October 20, 2014

ബഹറയിലെ സാൻഡ് ഡ്രൈവിംഗ്

ബഹറയിലെ സാൻഡ് ഡ്രൈവിംഗ് കേന്ദ്രത്തെ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്‌. ജിദ്ദ- മക്ക എക്സ്പ്രസ് ഹൈവേയിൽ ജിദ്ദയിൽ നിന്ന് ഏതാണ്ട് നാല്പത് കിലോമീറ്റർ സഞ്ചരിച്ചാൽ ബഹറയിൽ എത്താം. സാൻഡ് ഡ്രൈവിംഗ് ഹരമായവർക്ക് അതിമനോഹരമായൊരു ലൊക്കേഷനാണിത്.  സുഹൃത്ത് ഷജാസാണ് ഇങ്ങനെയൊരു ട്രിപ്പിനെക്കുറിച്ച് ആദ്യമായി സൂചിപ്പിച്ചത്. യാമ്പു മരുഭൂമിയിൽ ഒരു മൂവന്തി നേരം കഴിച്ചു കൂട്ടിയതിന്റെ ത്രില്ല് പങ്ക് വെച്ച് കൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പും കുറച്ച് ഫോട്ടോകളും
ഷെയർ ചെയ്തിരുന്നു.  ഉടനെ ഷജാസിന്റെ മെയിൽ വന്നു. അടുത്ത മരുഭൂ യാത്രയിൽ ബഹറ പരീക്ഷിക്കൂ.. ഈ ഫോട്ടോകൾ കാണൂ എന്ന് പറഞ്ഞ് കൊതിപ്പിക്കുന്ന കുറച്ച് ഫോട്ടോകളും അയച്ചു തന്നു. വരാൻ തയ്യാറാണെങ്കിൽ എല്ലാ സംവിധാനങ്ങളും ഞാൻ ചെയ്യാമെന്ന പ്രലോഭനവും.. അങ്ങനെ ബഹറ ട്രിപ്പ്‌ റെഡി. സ്റ്റാർട്ട്‌, ക്യാമറ, ആക്ഷൻ.. ജിദ്ദയിൽ നിന്നും മക്ക എക്സ്പ്രസ്സ് വേയിലൂടെ നാല് വാഹനങ്ങൾ.. എട്ട് യാത്രികർ.. ഷജാസിന്റെ ബി എം ഡബ്ലിയൂ X5മുന്നിൽ.. തൊട്ടു പിറകെ സുൽഫിയുടെ ട്രയൽ ബ്ലേസർ.. അതിന് പിന്നിൽ നജീബിന്റെ ലാൻഡ്‌ ക്രൂസർ പ്രാഡോയും ഹാഷിഫിന്റെ ഡസ്റ്ററും.

ഓരോ വാഹനത്തിലും ഈരണ്ട് പേർ. ബഹറയിലെത്തുമ്പോൾ നാല് മണി.. ഒറ്റപ്പെട്ട ഒന്നോ രണ്ടോ വാഹനങ്ങളേയും സാഹസികരെയും പ്രതീക്ഷിച്ച ഞങ്ങളുടെ കണ്ണ് തള്ളിപ്പോയി.. റോഡിൽ നിന്നും അറേബ്യൻ മരുഭൂമിയുടെ ഉൾതടങ്ങളിലേക്ക് വാഹനങ്ങൾ നിരനിരയായി നീങ്ങുന്നു. ഒട്ടകങ്ങളുടെ ഒരു കാരവൻ പോലെ.. ഇത് സാഹസികരുടെ പറുദീസയാണെന്ന് ഒറ്റ നിമിഷം കൊണ്ട് ബോധ്യപ്പെട്ടു. മരുഭൂമിയിലൂടെ പൊടി പാറിച്ച് പറക്കാൻ വാടകയ്ക്ക് കൊടുക്കുന്നതിന് വേണ്ടി നിരനിരയായി നിർത്തിയിട്ടിരിക്കുന്ന നിരവധി ഫോർ വീലർ ബൈക്കുകൾ വഴിയരികിൽ.

