September 22, 2014

പ്രവാസിക്കും വേണ്ടേ ഇത്തിരി ആരോഗ്യം?

ബാഡ്മിന്റൻ കോർട്ടിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അയാളെ ഞാൻ അവസാനമായി കണ്ടത്. ഞങ്ങൾ കളിക്കുന്നത് അയാളെന്നും നോക്കി നിൽക്കാറുണ്ട്. അന്നും ഏറെ നേരം നോക്കി നിന്ന ശേഷം അയാൾ കടയിലേക്ക് പോകുന്നത് കണ്ടിരുന്നു. കളി കഴിഞ്ഞു ഞാൻ തിരിച്ചു പോകുമ്പോൾ കടയുടെ സമീപത്ത് ആൾകൂട്ടം. ഒരാൾ വീണു കിടക്കുന്നു. അരണ്ട വെളിച്ചത്തിൽ തിരിച്ചറിയാൻ പറ്റാത്ത രൂപത്തിൽ കമിഴ്ന്നടിച്ചു കിടക്കുകയാണ്. ചലനമറ്റിട്ടുണ്ട്. ഒരു സൗദി പൗരൻ തട്ടിനോക്കിയിട്ട് പറഞ്ഞു. ഖലാസ്.. അയാൾ പോലീസിനെ വിളിച്ചു. നിമിഷങ്ങൾക്കുള്ളിൽ പോലീസും ആംബുലൻസും എത്തി. വണ്ടിയിലേക്ക് ബോഡി എടുത്തു മാറ്റുമ്പോൾ ഞാൻ ഞെട്ടലോടെ മനസ്സിലാക്കി. അതയാൾ തന്നെ. ജിദ്ദയിൽ ഞങ്ങൾ കളിക്കാൻ പോകുന്ന കോമ്പൌണ്ടിനുള്ളിലെ ലേബർ അക്കോമഡേഷനിൽ താമസിക്കുന്ന മലപ്പുറത്തുകാരൻ. അടുത്ത ആഴ്ച നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നുവെന്നു കൂടെ താമസിക്കുന്ന ഒരാൾ പറയുന്നത് കേട്ടു. പെട്ടി നിറയെ കൊച്ചു മകൾക്കുള്ള കളിപ്പാട്ടങ്ങളാണെന്ന് പറഞ്ഞ് അയാൾ വിതുമ്പുന്നു.

ഈയിടെയായി സമാന സ്വഭാവത്തിലുള്ള മരണങ്ങൾ ധാരാളമായി കേൾക്കുന്നുണ്ട്. ചെറിയ തലകറക്കം, നേരിയ നെഞ്ചു വേദന, ജോലിസ്ഥലത്ത് പെട്ടെന്നൊരു വീഴ്ച.. റൂമിലെ ബെഡിൽ ആരുമറിയാതെ... പ്രവാസ ലോകത്തെ മരണ വാർത്തകൾക്ക് ഏതാണ്ട് ഒരേ സ്വഭാവമാണ്. മരണത്തിന് കാലമോ നേരമോ ഇല്ല. എപ്പോഴും എവിടെയും ആർക്കും സംഭവിക്കാം. ദൈവത്തിന്റെ കരങ്ങളിലാണ് അതിന്റെ അന്തിമ കണക്ക്. എന്നാലും പ്രവാസ ലോകത്തെ മരണങ്ങൾക്ക് എണ്ണവും വേഗവും നാൾക്കുനാൾ വർദ്ധിച്ചു വരുന്നില്ലേ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. മെറ്റബോളിക്ക് സിന്‍ഡ്രോം എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന ലൈഫ് സ്റ്റൈൽ രോഗങ്ങളുടെ ഒരു നീണ്ട നിര തന്നെ പ്രവാസ ലോകത്ത് നങ്കൂരമിട്ടിരിക്കുന്നതായി കാണാം. ഇത്തരം രോഗങ്ങളുടെ തടവുകാരാണ് പ്രവാസികളിൽ ഭൂരിഭാഗവും..

