൽ പേൻ നോക്കിയും കൊച്ചു വർത്തമാനങ്ങൾ പറഞ്ഞും ദു:ഖങ്ങളും സന്തോഷങ്ങളും പരസ്പരം പങ്ക് വെച്ചും ഒരു കുടുംബമെന്ന തോന്നൽ സൃഷ്ടിച്ചിരുന്ന ഒത്തുചേരലുകൾ.. ഇന്നിപ്പോൾ അത്തരം കാഴ്ചകൾ പോയ്മറഞ്ഞിരിക്കുന്നു. മിക്ക  വീടുകളിലെയും സ്ത്രീകൾ ടി വി സെറ്റുകൾക്ക് മുമ്പിൽ ചടഞ്ഞിരിക്കുകയാണ്.

ഒഴിവു വേളകളിൽ പുറത്തിറങ്ങിയും കൂട്ടുകാരൊത്ത് പലവിധ കളികളിലേർപ്പെട്ടും കഴിഞ്ഞിരുന്ന കുട്ടിക്കാലം ഓർക്കുന്നവരാണ് നമ്മിൽ ഏറെയും. ആ കാലത്തിന്റെ മധുരിക്കുന്ന ഓർമകളെ നെഞ്ചേറ്റുന്നവർ. എന്നാൽ ടി വി യ്ക്കും ഇന്റർനെറ്റിനും അഡിക്റ്റുകളായ നമ്മുടെ കുട്ടികകൾക്ക് അത്തരം സൗഹൃദങ്ങളും കളികളും ഇന്ന് അന്യമാണ്. ടി വി ക്കും കമ്പ്യൂട്ടർ സ്ക്രീനുകൾക്കും മുന്നിലെ അരണ്ട വെളിച്ചത്തിൽ പകലും രാത്രിയും കഴിച്ചു കൂട്ടുന്ന അവധിക്കാലങ്ങളാണ് അവർക്ക് മുന്നിലുള്ളത്. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്നുള്ള മായികമായ വിർച്വൽ സൗഹൃദങ്ങളിൽ അഭിരമിക്കുമ്പോഴും തൊട്ടപ്പുറത്തെ വീട്ടിലെ സമപ്രായക്കാരന്റെ മനസ്സറിയാത്ത ബാല്യങ്ങൾ.. അയൽപക്ക ബന്ധങ്ങളിൽ, സാമൂഹ്യ സൗഹൃദങ്ങളിൽ വലിയ മതിലുകൾ രൂപപ്പെടുന്നത് നാം തിരിച്ചറിയാതെ പോകുന്നു.

പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ചാനലുകളുടെ മത്സരം മുറുകി ഇപ്പോൾ കാര്യങ്ങൾ 'മലയാളി ഹൗസി'ൽ എത്തിനില്ക്കുകയാണ്. സൂര്യ ടി വി യുടെ പുതിയ പരീക്ഷണമാണിത്. പടിഞ്ഞാറൻ നാടുകളിൽ റേറ്റിംഗ് ചാർട്ടുകൾ തകർത്തോടിയ 'ബിഗ്‌ ബ്രദർ' റിയാലിറ്റി ഷോകളുടെ ഒരു മലയാളി പതിപ്പ്. ഏതാനും സെലിബ്രിറ്റികളെ പുറം ലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടിനുള്ളിൽ അടച്ചിടുന്നു. പിന്നെ അവർ കാട്ടിക്കൂത്തുന്ന പേക്കൂത്തുകൾ നൂറ്റൊന്നു ക്യാമറ വെച്ച് ഒപ്പിയെടുത്ത് ലൈവായി പ്രേക്ഷകർ വിളമ്പുന്നു. ബിഗ്‌ ബ്രദർ ഷോകളുടെ ഒരു ഫോർമാറ്റ് ഇതാണ്. സൂര്യ ടി വിയും ഇത് തന്നെയാണ് ചെയ്യുന്നത്. ജി എസ് പ്രദീപ്‌, സന്തോഷ്‌ പണ്ഡിറ്റ്‌, രാഹുൽ ഈശ്വർ, സിന്ധു ജോയി, ചിത്ര അയ്യർ, പിന്നെ ഉടുത്തും ഉടുക്കാതെയും ശരീര പ്രദർശനം നടത്താൻ പാകത്തിലുള്ള ഏതാനും തരുണീ മണികളും. അവരുടെ ഊണും ഉടുപ്പും കിടപ്പും പാട്ടും കൂത്തും അനുബന്ധ മസാലകളും നേരെ നമ്മുടെ സ്വീകരണ മുറിയിലേക്ക്. ആവി പറക്കുന്ന തന്തൂരി റൊട്ടി പോലെ ഓവനിൽ നിന്ന് നേരിട്ട് തീന്മേശയിലേക്ക്. നമ്മുടെ കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ എല്ലാം പ്രൈം ടൈമിൽ എത്തുന്ന ഈ ആഭാസത്തിന്റെ കാഴ്ചക്കാർ.. ഒരു സംസ്കാരം എങ്ങിനെയാണ് പടി കടന്നു പോകുന്നത് എന്നും നമുക്കന്യമായിരുന്ന മറ്റൊരു സംസ്കാരം എങ്ങിനെയാണ് പടികടന്നു വരുന്നത് എന്നും അറിയുവാൻ വലിയ ഗവേഷണങ്ങളുടെയൊന്നും ആവശ്യമില്ല.

കുടുംബചാനലുകൾ എന്ന ഗണത്തിൽ പെടുത്തി സംപ്രേഷണ അനുമതി നേടിയെടുത്തിട്ടുള്ള ഇത്തരം ചാനലുകളിൽ എന്ത് വരണം എന്ത് വരരുത് എന്ന് നിശ്ചയിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത ഒരവസ്ഥയുണ്ട്‌. സിനിമകളിൽ പേരിന് ഒരു സെൻസർ ബോർഡെങ്കിലുമുണ്ട്. ടി വി കളിലാവട്ടെ എന്ത് അസംബന്ധങ്ങൾ കുത്തി നിറച്ച പരിപാടികളാണെങ്കിലും യാതൊരു സ്ക്രീനിങ്ങും കൂടാതെ നേരിട്ട് നമ്മുടെ സ്വീകരണ മുറികളിലേക്ക് എത്തുകയാണ്. മാതാപിതാക്കളും കുട്ടികളുമടങ്ങുന്ന വീട്ടിലെ അംഗംങ്ങൾ ഒരുമിച്ചിരുന്നു കാണുന്ന ടി വി പരിപാടികൾക്ക് വേണ്ട മിനിമം ചട്ടക്കൂട് പോലും അതിലംഘിക്കുന്ന ഇത്തരം ഷോകളെ 'നിങ്ങളുടെ കയ്യിൽ റിമോട്ടില്ലേ' എന്ന ഒറ്റ ചോദ്യത്തിലൂടെ മാത്രം സർക്കാരുകൾക്ക്‌ നേരിടാൻ കഴിയുമോ?. ഇത്തരം ഷോകൾ ഒരുമിച്ചിരുന്നു കാണുക വഴി മാതാപിതാക്കളും കുട്ടികളും തമ്മിലും സഹോദരീ സഹോദരന്മാർ തമ്മിലും ഉണ്ടാകുന്ന മാനസിക വ്യതിയാനങ്ങളെ അതർഹിക്കുന്ന ഗൗരവത്തിൽ പഠന വിധേയമാക്കേണ്ടതല്ലേ?

വർദ്ധിച്ചു വരുന്ന സ്ത്രീ പീഢനങ്ങളിലും ലൈംഗിക കുറ്റകൃത്യങ്ങളിലും അസ്വസ്ഥപ്പെടുന്നവർ പരോക്ഷമായി അത്തരം സംഭവങ്ങൾക്ക് പ്രചോദനവും സ്വാധീനവും സൃഷ്ടിക്കുന്ന മാധ്യമ ഷോകളെക്കുറിച്ച് മൗനികളാകുന്നതു എത്രമാത്രം പരിതാപകരമാണ്. ഒരു സ്ത്രീ പീഢനം റിപ്പോർട്ട്‌ ചെയ്യപ്പെടുമ്പോൾ ഏതാനും മെഴുകുതിരികൾ കത്തിക്കുന്നത് മാത്രമാണ് ക്രിയാത്മക പ്രതികരണം എന്ന് കരുതുന്നവരും ഇത്തരം സാമൂഹ്യ തിന്മകൾക്കെതിരെ ശബ്ദിക്കുന്നവരെ സദാചാരവാദികൾ എന്ന് മുദ്രകുത്തി പരിഹസിക്കുന്നവരും ഒരുപോലെ ഓർക്കേണ്ട ഒരു കാര്യമുണ്ട്, ഒരു സാമൂഹ്യ തിന്മയും ഒരു രാത്രി കൊണ്ട് ജനിക്കുന്നതല്ല. വളരുന്ന ചുറ്റുപാടുകൾ, കാണുന്ന കാഴ്ചകൾ, ഇടപഴകുന്ന വ്യക്തികൾ ഇവക്കൊക്കെയും ഒരു കുറ്റവാളിയെ സൃഷ്ടിക്കുന്നതിൽ പങ്കുണ്ട്. അവ തടയുന്നതിൽ എല്ലാ തലങ്ങളിലുമുള്ള ബുദ്ധിപരമായ ഇടപെടലുകൾക്കാണ് ഒരു അക്രമം നടന്നതിനു പിറകെ കൂട്ടനിലവിളി ഉയർത്തുന്നതിനേക്കാൾ ക്രിയാത്മകതയുള്ളത്.

