എന്നെയൊന്ന് റേപ്പ് ചെയ്യൂ !!

Comment Box Closed
ഇത്രമാത്രം ലോകശ്രദ്ധയാകര്‍ഷിച്ച ഒരു സ്ത്രീ പീഢനമോ മാനഭംഗമോ സമീപകാല ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഓടുന്ന ബസ്സില്‍ വെച്ചു കൂട്ട മാനഭംഗത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്താവസ്ഥ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വന്‍ ജനകീയവികാരം ഉയര്‍ന്നു വരുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യന്‍ തലസ്ഥാന നഗരിയെ പ്രക്ഷുബ്ദമാക്കിക്കൊണ്ട് ബഹുജന സമരങ്ങള്‍ പുരോഗമിക്കുകയാണ്. ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന മനുഷ്യപ്പിശാചുക്കള്‍ക്ക് വധശിക്ഷ നല്‍കുന്നതടക്കമുള്ള അതിശക്തമായ നിയമ നിര്‍മാണത്തെക്കുറിച്ച് ഇന്ത്യന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാന്‍ പോവുന്നു. വധശിക്ഷ നല്‍കേണ്ടതില്ല, പീഢന വീരന്മാരുടെ 'തുപ്പാക്കി' മുറിച്ചു കളഞ്ഞാല്‍ മതിയെന്ന അഭിപ്രായം വി ആര്‍ കൃഷ്ണയ്യര്‍ അടക്കമുള്ള പ്രമുഖര്‍ പരസ്യമായി പറയുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ മുമ്പെങ്ങുമില്ലാത്ത വിധം ഒരു പൊതുവികാരം രൂപപ്പെട്ടു വരികയാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിത ദുരന്തം സമൂഹ മനസ്സാക്ഷിയുടെ കണ്ണ് തുറപ്പിക്കാന്‍ കാരണമാകുമെങ്കില്‍ അത്രയെങ്കിലും നല്ലത് എന്നേ പറയാനൊക്കൂ.

പ്രക്ഷോഭങ്ങള്‍ അതിന്റെ മുറയ്ക്ക് നടക്കട്ടെ. നമുക്കതിനു എല്ലാ പിന്തുണയും കൊടുക്കാം. നിയമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമായി ഇത്തരം മനുഷ്യപ്പിശാചുക്കള്‍ക്കെതിരെയുള്ള നിയമനടപടികളുമായി മുന്നോട്ട് വരട്ടെ. അതോടൊപ്പം മറ്റു ചില ക്രിയാത്മക ചിന്തകളും സമീപനങ്ങളും കൂടി ഈ സംഭവ പരമ്പരകള്‍ ഉയര്‍ത്തി വിടേണ്ടതുണ്ട്. വിജനമായ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും ഏതാനും മനുഷ്യമൃഗങ്ങള്‍ ചെയ്തുകൂട്ടുന്ന ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് സര്‍ക്കാറുകളെയും പോലീസ് സംവിധാനങ്ങളെയും മാത്രം പഴി പറഞ്ഞു കൊണ്ട് നമുക്ക് എത്ര കാലം മുന്നോട്ടു പോകാന്‍ പറ്റും. ഇത്തരം ഭീതിതമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്ന സാംസ്കാരിക ചുറ്റുപാടുകളെയും ജീവിത ശൈലികളെയും നമുക്ക് പാടേ അവഗണിക്കാന്‍ കഴിയില്ല. അവയ്ക്കും  തുല്യമായ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്തിടത്തോളം കാലം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിച്ചെന്നിരിക്കും. സര്‍ക്കാരുകള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും മാത്രമല്ല, വ്യക്തി തലത്തിലും കുടുംബതലത്തിലും ഓരോരുത്തര്‍ക്കും ചില ഉത്തരവാദിത്വങ്ങള്‍ ഇല്ലേ. സ്വയം മാറുവാനും വീടും കുടുംബവുമടങ്ങുന്ന പരിമിത വൃത്തത്തിലെങ്കിലും - ഏറ്റവും ചുരുങ്ങിയത് സ്വന്തം മക്കളിലെങ്കിലും - ചില മാറ്റങ്ങള്‍ വരുത്തുവാനും എളിയ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതല്ലേ. 'ലോകത്തെ മാറ്റിമറിക്കുന്ന കാര്യം എല്ലാവരും ചിന്തിച്ചു തലപുകയ്ക്കുന്നു, എന്നാല്‍ സ്വയം  മാറുന്നതിനെക്കുറിച്ച്‌ ആരും ചിന്തിക്കുന്നില്ല' (Everyone thinks of changing the world, but no one thinks of changing himself) എന്ന ലിയോ ടോള്‍സ്റ്റോയിയുടെ അതിപ്രസിദ്ധമായ വാചകമാണ് ഓര്‍മയിലെത്തുന്നത്.