ഷുഗർ, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, അമിത വണ്ണം, കിഡ്നി തകരാറുകൾ, അൾസർ, പൈൽസ്.. പത്ത് പേരുള്ള ഒരു പ്രവാസി അക്കോമഡേഷനിൽ പതിനൊന്ന് രോഗങ്ങളുടെ മരുന്നുകൾ കാണാം. ഭക്ഷണക്കാര്യത്തിലുള്ള ചിട്ടയില്ലായ്മ, വ്യായാമക്കുറവ്, മാനസിക സംഘർഷങ്ങൾ.. പ്രവാസിയെ നിത്യ രോഗിയാക്കുന്നതിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ടവ ഇവ മൂന്നുമാണെന്ന് വൈദ്യ ശാസ്ത്ര വിദഗ്ദന്മാർ ചൂണ്ടിക്കാട്ടുന്നു.  മാനസിക സംഘർഷങ്ങളെ അത്ര പെട്ടെന്നൊന്നും പ്രവാസ ലോകത്ത് നിന്ന് പറിച്ചു നടാനാവില്ല. അത് ഓരോ പ്രവാസിയുടെയും കൂടെപ്പിറപ്പാണ്. വീട്ടിൽ നിന്ന് പെട്ടിയുമായി ഇറങ്ങുമ്പോൾ തുടങ്ങുന്ന നെഞ്ചിടിപ്പ്.. വിരഹവും ഏകാന്തതയും ജോലി സമ്മർദ്ധങ്ങളും ഒരു ഇ സി ജി ചാർട്ടിലെ വരകളെപ്പോലെ അവന്റെ ഹൃദയത്തിൽ ഇടിച്ചു കൊണ്ടേയിരിക്കും. അവയിൽ നിന്നൊരു മോചനം പ്രവാസിക്ക് പറഞ്ഞതല്ല. പക്ഷേ ആദ്യത്തെ രണ്ടു കാരണങ്ങൾ അങ്ങനെയല്ല.  ഭക്ഷണക്കാര്യത്തിലുള്ള ചിട്ടയില്ലായ്മയും വ്യായാമക്കുറവും. അല്പമൊന്ന് മനസ്സ് വെച്ചാൽ വലിയ മാറ്റങ്ങൾ വരുത്താവുന്ന കാര്യങ്ങൾ.. പക്ഷേ അവയെക്കുറിച്ച് കൃത്യമായ ബോധം പ്രവാസി സമൂഹത്തിൽ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.


വലിയ ശാരീരികാദ്ധ്വാനം ആവശ്യമില്ലാത്തെ ജോലികളിൽ ഏർപെടുന്നവരാണ് ഗൾഫ് മേഖലയിലെ പ്രവാസികളിൽ ഭൂരിഭാഗവും. കണ്‍സ്ട്രക്ഷൻ മേഖലയിലുള്ളവരാണ് കൂടുതൽ ശാരീരികാദ്ധ്വാനം ആവശ്യമുള്ള ജോലികളിൽ ഉള്ളത്. അവരെ ഒഴിച്ചു നിർത്തിയാൽ ഓഫീസുകളിലും കടകളിലും സൂപ്പർ മാർക്കറ്റുകളിലും ജോലി ചെയ്യുന്നവർ, ഭാരിച്ച ജോലികൾ ചെയ്യേണ്ടതില്ലാത്ത കമ്പനി തൊഴിലാളികൾ ഇവരൊക്കെയും കൃത്യമായ വ്യായാമം ആവശ്യമുള്ളവരാണ്. എന്നാൽ ഇവർക്കിടയിൽ വ്യായാമത്തിന്റെ കാര്യത്തിൽ  ശ്രദ്ധയുള്ള ഒരു പത്തു ശതമാനം ആളുകളെപോലും നമുക്ക് കണ്ടെത്താൻ കഴിയില്ല. രാവിലെ മൂളിപ്പാട്ടും പാടി  സൈക്കിൾ ചവുട്ടി ജോലി സ്ഥലത്തേക്ക് പോകുന്ന നിരവധി ഫിലിപ്പൈൻ യുവാക്കളെ ഗൾഫിലെ പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ട്. ദോഷം പറയരുതല്ലോ, അക്കൂട്ടത്തിൽ ഇന്നേ വരെ ഒരു മലയാളിയെ കണ്ടിട്ടില്ല. ടി വി യും ഇന്റർനെറ്റും നെറ്റ് ഫോണുകളും ഒഴിവു സമയം സമ്പൂർണമായി കവർന്നെടുക്കപ്പെട്ട ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ലൈഫ് സ്റ്റൈൽ രോഗങ്ങളുടെ തടവുകാരാണ് പ്രവാസികൾ.  തലകറക്കം, വീഴ്ച, ആംബുലൻസ്, മോർച്ചറി... പ്രവാസത്തിന്റെ ചതുരംഗ കള്ളികളിൽ കൂടുതൽ നിറഞ്ഞാടുന്നത് നാം കേൾക്കാനും കാണാനും ഇഷ്ടപ്പെടാത്ത ഈ പദങ്ങളും വാർത്തകളുമാണ്.