ചാനലുകൾ കാണിക്കുന്ന ഇൻഫോടെയിൻമെന്റ് വിഭാഗത്തിൽ പെട്ട പരിപാടികളെ കണ്ടില്ലെന്നു നടിക്കുന്നില്ല. നിങ്ങൾക്കുമാകാം കോടീശ്വരൻ പോലുള്ള ഷോകൾ വിനോദത്തോടൊപ്പം ഇത്തിരി വിജ്ഞാന കൗതുകവും കുട്ടികളിൽ ജനിപ്പിക്കാൻ കാരണമാകുന്നു. പക്ഷേ അത്തരം പരിപാടികളുടെ ഗുണപരമായ സ്വാധീനത്തെപ്പോലും ആഭാസ പ്രദർശനങ്ങളും അസംബന്ധ റിയാലിറ്റി ഷോകളും നശിപ്പിച്ചു കളയുന്നു എന്നതാണ് അവസ്ഥ. കുട്ടികൾക്ക് വേണ്ടിയുള്ള ഡാൻസ് പരിപാടികൾ പോലും സിനിമയിലെ അരോചകമായ നൃത്തച്ചുവടുകളുടെയും ഫാഷൻ വസ്ത്രങ്ങളുടെയും ചെറുപതിപ്പായി അവതരിപ്പിക്കുന്നിടത്ത് കലയാണോ അതോ അനുകരണ ഭ്രാന്താണോ വളരുന്നത്‌?

ചാനലുകളെ വീടിന് പുറത്താക്കാൻ നമുക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. നമ്മുടെ ചുറ്റുപാടുകളെ അറിയാനും അറിയിക്കാനും ഇത്തരം മാധ്യമങ്ങൾ അനിവാര്യമാണ്. പക്ഷേ എന്ത് കാണണമെന്നതിലും എത്ര നേരം കാണണമെന്നതിലും നമുക്ക് ചില തിരിച്ചറിയലുകൾ ആവശ്യമുണ്ട്. നമ്മുടെ സാമൂഹ്യ ബോധങ്ങളെയും ബോധ്യങ്ങളെയും കടന്നാക്രമിക്കുന്ന ചാനൽ കാഴ്ചകളിൽ നിന്ന് പുറം തിരിഞ്ഞു നിൽക്കുവാനുള്ള വകതിരിവ്. അതില്ലായെങ്കിൽ ചാനലുകൾ നമ്മുടെ സംസ്കാരത്തെ മാത്രമല്ല, നമ്മളെത്തന്നെ കൊത്തിക്കൊണ്ടു പോകും.(ശബാബ് വാരികകക്ക് വേണ്ടി എഴുതിയത് - "ചാനലുകൾ കേരളത്തെ കൊത്തിക്കൊണ്ടു പോകുന്നു". ലക്കം 44, ജൂണ്‍ 7, 2013)

Related Posts
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!  
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും
ബ്ലെസ്സീ, ബ്ലൂ സീ എന്ന് വിളിപ്പിക്കരുത്
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)

60 comments:

 1. @പക്ഷേ എന്ത് കാണണമെന്നതിലും എത്ര നേരം കാണണമെന്നതിലും നമുക്ക് ചില തിരിച്ചറിയലുകൾ ആവശ്യമുണ്ട്. നമ്മുടെ സാമൂഹ്യ ബോധങ്ങളെയും ബോധ്യങ്ങളെയും കടന്നാക്രമിക്കുന്ന ചാനൽ കാഴ്ചകളിൽ നിന്ന് പുറം തിരിഞ്ഞു നിൽക്കുവാനുള്ള വകതിരിവ്.

  ഈ വകതിരിവ് ഇല്ലാതവരാണോ മലയാളി സ്ത്രീകൾ? അല്ല. അതുപോലെ നമ്മുടെ മീഡിയകൾ അത്രക്ക് തരം താഴ്ന്നിട്ടുണ്ടോ? ഇല്ല. വാർത്തകൾ യാത്രാ വിവരണങ്ങൾ വിദ്യാഭ്യാസ പരിപാടികൾ എന്നുവേണ്ട എന്തെല്ലാം പരിപാടികൾ ഇതേ ചാനലുകൾ നമുക്ക് തരുന്നുണ്ട്? ലോകത്ത് നടക്കുന്ന പല കാര്യങ്ങളും നാം അറിയുന്നത് ഇത്തരം ചാനലുകൾ വഴി അല്ലെ? എന്താണ് കാണേണ്ടത് എന്നത് ഓരോ വ്യക്തികളുടെയും താത്പര്യമാണ്. ആളുകളുടെ ആ താത്പര്യത്തിനനുസരിച്ച് പരിപാടികൾ സംപ്രേഷണം ചെയ്യുന്നു. അത് മീഡിയകളുടെ പ്രശ്നമാണോ? എല്ലാ തരത്തിലുള്ള ആളുകളെയും തങ്ങളുടെ ചാനൽ കാണാൻ ക്ഷണിക്കേണ്ടത് ചാനലുകളുടെ ആവശ്യമാണ്‌.

  അതിനാൽ നമുക്ക് അനുകൂലമായോ പ്രതികൂലമായോ ഈ മീഡിയകളെ പ്രയോജനപ്പെടുത്താം. തീരുമാനിക്കേണ്ടത് നാം ഓരോരുത്തരുമാണ്. കുട്ടികളുടെ കാര്യത്തിൽ അവരുടെ മാതാപിതാക്കൾ ആണ് ശ്രദ്ധിക്കേണ്ടത്. നന്നായി പ്രയോജനപ്പെടുത്തിയാൽ ഒരുവന് നല്ല ബുദ്ധിയും വിവരവും ഉള്ള ഒരാളായി മാറാം അല്ലെങ്കിൽ പമ്പര വിഡ്ഢിയുമാവാം. എന്താണ് വേണ്ടത് എന്നത് ഓരോരുത്തരും സ്വയം തീരുമാനിക്കട്ടെ.


  ReplyDelete
  Replies
  1. അതാണ് ശരി .നമുക്ക് എന്താണ് വേണ്ടതെന്ന് നാം തന്നെ തീരുമാനിക്കുക. ആരും ആരെയും നിര്‍ബ്ബന്ധിച്ചു കാണിക്കുന്നില്ലല്ലോ.സംഗതി അസഹ്യം തന്നെയാണ്.പക്ഷേ വേണമെങ്കില്‍ കണ്ടാല്‍ പോരേ?

   Delete
  2. Naadu Motham Baarum Kallu Shappum Thurannu Vechittu, Madhyapanam prolsahipikkuna reethiyilulla cinemayum parasyangalum ennu venda ellam cheythittu, Ishtamullavar kudichal mathi, areyum nirbandichu kudipikkunillalo ennu parayunnath poleyayi poyi ningal paranjath.. Viyojippu rekapeduthunnu.

   Delete
  3. ബാറും പരസ്യങ്ങളും കള്ളുഷാപ്പുകളും ഒക്കെ കണ്ടു കുടിക്കാൻ പോകുന്നവർ മദ്യം ഇഷ്ടമില്ലാത്തവർ ആണോ അനോണി? അവർക്ക് മദ്യം ഇഷ്ടമായത് കൊണ്ട് അല്ലെ കുടിക്കുന്നത്? ഇഷ്ടമില്ലാത്തവർ പോകുമോ? ഇല്ല. പിന്നെ ഇതൊക്കെ കണ്ട് അബദ്ധത്തിൽ ആരെങ്കിലും കുടിച്ചു പോയാല പോലും അയാൾക്ക്‌ അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ കുടിക്കുമോ? വീണ്ടും അയാള് കുടിക്കുന്നുന്ടെങ്കിൽ അത് അയാളുടെ മാത്രം പ്രശ്നമാണ്. അല്ലെങ്കിൽ അയാളുടെ മാത്രം ഇഷ്ടമാണ്. കയ്യും കാലും പിടിച്ചു കെട്ടി ആരും വായിലേക്ക് ഒഴിച്ചു കൊടുക്കുന്നില്ലല്ലോ? സ്വന്തം ഇഷ്ടപ്രകാരം പോയി കുടിക്കുന്നതല്ലേ? സ്വയം ഇഷ്ടപ്പെട്ട് കുടിച്ചിട്ട് ബാറ് തുറന്നിരുന്നതാണ് പ്രശ്നം എന്ന് പറഞ്ഞാൽ അത് സ്വന്തം തെറ്റിൽ നിന്നും രക്ഷപെടാനുള്ള അടവാണ്. അതുപോലെ തന്നെയാണ് ടീ വി പരിപാടികളും ഇഷ്ടപ്പെടുന്നവർ വീണ്ടും വീണ്ടും കാണുന്നു, ഇഷ്ടമില്ലാത്തവർ കാണുന്നില്ല. കുത്തിയിരുന്നു കണ്ടിട്ട് ടീവിയെ കുറ്റം പറയുന്നത് സ്വന്തം തെറ്റ് ന്യായീകരിക്കാൻ ശ്രമിക്കുന്ന പോലെയാണ്. തനിക്കു അത് വേണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കുക. വേണമെങ്കില കണ്ടാൽ മതി ഇല്ലെങ്കിൽ കാണണ്ട. ടീവിയിൽ ഒരു പരിപാടി മാത്രമല്ലല്ലോ ഉള്ളത്? അതുപോലെ റോഡിൽ ബാറുകളും കള്ളുഷാപ്പുകളും മാത്രമല്ലല്ലോ ഉള്ളത്? അതുകൊണ്ട് അനോണി ഒരു കാര്യം ചെയ്യ് മദ്യം ഇഷ്ടമില്ലെങ്കിൽ ആ ബാർ അവിടെ ഉണ്ടെന്ന് ശ്രദ്ധിക്കണ്ട അടുത്ത ചായക്കടയിൽ കയറി ഒരു ചൂട് ചായ കുടിക്ക്.

