May 29, 2011

അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോട് പറയുന്നത്

അതിരൂപിനെ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്‌. കാനേഷുമാരി ഐഡന്റിറ്റിയില്‍ നിന്ന് ഒരാള്‍ക്ക് മോചനം ലഭിക്കുന്നത് അയാള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമ്പോഴാണ്. സമൂഹത്തില്‍ ഒരു ചലനവും ഉണ്ടാക്കാതെ ജീവിച്ചു പോകുമ്പോള്‍ ജനസംഖ്യാ  കണക്കുപുസ്തകത്തിലെ ഒരക്കം മാത്രമായി നമ്മള്‍ മാറും. ഒഴുക്കിനൊത്ത് നീന്തുന്ന ബഹുഭൂരിപക്ഷത്തിനിടയില്‍ അതിരൂപ് നൂറ്റൊന്നു ശതമാനം വ്യത്യസ്തനാണ്. നാം ജീവിക്കുന്ന ചുറ്റുപാടിനോടും പ്രകൃതിയോടും നമ്മുടെ തന്നെ ആരോഗ്യത്തോടും അല്പം ചങ്ങാത്തം കൂടുന്ന ഇക്കോ ഫ്രണ്ട് ലി ആയ ഒരു പ്രൊജക്റ്റുമായാണ് ഈ ചെറുപ്പക്കാരന്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. എ ബി സി അഥവാ 'അതിരൂപ് ബൈസിക്കിള്‍ ക്ലബ്ബ്'. ഒരു ബൈസിക്കിള്‍ ക്ലബ്ബില്‍ പുതുമയെന്തെന്ന് ചോദിക്കും. ഉണ്ട് അല്പം പുതുമയുണ്ട്

വാഹനങ്ങളുടെ പെരുപ്പം, ട്രാഫിക് ജാമുകള്‍ , ഇന്ധന ക്ഷാമം, പരിസര മലിനീകരണം, അപകടങ്ങള്‍ തുടങ്ങി നഗര ജീവിതത്തിന്റെ നിത്യ ദുരിതങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കഴിയാതെ അവയോടൊക്കെ രാജിയായി കഴിയുന്നവര്‍ക്കിടയില്‍ അതിരൂപിന്റെ എ ബി സി ക്ക് ഒത്തിരിയല്ലെങ്കിലും ഇത്തിരി പ്രസക്തിയുണ്ട്. തിരുവനന്തപുരം നഗരത്തിലാണ് ഈ ചെറുപ്പക്കാരന്‍ തന്റെ പരീക്ഷണ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.  നഗരത്തിലെ  തമ്പാനൂര്‍ , വെള്ളയമ്പലം, വഴുതക്കാട്, കവടിയാര്‍ ,  മ്യൂസിയം, ശാസ്തമംഗലം, ബേക്കറി ജങ്ങ്ഷന്‍, പഴവങ്ങാടി തുടങ്ങി തിരക്ക് പിടിച്ച പല കേന്ദ്രങ്ങളിലും അതിരൂപിന്റെ സൈക്കിളുകള്‍ കാണാം. ഓരോ കേന്ദ്രത്തിലും റോഡരുകില്‍ പ്രത്യേകം തയ്യാറാക്കിയ റാക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഏതാനും സൈക്കിളുകള്‍ . ആവശ്യക്കാര്‍ക്ക് അതെടുത്തു ഉപയോഗിക്കാം. ഉപയോഗം കഴിഞ്ഞ ശേഷം അതേ സ്ഥലത്ത് തന്നെ സൈക്കിള്‍ തിരിച്ചു കൊണ്ട് വന്നു വെക്കണമെന്നില്ല. നഗരത്തിലെ എ ബി സി യുടെ ഏതെങ്കിലും ഒരു റേക്കില്‍ വെച്ചു പോയാല്‍ മതി. സൈക്കിള്‍ സ്റ്റാന്റുകള്‍ക്ക് സമീപം കാവല്‍ക്കാരോ ജോലിക്കാരോ ഇല്ല. സ്വന്തം കാശ് ചിലവാക്കി എഴുപതു സൈക്കിളുകളാണ് ഈ ചെറുപ്പക്കാരന്‍ ഇങ്ങനെ വാങ്ങി വെച്ചിരിക്കുന്നത്.


അതിരൂപ് തിരുവനന്തപുറത്തെ ഒരു സൈക്കിള്‍ റാക്കിന് സമീപം

ഇത്രയും വായിച്ചു കഴിഞ്ഞപ്പോഴേക്ക് ചിലരുടെയെങ്കിലും മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയിട്ടുണ്ടാവും. ചുളുവില്‍ ഒരു സൈക്കിള്‍ അടിച്ചെടുക്കാന്‍ നേരെ തമ്പാനൂരിലേക്ക് വെച്ചു പിടിക്കാമെന്ന്. അത് നടക്കില്ല. അതിരൂപ് അത്ര പൊട്ടനല്ല. മുപ്പത്തൊന്നുകാരനായ ഈ ബി.ടെക് എഞ്ചിനീയര്‍ തന്റെ പ്രൊജക്റ്റിനു വളരെ പ്രായോഗികമായ ചില വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അമ്പതു രൂപ കൊടുത്ത് എ ബി സി യില്‍ മെമ്പര്‍ ആകുന്നവര്‍ക്കാണ്  ഇപ്പോള്‍ സൈക്കിള്‍ ഉപയോഗിക്കാന്‍ കഴിയുക. മെമ്പര്‍ ആകാന്‍ ചെയ്യേണ്ടത് ഇത്രമാത്രം. സൈക്കിളിന് മുകളില്‍ എഴുതിയിട്ടുള്ള മൊബൈല്‍ നമ്പറില്‍ (9645511155) വിളിച്ചു പേരും വിലാസവും നല്‍കുക. വീട്ടിലെ ലാന്‍ഡ്‌ ലൈന്‍ നമ്പര്‍ , ഇമെയില്‍ ഉണ്ടെങ്കില്‍ അതും നല്‍കുക. നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അമ്പതു രൂപ സ്റ്റാന്റിലുള്ള ബോക്സില്‍ നിക്ഷേപിക്കുക. നിക്ഷേപിക്കുന്ന നോട്ടിന്റെ അവസാന നാലക്കം എസ് എം എസ് ആയി അയക്കുക. ഉടന്‍ നിങ്ങള്‍ക്ക് സൈക്കിളിന്റെ നമ്പര്‍ ലോക്കിന്റെ പാസ് വേര്‍ഡ് തിരിച്ചു എസ് എം എസ്സായി ലഭിക്കും. പിന്നെ ഒന്നും ചെയ്യാനില്ല. സൈക്കിള്‍ ചവിട്ടാന്‍ അറിയുമെങ്കില്‍ അതെടുത്തു ചവിട്ടുക.!!!. എങ്ങോട്ടാണ് പോകേണ്ടതെന്ന് വെച്ചാല്‍ അങ്ങോട്ട്‌ വെച്ചു പിടിക്കുക. സൈക്കിളിന്റെ ഉപയോഗം കഴിഞ്ഞാല്‍ തിരിച്ചു പുറപ്പെട്ടിടത്തു തന്നെ കൊണ്ടു വെക്കേണ്ടതില്ല തൊട്ടടുത്ത എ ബി സി യുടെ ഏതെങ്കിലും റേക്കില്‍  സൈക്കിള്‍ വെച്ച് സ്ഥലം വിടാം.

