വാർത്തവായനക്കിടയിൽ ഓടിയെത്തിയ മകൾ. പതറാതെയമ്മ

ന്യൂസ്‌റൂമിൽ പല തമാശകളും നടക്കാറുണ്ട്. ലൈവായി എത്തുന്ന വാർത്താവായനക്കിടയിൽ കട്ടിംഗും എഡിറ്റിംഗുമില്ല.  റിഹേഴ്സലും സെക്കന്റ്‌ ടേയ്ക്കുമില്ല. വായിക്കുന്നത് ഒരു ട്രാഫിക്ക് ബ്ലോക്കിലും കുടുങ്ങാതെ ലൈവായങ്ങെത്തുകയാണ്. അതുകൊണ്ട് തന്നെ മറ്റ് ടെലിവിഷൻ പരിപാടികളിൽ നിന്ന് വ്യത്യസ്ഥമായി വാർത്തകൾക്കിടയിൽ ചില കുസൃതികളും തമാശകളും കാണുവാൻ പ്രേക്ഷകർക്ക്‌ അവസരം കിട്ടാറുണ്ട്. ലൈവ് ക്യാമറ ഓഫാണെന്ന് കരുതി വായനക്കാരി മുടി ചീകുന്നത്, ലിപ്സ്റ്റിക്ക് നേരെയാക്കുന്നത്, തൊട്ടടുത്ത അവതാരകനെ ശൃംഗാര ഭാവത്തോടെ തോണ്ടുന്നത് തുടങ്ങി പാട്ട് പാടി ഹാർമോണിയം വായിക്കുന്നത് വരെയുള്ള 'നിർദോഷമായ' തമാശകൾ നമ്മുടെ ഏഷ്യാനെറ്റ് മുതൽ ലോകപ്രശസ്തമായ ബി ബി സി വരെയുള്ള ചാനലുകളിൽ നാം കണ്ടിട്ടുണ്ട്. പക്ഷേ തിരക്കിട്ട് വാർത്ത വായിക്കുന്നതിനിടയിൽ സ്റ്റുഡിയോ റൂമിലേക്ക്‌ 'ദാ അമ്മേ ഫോണ്‍' എന്ന് പറഞ്ഞ് മകൾ ഓടിവന്നാലുള്ള അവസ്ഥയെന്തായിരിക്കും?. ഇങ്ങനെയൊരു സിറ്റുവേഷൻ വന്നാൽ ഒരുമാതിരിപ്പെട്ട വായനക്കാരികളൊക്കെ വിളറി വെളുക്കും. പക്ഷേ ലീന അലൂഷി ആ സിറ്റുവേഷൻ വളരെ കൂളായി കൈകാര്യം ചെയ്തു.

ലൈവായുള്ള വാർത്താവായന ഏറ്റവും ഏകാഗ്രത ആവശ്യമുള്ള പണിയാണ്. സ്ക്രീനിൽ നോക്കണം. ഡെസ്കിൽ നിന്നുള്ള സന്ദേശങ്ങൾക്ക് കാതോർക്കണം. റിപ്പോർട്ടർമാരുടെ നേരിട്ടുള്ള വിവരണങ്ങളും അതിനനുസൃതമായ പ്രതികരണങ്ങളും നടത്തണം. നേരത്തെ തയ്യാറാക്കിയ വാർത്തകൾക്കപ്പുറം ബ്രേക്കിംഗ് ന്യൂസുകൾ വന്നാൽ എല്ലാം മാറ്റിവെച്ച് അവയ്ക്ക് പിറകെ പോകണം. സാങ്കേതിക തകരാറുകൾ ഉണ്ടാകുമ്പോൾ പതറാതെ സന്ദർഭാനുസൃതമായി കൈകാര്യം ചെയ്യണം. ഏകാഗ്രത അല്പമൊന്ന് തെറ്റിയാൽ ആകെ കുളമാകും. ഒരു ചെറിയ അക്ഷരപ്പിശക് പോലും ഒരു വാർത്തയെ കൊന്നുകളയും. ഒരു ഏഷ്യാനെറ്റ്‌ വായനക്കാരി (പേര് പറയുന്നത് ശരിയല്ലല്ലോ) കുഞ്ഞിക്കണ്ണൻ എന്ന് പറഞ്ഞപ്പോൾ ഉകാരം സ്ഥലം മാറിവന്ന് പൊല്ലാപ്പായത് നാം കണ്ടതാണ്. ചുരുക്കത്തിൽ വിമർശിക്കാൻ എളുപ്പമാണ്. പക്ഷേ വാർത്ത വായിക്കാൻ എളുപ്പമല്ല.