   Delete
  4. Comment idumpol ANONY ithrayum pratheekshichilla

   Delete
 2. ടീ.വി ദൃശ്യമാധ്യമങ്ങള്‍ക്കും സെന്‍സര്‍ഷിപ്പോക്കെ(ചാനലിന്റെ അല്ല ) വരണ്ടേ കാലം അതിക്രമിച്ചു,ചില പരിപാടികള്‍ അസഹനീയം. ഒരു കടിഞ്ഞാണിന്റെ ആവശ്യമുണ്ട്

  ReplyDelete
 3. Little lengthier than your usual posts, but worth to read. Do write more article such of this.

  ReplyDelete
  Replies
  1. ബ്ലോഗിന് വേണ്ടി എഴുതിയ പോസ്റ്റല്ല, ശബാബ് വാരികക്ക് വേണ്ടി തയ്യാറാക്കിയതാണ്. അത് കൊണ്ടാണ് ഇത്തിരി വലുതായത്. പൊതുവെ നീളമുള്ള പോസ്റ്റുകള്‍ കണ്ടാല്‍ വായനക്കാര്‍ ഓടും എന്നറിയാവുന്നതു കൊണ്ട് നാലോ അഞ്ചോ പാരഗ്രാഫില്‍ കൂടുതല്‍ എഴുതാറില്ല. പ്രസിദ്ധീകരിച്ച ലേഖനമായതിനാല്‍ വല്ലവരും വായിക്കുന്നെങ്കില്‍ വായിക്കട്ടെ എന്ന് കരുതി ഇവിടെ ഇട്ടു എന്ന് മാത്രം

   Delete
  2. ശബാബിൽ വായിച്ചു. വളരെ നല്ല ലേഖനം നീണ്ടു എന്ന് അഭിപ്രായമില്ല ബഷീര് ബായ്

   Delete
 4. vallikkippol TV kaanan valareyadhikam samayam kittunnundennu thonnunnu... vere paniyonnumille?? TV kanuka... postiduka... tv kaannuka postiduka !!! verey ethreyo nalla karyangal kidakkunnu.... pani maranangal, sarkkarinte anaastha, mm manikku idukkiyil pravesikkan anumathi, chennithalayude abhyandaram, modiyude pradhana mantripadam, advaniyude degrading etc. etc

  ReplyDelete
 5. //ഒഴിവു വേളകളിൽ പുറത്തിറങ്ങിയും കൂട്ടുകാരൊത്ത് പലവിധ കളികളിലേർപ്പെട്ടും കഴിഞ്ഞിരുന്ന കുട്ടിക്കാലം ഓർക്കുന്നവരാണ് നമ്മിൽ ഏറെയും. ആ കാലത്തിന്റെ മധുരിക്കുന്ന ഓർമകളെ നെഞ്ചേറ്റുന്നവർ. എന്നാൽ ടി വി യ്ക്കും ഇന്റർനെറ്റിനും അഡിക്റ്റുകളായ നമ്മുടെ കുട്ടികകൾക്ക് അത്തരം സൗഹൃദങ്ങളും കളികളും ഇന്ന് അന്യമാണ്. ടി വി ക്കും കമ്പ്യൂട്ടർ സ്ക്രീനുകൾക്കും മുന്നിലെ അരണ്ട വെളിച്ചത്തിൽ പകലും രാത്രിയും കഴിച്ചു കൂട്ടുന്ന അവധിക്കാലങ്ങളാണ് അവർക്ക് മുന്നിലുള്ളത്//
  യാഥാസ്ഥിധികന്മാരുടെ മാസ്റ്റർ പീസ്‌ ഡയലോഗ് ആണിത്. കാലത്തിനു അനുസരിച്ച് മാറാൻ കഴിയാത്തവരുടെ ഗതികെട്ട ജല്പനം.

  ReplyDelete
  Replies
  1. വിമർശകൻ അനോണിJune 10, 2013 at 11:29 AM

   വള്ളിക്കുന്ന് എന്ത് പോസ്റ്റിട്ടാലും ഞാൻ വിമര്ഷിക്കും. അതെന്റെ അവകാശമാണ്. ആരെടാ ചോദിക്കാൻ

   Delete
  2. vallikkunnu anonyayi prathyakshappettu !!

   Delete
 6. മിടുക്കി , മലയാളി ഹൌസ് പോലുള്ള ജനങ്ങളുടെ ഉദ്ധാരണ ശീലത്തെ വലുതാക്കുന്ന പരിപാടികളെ ഇങ്ങനെ തേജാവധം ചെയ്യണ്ട കാര്യം ഒന്നും ഇല്ല ( ഞാൻ ഈ പരിപാടികൾ ഒക്കെ യു ടുബ്‌ ഇൽ മാത്രേ കാണാറുള്ളു ,ഒപ്പം ടി വി ഞാൻ കാണാറില്ല ) മിടുക്കി , മലയലിഹൗസെ ഒക്കെ വീട്ടില് വച്ച് ഭാര്യമാരോടപ്പം കാണുന്നവർ അത്രേം അട്ജസ്റ്റ് മെന്റിൽ ജീവിക്കുന്നവർ ആണ് ഏന് മനസിലാക്കാം ഒപ്പമിതിലെ സാധാചാരം ഒന്നും ഞാൻ പറയുന്നില്ല പക്ഷെ ആ പരിപാടികളുടെ നിലവാരം ഇപ്പോൾ ഇന്ത്യൻ രൂപയേക്കാൾ കഷ്ട്ടമാണ് അത്രയ്ക്ക് താഴ്ന്നിരിക്കുന്നു )

  ReplyDelete
 7. Basheerbhai, there are worse programs on international channels..Even if you do not have a TV at home, your kids can watch all these through youtube channels..When I was a kid, "kochu pushtakams" were available at many places, which a lot of my friends used to buy..What was stopping some kids from buying those kochupushtakams those days? Why some kids used to buy them, and some did not?

  The same question applies today.. If the kids want to , they can watch any kind of filth through youtube or TV..The bottom line is: In the end , it is how much of control you as a parent have over what your kid does, or watches.

  Banning or sensoring is not the answer.

  ReplyDelete
  Replies
  1. Moonnam pakkathil Thilakan chettan cheythapole "anganathe" scene varumpol KARUTHA THUNI yittu moodiyaal mathi.. sangathi solve aakum

   Delete
 8. ചാനലുകളെ വീടിന് പുറത്താക്കാൻ നമുക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. നമ്മുടെ ചുറ്റുപാടുകളെ അറിയാനും അറിയിക്കാനും ഇത്തരം മാധ്യമങ്ങൾ അനിവാര്യമാണ്. പക്ഷേ എന്ത് കാണണമെന്നതിലും എത്ര നേരം കാണണമെന്നതിലും നമുക്ക് ചില തിരിച്ചറിയലുകൾ ആവശ്യമുണ്ട്. നമ്മുടെ സാമൂഹ്യ ബോധങ്ങളെയും ബോധ്യങ്ങളെയും കടന്നാക്രമിക്കുന്ന ചാനൽ കാഴ്ചകളിൽ നിന്ന് പുറം തിരിഞ്ഞു നിൽക്കുവാനുള്ള വകതിരിവ്. അതില്ലായെങ്കിൽ ചാനലുകൾ നമ്മുടെ സംസ്കാരത്തെ മാത്രമല്ല, നമ്മളെത്തന്നെ കൊത്തിക്കൊണ്ടു പോകും. ithu sathyam

  ReplyDelete
 9. ബഷീർക്കയുടെ പോസ്റ്റുകളിൽ ഏറ്റവും സാമൂഹ്യ പ്രസക്തിയുള്ള ഒരെണ്ണം.... അങ്ങനെ വിശേഷിപ്പിക്കാം ഈ പോസ്റ്റിനെ. വിഷം തുപ്പുന്ന ചാനലുകളിൽ നിന്ന് സ്വസമൂഹത്തോട് മാറി നില്ക്കാൻ മത സംഘടനകൾ പോലും ആവശ്യപ്പെടാൻ ഇന്ന് മടി കാണിക്കുന്നു; അല്ല അവരും മതത്തിന്റെ ലേബലിൽ ചാനൽ തുടങ്ങി ലാഭ കൊയ്ത്തു തുടങ്ങുന്നു. ഇതൊരു വല്ലാത്ത പരിതസ്ഥിതി തന്നെ... വളരെ വേദനാജനകവും. ഒഴിവാക്കിക്കൂടെ ഈ ടെലിവിഷൻ നമുക്ക് ? എന്ത് കൊണ്ട് ഗൃഹനാഥൻമാര്ക്ക് ഇതൊഴിവാക്കാൻ സാധിക്കുന്നില്ല?