പോകുമ്പോള്‍ ഇത്രയും കൂടി ചെയ്യണം. അതിരൂപിന്റെ നമ്പറിലേക്ക്‌ പാര്‍ക്ക് ചെയ്യന്ന റാക്കിന്റെ നമ്പര്‍ എസ് എം എസ് ചെയ്യണം. ഉടന്‍ സൈക്കിള്‍ ലോക്ക് ചെയ്യാനുള്ള കോഡ് നമ്പര്‍ തിരിച്ചു എസ് എം എസ് ആയി ലഭിക്കും. ആ നമ്പര്‍ ഉപയോഗിച്ച് സൈക്കിള്‍ ലോക്ക്  ചെയ്യുക. ലോക്ക് ചെയ്തു കഴിഞ്ഞാലുടന്‍ നിങ്ങള്‍ ഉപയോഗിച്ച  സമയം, ബാലന്‍സ് തുക എന്നിവ എസ് എം എസ്സായി ലഭിക്കും. മണിക്കൂറിനു രണ്ടു രൂപ  നിരക്കിലാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഒരു പ്രാവശ്യം പേര്‍ റെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഒരു എസ് എം എസ് അയക്കുന്ന പണിയേ വേണ്ടൂ.. സൈക്കിള്‍ റെഡി. ഇതൊക്കെ കേള്‍ക്കുമ്പോള്‍ 'അങ്കമാലിയിലെ പ്രധാനമന്ത്രി'യോട് ചോദിച്ച പോലെ 'വട്ടാണല്ലേ' എന്ന് ചോദിക്കുന്നവര്‍ കണ്ടേക്കും. ഇല്ല.  ഇതൊരു വട്ടുപദ്ധതിയല്ല. വളരെ കൃത്യമായി ഈ പദ്ധതി നടന്നു കൊണ്ടിരിക്കുന്നു. നഗരത്തിലെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ന്മാരും വിദ്യാര്‍ത്ഥികളും  അതിരൂപിന്റെ സൈക്കിളുകള്‍ ഉപയോഗിക്കുന്നു. തമ്പാനൂരില്‍ തീവണ്ടിയോ ബസ്സോ ഇറങ്ങുന്നവര്‍ ഒരു ഓട്ടോ പിടിച്ചു ജോലിസ്ഥലത്ത് എത്തുന്നതിനെക്കാള്‍ എളുപ്പത്തില്‍ ഈ സൈക്കിളുകള്‍ വഴി എത്തുന്നു. പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ ഇല്ല. പണം ലാഭം. ഇന്ധന ലാഭം. സമയ ലാഭം. എല്ലാത്തിലുമുപരി ജിമ്മില്‍ പോകാതെ തന്നെ നല്ല ഒരു വ്യായാമവും.

കാശ്മീരിലെ മഞ്ഞു മലയുടെ മുകളില്‍ സൈക്കിളുമായി അതിരൂപ്

കഴിഞ്ഞ ദിവസം ഞാന്‍ അതിരൂപിനെ വിളിക്കുമ്പോള്‍ അദ്ദേഹം കൊച്ചിയിലാണ്. തിരുവനന്തപുരത്തെ പ്രൊജക്റ്റ്‌ വിജയകരമായി മുന്നോട്ടു പോകുന്നത് കൊണ്ട് കൊച്ചിയിലും ഇതാരംഭിക്കാനുള്ള ആലോചനകള്‍ക്ക് വേണ്ടി എത്തിയതാണ് ഊര്‍ജ്വസ്വലനായ ഈ ചെറുപ്പക്കാരന്‍. അമ്പതു സൈക്കിളുകള്‍ കൊച്ചിയിലേക്കായി വാങ്ങിക്കഴിഞ്ഞു. ഏപ്രില്‍ പതിനഞ്ചു മുതലാണ്‌ അതിരൂപിന്റെ സ്വപ്ന പദ്ധതി തിരുവനന്തപുരത്തു പ്രവര്‍ത്തിച്ചു തുടങ്ങിയത്. മോഷണത്തിനും തട്ടിപ്പിനും ഏറെ പഴുതുകള്‍ ഉണ്ടെങ്കിലും ഇതുവരെ അത്തരം ഒരനുഭവം ഉണ്ടായിട്ടില്ലെന്ന് അതിരൂപ് പറഞ്ഞു. എന്നിരുന്നാലും സൈക്കിള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും അതിരൂപ് ഒരുക്കിയിട്ടുണ്ട്. ഈ ട്രാക്കിംഗ് ഉപയോഗിച്ച് സൈക്കിള്‍ ഏത് റൂട്ടിലൂടെ എങ്ങോട്ട് പോകുന്നു എന്നൊക്കെ അറിയാന്‍ പറ്റും. സൈക്കിള്‍ തിരിച്ചു റാക്കില്‍ വെച്ചില്ലെങ്കില്‍ വൈകിട്ട് വീട്ടില്‍ ആളെത്തുമെന്ന് ചുരുക്കം. അതിരൂപ് ആരാ മോന്‍? പക്ഷെ ഇതിന്റെയൊന്നും ആവശ്യം ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. വളരെ പോസിറ്റീവായ ഒരു സാമൂഹിക സംരംഭത്തോട്  ചേര്‍ന്ന് നില്‍ക്കുന്നു എന്ന അഭിമാനത്തോടെയാണ്  പലരും സൈക്കിളുകള്‍ ചവിട്ടുന്നത്. ക്രിയാത്മകമായ മാറ്റങ്ങള്‍ക്കു സമൂഹം തയ്യാറാണെന്നും അതിനു അവസരം ഉണ്ടാക്കിക്കൊടുക്കുക മാത്രമാണ് നമ്മള്‍ ചെയ്യേണ്ടതെന്നും അതിരൂപ് വിശ്വസിക്കുന്നു.       

കുട്ടിക്കാലം മുതലേയുള്ള സൈക്കിള്‍ പ്രേമം അതിരൂപിനെ ഇന്ത്യയില്‍ പലയിടത്തും സൈക്കിളുമായി സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരം യാത്രകളുടെ വിശദമായ വിവരങ്ങളും ചിത്രങ്ങളും അതിരൂപിന്റെ മനോഹരവും ലളിതവുമായ വെബ്‌ സൈറ്റില്‍ ഉണ്ട്. പട്നിടോപിലെ ഒരു മഞ്ഞുമലയില്‍ അതിരൂപ് സൈക്കിളുമായി നില്‍ക്കുന്ന ഒരു ഫോട്ടോ നെറ്റില്‍ കണ്ടതിനെത്തുടര്‍ന്നാണ് ഞാന്‍ അദ്ദേഹത്തിന്‍റെ വെബ്‌സൈറ്റില്‍ എത്തുന്നത്. ആയിരം കുതിരശക്തിയുള്ള മിലിട്ടറി ട്രക്കുകള്‍ പോലും കിതച്ചു കിതച്ചു കയറുന്ന ചെങ്കുത്തായ പര്‍വതനിരകളില്‍ ഒരു സാധാരണ സൈക്കിളുമായി ഒറ്റയ്ക്ക് ഒരു ചെറുപ്പക്കാരന്‍ യാത്ര നടത്തുന്നത് സങ്കല്പിക്കാന്‍ തന്നെ പ്രയാസമുണ്ട്.  കഴിഞ്ഞ വര്‍ഷം കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ പട്നിടോപ്പില്‍ ഞാന്‍ പോയിട്ടുണ്ട്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയിലും തിരിച്ചും അവിടെ വെച്ചാണ് ഉച്ചഭക്ഷണം കഴിച്ചത്. ആ മലനിരകളുടെ കൊതിപ്പിക്കുന്ന സൗന്ദര്യവും റോഡുകളുടെ ഓരങ്ങളിലെ പേടിപ്പെടുത്തുന്ന ആഴവും ഏറെ നേരം നോക്കിനിന്നിട്ടുണ്ട്. ആ കൌതുകമാണ് അതിരൂപിന്റെ ഫോട്ടോക്ക് പിറകെ പോകാന്‍ എന്നെ പ്രേരിപ്പിച്ചത്. എത്തിപ്പെട്ടതോ സൈക്കിളുകളെ സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ വിചിത്രമായ ലോകത്തിലും.