നമ്മുടെ മിക്ക സിനിമകളും പരസ്യങ്ങളും ചുമര്‍ചിത്രങ്ങളും സ്ത്രീകളെ പ്രദര്‍ശന വസ്തുക്കളായിട്ടാണ് അവതരിപ്പിക്കുന്നത്‌. ദൃശ്യ മാധ്യമങ്ങളുടെ ഓരോ ഫ്രെയിമിലും സ്ത്രീശരീരം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുണ്ട്. ആഭാസകരമായ ചുവടുകളും താളങ്ങളും നൃത്തങ്ങളും വാര്‍ത്താ ചാനലുകളില്‍ പോലും നിറഞ്ഞു നില്‍ക്കുകയാണ്. മാനുഷികമായ വികാരങ്ങളെ ഇക്കിളിപ്പെടുത്തി ഒരു 'ഞരമ്പ്‌രോഗ വ്യവസായം' സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളാണ് എവിടെയും കാണുന്നത്. സിനിമാ നടികളുടെ സ്വാഭാവിക പ്രസവം വരെ എങ്ങിനെ ചിത്രീകരിച്ചു ഹിറ്റാക്കാമെന്നതാണ് സിനിമാ ലോകത്ത് നടക്കുന്ന ലേറ്റസ്റ്റ് പരീക്ഷണങ്ങള്‍. 'ബോള്‍ഡ് സെക്സും' അനുബന്ധ ആഭാസത്തരങ്ങളും കുത്തിനിറച്ച ന്യൂ ജനറേഷന്‍ ഉരുപ്പടികളും വേണ്ടത്ര വിറ്റഴിക്കപ്പെടുന്നു. മദ്യത്തിന്റേയും മയക്കുമരുന്നുകളുടെയും കാര്യം പറയുകയും വേണ്ട.  ആര്‍ക്കും പരിഭവമോ പരാതിയോ ഇല്ല. സെന്‍സറിന്റെ കത്രികകളുമില്ല. ഇവക്കെതിരെ അല്പമെങ്കിലും പ്രതികരിക്കുന്നവരെയൊക്കെ സദാചാര വാദികളെന്ന് പരിഹസിച്ച് പുച്ഛിക്കുവാനും ആളുകളേറെ. എന്നാല്‍ ഇതൊക്കെ കണ്ടും കേട്ടും സമനില തെറ്റുന്ന യുവത്വം ഞരമ്പ്‌ രോഗത്തിന്റെ അങ്ങേത്തലക്കല്‍ എത്തുമ്പോള്‍ മാത്രം തെരുവില്‍ പ്രകടനം നടത്തിയിട്ട് എന്ത് ഫലം?.  ഇത്തരം പ്രകടനങ്ങളും പ്രതിഷേധങ്ങളും പെട്ടെന്ന് കെട്ടടങ്ങും. പക്ഷെ ഞരമ്പുകളെ സൃഷ്ടിക്കുന്ന സാമൂഹിക ചുറ്റുപാടുകള്‍ അനുസ്യൂതമായി തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നോര്‍ക്കുക.