  ReplyDelete
  Replies
  1. Pattakkada A.K. Antony adachu poottiyathupole ini muthal TV vilkkunna shoppukal adachu poottendi varum.... TV Manufacturing companikalkku anumathi nishedikkanam.... LCD LED TV dufayil ninnum konduvarunnathum nirodikkanam....

   Delete
 10. ഒരു ചെറിയ ചോദ്യം.ലോകം ഇങ്ങനെ ക്കെ മാരിപ്പോകുമ്പോ, ചുറ്റുപാടുകൾ മുഴുവനും മാറുമ്പോൾ , ഇതിലൊന്നും പെടാതെ മാറി നിക്കുന്നവർ ഒറ്റപ്പെട്ടു പോകില്ലേ ? പണ്ടൊക്കെ ഞാനും ഇങ്ങനെ ഒക്കെ വിചാരിച്ചിരുന്നു. പക്ഷെ ഇപ്പൊ തോന്നുന്നു ഇതൊക്കെ എഴുതാനും പറയാനും മാത്രമേ കൊള്ളൂ.

  ReplyDelete
 11. ഒരു ചെറിയ ചോദ്യം. ലോകം മുഴുവൻ ഇങ്ങനെ മാറുമ്പോൾ..ചുറ്റുപാടുകൾ മുഴുവൻ മാറിപ്പോകുമ്പോൾ , അതിലൊന്നും പെടാതെ മാറി നിൽക്കുന്നവർ ഒറ്റപ്പെട്ടു പോകില്ലേ..?
  ഞാനും പണ്ട് ഇങ്ങനെ ഒക്കെ വിചാരിച്ചിരുന്നു. പക്ഷെ ഇപ്പൊ തോന്നുന്നു ഇതൊക്കെ എഴുതാനും പറയാനും മാത്രം കൊള്ളം .

  ReplyDelete
  Replies
  1. “Silence becomes cowardice when occasion demands speaking out the whole truth and acting accordingly.”
   ― Mahatma Gandhi

   Delete
 12. Now there's a new trend of give-take adjustments between Channels. The new family reality show in Manorama anchored by Navya Nair, hypnotyses participants. Some families participating in it can directly move on to Amrita TV's divorce show 'Kathayallithu Jeevitham'

  ReplyDelete
 13. വെളിപ്പറമ്പിൽ ശീമക്കൊന്ന തഴച്ചു വളരുന്ന പോലെ. (y)ക്കി

  ReplyDelete
 14. ഇത് വായിച്ചപ്പോള്‍ പെട്ടെന്ന് ഓര്മ വന്നത് പശുവിനെ കുറിച്ച് പഠിച്ചിട്ട് പോയ കുട്ടിക്ക് ചോദ്യ പേപ്പറില്‍ തെങ്ങിനെ കുറിച്ച് ചോദ്യം വന്ന കഥ ആണ്.... ബഷീര്‍ ഇക്ക എന്തിനെ കുറിച്ച് എഴുതി തുടങ്ങിയാലും വന്നു നില്‍ക്കുന്നത് മലയാളി ഹൗസ്ഇല്‍ ആണെന്ന് തോന്നിപ്പോകും...

  നീളം കൂടുതല്‍ ഉള്ളത് കൊണ്ട് ഒന്ന് ഓടിച്ചു വായിചിട്ടെഴുതിയ അഭിപ്രായം ആണ്.... അപക്വമായ പ്രതികരണം ആണെങ്കില്‍ ക്ഷമിക്കുക

  ReplyDelete
 15. ശബാബിൽ വായിച്ചു. വളരെ നല്ല ലേഖനം.കാലിക പ്രസക്തം .അഭിനന്ദനങ്ങൾ ....

  ReplyDelete
 16. കരച്ചിൽ പോലെ തന്നെ സ്ത്രീകളുടെ മറ്റൊരു വീക്നെസ് സാരിയും ഡിസൈനർ വസ്ത്രങ്ങളുമാണ്. കണ്ണ് മഞ്ഞളിക്കുന്ന വസ്ത്രങ്ങളുടുത്തു ഫാഷൻ പരേഡിലെന്ന പോലെ സ്ത്രീകൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ തന്നെ ഒരുമാതിരി സ്ത്രീകളൊന്നും ചാനൽ മാറ്റില്ല.

  ReplyDelete
 17. സമകാലിക ചാനൽ പരിപാടികൾ വിമർശനബുദ്ധ്യാ നിരീക്ഷിക്കുന്ന എല്ലാവർക്കും തോന്നുന്ന കാര്യങ്ങൾ പലതും ഈ ലേഖനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നു

  ReplyDelete
 18. Shihabudheen CH PangJune 10, 2013 at 7:34 PM

  അല്പം സമയമെടുത്ത്‌ വായിച്ചു. നിരീക്ഷണങ്ങൾ നന്നായിട്ടുണ്ട്. വസ്ത്രവും പരസ്യവും പറഞ്ഞത് ശരിയാണ്. മിടുക്കിയെ ക്കുറിച്ച് പറഞ്ഞതിനോട് യോചിപ്പില്ല. സുന്ദരികൾ അല്ലെങ്കിൽ ആരെങ്കിലും പരിപാടി കാണുമോ. അതായിരിക്കും അങ്ങനെ പരസ്യം കൊടുത്തത്.

  ReplyDelete
 19. പതിവിലേറെ വരികൾ ഉണ്ടെങ്കിലും ഞാനും വായിച്ചു. ഒരു ചാനൽ സെൻസർ ബോര്ഡ് അത്യാവശ്യമായി തോന്നുന്നു.
  അടിച്ചുപൊളിയുടെ അര്ഥ മാറ്റം പോലെ ഒരു സംസ്കാരത്തിന്റെ പൊളിച്ചെഴുത്തിനു ചാനൽ മാലിന്യങ്ങൾ ഇടവരുത്തും എന്ന് ആശങ്ക ചിന്തിക്കുന്നവർക്ക് സ്വാഭാവികം മാത്രം.

  ReplyDelete
 20. ലേഖനം വളരെ നന്നായിരിക്കുന്നു. എല്ലാ അഭിപ്രായങ്ങളോടും പൂർണ്ണമായി യോജിക്കുന്നു. താങ്കളെ ശിലായുഗത്തിന്റെ പ്രതിനിധിയായി അഭിനവ പുരോഗമിസ്റ്റുകൾ മുദ്രകുത്തിയില്ലെങ്കിൽ മാത്രമേ അത്ഭുതപ്പെടാനുള്ളൂ.

  ReplyDelete
 21. മൂന്നു മാസങ്ങൾക്ക് ശേഷം വള്ളിക്കുന്നിന്റെ നല്ല ഒരു പോസ്റ്റ്‌...

  ReplyDelete
  Replies
  1. [അവസാനം പിന്നേം വള്ളിക്കുന്നു സൂര്യ tv യുടെ തെങ്ങേൽ :( ]   Delete
 22. ഇന്ന്...പൊളിച്ചടുക്കി, തകര്ത്തു ,....
  നാളെ... കുത്തഴിച്ചു, നശിപ്പിച്ചു, പീഡിപ്പിച്ചു. കൊലവിളിച്ചു....

  ReplyDelete
 23. ഒരു സമൂഹത്തിന്റെ വികാര വിചാരങ്ങളെ സ്വധീനിക്കുന്നതിൽ ടി.വി ചാനലുകൾക്കും വലിയ പങ്കുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. വിവേചന ബുദ്ധി ഉപയോഗിച്ച് ആളുകൾ സ്വയം തീരുമാനമെടുക്കട്ടെ എന്ന് പറയുന്നതിനേക്കാൾ ചില ഓർമ്മപ്പെടുതലുകൾ ഒരു പക്ഷെ ഗുണം ചെയ്തേക്കാം.
  പലപ്പോഴും ഒരു രസത്തിനു തുടങ്ങിയ ദു:ശീലങ്ങൾ പിന്നീട് തിരിച്ചു കയറനാകാത്ത വിധം പെട്ട് പോകാറാണ് പതിവ്.