 എഡിന്‍ബര്‍ഗ് യൂനിവേര്‍സിറ്റി വിദ്യാര്‍ഥികള്‍ സൈക്കിളുകളുമായി

തന്റെ ആശയത്തെ പേറ്റന്റ്‌ റജിസ്ട്രേഷന്‍ ചെയ്യാനുള്ള ശ്രമങ്ങളും അതിരൂപ് നടത്തുന്നുണ്ട്. Cell-phone based bicycle sharing and parking using bicycle racks എന്നാണ് തന്റെ പ്രൊജക്ടിനെ അതിരൂപ് വിശേഷിപ്പിക്കുന്നത്. സൈക്കിളില്‍ യാത്ര ചെയ്യുന്നവരെ പഴഞ്ചന്മാരായി കാണരുതെന്നും പരിഹസിക്കരുതെന്നും എല്ലാവരോടും അതിരൂപ് അഭ്യര്‍ത്ഥിക്കുന്നു. പണം ഈടാക്കാതെ സൈക്കിളുകള്‍ നല്‍കാന്‍ കഴിയുന്ന ഒരു സംവിധാനത്തെക്കുറിച്ചാണ് ഈ ചെറുപ്പക്കാരന്‍ സ്വപ്നം കാണുന്നത്. സൈക്കിളുകള്‍ വാങ്ങുന്നതിനും അനുബന്ധ ചിലവുകള്‍ക്കുമായി സ്പോന്‍സര്‍ഷിപ്പുകളും പരസ്യങ്ങളും വാങ്ങുന്നതിനെക്കുറിച്ചും  ആലോചിക്കുന്നു.  "THIS ECO-FRIENDLY DRIVE SPONSORED BY " എന്ന കാപ്ഷന്‍ ചേര്‍ത്ത് സൈക്കിളുകളില്‍ പ്രായോജകരുടെ പരസ്യം കൊടുക്കാനുള്ള സാധ്യതയും ആലോചനയിലുണ്ട്.

അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോട് പറയുന്നത് ജീവിതത്തെ കുറേക്കൂടി ലളിതമായി കാണാന്‍ ശ്രമിക്കൂ എന്നാണ്. പെട്രോള്‍ വിലക്കെതിരെ ഹര്‍ത്താല്‍ നടത്തിയും ട്രാഫിക്ക് ജാമുകളില്‍ സ്വയം ശപിച്ചും വാഹനങ്ങളുടെ പുകപടലങ്ങളില്‍ മൂക്ക് പൊത്തിയും നാം ജീവിച്ചു കൊണ്ടേയിരിക്കുമ്പോള്‍ ഈ സൈക്കിളുകള്‍ ചിലത് പറയാന്‍ ശ്രമിക്കുന്നുണ്ട്. സ്വന്തമായി വാഹനങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല പടിഞ്ഞാറന്‍ നാടുകളില്‍ കഴിയുന്നത്ര ആളുകള്‍ നടന്നു പോകുന്നതും സൈക്കിളുകള്‍ ചവിട്ടുന്നതും. കുറേക്കൂടി പോസിറ്റീവായ ഒരു ജീവിത രീതിയുടെ ഭാഗമാണത്‌. അവര്‍ക്കൊന്നും മറ്റു പണികള്‍ ഇല്ലാത്തത് കൊണ്ടല്ല വീടും പരിസരവും വൃത്തിയാക്കി വെക്കുന്നത്. വീട്ടില്‍ മാലിന്യങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല അവ റോഡിലേക്ക് വലിച്ചെറിയാത്തത്. തിരക്കില്ലാത്തത് കൊണ്ടല്ല എല്ലായിടത്തും ക്യൂ നില്‍ക്കുന്നത്. അതൊക്കെ ഒരു ജീവിത രീതിയുടെ ഭാഗമായി സ്വയം പാലിക്കുന്ന ചില അച്ചടക്കങ്ങളാണ്. യൂറോപ്പ്യന്മാരുടെ ജീവിത രീതികളില്‍ നിന്ന് നല്ലതൊന്നും സ്വീകരിക്കാതിരിക്കുകയും അവരുടെ ചീത്ത സ്വഭാവങ്ങളെ വാതോരാതെ വിമര്‍ശിക്കുകയും (അതോടൊപ്പം അതൊക്കെ അനുകരിക്കുകയും !!) ചെയ്യുന്ന ഒരു പൊതുസ്വഭാവമാണ് നമ്മള്‍ പലര്‍ക്കുമുള്ളത്.
വര്‍ത്തമാനം ആഴ്ചപ്പതിപ്പ്- 29 May 2011

ഒറ്റയടിക്ക് വലിയ മാറ്റങ്ങളൊന്നും സമൂഹത്തില്‍ നമുക്ക് വരുത്താന്‍ കഴിയില്ല. എന്നാല്‍ ചില കൊച്ചു കൊച്ചു പരീക്ഷണങ്ങള്‍ നടത്തി നോക്കാന്‍ കഴിയും. അതിരൂപ് അതിനു ശ്രമിക്കുന്നു. ഈ ചെറുപ്പക്കാരന്‍ നല്‍കുന്ന സന്ദേശം ഒരു സൈക്കിള്‍ വാങ്ങുവാന്‍ നമുക്ക് പ്രേരണയാകുമെങ്കില്‍ അതാണ്‌ ഈ പദ്ധതിയുടെ വിജയം എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാറോ ബൈക്കോ പോര്‍ച്ചില്‍ ഉണ്ടെങ്കിലും ചെറിയ യാത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുക എന്നൊരു ശീലം നമുക്ക് വളര്‍ത്തിയെടുക്കാനായാല്‍ അതില്‍ ഒരു സന്ദേശമുണ്ട്. സമൂഹത്തോടും പ്രകൃതിയോടും എന്തിനേറെ നമ്മുടെ ശരീരത്തോട് തന്നെയും സ്നേഹം പങ്കുവെക്കുന്ന ഒരു സന്ദേശം. അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോടു പറയുന്നത് വലിയ വലിയ കാര്യങ്ങളല്ല. കൊച്ചു കൊച്ചു തിരിച്ചറിവുകളാണ്.

72 comments:

 1. ഇതൊരു പുതിയ അറിവ് തന്നെയാണല്ലോ വള്ളിക്കുന്നെ..

  ചൂടാറാതെ ഈ വാര്‍ത്ത ബ്ലോഗിലും,പബ്ലിഷ് ചെയ്തതിനു നന്ദി. അതിരൂപിന്റെ ദീര്‍ഘവീക്ഷണം പ്രശംസാവഹം തന്നെ.മോട്ടോര്‍ ബൈക്കുകളുടെ വിറയ്പ്പിക്കലും ,പുകയ്പ്പിക്കലും ഹരമായി കാണുന്ന നമ്മുടെ യുവജനതയിലെ കണ്ണി തന്നെ ഇങ്ങനെ ഒരു സംരംഭം ഒരുക്കിയെന്നതാണ് ഏറ്റവും വലിയ കാര്യമായി എനിക്ക് തോന്നിയത്..ഈ ഇകോ ഫ്രണ്ട്ലി വെഹിക്കിള്‍ പദ്ധതിക്ക് എല്ലാവിധ ഭാവുകങ്ങളും...