എന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന ഗുജറാത്തുകാരൻ ഫിനാൻസ് മാനേജർ.. ഒരു ദിവസം ഓഫീസിൽ തലകറങ്ങി വീണു. ഉടനെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനകൾ നടത്തി മരുന്ന് നല്കി. ഒരു ഇൻജക്ഷനും നല്കിയതോടെ കക്ഷി ഉഷാറായി.. പക്ഷേ ഡോകടർ അദ്ദേഹത്തിന്റെ തൊലിപ്പുറത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ചുവന്ന തരിതരി പോലുള്ള അടയാളങ്ങൾ ശ്രദ്ധിച്ച ശേഷം ചോദിച്ചു. കോള അധികമായി ഉപയോഗിക്കാറുണ്ടോ?. ഉണ്ട് എന്ന മറുപടി.. അവ ഉടനടി നിർത്തണമെന്ന് ഡോകടർ.. കഴിയില്ലെന്ന് വളരെ പ്രയാസത്തോടെ പ്രമേഹ ബാധിതൻ കൂടിയായ രോഗി. ദിവസവും മൂന്ന് കൊക്കോ കോള (അതല്ലെങ്കിൽ പെപ്സി) കുടിക്കുന്നയാളാണ് അദ്ദേഹം. ഓരോ ഭക്ഷണത്തോടോപ്പവും അത് നിർബന്ധം. ഭക്ഷണം വളരെ കുറച്ചേ കഴിക്കൂ.. പക്ഷേ കോള അല്പാപമായി മൊത്തിക്കുടിക്കുന്നതു അദ്ദേഹത്തിന്റെ ചേംബറിൽ എപ്പോൾ പോയാലും കാണാം. കൂടിയ അളവിലുള്ള അതിന്റെ ഉപയോഗം കരളിനെയും വൃക്കകളെയുമെല്ലാം സ്വാധീനിച്ചതായി പരിശോധനയിൽ അറിയാൻ കഴിഞ്ഞു. ഇപ്പോൾ കോള സമ്പൂർണമായി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. പ്രവാസികളിൽ കോള അഡിക്റ്റുകൾ വളരെ കൂടുതലാണ്. സാൻഡ്വിച്ചും കോളയും ഒരു ദേശീയ ഭക്ഷണം എന്ന നിലയ്ക്കാണ് പ്രവാസികളിൽ പലരും ഉപയോഗിക്കാറുള്ളത്. വെള്ളത്തിനും കോളയ്ക്കും ഒരേ വില കൊടുക്കേണ്ടി വരുമ്പോൾ വെറുതെയെന്തിന് വെള്ളം കുടിക്കണം എന്ന തോന്നലിൽ നിന്നാണ് പലരുടെയും കോള ഉപയോഗം ആരംഭിക്കുന്നത്. അത് പതിയെ ഒരു അഡിക്ഷന്റെ തലത്തിലേക്ക് വളരുകയാണ് പതിവ്.

പ്രമേഹവും ഉയർന്ന രക്ത സമ്മർദ്ദവുമാണ് പ്രവാസികളിൽ കിഡ്നി രോഗങ്ങൾ ആശങ്കാജനകമായ അളവിൽ വർദ്ധിക്കുവാൻ കാരണം.  ഗൾഫിലെ ചൂടുള്ള കാലാവസ്ഥയിൽ മതിയായ അളവിൽ  വെള്ളം കുടിക്കാത്തതും ഈ രോഗത്തെ ക്ഷണിച്ചു വരുത്തുന്ന കാരണങ്ങളിൽ ഒന്നാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടാറുണ്ട്. ഒരു യുവജന സന്നദ്ധ സംഘടനയായ ഫോക്കസ് ജിദ്ദയുടെ കീഴിൽ ഈയിടെ  ജിദ്ദയിലെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് വേണ്ടി നടത്തിയ കിഡ്നി പരിശോധനയിൽ വളരെയധികം പേരെ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ ഉള്ളവരായി കണ്ടെത്തി. ചിലർ ഗുരുതരമായ തലത്തിലേക്ക് കടന്നിട്ടുണ്ട്. പക്ഷേ ഞങ്ങൾ അവിടെയെത്തുന്ന ആ ദിവസം വരെ അവരാരും രോഗം തിരിച്ചറിഞ്ഞിട്ടില്ല. പലപ്പോഴും ചികിത്സ കൊണ്ട് ഫലം ലഭിക്കാത്ത ഗുരുതരമായ അവസ്ഥയിലാണ്‌ രോഗാവസ്ഥ തിരിച്ചറിയുക. അപ്പോഴേക്കും വൈകിപ്പോയിരിക്കും. വൻ സാമ്പത്തിക ചിലവ് വരുന്ന ഡയാലിസിസും കിഡ്നി മാറ്റി വെക്കലുമല്ലാതെ മറ്റൊരു ചികിത്സയും ഫലപ്രദമാകാത്ത ഘട്ടം വരുന്നു. ഇത്തരം രോഗങ്ങൾക്ക് കീഴടങ്ങി ജോലി ഒഴിവാക്കി നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നു. കൃത്യമായ ഇടവേളകളിൽ ലളിതമായ പരിശോധനകളിലൂടെ കണ്ടെത്താവുന്നതും ചികിത്സിച്ചു മാറ്റാവുന്നതുമായ പല രോഗങ്ങളും അശ്രദ്ധ മൂലം ഗുരുതരാവസ്ഥയിൽ എത്തിയ ശേഷമാണ് തിരിച്ചറിയുന്നത്‌. കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രശ്നങ്ങളും സങ്കടങ്ങളും തീർക്കാൻ വേണ്ടിയുള്ള അശ്രാന്ത പരിശ്രമത്തിനിടയിൽ സ്വന്തം ശരീരത്തെ മറന്നു പോകുന്ന പ്രവാസികൾ..