മണൽ പാതയിലേക്ക് കടന്ന ഉടനെ ടയറുകളുടെ കാറ്റ് കുറച്ചു. സാൻഡ് ഡ്രൈവിംഗിന്റെ ആദ്യ സ്റ്റെപ് അതാണ്‌. സാധാരണയുള്ള പ്രഷറിന്റെ ഏതാണ്ട് പകുതി മതി മണലിലൂടെ സഞ്ചരിക്കാൻ. ടയറിന് ഒരു ഫ്ലോട്ടിംഗ് 'മൂഡ്‌' നല്കുക. ടയറിന്റെ പ്രതലം വിശാലമാകാനും (to increase traction) മണലിൽ ആഴ്ന്നിറങ്ങാതെ മുന്നോട്ടുള്ള സഞ്ചാരം എളുപ്പമാവാനും വേണ്ടിയാണിത്. വണ്ടി മൂവ്‌ ചെയ്തു തുടങ്ങിയാൽ സ്പീഡ് നിലനിർത്തൻ കഴിയുന്നത്ര ശ്രമിക്കുക എന്നതാണ് രണ്ടാമത്തെ സ്റ്റെപ്. വണ്ടി സ്ലോ ആകുന്നതിന് അനുസരിച്ച് മണലിൽ താഴാനുള്ള ഒരു ടെൻഡൻസി ഉണ്ടാവും. കടലിലേത് പോലെ തന്നെയാണ് മണലിലെയും വാഹനങ്ങളുടെ അവസ്ഥ. ബോട്ടുകൾ സാവകാശം നീങ്ങുമ്പോൾ അല്പം  താഴുകയും വെള്ളത്തെ വകഞ്ഞു മാറ്റി മുന്നോട്ട് നീങ്ങാൻ കൂടുതൽ ശക്തി ആവശ്യമായി വരികയും ചെയ്യുന്നു. എന്നാൽ സ്പീഡ് ബോട്ടുകളെപ്പോലെ ഫ്ലോട്ട് ചെയ്യുമ്പോൾ വെള്ളത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കുതിക്കുന്നു. മണലിന്റെ അവസ്ഥയും ഇതാണ്. മെല്ലെ നീങ്ങുമ്പോൾ കൂടുതൽ മണലിനുള്ളിലേക്ക് ടയറുകൾ ഇറങ്ങും. വണ്ടി മുന്നോട്ടു നീങ്ങില്ല. സ്പീഡ് ലഭിക്കുന്നതിനനുസരിച്ച് ടയറുകൾക്ക് ഒരു ഫ്ലോട്ടിംഗ്  മൂവ് ലഭിക്കും. മണൽ കൂനകളിലേക്ക് കയറുമ്പോൾ എഞ്ചിൻ ഒഫാകാതെ ശ്രദ്ധിക്കണം. ഷജാസ് എല്ലാവർക്കും നിർദേശങ്ങൾ നല്കി വണ്ടി മുന്നോട്ടെടുത്തു. ആദ്യ മണൽ കൂനകൾ നാല് വണ്ടികളും ആയാസരഹിതമായി കയറിയിറങ്ങി മുന്നോട്ട് പോയി. അല്പം വിശാലമായ മണൽപരപ്പ് കണ്ടപ്പോൾ സിനിമാ ചേസിങ്ങുകളിൽ കാണുന്ന പോലെ ഒരു റൌണ്ടടിച്ച് പൊടി പാറിക്കാമെന്ന് ഷജാസ്. ആ കറക്കത്തിനിടയിലാണ് അത് സംഭവിച്ചത്. സുൽഫിയുടെ ട്രയൽ ബ്ലേസർ ദാണ്ടേ കിടക്കുന്നു... മക്കളേ പണി പാളി.. മണലിൽ പൂണ്ടു കിടക്കുന്ന ടയറുകൾ നോക്കി സുൽഫി പറഞ്ഞു.