  ReplyDelete
 2. ബഷീര്‍ക്ക , ഒരു വിദേശ രാജ്യത്ത് ഇതുപോലെ നടക്കുന്നതായി മുന്‍പ് വായിച്ചിട്ടുണ്ട് , ഇത് നമ്മുടെ കേരളത്തില്‍ അവിശ്വസിനീയം ....നമ്മുടെ നാടും വളരട്ടെ ....അതിരൂപിന്റെ പ്രവര്തനഗള്‍ക്ക് എല്ലാ പിന്തുണയും ....വാര്‍ത്ത എത്തിച്ചു തന്ന ബഷീര്‍ക്കാ നന്ദി

  ReplyDelete
 3. ഗതാഗത കുരുക്കില്‍ കുടുങ്ങി നട്ടം തിരിയുന്ന നഗരവാസികള്‍ക് . എക്സ്പ്രസ്സ്‌ ഹൈവയും ,സ്പീഡ് ട്രാക്കും എല്ലാം ഒരു സ്വപ്നം മാത്രമാകുമ്പോള്‍ , സാന്ത്യനം എന്നു തന്നേയ് പറയാം അതിരൂപിന്റെ ഈ നടപടി . ... പരിജയപ്പെടുത്തിയ വല്ലിക്കുന്നിനു ഒരു പാട് നന്ദി .. ചെക്കനോട് പറഞ്ഞു എങ്ങെനെ എങ്കിലും മലപ്പുരതെകും വ്യാപിപ്പിക്കാന്‍ പറയണം

  ReplyDelete
 4. അതിരൂപേ നീയാളു കൊള്ളാമല്ലോടാ...

  ആശംസകൾ..

  ReplyDelete
 5. സൈക്കിൾ സവാരി കേമം തന്നെ. അന്തരീക്ഷ മലിനീകരണം മുതൽ സാമ്പത്തികവും ആരോഗ്യപരമായ തുടങ്ങിയ ഒട്ടനവധി നല്ലതായ വശങ്ങളുണ്ട്. ലോകത്ത് ജനനിബിഡതയുള്ള രാഷ്ട്രങ്ങളായ ചൈന തായ്ലാന്റ് തുടങ്ങിയ രാഷ്ട്രങ്ങളിൽ ഇന്നും സൈക്കിൾ പ്രിയമുള്ളവർ ഏറെ കൂടുതലാണ്. എന്നാൽ പ്രവാസികൾക്ക് സൈക്കിൽ പ്രായോഗികമല്ല. ജോലി ചെയ്യുന്ന ഗൾഫിലെ റോഡുകളിൽ സൈകിളുപയോഗിക്കുന്നത് ഒട്ടും ഉചിതമല്ല, നാട്ടിൽ ചെന്നാലും എണ്ണപെട്ട അവധി സൈക്കിളിൽ ഒതുക്കാനു കഴിയില്ല.

  ReplyDelete
 6. ഈ നല്ല സംരഭത്തിനു എല്ലാവിധ ഭാവുകങ്ങളും

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. അതിരൂപിന് എല്ലാ വിധ ആശംസകളും നേരുന്നു.

  ReplyDelete
 9. അതിരൂപ് ഒരു വ്യക്തിയല്ല ഒരാശയമാണു...
  സ്വന്തമായ ആശയവും സ്വതന്ത്രമായ ചിന്തയും ഒരുമിക്കുന്നിടത്താണു
  വ്യത്യസ്ഥമായ സം‌രം‌ഭങ്ങള്‍ ഉദയം കൊള്ളുന്നത്..

  ഈ ചെറുപ്പക്കാരന്റെ ഉദ്യമം വിജയത്തിലേക്ക് കുതിക്കട്ടെ..
  കാരണം പെട്റോള്‍ വിലയും ട്രാഫിക് ജാമും തലവേദനയായ
  ഒരു സമൂഹത്തിനു ചെറുതെങ്കിലും ആശ്വാസകരമായ ഒരു മറുപടി ഈ സൈക്കിളിന്റെ ചലനത്തില്‍ ഉണ്ട്...ഇത് ഒരു മാതൃകയാണു...മറ്റു ചിലതിനുള്ള വഴികാട്ടിയും ..
  ഭാവനാ ശേഷിയും ഉല്‍ക്കര്‍ഷേച്ഛയുമുള്ള ഒരു തലമുറക്ക് ലാളിത്യത്തില്‍ നിന്നും
  എളിമയില്‍ നിന്നും ഒക്കെ നിഷ്പ്രയാസം സാധിച്ചെടുക്കാവുന്ന അല്‍ഭുതങ്ങള്‍
  അവരുടെ ചിന്താമണ്ഠലത്തില്‍ ഉണ്ടെന്ന് കണ്ടുപിടിക്കാനുള്ള ഒരു ആശയമാപിനിയും...

  ReplyDelete
 10. "...കാനേഷുമാരി ഐഡന്റിറ്റിയില്‍ നിന്ന് ഒരാള്‍ക്ക് മോചനം ലഭിക്കുന്നത് അയാള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമ്പോഴാണ്. സമൂഹത്തില്‍ ഒരു ചലനവും ഉണ്ടാക്കാതെ ജീവിച്ചു പോകുമ്പോള്‍ ജനസംഖ്യാ കണക്കുപുസ്തകത്തിലെ ഒരക്കം മാത്രമായി നമ്മള്‍ മാറും. ഒഴുക്കിനൊത്ത് നീന്തുന്ന ബഹുഭൂരിപക്ഷത്തിനിടയില്‍ അതിരൂപ് നൂറ്റൊന്നു ശതമാനം വ്യത്യസ്തനാണ്..." എത്ര സുന്ദരമായ ഇന്ട്രോ! മനോഹരമായൊരു പോസ്റ്റ്. അതിരൂപിനെ വിശദമായി പരിചയപ്പെടുത്തിയതിനു നന്ദി. ഇത് പ്രസിദ്ധീകരിച്ച വാര്‍ത്തമാനത്തിനും നന്ദി.

  ReplyDelete
 11. ഇതൊരു സന്ദേശമായി സ്വീകരിക്കാൻ നമുക്ക് സാധിക്കട്ടെ...

  അതിരൂപിന്റെ ഈ സംരംഭം ഇനിയും വളരട്ടെ....

  ബഷീർക്കാക്കും ആശംസകൾ....

  ReplyDelete
 12. ഈ കൊച്ചു സൈക്കില്‍ അതിവേഗം ബഹുദൂരം സഞ്ചരിക്കട്ടെ !!

  ReplyDelete
 13. റേഡിയോയും തപാല്‍ ഉരുപ്പടികളും പോലെ നമ്മുടെ നാട്ടില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വസ്തുവാണ് സൈക്കിള്‍. പണ്ടൊക്കെ സ്കൂളുകളിലേക്ക് സൈക്കിള്‍ ചവിട്ടി പോകുന്ന ഒരുപാട് കുട്ടികളെ കാണാമായിരുന്നു. മുച്ചക്ര സൈക്കിള്‍ ചവിട്ടി നാല് വയസ് കഴിയുന്നതോടെ ഇന്നത്തെ കുട്ടികളുടെ സൈക്കിള്‍ കയറ്റം അവസാനിക്കുന്നു. അങ്ങനെയൊക്കെ നോക്കുമ്പോള്‍ പ്രായോഗികമായി എന്തെല്ലാം തടസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും അതിരൂപ് മുന്നോട്ട് വെച്ചിരിക്കുന്ന ഈ ആശയം അഭിനന്ദനാര്‍ഹം തന്നെ.

  ReplyDelete
 14. ഗ്രേറ്റ്‌....ഇവനാണ് ആണ്‍കുട്ടി....

  ഒരു സംശയം..ബഷീര്ക പറഞ്ഞു >>നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അമ്പതു രൂപ സ്റ്റാന്റിലുള്ള ബോക്സില്‍ നിക്ഷേപിക്കുക. << പക്ഷെ അതിരൂപിന്റെ വെബ്‌ സൈറ്റില്‍ പറയുന്നു >>Deposit the membership fees (currently Rs. 2000/-) <<. ഏതാ ശരി?..