  മദ്യപാന പുകവലി സീനുകളിൽ നിയമാനുസൃതമായി മുന്നറിയിപ്പ്‌ കാണിക്കുന്നതുപോലെ നന്നായി എഴുതാൻ കഴിയുന്നവരും പ്രസംഗിക്കാൻ കഴിയുന്നവരും സമൂഹത്തിൻറെ നന്മക്കായി അവരാൽ കഴിയുന്നത്‌ ചെയ്യട്ടെ.

  ReplyDelete
 24. >>>>'അയ്യപ്പന്റമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലിലിട്ട'തു പോലെ മലയാളിയുടെ സാംസ്കാരികത്തനിമയുടെ നെയ്യപ്പം ചാനൽ കാക്കകൾ കൊത്തിക്കൊണ്ടു പോയി കടലിലിട്ടുകൊണ്ടിരിക്കുകയാണ്.<<<<

  ചാനല്‍ കാക്കകള്‍ കൊത്തുന്നതിനു മുന്നേ മറ്റ് ചില കാക്കകള്‍ അവയെ കൊത്തി കടലിലിട്ടില്ലേ? മലയാളിയുടെ സാംസ്കാരിക തനിമയുടെ പ്രതീകമായ നിലവിളക്ക് കത്തിക്കേണ്ടതില്ല എന്ന് ഏത് തരം കാക്കകളാണു തീരുമാനിച്ചത്? മലയാളിയുടെ പരമ്പരാഗത വസ്ത്രത്തേക്കാള്‍ നല്ലത് പര്‍ദ്ദ പോലുള്ള അറബു വസ്ത്രമാണെന്ന് ഏത് കാക്കകളാണു തീരുമാനിച്ചത്.

  ശബാബ് ലേഖകനിതൊന്നും ഇതിനു മുന്നേ കേട്ടിട്ടില്ലേ?

  ReplyDelete
  Replies
  1. @Kaalidaasan

   Diversity in dress, belief n rituals is only enriching our Culture and are personal preferences. Watching multiple channels is also a personal preference, but many programs like some serials can have drastic psychological impacts on people, especially children. I remember, one whole episode of a mega serial was about the heroine deciding, preparing and attempting a suicide, shown in a very detailed manner. Can you deny its drastic effects on adolescents and weak minds (whether men or women) just because they've remote in their hands?

   The whole article is an awareness against such psychological implications in society at large, due to huge no. of channels available right now. Basheer didn't say they're to be banned, he just said a sort of censoring/ governance is required as in the case of films which have lesser/shorter implications.

   I really don't know why Kaalidaasan gets his ass itching whenever Basheer publish something....

   ARPV

   Delete
  2. ARPV,

   If you really think that diversity enriches your culture, you should take diverse channels and their programes also in the same spirit. There is no rule that you should see a particular channel or serial. There are many news channels and religious channels in Malayalam. You are free to see any of those. The remote is in your hands. If you do not like any serial or live program you are free to to change the channel. Why do"t you do that? When you go out of your home, how many foreign liquor sops and toddy shops you see., Do you enter all of those. Use such a discretion in viewing channels as well.

   Those who finds dress as reason for rape, may find many psychological implications in serials as well. That is their mind's immaturity. People should realize that these are just fiction like nay story or novel or poem. Immature minds may think that these are realities. Such people should start to grow up.

   Every day the very same adolescents and weak minds do hear and see a lot of real life suicides, rapes, murders , looting, rioting, corruption and all sort of atrocities. If they do not attempt to try those in their own life, do not worry about serials showing these.


   Your children will grow the way you raise them. If you are worried bout serial do not show them those. Who prevents you from that?

   Delete
  3. ഏത് ചർച്ചയും പർദയിലും ഇസ്ലാമിലും മലപ്പുറത്തും എത്തിക്കുക എന്നതാണ് കാളിയുടെ ലക്‌ഷ്യം. അതിലപ്പുരമുള്ള ഒരു വിവരവും ഇല്ല ബഷീര്ക എന്ത് വിഷയം എഴുതിയാലും കാളിയുടെ വിഷയം ഒന്ന് തന്നെ. പർദ്ദ, മലപ്പുറം, ഇസ്ലാം. ഈ ബ്ലോഗിലെ ഏതു പോസ്റ്റിലും കളിയുടെ കമന്റ് ഇത് തന്നെ. ഇവനൊക്കെ മനസ്സിലുള്ള ഈ വിഷം എവിടെയെങ്കിലും പ്രചരിപ്പിക്കാൻ അവസരം കിട്ടാതെ നിലക്കുംബോഴാനു നാലാൾ വായിക്കുന്ന ഈ ബ്ലോഗിൽ വന്നു കഴുതക്കാമം കരഞ്ഞു തീര്ക്കുന്നത്. കള്ളപ്പേരിൽ വിലസുന്ന ദൈവത്തിന്റെ കുഞ്ഞാട്. ബഷീര്കയുടെ പോസ്റ്റ്‌ ഇല്ലെങ്കിൽ ഇവൻ കാമം പുറത്തു ചാടിക്കാൻ കഴിയാതെ ചത്തു പോയേനെ. .

   Delete
 25. >>>>പഴയ തലമുറയുടെ ശീലങ്ങളും കുടുംബാന്തരീക്ഷവും പതിയെ തകർന്നു കൊണ്ടിരിക്കുന്നു. ആ തകർച്ചയെ അഥവാ 'അടിച്ചുപൊളി'യെ വേദനയോടെ തിരിച്ചറിഞ്ഞ് ചിലരെങ്കിലും ദീർഘനിശ്വാസമുതിർക്കുമ്പോൾ പുതിയ തലമുറ ആ തകർച്ചയെ ഒരാഘോഷമാക്കി അഥവാ 'അടിച്ചുപൊളി'യാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. <<<<

  പുരോഗതി പ്രാപിച്ച സമൂഹത്തിലൊക്കെ കാലം മുന്നോട്ട് പോകാറാണുള്ളത്. പഴയ ശീലങ്ങളും അന്തരീക്ഷവും ഒക്കെ മാറും. കാലം ഏഴാം നൂറ്റാണ്ടില്‍ നിശ്ചലമായി നില്‍കുന്ന ലോകത്തിതൊന്നും സംഭവിക്കില്ല. കാലം മാറുന്നതനുസരിച്ച് മാറാന്‍ മനസില്ലാത്തവര്‍ക്ക് ഇതൊക്കെ തകര്‍ച്ച ആയി തോന്നും.

  പെണ്ണുപിടിയന്‍മാര്‍ മന്ത്രിയും നിയമനിര്‍മ്മാണസഭയുടെ അധ്യക്ഷനും ഒക്കെ ആയി നാടു ഭരിക്കുമ്പോള്‍ ഉണ്ടാകാത്ത ഒരു സാംസ്കാരിക തകര്‍ച്ചയും നാലോ അഞ്ചോ ചാനലുകള്‍ക്ക് ഉണ്ടാക്കാനാകില്ല.

  ReplyDelete
 26. >>>>ഭാര്യക്കും മക്കൾക്കും ഫോണ്‍ വിളിക്കുമ്പോൾ അതെത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിന് അവർ കാണിക്കുന്ന ധൃതിയെക്കുറിച്ച് ഒരു ഗൾഫ് സുഹൃത്ത് ആകുലപ്പെട്ടത്‌ ഓർക്കുന്നു. <<<<

  മുകളില്‍ വള്ളി എഴുതിയത് ഇതാണ്.

  ഭാര്യയും ഭർത്താവും മാതാപിതാക്കളും മക്കളും തമ്മിൽ നിരന്തരമായി നടക്കേണ്ട ആശയ വിനിമയങ്ങൾക്കും സ്നേഹ സ്പർശങ്ങൾക്കും സമയം കണ്ടെത്താൻ പ്രയാസപ്പെടും വിധം ചാനലുകളിൽ നിന്ന് ചാനലുകളിലേക്ക് ടി വി റിമോട്ടിനോടൊപ്പം ഓടുകയാണ് നമ്മൾ.

  അപ്പോള്‍ ഗള്‍ഫ് ഭര്‍ത്താവ് നിരന്തരമായി നടക്കേണ്ട ആശയ വിനിമയങ്ങളും സ്നേഹ സ്പർശങ്ങളും വേണ്ട എന്നു വച്ച് ഗള്‍ഫില്‍ കിടക്കുകയല്ലായിരുന്നോ? ഈ ചാനലുകള്‍ ഉണ്ടാകുന്നതിനു മുന്നേ ഈ വക സംഗതികളൊന്നും വേണ്ട എന്ന് ഇതേ ഭര്‍ത്താവു തീരുമാനിച്ചില്ലേ? അപ്പോള്‍ ചാനലുകള്‍ക്കും മുന്നേ ഇതൊക്കെ സമൂഹത്തില്‍ സൃഷ്ടിച്ചത് ഇതുപോലെയുള്ള ഭര്‍ത്താക്കന്‍ മാരല്ലേ?

