ഇതാണെടാ അവതാരക.. ഇവളാണെടാ പുലി !

വേറിട്ട പല വാർത്താ അവതാരകരെക്കുറിച്ചും ഈ ബ്ലോഗിൽ മുമ്പ് എഴുതിയിട്ടുണ്ട്. വാർത്താ വായനക്കിടയിൽ പൊട്ടിക്കരഞ്ഞ അവതാരകയും വാർത്ത വായിക്കുന്നതിനിടെ സ്റ്റുഡിയോവിലേക്ക് ഓടിക്കയറിയ മകളെക്കണ്ട് പതറാതെ വാർത്ത തുടർന്ന വായനക്കാരിയുമെല്ലാം അതിലുൾപ്പെടും. പതിനായിരക്കണക്കിന് വാർത്ത അവതാരകർക്കിടയിൽ ഏറെ ശ്രദ്ധേയയായ ഒരു ന്യൂസ് പ്രസന്ററെക്കുറിച്ചാണ് ഈ പോസ്റ്റ്‌. അബ്ബി മാർട്ടിൻ. പൊതുവേ സൗന്ദര്യം കൂടുതലുള്ളവർക്ക് ബുദ്ധി കുറയാറുണ്ട് :). അമേരിക്കക്കാരാണെങ്കിൽ പറയുകയും വേണ്ട. ഇവിടെ ബുദ്ധിയും സൗന്ദര്യവും നിരീക്ഷണ പാടവവും കട്ടക്ക് കട്ടക്ക് നിൽക്കുന്ന ഒരു മാധ്യമ പ്രവർത്തക. അതും ഒരമേരിക്കക്കാരി. കോർപറേറ്റ് മാധ്യമങ്ങളുടെ കൃത്യമായ അജണ്ടകൾക്കപ്പുറത്തേക്ക് വാർത്തയുടെ നേരിനേയും നെറിയേയും ഇഴകീറി അടർത്തിയെടുത്ത് പ്രേക്ഷകന് സമർപ്പിക്കാനുള്ള അനിതര സാധാരണമായ കഴിവുള്ള മാധ്യമ ലോകത്തെ വേറിട്ട ശബ്ദം..

ഗസ്സയിലെ ഇസ്രാഈൽ അതിക്രമങ്ങളെക്കുറിച്ചും അമേരിക്കയുടേയും അമേരിക്കൻ മാധ്യമങ്ങളുടെയും ഇരട്ടത്താപ്പിനെക്കുറിച്ചും കഴിഞ്ഞ ദിവസം വിശകലനം ചെയ്യുന്നതിനിടെയാണ്  സ്ക്രീനിൽ തെളിഞ്ഞ വെടിയേറ്റ്‌ കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കി വികാരപരവശയായ അബ്ബി പ്രതികരണത്തിന്റെ പൊട്ടിത്തെറി നടത്തി ക്യാമറ ആംഗിളിൽ നിന്ന് തെന്നി പുറത്തേക്ക് പോയത്. ഈ പ്രതികരണം എല്ലാ അർത്ഥത്തിലും 'വൈറലായി' എന്ന് പറയാം. ലക്ഷക്കിനാളുകൾ ട്വീറ്റ് ചെയ്തും  ഷെയർ ചെയ്തും ഈ തത്സമയ പ്രതികരണത്തെ സോഷ്യൽ മീഡിയയിലും ചർച്ചാ വേദികളിലും ജ്വലിപ്പിച്ചു നിർത്തി. വിവിധ ഭാഷകളിലേക്ക് അബ്ബിയുടെ വാക്കുകൾ തർജമ ചെയ്യപ്പെട്ടു. ഫലസ്തീനിലും അറേബ്യൻ നാടുകളിലും അബ്ബിയുടെ 'ബ്രേക്കിംഗ് ദ സെറ്റിന്' ആരാധകരേറി. അബ്ബിയുടെ പ്രതികരണം കണ്ട ശേഷം ബാക്കി പറയാം.