ടൈറ്റിലില്‍ ചെറിയ മാറ്റത്തോടെ .. in
Malayalam News 25 Dec 2012

'എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ വരരുത്, മാന്യമായി പെരുമാറുവാന്‍ നിങ്ങളുടെ മക്കളെ പഠിപ്പിക്കുക' എന്നതാണ് പ്രക്ഷോഭകരുടെ പ്ലക്കാര്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാചകം. ആ വാചകം ഉയര്‍ത്തുന്ന സ്വാഭാവിക വികാരത്തെ ഉള്‍കൊള്ളുന്നു. അതിനെ മാനിക്കുകയും ചെയ്യുന്നു. അതോടൊപ്പം സ്ത്രീ സമൂഹത്തോട് ഒരഭ്യര്‍ത്ഥനയുണ്ട്. വസ്ത്ര ധാരണത്തില്‍ അല്പം മാന്യത പുലർത്തുന്നത് കൊണ്ട് ദോഷമൊന്നും വരാനില്ല. ഒരു തിന്മയും പെട്ടെന്നൊരു നിമിഷത്തില്‍ പൊട്ടിപ്പിറക്കുന്നതല്ല. എത് തിന്മയും അതിലേക്കു നയിക്കപ്പെടുന്ന ചില സാഹചര്യങ്ങളുടെ കൂടി സൃഷ്ടിയാണ്. അവയെക്കൂടി തിരിച്ചറിയുന്ന ഒരു സാമൂഹ്യ സംസ്കാരം വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ നിങ്ങളുടെ കൂടി പങ്കുണ്ടാവണം. ഞങ്ങള്‍ എങ്ങിനെയും നടക്കും, പക്ഷെ നിങ്ങള്‍ മര്യാദക്ക് നടന്നേ തീരൂ എന്ന് പറയുന്നിടത്ത് അല്പം ചില പന്തികേടുകളുണ്ട് എന്ന് മാത്രം പറയട്ടെ.  സമൂഹത്തില്‍ കള്ളന്മാരുണ്ട്‌ എന്ന് തിരിച്ചറിയുന്നത്‌ കൊണ്ടാണ് കിടന്നുറങ്ങുമ്പോള്‍ വാതില്‍ കുറ്റിയിടാന്‍ നാം മറന്നു പോകാത്തത്. കള്ളന്മാരേ നിങ്ങള്‍ നല്ല മനുഷ്യരാവൂ ഞങ്ങള്‍ വാതില്‍ തുറന്നിടാം എന്ന് പറയുന്നത് വിവരക്കേടാണ്. കള്ളന്മാരെ കൂടുതല്‍ പ്രലോഭിപ്പിക്കുന്ന സമീപനമാവുമത്. അത്തരം സമീപനങ്ങള്‍ ഉണ്ടാവാതിരിക്കുക എന്നതും കള്ളന്മാരെക്കെതിരെയുള്ള ശിക്ഷാ നടപടികളോളം തന്നെ പ്രധാനമാണ്. തങ്ങള്‍ പ്രദര്‍ശന വസ്തുക്കളല്ല എന്ന് ആദ്യം തിരിച്ചറിയേണ്ടതും സ്വയം പ്രദര്‍ശന വസ്തുക്കളാകാതിരിക്കാന്‍ ശ്രമിക്കേണ്ടതും സ്ത്രീകള്‍ തന്നെയാണ്.