പണ്ടത്തെപ്പോലെയല്ല, നാട്ടിലെ സാമൂഹ്യമണ്ഡലത്തിൽ ഗൾഫുകാരന്റെ ഇമേജിന് പുല്ലുവിലയില്ല. ആദിവാസികളും പ്രവാസികളും എന്ന ഒരു പ്രയോഗം തന്നെ രൂപപ്പെട്ട് വരുന്നുണ്ട്. ത്രിബിൾ ഫൈവ് സിഗററ്റും കൂളിംഗ് ഗ്ലാസും അറേബ്യൻ അത്തറുമായി നാട്ടുകാരുടെയും വീട്ടുകാരുടെയും ആരാധനാപാത്രങ്ങളായി വിലസിയിരുന്ന പഴയ കാലം പോയ്മറഞ്ഞു. ഗൾഫുകാരെ കണ്ടാൽ ഒരുവിധം ആളുകളൊക്കെ മാറി നടക്കാൻ തുടങ്ങിയ കാലമാണിത്. അതുകൊണ്ട് തന്നെ സ്വയം തിരിച്ചറിവിന്റെ ഘട്ടത്തിലേക്ക് ഓരോ പ്രവാസിയും എത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രവാസത്തിന്റെ ദുരിത കാലത്തിനു ശേഷം ആർക്കും വേണ്ടാത്തവനായി തിരിച്ചു ചെല്ലുമ്പോൾ വീഴാതെ പിടിച്ചു നില്ക്കാൻ ആരോഗ്യമുള്ള ഒരു ശരീരമെങ്കിലും ബാക്കിയാവേണ്ടേ..

കഴിഞ്ഞ അവധിക്കാലത്തുണ്ടായ ഒരനുഭവം പറയാം. കടലുണ്ടിയിലെ എന്റെ അമ്മാവന്റെ വീട്ടിൽ പോയതായിരുന്നു ഞാൻ. അമ്മായിയുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ രണ്ട് പേർ കല്യാണം ക്ഷണിക്കാൻ എത്തി. എനിക്ക് പരിചയമില്ലാത്ത രണ്ട് പേർ. അമ്മായി അവർക്ക് വെള്ളമെടുക്കാൻ വേണ്ടി അകത്തേക്ക് പോയപ്പോൾ ഞാൻ ചോദിച്ചു. ആരുടെതാണ് വിവാഹം. മകളുടെതാണോ?. മറുപടി ഒന്നും പറയാതെയിരുന്നപ്പോൾ അദ്ദേഹം കേട്ടില്ല എന്ന് കരുതി ഞാൻ വീണ്ടും ചോദിച്ചു. എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അയാൾ പറഞ്ഞു. "അല്ല, എന്റെ കല്യാണം തന്നെയാണ്". ഇതുപോലൊരു ചമ്മൽ എന്റെ ജീവിതത്തിൽ ഞാൻ ചമ്മിയിട്ടില്ല. അമ്മായീ, വെള്ളമെവിടെ എന്ന് ചോദിച്ചു ഞാൻ പെട്ടെന്ന് അകത്തേക്ക് മുങ്ങി. പ്രവാസിയാണയാൾ. ഏറെക്കാലമായി ഗൾഫിലാണ്. ചെറുപ്പമെങ്കിലും തലയുടെ മുൻഭാഗം കഷണ്ടി തിന്നിട്ടുണ്ട്. ക്ഷീണിച്ച മുഖം. കുഴിഞ്ഞ കണ്ണുകൾ.. ഒറ്റ നോട്ടത്തിൽ ഏറെ പ്രായം തോന്നിക്കും. രണ്ട് സഹോദരിമാരുടെ കല്യാണം കഴിച്ച ക്ഷീണത്തിൽ സ്വന്തം വിവാഹം അല്പം വൈകിച്ചതാണ്. വിശദമായ ചിത്രം അമ്മായി നല്കി. കണ്ണുകൾ കുഴിഞ്ഞ്, ഊർജ്വസ്വലത നശിച്ച് കഷണ്ടി കയറിയ ചെറുപ്പക്കാർ ഗൾഫിന്റെ സംഭാവനകളിൽ പ്രധാനമാണ്.

ഭാര്യയും കുട്ടികളുമായി പ്രവാസ ലോകത്ത്  കഴിയുന്ന കുടുംബങ്ങളിലും ആരോഗ്യ പ്രശ്നങ്ങളുടെ ആധിക്യം കാണാം. കുട്ടികളിൽ കാണുന്ന പൊണ്ണത്തടി, ഉറക്കവും ആലസ്യവും കൊഴുപ്പും സമാസമം ചേർന്ന ഒരു ജീവിത രീതിയുടെ ഫലമായി ഉരുണ്ടു തടിച്ച് മല പോലെ നീങ്ങുന്ന ഭാര്യമാർ. എഴുന്നേറ്റ് നിന്നാൽ കുടവയറു കാരണം ഭൂമി മറയുന്ന ഭർത്താക്കന്മാർ. ഓരോ പ്രവാസി കുടുംബങ്ങളിലേക്കും സൂക്ഷ്മ നിരീക്ഷണത്തിന്റെ ക്യാമറ തിരിച്ചു വച്ചാൽ ലെൻസിൽ പതിയുന്ന ദൃശ്യങ്ങൾ ഇവയൊക്കെയാണ്. ഗൾഫുകാരനും വേണം ആരോഗ്യ ശീലങ്ങളിൽ ഒരു മാറ്റം. ആഴ്ചയിൽ ഏതാനും ദിവസമെങ്കിലും അര മണിക്കൂറിൽ കുറയാത്ത വ്യായാമം. കളിയോ നടത്തമോ ജോഗിങ്ങോ എന്തായാലും കൊള്ളാം. ഭക്ഷണ രീതികളിൽ ഒരു ചെറിയ ശ്രദ്ധ. ഫാസ്റ്റ് ഫുഡും വറുത്തതും പൊരിച്ചതും നിറഞ്ഞു നില്ക്കുന്ന തീന്മേശകളിൽ നിന്ന് പച്ചക്കറികളും പഴവർഗങ്ങളും ഇത്തിരിയെങ്കിലും നാരുകളടങ്ങിയ ഭക്ഷണ രീതിയിലേക്കുള്ള മാറ്റം.  അനിവാര്യമായ ചില തിരിച്ചറിവുകൾ.. അത്യന്താപേക്ഷിതമായ ചില മുൻകരുതലുകൾ. പതിവ് രീതികളിൽ നിന്ന് അല്പമൊരു വ്യതിയാനം. കടയിലേക്ക് പോകും വഴി കമഴ്ന്നടിച്ച് വീണ് ശ്വാസം നിലച്ച ആ പാവം പ്രവാസിയുടെ മുഖം ഓർമയിൽ നിന്ന് മായുന്നില്ല.. അവന്റെ പെട്ടിയിൽ മകൾക്ക് വേണ്ടി കരുതിവെച്ച കളിപ്പാട്ടങ്ങളും.