ഏതാനും നിമിഷങ്ങൾക്കുള്ളിൽ ക്രൈസിസ് മാനേജ്മെന്റ്റ് ഉപകരണങ്ങളുമായി ഷജാസ് റെഡി. ബി എം ഡബ്ലിയൂവിൽ വടം കെട്ടി വലിച്ചു. നോ രക്ഷ. വടം ടപ്പേന്ന് പൊട്ടുന്നു. സുൽഫി വണ്ടിയിലിരുന്ന് ചിരിക്കുന്നു. ഇത്തരം സന്ദർഭങ്ങളിലും ചിരിക്കാൻ കഴിയുന്നത്‌ വലിയ അനുഗ്രഹം തന്നെയാണ്. മൂന്ന് തവണ വടം പൊട്ടി. ഞങ്ങളുടെ ഈ പരാക്രമാങ്ങളെല്ലാം കണ്ട് കൊണ്ട് ദൂരെ ഒരു സൗദി പൗരൻ നില്ക്കുന്നുണ്ട്. പ്രായം ചെന്ന അയാൾ വണ്ടിയുമായി അടുത്തെത്തി. ഞങ്ങളോട് മാറി നില്ക്കാൻ പറഞ്ഞു. വണ്ടിയിൽ നിന്ന് അയാൾ ഇറങ്ങിയപ്പോഴാണ് കാലിന് സ്വാധീനം കുറഞ്ഞ ആളാണെന്ന് മനസ്സിലായത്‌. നല്ല ഉറപ്പുള്ള ഒരു വടമാണ് കയ്യിലുള്ളത്.  അവ അദ്ദേഹത്തിന്റെ നിസ്സാൻ പിക്കപ്പിൽ കെട്ടി വളരെ കൂളായി വണ്ടി വലിച്ചു കയറ്റി. കാശ് കൊടുക്കേണ്ടി വരുമെന്ന് ഞങ്ങൾ അടക്കം പറഞ്ഞു. സുൽഫി പോക്കറ്റിൽ കയ്യിട്ടതും അദ്ദേഹം മുകളിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു.. ലാ...ലാ.. സവ്വി ദുആ.. (വേണ്ട.. എനിക്ക് വേണ്ടി പ്രാർത്ഥിക്കൂ)  ഒരു ഫോട്ടോക്ക് പോസ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ സന്തോഷപൂർവ്വം ഞങ്ങളോടൊപ്പം ചേർന്ന് നിന്നു. അറബികളുടെ ഒരു പൊതുസ്വഭാവമാണിത്. യാത്രക്കിടയിൽ പ്രയാസങ്ങളുണ്ടായാൽ എല്ലാം മറന്ന് സഹായിക്കാൻ അവർ തയ്യാറാകും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വാഹനം തകരാറിലായാൽ ഒരു വണ്ടിയും നിർത്താതെ കടന്നു പോകില്ല. അഥവാ അങ്ങിനെ പോകുന്നവരുണ്ടെങ്കിൽ അവർ മിക്കവാറും വിദേശികളായിരിക്കും. അറബികളുടെ സ്വഭാവങ്ങളിൽ നമുക്ക് ദഹിക്കാത്തതായി പലതും കാണുമെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ അവർ കാണിക്കുന്ന മനുഷ്യപ്പറ്റ് എടുത്തു പറയേണ്ടതാണ്. 

ഞങ്ങൾ മുന്നോട്ട് നീങ്ങി. ഇപ്പോൾ അല്പം ശ്രദ്ധിച്ചാണ് യാത്ര. അടുത്ത മണൽ കൂനകളിലും വണ്ടി താഴാനുള്ള ലക്ഷണങ്ങൾ കാണിച്ചതോടെ രണ്ട് വണ്ടികൾ (Trail Blazer & Duster). വഴിയിൽ നിർത്തി. രണ്ട്  4 x4  വണ്ടികളിലായി പിന്നെ യാത്ര.  അടുത്തത്‌ ഒരു പടുകൂറ്റൻ മണൽ മലയാണ്. എന്നാലും സൗദി പയ്യന്മാരുടെ വണ്ടികൾ കൂളായി കയറുന്നുണ്ട്. നജീബ് തന്റെ പ്രാഡോ അതിസമർത്ഥമായി തന്നെ ഓടിച്ചു കയറ്റി. മുകളിലെത്തി കൈവീശി. അടുത്ത വണ്ടിയും കൂളായി കയറി. ആ മണൽ മല ഇറങ്ങിയപ്പോഴാണ് മരുഭൂമിയുടെ വിശ്വരൂപം കണ്ടത്. പാറകൾ കുത്തനെ നില്ക്കുന്ന അസാധ്യ കയറ്റമാണ് മുന്നിൽ. അങ്ങോട്ട്‌ നോക്കിയതും തല കറങ്ങുന്ന പോലെ.. ഞങ്ങൾ വണ്ടി സൈഡാക്കി. നിരവധി വാഹനങ്ങൾ അവിടെ നിർത്തിയിട്ടിട്ടുണ്ട്. അതിനിടയിൽ പ്രത്യേക സൈറൻ മുഴക്കിക്കൊണ്ട് രണ്ട് സ്പോര്ട്സ് ജീപ്പുകൾ പറന്നെത്തി. അറബി പയ്യന്മാരാണ്‌. രണ്ട് പേരും ആ മല കൂളായി കയറ്റിയിറക്കി. മറുഭാഗത്തേക്ക് ചാടുന്നില്ല എന്നതാണ് ഈ കയറ്റത്തിന്റെ പ്രത്യേകത.  മലയുടെ മുകളിൽ കയറി റിവേർസിൽ താഴോട്ട്.. രസകരമെങ്കിലും നെഞ്ചിടിപ്പ് കൂട്ടുന്ന കാഴ്ച.