ഫലസ്തീൻ ഇസ്രാഈൽ പ്രശ്നത്തെക്കുറിച്ചോ അതിപ്പോൾ എത്തിപ്പെട്ടിരിക്കുന്ന ദുരന്ത ചിത്രങ്ങളെക്കുറിച്ചോ ഈ പോസ്റ്റിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. (അത്തരം ചർച്ചകൾ മുമ്പ് പല തവണ ഈ ബ്ലോഗിൽ നടത്തിയിട്ടുണ്ട്). മറിച്ച് കോർപറേറ്റ് മാധ്യമങ്ങളുടെ അജണ്ടകൾ കൃത്യമായി നടപ്പിലാക്കുന്ന ഒരേ തൂവൽ പക്ഷികൾക്കിടയിൽ നിന്ന് വേറിട്ട്‌ പറക്കുന്ന ചില പക്ഷികളെക്കാണുമ്പോഴുള്ള സന്തോഷം പങ്ക് വെക്കുക മാത്രമാണ്.  അബ്ബി മാർട്ടിൻ മാധ്യമ പോകത്ത് ഒരു പുതുമുഖമല്ല. ബി ബി സി കഴിഞ്ഞാൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ പ്രേക്ഷരുള്ള വിദേശ ചാനലായ ആർ ടി അമേരിക്കയുടെ താരപരിവേശമുള്ള അവതാരകയാണവർ. ഏതാണ്ട് രണ്ട് വർഷത്തോളമായി വേറിട്ട വാർത്താ വിശകലനങ്ങളുമായി അമേരിക്കൻ പ്രേക്ഷകരുടെ ഇടയിൽ ദിവസവും അബ്ബി മാർട്ടിൻ എത്തുന്നുണ്ട്. കോർപറേറ്റ് മാധ്യമങ്ങളുടെ മനുഷ്യ വിരുദ്ധ നിലപാടുകൾക്കെതിരെ സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി Media Roots എന്ന പേരിൽ സിറ്റിസണ്‍ ജേർണലിസ്റ്റുകൾക്കായി ഒരു സമാന്തര മീഡിയ പ്രോജക്റ്റും അവരുടെ കീഴിൽ നടക്കുന്നുണ്ട്.

2012 സെപ്റ്റംബറിൽ 'ബ്രേക്കിംഗ് ദ സെറ്റ്' ആരംഭിക്കുമ്പോൾ അതിന്റെ ആദ്യ പ്രോമോയായി പുറത്തിറങ്ങിയ ഫൂട്ടേജ് സി എൻ എൻ ട്യൂണ്‍ ചെയ്ത ഒരു ടെലിവിഷൻ സെറ്റ് ഒരു ഹാമർ ഉപയോഗിച്ച് അബ്ബി മാർട്ടിൻ അടിച്ചു പൊളിക്കുന്നതാണ്. ഈ ഒരൊറ്റ ഫൂട്ടേജിൽ ആ വാർത്താ വിശകലന പരിപാടിയുടെ എല്ലാം അടങ്ങിയിട്ടുണ്ട്. അമേരിക്കൻ കോർപറേറ്റ് മാധ്യമങ്ങളും അവരുടെ തന്നെ ന്യൂസ് ഏജൻസികളും വിളമ്പുന്ന രസായനം സ്ഥിരമായി കുടിക്കുന്നവർക്ക് ഉണ്ടാകാവുന്ന രോഗത്തെ അതിവിദ്ഗമായി ചികിത്സിക്കുന്ന കുറിപ്പടിയാണ് അബ്ബിയുടെ 'ബ്രേക്കിംഗ് ദ സെറ്റ്'. വാർത്താ വിമർശനം, ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം എന്നൊക്കെപ്പറഞ്ഞാൽ എന്താണെന്നറിയാത്ത മാധ്യമ പ്രവർത്തകർക്ക് 'ബ്രേക്കിംഗ് ദ സെറ്റി'ന്റെ ഒന്നോ രണ്ടോ എപ്പിസോഡുകൾ കണ്ടാൽ അവയെക്കുറിച്ചൊക്കെ ഏതാണ്ടൊരു ധാരണ കിട്ടും.