Related Posts
അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോട് പറയുന്നത്
ഗൾഫ് മലയാളീ, നാറ്റിക്കരുത്

Recent Posts
ഫറസാൻ ദ്വീപിലേക്ക്
പാഠം ഒന്ന്: ദിൽഖുഷ് വലിച്ചെറിയരുത്
ബ്രിട്ടാസ് നായകൻ ! കൊല്ല്.. കൊല്ല്.. ഞങ്ങളെയങ്ങ് കൊല്ല്
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?

37 comments:

 1. ഞാനെന്നോട്‌ തന്നെ വായിക്കണമെന്ന് ആവശ്യപ്പെട്ട് എഴുതിയതാണ്. :)

  ReplyDelete
 2. Basheer, excellent article. It is high time that we all including me to look into it. The only thing we do not care is our health. We are conveniently avoiding or forgetting that how value each and every person's health is valuable. I have seen a lot of western expats in my office never spend a second in office for the sake of doing it, once they have done their works they leave and go into gym, swimming or else where which can support their help, in such place, please just see what an Indian expat might do. Go back home, have tea (that too like payasam, milk, sugar etc), then snacks, watch TV, jump into smart phone mover around face book, twitter, etc and by mid night back to sleep. In between pumping in chicken, beef and so on. It is high time for us to change else there will be none to change. A good call Basheer.

  ReplyDelete
  Replies
  1. You said it Jhonmelvin.. compared to western expats living in the Gulf, our lifestyle is quite dangerous in terms of health consciousness. . They are concerned about their health, thus they maintain certain physical activities..

   Delete
 3. വൈകുന്നേരം കിടക്കുമ്പോ തീരുമാനിക്കും രാവിലെ എണീറ്റ് ഓടണം എന്ന് . സുബഹി നമസ്കാരം കഴിഞ്ഞാൽ ഉടനെ ഒരു അമൻമന്റ്റ് പാസാക്കും 'നാളെ തുടങ്ങാം ' :)

  ReplyDelete
 4. വളരെ നല്ല അര്‍ത്ഥവത്തായ ലേഖനം, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിത്യവും വ്യായാമം ചെയ്യുന്ന വ്യക്തിയാണ് ഞാന്‍ അതുകൊണ്ട് ഇതില്‍ പറഞ്ഞിരിക്കുന്ന യാതൊരു അസുഖങ്ങളും എനിക്കില്ല (സര്‍വ്വശക്തുനു സ്തുതി ) എന്‍റെ സുഹൃത്തുക്കളോട് എന്നും ഞാന്‍ പറയാറുണ്ട്‌ വ്യായാമം ചെയ്യുന്നതിനെ കുറിച്ച് എന്ത് ചെയ്യാന്‍ എല്ലാവരും നാളെ നാളെ എന്നും പറഞ്ഞു മാറ്റിവെക്കും. എല്ലാവര്‍ക്കും ആയുരാരോഗ്യം പ്രധാനംചെയ്യട്ടെ.

  ReplyDelete
 5. വല്ലപ്പോഴും ട്രെഡ് മില്ലിൽ ജോഗ് ചെയ്യാറുണ്ട്. എഴുതാനുള്ള പല ത്രെഡുകളും മനസ്സിൽ വരാറുള്ളത് അപ്പോഴാണ്‌. ഒരു വേള, ശരീരം ആക്റ്റീവ് ആകുമ്പോൾ നമ്മുടെ ചിന്തകളും ആക്റ്റീവ് ആകുന്നതാകാം.. ശാസ്ത്രീയത എനിക്കറിയില്ല. പക്ഷേ പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്..

  ReplyDelete
 6. മെഡിക്കൽ രംഗത്തും കൈ വെച്ചു അല്ലേ :) കൊള്ളാം, കണ്ണ് തുറപ്പിക്കുന്ന ഉദാഹരണങ്ങൾ !