മലയുടെ ഓരത്തു കൂടെ വീണ്ടും മുന്നോട്ട് പോകാം. ഓരോ മണൽ മലകൾക്ക് ശേഷവും അല്പം സമനിരപ്പായ ഭൂമി.. വീണ്ടും മണൽ മല. ഇതുപോലെ ഏഴ് കയറ്റിറക്കങ്ങൾ ഉണ്ട്.. സാൻഡ് ഡ്രൈവിംഗിനു പ്രത്യേകമായി ദൈവം ഉണ്ടാക്കിയിട്ടത് പോലെ..നേരം ഇരുട്ടിത്തുടങ്ങിയതോടെ മണലിലെ അഭ്യാസങ്ങൾ അവസാനിപ്പിച്ചു.  മരുഭൂമിയിൽ ഒരിടത്ത് നിർത്തി മഗ് രിബ് നമസ്കരിച്ചു. പിന്നെ അൽപനേരം സൊറ പറഞ്ഞിരുന്നു.  ചായയും പലഹാരങ്ങളുമുണ്ടാക്കി. മണൽ തരികളെ തൊട്ടുരുമ്മി വരുന്ന തണുത്ത കാറ്റാസ്വദിച്ചുള്ള വിശ്രമം. മനാഫ് മാഷിനും നജീബിനും യാമ്പുവിലെത്തണം. നാല് മണിക്കൂർ ഓട്ടമുണ്ട്‌. ഞങ്ങൾ മടക്കം തുടങ്ങി. വണ്ടിയിൽ കാറ്റ് നിറച്ച് പൂർവ സ്ഥിതിയിലാക്കാനുള്ള സൗകര്യങ്ങൾ വഴിയിൽ കണ്ടു. നിരനിരയായി നില്ക്കുന്ന ഗോൾ പോസ്റ്റുകൾ പോലെയുള്ള കൌണ്ടറുകളിൽ എയർ പമ്പുകൾ തൂക്കിയിട്ടിരിക്കുന്നു.

'അടുത്ത തവണ വരുമ്പോൾ നമുക്കൊരു ആടിനെ കൊണ്ടുവരണം'. മടക്കയാത്രയിൽ ജബ്ബാർ വട്ടപ്പൊയിലിന്റെ കമന്റ്. "അതെന്തിനാ, ആടിന്റെ പുറത്താണോ അടുത്ത ഡെസേർട്ട് സഫാരി?."എന്ന് ചോദിച്ചപ്പോൾ പഞ്ചവത്സര പദ്ധതിയുടെ കരട് രേഖ പോലെ വിശദമായ പ്ളാൻ പുറത്ത് ചാടി.. സാൻഡ് ഡ്രൈവിംഗ് കഴിഞ്ഞ് ക്ഷീണിച്ച് വരുമ്പോൾ മരുഭൂമിയിൽ വിശ്രമം. അതിനൊരു ടെന്റ് കെട്ടണം. അന്ന് രാത്രി ആ ടെന്റിൽ കഴിയണം. പാട്ടും കളിയും വേണം. കൂടെ ക്യാമ്പ്‌ ഫയർ! രാത്രി ഭക്ഷണത്തിന് ആടിനെ അറുത്ത് അറേബ്യൻ രീതിയിൽ ചുട്ടെടുത്ത് അല്പം നാരങ്ങാ നീരു പിഴിഞ്ഞ്.... അങ്ങനെയങ്ങനെ.... ചുട്ട ആട്ടിറച്ചിയുടെ മണം മൂക്കിലടിച്ചു കയറിയപ്പോൾ ജിദ്ദയിലെത്തിയത് അറിഞ്ഞില്ല.   