  ReplyDelete
 15. Short Duration Rentals  People arriving at cities for business or pleasure can avail our short duration rental schemes whereby they can make deposits at our drop boxes and claim for refund after the usage. A refundable deposit of Rs. 2000/- and a daily rental of Rs. 50/- will be charged in such cases. Such a rental scheme can have the following benefits

  ReplyDelete
 16. അതിരൂപിനു ആശംസകള്‍.
  ഇതിവിടെ കൊണ്ടു വന്നു വള്ളിക്കുന്നില്‍ സൈക്കിള്‍ കേറും എന്നു കണിച്ചതിനു പ്രത്യേകം ആശംസകള്‍.

  ReplyDelete
 17. Reduce urban congestion to certain extent
  Help people utilize free time in a healthy, pleasurable way
  Save money otherwise spent on auto rickshaws and taxis
  Encourage people to ‘learn’ cities better by trying to find their own way!

  ReplyDelete
 18. കേരളം ആയതു കൊണ്ട് പോസ്റ്റ്‌ വായിച്ചു തുടങ്ങിയപ്പോള്‍ പലതും ചിന്തിച്ചു ! പക്ഷെ അതിരൂപും ഒരു മല്ലു ആണല്ലോ ;)

  അതിരൂപിനു ആശംസകള്‍..

  ReplyDelete
 19. ഒരു സൈക്കിളിനെക്കുറിച്ച് ആലോചിക്കുന്പോഴാണ് അതിരൂപിന്റെ സൈക്കിളിനെക്കുറിച്ചുള്ള പോസ്റ്റ് കണ്ടത്.വലിയ ആവേശത്തോടെയാണ് ഞാന് ഇത് വായിച്ചു തീര്ത്തത്.ഇനി എത്രയും വേഗം ഒരു സൈക്കിള് സംഘടിപ്പിച്ചിട്ട് തന്നെ കാര്യം. നന്ദി ബഷീര്ക്കാ.

  ReplyDelete
 20. ബഷീര്‍ക്കാ...ഇതൊരു പുതിയ അറിവാണ്..നന്ദി..ഇത്തരം വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ ആണ് എനിക്കിഷ്ടം..

  ReplyDelete
 21. ഇന്ന് കണ്ട ഇന്ത്യാവിഷനിലെ കാലിഡോസ്കോപ് എന്ന പരിപാടിയില്‍ ഈരാറ്റുപേട്ടയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ അജ്മല്‍ സൈക്കിള്‍ കൊണ്ട്‌ മോട്ടോര്‍ സൈക്കിള്‍ ഉണ്ടാക്കിയ വിശേഷം ഇതിലേറെ അത്ഭുതപ്പെടുത്തി. ഒരു ലിറ്റര്‍ പെട്രോള്‍ കൊണ്ട് എഴുപതു കിലോമീറ്റര്‍ ഒടാമത്രേ. ഇതേ സൈക്കിള്‍ രണ്ടു ബക്കറ്റ് കൂടി ഫിറ്റ്‌ ചെയ്തു ബോട്ടാക്കാനുള്ള ശ്രമത്തിലാണ് ഈ ബിരുദമില്ലാത്ത കൊച്ചു എഞ്ചിനീയര്‍

  ReplyDelete
 22. അതിരൂപിനെ പരിചയപ്പെടുത്തിയതിന്‌ നന്ദി....

  ReplyDelete
 23. ഇത് നല്ലൊരു ആശയം തന്നെ ബഷീര്‍,

  ഇത് വായിച്ചത് മുതല്‍ ഞാനും ആലോചിച്ചു തുടങ്ങി ഇങ്ങനെ എന്തെങ്കിലും ചെയ്തൊക്കെ ജീവിക്കാന്‍ പറ്റുമോ എന്ന്.

  മ്യാവൂ: മെമ്പര്‍ഷിപ് ഫീസ്‌ 50 രൂപ യില്‍ നിന്നും 2000 രൂപ (refundable) ആക്കിയിട്ടുണ്ട് കേട്ടോ


  Rahimon
  mail@rahimon.in
  www.rahimon.in

  ReplyDelete
 24. കേരളത്തിലും ഇത്തരമൊരു സംരംഭം വിജയിക്കും എന്ന അതിരൂപിന്റെ ആത്മവിശ്വാസം മലയാളികളുടെ യാത്രാ സംസ്കാരം തന്നെ മാറ്റട്ടെ ആശംസിക്കുന്നു. പ്രത്യേകിച്ചും ജിമ്മില്‍ പോകാന്‍ പോലും കാര്‍ ഉപയോഗിക്കുന്നവരുള്ള നമ്മുടെ നാട്ടില്‍. അതിരൂപിന്റെ ധൈര്യത്തിനു നൂറ്റൊന്നു ലൈക്...

  എങ്കിലും, മിക്ക യൂറോപ്യന്‍ നഗരങ്ങളിലും ഓസ്ട്രേലിയയിലും(മെല്‍ബണില്‍) ഇതിന്റെ എല്ലാ ഗുണങ്ങളുമുള്ളതും വളരെ കൂടുതല്‍ സൗകര്യപ്രധവുമായ, മെംബെര്‍ഷിപ് ഫീയുടെ ആവഷ്യവുമില്ലാത്ത സൈക്കിള്‍ റെന്റല്‍ സിസ്റ്റം നിലവിലുണ്ട്. പാരിസില്‍ നിലവിലുള്ള സിസ്റ്റമാണു ദി ബെസ്റ്റ് എന്നു തോന്നുന്നു (ഒരുവിധം എല്ലാ മെറ്റ്രോ സ്റ്റേഷന്റെ പരിസരത്തും ലഭ്യമാണു ഒപ്പം ആദ്യ അര മണിക്കൂര്‍ ഫ്രീയും).അതായതു this is just the implimentation of a widely used system.

  ReplyDelete
 25. അഭിരൂപിന് എല്ലാവിധ ആശംസകളും... കേരളത്തിലെ എല്ലാ ജില്ലകളിലും ഇത് വ്യാപകമാക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഈ വിവരം പങ്കുവച്ച ബഷീര്‍ക്ക് നന്ദി.

  ഓഫ്: പിന്നെ അഭിരൂപേ... വള്ളിക്കുന്നിലേക്ക് നിന്റെ സൈക്കിള്‍ പരിപാടിയും കൊണ്ട് വന്നേക്കരുത്. വള്ളിക്കുന്നില്‍ ബഷീര്‍ക്ക ഈ പരിപാടി പ്ലാന്‍ ചെയ്തുകഴിഞ്ഞു. പിന്നെ ബഷീര്‍ക്കാ... തിരിച്ചിലങ്ങാടി നോട്ടമിടണ്ട... അവിടെ ഞമ്മള് നോക്കിക്കോളാം... എന്തേയ്...

  ReplyDelete
 26. നല്ല സംരഭം.. ഹൃദയം നിറഞ്ഞ ആശംസകള്‍.. ഒപ്പം ഇത് ഷെയര്‍ ചെയ്ത ബഷീര്‍ ഇക്കാക്കും..

  ReplyDelete
 27. aa athiroopante post kandu thanikkokke pooyi valla sycle tubi kazhuthil ketty thooghi chathhoodedoo....

  ReplyDelete
 28. @ haribsha & Rahimon
  കഴിഞ്ഞ ആഴ്ച അതിരൂപ് എന്നോട് പറഞ്ഞത് ഇപ്പോഴത്തെ മെമ്പര്‍ഷിപ് തുക അമ്പതു രൂപ ആണെന്നാണ്‌. മുമ്പ് അത് രണ്ടായിരം രൂപ ആയിരുന്നു. അദ്ദേഹത്തിന്‍റെ വെബ്സൈറ്റില്‍ ഉള്ളത് ഈ പ്രൊജക്റ്റിന്റെ തുടക്കസമയത്തെ വിവരങ്ങള്‍ ആണ്. ചൂണ്ടിക്കാണിച്ചതിന് നന്ദി.