ലീനയിലേക്ക് വരാം. മെഡി വണ്‍ ചാനലിലാണ് സംഭവം. മൊറോക്കൻ ടെലിവിഷൻ ചാനലാണിത്. ലീന വാർത്തവായിക്കുന്നതിനിടയിൽ പിറകിലൂടെ ഓടിയെത്തുന്ന മകൾ ഉമ്മയ്ക്ക് നേരെ മൊബൈൽ നീട്ടുന്നു. ഒരു നിമിഷം ലീന മകളെ നോക്കുന്നു. ഒരു നേരിയ പുഞ്ചിരി മാത്രം ചുണ്ടിൽ വിരിയിച്ച് ലീന വാർത്ത തുടരുന്നു. ഇത്തരമൊരു സംഭവത്തിന്റെ വിളർച്ചയോ പതർച്ചയോ പുറത്ത് കാണിക്കാതെ തികച്ചും സ്വാഭാവികമായ ഒഴുക്കോടെ വാർത്ത തുടർന്ന ലീനയുടെ ക്ലിപ്പിംഗ് വിദേശ മാധ്യമങ്ങളിൽ ഹിറ്റായി. ഒരു പ്രൊഫഷനൽ വാർത്താ വായനക്കാരിയെന്ന പേര് ഈയൊരു കൊച്ചു സംഭവം അവർക്ക് നല്കുകയും ചെയ്തു.

ലീനയുടെ വാർത്ത പുരോഗമിക്കുമ്പോൾ മകൾ പിറകിലൂടെയെത്തുന്നു. 

മൊബൈൽ കയ്യിലേന്തി അമ്മയുടെ അടുത്തേക്ക്‌

 മൊബൈൽ കൈമാറാനുള്ള ശ്രമം 

അമ്മ 'ലൈവാ'ണെന്ന് തിരിച്ചറിയുമ്പോഴുള്ള കുഞ്ഞിന്റെ പരിഭ്രമം.  

ഒരു നോട്ടം. ഒറ്റ നോട്ടം..

വീണ്ടും വാർത്തയിലേക്ക്

ഇനി വീഡിയോ കാണാം


ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയാണ് ലീനയുടെ ഈ വാർത്തയെ 'ശ്രദ്ധേയ'മാക്കിയതെങ്കിലും വാർത്താ വായനക്കാരികൾക്ക് ചില ഗുണപാഠങ്ങളും ഇത് നല്കുന്നുണ്ട്. ഇവിടെ ലീനയോ കുഞ്ഞോ അല്ല, ക്യാമറ ആംഗിളിലേക്ക് ആരും കടക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരുന്ന അതിന്റെ ഉത്തരവാദപ്പെട്ടവരുടെ വീഴ്ചയാണെങ്കിലും കുട്ടികളെ സ്റ്റുഡിയോയിലേക്ക് കൊണ്ട് വരാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നതാണ് ഒന്നാമത്തെ ഗുണപാഠം. മൊബൈൽ സൈലന്റിൽ ഇട്ട ശേഷമേ സ്റ്റുഡിയോയിലേക്ക് കടക്കാവൂ എന്നത് രണ്ടാമത്തെ പാഠം. ലീനയുടെ മകൾ ഉമ്മയെപ്പോലെ തന്നെ സ്മാർട്ട് ആയിരുന്നു. അതുകൊണ്ടാണ് ഉമ്മ സ്ക്രീനിൽ ലൈവ് ആണെന്ന് കണ്ടപ്പോൾ പെട്ടെന്ന് പിന്മാറിയത്. അങ്ങനെ പിന്മാറാതെ ഉമ്മയുമായി ഒരു 'മുഖാമുഖ'ത്തിന് അവൾ മുതിർന്നിരുന്നുവെങ്കിൽ സംഗതി ലീനയുടെ കയ്യിൽ നിന്നും പിടുത്തം വിട്ട് പോയേനെ. ആ കുഞ്ഞിന്റെ സ്മാർട്ട്നെസ്സ് എല്ലാ കുഞ്ഞുങ്ങൾക്കും ഉണ്ടായിക്കൊള്ളണമെന്നില്ലല്ലോ.