Related Posts
മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്
ഹിറാ ഗുഹയില്‍ ഒരു രാത്രി
ഗുൽമാർഗിലെ മഞ്ഞുമലയിൽ 
വഹ്ബ ക്രെയ്റ്റർ: മരുഭൂമിയിലെ ദൃശ്യവിരുന്നിലേക്കൊരു സാഹസികയാത്ര 

Recent Posts
വാട്ട്സ് ആപ്പിലെ സരിത
പ്രവാസിക്കും വേണ്ടേ ഇത്തിരി ആരോഗ്യം?

24 comments:

 1. Nice journey, interesting pictures...

  ReplyDelete
 2. പൊളിച്ചു. ഒരു സാഹസിക യാത്രികന് വേണ്ട എല്ലാ ചേരുവകളും ഒത്തിണങ്ങിയ സ്ഥലം. നല്ല രസകരമായ വിവരണം. ജബ്ബാര്‍ക്കക്ക് തീറ്റ കഴിഞ്ഞേ മറ്റെന്തും ഒള്ളു എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. നല്ല ചിത്രങ്ങള്‍ യാത്ര വിവരണത്തിന് കൂടുതല്‍ മിഴിവേകി

  ReplyDelete
  Replies
  1. ജബ്ബാര്‍ക്ക തീറ്റയുടെ മാത്രമല്ല, ഞങ്ങളുടെ മൊത്തം യാത്രകളുടെ അസൂത്രകനാണ്.

   Delete
 3. ആ ആടിനെ ഓര്‍ത്ത് ഇപ്പൊ തന്നെ പാവം തോന്നുന്നു ബഷീര്‍ക്കാ..

  ReplyDelete
  Replies
  1. ചത്താലും സോഷ്യൽ മീഡിയയിലെ താരമായിരിക്കും ആ ആട് :)

   Delete
  2. ദുഷ്ടൻ, ഒരു മിണ്ടാപ്രാണിയുടെ ജീവനും ഇറച്ചിക്കും വേണ്ടി കൊതിക്കുന്ന .... അതോർത്ത് കിനാവ് കണ്ട് പരിസരം മറക്കുന്ന ..........

   Delete
 4. desert trips are my passion. good post.

  ReplyDelete
 5. അടിപൊളിയായി ബഷീർക. നിങ്ങൾ ഇങ്ങനെ നിരന്തരം യാത്ര നടത്തി ഞമ്മളെ കൊതിപ്പിക്കുകയാണ്. ഒരു പ്രാവശ്യം പോലും കൂടെ കൂട്ടില്ല. എന്നാലും ഈ വിവരണത്തിന് നന്ദി.

  ReplyDelete
 6. രസിച്ചു വായിച്ചു.നിങ്ങളുടെകൂടെ സന്തോഷിക്കാനെ പറ്റൂ.ജീവിതം വര്‍ണ്ണ ശബളമാവട്ടെ

  ReplyDelete
 7. വളരെ നല്ല യാത്രാവിവരണം,അഭിനന്ദനങ്ങള്‍,തുടര്‍ന്നും കൂടുതല്‍ നല്ലത് പ്രദീക്ഷിക്കുന്നു .

  ReplyDelete
 8. വട്ടപ്പോയിലിനെ പ്ലാനിംഗ് ബോര്‍ഡ്‌ ചെയര്‍മാന്‍ ആക്കണം

  ReplyDelete
 9. മനോഹരമായ മറ്റൊരു യാത്ര . മരുഭൂമി വീണ്ടും വീണ്ടും കൊതിപ്പിക്കുന്നു - എല്ലാ സഹ യാത്രികര്‍ക്കും നന്ദി ..

  ReplyDelete
 10. മനോഹരമായ യാത്രാ കുറിപ്പിന് സഹയാത്രികന്റെ കയ്യൊപ്പ്... !