  ReplyDelete
 29. Good post. very interesting

  ReplyDelete
 30. ജപ്പാനിലോ മറ്റോ ആണെന്ന് തോന്നുന്നു വർഷങ്ങൾക്ക് മുൻപേ ഈ സൈക്കിൾ പരിപാടി ഉണ്ട്...

  എങ്കിലും ഈ സംരംഭം കേരളത്തിൽ ഒരു പുതുമയാണ്..എന്നാലും ചിലവന്മാരുണ്ട്...ചുമ്മാ ഹോബി എന്ന നിലയിൽ ആരുമില്ലാത്തപ്പോൾ പാർക്ക് ചെയ്തിരിക്കുന്ന കാറിന്റെ മിറർ ഒടിക്കുക...എ.ടി.എമ്മിന് കല്ലെറിയുക..കത്തി നിൽകുന്ന തെരുവു വിളക്കുകളിൽ ഉന്നം പരീക്ഷിക്കുക...തിയറ്ററിലെ കുഷ്യൻ സീറ്റുകൾ പിച്ചിച്ചീന്തുക...ഇവരുടെയും കൂടി നാടാണ് കേരളം...

  എങ്കിലും കൂടുതൽ ആളുകൾ ഇത്തരം സംരംഭങ്ങളിലേക്ക് കടന്ന് വരട്ടെ..താരതംയേന വിലകുറഞ്ഞ മുതൽമുടക്ക് സ്പോൺഷർഷിപ്പിലൂടെ നേടാനാകുമല്ലോ..

  ReplyDelete
 31. @ friendmaker
  ഉപദേശത്തിനു നന്ദി. നമ്മുട നാടും പുരോഗമിക്കുന്നുണ്ട്!!.

  ReplyDelete
 32. വളരെ നല്ല ആശയം. അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇതും ദുരുപയോഗം ചെയ്യാന്‍ വല്ലവനും തലപുകക്കുന്നുണ്ടാവും.

  ReplyDelete
 33. itharamoru paddhathi francelaanennu thonnunnu nadappilvannadhaayi tv yil kandadhorkkunnu.upayogamkazinnhu bycycle thirichu kondu vekkanamennilla;vereyaarenkilum aavashyakkaar adhu kondu poykkollum!aviduthe edho government agencykku keezilulla ee paddhathi thikachum free aanennu thonnunnu!!

  ReplyDelete
 34. ഈ വാര്‍ത്ത ഒരു ചാനലില്‍ (ഏഷ്യാനെറ്റ്‌ ആണെന്ന് തോന്നുന്നു.)കണ്ടിരുന്നു.
  എന്തായാലും നല്ല ആശയം. കൂടുതല ഇടങ്ങളിലേക്ക് ഇത് വ്യാപിക്കട്ടെ. ആശംസകള്‍...
  (തിരൂരില്‍ വേണ്ട, എനിക്ക് സൈക്കിള്‍ ചവിട്ടാന്‍ അറിയില്ല. :( എനിക്ക് പറ്റാത്തത് ആര്‍ക്കും വേണ്ട, ഞാന്‍ ഒരു മലയാളിയാ))

  ReplyDelete
 35. കൊള്ളാം സൈക്കിള്‍ പോസ്റ്റു നന്നായി.. നമ്മുടെ നാട്ടിലെ മടിയന്മാര്‍ കണ്ടു പഠിക്കട്ടെ .. നമ്മുടെ നാട്ടില്‍ മടിയന്മാരുണ്ടോ ഇല്ല അല്ലെ .. ( എനിക്ക് ചിലപ്പോള്‍ തോന്നിയതാകും )

  ReplyDelete
 36. മുന്പ് എവിടെയോ വായിച്ചിരുന്നു..
  ഇവിടെ പരിചയപ്പെടുത്തിയതിനു നന്ദി.

  ReplyDelete
 37. K C Abdul RahimanMay 29, 2011 at 11:34 PM

  Dear Basheer Saheb,
  A totally different subject; fantastic! Keep it up.

  The western world is realizing it. It might be a news for many of your readers that 300,000 bicycles in Amsterdam where the total population is 750,000. 32% of the work-force in this city use bicycles for commutation. 400 kilometres of bike paths and designated roads with traffic lights and signs. A parking garage building at the main railway station can accommodate TEN THOUSAND (10,000) bicycles.

  ReplyDelete
 38. അതിരൂപാ... അഭിനന്ദനങ്ങള്‍...
  എത്രയും പെട്ടെന്ന് കോഴിക്കോട്ടേക്കും കൊണ്ട് വരൂ ഈ സൈക്കിള്‍ മഹാമഹം..

  ReplyDelete
 39. അതിരൂപ് കോള്ളാം :)
  വിത്യസ്ഥതക്ക് എന്റെ അഭിനന്ദനം

  ReplyDelete
 40. ഈ പോസ്റ്റ് പിറന്നതോടെ കാനേഷുമാരി ബ്ലോഗര്‍മാരില്‍ നിന്ന്
  നിങ്ങളും വ്യത്യസ്തനായി!

  ReplyDelete
 41. നല്ല പോസ്റ്റ്‌, മികച്ച അവതരണം,
  അതിരൂപിനെയും മൂപ്പരുടെ പരിപാടിയേയും പരിചയപെടുതിയത്തിനു വള്ളിക്കുന്നിനു നന്ദി,
  അതിരൂപിനു എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 42. അതിരൂപിന്റെ കഥ തീര്‍ച്ചയായും നല്ലൊരു സന്ദേശം തന്നെയാണ് നല്‍കുന്നത്.
  പുതിയ തലമുറയില്‍ പെട്ടോരാളില്‍ നിന്ന് തന്നെ ഇത്തരം ഒരു ചിന്തയും പ്രവര്‍ത്തിയും ഉണ്ടായത് അഭിനന്ദനാര്‍ഹമാണ്.

  പരിചയപ്പെടുത്തിയത് നന്നായി.

  ReplyDelete
 43. അതിരൂപിനു അഭിനന്ദനങ്ങള്‍. വിദേശത്ത് പലയിടത്തും ഈ സംവിധാനം ഉണ്ട്. കഴിഞ്ഞ ആഴ്ച നോര്‍വേയില്‍ പോയപ്പോള്‍ അവിടെയും കണ്ടു.........സസ്നേഹം

  ReplyDelete
 44. Dear Basheer,
  Many many thanks for this information you brought about bycycle. actually this was my dream to use and supposed to inspire firstly around my friends circle. Currently I am employed at Saudi Arabia & planning to leave in near and would like to adopt bicycle usage because of 2 important factors. First one is saving money and second is good for our health.

  By publishing this in your BLOG, you have done a very great campeign about my dream & I hope all our people will do the same instead of wasting their Wealth for petrol/deisal and will take CARE their Health properly by using this.

  ReplyDelete
 45. എല്ലാരും "അതിരൂപ താ" എന്ന് പറയുന്ന ഇക്കാലത്ത് അതിരൂപ്‌ സ്വന്തം കീശയില്‍നിന്നും കാശെടുത്ത് ഇങ്ങിനെ ഒരു പദ്ധതി നടപ്പാകുമ്പോള്‍ അയാളെ അഭിനന്ദിക്കാതെ വയ്യ.

  ഒപ്പം പലരും അറിയാതെ പോകുന്ന ഇത്തരം വാര്‍ത്തകളെ ചൂടോടെ ബ്ലോഗില്‍ എത്തിക്കുന്ന വള്ളിക്കുന്നിനു പാസ്‌വേഡ് ലോക്ക് ഇല്ലാത്ത ഒരു സൈക്കിള്‍ സമ്മാനം. (പാസ്‌വേഡ് കൊടുത്താല്‍ പിന്നെ അതിരൂപിനു പോലും അത് തിരിച്ചു കിട്ടൂലാ. യേത്).