  ചാനലുകളൊക്കെ വരുന്നതിനു മുന്നെ ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലും പോയവര്‍ കേരളത്തിലേക്ക് റ്റി വിയും വി സി ആറും കൊണ്ടു വന്നു. അവരുടെ കുടുംബാംഗങ്ങളെ ഇതിന്റെ മുന്നില്‍ അടയിരുത്തി. നാട്ടില്‍ ജീവിത സൌകര്യങ്ങള്‍ ഉണ്ടായപ്പോള്‍ നാട്ടില്‍ ജീവിക്കുന്നവരും ഈ വഴിയെ പോയി. അതിനു ചാനലുകലെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ദൂരദര്‍ശനും ഏഷ്യാനെറ്റും കേരളത്തില്‍ വരുന്നതിനു മുന്നേ ചാവക്കാട്ടെ വീടുകളില്‍ റ്റി വി യും വി സി ആറും ഉണ്ടായിരുന്നു. അന്നു മുതലേ ആ വീടുകളിലെ കുട്ടികളും സ്ത്രീകളും ഇതിന്റെയൊക്കെ മുന്നില്‍ അടയിരുന്നിട്ടുണ്ട്.

  നാട്ടില്‍ അധ്വാനിച്ച് ജീവിക്കുന്ന ഭൂരിഭാഗം പേരും ഇതുപോലെയുള്ള പരിപാടികളുടെ മുന്നില്‍ അടയിരിക്കാറില്ല. കുടുംബനാഥന്‍ ഗള്‍ഫിലുള്ള വീടുകളില്‍ ഇത് കൂടുതലായി ഉണ്ട്. വലിയ വീടും പണുത്, എല്ലാ സൌകര്യങ്ങളുമുണ്ടാക്കിക്കൊടുത്തിട്ട് ഇങ്ങനെ വിലപിക്കുന്നതില്‍ കാര്യമില്ല. രാവിലെ കുട്ടികളെ സ്കൂളിലേക്ക് വിട്ടു കഴിഞ്ഞാല്‍ പിന്നെ ഈ ഭാര്യക്ക് ആരോടാണ്, ആശയവിനിമയം നടത്തേണ്ടത്? വീട്ടിലെ ചട്ടികളോടും കലങ്ങളോടുമോ? ഇതുപോലെ ഒറ്റക്ക് മുഴിഞ്ഞിരിക്കുന്നവരെ ലക്ഷ്യമിട്ടു തന്നെയാണ്, ചനലുകള്‍ വിവിധ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത്.

  മലപ്പുറം ജില്ലയിലെ കുറെയേറെ സ്ത്രീകള്‍ അവരുടെ ജീവിതം പര്‍ദ്ദക്കുള്ളില്‍ തളച്ചിടപ്പെട്ടു എന്നു പരാതിപ്പെട്ടപ്പോള്‍ ഉറഞ്ഞു തുള്ളിയവര്‍ ഇവരെ ഇപ്പോള്‍ ജീവിക്കാനും സമതിക്കില്ല എന്ന അവസ്ഥയണല്ലോ.ഇവര്‍ക്കും വേണ്ടേ ചില വിനോദങ്ങളൊക്കെ. ഇതുപോലെ നീണ്ട കാലം വിധവകളേപ്പോലെ ജീവികേണ്ടി വരുന്ന സ്ത്രീജന്മങ്ങളുടെ ജീവിതവിരസത ഒരു പരിധി വരെ നീക്കുന്നത് ഇതേ ചാനലുകളാനെന്നത് മറക്കരുത്.

  ReplyDelete
  Replies
  1. അപ്പോള്‍ ഗള്‍ഫ് ഭര്‍ത്താവ് നിരന്തരമായി നടക്കേണ്ട ആശയ വിനിമയങ്ങളും സ്നേഹ സ്പർശങ്ങളും വേണ്ട എന്നു വച്ച് ഗള്‍ഫില്‍ കിടക്കുകയല്ലായിരുന്നോ? ഈ ചാനലുകള്‍ ഉണ്ടാകുന്നതിനു മുന്നേ ഈ വക സംഗതികളൊന്നും വേണ്ട എന്ന് ഇതേ ഭര്‍ത്താവു തീരുമാനിച്ചില്ലേ?

   ഒരു പരിധി വരെ ശരിയാണ്, പക്ഷേ രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്.

   ഭാര്യയും മക്കളും അടുത്തുണ്ടായിട്ടും അവരോടു സംസാരിക്കാതെ ടീവിയും വച്ചുകൊണ്ടിരിക്കുന്നത് ആ ഭർത്താവിന്റെ സ്വാർഥതയാണ്.

   ഗൾഫിൽ പോയ ഭർത്താക്കന്മാർ ഈ വക സംഗതികൾ വേണ്ടെന്ന് വച്ചതല്ല. പോയത് കൊണ്ട് വേണ്ടെന്ന് വെക്കേണ്ടി വന്നു എന്നതാണ് യാദാർത്ഥ്യം. അത് വെറുതെ ഒരു തമാശക്കല്ല തനിക്കും കുടുംബത്തിനും ജീവിക്കാൻ വേണ്ടിയാണ്. അയാളും കുടുംബവും അവർക്കിഷ്ടപ്പെട്ടത്‌ ത്യജിക്കുകയാണ് ചെയ്തത്. അതിൽ യാതൊരു സ്വാർഥതയും ഇല്ല.

   Delete
  2. >>>ഭാര്യയും മക്കളും അടുത്തുണ്ടായിട്ടും അവരോടു സംസാരിക്കാതെ ടീവിയും വച്ചുകൊണ്ടിരിക്കുന്നത് ആ ഭർത്താവിന്റെ സ്വാർഥതയാണ്.<<<<

   താങ്കള്‍ അങ്ങനെ ചെയ്യാറുണ്ടോ? ഇവിടെ എഴുതുന്ന ആരെങ്കിലും അങ്ങനെ ചെയ്യാറുണ്ടോ? താങ്കളുടെ അറിവില്‍ ആരെങ്കിലും അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ടോ?

   ഇവിടെ എഴുതുന്ന ആരെങ്കിലും വീട്ടില്‍ ചെല്ലുമ്പോള്‍ അവരുടെ ഭാര്യമാരും  കുട്ടികളും അവരെ ശ്രദ്ധിക്കാതെ സീരിയലുകള്‍ കണ്ടിരിക്കുന്നുണ്ടോ?

   Delete
  3. >>>ഗൾഫിൽ പോയ ഭർത്താക്കന്മാർ ഈ വക സംഗതികൾ വേണ്ടെന്ന് വച്ചതല്ല. പോയത് കൊണ്ട് വേണ്ടെന്ന് വെക്കേണ്ടി വന്നു എന്നതാണ് യാദാർത്ഥ്യം. അത് വെറുതെ ഒരു തമാശക്കല്ല തനിക്കും കുടുംബത്തിനും ജീവിക്കാൻ വേണ്ടിയാണ്. അയാളും കുടുംബവും അവർക്കിഷ്ടപ്പെട്ടത്‌ ത്യജിക്കുകയാണ് ചെയ്തത്. അതിൽ യാതൊരു സ്വാർഥതയും ഇല്ല.<<<<

   ഞാന്‍ വള്ളി എഴുതിയതിനോട് പ്രതികരിച്ചതണു മലക്കെ. വള്ളി ഭാവനയില്‍ നിന്നും ഗോസിപ്പെഴുതിയതിനോട് പ്രതികരിച്ചതാണ്.

   എനിക്കറിയാവുന്ന 99% ഗള്‍ഫ് ഭര്‍ത്താക്കന്‍ മാരുടെയും ഭാര്യമാര്‍  ഫോണ്‍ വിളിക്ക് വേണ്ടി കാത്തിരിക്കുന്നവരാണ്,. മലപ്പുറം ജിലയില്‍  ഒരു പക്ഷെ 99% ഇതുപോലെ കാത്തിരിക്കുന്നുണ്ടാകില്ല എന്നായിരിക്കും വള്ളി പറയാന്‍ ഉദ്ദേശിക്കുന്നത്. എങ്കില്‍ ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണത് പറയുന്നതെന്ന് വള്ളി വ്യക്തമാക്കണം.