  ReplyDelete
 7. ഉപകാരപ്രദമായ ലേഗനം, ഒരുദിവസം നേർ പകുതിയുടെ നിർബന്ദത്തിനു വഴങ്ങി BP ചെക്ക്‌ ചെയ്തതാ അമ്പരന്നു പോയി, 190-100 .. Dr ക്കു തന്നെ സംശയം 2 മണിക്കൂർ റസ്റ്റ്‌ ചെയ്തു വീണ്ടും ചെക്ക്‌ ചെയ്തു ഒരു മാറ്റവുമില്ല, ഇന്നുവരെ ഒരു ചെറിയ പനിപോലും വരാത്ത, എന്നും ഊര്ജസ്വലനായ, 30 വയസ്സിനു താഴെ മാത്രം പ്രായമുള്ള എനിക്ക് ഹൈ BP, അന്ന് തുടങ്ങിയതാ മെഡിസിൻ .. പക്ഷേ അന്ന് തന്നെ തുടങ്ങിയതാ വ്യായാമം, ഡെയിലി മിനിമം 5KM നടത്തം, 1KM ഓട്ടം, ഇതൊന്നും കൂടാതെ 1 KM Up and Down ഓഫിസിലേക്ക് നടക്കുന്നു, ഇപ്പോൾ മരുന്നില്ലെങ്ങിലും BP നോർമലാണ്, Alahamdulilla മറ്റു അസുഗങ്ങലോന്നുമില്ല...

  പല ജീവിത ശൈലി രോഗങ്ങളും ഒരു ലക്ഷണവും പ്രകടിപ്പിക്കില്ല, പെട്ടെന്നൊരു ഒരു സ്ട്രോക്ക്, ചിലപ്പോൾ മരണം. എന്നെപോലെ "എനിക്ക് ഒരു പനി പോലും വരാറില്ല" എന്നു അഹങ്ങരിക്കേണ്ട...

  ReplyDelete
 8. പ്രവാസികൾ മാത്രം വായിക്കേണ്ട ഒരു പോസ്റ്റല്ല ഇത്. ഇത് എല്ലാവർക്കും ബാധകമാണ് ബഷീര് ഭായ്

  ReplyDelete
 9. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് പ്രവാസിയുടെ ജീവിതം,അയാള്‍ക്കൊരു തിരിച്ചറിവു ണ്ടായിരുന്നെങ്കില്‍......................

  ReplyDelete
 10. നല്ല ഒരു പോസ്റ്റ്‌ ..അഭിനന്ദനങ്ങൾ ബഷീർ ഭായ്

  ReplyDelete
 11. അമ്മാവന്റെ വീട്ടിൽ നിന്ന് പറ്റിയ അബദ്ധം വായിച്ച് കുറെ ചിരിച്ചു ബഷീര്ക്ക. ശരിക്കും ഉണ്ടായതാണോ?

  ReplyDelete
  Replies
  1. തമാശയല്ല, ശരിയ്ക്കും സംഭവിച്ചത്.. ഇക്കാര്യം പറഞ്ഞ് വീട്ടിൽ പലപ്പോഴും ഞങ്ങൾ ചിരിക്കാറുണ്ട്..

   Delete
 12. ഒറ്റവാക്കില്‍ പറയാം ഐ ലവ് യു ബഷീര്‍ ക്ക :) .. ഒരു ഫോക്കസ് കടം ബാക്കിയുണ്ട് മറക്കണ്ട :)

  ReplyDelete
  Replies
  1. ഫോക്കസ് കാര്യം മറന്നിട്ടില്ല. പരിഗണനയിലാണ്.

   Delete
 13. നന്നായി ഈ ഓർമ്മപ്പെടുത്തലുകൾ... കുറെ നാളുകളായി നിന്നു പോയ നടത്തം തുടങ്ങി വെച്ചിട്ട് ആഴ്ചയുടെ ആയുസ്സേ ആയിട്ടുള്ളൂ. എന്നാലും നല്ല സുഖം.. ശരീരത്തിനും മനസിനും.. -മാനസിക സംഘർഷങ്ങളെ അത്ര പെട്ടെന്നൊന്നും പ്രവാസ ലോകത്ത് നിന്ന് പറിച്ചു നടാനാവില്ല. അത് ഓരോ പ്രവാസിയുടെയും കൂടെപ്പിറപ്പാണ്. - എന്നത് അടിവരയിടേണ്ടതാണ്.. ആശംസകൾ..

  ReplyDelete
 14. നല്ല പോസ്റ്റ്. ഓർമ്മപെടുത്തലുകൾക്ക് നന്ദി.

  ReplyDelete
 15. കുടുംബത്തിന്‍റെ ക്ഷേമത്തിനു പ്രാധാന്യം കൊടുക്കുന്ന പ്രവാസി സ്വന്തം ക്ഷേമത്തിനു അത്ര പ്രാധാന്യം നല്‍കുന്നില്ല. നെറ്റില്‍ ഫോണില്‍ ‘പിന്നെന്താ വര്‍ത്താനം എന്ന് ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു മണിക്കൂര്‍ തികയ്ക്കുന്നതിനു പകരം പുറത്തെ കാഴ്ചകള്‍ കണ്ടൊന്നു നടന്നാല്‍ മനസ്സും ശരീരവും ഉന്മേഷഭരിതമാകും.