  ReplyDelete
 46. I salute this young innovator...
  also, the blogger who nicely wrote about, and also put some smashing comments at the end....
  we all welcome changes, new trends, after all all are benovelont..then where it goes wrong for Mallus....
  welcoming the New Cycle revelution...
  i request all of you, me included, to come u with some new things that can change our attitude towards waste management..and to the enviornment through 'manal varal and kunnidikkal'..other than new rules and regulations we need counter positive movements like that of athiroop

  ReplyDelete
 47. Ea Athiroobm Vallikkunnu karanano avooo?........

  ReplyDelete
 48. ഞാന്‍ പഠിക്കുന്ന ജപ്പാനിലെ യൂനിവേര്‍സിറ്റിയില്‍ , മഹാ ഭൂരിഭാഗവും ഉപയോഗിക്കുന്നത് സൈകില്‍ ആണ്. എന്തിനേറെ മാസത്തില്‍ അഞ്ചും ആരും ലക്ഷം ശമ്പളം വാങ്ങുന്ന പ്രൊഫസര്‍ മാര്‍ പോലും സൈകിളില്‍ ആണ് വരുന്നത്. ഇതുമായി ബന്ടപ്പെട്ടു ഞാന്‍ സംസാരിച്ചപ്പോള്‍ പ്രൊഫസര്‍ പറഞ്ഞത് , ആരോഗ്യത്തിനു നല്ലത്, പണം ലാഭം, ഇന്ധനം ലാഭം എന്നതാണ്. ഇവിടെ അവര്‍ കാരുകാലോ മറ്റു മോട്ടോര്‍ വാഹനങ്ങളോ ഉപയോഗിക്കണമെങ്കില്‍ ഒന്നുകില്‍ രണ്ടോ മൂനൊ പേര്‍ ഒന്നായിടുള്ള യാത്രയോ, അല്ലെങ്കില്‍ ഓഫീസുകള്‍ വളരെ ദൂരതിലോ, അതുമല്ലെങ്കില്‍ അവരുടെ അടുത്ത് വല്ല ലഗജോ ഉണ്ടായിരിക്കും. അല്ലാത്തിടത്തോളം അവര്‍ സൈകില്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ടെക്നോളജികള്‍ ആയി ഇത്രയധികം മുന്നോട്ടു വന്നിട്ടും , സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിട്ടും, മോട്ടോര്‍ വാഹനം ഉപയോഗിക്കാനുള്ള എല്ലാ സൌകര്യങ്ങള്‍ ഉണ്ടായിട്ടും അവര്‍ സൈകില്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍, ഞാന്‍ നമ്മുടെ നാടിനെ കുറിച്ച് ആലോചിക്കാറുണ്ട്. ഈ പ്രാവശ്യം നാട്ടില്‍ വന്നപ്പോള്‍ , അതനുസരിച്ച് സൈകില്‍ ഉപയോഗിച്ച് നോക്കി. സത്യം പറയാലോ, പെട്ട് പോയി...ഒന്ന് നാട്ടുകാരുടെ കമന്റു, രണ്ടു നമ്മുടെ റോഡിന്റെ അവസ്ഥ. ഇവിടങ്ങളില്‍ സൈകിലിനു ഉപയോഗിക്കുന്ന തരത്തില്‍ റോഡിനു സമാനമായി പാതയുണ്ടാകും ,കാല്‍ നട യാത്രക്കാരന്‍ കഴിഞ്ഞാല്‍ പിന്നെ മുന്ഗണന സൈകില്‍ യാത്രക്കാരന് ആണ്. അത് കഴിഞ്ഞേ മോട്ടോര്‍ വാഹനഗള്‍ക്ക് ഉള്ളൂ..(നമ്മുടെ നാട്ടിലെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ..!!!) കൂടാതെ ആ റോഡുകള്‍ ഭൂരിഭാഗവും ഉണ്ടാക്കിയത് നിരപ്പായിട്ടാണ് . എന്നാല്‍ നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥയാണെങ്കില്‍ മഹാ പരിതാപകരം, സൈകില്‍ ഉപയോഗിക്കാനുള്ള സൌകര്യ്നഗ്ല്‍ ഇല്ല, മാത്രമല്ല കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും നിറഞ്ഞ റോഡുകളും...പിന്നെ എങ്ങിനെ നമുക്ക് ഇത് പ്രായോഗിക തലത്തില്‍ കൊണ്ട് വരാന്‍ പറ്റും എന്നതാണ് ഞാന്‍ കണ്ട പ്രശനം.

  ReplyDelete
 49. Vallikkunnu weldone!!....സ്വന്തമായി വാഹനങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല പടിഞ്ഞാറന്‍ നാടുകളില്‍ കഴിയുന്നത്ര ആളുകള്‍ നടന്നു പോകുന്നതും സൈക്കിളുകള്‍ ചവിട്ടുന്നതും. കുറേക്കൂടി പോസിറ്റീവായ ഒരു ജീവിത രീതിയുടെ ഭാഗമാണത്‌. അവര്‍ക്കൊന്നും മറ്റു പണികള്‍ ഇല്ലാത്തത് കൊണ്ടല്ല വീടും പരിസരവും വൃത്തിയാക്കി വെക്കുന്നത്. വീട്ടില്‍ മാലിന്യങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല അവ റോഡിലേക്ക് വലിച്ചെറിയാത്തത്. തിരക്കില്ലാത്തത് കൊണ്ടല്ല എല്ലായിടത്തും ക്യൂ നില്‍ക്കുന്നത്. അതൊക്കെ ഒരു ജീവിത രീതിയുടെ ഭാഗമായി സ്വയം പാലിക്കുന്ന ചില അച്ചടക്കങ്ങളാണ്. യൂറോപ്പ്യന്മാരുടെ ജീവിത രീതികളില്‍ നിന്ന് നല്ലതൊന്നും സ്വീകരിക്കാതിരിക്കുകയും അവരുടെ ചീത്ത സ്വഭാവങ്ങളെ വാതോരാതെ വിമര്‍ശിക്കുകയും (അതോടൊപ്പം അതൊക്കെ അനുകരിക്കുകയും !!) ചെയ്യുന്ന ഒരു പൊതുസ്വഭാവമാണ് നമ്മള്‍ പലര്‍ക്കുമുള്ളത്.

  ReplyDelete
 50. @ Akbar
  "അതിരൂപ താ" പ്രയോഗം ഇഷ്ടപ്പെട്ടു. അതിരൂപ് കേള്‍ക്കേണ്ട..

  @ Rahim's
  ജപ്പാനിലെ സൈക്കിള്‍ വിശേഷങ്ങള്‍ വിശദമായി പങ്കു വെച്ചതിന് നന്ദി. അവരില്‍ നിന്നെല്ലാം നാം ഏറെ പഠിക്കേണ്ടിയിരിക്കുന്നു. നമ്മുടെ റോഡുകള്‍ക്ക് പരിമിതിയുണ്ട്. എന്നാലും ആ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ ചിലതൊക്കെ ചെയ്യാന്‍ പറ്റും. റോഡ്‌ ജപ്പാനിലെ പോലെ ആയ ശേഷം സൈക്കിള്‍ മതിയെന്ന് തീരുമാനിച്ചാല്‍ ഈ നൂറ്റാണ്ടില്‍ അത് നടക്കുമെന്ന് തോന്നുന്നില്ല.

  ReplyDelete
 51. അതിരൂപിന്റെ സൈക്കിളുകള്‍ ഉപയോഗിച്ച തിരുവനന്തപുരത്തുകാര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അനുഭവം പങ്കു വെച്ചാല്‍ നന്നായിരുന്നു. പ്രായോഗിക രംഗത്തെ Plus & Minus അറിയുവാന്‍ അതുപകരിക്കും.