   ഏതെങ്കിലും  ഭാര്യ സീരിയലു കാണാന്‍  വേണ്ടി ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ ഫോണ്‍ കട്ട് ചെയ്യുന്നു എങ്കില്‍ ആ ഭര്‍ത്താവ് ഉടനെ തിരിച്ച് പോരണമെന്നാണെന്റെ അഭിപ്രായം. അങ്ങനെ ഒന്നുണ്ടാകില്ല എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ഏതെങ്കിലും ഒരാള്‍ അതിശയോക്തിപരമായി പറഞ്ഞ ഒരു കാര്യം ഒരു പോസ്റ്റെഴുതാന്‍ വള്ളി പര്‍വതീകരിക്കുന്നു. എന്നിട്ട് അതാണു എല്ലാ ഭര്‍ത്താക്കന്‍ മാരുടെയും അവസ്ഥ എന്ന ഭാവന സൃഷ്ടിച്ചെടുക്കുന്നു. വേറെ കുറച്ചു പേര്‍  അതിനു കുഴലൂത്ത് നടത്തുന്നു. ഞാന്‍ അതിനെ കളിയാക്കിയതാണ്. ഇവരുടെയൊക്കെ വീടുകളിലെ അവസ്ഥ ഇതണെങ്കില്‍  ഇവരൊന്നും കുടുംബനാഥന്‍ എന്ന പേരിനര്‍ഹരുമല്ല.

   തനിക്കും കുടുംബത്തിനും വേണ്ടി ഇഷ്ടപ്പെട്ടത്‌ ത്യജിച്ച് ത്യാഗം സഹിക്കുന്ന ഭര്‍ത്താവിന്റെ ഫോണ്‍ വിളി ഒരു സീരിയലിന്റെ കാരണം  പറഞ്ഞ് കട്ട് ചെയ്യുന്നു എങ്കില്‍ ആ സ്ത്രീക്ക് അയാളുടെ ഭാര്യ ആയിരിക്കാന്‍ അര്‍ഹത ഇല്ല. അതിനു വെറുതെ സീരിയലിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

   സീരിയലും സിനിമയുമൊക്കെ വെറും നേരമ്പോക്കാണ്. അത് ജീവിതത്തെ ബാധിക്കുന്നതാണെന്നതൊക്കെ വള്ളിയും അദ്ദേഹത്തിന്റെ കുഴലൂത്തുകാരും  കൂടേ നടത്തുന്ന പ്രചാരണമാണ്. വസ്ത്രധാരണമാണ്, ബലാല്‍ സംഗത്തിന്റെ കാരണമെന്നു പ്രചരിപ്പിക്കുന്നതുപോലെ.

   Delete
 27. >>>>കരച്ചിൽ പോലെ തന്നെ സ്ത്രീകളുടെ മറ്റൊരു വീക്നെസ് സാരിയും ഡിസൈനർ വസ്ത്രങ്ങളുമാണ്. കണ്ണ് മഞ്ഞളിക്കുന്ന വസ്ത്രങ്ങളുടുത്തു ഫാഷൻ പരേഡിലെന്ന പോലെ സ്ത്രീകൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ തന്നെ ഒരുമാതിരി സ്ത്രീകളൊന്നും ചാനൽ മാറ്റില്ല. കഥയിലോ സിറ്റുവേഷനിലോ ശ്രദ്ധയില്ലെങ്കിലും ആ സാരിയുടെ പളപളപ്പിൽ അരമണിക്കൂർ പോകുന്നതറിയില്ല. <<<<

  ഇതിനൊരു പോം വഴിയേ ഉള്ളു. എല്ലാ നടിമാര്‍ക്കും പര്‍ദ്ദ നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടു വരിക. ഇസ്ലാമിക ലോകത്തെ നടികളൊക്കെ ഒരേ വേഷമാണല്ലോ ധരിക്കുന്നത്. അതുപോലെ ആയാല്‍ വള്ളിക്ക് സന്തോഷമാകും.

  യൂസഫ് അലിയുടെ ലുലു മാളില്‍ സ്ത്രീക്കോലങ്ങളെ വിവിധ തരം സാരികള്‍ ധരിപ്പിച്ചു നിറുത്തി പരസ്യം ചെയ്യുന്നു. സീരിയലുകളില്‍ കഥാപാത്രങ്ങളെ ഇതുപോലെ സാരി ധരിപ്പിച്ച് പരസ്യം ചെയ്യുന്നു. സാരി ഉടുക്കുന്നവര്‍ ഇതൊക്കെ കണ്ടോട്ടെ വള്ളി. പര്‍ദ്ദ ധരിക്കുന്നവര്‍ക്ക് കാണാന്‍ മീഡിയ വണ്‍ പോലെ പത്തര മാറ്റുള്ള ചാനലുകളുണ്ട്. ജമായത്തുകാരല്ലാത്ത ആരെങ്കിലും ഇതൊക്കെ കാണുന്നുണ്ടോ എന്തോ.

  പര്‍ദ്ദ ധരിക്കുന്നവരും അതിന്റെ മഹത്വം കൊട്ടിപ്പാടുന്നവരും ഒക്കെ ഈ സാരിയുടെ പളപളപ്പില്‍ വീഴുന്നുണ്ടെന്നാണോ വള്ളി പറഞ്ഞു വരുന്നത്? അപ്പോള്‍ സാരി ശരീരം മറയ്ക്കുന്ന വസ്ത്രം തന്നെയാണെന്ന് വള്ളിക്കെങ്കിലും മനസിലായല്ലൊ.

  ReplyDelete
 28. >>>>ഈ കണ്ണീർ / സാരി വിപണന തന്ത്രം എല്ലാ ചാനലുകളും പരീക്ഷിക്കുമ്പോൾ ഏത് കാണണമെന്ന കണ്ഫ്യൂഷൻ സ്വാഭാവികം. ബ്രേക്കിംഗ് ടൈമിൽ ചാനൽ മാറി മാറി കണ്ടുകൊണ്ടിരിക്കാം. മുടിഞ്ഞ ബിസിയാകുമെന്നർത്ഥം. ഇതിനിടയിൽ കരയുന്ന കുഞ്ഞോ, സ്കൂളിൽ നിന്നെത്തിയ മകനോ പ്രിയോറിറ്റി ലിസ്റ്റിൽ നിന്ന് പുറംതള്ളപ്പെടുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭർത്താവിന്റെ കാര്യം പിന്നെ പറയാനുണ്ടോ? <<<<

  സ്ത്രീകള്‍ മാത്രമാണു സീരിയലുകള്‍ കാണുന്നതെന്ന വിവരക്കേട് എവിടന്നു കിട്ടിയതാണ്. കരയുന്ന കുഞ്ഞിനെയോ, സ്കൂളിൽ നിന്നെത്തിയ മകനെയോ, ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭർത്താവിനെയോ ശ്രദ്ധിക്കാതെ ഭാര്യമാര്‍ സേരിയലുകള്‍ കാണുന്നു എന്ന് സ്വന്തം അനുഭവത്തില്‍ നിന്നാണോ താങ്കള്‍ പറയുന്നത്? ഇവിടെ എഴുതുന്ന എത്ര പേരുടെ കുടുംബങ്ങളില്‍ ഇതൊക്കെ നടക്കുന്നുണ്ട് എന്നൊന്നു പറയാമോ?

  ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ എടുത്ത് കാട്ടി ഭാവനയും കൂട്ടി ചേര്‍ത്ത് പ്രചരിപ്പിക്കുന്ന വള്ളിയുടെ പത്രപ്രവര്‍ത്തനം കഷ്ടമെന്നേ പറയാന്‍ പറ്റൂ. മലപ്പുറം ജില്ലയിലെ മുസ്ലിം സ്ത്രീകളുടെ ഇടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ലേഖിക ചിലതൊക്കെ പറഞ്ഞതിനെ പുലഭ്യം പറഞ്ഞ താങ്കള്‍ എവിടെ നടത്തിയ പഠനത്തിന്റെ അടിസ്ഥനത്തിലാണിതുപോലെ നുണകള്‍ എഴുതി വിടുന്നത്? മലപ്പുറം ജില്ലയിലാണോ? അതോ ഗല്‍ഫുകാരുടെ ഇടയിലാണോ?

  സ്ത്രീ ജോലി ചെയ്യേണ്ട. അവരെ വീടിനുള്ളില്‍ തളച്ചിട്ടാല്‍ മതി എന്നു കരുതുന്ന മന്തന്‍മാരുടെ ഭാര്യമാര്‍ക്ക് ഇതുപോലെ കണ്‍ഫ്യൂഷന്‍ ഉണ്ടാകും. ഇതുപോലെ നരകിക്കുന്ന കുറച്ചു പേരെ ചൂണ്ടിക്കാട്ടി ഇതാണു കേരളത്തിലെ സ്ത്രീ എന്നൊക്കെ പ്രചരിപ്പിക്കുന്ന വള്ളിയേപ്പോലുള്ളവര്‍ക്ക് സാരമായ എന്തോ തകരാറുണ്ട്. ഗള്‍ഫുകാരുടെ ഭാര്യമാരെ വച്ച് കേരളത്തിലെ മറ്റ് സ്ത്രീകളെ അളക്കാന്‍ ശ്രമിക്കരുത്.