  ReplyDelete
 16. അലസമയക്കത്തിൽ കേട്ട അലാറം പോലെ.
  ഉണർന്നെണീക്കുന്നവർക്കു പ്രയോജനപ്പെടും. തീര്ച്ച.

  ReplyDelete
 17. ഒപ്പം മണല്‍ മല കയറിയപ്പോഴും മരുഭൂമിയിലൂടെ കൂടെ നടന്നപ്പോഴും ഇങ്ങിനെ ഒരു ത്രഡ് ആ മനസ്സില്‍ വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ലല്ലോ റബ്ബേ ...:)
  ഞാനൊന്നു നോക്കട്ടെ എന്റെ കുടവയര്‍ കുറയുമോന്നു ങാ ഹാ ..

  ReplyDelete
  Replies
  1. ഹ.ഹ.. വയറു കുലുക്കിയുള്ള നിങ്ങളുടെ ആ നടത്തമാണ് ഈ പോസ്റ്റിന്റെ ത്രെഡ്.. :P

   Delete
 18. കിട്ടിയ സമയം ഉറങ്ങി തീര്‍ക്കുന്നവന്‍.,ഈ വ്യായാമവും മൊബൈല്‍ വഴി ചെയ്യാന്‍ കഴിയുമോയെന്ന് ചിന്തിക്കുന്നു..!

  ReplyDelete
 19. എത്രയും എഴുതിയ നിലക്ക് എന്റെ ചില അറിവുകൾ പങ്കു വെക്കുന്നു ..

  1. കൊക്കോ കോള , പെപ്സി എന്നിവയിൽ അടങ്ങിയ high fructose corn syrup എന്നതു വളരെ അപകടകാരിയാണ് ..ഒരു 300 ml coco cola കഴിച്ചാൽ നമുക്ക് 7 ദിവസം ശരീരത്തിന് വേണ്ട പഞ്ചസാര ലഭിക്കുന്നു ..

  2. വ്യായാമം കൊണ്ട് മാത്രം രോഗം മാറില്ല ...WHO പ്രകാരം ഒരാൾ ഒരു ദിവസം 5 servings പച്ചകരിയോ ഫരൂറ്സോ കഴിക്കണം ..ഒരു വാഴ പഴം ഒരു serving ആണ് ..ഒരു കക്കിരി ഒരു serving ആണ് ...

  3. japanil കണ്ടു പിടിച്ച , ശാസ്ത്രീയമായി തെളിയിക്കപെട്ട ഒരു 10K എ day എന്ന പ്രോഗ്രാം എല്ലാ ജീവിത ശൈലി രോഗങ്ങൾക്കും ആശ്വാസം ആണ് ..അതായതു ഒരു ദിവസം 10000 അടി നടക്കുക ..ഒരുമിച്ചു നടക്കണം എന്നില്ല .. പക്ഷെ 10000 സ്റ്റെപ് എന്ന്നുള്ളത് 8000 ആക്കിയാൽ ഗുണം കുറയും എന്ന് 13 വർഷത്തെ ടെസ്റിന് ശേഷം കണ്ടെത്തിയിട്ടുണ്ട് ..ഇന്നു അമരിക്കയിൽ അധിക കോർപ്പറേറ്റ് സ്ഥാപനവും ഇതു നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട് ( ഇതു വിശ്വസിക്കാം ..കാരണം ഞാൻ ഇതു ചെയ്യുന്ന ആളാണ് ..ഇൻറർനെറ്റിൽ ഇൻഫർമേഷൻ കിട്ടും ).പല സ്മാർട്ട്‌ ഫോണിലും pedo meter ഉണ്ട് ..അത് കൊണ്ട് സ്റ്റെപ് അള കാവുന്നത് ആണ് - താങ്കൾ ഇതു പഠിച്ചു 10k യെ പറ്റി ഒരു പോസ്റ്റ്‌ ഇടണം എന്ന് അഭ്യർത്ഥിക്കുന്നു

  4. WHO sugar ( 25 ഗ്രാമിൽ കൂടുതൽ ഒരു ദിവസം ) കഴിക്കുന്നത്‌ പുകവലിക്ക് തുല്യമായി കണക്കാക്കിയിരിക്കുന്നു ..അത് കൊണ്ട് ഷുഗർ കഴിക്കുന്നത്‌ കുറയ്ക്കുക ...

  ReplyDelete
 20. "നിറഞ്ഞ വയര്‍ ഒഴിഞ്ഞ തലയോട്ടി ഉണ്ടാക്കും" എന്നാണ് ചൊല്ല്
  ഭക്ഷണം നിയന്ത്രിച്ചാല്‍, ഒരല്പം വ്യായാമം ചെയ്താല്‍ ഒള്ള കാലം ആരോഗ്യത്തോടെ കഴിയാം .
  എന്നാല്‍ ആര്‍ക്കും എപ്പോഴും മരണം പ്രതീക്ഷിക്കാവുന്നതാണുതാനും ........