പ്രതിഷേധ ജ്വാലകള്‍ക്കിടയില്‍ മുംബെയില്‍ നിന്നുള്ള ഒരു വാര്‍ത്തയും ചിത്രങ്ങളും ശ്രദ്ധയിലുടക്കി. മുംബൈയിലെ ചില മോഡലുകള്‍ ഡല്‍ഹി പീഢനത്തിനെതിരെ പ്രതികരിക്കുന്നതിനു വേണ്ടി ഒരു ഫോട്ടോ ഷൂട്ട്‌ നടത്തി. ബിക്കിനി മാത്രം ധരിച്ചാണ് ഫോട്ടോ ഷൂട്ട്‌.. കാമോദ്ധീപകമായ വ്യത്യസ്ത പോസുകളില്‍ അവര്‍ ക്യാമറകള്‍ക്ക് വിരുന്നേകി. 'സ്റ്റോപ്പ്‌ റേപ്പ്' എന്ന് ശരീരത്തില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി വെച്ചിട്ടുണ്ട്. ശരീരത്തിന്റെ നഗ്നമായ വടിവുകള്‍ക്കിടയില്‍ വളരെ പ്രയാസപ്പെട്ടാണ് ആ അക്ഷരങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്. ഒട്ടും സംശയമില്ലാതെ പറയാം 'സ്റ്റോപ്പ്‌ റേപ്പ്' എന്നല്ല 'പ്ലീസ് റേപ്പ് മി' എന്നാണ് ഇത്തരം പേക്കൂത്തുകള്‍ വിളിച്ചു പറയുന്നത്!! (ആ ഫോട്ടോ ഇവിടെ നല്‍കി ഹിറ്റ് കൂട്ടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല).

ഡല്‍ഹിയിലെ പാവം പെണ്‍കുട്ടി നേരിടേണ്ടി വന്ന അതിദാരുണമായ പീഢനങ്ങളോട്‌ ഏതെങ്കിലും തരത്തില്‍ ചേര്‍ത്തു പറയുകയാണ്‌ എന്ന് തെറ്റിദ്ധരിക്കരുത്. ആ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് തികച്ചും വ്യത്യസ്തമായ സാഹചര്യത്തെയാണ്. ഒരു ശതമാനം പോലും അവളതിന് കാരണക്കാരിയുമല്ല. പക്ഷെ ഇവിടെ സൂചിപ്പിച്ചത് നമ്മുടെ സാമൂഹ്യാവസ്ഥകളുടെ പരിസരത്ത് നിന്ന് കൊണ്ടുള്ള ചില സന്ദേഹങ്ങള്‍ മാത്രമാണ്. സമൂഹത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാവേണ്ടത് എല്ലാ തലത്തിലുമുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമാണ്. നൂറ്റി ഇരുപത്തിയഞ്ച് കോടി മനുഷ്യര്‍ക്ക്‌ വ്യക്തി തലത്തില്‍ ചെയ്യാന്‍ സാധിക്കുന്നതുമായി തട്ടിച്ചു നോക്കിയാല്‍ സര്‍ക്കാരുകള്‍ക്കും നിയമ സംവിധാനങ്ങള്‍ക്കും ചെയ്യാന്‍ സാധിക്കുന്നത് തുലോം വിരളമാണ്. സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനുള്ള പ്രക്ഷോഭങ്ങള്‍ ഒരു വഴിക്ക് നടക്കട്ടെ. അതോടൊപ്പം സ്വയം കണ്ണ് തുറക്കാനുള്ള ചില ശ്രമങ്ങള്‍ നാമോരുത്തരും നടത്തുകയും ചെയ്യുക. New Post എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!

Note : ഈ പോസ്റ്റിന്റെ കമന്റ് ബോക്സ് ക്ലോസ് ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് ഇതേ വിഷയത്തിന്റെ രണ്ടാം ഭാഗത്തില്‍ പ്രതികരിക്കാവുന്നതാണ്.

Recent Posts
ന്യൂസ് വീക്കും പൂട്ടുന്നു. മനോരമേ, ജാഗ്രതൈ!!
ജസിന്താ, നീ മരിച്ചാലെന്ത്? ഞങ്ങള്‍ക്ക് റേറ്റിംഗ് കൂട്ടണം  
മഅ്ദനിക്ക് മനുഷ്യാവകാശമുണ്ടോ? ഉണ്ടോ?

Related Posts
ബ്ലെസ്സീ, ബ്ലൂ സീ എന്ന് വിളിപ്പിക്കരുത്
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.
മീന കന്ദസ്വാമിയുടെ ആവിഷ്കാര സ്വാതന്ത്ര്യം