  ഇന്നത്തെ പുരോഗതി പ്രാപിച്ച ശരാശരി കുടുംബങ്ങളിലും, സമ്പന്ന കുടുംബങ്ങളില്‍ പോലും പുരുഷനൊപ്പം സ്ത്രീയും ജോലി ചെയ്യുന്നവരാണ്. വീട്ടിനുള്ളില്‍ ഇരിക്കുന്നവര്‍ പ്രായമായ അച്ഛനമ്മരായിരിക്കും. അവര്‍ സീരിയലുകള്‍ കണ്ടാലുമിലെങ്കിലും പ്രത്യേകിച്ചൊന്നും വരാനില്ല. ജോലി ചെയ്ത് ക്ഷീണിച്ചു വരുന്ന ഭര്‍ത്താവും ഭാര്യയുമൊക്കെ ഒരുമിച്ചിരുന്നാണ്, ഇതുപോലെയുള്ള സീരിയലുകല്‍ കാണുന്നത്. കുട്ടികള്‍ സ്കൂളില്‍ നിന്നും വരുമ്പോള്‍ ഉത്തരവാദിത്തബോധമുള്ള ഒരച്ഛനുമമ്മയും അവരെ സീരിയലുകള്‍ കാണാന്‍ വിടില്ല. അവരെ പഠിക്കാനും റ്റ്യൂഷനുമൊക്കെ വിടുന്നു. അവധി ദിവസങ്ങളില്‍ അവര്‍ ഒരു പക്ഷെ ഇതില്‍ ചിലതൊക്കെ കണ്ടേക്കും.

  ReplyDelete
  Replies
  1. അങ്ങനെ പലരും പലതും പറയും .. നീ സീരിയൽ കണ്ടോടാ മുത്തെ ...

   സ്ത്രീകൾക്ക് മാത്രമുള്ളതല്ല സീരിയൽ .. ഞങ്ങൾ പുരുഷന്മാരും കാണും .. കരയും .. സാരി വാങ്ങും .. അതൊക്കെ എന്റെയും കാളിയുടെയും അവകാശമാണ് ..അതൊക്കെ ചോദിക്കാൻ ബഷീർ ആരാ ???

   നിങ്ങൾ ചിലപ്പോ എന്നെയും കാളിയെയും "ചാന്ത്പൊട്ട്" എന്നൊക്കെ വിളിക്കും, എന്ന് കരുതി ഞങ്ങൾ സീരിയൽ കാണാതിരിക്കില്ല ..ഓർത്തോ ...

   Delete
 29. >>>>>വർദ്ധിച്ചു വരുന്ന സ്ത്രീ പീഢനങ്ങളിലും ലൈംഗിക കുറ്റകൃത്യങ്ങളിലും അസ്വസ്ഥപ്പെടുന്നവർ പരോക്ഷമായി അത്തരം സംഭവങ്ങൾക്ക് പ്രചോദനവും സ്വാധീനവും സൃഷ്ടിക്കുന്ന മാധ്യമ ഷോകളെക്കുറിച്ച് മൗനികളാകുന്നതു എത്രമാത്രം പരിതാപകരമാണ്. <<<<<

  കുഞ്ഞാലിക്കുട്ടിയും പി ജെ കുര്യനും സ്ത്രീപീഢനം നടത്തിയത് ഏത് മാധ്യമ ഷോ കണ്ടിട്ടായിരുന്നു?

  ReplyDelete
  Replies
  1. സിസ്റ്റർ അഭയയെ അച്ചന്മാർ ചേർന്ന് പീഡിപ്പിച് കൊന്നത് സീരിയൽ കണ്ടിട്ടാണോ ?? സീരിയൽ കാണാതെ തന്നെ എത്രയോ അച്ചന്മാർ എത്രയോ കന്യാസ്ത്രീകളെ പീടിപ്പിചിരിക്കുന്നു ...

   k p ഉമ്മർ ഷീലയെ പീടിപ്പിച്ചത് സീരിയൽ കണ്ടിട്ടാണോ ..
   ഇതൊക്കെ അങ്ങ് ചോദിക്ക് കാളിച്ചായാ ...

   Delete
  2. kalla samimar bhakthakale peedippikkunnathu serial kandittano

   Delete
  3. Mr. Vallikkunnu... you should delete such comments

   Delete
  4. Madrasakalil penkuttikalum aankuttikalum prakruthi virudha nadapadikku videyamakunnathu serial kandittano... the reason is something else.

   Delete
 30. nalla nadappinu shikshichathu polundu.

  ReplyDelete
 31. Good post basheer, well studied observations.
  കരച്ചില്‍ പോലെ തന്നെ സ്ത്രീകളുടെ മറ്റൊരു വീക്നെസ് സാരിയും ഡിസൈനര്‍ വസ്ത്രങ്ങളുമാണ്. Pls dont label all women in this category:)

  ReplyDelete
 32. വള്ളിക്കുന്ന് കാലം കഴിയുംതോറും കൂടുതൽ പഴഞ്ചൻ ആവുന്നുണ്ടോ എന്ന് സംശയിക്കുന്നു.സ്വന്തം ടി വി യുടെ റിമോട്ട് സ്വന്തം കയ്യില ഉള്ള കാലത്തോളം എന്ത് കാണണം എന്ത് കാണേണ്ട എന്ന് തീരുമാനിക്കുവാൻ സ്വയം കഴിയുന്നിടത്തോളം,ഇങ്ങിനെ ചാനലുകൾ സീരിയൽ കാണിക്കുന്നതിനെ കുറിച്ച് പരാതിപെടുന്നതിൽ കാര്യമില്ല.എന്റെ ഭാര്യ സീരിയൽ കാണുന്നില്ല,അതവളുടെ ഇഷ്ടം, തീരുമാനം.എന്ന് കരുതി അയൽപക്കത്തെ ചേച്ചി സീരിയൽ കാണുന്നത് തെറ്റാണെന്നോ അത് കാണിക്കുന്ന ചാനൽ തെണ്ടിത്തരമാണ് ചെയ്യുന്നതെന്നോ എനിക്ക് അഭിപ്രായം ഇല്ല.അത് പോലെ തന്നെ പണ്ട് കാരണവന്മാർ കഞ്ഞിയും പയറും കഴിച്ചെന്നു കരുതി ഇന്നത്തെ തലമുറ ചില്ലി ചിക്കനും ഫ്രൈഡ് റൈസും കഴിക്കരുതെന്ന് പറയുവാൻ ഒക്കുമോ?കാലവും ജീവിത സാഹചര്യവും മാറുന്നതിനു അനുസരിച്ച് കുട്ടികളുടെ അഭിരുചികളും മാറും.പുഴയിലും കുളത്തിലും ചാടി മറിഞ്ഞു രസിച്ചിരുന്ന തലമുറ മാറി ഇന്ന് എക്സ്ബോക്സിലും പ്ലെസ്റെഷനിലും ഐപാടിലും കളിക്കുന്ന കുട്ടികൾ ആണുള്ളത്.എന്ന് കരുതി ആവരുതെ ജീവിതം കട്ടപൊക എന്ന് പറയുവാൻ കഴിയില്ല.അത് കൂടാതെ മിടുക്കി പരിപാടിയിൽ തൊലി കറുത്ത ശാരിരിക വടിവോ ഇല്ലാത്ത കുട്ടികളും ഉണ്ട്.അത് കൊണ്ട് ആകെ മൊത്തം ടോട്ടൽ ഗുലുമാൽ ആണെന്ന രീതിയിൽ കാടടച്ചു ഭായി വെടി വെക്കരുത്.

  ReplyDelete
  Replies
  1. @പുഴയിലും കുളത്തിലും ചാടി മറിഞ്ഞു രസിച്ചിരുന്ന തലമുറ മാറി ഇന്ന് എക്സ്ബോക്സിലും പ്ലെസ്റെഷനിലും ഐപാടിലും കളിക്കുന്ന കുട്ടികൾ ആണുള്ളത്.എന്ന് കരുതി ആവരുതെ ജീവിതം കട്ടപൊക എന്ന് പറയുവാൻ കഴിയില്ല.

   കുട്ടികളെ ശ്രദ്ധിക്കണം. കാരണം അവർ കാണുന്നത് അനുകരിക്കാൻ ശ്രമിക്കും.

   Delete
 33. അന്നൊരു പര്ദ്ദയില് തുടങ്ങിയ ചാനല് വിമര്ശന ബാധ ബഷീറിനെവിട്ടുമാറിയിട്ടില്ലെന്നുതോന്നുന്നു ചാനല്മയം സര്വ്വം ചാനല് മയം

  ReplyDelete
 34. ആളുകൾ ഇൻറർനെറ്റിൽ ബ്ലോഗുകൾ വായിച്ചും അതിനു കമന്റ്‌ അടിച്ചും സമയം കളയുന്നതിനേകുറിച്ചും ഒരു ലേഖനം പ്രതീക്ഷിക്കാമോ?

  മലയാളികളുടെ ഒരു പൊതു സ്വഭാവം ആണ് ഇത്. വെറുതെ എല്ലാത്തിനെയും പറ്റി ആവലാതിപ്പെട്ടുകൊണ്ടിരിക്കും.

  Roy

  ReplyDelete
 35. പൂരുഷന്‍മാരും ഒടടും േമാശമലല

  ReplyDelete