ഇനി മാധ്യമങ്ങൾ അധികവും ശ്രദ്ധിച്ചിട്ടില്ലാത്ത ഈ വാർത്തയുടെ പിന്നാമ്പുറം. അത് പറയുക എന്നതാണ് ഈ പോസ്റ്റിന്റെ പ്രധാന ലക്ഷ്യം.  മാധ്യമങ്ങൾ മിക്കതും പറയുന്നത് പോലെ ലീന മൊറോക്കോക്കാരിയല്ല. അവൾ സിറിയക്കാരിയാണ്. ബശാർ അസദിന്റെ അടിച്ചമർത്തൽ ഭരണത്തിനെതിരെ മാസങ്ങളായി തുടരുന്ന പ്രക്ഷോഭത്തിന്റെ  പോരാട്ടഭൂമിയിലാണ് അവളുടെ കുടുംബമുള്ളത്. അഞ്ച് ദിവസത്തിലധികമായി അലപ്പോ നഗരത്തിലുള്ള വീട്ടുകാരുമായി ടെലഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഫോണുകൾ നിശ്ചലമായിരുന്നു. ആയിരങ്ങൾ മരിച്ചു വീഴുന്ന ആ പോരാട്ട ഭൂമിയിൽ ജീവിക്കുന്ന വീട്ടുകാരുടെ വിവരമറിയാതെ ലീന അസ്വസ്ഥയായിരുന്നു. ഈ കാര്യങ്ങളൊക്കെ മകൾക്കുമറിയാം. ഒരമ്മയുടെ അസ്വസ്ഥത മകളോളം തിരിച്ചറിയുന്ന ആരുണ്ട്‌?. ലീന വാർത്താ മുറിയിലേക്ക് പോയ ഉടനെയാണ് സിറിയയിൽ നിന്നും ഉമ്മയുടെ മൊബൈലിലേക്ക് കാൾ വരുന്നതായി മകൾ കാണുന്നത്. ദിവസങ്ങളായി കാത്തുകാത്തിരിക്കുന്ന വിളിയാണത്. അത് കണ്ടതും മൊബൈൽ വാരിയെടുത്ത് ഉമ്മാ എന്ന വിളിയോടെ ഒരു കുഞ്ഞിന്റെ നിഷ്കളങ്കമായ ആവേശത്തോടെ ന്യൂസ് റൂമിലേക്ക്‌ ഓടിയടുക്കുന്നതാണ് നാം കണ്ടത്. ഒരു ന്യൂസ്റൂം തമാശക്കപ്പുറം ഈ ദൃശ്യത്തിൽ സിറിയൻ ജനത അനുഭവിക്കുന്ന ദുരിതങ്ങളുടെ നോവുണ്ട്, അവരുടെ ഒരു കണ്ണീരിന്റെ ഒരു തുള്ളിയുണ്ട്.

ഒരു ദുരന്തവാർത്ത വായിക്കുന്നതിനിടയിൽ വിതുമ്പിക്കരഞ്ഞ വാർത്താവതാരകയെക്കുറിച്ച് മുമ്പൊരു പോസ്റ്റിൽ എഴുതിയിരുന്നു. 'അല്‍ അഖ്ബാരിയ' ചാനലിന്റെ വാര്‍ത്താ വായനക്കാരി ഫൗസ് അല്‍ഖംഅലി ആയിരുന്നു അത്. ആ കരച്ചിലിനും ഒരു സിറിയൻ ബന്ധമുണ്ടായിരുന്നു. ബശാറിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിനിടെ ഫിദാ അല്‍ ദിയാ എന്ന കൊച്ചു കുഞ്ഞിനെ സര്‍ക്കാര്‍ സൈന്യം വെടിവെച്ചു കൊല്ലുന്ന ഫൂട്ടേജ് കാണിക്കുന്നതിനിടെയാണ് ഫൗസ് വിതുമ്പിക്കരഞ്ഞത്. കരച്ചിൽ നില്ക്കാതെ വന്നപ്പോൾ ചാനലിന് വാർത്താവതരണം ബ്രേക്ക് നല്കി നിർത്തേണ്ടി വന്നു. ലീനയുടെ സിറിയയിലുള്ള കുടുംബം സുരക്ഷിതരായിരിക്കട്ടെ എന്നും സിറിയൻ ജനത ഇന്നനുഭവിക്കുന്ന ദുരന്തങ്ങൾക്ക് ഒരറുതിയുണ്ടാവട്ടെ എന്നും പ്രത്യാശിക്കുന്നു. പ്രാർത്ഥിക്കുന്നു.

(ഈ പോസ്റ്റ്‌ പുന:പ്രസിദ്ധീകരിച്ച പ്രവാസി വർത്തമാനത്തിനു നന്ദി)

Related Posts
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ? 
മാധ്യമത്തിനെന്താണ് ഈജിപ്തിൽ കാര്യം?
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?