ലോകത്തെ ഏറ്റവും ജന സാന്ദ്രത കൂടിയ പ്രദേശമാണ് ഗസ്സ. നാല്പത്തിയൊന്ന് കിലോമീറ്റർ നീളത്തിൽ ആറു മുതൽ പന്ത്രണ്ട് കിലോമീറ്റർ മാത്രം വരെ വീതിയിൽ മെഡിറ്ററേനിയൻ തീരത്തെ ഈ കൊച്ചു തുരുത്തിൽ ജീവിക്കുന്നത് പതിനെട്ട് ലക്ഷത്തോളം മനുഷ്യരാണ്. ഒരു കൊച്ചു ബോംബ്‌ എവിടെ വീണാൽ പോലും നിരവധി പേർ മരണമടയും വിധം ശ്വാസം മുട്ടി ജീവിക്കുന്ന ജനസാന്ദ്രത. അവിടെയാണ് അബ്ബി മാർട്ടിൻ പറയുന്ന പോലെ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ പോലും ഇസ്രാഈൽ പ്രയോഗിക്കുന്നത്. വാൾ സ്ട്രീറ്റ് ജേർണൽ, ലോസ് ആഞ്ചൽസ് ടൈംസ്, ന്യൂ യോർക്ക്‌ ടൈംസ് എന്നിവയുടെ ഇസ്രാഈൽ പക്ഷപാതിത്വത്തിന്റെ തലക്കെട്ടുകളിലൂടെ കടന്നു പോകുന്ന അബ്ബി യു എസ് ഭരണകൂടത്തിന്റെ സ്റ്റെനോഗ്രാഫർമാരായി മാധ്യമങ്ങൾ മാറുന്നതിന്റെ ദുരന്തമാണ് വിവരിക്കുന്നത്. ഗസ്സയിലെ ജനസാന്ദ്രമായ കെട്ടിടങ്ങൾക്ക് മുകളിൽ ഇസ്രാഈലി ബോംബറുകൾ അഗ്നിവർഷം ചൊറിയുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ്‌ 'എക്സ്ചേഞ്ച് ഓഫ് ഫയർ' എന്ന സുതാര്യ ലേബലിൽ വില്പനക്കെത്തുന്നത്. ഗസ്സയിൽ നിന്നും നിരന്തരം റോക്കറ്റുകൾ വിട്ടാൽ തിരിച്ചാക്രമിക്കുകയല്ലാതെ ഇസ്രാഈലിനു മറ്റെന്ത് വഴിയെന്ന് ചോദിക്കുന്ന വൈറ്റ് ഹൗസ് ഭാഷ്യങ്ങളുടെ ('റെസ്പോണ്‍സിബിൾ' ഡിഫൻസ്) പെരുമ്പറ മുഴക്കുന്ന സാമ്രാജ്യത്വ മാധ്യമങ്ങൾക്ക് പോലും ഗസ്സയിൽ നിന്നുള്ള റോക്കറ്റുകൾ വിതച്ച ദുരന്തങ്ങളുടെ ദൃശ്യങ്ങൾ കാണിക്കാനില്ല!. ഫലസ്തീനികൾക്ക് മുന്നിൽ രണ്ടേ രണ്ട് വഴികളാണ് ബാക്കിയുള്ളത് എന്ന് അബ്ബി പറയുന്നു. ഒന്നുകിൽ സമ്പൂർണമായി കീഴടങ്ങുക, അതല്ലെങ്കിൽ നീതി നിഷേധത്തെ പ്രതിരോധിക്കുക. അതാണിപ്പോൾ അവർ നടത്തിക്കൊണ്ടിരിക്കുന്നത്. അധിനിവേശ ശക്തികളുടെ 'ഇറെസ്പോണ്‍സിബിളിറ്റികൾ' തിരിച്ചറിയാൻ ഇനിയും എത്ര പേർ മരിച്ചു വീഴണം എന്ന് ചോദിച്ചാണ് അബ്ബി ക്യാമറക്ക്‌ പുറത്തേക്ക് നടന്നത്.

വാഷിങ്ങ്ടണിൽ ഒബാമയുടെ മൂക്കിന് താഴെ ഇരുന്നു കൊണ്ടാണ് അബ്ബി മാർട്ടിൻ സാമ്രാജ്യത്വ നിലപാടുകളുടെ തൊലിയുരിയുന്നത്. ആരോപണങ്ങളിലും കേസുകളിലും കുടുക്കി തന്നെ നിശ്ശബ്ദയാക്കാനുള്ള ശ്രമങ്ങളെ നിരന്തരം അതിജീവിച്ചു കൊണ്ടാണ് അവർ മുന്നോട്ട് പോകുന്നത്. റഷ്യൻ ചാനലിൽ ഇരുന്നു കൊണ്ട് തന്നെ റഷ്യൻ സർക്കാരിന്റെ അധിനിവേശ നയങ്ങളെ ശക്തമായി വിമർശിക്കാനും അവർ തന്റേടം കാണിച്ചിട്ടുണ്ട്. ബുദ്ധിയും ചിന്തയും കോർപറേറ്റുകൾക്ക് പണയം വെച്ചിട്ടില്ലാത്ത അബ്ബിയെപ്പോലുള്ള മാധ്യമ പ്രവർത്തകരാണ് ലോകത്തെങ്ങുമുള്ള അധിനിവേശ വിരുദ്ധ ചലനങ്ങൾക്ക് ഊർജ്വം പകരുന്നത്. പത്ര മുതലാളിമാരുടെ വാലാട്ടികളാകാതെ നിലപാടുകൾ സധൈര്യം തുറന്ന് പറയാനുള്ള ചങ്കൂറ്റം മാധ്യമ പ്രവർത്തകർ കാണിക്കുമെങ്കിൽ അവരുടെ വേറിട്ട ശബ്ദം കേൾക്കാൻ പ്രേക്ഷകരും വായനക്കാരും ഉണ്ടാകുമെന്നും അവർക്ക് അവസരമൊരുക്കാൻ സമാന്തര മാധ്യമങ്ങൾ വളർന്നു വരുമെന്നും നമ്മെ ഓർമപ്പെടുത്തുക കൂടിയാണ് അബ്ബി മാർട്ടിൻ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒട്ടും സംശയിക്കാതെ നമുക്ക് പറയാൻ പറ്റും. ഇതാണെടാ ജേർണലിസ്റ്റ്.. ഇങ്ങനെയാവണമെടാ ജേർണലിസ്റ്റ്.

Related Posts
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?
വാര്‍ത്തവായനക്കിടയില്‍ ഓടിയെത്തിയ മകള്‍. പതറാതെയമ്മ

Recent Posts
മാധ്യമപ്രവർത്തകരെ കുതിര കയറുന്നത് എന്ത് കൊണ്ട്?
'അൽ കഴുതകൾ' അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