  യോഗ ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഒരു ലിങ്ക് താഴെ
  ഇവിടെ അമര്‍ത്തി നോക്കൂ

  ReplyDelete
 21. ഉപകാരപ്രദമായ പോസ്റ്റ്‌, പക്ഷേ ഇതൊക്കെ വായിച്ചും കണ്ടും അറിഞ്ഞിട്ടും 'നമ്മളെന്താ നന്നാവാത്തേ ..... ?'

  ReplyDelete
 22. ചിന്തിപ്പിക്കാന്‍ തരത്തില്‍ പ്രയോജനപ്രദമായ നല്ലൊരു പോസ്റ്റ്.
  ആശംസകള്‍

  ReplyDelete
 23. It is so pathetic to see the figure of Mallus in Gulf countries, not only in Gulf but in Kerala too. We can not find a well structured body in most of the males / females. People, began to do some work out or go for a walk only after once the doctor says you gonna die of diabetes or heart attack. In fact the health education or awareness amidst Indians are very less.

  In these days you can see every where GYMs are springing up. I feel pity on most of the GYMs where the instructors does not know head and tail of the human body. During late 90's we have done a Survey in metropolitan cities of India to know the standard of the GYMS. Unfortunately there was not a single GYM in KERALA where we could find an Instructor who has the knowledge about human body. The situation remains still the same. And in gulf too most of the GYMs are being run by uneducated Instructors!!

  Vinu

  ReplyDelete
 24. നല്ല ലേഖനം ,..ഇത് എല്ലാവരും പ്രാവര്‍ത്തികമാക്കിയാല്‍ നന്നായിരുന്നു ..

  ReplyDelete
 25. Good post..it is remembering again and again about the necessity of the excercise in human life.

  ReplyDelete
 26. Dear Basheerbhai,
  ഓരോ പ്രവാസി കുടുംബങ്ങളിലേക്കും സൂക്ഷ്മ നിരീക്ഷണത്തിന്റെ ക്യാമറ തിരിച്ചു വച്ചാൽ ലെൻസിൽ പതിയുന്ന ദൃശ്യങ്ങൾ ഇവയൊക്കെയാണ്. ഗൾഫുകാരനും വേണം ആരോഗ്യ ശീലങ്ങളിൽ ഒരു മാറ്റം. ആഴ്ചയിൽ ഏതാനും ദിവസമെങ്കിലും അര മണിക്കൂറിൽ കുറയാത്ത വ്യായാമം. കളിയോ നടത്തമോ ജോഗിങ്ങോ എന്തായാലും കൊള്ളാം. ഭക്ഷണ രീതികളിൽ ഒരു ചെറിയ ശ്രദ്ധ. ഫാസ്റ്റ് ഫുഡും വറുത്തതും പൊരിച്ചതും നിറഞ്ഞു നില്ക്കുന്ന തീന്മേശകളിൽ നിന്ന് പച്ചക്കറികളും പഴവർഗങ്ങളും ഇത്തിരിയെങ്കിലും നാരുകളടങ്ങിയ ഭക്ഷണ രീതിയിലേക്കുള്ള മാറ്റം. അനിവാര്യമായ ചില തിരിച്ചറിവുകൾ..
  Thanks for your findings which knowingly or otherwise general public forget to take into consideration. Some 8 months back there had a good propaganda here against ‘maida’ and ‘porotta’ made out of it. After that regular ads seeking ‘porotta master’ found less in dailies!

  Hope like that your blog detailing health concerns may reach each and every one in gulf as well as in mainland.

  ReplyDelete
 27. സമീര്‍ എഴുതിയത് വളരെ നല്ല അഭിപ്രായം ആണ്. ഫോണില്‍ ഉള്ള പീഡോ മീറ്ററിനെക്കാള്‍ നല്ലത് ഇതിനു മാത്രമായി നിര്‍മിക്കുന്ന ഡിവൈസുകള്‍ ആണ്. ഞാന്‍ ഉപയോഗിച്ച്‌ നോക്കിയത് fitbit ആണ്. അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യം ഉള്ളവര്‍ക്ക് ഈ പോസ്റ്റ്‌ നോക്കാവുന്നതാണ് https://thahirkk.wordpress.com/2012/12/05/fitbit/

  ReplyDelete
 28. കുറച്ചുപേരുടെയെങ്കിലും കണ്ണ് തുറപ്പിക്കാൻ ഈ നല്ല പോസ്റ്റിനു കഴിയാതിരിക്കില്ല ബഷീർ. ഞാനിത് ഷെയർ ചെയ്യുന്നു.

  ReplyDelete
 29. جَزَاكَ اللَّهُ خَيْرًا
  വളരെ നല്ലൊരു കാര്യം വായിച്ച സന്തോഷത്തിലാണു ഞാൻ. ഇത്‌ എഴുതിയ ബഷീർക്കാക്ക്‌ നല്ലത്‌ വരട്ടെ. ഇന്നു മുതൽ ഇൻഷാ അല്ലാഹ്‌ സ്വന്തം ശരീരത്തിനോട്‌ ജിഹാദ്‌ ചെയ്യാൻ തന്നെ തീരുമാനിച്ചു.

  ReplyDelete