  ReplyDelete
 11. കശ്മീർ റിലീഫ് ഫണ്ടിലേക്ക് അമൃതാനന്തമയി മഠം ഇരുപത്തി അഞ്ച് കോടി രൂപ കൊടുത്തു. അവശ്യ സാധനങ്ങൾക്കും മരുന്നുകൾക്കും സ്കൂൾ കുട്ടികാൾക്കുള്ള കിറ്റുകൾക്കും പുറമെയാണിത്. ബഷീര് ഉള്പ്പെട്ട മുസ്ലീം ലീഗ് എത്ര കൊടുക്കും? ഇങ്ങനെ തിന്നും കുടിച്ചും ചുറ്റിയടിച്ചും കളയുന്ന പണത്തിന്റെ ഒരു ശതമാനം എങ്കിലും നല്ല കാര്യങ്ങൾക്ക് ചിലവാക്കിക്കൂടെ?

  ReplyDelete
  Replies
  1. y ? no religion here...... kidilan yathra vivaranam Basheer bhai

   Delete
 12. "ടയറിന്റെ പ്രതലം വിശാലമാകാനും (to increase friction)" => 'friction' എന്നതിനേക്കാൾ 'traction' എന്നാണ് ശരിയായ ഉപയോഗം. :)

  ReplyDelete
 13. ഒരു യാത്രക്കുള്ള മോഹം വീണ്ടും മനസ്സിൽ. ന്നാലും ഞമ്മള് നാട്ടീ പോയ സമയത്ത് ഇങ്ങള് തട്ടിക്കൂട്ടിയ ഈ ട്രിപ്പിൽ പ്രതിഷേധിക്കുന്നു. :)

  യാത്രയും ഫോട്ടോയും എല്ലാം നന്നായി.

  ReplyDelete
  Replies
  1. നിങ്ങളില്ലാതെ ഒരു ട്രിപ്പ്‌ നടത്തണമെന്നത് വട്ടപ്പൊയിലിന്റെ ഏറെക്കാലത്തെ ഒരാഗ്രഹമായിരുന്നു. അത് നടന്നു. :)

   Delete
 14. ഫോട്ടോയിൽ മൊട്ടത്തലയിൽ കറുത്ത കണ്ണടവച്ച് മീശ വടിച്ച് താടി നീട്ടി ചെക്ക് ഷർട്ടും കുടവയറും ഉള്ള 'ഭീകരൻ' ആരാണ്?

  ReplyDelete
 15. വിവരണവും,ഫോട്ടോകളും ഇഷ്ടപ്പെട്ടു.
  ആശംസകള്‍

  ReplyDelete
 16. ..പാട്ടും കളിയും വേണം. കൂടെ ക്യാമ്പ്‌ ഫയർ! രാത്രി ഭക്ഷണത്തിന് ആടിനെ അറുത്ത് അറേബ്യൻ രീതിയിൽ ചുട്ടെടുത്ത് അല്പം നാരങ്ങാ നീരു പിഴിഞ്ഞ്, കൂട്ടത്തില്‍ ഒരു ബെല്ലി ഡാന്‍സും. അതാ അതിന്‍റെ സ്റ്റൈല്‍. ദുബൈയില്‍ അതൊരു പാക്കേജ് ആയി നിറയെ കമ്പനികള്‍ ചെയ്യുന്നുണ്ട്. ഞാന്‍ ഒരിക്കല്‍ പോയിരുന്നു.

  ReplyDelete
 17. # അറബികളുടെ ഒരു പൊതുസ്വഭാവമാണിത്. യാത്രക്കിടയിൽ പ്രയാസങ്ങളുണ്ടായാൽ എല്ലാം മറന്ന് സഹായിക്കാൻ അവർ തയ്യാറാകും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വാഹനം തകരാറിലായാൽ ഒരു വണ്ടിയും നിർത്താതെ കടന്നു പോകില്ല. അഥവാ അങ്ങിനെ പോകുന്നവരുണ്ടെങ്കിൽ അവർ മിക്കവാറും വിദേശികളായിരിക്കും# വിദേശികള്‍ നിര്‍ത്താതെ പോകുന്നുണ്ടെങ്കില്‍ അതിനു പിന്നിലെ പ്രഥാന കാരണം ഭാഷ, നിയമം, സുരക്ഷ എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചുള്ള ഭയമോ ഉത്കണ്ടയോ കാരണമാണ് എന്നാണെന്‍റെ അഭിപ്രായം.

  ReplyDelete