  ReplyDelete
 52. kollaam nalla idea..kUTaathe ee idea praavarththikam aakkaan thoonniya guds sUpper

  ReplyDelete
 53. കേരളത്തിലെ കുന്നുകളും മലകളും കയറ്റങ്ങളും ഇറക്കങ്ങളും ചേര്‍ന്ന പ്രകൃതിക്ക് സൈക്കിള്‍ യാത്ര പ്രായോഗികമല്ല.

  ReplyDelete
 54. വിഷയവുമായി ബന്ധപ്പെട്ടതല്ല. എന്നാല്‍ കാലിക പ്രസക്തിയുള്ളത് കൊണ്ട് ലിങ്കിടുന്നു.

  "കേരള മന്ത്രിസഭയിലെ ന്യുനപക്ഷ പ്രാതിനിധ്യം"

  കേരള മന്ത്രിസഭയിലെ ന്യുനപക്ഷ പ്രാതിനിധ്യം

  ReplyDelete
 55. വെത്യസ്തനാം ഒരു അതിരൂപാ
  നിന്‍ പെരിലുമുണ്ടൊരു വെത്യസ്ത രൂപം
  നിന്‍ നേരിലുമുണ്ടൊരു വെത്യസ്ത രൂപം
  N.V.M.Abdul Nassar
  http://nadukkandiabdulnassar.blogspot.com/

  ReplyDelete
 56. greetings to all....going through the comments one thing is definite...pedal of thoughts have started to roll...and THAT really counts..it might take few months, an year or even a generation....but it will happen....realization is as unstoppable as truth itself!
  In the present context of bicycling I catagorize people into three – ignorant ones, trapped souls and the vast majority of lazy bones!
  Ignorant ones I shall convince very soon that within city limits bicycle sharing is not just efficient in terms of time and money but also makes perfect social sense.
  Then comes those poor souls who are systematically brainwashed and very easily seduced by oversized ‘utility’ vehicles (which are currently being pushed out of developed countries) wake up brothers and sisters, traffic is soon going to come to a standstill. So would your life until you breakfree from false prestige traps.
  And then the vast majority of lazy bones who will go any length to argue that bicycling wont work – too much ups and downs (wake up buddy cant you see the simple truth…every ascend is followed by a descend, meaning you sweat pedalling uphill and soon you will be rewarded by fresh wind downhill) cycling is not safe (now come on….study a same sample set of say 100 cyclist, 100 pedestrians and 100 motorcyclist….do you really want me to tell how many serious accidents occur for each category?) we need dedicated cycling tracks (oh please… we all know it will never happen. So stop procrastinating! Introducing bicycles into the mainstream has its own benefits – not only a person bicycling is doubly cautious but also it forces the remaining traffic to be alert. The effect will be profound when more of us bicycle en-mass. Personally I get great kicks “teaching a lesson” to other motorists held up in traffic blocks. I almost sneer at them when I filter ahead on my humble bicycle!)

  ReplyDelete
 57. dear athirup
  very good suggestions. thank you.

  ReplyDelete
 58. ചന്ദ്രകാന്തന്‍June 3, 2011 at 10:57 AM

  കൊള്ളാം! നല്ല പദ്ധതി.. കാനഡയില്‍ യൂണിവേഴ്സിറ്റി ഓഫ് മോണ്ട്രിയലില്‍ കണ്ടിട്ടുണ്ട് ഈ പദ്ധതി.. ഇവിടെ ഇത് പ്രായോഗികമാവുന്നെ കരുതിയതല്ല.. പ്രത്യേകിച്ചും നമ്മുടെ സമൂഹമനസ്ഥിതി നോക്കുമ്പോള്‍ .... പക്ഷേ ഇത് ഇവിടെ വിജയമാവുന്നുവെങ്കില്‍ ശരിക്കും സന്തോഷജനകം... അതിരൂപിന് ആശംസകള്‍... പ്രശ്നങ്ങളൊന്നും ഉണ്ടാവാതെ ആളുകള്‍ സഹകരിച്ച് ഈ ആശയം വളരട്ടെയെന്ന് പ്രത്യാശിക്കുന്നു..

  ReplyDelete
 59. പ്രിയ അതിരൂപ്, കമന്റുകള്‍ വായിച്ചു താങ്കളുടെ അഭിപ്രായങ്ങള്‍ ഇവിടെ പങ്കു വെച്ചതിന്‌ നന്ദി.

  As you said, pedal of thoughts have started to roll.. 'Nothing comes out of nothing'. someone has to lead the change,and you are doing it your own way. In terms of cycling, your categorization of people in to three groups provokes serious thoughts. please don't let your enthusiasm fade. with the support of a group of creative and fun loving people - irrespective of how big they are in numbers - you have long way to go. I have great respect and immense amount of confidence in your project. it has to move on.. Go ahead..

  ReplyDelete
 60. Again,
  തീയില്‍ മുളച്ച അതിരൂപ്, കയറ്റിറക്കങ്ങള്‍ ഉള്ള പ്രദേശം എന്നൊക്കെ പറഞ്ഞുള്ള നിരുല്സാഹപ്പെടുതലിനു വഴങ്ങില്ലെന്ന് വിശ്വസിക്കുന്നു.
  അങ്ങനെ വല്ല സംശയവും പ്രകടിപ്പിക്കുന്നവരെ നേരെ ഇവിടേയ്ക്ക് (Wellington , NZ) പറഞ്ഞുവിട്ടാല്‍ കൂടുതല്‍ എക്സ്പ്ലനേഷന്‍ കൊടുക്കേണ്ടി വരില്ല. കാരണം ചെങ്കുത്തായ റോഡുകള്‍ (കയറ്റിറക്കങ്ങള്‍) ഇത്രയും അധികമുള്ള നഗരങ്ങള്‍ ലോകത്ത് കാണാന്‍ പ്രയാസമാണ്, പോരാഞ്ഞിട്ട് മിക്കപ്പോഴും ശക്തമായ കാറ്റും,
  എന്നിട്ടും ഇതുവരെ ആര്‍ക്കും സൈക്കിള്‍ യാത്രക്ക് അതൊരു വിഘാതമായി തോന്നിയിട്ടില്ല!
  ഞങ്ങളുടെ മേയര്‍ (Celia Wade Brown, yes she's a lady) പോലും വീട്ടിന്നും ഓഫീസിലേക്ക് സൈക്കിളും ചവിട്ടിയാണ് വരാറുള്ളത്!!

  -വഴിപോക്കന്‍

  ReplyDelete
 61. വഴിപോക്കന്‍ | YK said...
  >>>ഞങ്ങളുടെ മേയര്‍ (Celia Wade Brown, yes she's a lady) പോലും വീട്ടിന്നും ഓഫീസിലേക്ക് സൈക്കിളും ചവിട്ടിയാണ് വരാറുള്ളത്!!<<<<
  ആവേശകരമായ ഈ വിവരം ഇവിടെ പങ്കു വെച്ചതിനു നന്ദി.

  ReplyDelete
 62. Really his cycles do have something to convey

  ReplyDelete
 63. congratzzz athiroop.... and basheerkka

  ReplyDelete
 64. Sir,I am new to your blog.You write so well.Lucid writing that is straight to heart.I came across your blog while I was searching for Athiroop as I had read about him.You did a great job by Promoting Athiroop as well as cycling.I am a cycle rider myself.Why I ride bicycle mainly for the 'high' that I get out of it.It had a meditative quality about it.A calming effect.Fitness is another motive of mine.Why people are hesitant of cycling in our part of the world is, I think,they consider it low status.Most are not confident enough to challenge idiotic notions of society.I am sure there are a few people out there who are really confident and will join the cycling brigade soon.Thank you sir.

  ReplyDelete
 65. Its a beautiful thought and a wonderful idea made practically possible. hats off to Athiroop and his mission

  ReplyDelete